news-details
കവർ സ്റ്റോറി

അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്നൊരു പ്രാര്‍ത്ഥന

2022 മാര്‍ച്ച് 31 അര്‍ധരാത്രിയോടനുബന്ധിച്ച് സുരക്ഷാ ഉദ്യോഗസ്ഥന്‍ ഏര്‍പ്പെടുത്തിയ ഒഴിപ്പിക്കല്‍ പരിശീലനത്തില്‍ ഞാന്‍ പങ്കെടുത്തു. മുന്നറിയിപ്പ് സൈറണ്‍ മുഴങ്ങുമ്പോള്‍ എല്ലാവരും ഒരു ചെറിയ സഞ്ചിയും കൈയിലെടുത്ത് രണ്ടുമിനിറ്റിനകം തങ്ങളുടെ സുരക്ഷാമുറിയിലേക്കു  കുതിക്കണം. കനത്ത ഇരുമ്പുവാതിലും അടച്ചുറപ്പിച്ച ജനാലകളുമുള്ള, വീണ്ടും കോണ്‍ക്രീറ്റ് ചെയ്ത് ഭദ്രമാക്കിയ സുരക്ഷിത ഇടങ്ങളാണ് സുരക്ഷാമുറികള്‍. വെടിയുണ്ടകളില്‍നിന്നും ഗ്രനേഡുകളില്‍നിന്നും അതു ഞങ്ങളെ കാക്കുമെന്നാണ് വയ്പ്. യാത്രാരേഖകളും തിരിച്ചറിയല്‍ രേഖകളും ഒരു കുപ്പി വെള്ളവും പ്രഥമശുശ്രൂഷയ്ക്കുള്ള സാമഗ്രികളും അത്യാവശ്യം ലഘുഭക്ഷണവും ഒരു ജോഡി വസ്ത്രങ്ങളും ചെറുബാഗില്‍ കരുതിയിരിക്കണം. യു. എന്‍. സമാധാനസേന ഒഴിപ്പിക്കാന്‍ എത്തുന്നതുവരെ പിടിച്ചുനില്ക്കണം. യു. എന്നിന്‍റെ അധീനതയിലുള്ള പ്രദേശത്തേയ്ക്കോ വ്യോമതാവളത്തിലേക്കോ അവര്‍ ഞങ്ങളെ കൊണ്ടുപോകുമെന്നാണ് പ്രതീക്ഷ. അവിടെ നിന്ന് സമാധാനത്തിലേക്കും. സംഘര്‍ഷഭൂമിയില്‍ അഭയാര്‍ത്ഥികള്‍ക്കൊപ്പം ഇങ്ങനെയാണ് എന്‍റെ ജീവിതം. അവിടേയ്ക്കു നിങ്ങള്‍ക്കും സ്വാഗതം.

