'രാവിലെ ഉണര്‍ന്നതേയുള്ളൂ. പ്രാര്‍ത്ഥനയ്ക്കു ശേഷം താഴെ അടുക്കളയില്‍ പോയി അഭയാര്‍ത്ഥികളടക്കം എല്ലാവര്‍ക്കും വേണ്ടി കാപ്പി ഉണ്ടാക്കണം. പിന്നെ കേള്‍ക്കാം.' ബെല്‍ജിയത്ത് മീര്‍ സെല്‍ ഡ്രീഫ് ഗ്രാമത്തിലെ കപ്പൂച്ചിന്‍ ആശ്രമത്തിലെ സന്യാസിയായ ബ്ര. ജോസഫ് ജോയ്സണ്‍ പള്ളിപ്പറമ്പില്‍ OFM Cap ഇന്നു രാവിലെ എന്നോടു പറഞ്ഞതാണിത്. 'കര്‍ത്താവും കിച്ചണും കാന്‍വാസും' എന്ന് ചുരുക്കിവിളിക്കാം മലയാളിയായ ഈ സന്യാസിയുടെ ഇപ്പോഴത്തെ ദിനചര്യയെ. രാവിലെ ഉണര്‍ന്ന് പ്രാര്‍ത്ഥന; പിന്നെ, അടു ക്കളയിലേക്ക് - അഭയാര്‍ത്ഥികളെ തീറ്റിപ്പോറ്റാന്‍; ശേഷം, കാലികവിഷയങ്ങളുമായി കാന്‍വാസിന്‍റെ മുമ്പിലേക്ക്! ഉക്രെയിന്‍ യുദ്ധത്തിന്‍റെ നൊമ്പരങ്ങള്‍ പേറി ആശ്രമത്തിലെത്തിയിരിക്കുന്ന അഭയാര്‍ത്ഥികള്‍ക്കായി പ്രാതലൊരുക്കുകയും അവരുടെ നൊമ്പരങ്ങള്‍ കാന്‍വാസില്‍ പ്രാര്‍ത്ഥനാപൂര്‍വം ചിത്രീകരിക്കുകയും ചെയ്യുകയാണ് ഈ കപ്പൂച്ചിന്‍ സന്യാസി.
ശാന്തിദൂതന്‍റെ അസാധാരണ പൈതൃകം
ക്രിസ്തുവിന്‍റെ സമാധാനത്തിലൂന്നിയ വിശ്വസാഹോദര്യാധ്യാത്മികത കൈമുതലാക്കിയ അസ്സീസിയിലെ വി. ഫ്രാന്‍സിസിന്‍റെ 'ദിവ്യമാം ശാന്തി തന്‍ ദൂതനായ് എന്നെ നീ നിത്യം നയിക്കേണമേ! ദിവ്യസന്ദേശങ്ങള്‍ എങ്ങും പരത്തുവാന്‍ എന്നെ അയയ്ക്കേണമേ' എന്നു തുടങ്ങുന്ന സമാധാനപ്രാര്‍ത്ഥന കേള്‍ക്കാത്തവരോ വായിക്കാത്തവരോ ആയി ആരെങ്കിലുമുണ്ടാകും എന്നു തോന്നുന്നില്ല. യുദ്ധം കൊടുമ്പിരികൊണ്ടിരുന്ന ഒരു കാലത്ത് ഈജിപ്തിലേക്കു യാത്രചെയ്ത് സുല്‍ത്താനുമായി സംഭാഷണം നടത്തിയ വി. ഫ്രാന്‍സിസ് ഇന്നും ഏവര്‍ക്കും ഒരു വിസ്മയമാണ്. സമാധാനത്തിന്‍റെ ക്രിസ്തുസാക്ഷ്യമായ ആ നിസ്സ്വന്‍റെ പിന്‍ഗാമികള്‍ക്ക് ലോകത്തുണ്ടാകുന്ന യുദ്ധങ്ങള്‍ ഏല്പിക്കുന്ന ഹൃദയവ്യഥ എത്ര വലുതാണെന്ന് നമ്മെ ബോധ്യപ്പെടുത്തുന്നതാണ് ജോയ്സനച്ചന്‍റെ ചിത്രങ്ങള്‍. വലിയ നോമ്പുകാലത്ത് യേശുക്രിസ്തുവിന്‍റെ പീഡാസഹനങ്ങള്‍ ധ്യാനിക്കാന്‍ ക്രൈസ്തവര്‍ ഉപയോഗിക്കുന്ന ഭക്താഭ്യാസമായ 'കുരിശിന്‍റെ വഴി'ക്കു വേണ്ടി അദ്ദേഹം വരച്ചിരിക്കുന്ന പതിനാലു ചിത്രങ്ങള്‍ ഉക്രെയിനില്‍ റഷ്യ നടത്തുന്ന യുദ്ധത്തെ അധികരിച്ചുള്ളവയാണ്.
