2012ല്‍ ദേവസഹായത്തിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ച ബെനഡിക്ട് പതിനാറാമന്‍ പാപ്പ 'വിശ്വസ്തനായ അല്മായന്‍' എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചത്. ഭാരതത്തിലെ ഒരു കുഗ്രാമത്തില്‍ പതിനെട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന, ഏതാനും വര്‍ഷങ്ങള്‍ മാത്രം പഴക്കമുള്ള തന്‍റെ ക്രിസ്തീയ വിശ്വാസം തള്ളിപ്പറയാന്‍ കൂട്ടാക്കാതെ രക്തസാക്ഷി ആയ, ദേവ സഹായത്തെ ക്രിസ്തുനാഥന്‍ ഇതാ ആഗോളസഭയുടെ വണക്കത്തിനായി ഉയര്‍ത്തുന്നു. ഭാരതത്തില്‍നിന്ന് വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന ആദ്യത്തെ അല്മായനും പ്രഥമ രക്തസാക്ഷിയുമായ ദേവ സഹായത്തിന്‍റെ സാക്ഷ്യജീവിതം, വിശ്വാസം ഞെരുക്കപ്പെടുന്ന ഈ കാലഘട്ടങ്ങളില്‍ നമുക്കെല്ലാം പ്രചോദനമാണ്.
(ഒരു ക്രിസ്ത്യാനിയായുള്ള അദ്ദേഹത്തിന്‍റെ പരിവര്‍ത്തനത്തിനു ശേഷം പിള്ള എന്ന ജാതിപ്പേര് അദ്ദേഹം ഉപയോഗിച്ചിട്ടില്ലാത്തതുകൊണ്ട് ദേവസഹായം എന്നു മാത്രമാണ് ചില വത്തിക്കാന്‍ രേഖകള്‍ അദ്ദേഹത്തെ വിളിച്ചുകാണുന്നത്. ദേവസഹായം എന്നുമാത്രം അദ്ദേഹത്തെ വിളിക്കുന്നതാണ് ഉചിതമായി തോന്നുന്നത്).
മുപ്പത്തിമൂന്നാമത്തെ വയസ്സില്‍ തീവ്രസഹനത്തിന്‍റെ വഴിയിലൂടെ കടന്നുപോയ ക്രിസ്തുനാഥന്‍ നമുക്ക് നിത്യരക്ഷക്ക് വഴിതെളിച്ചു. അവനെക്കുറിച്ചുള്ള കേള്‍വിയിലൂടെ അവനില്‍ വിശ്വസിച്ച ഒരു ഹിന്ദുമനുഷ്യന്‍ തന്‍റെ മുപ്പത്തിമൂന്നാം വയസ്സില്‍ അദ്ദേഹത്തിന്‍റെ സഹനജീവിതം ആരംഭിച്ചു.
1712 ഏപ്രില്‍ 23ന് വാസുദേവന്‍ നമ്പൂതിരിയുടെയും ദേവകിയമ്മയുടെയും മകനായി നീല കണ്ഠന്‍ പിള്ള എന്ന പേരില്‍ കന്യാകുമാരി ജില്ലയിലെ നട്ടാലത്ത് ജനിച്ചു. തിരുവിതാംകൂര്‍ രാജ്യം എന്ന പേരില്‍ അന്നത് കേരളത്തിന്‍റെ ഭാഗമായിരുന്നു. മകനെ ഏറെ സ്നേഹിച്ച മാതാപിതാക്കള്‍ മലയാളം, തമിഴ്, സംസ്കൃതവിദ്യാഭ്യാസത്തിനൊപ്പം ആയോധനമുറകളും കായിക പരിശീലനങ്ങളും അവനു പഠിക്കാനുള്ള വഴിയൊരുക്കി. ഇടപെട്ട മേഖലകളിലെല്ലാം തന്‍റെ പ്രാവീണ്യം വെളിപ്പെടുത്തിയ നീലകണ്ഠന്‍ വലുതായപ്പോള്‍ അന്ന് തിരുവിതാംകൂര്‍ ഭരിച്ചിരുന്ന മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന്‍റെ കുടുംബവുമായി തന്‍റെ പിതാവിനുണ്ടായിരുന്ന അടുപ്പത്തിന്‍റെയും തന്‍റെ കഴിവിന്‍റെയും പേരില്‍ രാജാവിന്‍റെ കാര്യദര്‍ശികളിലൊരാളായി. യൗവ്വനത്തില്‍ അമരാവതിപുരം മേക്കൂട്ട് തറവാട്ടിലെ ഭാര്‍ഗ്ഗവിയമ്മയെ വേളികഴിച്ചു. 28 വയസ്സുള്ളപ്പോള്‍ നീലകണ്ഠന്‍ പദ്മനാഭപുരം കോവിലിലെ കാര്യവിചാരക്കാരനായി മികവ് തെളിയിച്ചപ്പോള്‍ ഉയര്‍ന്ന സ്ഥാനമാനങ്ങള്‍ക്കും രാജാവിന്‍റെ പ്രീതിക്കും പാത്രമായി.