ദക്ഷിണ സുഡാനിലെ അപ്പര്‍ നൈല്‍ സംസ്ഥാനത്ത് അഭയാര്‍ത്ഥികള്‍ക്കൊപ്പം ഞാന്‍ താമസം തുടങ്ങിയിട്ട് ഒരു വര്‍ഷമായി. പതിറ്റാണ്ടുകളായി തുടരുന്ന ആഭ്യന്തരയുദ്ധത്തിന്‍റെയും കൂട്ടക്കൊലയുടെയും കേന്ദ്രമായ ബ്ലൂനൈല്‍ സംസ്ഥാനവുമായി അത് അതിര്‍ത്തി പങ്കിടുന്നു. ജസ്യൂട്ട് ദൗത്യ (Jesuit Refugee Service - JRS)ത്തില്‍ പങ്കുചേരാനുള്ള ഞങ്ങളുടെ ജനറലേറ്റിന്‍റെ ആഹ്വാനത്തിന് 2020ല്‍ ഞാന്‍ സ്വയം സന്നദ്ധനാകുകയായിരുന്നു. എന്‍റെ സന്ന്യാസ സമൂഹത്തിലെ ആരും ഇവിടെയില്ല. 2016 ജൂലൈ 29ന് ഒരു സംഘം സായുധതീവ്രവാദികള്‍ മിഷന്‍കോമ്പൗണ്ടില്‍ അതിക്രമിച്ച് കയറി നടത്തിയ വെടിവയ്പില്‍ യൂത്ത്സെന്‍ററില്‍ താമസിച്ചിരുന്ന  രണ്ടു യുവാക്കള്‍ മരിച്ചതോടെ സൊസൈറ്റി ഓഫ് ഡിവൈന്‍ വേള്‍ഡിന്‍റെ(എസ്. ഡി. വി.) മിഷനറിമാര്‍ ദക്ഷിണ സുഡാന്‍ വിട്ടിരുന്നു. അതിനു മുന്‍പുതന്നെ ഞങ്ങളുടെ താമസസ്ഥലങ്ങള്‍ ചുട്ടെരിക്കപ്പെട്ടിരുന്നു. 2016 മെയ് 20 ന് സൈനികര്‍ നടത്തിയ വെടിവയ്പില്‍ സ്ലോവാക്യക്കാരിയും മെഡിക്കല്‍ ഡോക്ടറുമായിരുന്ന ഞങ്ങളുടെ ഒരു കന്യാസ്ത്രീ മരണപ്പെട്ടിരുന്നു. എസ്. ഡി. വി. മിഷനറിമാര്‍ സ്വയരക്ഷാര്‍ത്ഥം കെനിയായിലെ നെയ്റോബിയിലേക്ക് കടന്നു. പിന്നീടവര്‍ ഉഗാണ്ടയിലെ ബിഡി-ബിഡി അഭയാര്‍ത്ഥിക്യാമ്പിലെത്തി. ദക്ഷിണസുഡാനില്‍ നിന്നും മറ്റുമുള്ള അഭയാര്‍ത്ഥികള്‍ പാര്‍ക്കുന്ന ബിഡി ബിഡി അഭയാര്‍ത്ഥി ക്യാമ്പ് ലോകത്തിലെ ഏറ്റവും വലിയ അഭയാര്‍ത്ഥി ക്യാമ്പായിട്ടാണ് കണക്കാക്കപ്പെടുന്നത്.

