കത്തോലിക്കാസഭയുടെ ഭരണ സിരാകേന്ദ്രമായ വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയുടെ ചത്വരത്തില്‍ ഇരുവശങ്ങളിലായി രണ്ട് വിശുദ്ധരുടെ ഭീമാകാരങ്ങളായ രൂപശില്പങ്ങള്‍ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്: വി. പത്രോസിന്‍റെയും വി. പൗലോസിന്‍റെയും. പരി. കന്യകാമറിയവും സ്നാപകയോഹന്നാനും കഴിഞ്ഞാല്‍, സഭയുടെ അടിസ്ഥാനമായി കണക്കാക്കപ്പെടുന്നത് പന്ത്രണ്ട് അപ്പസ്തോലന്മാരാണ്. അവരില്‍ പ്രമുഖന്‍ എന്ന നിലയില്‍ വി. പത്രോസിന് അദ്വിതീയമായസ്ഥാനമുള്ളതാണ്. 'യേശു അവനോട് അരുള്‍ചെയ്തു: യോനായുടെ പുത്രനായ ശിമയോനേ, നീ ഭാഗ്യവാന്‍. എന്തെന്നാല്‍, മാംസരക്തങ്ങളല്ല, സ്വര്‍ഗ്ഗസ്ഥനായ എന്‍റെ പിതാവാണ് നിനക്ക് ഇതു വെളിപ്പെടുത്തിത്തന്നത്. ഞാന്‍ നിന്നോട് പറയുന്നു, നീ പത്രോസ് (പാറ) ആകുന്നു. ഈ പാറമേല്‍ എന്‍റെ സഭ ഞാന്‍ സ്ഥാപിക്കും. നരകകവാടങ്ങള്‍ അതിനെതിരേ പ്രബലപ്പെടുകയില്ല. സ്വര്‍ഗ്ഗരാജ്യത്തിന്‍റെ താക്കോലുകള്‍ നിനക്കു ഞാന്‍തരും' (മത്താ. 16: 17-19) എന്നീ സുവിശേഷ വാക്യങ്ങള്‍ ഏറെ പ്രസിദ്ധമാ ണല്ലോ! എന്നിട്ടും പത്രോസിന് ഒറ്റയ്ക്ക് ഒരു തിരുനാള്‍ സഭ നല്കിയിട്ടില്ല. പത്രോസ്- പൗലോസ് ശ്ലീഹന്മാരെ ഒരുമിച്ചാണ് പാശ്ചാത്യ - പൗരസ്ത്യ സഭകള്‍ ആഘോഷിച്ചു വരുന്നത്, ജൂണ്‍ 29ന്. റോമില്‍ നാല് പേപ്പല്‍ ബസിലിക്കകളാണുള്ളത്. ഇവയില്‍ പത്രോസിന്‍റെയും പൗലോസിന്‍റെയും ബസിലിക്കകളുടെ പ്രതിഷ്ഠാതിരുനാളുകള്‍ ഒരു മിച്ച് നവംബര്‍ പതിനെട്ടിനാണ് ആഘോഷിക്കപ്പെടുന്നത്. ഈ രണ്ട് മഹാഅപ്പസ്തോലന്മാരെ ക്കുറിച്ച് ചിന്തിക്കുമ്പോഴൊക്കെയും അവര്‍ തമ്മിലുള്ള വൈജാത്യങ്ങളായിരുന്നു മനസ്സിലേക്ക് ഓടിയെത്തിക്കൊണ്ടിരുന്നത്. അവര്‍ തമ്മില്‍ തുല്യ അളവില്‍ സമാനതകളും ഉണ്ടെന്നത് ഈയ്യിടെയാണ് മനസ്സിലായത്.