ചിത്രത്തിന്‍റെ മുകളില്‍ വരച്ചിരിക്കുന്ന മുള്‍മുടിയണിഞ്ഞ ക്രിസ്തുവിന്‍റെ കാലികഭാഷ്യമായി അതിനു താഴെ ഉക്രെയിന്‍ ജനതയുടെ വിവിധങ്ങളായ പീഡകള്‍ ടാങ്കും ബോംബും സൈനിക മുന്നേറ്റവും കുടുംബങ്ങളുടെ പലായനവും സാദാ പൗരന്മാ രുടെ പരുക്കുകളും ജീവഹാനിയും സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും വേദനയും കെട്ടിടങ്ങളുടെ തകര്‍ച്ചയുമെല്ലാം ചിത്രകാരന്‍ വരച്ചിരിക്കുന്നു. ഇവ രണ്ടിനും മുന്നില്‍ പ്രാര്‍ത്ഥനയോടെ നില്ക്കുന്ന വി. ഫ്രാന്‍സിസിന്‍റെ വിടര്‍ന്ന കരങ്ങളിലുള്ളത് ഉക്രെയിനിന്‍റെ മാപ്പ് ആണ്. അത് അദ്ദേഹം മുള്‍മുടിയണിഞ്ഞ നാഥന് സമര്‍പ്പിക്കുകയാണ്.
പ്രഭാത മുള്‍മുടികള്‍!
ജോയ്സനച്ചന്‍റെ പ്രഭാതധ്യാനങ്ങളുടെ ഫലമാണത്രേ ഓരോ ചിത്രവും. അദ്ദേഹത്തിന് ഓരോ ധ്യാനവും ഒരു വേദനയായിരുന്നെന്നും ഓരോ ചിത്രീകരണവും വ്യക്തിപരമായ ഒരു 'കുരിശിന്‍റെ വഴി' തന്നെയായിരുന്നെന്നും ആ വാക്കുകളില്‍ നിന്നുതന്നെ നമുക്കു വായിച്ചെടുക്കാനാകും: 'ഓരോ ദിവസവും യുദ്ധത്തെക്കുറിച്ച് പത്രത്തിലും ടിവിയിലും വന്ന വാര്‍ത്തകള്‍ കണ്ടും കേട്ടും ഭീതിയോടും അമ്പരപ്പോടും പകപ്പോടും ദുഃഖത്തോടും കൂടെ ഞാന്‍ ചെയ്ത എന്‍റെ പ്രഭാത ധ്യാനങ്ങളുടെ ഫലമായിരുന്നു ആദ്യ സ്കെച്ചുകള്‍. ധ്യാനനിമിഷങ്ങളില്‍ത്തന്നെയാണ് അവ ഞാന്‍ ചെയ്തത്. ആ സ്കെച്ചുകള്‍ പിന്നീട് പ്രശസ്ത ഫ്രഞ്ചുബ്രാന്‍ഡ് ആയ കാന്‍സന്‍റെ വിലയേറിയ കാര്‍ഡുകളിലേക്ക് പകര്‍ത്തുകയായിരുന്നു. പതിനാലു ചിത്രങ്ങളും ചെയ്തു കഴിഞ്ഞപ്പോള്‍ സത്യത്തില്‍ ഞാന്‍ തളര്‍ന്നു കഴിഞ്ഞിരുന്നു. എനിക്ക് അത്രയ്ക്കു ഭാരം നല്കിയ ഒരു പാഷന്‍ യാത്രയായിരുന്നു അത്.'
