ഓരോ യാത്രയും എത്തിച്ചേരലോ, കണ്ടെത്തലോ അല്ല; തേടലും അന്വേഷണവുമാണ്. അകലേക്കു പോകുന്തോറും നാം അവനവനിലേക്ക് അടുത്തുവരും - യാത്രകള്‍ ആത്മാന്വേഷണങ്ങളും തീര്‍ത്ഥാടനങ്ങളുമാകുന്ന അനുഭവമാകുന്നു. ഓരോ യാത്രയിലും നിശ്ചിതമായ ഒന്ന് അപ്രതീക്ഷിതത്വത്തില്‍ തടഞ്ഞുവീഴുക എന്നതാണ്. പരിചിത ജീവിതത്തിന്‍റെ സ്ഥലകാലങ്ങളില്‍ നിന്ന് അപരിചിതത്വത്തിലേക്ക് സ്വയം എറിഞ്ഞുകൊടുക്കുന്ന പ്രവൃത്തിയാണത്. മിസ്റ്ററി ഹാജരുവയ്ക്കാത്ത നിത്യജീവിതപരിസരത്തില്‍ നിന്നും 'പര്‍പ്പസ് ഓഫ് വിസിറ്റ്' രേഖപ്പെടുത്താനില്ലാത്ത ഒരു യാത്ര. ഇതൊക്കെയാണ് യാത്രക്കാരന്‍റെ സുവിശേഷത്തിന് ഒരാമുഖമായി കുറിക്കാവുന്ന വരികള്‍. എന്നാല്‍ ഇതിലുമെത്രയോ കഠിനമായിരിക്കും പലായനത്തിന്‍റെ ഓര്‍മ്മത്താളുകള്‍ക്ക് എഴുതാനുണ്ടാവുക!
ആനന്ദ് 'അഭയാര്‍ത്ഥികളില്‍' എഴുതുന്നു: "മനുഷ്യന്‍റെ പ്രസ്ഥാനങ്ങളത്രയും അവനില്‍നിന്ന് അന്യവല്‍ക്കരിക്കുകയും അവനെതിരെ തിരിഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്നു. പടയാളികള്‍ക്കെല്ലാം പിന്നീട് അവര്‍ പൊരുതിനേടിയതില്‍ നിന്ന് അഭയം തേടി ഓടേണ്ടിവരുന്നു. പടനിലങ്ങളും ശവപ്പറമ്പുകളും മാറിമാറി കടന്നുപോന്ന് തളര്‍ന്ന് മടുത്തുനില്ക്കുന്ന ആധുനിക മനുഷ്യന്‍റെ മുന്‍പില്‍ മാനവചരിത്രം നിതാന്തമായ ഒരു അഭയാര്‍ത്ഥി പ്രവാഹത്തിന്‍റെ രൂപം കൊള്ളുന്നു. ഒരിടത്തുനിന്ന് വേറൊരിടത്തേക്കല്ലെങ്കില്‍ ഒരു കാലത്തില്‍ നിന്ന് വേറൊരു കാലത്തിലേക്ക് മനുഷ്യന്‍ അഭയം തേടി നീങ്ങിക്കൊണ്ടേയിരിക്കും. വിഴുപ്പുഭാണ്ഡവും ചട്ടിയും കലവും ചുരുള്‍പ്പായയും പേറിക്കൊണ്ട് നീങ്ങുന്ന മനുഷ്യസമൂഹം."
എല്ലാം നഷ്ടപ്പെട്ട് സ്വന്തം നാടും വീടും വിട്ടോടി ഒരു നേരത്തെ വിശപ്പകറ്റാനും തലയൊന്നു ചായ്ക്കാനും അന്യദേശക്കാരന്‍റെ കനിവ് കാത്ത് തെരുവ് യാചകരെപ്പോലെ കൈ നീട്ടേണ്ടി വരിക. ഏതു നിമിഷവും അതിഭീകരമായ അതിര്‍വേലികള്‍ക്കപ്പുറത്തേക്കോ, തടങ്കല്‍പ്പാളയത്തിലേക്കോ എടുത്തെറിയപ്പെടുക. തലേന്നു വരെ തങ്ങളുടെ ജീവരക്തംകൊണ്ട് നനയിച്ച മണ്ണില്‍, സ്നേഹം കൊണ്ട് പുഷ്പിച്ച ചെടികളും സ്വാതന്ത്ര്യത്തിന്‍റെ സ്വച്ഛവായുവും പിന്നിലുപേക്ഷിച്ച് തലമുറകളായി പിതാമഹന്മാരുടെ ആത്മാക്കളുറങ്ങുന്ന അസ്ഥിത്തറകള്‍ മറവിയിലേക്ക് തള്ളി ഭൂപടത്തിന്‍റെ കാണാക്കരകളിലേക്ക് കടന്നുപോകേണ്ടി വരിക.
റഷ്യ, ഉക്രെയിനില്‍ അധിനിവേശം നടത്തിയശേഷം 15 ലക്ഷത്തിലധികം മനുഷ്യര്‍ അഭയാര്‍ത്ഥികളായി പ്രാണനുംകൊണ്ട് പലായനം ചെയ്തതായാണ് കണക്ക്. അഭയാര്‍ത്ഥികളെ താങ്ങാനാവാതെ പല അയല്‍നാടുകളും അതിസങ്കീര്‍ണമായ അവസ്ഥ അഭിമുഖീകരിക്കാന്‍ പോകുകയാണ്. മൂത്തമകളെ മാതൃരാജ്യത്തെ പ്രതിരോധിക്കാന്‍ കാവല്‍നിര്‍ത്തി രണ്ട് കൈക്കുഞ്ഞുങ്ങളുമായി പോളണ്ടിലേക്കു നീങ്ങുന്ന നാദിയ സ്ലൂസാറെയോമിനെക്കുറിച്ച് അന്താരാഷ്ട്രമാധ്യമങ്ങളില്‍ ഹൃദയസ്പര്‍ശിയായ വാര്‍ത്തയുണ്ട്. കീവ് നഗരത്തില്‍ ആകാശത്തില്‍ മിസൈലുകളുടെ മിന്നല്‍പ്പിണര്‍ കണ്ട് പേടിച്ചരണ്ട് ബങ്കറുകളിലേക്കോടുന്ന കുഞ്ഞുങ്ങളുടെ ചിത്രവും നടുക്കുന്ന കാഴ്ചയാണ്. മരിച്ചുവീഴുന്നവരോ കരചരണങ്ങളറ്റു വീഴുന്നവരോ എക്കാലത്തും യുദ്ധചരിത്രങ്ങളെ ശോണപൂര്‍ണമാക്കുന്നു. അനാഥരും വിധവകളും അഭയാര്‍ത്ഥികളും പെരുകുന്നു. അന്യര്‍ക്കുമേല്‍ അധീശത്വം സ്ഥാപിക്കുകയെന്ന സര്‍വ്വാധികാരത്തിന്‍റെ അഹന്ത യുദ്ധഭൂമിയിലെ അടവുകള്‍ക്കും തന്ത്രങ്ങള്‍ക്കും ബലം നല്കും. കരിങ്കടലിന്‍റെ ആഴങ്ങളില്‍നിന്നും കീവില്‍ നിന്നും കാര്‍മീവില്‍ നിന്നും മറ്റുമുയരുന്ന ദീനവിലാപങ്ങള്‍. അഭയാര്‍ത്ഥികളുടെ അനന്തമായി നീളുന്ന ദുരിതങ്ങള്‍. പര്യവസാനമെന്തുതന്നെയായാലും പലായനത്തിന്‍റെ പരിക്കുകളില്‍നിന്നും രക്ഷപ്പെടുവാന്‍ ചിലപ്പോള്‍ വര്‍ഷങ്ങള്‍ത്തന്നെ വേണ്ടിവരും. അതിശൈത്യം പെയ്യുന്ന ഉക്രെയിന്‍റെ വിഹായസില്‍, മഞ്ഞുപടലങ്ങള്‍ക്കു താഴെ യുദ്ധക്കൊതിയന്മാര്‍ ഉണങ്ങാനിട്ട ശവക്കച്ചകള്‍. പരിഷ്കൃത മനുഷ്യര്‍ ആര്‍ജ്ജിച്ചെടുത്ത സംസ്കൃതിക്കുമേല്‍ ഡ്രോണുകള്‍ കടുത്ത പരിഹാസസ്വരത്തില്‍ മൂളിപ്പറക്കുന്നു. ജനിച്ചുവീണ ഭൂമിയില്‍ പാര്‍ക്കാമെന്ന ധാരണ തിരുത്തപ്പെടുകയാണ്. ഇരുള്‍വീണ ചാവുനിലങ്ങളില്‍ നിന്ന് ജീവന്‍റെ വെളിച്ചത്തുണ്ട് തേടിയുള്ള മനുഷ്യരുടെ പലായനം തുടരുമ്പോള്‍ അവരെ നാം പരാജിതരെന്നു മാത്രം വിളിക്കാതിരിക്കുക.
പലായനത്തിന്‍റെ തീക്ഷ്ണമായ അനുഭവങ്ങളുടെ ഭൂമികയില്‍ നിന്നും എന്‍റെ അനുജന്‍ ഫാ. ഷിജു പോള്‍ എസ്. ഡി. വി. യുടെ 'അതിരുകള്‍ മായുന്ന കാലത്തിനായ് അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്നൊരു പ്രാര്‍ത്ഥന' എന്ന കുറിപ്പുകൂടി ചേര്‍ത്തുവായിക്കുക. സുഡാന്‍ എന്ന രാജ്യത്ത് യു. എന്‍. നടത്തുന്ന അഭയാര്‍ത്ഥിക്യാമ്പില്‍ വോളണ്ടിയര്‍ ആയി സേവനം ചെയ്യുകയാണ് ഷിജു അച്ചന്‍.