അങ്ങനെയിരിക്കെ ഡച്ച് ഈസ്റ്റ് ഇന്‍ഡ്യ കമ്പനിയുടെ നാവികസേന കമാന്‍ഡര്‍ ആയിരുന്ന യൂസ്താഷ്യസ് ബെനെഡിക്റ്റസ് ഡി ലനോയ് 1738 ല്‍ ഇന്‍ഡ്യയിലെത്തി. മൂന്ന് കൊല്ലത്തിനുശേഷം തിരുവിതാംകൂറിലെ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവുമായി നടന്ന കുളച്ചല്‍ യുദ്ധത്തില്‍ സൈന്യ ത്തെ നയിച്ചു.
യുദ്ധത്തില്‍ പരാജയപ്പെട്ട ഡച്ചു സൈന്യത്തോടൊപ്പം 23 വയസ്സുള്ള ഡി ലനോയിയും യുദ്ധത്തടവുകാരനായി. യുദ്ധതന്ത്രങ്ങളില്‍ വിദഗ്ദ്ധനായ അദ്ദേഹത്തോട് മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് സ്നേഹാദരങ്ങളോടെയാണ് പെരുമാറിയത്. പാശ്ചാത്യയുദ്ധതന്ത്രങ്ങളും പീരങ്കിയുടെ ഉപയോഗവും തിരുവിതാംകൂര്‍ സൈന്യത്തെ പഠിപ്പിക്കാമോ എന്നു ചോദിച്ചത് ഡി ലനോയ് സസന്തോഷം സമ്മതിച്ചു. വല്ല്യകപ്പിത്താന്‍ ( The Great Captain) എന്നറിയപ്പെട്ടിരുന്ന ഡിലനോയ് പെട്ടെന്ന് തന്നെ സര്‍വ്വസൈന്യാധിപനായി.
തിരുവിതാംകൂര്‍ ദേശത്തിന്‍റെ സുരക്ഷിതത്വത്തിനും പടക്കോപ്പുകള്‍ സൂക്ഷിക്കാനുള്ള സൗകര്യത്തിനുമൊക്കെയായി ഉദയഗിരിയില്‍ ഒരു കോട്ട പണിയാന്‍ ഡി ലനോയ് രാജാവിനോട് പറഞ്ഞു. ഉദയഗിരികോട്ടയുടെ നിര്‍മ്മാണകാലത്താണ് നീലകണ്ഠന്‍ പിള്ളയും കത്തോലിക്കനായ ഡിലനോയും തമ്മില്‍ സൗഹൃദത്തിലാവുന്നത്. കോട്ടനിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരുന്നവര്‍ക്ക് ശമ്പളം കൊടുക്കാന്‍ നീലകണ്ഠനെ ആയിരുന്നു രാജാവ് ഏര്‍പ്പാടാക്കിയിരുന്നത്. കൃഷിനാശം, പണനഷ്ടം തുടങ്ങി വീട്ടിലെ ചില പ്രശ്നങ്ങള്‍ കാരണം വിഷമിച്ചിരുന്ന നീലകണ്ഠനോട് ഡി ലനോയ് ഏകദൈവത്തെ പറ്റി സംസാരിച്ചു. മനുഷ്യരോടുള്ള സ്നേഹത്തെപ്രതി സ്വന്തം പുത്രനെ ഭൂമിയിലേക്കയച്ച പിതാവിനെപ്പറ്റിയും മനുഷ്യര്‍ക്കായി ജീവനര്‍പ്പിച്ച പുത്രനെപ്പറ്റിയും ജീവിതത്തില്‍ പരീക്ഷണങ്ങള്‍ ഏറെ വന്നപ്പോഴും ദൈവത്തില്‍ മാത്രം ശരണംവച്ചു പിടിച്ചുനിന്ന ജോബിനെപ്പറ്റിയുമൊക്കെ പറഞ്ഞു. മലയാളത്തിലുള്ള ഒരു ബൈബിള്‍ കോപ്പിയും വായിക്കാന്‍ കൊടുത്തു.