സുവിശേഷഭാഗ്യമെന്നത് നമുക്ക് വസിക്കാന്‍ ലഭിക്കുന്ന സ്ഥലമാണ്. കരുണയുള്ളവര്‍ ഭാഗ്യവാന്മാര്‍ അവര്‍ക്ക് ശരിയായ വാസസ്ഥലം ലഭിക്കും. അവര്‍ നിങ്ങളെ നിന്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നുവെങ്കില്‍ നിങ്ങള്‍ ശരിയായ വാസസ്ഥലത്താണെന്നുറപ്പ്. സുവിശേഷഭാഗ്യം ആത്മീയമല്ല അവ ഭൗതികമാണ്. നമ്മുടെ ഭൂപ്രദേശമാണ്. ഫലഭൂയിഷ്ടമായ മണ്ണും ധാതുക്കളും കൊണ്ട് സമ്പന്നമാണ് ബ്ലൂനൈല്‍ സംസ്ഥാനം. ബ്ലൂനൈല്‍ നദി സുഡാനില്‍ പ്രവേശിക്കുന്നത് ഈ സംസ്ഥാനത്തിലൂടെയാണ്. ബ്ലൂനൈലിന്‍റെ കാര്‍ഷിക സമൃദ്ധിയും മേച്ചില്‍പ്പുറങ്ങളും സ്വര്‍ണവും ക്രോമിയവും അടങ്ങുന്ന ഖനിജങ്ങളും വനങ്ങളും നൈല്‍നദിയിലെ വെള്ളവും അടങ്ങുന്ന പ്രകൃതിവിഭവങ്ങളും ആഫ്രിക്കന്‍ വന്‍കരയെ മാത്രമല്ല ലോകത്തെതന്നെ കൊതിപ്പിക്കും. സുഡാന്‍ സ്വതന്ത്രമാകുന്ന 1956നു മുന്നേതന്നെ ഈ സമൃദ്ധിയുടെ അധികാരത്തിനായി ബ്ലൂനൈലിലെ ആദിമഗോത്രജനതയും അറബ് വംശജര്‍ക്ക് മേല്‍ക്കോയ്മയുള്ള വടക്കന്‍ സുഡാനും തമ്മില്‍ തര്‍ക്കവും സംഘര്‍ഷവും നിലനിന്നിരുന്നു. വിഭജനത്തെതുടര്‍ന്ന് ദക്ഷിണ സുഡാന്‍ കൈവശപ്പെടുത്തിയ എണ്ണപ്പാടങ്ങള്‍ക്കു പകരംവയ്ക്കാന്‍ ബ്ലൂനൈല്‍ സംസ്ഥാനത്തെ സ്വര്‍ണപാടങ്ങളും ജലവൈദ്യുതപദ്ധതികള്‍ക്ക് ഉപയുക്തമാകുന്ന നൈല്‍നദിയിലെ വെള്ളവും വടക്കന്‍സുഡാനിലെ വരേണ്യവര്‍ഗത്തിനാവശ്യമായിരുന്നു. 1955 മുതല്‍ രാഷ്ട്രീയമായ ഒറ്റപ്പെടുത്തലിനെതിരായ ചെറുത്തുനില്പിലും സാമ്പത്തിക ഉപരോധത്തിലും ഇരുപത്തഞ്ച് ലക്ഷത്തിലേറെ മനുഷ്യജീവന്‍ ഇവിടെ പൊലിഞ്ഞു. ആഫ്രിക്കയിലെ ഏറ്റവും നീണ്ട ആഭ്യന്തരയുദ്ധം ഇന്നും തുടരുന്നു.

കൂടാരങ്ങളിലെ കുടികിടപ്പുകാര്‍

അഭയാര്‍ത്ഥികള്‍ താമസിക്കുന്നത് യു എന്‍ നല്‍കുന്ന കൂടാരങ്ങളിലാണ്. അക്രമങ്ങളില്‍ ജീവഭയത്താല്‍ രക്ഷപെട്ടെത്തുന്നവര്‍ക്കുള്ള താല്‍ക്കാലിക അഭയസ്ഥാനം മാത്രമല്ല കൂടാരങ്ങള്‍. പിടിച്ചുനില്‍ക്കാന്‍ പുതിയൊരിടം തേടി ലക്ഷ്യമില്ലാതെ അലയുന്നവര്‍ക്കുള്ള ഇടത്താവളം മാത്രവുമല്ല. അത് സാധാരണജീവിതത്തിലേക്കുള്ള മടങ്ങിപ്പോക്കും അന്തസിന്‍റെ വീണ്ടെടുപ്പുമായിരിക്കുന്നു. മരുഭൂമിയുടെ വന്യതയില്‍ ഇസ്രായേല്യര്‍ക്ക് ദൈവം കൂടാരമൊരുക്കി. യേശുവുമായി കൂട്ടുകൂടുന്നവര്‍ക്കായി യേശുവില്‍ ദൈവം, ദൈവത്തിന്‍റെ കൂടാരം ഒരുക്കി.