ഒരേ കാലഘട്ടത്തില്‍ ജീവിച്ച്, ക്രിസ്തുവിനെ പ്രഘോഷിച്ചവരായിരുന്നു അവരിരുവരും. യേശുവിന്‍റെ അത്ഭുതകരമായ ഇടപെടലിലൂടെയാണ് രണ്ടുപേരും ശിഷ്യത്വത്തിലേക്ക് കടന്നുവന്നത് (ലൂക്ക 8:10; അപ്പ.പ്ര. 9:1-16). രണ്ടുപേര്‍ക്കും ഉത്ഥിതനായ ക്രിസ്തുവിന്‍റെ ദര്‍ശനം സിദ്ധിച്ചിട്ടുണ്ട് (ലൂക്ക 24:34; 1കോറി. 15:5; 1കോറി. 15:8; അപ്പ. പ്ര. 9:1-6). ക്രിസ്തുവിനെ പ്രഘോഷിച്ചതിന്‍റെ പേരില്‍ അവരിരുവരും പലതവണ അറസ്റ്റ് ചെയ്യപ്പെടുകയും കാരാഗൃഹത്തിലടയ്ക്കപ്പെടുകയും ചെയ്തിട്ടുണ്ട്. രണ്ടുപേരും ഓരോ തവണ കാരാഗൃഹത്തില്‍നിന്ന് ദൈവികമായ ഇടപെടലിനാല്‍ അത്ഭുതകരമായി വിമോചിതരായിട്ടുണ്ട് (അപ്പ. പ്ര. 12: 5-10; 16: 25-26). രണ്ടു പേരും ജന്മനാ മുടന്തനായവനെ സൗഖ്യപ്പെടുത്തിയിട്ടുണ്ട് (അപ്പ.പ്ര. 3: 2-8; 14: 8-10). പ്രസ്തുത സൗഖ്യത്തിന്‍റെ പേരില്‍ രണ്ടുപേരും കഷ്ടത അനുഭവിച്ചിട്ടുണ്ട് (അപ്പ.പ്ര. 4: 1-3; 14: 11-19); അതിന്‍റെ പേരില്‍ നിരവധിപേര്‍ വിശ്വാസം സ്വീകരിക്കാനും ഇടയായിട്ടുണ്ട് (അപ്പ. പ്ര. 4:4; 20:23). പത്രോസിനും പൗലോസിനും അവരവരുടെ ശുശ്രൂഷക്കിടയില്‍ ഓരോ മന്ത്രവാദികളെ നേരിടേണ്ടി വന്നിട്ടുണ്ട്. രണ്ടുപേരുടെയും അവരോടുള്ള പ്രതികരണം തീക്ഷ്ണവും ശക്തവും ആയിരുന്നിട്ടുണ്ട് (അപ്പ. പ്ര. 8:9; 18-23; 13: 6-11). സഭയുടെ ആദ്യത്തെ കൗണ്‍സില്‍/സൂനഹദോസ് ക്രി.വ. 49-ല്‍ ജറൂസലേമില്‍ സമ്മേളിച്ചപ്പോള്‍ രണ്ടുപേരും അതില്‍ സന്നിഹിത രായിരുന്നു. വിശ്വാസികള്‍ ആദ്യമായി ക്രിസ്ത്യാനികള്‍ എന്നു വിളിക്കപ്പെട്ട അന്ത്യോഖ്യയില്‍ ഇരുവരും ശുശ്രൂഷ ചെയ്തിട്ടുണ്ട്. വിജാതീയരോട് സുവിശേഷം പ്രസംഗിക്കാന്‍ ഉത്തേജനം നല്കുന്ന ദര്‍ശനങ്ങള്‍ രണ്ടു പേര്‍ക്കും ഉണ്ടായിട്ടുണ്ട് (അപ്പ. പ്ര. 10: 1-22; 16: 6-10). രണ്ടുപേരും മരിച്ചയാളെ ഉയിര്‍പ്പിച്ചിട്ടുണ്ട് (അപ്പ. പ്ര. 9: 36-43; 20: 6-12). രണ്ടു പേരും പുതിയ നിയമ ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ട്. തങ്ങള്‍ രക്തസാക്ഷിത്വം വരിക്കേണ്ടി വരുമെന്ന് രണ്ടു പേര്‍ക്കും നേരത്തേ അറിവുണ്ടായിരുന്നു (2പത്രോ. 1:14; 2തിമോ. 4:6). ഒരേ ചക്രവര്‍ത്തിയുടെ (നീറോ) കല്പനപ്രകാരം ഒരേ കാലഘട്ടത്തില്‍ (ക്രി.വ. 64), ഒരേ നഗരത്തിലാണ് (റോം) ഇരുവരും വധിക്കപ്പെട്ടത്. രണ്ടുപേരും ആദിമസഭയില്‍ സമാദരണീയരായിരുന്നു. കോണ്‍സ്റ്റന്‍റൈന്‍ ചക്രവര്‍ത്തി ക്രി.വ. 313-ല്‍ ക്രിസ്തുമാര്‍ഗ്ഗത്തെ റോമാസാമ്രാജ്യത്തിന്‍റെ ഔദ്യോഗിക മതമായി പ്രഖ്യാപിച്ച ശേഷം ആദ്യമായി പണിത രണ്ടു ദേവാലയങ്ങളില്‍ ഒന്ന് പത്രോസിന്‍റെ കബറിടത്തിനു മുകളിലും അടുത്തത് പൗലോസിന്‍റെ കബറിടത്തിങ്കലുമായിരുന്നു.