ക്രിസ്തുവിനെപ്പറ്റി കേട്ടും ബൈബിള്‍ വായിച്ചും വിശ്വാസം വന്ന നീലകണ്ഠന്‍ ക്രിസ്ത്യാ നിയായി സ്നാനപ്പെടാന്‍ ആഗ്രഹിച്ചു. രാജാവിന് അതിഷ്ടപ്പെടില്ലെന്നറിയാവുന്ന ഡി ലനോയ് അതിന്‍റെ പ്രത്യാഘാതങ്ങളെപ്പറ്റി മുന്നറിയിപ്പ് കൊടുത്തെങ്കിലും നീലകണ്ഠന്‍ തന്‍റെ ആഗ്രഹ ത്തില്‍ ഉറച്ചു നിന്നു. അങ്ങനെ വടക്കുംകുളത്തു താമസിക്കുന്ന ഫാദര്‍ ജിയോവാനി ബാറ്റിസ്റ്റ ബൂട്ടാരി എന്ന തനിക്കറിയാവുന്ന ഈശോസഭാ വൈദികന്‍റെ അടുത്തേക്ക് അദ്ദേഹം, മതകാര്യങ്ങള്‍ പഠിക്കാനും ജ്ഞാനസ്നാനത്തിനുമായി നീലകണ്ഠനെ പറഞ്ഞയച്ചു.
ആ വൈദികനില്‍ നിന്ന് ഈശോയെപ്പറ്റി കൂടുതല്‍ മനസ്സിലാക്കിയ നീലകണ്ഠന്‍ 1745 മെയ് 17ന് ലാസര്‍ എന്നതിന്‍റെ തമിഴ് പതിപ്പായ ദേവസഹായം എന്ന പേരില്‍ ജ്ഞാനസ്നാനം സ്വീകരിച്ചു. മാമോദീസ സ്വീകരിച്ച ദിവസം അദ്ദേഹം തന്നെത്തന്നെ ക്രിസ്തുവിന് സമര്‍പ്പിച്ചു. "ആരും എന്നെ നിര്‍ബന്ധിച്ചില്ല, എന്‍റെ സ്വന്തം ഇഷ്ടപ്രകാരമാണ് ഞാന്‍ വന്നത്. എന്‍റെ ഹൃദയം എനിക്കറിയാം. അവനാണ് എന്‍റെ ദൈവം. അവന്‍റെ പിന്നാലെ പോകാന്‍ ഞാന്‍ തീരുമാനിച്ചു, എന്‍റെ ജീവിതകാലം മുഴുവനും" ദേവസഹായം പറഞ്ഞു. ക്രിസ്തുമാര്‍ഗ്ഗം പിന്തുടര്‍ന്ന ദേവസഹായം തന്‍റെ ഭാര്യക്ക് ക്രിസ്തുവിനെ പറ്റി പറഞ്ഞുകൊടു ത്തതിന്‍റെ ഫലമായി ഭാര്‍ഗ്ഗവിയമ്മയും ക്രിസ്ത്യാനിയാകാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. തെരേസ എന്ന പേരിന്‍റെ തമിഴ് പതിപ്പായ ജ്ഞാനപ്പൂ അമ്മാള്‍ എന്ന പേരാണ് മാമ്മോദീസക്ക് ശേഷം അവര്‍ സ്വീകരിച്ചത്.