മാബന്‍ പ്രദേശത്ത് നിലവില്‍ നാല് അഭയാര്‍ത്ഥി സങ്കേതങ്ങള്‍ അഥവാ  കൂടാരകുടിയിരുപ്പുകളുണ്ട്. സുഡാന്‍റെ ബ്ലൂനൈല്‍ സംസ്ഥാനത്തുനിന്നുള്ള 141,548 അഭയാര്‍ത്ഥികള്‍ അവിടെ കഴിയുന്നു. എല്ലാവരും ബ്ലൂനൈല്‍ സംസ്ഥാനത്തുനിന്നുള്ളവരെങ്കിലും ഇവിടെയും അവര്‍ അവര്‍ക്കിടയിലെ വംശവിദ്വേഷം മറച്ചുവയ്ക്കുന്നില്ല. ദീര്‍ഘകാലമായുള്ള വംശവെറികളുടെ ഇരകളായ ആതിഥേയ മബാനി ജനതയെ അഭയാര്‍ത്ഥികള്‍ എണ്ണത്തില്‍ മറികടന്നിരിക്കുന്നു. അതിനാല്‍ത്തന്നെ പരിമിതമായ   തൊഴിലവസരങ്ങള്‍ക്കും മേച്ചില്‍പ്പുറങ്ങള്‍ക്കും വിറകിനും വേണ്ടി കടുത്ത പോരാട്ടവും അക്രമവും അരങ്ങേറുന്നു.

അഭയാര്‍ത്ഥി കേന്ദ്രത്തിന് പുറത്ത് സുരക്ഷിതമായ സ്ഥലത്ത് മുപ്പതു ജീവനക്കാര്‍ക്കൊപ്പമാണ് എന്‍റെ താമസം. അവരും അഭയാര്‍ത്ഥികള്‍ തന്നെ.  ചിലരൊക്കെ ചെറുപ്പത്തിലേ പോരാട്ടങ്ങളില്‍ പങ്കെടുക്കേണ്ടി വന്നവര്‍. അവരില്‍ കത്തോലിക്കര്‍ കുറച്ചുപേര്‍ മാത്രം. വ്യത്യസ്ത വിശ്വാസമുള്ളവരും വിശ്വാസമേയില്ലാത്തവരുമായി ഒരു കൂരയ്ക്ക് കീഴില്‍ കഴിയുക അത്ര എളുപ്പമല്ല. കഴിഞ്ഞ വര്‍ഷം ചാപ്പലായി ഉപയോഗിക്കാന്‍ മണ്ണും പുല്ലുംകൊണ്ട് ഞങ്ങള്‍ ഒരു കുടില്‍ കെട്ടിയുണ്ടാക്കി. അതായിരുന്നു ഞങ്ങളുടെ 'സമാഗമകൂടാരം'(പുറപ്പാട് 33:7). ധ്യാനത്തിന്‍റെ അഗാധതയില്‍ മോശ ദൈവികതയുമായി ദിനേന സന്ധിച്ചിരുന്ന സമാഗമകൂടാരം ഹെബ്രായ  ലിഖിതങ്ങളിലെ ഊര്‍ജ്ജദായകമായൊരു ബിംബമത്രേ. സമാഗമകൂടാരമാണ് സഭയുടെ ആദിരൂപമെന്ന്  നമ്മുടെ കാലത്തെ മഹാനായ ഫ്രാന്‍സിസ്കന്‍ യോഗി ഫാ. റിച്ചാര്‍ഡ് റോര്‍ (Fr. Richard Rohr) പറയാറുണ്ട്. മടക്കാവുന്നതും എടുക്കാവുന്നതും ഉപയോഗശേഷം ഉപേക്ഷിക്കാവുന്നതുമാണെങ്കിലും ഈ കൂടാരം സദാ നമുക്ക് മുന്നില്‍ സഞ്ചരിക്കുന്ന 'വിശുദ്ധി'യുടെ സംഗമസ്ഥാനമത്രെ.