മനസ്സിലെ 'വിയാ ക്രൂചിസ്' കടലാസിലേക്ക്; പിന്നെ, റോമിലേക്ക്
മാര്‍ച്ചുമാസത്തില്‍ യുദ്ധമുളവാക്കിയ ഹൃദയ വേദനയില്‍ നിന്ന് ഫാ. ജോയ്സന്‍ ഏതാനും ചില ചിത്രങ്ങള്‍ വരച്ചു. ഉക്രെയിനില്‍ റഷ്യ പിടിച്ചെടുത്ത ഒരു നഗരത്തിലെ വനിതാമേയര്‍ ഓള്‍ഗ സുഖെന്‍ കോയെയും അവരുടെ ഭര്‍ത്താവിനെയും മകനെയും റഷ്യന്‍ പട്ടാളം മാര്‍ച്ച് ഇരുപത്തിനാലാം തീയതി വധിച്ച സംഭവം അദ്ദേഹത്തിന്‍റെ മനസ്സിനെ വല്ലാതെ ഉലച്ചിരുന്നു. കൈ കെട്ടപ്പെട്ട്, മുള്‍മുടി അണിയിക്കപ്പെട്ട് മരണത്തിനു വിധിക്കപ്പെട്ട ക്രിസ്തു കണക്കെ അവതരിപ്പിച്ച ഒരു ചിത്രം കപ്പൂച്ചിന്‍ വൈദികരുടെ ജനറലേറ്റിലെ ജസ്റ്റീസ്, പീസ് ആന്‍റ് ഇക്കോളജി കമ്മീഷന്‍റെ ഉത്തരവാദിത്വമുള്ള ഫാ. ജോയേല്‍ ജസൂവിന് അദ്ദേഹം അയച്ചുകൊടുത്തു. അതു കണ്ട് ഫാ. ജോയേല്‍ കുരിശിന്‍റെ വഴിയുടെ പൂര്‍ണചിത്രീകരണം നടത്താന്‍ അദ്ദേഹത്തോട് അഭിപ്രായപ്പെടുകയായിരുന്നു. റഷ്യയുടെയും ഉക്രെയിന്‍റെയും അതിര്‍ത്തികളിലുള്ള കപ്പൂച്ചിന്‍ ആശ്രമങ്ങളില്‍ പ്രാര്‍ത്ഥിക്കാനായി ചിത്രീകരണമടങ്ങുന്ന കുരിശിന്‍റെ വഴി തയ്യാറാക്കുക എന്ന ചിന്തയായിരുന്നു ഫാ. ജോയേലിന് ആദ്യം ഉണ്ടായിരുന്നത്. അതു നടപ്പിലാക്കാനാവാത്ത വിധം സ്ഥിതിഗതികള്‍ വഷളായപ്പോള്‍, ഉക്രെയിനും റഷ്യയ്ക്കും വേണ്ടി ഫ്രാന്‍സിസ് പാപ്പ രചിച്ചുപുറത്തിറക്കിയ സമാധാനപ്രാര്‍ത്ഥന പന്ത്രണ്ട് ഭാഗങ്ങളായി തിരിച്ച്, ജോയ്സനച്ചന്‍റെ കുരിശിന്‍റെ വഴിയുടെ ഏതാനും ചിത്രങ്ങളോടു ചേര്‍ത്ത് അദ്ദേഹം പല ഭാഷകളില്‍ യുട്യൂബ് ചിത്രീകരണമാക്കി മാറ്റി.