തീര്‍ച്ചയായും പത്രോസും പൗലോസും ക്രിസ്തുവില്‍ വിശ്വസിക്കുകയും അവനെ പ്രഘോ ഷിക്കുകയും വിശ്വാസമാര്‍ഗ്ഗത്തിന്‍റെ ഉള്ളടക്കത്തില്‍ വരാവുന്ന വ്യതിചലനങ്ങളെക്കുറിച്ച് ആകുലരാകുകയും പൊതുസമൂഹത്തോടും തങ്ങളില്‍ത്തങ്ങളിലുമുള്ള ഉത്തരവാദിത്തങ്ങളെക്കുറിച്ച് അവബോധപ്പെടുത്തുകയും വൈവാഹിക ജീവിതത്തിന്‍റെ പവിത്രതയെക്കുറിച്ച് ഓര്‍മ്മിപ്പിക്കുകയും ക്രിസ്തുവിനെപ്രതി സഹനങ്ങള്‍ ഏറ്റെടുക്കേ ണ്ടതിനെക്കുറിച്ച് താല്പര്യപ്പെടുകയും ദൈവനിവേശിതമാണ് ദൈവവചനം എന്നെഴുതുകയും ക്രിസ്തുവിന്‍റെ രണ്ടാം വരവിനായി കാത്തിരിക്കുകയും ചെയ്തു.
പത്രോസും പൗലോസും തമ്മില്‍ ഇത്രയധികം സമാനതകളും സാധര്‍മ്മ്യങ്ങളും ഉണ്ടായിരുന്നെങ്കിലും അവര്‍ക്കു തമ്മില്‍ വ്യക്തിത്വത്തിലും നില പാടുകളിലും പ്രബോധനങ്ങളിലും വ്യത്യാസങ്ങളുമുണ്ടായിരുന്നു.
പത്രോസ് യേശുവിന്‍റെ പരസ്യജീവിതത്തിന്‍റെ ഏതാണ്ട് ആദ്യം മുതലേതന്നെ യേശുവിനോടൊപ്പം നടക്കുകയും അവിടത്തെ പ്രബോധനങ്ങള്‍ കേള്‍ക്കുകയും എല്ലാ പ്രധാന അത്ഭുതങ്ങള്‍ക്കും സാക്ഷിയാവുകയും ചെയ്തയാളാണ്. പൗലോസ് മിക്കവാറും യേശുവിനെ ശരീരത്തില്‍ കണ്ടിട്ടു പോലുമുണ്ടാവില്ല. പത്രോസിന് എഴുതാനും വായി ക്കാനും അറിയുമായിരുന്നോ എന്ന് സംശയമാണ് (ലേഖനങ്ങള്‍ പറഞ്ഞു കൊടുക്കുന്നത് കേട്ടെഴുതിച്ചാലും മതിയാകും). അരമായിക്ക്, അതും ഗാലിലേയന്‍ ഉച്ചാരണത്തോടെ പറയാനേ പത്രോസിന് കഴിയുമായിരുന്നുള്ളൂ. എന്നാല്‍, പൗലോസിനാകട്ടെ, ബിബ്ലിക്കല്‍ ഹീബ്രുവും അരമായിക്കും ഗ്രീക്കും പറയാനും വായിക്കാനും എഴുതാനും കഴിഞ്ഞിരുന്നു. പത്രോസിന് വേദപരിജ്ഞാനം ഉണ്ടായിരുന്നിരിക്കാന്‍ സാധ്യതയില്ല. പൗലോസാകട്ടെ അന്നത്തെ ഏറ്റവും ആദരണീയനായ ഗമാലിയേല്‍ എന്ന പണ്ഡിതഗുരുവിനു കീഴില്‍ വേദപഠനം പൂര്‍ത്തിയാക്കിയ ആളായിരുന്നു. മീന്‍പിടുത്തക്കാരനായിരുന്നു പത്രോസ്. കൂടാരനിര്‍മ്മാണക്കാരനായിരുന്നു പൗലോസ്. വിവാഹിതനായിരുന്നു പത്രോസ്. ഏകസ്ഥനായിരുന്നു പൗലോസ്. അപ്പസ്തോലന്മാരില്‍ പത്രോസിനായിരുന്നു ഉത്ഥിതനായ യേശു ആദ്യം പ്രത്യക്ഷപ്പെട്ടതെങ്കില്‍, ഏറ്റവും അവസാനം യേശു പ്രത്യക്ഷപ്പെട്ടത് പൗലോസിനായിരുന്നു. പത്രോസ് എടുത്തുചാട്ടക്കാരനും ഋജുബുദ്ധിയും ഒറ്റപ്പെട്ടു പോകുന്നത് ഭയമുള്ളയാളുമായിരുന്നു. പൗലോസ് സുചിന്തിതനും കുശാഗ്രബുദ്ധിയും ഒറ്റയാനാകാന്‍ ഭയമില്ലാത്ത വനും ആയിരുന്നു. പത്രോസ് സാമാന്യം കിളരമു ള്ളവനായിരുന്നു; പൗലോസാകട്ടെ കിളരം കുറഞ്ഞയാളായിരുന്നു. പത്രോസ് എഴുത്തുകാരന്‍ എന്നതിനെക്കാള്‍ പ്രസംഗകനായിരുന്നു. പൗലോസാകട്ടെ, പ്രസംഗകന്‍ എന്നതിനെക്കാള്‍ എഴുത്തുകാരനായിരുന്നു. പന്തക്കുസ്താക്ക് മുമ്പും പിമ്പും പത്രോസ് യഹൂദനിയമങ്ങളുടെ അനുഷ്ഠാനകാര്യത്തില്‍ ഒത്തിരിയേറെ കാര്‍ക്കശ്യം പുലര്‍ത്താത്തയാളായിരുന്നു. എന്നാല്‍, പൗലോസ് യേശു അവനെ വിളിക്കുന്നിടം വരെ നിയമാനുഷ്ഠാനങ്ങളില്‍ കാര്‍ക്കശ്യമുള്ളയാളായിരുന്നു. ഇന്നത്തെ തുര്‍ക്കിയുടെ ഭാഗമായ താര്‍സുസില്‍ ജനിച്ച പൗലോസ് പല നാടുകള്‍ കണ്ടയാളും റോമന്‍ പൗരത്വംകൂടി ഉള്ള ആളുമായിരുന്നു. പത്രോസാകട്ടെ, യഹൂദനെന്നു പോലും മുഴുവന്‍ പറയാനോ ഇസ്രായേലില്‍ പോലും മുഴുവന്‍ യാത്ര ചെയ്തിട്ടോ ഇല്ലാത്തവനായിരുന്നു.
ബാഹ്യവും വ്യക്തിപരവുമായ ഇത്തരം വ്യതിരിക്തതകള്‍ക്കു പുറമേ, പത്രോസിന്‍റെയും പൗലോസിന്‍റെയും പ്രഘോഷണങ്ങളുടെ ആഭിമുഖ്യത്തിലും ഉള്ളടക്കത്തിലും ചില്ലറ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു. തന്‍റെ ശുശ്രൂഷയുടെ ഏതാണ്ട് ആരംഭത്തില്‍ത്തന്നെ കര്‍ത്താവ് പത്രോസിന് ഒരു ദര്‍ശനം നല്കുന്നുണ്ട്. യഹൂദമതത്തിന് വെളിയില്‍ ചിന്തിക്കാനായിരുന്നു ആഹ്വാനം. പത്രോസിന് കാര്യം മനസ്സിലാവണമെങ്കില്‍ മൂന്നു പ്രാവശ്യം ആവര്‍ത്തിക്കണം എന്നുള്ളതറിയാവുന്ന കര്‍ത്താവ് ഒരേ ദര്‍ശനവും ഒരേ ആഹ്വാനവും മൂന്നുതവണ ആവര്‍ത്തിക്കുന്നുണ്ട്. എന്നിട്ടും വിജാതീയനായ കോര്‍ണേലിയൂസിന്‍റെ വീട്ടില്‍ പോയി, ആതിഥ്യം സ്വീകരിച്ച്, പ്രസംഗിച്ച്, മാമോദീസ നല്കിയതല്ലാതെ, തന്‍റെ യഹൂദ പാരമ്പര്യത്തിന് വെളിയില്‍ കടക്കാന്‍ പത്രോസിന് കഴിഞ്ഞിരുന്നില്ല. എല്ലാക്കാലത്തുമുള്ള മതാനുഷ്ഠാന കാര്യങ്ങളിലെ ഒരു ശരാ ശരിക്കാരനെപ്പോലെ അദ്ദേഹത്തിന്‍റെ ചിന്തകളും ഉപമകളും വാക്കുകളും യഹൂദത്വത്തിന് വെളിയിലിറങ്ങാന്‍ വിസമ്മതിച്ചു. എന്നാല്‍ പൗലോസാകട്ടെ, മറുപുറം വെളിപ്പെട്ടുകിട്ടിക്കഴിഞ്ഞപ്പോള്‍ എല്ലാക്കാലത്തുമുള്ള തീക്ഷ്ണമതികളെപ്പോലെ സമ്പൂര്‍ ണ്ണമായി പഴയത് ഉപേക്ഷിക്കുകയും പുതിയ വിശ്വാസത്തെക്കുറിച്ച് തീക്ഷ്ണത കാട്ടുകയും ചെയ്തു. അങ്ങനെ, പൗലോസ് മിക്കവാറും യഹൂദത്വവും ആ മതത്തിന്‍റെ പരികല്പനകളും പരമാവധി ഉപേക്ഷിച്ചു. അതുകൊണ്ടുതന്നെ, പൗലോസിന് വിജാതീയരോട് സംവദിക്കാനും അവര്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ സംസാരിക്കാനും കഴിഞ്ഞു. ഇക്കാരണത്താലാണ് പൗലോസിന് യഹൂദര്‍ക്കിടയില്‍ ഏറെ നേട്ടമുണ്ടാകാതെ പോയതും വിജാതീയര്‍ക്കിടയില്‍ ഏറെ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞതും.
പത്രോസിന്‍റെയും ഇതര അപ്പസ്തോലന്മാരുടെയും പ്രഭാഷണങ്ങളിലും എഴുത്തുകളിലും യഹൂദ ചിന്തകളും പരികല്പനകളും കാറ്റഗറികളുമാണ് മുഴച്ചു നില്ക്കുന്നത്. ആദ്യമേ നിയമം പാലിച്ച്, പരിഛേദനം സ്വീകരിച്ച് യഹൂദനായെങ്കിലേ മാമോദീസ സ്വീകരിച്ച് ക്രിസ്തുവിശ്വാസി ആകാനാവൂ എന്നവര്‍ മിക്കവാറും വിശ്വസിച്ചു (അപ്പ.പ്ര. 1:8; 5:11). ദാവീദിന്‍റെ സിംഹാസനത്തില്‍ ഭരണം നടത്തുന്ന ക്രിസ്തു, രാജകീയ പൗരോഹിത്യം, മിശിഹാ ഇസ്രായേലിന്‍റെ രാജാവ്, ഉടമ്പടിയുടെ ശുശ്രൂഷകന്‍, ക്രിസ്തു പ്രധാന പുരോഹി തന്‍, പന്ത്രണ്ട് ഗോത്രങ്ങള്‍, പന്ത്രണ്ട് സിംഹാസനങ്ങള്‍, ഏകബലി, നിത്യബലി എന്നിങ്ങനെയുള്ള പൗലോസ് ഒഴിവാക്കുന്ന ഒട്ടനവധി പ്രയോഗങ്ങള്‍ സുവിശേഷങ്ങളിലും ഇതര ഗ്രന്ഥങ്ങളിലും സുലഭമായി കാണാം. യഹൂദര്‍ക്കിടയില്‍ പ്രവര്‍ത്തിച്ച പത്രോസും ഇതര അപ്പസ്തോലരും നല്കുന്ന ഊന്നലുകളില്‍നിന്ന് പൗലോസിന്‍റെ ഊന്നലുകള്‍ വ്യത്യസ്തമാണ്. ക്രിസ്തു ഇസ്രായേലിന്‍റെ രാജാവാണ് എന്ന മതരാഷ്ട്രീയ പരികല്പനയല്ല, 'നമ്മെ', 'നമ്മുടെ' എന്ന സമാശ്ലേഷിയായ പരികല്പനയാകും പൗലോസ് ഉപയോഗിക്കുക (കൊളോ. 