news-details
കവർ സ്റ്റോറി

തിരുഹൃദയത്തിന്‍റെ ആഭരണങ്ങള്‍

ജൂണ്‍, ഈശോയുടെ തിരുഹൃദയത്തിന്  പ്രത്യേകമായി സമര്‍പ്പിക്കപ്പെട്ട മാസം. പതിനേഴാം നൂറ്റാണ്ടിന്‍റെ അവസാനത്തിലാണ് ഫ്രാന്‍സിലെ ബര്‍ഗുണ്ടി പ്രവിശ്യയിലെ ഒരു കൊച്ചുഗ്രാമത്തില്‍ വിസിറ്റേഷന്‍ സന്യാസ സമൂഹത്തിലെ അംഗമായിരുന്ന മാര്‍ഗരറ്റ് മേരി അലക്കോക് എന്ന സന്യാസിനിക്ക് ഈശോ  പ്രത്യക്ഷപ്പെടുന്നത്. തന്‍റെ ഹൃദയത്തിലെ മുറിവിന്‍റെ ആഴം ആ വിശുദ്ധക്ക് കാണിച്ചു കൊടുത്ത ഈശോ ലോകം മുഴുവനും വേണ്ടി പ്രാര്‍ത്ഥിക്കുവാനും തിരുഹൃദയ ഭക്തി  പ്രചരിപ്പിക്കാനും  നിര്‍ദ്ദേശിച്ചു.

വി. മര്‍ഗരീത്തക്കു പ്രത്യക്ഷപ്പെട്ട ഈശോയുടെ തിരുഹൃദയത്തില്‍ നാല് സവിശേഷതകള്‍ നമുക്കു കാണാന്‍ കഴിയും. അവിടുത്തെ ഹൃദയത്തിന് അലങ്കാരമാകും വിധം അണിയിച്ചിരിക്കുന്ന ഈ ആഭരണങ്ങള്‍ ഏതെന്നും അവയുടെ പ്രത്യേകതകള്‍ എന്തെന്നും നമുക്കൊന്ന് പരിശോധിക്കാം.

1. ആഴത്തിലുള്ള മുറിവ്
ഈശോയുടെ തിരുഹൃദയത്തിന്‍റെ ഏറ്റവും പ്രധാന സവിശേഷത അതിലെ ആഴമേറിയ മുറിവ് തന്നെയാണ്. മാനവകുലത്തോടുള്ള ഈശോയുടെ സ്നേഹത്തിന്‍റെ പ്രതീകമാണ് അവിടുത്തെ ഹൃദയത്തിലെ മുറിവ്. സ്നേഹിച്ചവരെല്ലാം ഏതെങ്കിലും തരത്തില്‍ മുറിവേറ്റവര്‍ ആയിരിക്കും. മുറിവുകള്‍ ഏറ്റെടുക്കേണ്ടി വരുമ്പോഴാണ് സ്നേഹം കൂടുതല്‍ അര്‍ത്ഥപൂര്‍ണമാകുന്നത്.