പീരങ്കിയുണ്ട ഏറ്റ നിമിഷം

യുദ്ധഭൂമിയില്‍ പീരങ്കിയുണ്ടയേറ്റതിനെ തുടര്‍ന്ന് വിശുദ്ധ ഇഗ്നേഷ്യസിനുണ്ടായ മാനസാന്തരത്തിന്‍റെ അഞ്ഞൂറാം വാര്‍ഷികം പ്രമാണിച്ച് ജസ്യൂട്ട് സന്യാസ സമൂഹം 2021 മെയ് 22 മുതല്‍ 2022 ജൂലൈ വരെ ഇഗ്നേഷ്യസ് വര്‍ഷമായി കൊണ്ടാടുകയാണ്. ജീവിച്ചുപോന്ന വഴികളില്‍ നിന്ന് ദൈവം കൂടുതല്‍ കൂടുതല്‍ സന്നിഹിതമായ പുതിയ വഴികളിലേക്കുള്ള ക്ഷണമാണ് പീരങ്കിയുണ്ട ഏല്ക്കുന്ന നിമിഷം. ദക്ഷിണസുഡാനിലെ അഭയാര്‍ത്ഥിക്യാമ്പില്‍ എന്‍റെ ജീവിതത്തെ മൂല്യവത്താക്കുന്നതിന് ഏറ്റം അനുയോജ്യമായ വാക്ക് 'പീരങ്കിയുണ്ട(ഏറ്റ)നിമിഷം' തന്നെ.  യു. എന്നിന്‍റെ വിമാനത്തിലാണ് ഞാന്‍ ഇവിടെയെത്തിയത്. ചുറ്റുമതിലോ സുരക്ഷിതത്വമോ തീരെയില്ലാത്ത യു. എന്‍. സമാധാനസേന കാവല്‍ നില്‍ക്കുന്ന ചരല്‍ വിരിച്ച ഒരു വ്യോമതാവളത്തിലാണ് ഞാന്‍ വന്നിറങ്ങിയത്. ഈ ജീവിതം വലിയ വെല്ലുവിളികള്‍ മുന്നോട്ടുവയ്ക്കുന്നു. തദ്ദേശിയ ഭക്ഷണം പിടിക്കായ്കമൂലം വയറിനുണ്ടാകുന്ന പ്രശ്നങ്ങള്‍ മുതല്‍ വൈദ്യുതിയുടെയും ഇന്‍റര്‍നെറ്റിന്‍റെയും അഭാവവും വരെ ജീവിതം കഠിനമാക്കും. ടാര്‍ ചെയ്ത റോഡുകള്‍ ഇവിടെയില്ല. ഉഷ്ണക്കാറ്റും 43 മുതല്‍ 46 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടും അനുഭവപ്പെടുന്ന ഉഷ്ണകാലം. തകരമേല്‍ക്കൂരയ്ക്കു കീഴില്‍ കുടുസുമുറിയില്‍ താമസം. അലക്കാനും കുളിക്കാനും പൊതുടാപ്പില്‍നിന്നു കിട്ടുന്ന കുറച്ചുവെള്ളം. പൊതുകുഴി കക്കൂസ്. പണിക്കായി ബേസില്‍ നിന്ന് ക്യാമ്പിലേക്കും തിരിച്ചുമുള്ള നടത്തം മാത്രം ഏകസഞ്ചാരം. ദിവസം ചെല്ലുന്തോറും പരിമിതികള്‍ വര്‍ധിച്ചുവന്നു. മൈലുകളോളം നീണ്ടു കിടക്കുന്ന തകര, മണ്‍ കുടിലുകള്‍ കണ്ടുകൊണ്ടാണ് ഓരോ ദിവസവും ഉണര്‍ന്നെണീക്കുന്നത്.