1:13,18). പത്രോസ് ക്രിസ്തുവിന്‍റെ മരണത്തിന് യഹൂദ നേതൃത്വത്തെയും ജനതയെയും കുറ്റപ്പെടുത്തുമ്പോള്‍, പൗലോസ് എല്ലാം ദൈവപിതാവിന്‍റെ പ്രവൃത്തിയായാണ് ദര്‍ശിക്കുക (റോമ. 3:25; 8:32). ദൈവരാജ്യത്തിന്‍റെ ഭൗമികമായ ആരംഭത്തെ ക്കുറിച്ച് എന്നതിനെക്കാള്‍ സ്വര്‍ഗ്ഗീയ ജീവിതത്തെ ക്കുറിച്ചാണ് പൗലോസിന്‍റെ ഊന്നല്‍ എന്നു തോന്നും (എഫേ. 1: 20-23; 2: 6-7; കൊളോ. 3: 1,2). 'ആദിമുതല്‍ തന്‍റെ വിശുദ്ധ പ്രവാചകന്മാര്‍ വഴി ദൈവം അരുളിച്ചെയ്ത'തിനെക്കുറിച്ച് പത്രോസ് പറയുമ്പോള്‍ (അപ്പ.പ്ര. 3: 21), 'യുഗയുഗാന്തരങ്ങളായി നിഗൂഢമായിരുന്ന രഹസ്യ'ത്തെ ക്കുറിച്ചും (റോമ. 16: 26); 'യുഗങ്ങളുടെയും തല മുറകളുടെയും ആരംഭം മുതല്‍ മറച്ചുവയ്ക്കപ്പെട്ടിരുന്ന രഹസ്യ'ത്തെക്കുറിച്ചും (കൊളോ. 1:26) പറയുകയും 'വെളിപാടുവഴിയാണ് രഹസ്യം എനിക്ക് അറിവായത്' (എഫേ. 3:3) എന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്യും.
എല്ലാക്കാലത്തും എന്ന പോലെ ആചാരങ്ങളെക്കുറിച്ച് തീവ്രനിലപാടുള്ളവര്‍ ആചാരപാലന ങ്ങളില്‍ കാര്‍ക്കശ്യം പാലിക്കാത്തവരെന്നു തോന്നുന്ന ദിക്കുകളിലേക്ക് ചാരപ്പണിയുമായി പോകും. യേശുവിന്‍റെ പ്രവര്‍ത്തന മേഖലകളിലെല്ലാം ഇക്കൂട്ടരുടെ സാന്നിധ്യം ഉണ്ടായിരുന്നു. ജറൂസലേമില്‍ നിന്നുവന്ന ഇക്കൂട്ടര്‍ അന്ത്യോഖ്യയിലെത്തി അവിടെ കലക്കലുണ്ടാക്കി. അപ്പോഴാണ് അവിടത്തെ പ്രാദേശിക സഭ സമ്മേളിച്ച് പൗലോസിനെയും ബര്‍ണബാസിനെയും തീത്തോസിനെയും മറ്റേതാനും പേരെയും കൂടി ജറൂസലേമിലേക്ക് അയയ്ക്കുന്നത്. അങ്ങനെയാണ് അപ്പസ്തോല പ്രവര്‍ത്തന പുസ്തകത്തില്‍, കൗണ്‍സില്‍ /സൂനഹദോസ് എന്നു പറയുന്നതും ഗലാത്തിയ ലേഖനത്തില്‍ പൗലോസ് രഹസ്യമായകൂടി ക്കാഴ്ച എന്നു പറയുന്നതുമായ സമാഗമം നടക്കുന്നത് (തീര്‍ച്ചയായും രഹസ്യ സ്വഭാവം ഉണ്ടായിരുന്നിരിക്കണം).