ഓസ്കാര്‍ വൈല്‍ഡിന്‍റെ വളരെ പ്രസിദ്ധമായ ഒരു കഥയാണ് 'വാനമ്പാടിയും റോസാപ്പൂവും.' തന്‍റെ സ്നേഹിതയോട് പ്രണയം വെളിപ്പെടുത്തിയ  ചെറുപ്പക്കാരനോട് അവള്‍ ആവശ്യപ്പെടുന്നത് ഒരു ചുവന്ന റോസാപുഷ്പമാണ്. അവനാകട്ടെ ആ മഞ്ഞുകാലത്ത് ചുവന്ന റോസാപുഷ്പം കണ്ടെത്തുവാന്‍ ഏറെ വിഷമിക്കുന്നു.  അതിലൂടെ പറന്നു വന്ന ഒരു വാനമ്പാടി അവന്‍റെ സങ്കടം കണ്ടുകൊണ്ട് അതിന്‍റെ കാരണം അന്വേഷിക്കുന്നു. ആ ചെറുപ്പക്കാരനില്‍ നിന്നും വിവരമറിഞ്ഞ ആ വാനമ്പാടി ചുവന്ന റോസാപുഷ്പം തേടി പലയിടത്തും  യാത്രയാകുന്നു. ആ മഞ്ഞു കാലത്ത് എല്ലാ റോസാ പ്പൂക്കള്‍ക്കും വെള്ളനിറം ആണെന്ന് തിരിച്ചറിഞ്ഞ ആ ചെറിയ പക്ഷി ഒരു ഉപായം കണ്ടെത്തുന്നു. ഒരു വെളുത്ത റോസാ പുഷ്പത്തിന്‍റെ അരികിലേക്ക് അതു പറന്നിറങ്ങുന്നു. അതിന്‍റെ മുള്ളുകള്‍ക്കിട യിലേക്ക് ആ പക്ഷി സ്വയം ഞെരിഞ്ഞമരുന്നു.  മുള്ളുകള്‍ കൊണ്ട് വനമ്പാടിയുടെ ശരീരം മുറിയുന്നു. മുറിവില്‍ നിന്നും ചോരയൊലിക്കുന്നു. ആ ചോര ഇറ്റ് വീണു വെളുത്ത റോസാപ്പൂക്കളുടെ ഇതളുകള്‍ ഓരോന്നായി രക്തവര്‍ണ്ണം ആയി മാറുന്നു. ആ ചെറുപ്പക്കാരന്‍ ആകട്ടെ വാനമ്പാടിയുടെ ചോര വീണു ചുവന്ന റോസാപുഷ്പങ്ങള്‍ തന്‍റെ പ്രണയിനിക്കു സമ്മാനിക്കുന്നു. മുള്ളുകള്‍ തന്‍റെ ശരീരത്തിലേക്ക് തുളച്ചുകയറും നേരം വേദന സഹിക്കാന്‍ കഴിയാതെ ആ പക്ഷി ഉറക്കെ പാടുന്നുണ്ട്. അതു കേട്ടു ജീവജാലങ്ങള്‍ ആ പക്ഷിയുടെ അടുത്തു വന്ന് എന്തിനാണ് ഈ ത്യാഗം എന്നു ചോദിക്കു മ്പോള്‍, സ്നേഹമാണ് ജീവനേക്കാള്‍ വലുത് എന്നാണ് ആ വാനമ്പാടിയുടെ മറുപടി. സ്നേഹത്തിന്‍റെ ആഴം വെളിപ്പെടുന്നത് അപരനായി മുറിയ പ്പെടുമ്പോള്‍ മാത്രമാണ് എന്നും.

അതുപോലെ ഈശോയുടെ സ്നേഹത്തിന്‍റെ ആഴം നമ്മള്‍ തിരിച്ചറിയുന്നത് അവിടത്തെ ഹൃദയത്തിന്‍റെ മുറിവുകള്‍ കാണുമ്പോഴാണ്.

ആ മുറിവില്‍ തൊട്ടുകൊണ്ടു അവിടുത്തെ സ്നേഹം മനസ്സിലാക്കിയതുകൊണ്ടാകണം 'എന്‍റെ കര്‍ത്താവേ, എന്‍റെ ദൈവമേ' (യോഹ 20:21) എന്ന് തോമാശ്ലീഹ വലിയവായില്‍ നിലവിളിച്ചതും. കാരണം മുറിവിന്‍റെ ആഴമാണ് സ്നേഹത്തിന്‍റെ വ്യാപ്തി നിര്‍ണ്ണയിക്കുന്നതെന്ന് ആ ക്രിസ്തുശിഷ്യനു നല്ലപോലെ  അറിയാമായിരുന്നു.

2. കുരിശ്

ഈശോയുടെ തിരുഹൃദയത്തിലെ രണ്ടാമത്തെ ആഭരണം  വി. കുരിശാണ്. ഈശോയുടെ ഹൃദയത്തിന് മുകളിലായി കാണുന്ന  ഈ കുരിശ്  അവിടുന്നു നമുക്കുവേണ്ടി സഹിച്ച പീഡകളെ പ്രതിനിധാനം ചെയ്യുന്നു.  ഈശോയുടെ ഹൃദയം സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവിടുന്നു  നല്‍കുന്ന സമ്മാനമാണ് സഹനം. കൂടുതല്‍ സഹിക്കുക എന്നുപറഞ്ഞാല്‍ അതിനര്‍ത്ഥം ഈശോയുമായി കൂടുതല്‍ ഐക്യപ്പെടുക എന്നു തന്നെയാണ്.  അതിന് ഉത്തമ ഉദാഹരണമാണ് ഭാരതത്തിലെ ആദ്യ അല്മായ വിശുദ്ധനായി  ഉയര്‍ത്തപ്പെട്ട  വി. ദേവസഹായം പിള്ളയുടെ ജീവിതം.  മൂന്നു നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ഈശോക്കു വേണ്ടി സഹനത്തിന്‍റെ കൊടുമുടി കയറിയ ഒരു മനുഷ്യന്‍. ആരാലും അറിയപ്പെടാതിരുന്ന അദ്ദേഹം അള്‍ത്താര വണക്കത്തിലേക്ക് ഉയര്‍ത്തപ്പെടുമ്പോള്‍   ഈശോയ്ക്കു വേണ്ടി എടുക്കുന്ന സഹനത്തിന്‍റെ  കുരിശുകള്‍ ഒന്നും വൃഥാവിലാകില്ല എന്നുള്ള സത്യം നമ്മള്‍ തിരിച്ചറിയുന്നു.
കുരിശില്‍ നിന്നുള്ള വഴിമാറി നടക്കല്‍ ഈശോയില്‍ നിന്നുള്ള അകല്‍ച്ച തന്നെയാണ്. അതു കൊണ്ടു തന്നെയാണ് ഈശോ പറയുന്നത് 'ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കു ന്നെങ്കില്‍ സ്വന്തം കുരിശുമെടുത്ത് എന്നെ അനുഗമിക്കട്ടെ' (മത്തായി 16:24) എന്ന്.  ക്രിസ്തു ശിഷ്യന്‍റെ സമ്പാദ്യമാണ് സഹനം. ആ സഹനമാണ് അവന്‍റെ സ്നേഹത്തിന്‍റെ അളവുകോല്‍.

3. അഗ്നി
ഈശോയുടെ ഹൃദയത്തില്‍ സദാ ജ്വലിച്ചു കൊണ്ടിരിക്കുന്ന അഗ്നി അവിടുത്തെ സുകൃതങ്ങ ളുടെയും  ഒപ്പം തീക്ഷ്ണതയുടെയും പ്രതീകമാണ്. മനുഷ്യമക്കളോടുള്ള സ്നേഹത്താല്‍ ജ്വലിക്കുന്നതാണ് തിരുഹൃദയം. സുകൃതങ്ങള്‍ കൈമോശം വന്നുപോയ ഈ കാലഘട്ടത്തില്‍ സകല പുണ്യങ്ങളുടെയും പഠനശാലയായ ഈശോയുടെ ഹൃദയത്തില്‍നിന്ന് ആത്മീയ സുകൃതജപങ്ങള്‍ സ്വന്തമാക്കാനും നമുക്കു പരിശ്രമിക്കാം. ഒപ്പം ഫ്രാന്‍സിസ് മാര്‍പ്പാപ്പ പറയുന്നുണ്ട് "നിസ്സംഗതയാണ് ഇന്നത്തെ കാലഘട്ടത്തിലെ ഏറ്റവും വലിയ തിന്മ" എന്ന്.  അത്തരം ഒരു തിന്മക്കു വശംവദരാകാതെ വി. പൗലോസ് അപ്പസ്തോലന്‍ പറയുന്നപോലെ തീക്ഷ്ണതയില്‍ മാന്ദ്യം കൂടാതെ ആത്മാവില്‍ ജ്വലിക്കുന്നവരാകാനും (റോമാ 12:11) നഷ്ടപ്പെട്ടു പോയിക്കൊണ്ടിരിക്കുന്ന ക്രൈസ്തവ സുകൃതങ്ങളെ വീണ്ടെടുക്കാനും ഈ ഹൃദയം വലിയ പ്രചോദനം ആണ്.