സുഡാന്‍ പട്ടാളം മുന്‍പ് ബാരക്കായി ഉപയോഗിച്ചിരുന്ന ഒരു കോമ്പൗണ്ടിലാണ് ഞാനിപ്പോള്‍ താമസിക്കുന്നത്. ഒളിഞ്ഞുകിടക്കുന്ന മൈനുകള്‍ കണ്ടെത്താന്‍ മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് നിരന്തരം പരിശോധനകള്‍ നടക്കുന്നു. പൊട്ടാത്ത സ്ഫോടകവസ്തുക്കള്‍ നീക്കം ചെയ്യുന്നതിനായി മണ്ണ് നിരന്തരം കുഴിക്കുകയും കിളയ്ക്കുകയും ചെയ്യുന്നു. ഞങ്ങള്‍ ആട്ടിടയ (ഉല്‍പത്തി 47:3) രാണ്. ആട്ടിന്‍പറ്റങ്ങളുടെ ഭക്ഷണവും വെള്ളവും താമസവുമാണ് ആട്ടിടയരുടെ മുന്തിയ പരിഗണനകള്‍. പാണ്ഡിത്യത്തിന്‍റെ ദന്തഗോപുരങ്ങളിലിരുന്ന് ദൈവശാസ്ത്രവിചാരം നടത്തുകയല്ല. ആട്ടിന്‍പറ്റങ്ങളുടെ ജീവല്‍പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുകയാണ് ഇടയരുടെ ദൗത്യം. സുഡാനിലെ ഖാര്‍ത്തും അതിരൂപതയുടെ പരിധിയിലാണ് മാബന്‍ മേഖല സ്ഥിതിചെയ്യുന്നത്. ആഭ്യന്തരയുദ്ധം നിമിത്തം വര്‍ഷങ്ങളായി ഇവിടെ ഇടവകപള്ളിയോ പുരോഹിതനോ ഇല്ല. എന്‍റെ സഹപ്രവര്‍ത്തകനായ കെനിയന്‍ ജസ്യൂട്ട് പുരോഹിതനല്ലാതെ ഈ പ്രദേശത്ത് ഒരു മതപുരോഹിതനുമില്ല. അഭയാര്‍ത്ഥികളുടെ മതപരമായ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് വേദോപദേശകരും ഒരു പുരോഹിതനും അടങ്ങുന്ന സംഘമുണ്ട്. മാബെനില്‍ അവശേഷിക്കുന്ന ഏക പള്ളിയിലും മറ്റ് അന്‍പതോളം പുല്‍കുടിലുകളിലും ഞായറാഴ്ചകളില്‍ ആരാധനയ്ക്കായി വേദോപദേശകരുടെ നേതൃത്വത്തില്‍ വിശ്വാസികള്‍ ഒത്തുചേരുന്നു.

ജസ്യൂട്ട് അഭയാര്‍ത്ഥി സന്നദ്ധസേവനസംഘം (Jesuit Refugee Service - JRS) അഭയാര്‍ത്ഥികള്‍ക്കും കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്കുമായി വിദ്യാഭ്യാസവും മാനസികവും ആത്മീയവുമായ ഉണര്‍വ്വ് പകരുന്നതിനുള്ള സേവനങ്ങളും നല്‍കിവരുന്നു. ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും യുവാക്കള്‍ക്കുമായി വ്യത്യസ്ത പരിപാടികള്‍ നടത്തുന്ന മാനസിക-സാമൂഹിക ദൗത്യസംഘത്തിനൊപ്പം ആഴ്ചതോറും ഞാനും അഭയാര്‍ത്ഥികേന്ദ്രങ്ങളില്‍ കയറിയിറങ്ങുന്നു. മൂന്നു ക്യാന്വുകളില്‍ മുഴുവന്‍ മുസ്ലീങ്ങളാണ്.   ഒരു ക്യാമ്പില്‍ 90% ക്രൈസ്തവരും. പക്ഷേ വിവിധ ഗോത്രങ്ങളില്‍പ്പെട്ട ഇവരുടെ വംശീയവിദ്വേഷം വംശീയകലാപങ്ങള്‍ക്കു വഴിവയ്ക്കുന്നു. തങ്ങളുടെ ദുഃഖങ്ങളും ദുരിതങ്ങളും തുറന്നുപറയാനുള്ള സുരക്ഷിതസ്ഥാനങ്ങളാണ് ഞങ്ങള്‍ നടത്തുന്ന മാനസിക-സാമൂഹിക പരിപാടികള്‍. തങ്ങള്‍ നേരിട്ട ലൈംഗിക അതിക്രമങ്ങളും നഷ്ടങ്ങളും ദുരിതങ്ങളും തുറന്നു പറയാനുള്ള അന്തരീക്ഷം ഞങ്ങള്‍ ഒരുക്കുന്നു. വിമതരോ സൈന്യമോ നിയന്ത്രിക്കുന്ന പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന സ്ത്രീകള്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ക്ക് അറുതിയില്ല.