ക്രിസ്ത്യാനിയായ ദേവസഹായം മറ്റു ഹിന്ദുക്കളോട് ക്രിസ്തുവിനെപ്പറ്റി പറയാനും ജാതിവ്യ വസ്ഥകളും മറ്റും ചൂണ്ടിക്കാണിച്ച് ഹിന്ദുമതത്തിലെ പോരായ്മകളെ ചോദ്യം ചെയ്യാനും തുടങ്ങി. തന്‍റെ ജീവന്‍ അപകടത്തിലാകുമെന്നറിഞ്ഞിട്ടും അദ്ദേഹം മിണ്ടാതിരുന്നില്ല. ഒരിക്കല്‍ രാജാവിന്‍റെ പ്രീതിക്ക് പാത്രമായിരുന്ന ദേവസഹായം ഇപ്പോള്‍ രാജാവിന്‍റെ അപ്രീതി സമ്പാദിച്ചതിന്‍റെ പേരില്‍ രാജ്യ ദ്രോഹകുറ്റം ചുമത്തപ്പെട്ട് 1749ല്‍ തുറുങ്കില്‍ അടക്കപ്പെട്ടു. തന്‍റെ ഇഷ്ടപാത്രമായ ദേവസഹായത്തെ മോചിപ്പിക്കാന്‍ രാജാവ് ആവതും ശ്രമിച്ചു. ക്രിസ്തു മതം ഉപേക്ഷിക്കുകയാണെങ്കില്‍ ഉന്നതമായ പദവികള്‍ നല്‍കാമെന്ന് രാജാവ് പറഞ്ഞെങ്കിലും ദേവസഹായം അത് സമ്മതിച്ചില്ല. തനിക്ക് വച്ചുനീട്ടിയ സുഖസൗകര്യങ്ങളും നല്ല ജീവിതവും ക്രിസ്തുവിനെപ്രതി അദ്ദേഹം വേണ്ടെന്നു വെച്ചു.
നിരന്തരമായ നിര്‍ബന്ധങ്ങള്‍ക്ക് വഴങ്ങാതിരു ന്നതുകൊണ്ട് അവര്‍ പീഡനങ്ങള്‍ ആരംഭിച്ചു. ഒരു മനുഷ്യന് സഹിക്കാവുന്നതിന്‍റെ പരിധിക്കപ്പുറമുള്ള പീഡനങ്ങള്‍. ദേവസഹായത്തെ ദുര്‍ഗന്ധമുള്ള എരിക്കിന്‍ പൂമാല അണിയിക്കാനും എരുമപ്പുറത്തു കയറ്റി പരിഹസിച്ചെഴുന്നെള്ളിക്കാനും ഓരോ ദിവസവും ചൂരല്‍ കൊണ്ട് മുപ്പത് അടിവീതം ഉള്ളം കാലില്‍ അടിക്കാനും ശരീരത്തില്‍ അടിയേറ്റുണ്ടാ കുന്ന മുറിവുകളില്‍ മുളക് പുരട്ടി വെയിലത്തിരു ത്താനും കല്പനയുണ്ടായി. മുളകുപൊടി തേക്കു മ്പോള്‍ വേദനിച്ചു പിടഞ്ഞുവീണ അദ്ദേഹം ഇങ്ങനെ പറഞ്ഞു, "ഹാ, എന്‍റെ കര്‍ത്താവെ, അങ്ങ യുടെ കാല്‍വരിയാത്രയില്‍ കുരിശുമായി മൂന്നു പ്രാവശ്യം വീഴാന്‍ ഇടയായല്ലോ. ആ വീഴ്ചയോട് ഐക്യപ്പെടാന്‍ ഈ നിര്‍ഭാഗ്യനെയും അനുഗ്രഹി ച്ചല്ലോ, ഇതിനുള്ള ഭാഗ്യം എനിക്ക് എവിടെ നിന്ന്?"
മുറിപ്പാടുകളില്‍ മുളക് തേക്കാന്‍ ഏതെങ്കിലും ദിവസം മറന്നുപോയാല്‍ ദേവസഹായം രാജകിങ്കരന്മാരെ ഓര്‍മ്മിപ്പിച്ചിരുന്നു. എരുമപ്പുറത്തുനിന്ന് വീണപ്പോള്‍ വഴിയിലൂടെ വലിച്ചിഴച്ചു. മുളകു വെള്ളം തിളപ്പിച്ച് അദ്ദേഹത്തെകൊണ്ട് ആവി പിടിപ്പിച്ചു. 'യേശുവേ, സഹായത്തിനെത്തണമേ' എന്ന് മാത്രം ദേവസഹായം പ്രാര്‍ത്ഥിച്ചു. പെരുവിളയില്‍ പശുത്തൊഴുത്തിനു സമീപമുള്ള വട്ടവേപ്പുമരത്തില്‍ ഏഴുമാസത്തേക്ക് കെട്ടിവെക്കപ്പെട്ട അദ്ദേഹം കാറ്റും വെയിലും സഹിച്ചു കഴിഞ്ഞുകൂടി.
കാല്‍വരിയിലെ ക്രിസ്തുവിന്‍റെ സഹനങ്ങളോട് അദ്ദേഹം തന്‍റെ സഹനങ്ങളെ ചേര്‍ത്തുവെച്ചു. ശാന്തതയും സൗമ്യതയും നിറഞ്ഞ പെരുമാറ്റവും അദ്ദേഹത്തിന്‍റെ സഹനശക്തിയും വളരെപ്പേരെ ക്രിസ്തുമതത്തിലേക്ക് ആകര്‍ഷിച്ചു. ഇതെല്ലാം കണ്ട് രാജാവ് കുപിതനായി. ഇനി ദേവസഹായം ഈ ഭൂമുഖത്ത് വേണ്ടെന്ന് തീരുമാനിച്ച രാജാവ് അദ്ദേഹത്തെ കൊന്നുകളയാന്‍ ഭടന്മാരോട് കല്‍പ്പിച്ചു.
ഈ കല്‍പ്പന ഭടന്മാര്‍ അറിയിച്ചപ്പോള്‍ അദ്ദേഹത്തിന്‍റെ പ്രതികരണം ഇങ്ങനെയായിരുന്നു, "ദൈവത്തിന് സ്തുതിയായിരിക്കട്ടെ. ഇത് ഞാന്‍ വളരെക്കാലമായി ആഗ്രഹിക്കുന്നു. അതിനിപ്പോള്‍ ദൈവാനുഗ്രഹമുണ്ടായതില്‍ സന്തോഷിക്കുന്നു. രാജകല്പന നിറവേറ്റാന്‍ താമസിക്കരുതെന്ന് അപേക്ഷിക്കുന്നു."
കര്‍ത്താവിന്‍റെ പീഡാനുഭവയാത്രയെ ഓര്‍മ്മിപ്പിക്കുന്ന തരത്തില്‍ സഹനം നിറഞ്ഞൊരു യാത്രയായിരുന്നു ദേവസഹായത്തിന്‍റെ അവസാനയാത്ര. വഴിമധ്യേ ദാഹശമനത്തിനു കുറച്ചു വെള്ളം ചോദിച്ച അദ്ദേഹത്തിന് ഇലയും ചകിരിയും ചീഞ്ഞഴുകിയ വെള്ളമാണ് കിട്ടിയത്. കുറച്ചുകൂടെ വെള്ളം ചോദിച്ചു ലഭിക്കാതിരുന്നപ്പോള്‍ ദേവസഹായം കൈമുട്ട് മടക്കി താനിരുന്ന പാറയില്‍ അടിച്ചു. ഉടനെ അവിടെ നിന്ന് വെള്ളം പുറപ്പെട്ടു. മുട്ടിടിച്ചാന്‍ പാറ എന്ന പേരില്‍ അത് പിന്നീട് അറിയപ്പെട്ടു. ആ ഉറവ ഇന്നും വറ്റിയിട്ടില്ല.
അദ്ദേഹത്തിന്‍റെ ധീരത കണ്ട് ആരാച്ചാരന്മാര്‍ പറഞ്ഞു, "നിന്നെ വിവാഹത്തിനല്ല, വധിക്കാനാണ് കൊണ്ടുപോകുന്നത്." അദ്ദേഹം അതിനു നല്‍കിയ മറുപടി: "ഞാന്‍ എവിടേക്കാണ് പോകുന്നതെന്ന് എനിക്ക് നല്ലവണ്ണം അറിയാം. എനിക്ക് മോക്ഷ വിരുന്നും, ഉദ്യോഗസ്ഥബഹുമാനവും വിവാഹവും ഇതുതന്നെ."