പിന്നീട് കുരിശിന്‍റെ വഴിയുടെ പതിനാലു സ്ഥലങ്ങളും ചിത്രീകരിച്ചു പൂര്‍ത്തിയാക്കാന്‍ ജോയ്സനച്ചനു കഴിഞ്ഞു. അവ അദ്ദേഹം ജനറലേറ്റിലേക്ക് അയച്ചുകൊടുത്തു. 109 ഓളം രാജ്യങ്ങളില്‍ കപ്പൂച്ചിന്‍ സഭയുണ്ട്. ഈ യുദ്ധകാലത്ത് മലയാളിയായ ജോയ്സനച്ചന്‍റെ ബ്രഷില്‍നിന്ന് പിറവിയെടുത്ത കര്‍ത്താവിന്‍റെ സമാധാനസന്ദേശം കുരിശിന്‍റെ വഴിയുടെ ദൃശ്യപ്രാര്‍ത്ഥനയായി അസ്സീസിയിലെ ഫ്രാന്‍സിസിന്‍റെ പിന്‍ഗാമികളിലൂടെ ലോകമെങ്ങും പരന്നുകൊണ്ടിരിക്കുകയാണ്.
ജീവനുള്ള ദുഃഖചിത്രങ്ങള്‍ക്കു മുന്നില്‍
ഈ ചിത്രങ്ങള്‍ വരച്ചുപൂര്‍ത്തിയാക്കുന്ന സമയത്ത് ഉക്രെയിനില്‍നിന്നുള്ള കുടുംബങ്ങള്‍ ബെല്‍ജിയത്തില്‍ അഭയാര്‍ത്ഥികളായി എത്തിയിരുന്നു. കത്തോലിക്കാസഭയുടെ തന്നെ ഭാഗമായ ഗ്രീക്ക് ഓര്‍ത്തഡോക്സ് ഉക്രെയിനിയന്‍ സഭയുടെ അംഗങ്ങളാണ് ഒട്ടുമിക്കവരും. ആന്‍റ് വെര്‍പ് നഗരത്തിലും ജോയ്സനച്ചന്‍ താമസിക്കുന്ന മീര്‍സല്‍ ദ്രീഫ് നഗരത്തിലുമുള്ള കപ്പൂച്ചിന്‍ ആശ്രമങ്ങളിലാണ് അവരില്‍ ഏറെപ്പേരെയും പാര്‍പ്പിച്ചിരിക്കുന്നത്. അവര്‍ക്കുവേണ്ടി പാചകം ചെയ്യാനും അവരെ ശുശ്രൂഷിക്കാനും താനുള്‍പ്പെടെയുള്ള സന്യാസികള്‍ക്ക് അവസരം ലഭിച്ച സമയത്താണ് അച്ചന്‍ ഇതിലെ ചില ചിത്രങ്ങള്‍ വര ച്ചുതീര്‍ത്തത്. അതിനാല്‍ ഇവയിലെ ചില ദയനീയ മുഖങ്ങള്‍ കനത്ത ദുഃഖത്തിന്‍റെ നേര്‍ക്കാഴ്ച്ചാ ചിത്രങ്ങളാണ്! സ്ത്രീകളും കുട്ടികളുമാണ് അഭയാര്‍ത്ഥികളില്‍ നല്ലൊരു പങ്കും. അവരുടെ പുരുഷന്മാര്‍ ജന്മനാടിനുവേണ്ടിയുള്ള യുദ്ധത്തില്‍ ഉക്രെയിനിലാണ്! ഒത്തിരി ഭയവും ആശങ്കയും നിറഞ്ഞ മുഖത്തോടുകൂടെ എത്തിയ അവര്‍ ഇപ്പോള്‍ മെല്ലെ പുഞ്ചിരിച്ചു തുടങ്ങിയിട്ടുണ്ട്. അവരില്‍ ചിലരെ ഈ കുരിശിന്‍റെ വഴി അദ്ദേഹം കാണിച്ചു. സ്വന്തം ജീവിതം പ്രാര്‍ത്ഥനയായിത്തീരുന്ന കാഴ്ച അവരെ ഈറനണിയിക്കുകയും ഹൃദയവും മനസ്സും കരങ്ങളും ദൈവസന്നിധിയിലേക്ക് ഉയര്‍ത്താന്‍ ഇടയാക്കുകയും ചെയ്തു. ബല്‍ജിയത്തും ഹോളണ്ടിലും ഏറെ പ്രശസ്തമായ മരിയ പാര്‍ക്ക് എന്ന തീര്‍ത്ഥാടനകേന്ദ്രത്തില്‍ കപ്പൂച്ചിന്‍ ഗാര്‍ഡിയന്‍ അച്ചനും അഭയാര്‍ത്ഥികളും ചേര്‍ന്ന് ഒരു പ്രാര്‍ത്ഥ നാമഞ്ജരി സമര്‍പ്പിക്കാന്‍ അവയില്‍ ചില ചിത്രങ്ങള്‍ പ്രയോജനപ്പെടുത്തുകയുണ്ടായി (കാണാന്‍ ഈ ലിങ്ക് തുറക്കുക:https://youtu.be/-KWqI42pHQ0).. ചിത്രകല ഒരു സുവിശേഷവേലയാണെന്ന ചിത്ര കാരന്‍റെ ബോധ്യത്തിന് ദൈവം നല്കിയ കൈയൊപ്പായിരുന്നു ആ നിമിഷങ്ങള്‍!
അമ്മയുടെ എംബ്രോയിഡറിയും മകന്‍റെ CARP ഉം
പള്ളിപ്പറമ്പില്‍ വിന്‍സന്‍റ് മാത്യു - ഫ്ളോറി ദമ്പതികളുടെ പുത്രനാണ് ഫാ. ജോയ്സണ്‍ OFM Cap. വരാപ്പുഴ രൂപതയില്‍ ഞാറക്കല്‍ പെരുമ്പിള്ളി തിരുക്കുടുംബ ദേവാലയമാണ് ഇടവകപ്പള്ളി. മനോഹരമായി എംബ്രോയിഡറി ചെയ്യുമായിരുന്ന അമ്മ അതിനുവേണ്ടി ചെയ്തിരുന്ന സ്കെച്ചുകളാണ് 3-ാം വയസ്സു മുതല്‍ വരയ്ക്കാനാരംഭിച്ച അച്ചന്‍റെ ആദ്യ പ്രചോദനം. വീട്ടുകാരുടെയും നാട്ടുകാരുടെയും കലവറയില്ലാത്ത പ്രോത്സാഹനങ്ങള്‍ ലഭിച്ചിട്ടുണ്ട്. സെമിനാരിയില്‍ ചേര്‍ന്നപ്പോള്‍ കലാ സപര്യയ്ക്കുള്ള സാഹചര്യം പരിമിതമായിരുന്നു. എങ്കിലും, കപ്പൂച്ചിന്‍ സന്യാസജീവിതത്തില്‍ പ്രകൃതിക്കും സമാധാനത്തിനുമൊക്കെയുള്ള ഫോക്കസ് കലാജീവിതത്തിന് ഏറെ അനുകൂലമായിരുന്നു. പൗരോഹിത്യസ്വീകരണശേഷം റോമിലെ ജനറലേറ്റില്‍ സെക്രട്ടറിയായി സേവനം ചെയ്തപ്പോള്‍ റോം യൂണിവേഴ്സിറ്റി ഓഫ് ഫൈന്‍ ആര്‍ട്സില്‍ കല അഭ്യസിക്കാന്‍ കഴിഞ്ഞു. പിന്നീട് മിഷന്‍ മേഖലയില്‍ ആയിരിക്കേ, സുവിശേഷ പ്രഘോഷണത്തിന് കല ഉപയോഗപ്പെടുത്താന്‍ സാധിച്ചു. കലയിലൂടെ സുവിശേഷം എന്നത് അദ്ദേഹത്തിന്‍റെ വലിയ സ്വപ്നമായി മാറി. അതിന് അക്കാദമികമായ ഒരുക്കം കൂടുതലായി വേണമെന്ന് തോന്നിയതിനാല്‍ മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ ചേര്‍ന്ന് കലയില്‍ പ്രൊഫഷണല്‍ ബിരുദമെടുത്തു. പിന്നീടാണ് ചിലരോടു ചേര്‍ന്ന് CARP (Company of Artists for Radiance of Peace) എന്ന ചിത്രകലാകാരന്മാരുടെ സമിതി സ്ഥാപിച്ചത്. പല ആര്‍ട്ട്ക്യാമ്പുകളും അതിന്‍റെ ഭാഗമായി സംഘടിപ്പിക്കാനും സുവിശേഷത്തിനും മാനവമൂല്യങ്ങള്‍ക്കും നിറം ചാലിക്കാന്‍ കൊതിക്കുന്ന കലാ പ്രതിഭകളെ ഏകോപിപ്പിക്കാനും അതിലൂടെ കഴിഞ്ഞു. ബെല്‍ജിയത്ത് ഒരു അന്തര്‍ദ്ദേശീയ സമൂ ഹത്തിന്‍റെ ഭാഗമായി കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 15-ാം തീയതി ജോയ്സനച്ചന്‍ എത്തിയപ്പോള്‍ തന്‍റെ കലാസപര്യയ്ക്ക് ഇത്രയേറെ അനുകൂലമായ ഒരു സാഹചര്യം അദ്ദേഹം പ്രതീക്ഷിച്ചിരുന്നില്ല. മെട്രിക്കുലേഷന്‍ സ്കൂള്‍ കുട്ടികള്‍ക്കായുള്ള പരിശീലന പരിപാടിയുടെ ഭാഗമായി 'കലയും ആത്മീയതയും' എന്ന വിഷയം അവര്‍ക്കുവേണ്ടി അദ്ദേഹം കൈകാര്യം ചെയ്യുന്നു. കലയോട് ബെല്‍ജിയംകാര്‍ക്കുള്ള അഭിനിവേശം സുവിശേഷാഭിമുഖ്യമായി മാറണമെന്ന ആഗ്രഹവും പ്രാര്‍ത്ഥനയുമാണ് ഈ കാപ്പിപ്പൊടികുപ്പായത്തിനുള്ളിലെ കലാകാരന് ഉള്ളത്. കഴിഞ്ഞ വര്‍ഷം അച്ചന്‍റെ ചിത്രങ്ങള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് പരിശുദ്ധ കുര്‍ബാനയുടെ ആരാധനക്രമം സജീവമാക്കാന്‍ ബെല്‍ജിയം സഭ നടത്തിയ സംരംഭം നാഷനല്‍ ടെലിവിഷന്‍ ചാനല്‍ വരെ സംപ്രേഷണം ചെയ്യുകയുണ്ടായി. ഒത്തിരിപ്പേര്‍ ആ പരിപാടി കാണുകയുണ്ടായി. ഇതെക്കുറിച്ചെല്ലാം അദ്ദേഹത്തിന് പറയാനുള്ളത് ഇതാണ്: 'കര്‍ത്താവ് എന്നെ സമാധാന ത്തിന്‍റെയും സുവിശേഷത്തിന്‍റെയും ഉപകരണമാക്കി ഉപയോഗിക്കുന്നത് കലയിലൂടെ യാണ് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.'