4. മുള്‍ക്കിരീടം

തിരുഹൃദയത്തിലെ അവസാന ആഭരണം മുള്‍ക്കിരീടമാണ്. കിരീടം രാജത്വത്തിന്‍റെ പ്രതീക മാണ്. പക്ഷേ ഈശോ അണിഞ്ഞ മുള്‍ക്കിരീടമാകട്ടെ അവിടുന്നു അനുഭവിച്ച അപമാനത്തി ന്‍റെയും പരിഹാസത്തിന്‍റെയും  പ്രതീകമാണ്. ശിരസ്സില്‍ മുള്‍മുടി അണിഞ്ഞുകൊണ്ട് മറ്റുള്ളവരുടെ മുന്നില്‍ അപമാനപാത്രമായി നില്‍ക്കുന്ന ഈശോ ജീവിതത്തില്‍ അപമാനഭാരം പേറി  അപരനു മുന്നില്‍ ശിരസുകുനിച്ചു നില്‍ക്കേണ്ടി വരുന്ന ഏതൊരാള്‍ക്കും  ഒരാശ്വാസവും ധൈര്യവുമാണ് പ്രദാനം ചെയ്യുന്നത്.  ഒപ്പം മറ്റൊരാളെ അപമാനിക്കാതെ ജീവിക്കുക എന്നത് ഇന്നത്തെ കാലത്തിന്‍റെ വലിയ പുണ്യമാണ്. വിശ്വാസത്തെ പ്രതി അപമാനം ഏറ്റെടുക്കാനും അപമാനിക്കപ്പെടുന്നവരോട് ചേര്‍ന്നു നില്‍ക്കാനും ഈ ഹൃദയം നമ്മെ പഠിപ്പി ക്കുന്നുണ്ട്.

'ആടുജീവിതം' എന്ന തന്‍റെ നോവലില്‍ ബെന്യാമിന്‍ പറയുന്നപോലെ നമ്മുടെ സങ്കടങ്ങള്‍ കുറയ്ക്കാനുള്ള ഒരു എളുപ്പ മാര്‍ഗം നമ്മുടേതിനെക്കാള്‍ സങ്കടപ്പെടുന്നവരുടെ കഥകള്‍ കേള്‍ക്കുകയും അനുഭവങ്ങള്‍ അറിയുകയും ചെയ്യുക എന്നതാണ്. ആ അര്‍ത്ഥത്തില്‍ ഈശോയുടെ തിരുഹൃദയത്തെയും അതിലെ സവിശേഷതകളെയും കുറിച്ച് അറിയുന്നതും ധ്യാനിക്കുന്നതും നമ്മുടെ വിഷമതകളെ കുറയ്ക്കും എന്നതില്‍ സംശയമില്ല. മാത്രമല്ല അവിടുത്തെ ഹൃദയം സ്വന്തമാക്കാനും അതില്‍ വിളങ്ങി നില്‍ക്കുന്ന സുകൃതങ്ങള്‍ അഭ്യസിക്കാനും നമുക്ക് സാധിക്കണം. അതുകൊണ്ടു എസക്കിയേല്‍ പ്രവാചകന്‍റെ വാക്കുകള്‍ പോലെ  'കര്‍ത്താവേ ഒരു പുതിയ ഹൃദയം എനിക്ക് നല്‍കണമേ, നിന്‍റെ ചൈതന്യം അതില്‍ നിക്ഷേപിക്കണമേ. എന്നില്‍ നിന്ന് ശിലാഹൃദയം എടുത്തു മാറ്റി നിന്‍റെ മാംസളമായ ഹൃദയം എനിക്ക് നല്‍കണമേ' (എസെക്കിയേല്‍ 11:19) എന്നതായിരിക്കട്ടെ ഈ തിരുഹൃദയമാസ ത്തിലെ നമ്മുടെ പ്രാര്‍ത്ഥന.

You can share this post!

രണ്ടുവഴിക്കു പോയി ഒരുമിച്ചവര്‍

ജോര്‍ജ്ജ് വലിയപാടത്ത് കപ്പൂച്ചിന്‍
അടുത്ത രചന

ഇലക്ടറല്‍ ബോണ്ട് എന്ന ഗുണ്ടാപിരിവ്

എം. കെ. ഷഹസാദ്
Related Posts