ദേശത്തെ അപരിചിതര്‍

"ഈജിപ്തില്‍ പരദേശികളായിരിക്കെ പരദേശിയുടെ ഹൃദയവിചാരങ്ങള്‍ അറിഞ്ഞിരുന്ന നിങ്ങള്‍ പരദേശികളെ പീഡിപ്പിക്കരുത്"(പുറപ്പാട് 23:9). ബൈബിളില്‍ ജനതകള്‍ അഭയാര്‍ത്ഥികളാക്കപ്പെട്ട പല സാഹചര്യങ്ങളാലും - യുദ്ധം, ക്ഷാമം, രാഷ്ട്രീയപീഡനം, മെച്ചപ്പെട്ട ജീവിതത്തിനുള്ള അന്വേഷണം - ഇന്നും ജനങ്ങള്‍ സ്വന്തം മണ്ണില്‍നിന്ന് നിഷ്കാസിതരാകുന്നു.  

ജസ്യൂട്ട് സന്യാസിയായ ഗ്രിഗറി ബോയ്ലിന്‍റെ വാക്കുകളില്‍ ഞാന്‍ ഉപസംഹരിക്കട്ടെ: "ഒരു പകല്‍വെളിച്ചത്തിനും നമ്മെ വേര്‍പിരിക്കാനാവില്ല. നാമൊന്നാണ്. നാം ഏകോദരസോദരരാണ്. ദൈവം നമ്മെ തിരിച്ചറിയണമെങ്കില്‍ നാമൊരൊറ്റ സമൂഹമാകണം. അപ്പോള്‍ നാം ദൈവികമായ സഹാനുഭൂതി തിരിച്ചറിയും. സഹാനുഭൂതിയുടെ വലയത്തിനു പുറത്ത് ആരുമില്ലെന്ന് അപ്പോള്‍ നാം മനസ്സിലാക്കും. നാം അതിരുകളിലേക്ക് സഞ്ചരിക്കും. അപ്പോള്‍ അതിരുകള്‍ മാഞ്ഞുപോകും. അവിടെ അന്തസ്സ് നിഷേധിക്കപ്പെട്ടവര്‍ക്കൊപ്പം നാം നില്‍ക്കും. ദരിദ്രരും, അധികാരങ്ങളും അവകാശങ്ങളും ഇല്ലാത്തവരും ശബ്ദമില്ലാത്തവരുമായി നാം താദാത്മ്യപ്പെടും. അതിരുകളില്‍ നിന്ദിതരും നിഷ്കാസിതരുമായവരുമായി നാം ഒത്തുചേരും. വീണുപോയവര്‍ക്കൊപ്പം നാം നില്‍ക്കും. വീഴ്ചകള്‍ ഇല്ലാതാകും. വലിച്ചെറിയപ്പെട്ടവര്‍ക്ക് തൊട്ടടുത്ത് നാം നിലയുറപ്പിക്കും. മനുഷ്യരെ പുറന്തള്ളുന്ന കാലം അവസാനിക്കും."


ഫോട്ടോ: ഫാ. ഷിജു പോള്‍

You can share this post!

ഭൂപടത്തില്‍ ഇടമില്ലാത്തവര്‍

ഷാജി സി. എം. ഐ.
അടുത്ത രചന

ചോര്‍ത്തപ്പെടുന്ന സ്വകാര്യത

മേഘ ആന്‍ മാത്യു (മൊഴിമാറ്റം - ടോം മാത്യു)
Related Posts