എ.ഡി. 48 അഥവാ 49-ല്‍ ആയിരുന്നു അത്. കര്‍ത്താവിന്‍റെ കസിന്‍ സഹോദരന്‍ യാക്കോബാണ് ജറൂസലേം സഭയിലെ മുഖ്യന്‍. പിന്നെ, പത്രോസ്, യോഹന്നാന്‍. പിന്നെയുള്ളത് ശ്രേഷ്ഠന്മാരാണ്. അവരില്‍ മിക്കവരും യഹൂദമതത്തിലെ ഫരിസേയരില്‍ നിന്ന് യേശു - ക്രിസ്തുവായിരുന്നു എന്ന് വിശ്വസിച്ച്, മാമ്മോദീസ സ്വീകരിച്ച് യേശുമാര്‍ഗ്ഗ ത്തിലേക്ക് വന്നവരായിരുന്നു. അതിനാല്‍, ഫരിസേയരുടെ മതതീവ്രതയത്രയും അവരിലുണ്ടായിരുന്നു. യഹൂദനിയമാനുഷ്ഠാനങ്ങളുടെ അവിഭാജ്യതയെക്കുറിച്ച് സമ്മേളനത്തില്‍ സാമാന്യം നല്ല ഭിന്നതയുണ്ടായി. സ്വാഭാവികമായും പൗലോസും ബര്‍ണ ബാസും തീത്തോസും യഹൂദ നിയമസംഹിതയുടെ ആചാരാനുഷ്ഠാനങ്ങള്‍ പാലിക്കാന്‍ വിജാതീയരെ നിര്‍ബന്ധിക്കേണ്ടതില്ല എന്ന് വാദിച്ചു. കാരണം, യേശുക്രിസ്തുവിലുള്ള വിശ്വാസത്താലാണ് ഒരാള്‍ രക്ഷപ്രാപിക്കുന്നത്. യോഹന്നാനും അവരെ പിന്താങ്ങിയിരിക്കണം. എന്നാല്‍, മറുപക്ഷം വിട്ടു കൊടുക്കുന്നില്ല. അവരെ സംബന്ധിച്ചിടത്തോളം, യേശുവും അപ്പസ്തോലന്മാരും അവരും എല്ലാം യഹൂദര്‍ തന്നെ. മറ്റു യഹൂദരില്‍ നിന്ന് അവരെ വ്യത്യസ്തരാക്കുന്നത് യേശുവിനെ ക്രിസ്തു എന്ന് അംഗീകരിക്കല്‍ മാത്രം. അതിനാല്‍, ഒരാള്‍ ആദ്യം ചെയ്യേണ്ടത് യഹൂദനാവുകയെന്നതാണ്. വാദപ്രതി വാദം രൂക്ഷമായപ്പോള്‍ ഇടപെടുന്നത് പത്രോസ് ആണ്. തനിക്കുണ്ടായ ദര്‍ശനത്തിന്‍റെ കൂടി വെളിച്ചത്തില്‍, 'നമുക്കുപോലും വഹിക്കാന്‍ കഴിയാത്ത ആചാരാനുഷ്ഠാനങ്ങളുടെ നുകം വിജാതീയരുടെ മേല്‍ കെട്ടിവെക്കേണ്ടതില്ല' എന്ന് പത്രോസ് പറഞ്ഞു. അതോടെയാണ് യഹൂദ വാദികളായ ശ്രേഷ്ഠന്മാര്‍ ഒന്നു തണുത്തത്. യോഗാധ്യക്ഷനായ യാക്കോബ് ഏതാണ്ട് ഒരു സമുദായവാദിയായിരുന്നു എന്നാണ് പിന്നീട് നാം മനസ്സിലാക്കുന്നത്. അവിടെ പൗലോസിന്‍റെ നിലപാടിനെ അനുകൂലിച്ച് വാദിച്ച പത്രോസാണ് അതിനൊക്കെ ഒത്തിരിശേഷം അന്ത്യോഖ്യയില്‍ വച്ച് ഒറ്റപ്പെടുത്തപ്പെടല്‍ ഭയന്ന് പിന്നാക്കം മാറുന്നത്. 'യാക്കോബിന്‍റെ അടുത്തു നിന്ന് ചിലര്‍ വരുന്നതുവരെ വിജാതീയരോടൊപ്പ മിരുന്ന് ഭക്ഷണം കഴിച്ചിരുന്ന' പത്രോസ് പരിഛേ ദിതരെ ഭയന്ന് പിന്മാറിക്കളയുന്നു. അവനോടൊപ്പം മറ്റു കുറേപ്പേരും. 'അവരുടെ പെരുമാറ്റം സുവിശേഷ സത്യവുമായി പൊരുത്തപ്പെടുന്നില്ലെന്നു കണ്ടപ്പോള്‍ എല്ലാവരുടെയും മുമ്പില്‍ വച്ച്' പൗലോസ് പത്രോസിനെ ചോദ്യം ചെയ്യുന്നു (ഗലാ. 2: 11-14). 'എന്നെ തിരുത്താന്‍ നിന്നെ ആരാണ് ഭരമേ ല്പിച്ചത്?' എന്ന് പത്രോസു തിരിച്ചു ചോദിച്ചില്ല. അതായിരുന്നു പത്രോസും പൗലോസും.
പത്രോസും പൗലോസും ഒരേ നാണയത്തിന്‍റെ രണ്ട് വശങ്ങളാണ്. രണ്ടു പേരും ചേരുമ്പോഴാണ് ക്രൈസ്തവ ദര്‍ശനത്തിന് പൂര്‍ണ്ണത വരിക. യേശു തന്നെയും യഹൂദനായി ജനിച്ചവനും ജീവിച്ചവനുമായതിനാല്‍ യഹൂദപാരമ്പര്യങ്ങളെ അപ്പാടെ തള്ളിക്കളഞ്ഞുകൊണ്ട് ക്രൈസ്തവ ദര്‍ശനം പൂര്‍ണ്ണമാക്കുക ദുഷ്ക്കരമാണ്. എന്നാല്‍, യഹൂദ രുടെ സാംസ്കാരികമായ അംശങ്ങള്‍ക്കപ്പുറം സഭ സാര്‍വ്വത്രികവും കാതോലികവും ആയിരിക്കുകയും വേണം. പത്രോസിനെ പുറംതള്ളി പൗലോസിനെ മാത്രം എടുക്കുന്ന സമീപനങ്ങള്‍ ഇന്നും നമ്മുടെ മുന്നിലുണ്ട്. ഇന്നും അപ്പസ്തോലിക സമൂഹങ്ങള്‍ക്ക് വെളിയിലുള്ള ചില പെട്ടിക്കട സഭകള്‍ അത്തരം തെറ്റുകള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കു ന്നുണ്ട്.
*** *** ***
ടൈബര്‍ നദിയുടെ ഇരുകരകളിലായി ഏകദേശം ഏഴു കിലോമീറ്റര്‍ അകലത്തായി, ഒന്നിനൊന്ന് സമാന്തരമായി, ഓരോ കബറിടങ്ങള്‍ക്ക് മുകളിലായി, വി. പത്രോസിന്‍റെയും വി. പൗലോസിന്‍റെയും ബസിലിക്കകള്‍! അവിടെ രണ്ടിടത്തുമല്ലാതെ, ഏതാണ്ട് ഒരു ത്രികോണത്തിന്‍റെ മൂന്നാം മൂലയെന്നോണം സ്ഥിതി ചെയ്യുന്ന സെന്‍റ് ജോണ്‍ ലാറ്ററന്‍ ആര്‍ച്ച് ബസിലിക്കയില്‍ രണ്ടുപേരുടെയും തലയോടുകള്‍ സൂക്ഷിച്ചിരിക്കുന്നു. പേരില്‍ 'യോഹന്നാന്‍' എന്നാണെങ്കിലും രക്ഷകനായ ക്രിസ്തുവിന് സമര്‍പ്പിതമാണ് ഈ ബസിലിക്ക. ക്രിസ്തുവിന് സമര്‍പ്പിതമായ ബസിലിക്കയോട് അടുത്തായി, പരി. മാതാവ്: സെന്‍റ് മേരി മേജര്‍ ബസിലിക്ക. (മറിയം, യോഹന്നാന്‍, പത്രോസ്, പൗലോസ് - റോമിലെ നാല് പേപ്പല്‍ ബസിലിക്കകള്‍!).
അഞ്ചു വര്‍ഷത്തിലൊരിക്കല്‍ കത്തോലിക്കാ സഭയുടെ ലോകത്തിലെ എല്ലാ രൂപതകളുടെയും ഇടയന്മാര്‍ റോമിലേക്ക്, വാതില്‍പ്പടിയിലേക്ക് എന്നര്‍ത്ഥം വരുന്ന 'ആദ് ലിമിന' - തീര്‍ത്ഥാടനം നടത്തുന്നു. പത്രോസിന്‍റെയും പൗലോസിന്‍റെയും കബറിടങ്ങള്‍ ചേരുന്നതാണ് ആ 'വാതില്‍പ്പടി.' വിശ്വാസത്തിന്‍റെ ദീപ്ത സ്തംഭങ്ങളായ പത്രോസിന്‍റെയും പൗലോസിന്‍റെയും കബറിടങ്ങളില്‍ അവര്‍ മുട്ടുകുത്തി ശിരസ്സ് ചേര്‍ക്കുന്നു. നമ്മുടെ കര്‍ത്താ വിന്‍റെയും പരി. അമ്മയുടെയും പത്രോസിന്‍റെയും പൗലോസിന്‍റെയും ആയ നാലു ബസിലിക്കകളിലും ചെന്ന് ദിവ്യബലിയര്‍പ്പിക്കുന്നു. നിലവിലെ മാര്‍പ്പാപ്പയെ സന്ദര്‍ശിച്ച് രൂപതയിലെ സ്ഥിതിഗതികള്‍ പങ്കു വയ്ക്കുകയും ചെയ്യുന്നു. ഇന്നും തുടരുന്ന പാരമ്പര്യങ്ങള്‍! വൃഥാവിലാവരുതാത്തതാണ് ഈ പാരമ്പര്യം.