1752 ജനുവരി 14 ന് അദ്ദേഹത്തിന്‍റെ നാല്‍പ്പതാം വയസ്സില്‍, ജ്ഞാനസ്നാനം സ്വീകരിച്ചതിന്‍റെ ഏഴാം വര്‍ഷത്തില്‍ ചങ്ങലകളാല്‍ ബന്ധിച്ച് കാറ്റാടിമലയുടെ സമീപത്തേക്ക് കൊണ്ടുപോയി. സഹനയാത്ര എത്തിനിന്നത് ആരല്‍വായ്മൊഴി എന്ന സ്ഥലത്തുള്ള ഇന്നത്തെ മണിയടിച്ചാന്‍ പാറയിലാണ്. ഈ മനുഷ്യന്‍റെ കാര്യങ്ങള്‍ ഇനിയൊരാളും അറിയരുത്, ശവശരീരം പോലും ആരും കണ്ടെത്തരുത് എന്ന ചിന്തയിലാണ് ഇത്രയും അകലെയുള്ള ഒരു സ്ഥലം ദേവസഹായത്തെ കൊന്നുതള്ളാന്‍ വേണ്ടി അവര്‍ തിരഞ്ഞെടുക്കാന്‍ കാരണം.
അവസാനമായി പ്രാര്‍ത്ഥിക്കാന്‍ ദേവസഹായം കുറച്ചു സമയം ചോദിച്ചു. പ്രാര്‍ത്ഥന കഴിഞ്ഞ് ആരാ ച്ചാരന്മാരോട് പറഞ്ഞു, "പ്രിയ സ്നേഹിതന്മാരെ, ഞാന്‍ നിങ്ങളോടാവശ്യപ്പെട്ട കാര്യം സഫലമായി. ഇനി നിങ്ങളുടെ ഇഷ്ടം പോലെ പ്രവര്‍ത്തിക്കാം." മൂന്നു ഭടന്മാര്‍ പാറപ്പുറത്തു കയറി ദേവസഹാ യത്തിനെ വെടിവെച്ചു. വെടിയേറ്റു പാറപ്പുറത്തു നിന്ന് വീണ അദ്ദേഹത്തെ വീണ്ടും വെടിവെച്ചു. "യേശുവേ രക്ഷിക്കണേ, മാതാവേ സഹായി ക്കണേ" എന്നായിരുന്നു അദ്ദേഹത്തിന്‍റെ അന്ത്യമൊ ഴികള്‍. ദേവസഹായം മരിച്ച നേരത്ത് പാറയുടെ ഒരു ഭാഗം അടര്‍ന്നുവീണു. വലിയൊരു മണിമുഴ ക്കമാണ് അവിടെ കേട്ടതെന്നു പറയുന്നു. കാട്ടിലേക്ക് എറിയപ്പെട്ട ദേവസഹായത്തിന്‍റെ ശരീരം കുറച്ചു ക്രിസ്ത്യാനികള്‍ കണ്ടെടുത്ത് സംസ്കരിച്ചു.
അദ്ദേഹത്തിന്‍റെ ഭൗതികശരീരം സൂക്ഷിച്ചിരിക്കുന്ന കോട്ടാര്‍ സെന്‍റ് സേവിയേഴ്സ് കത്തീഡ്ര ലിലേക്ക് അനേകവര്‍ഷങ്ങളായി വിശ്വാസികളുടെ പ്രവാഹമാണ്. 2004 ല്‍ ആണ് മെത്രാന്മാരുടെ സമിതിയുടെ തമിഴ്നാട് ശാഖ ദേവസഹായത്തിന്‍റെ നാമകരണനടപടികള്‍ക്ക് വേണ്ടി വത്തിക്കാനിലേക്ക് അപേക്ഷ സമര്‍പ്പിക്കുന്നത്. 2012ല്‍ അതിനു ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ അംഗീകാരം ലഭിച്ചു. 2012 ല്‍ ഡിസംബര്‍ 2 ന് ദേവസഹായത്തെ കത്തോലിക്കസഭ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. 2022 മെയ് 15ന് വിശുദ്ധരുടെ ഗണത്തിലേക്കു യര്‍ത്തപ്പെട്ടു.
32 വര്‍ഷങ്ങള്‍ ഒരു ഹിന്ദുവായി ജീവിച്ച ദേവസഹായം പീഡനങ്ങളുടെ മുന്‍പില്‍ പതറിയില്ല, തന്‍റെ നിലപാടുകള്‍ തിരുത്തിയില്ല. ജീവന്‍ അപകട ത്തിലാണെന്നറിയാമായിരുന്നിട്ടും തന്‍റെ കാലത്തെ ഉച്ചനീചത്വങ്ങള്‍ക്കെതിരായും ക്രിസ്തുവിലുള്ള വിശ്വാസത്തെപ്രതിയും ശബ്ദമുയര്‍ത്തി. നൂറു ശതമാനവും അദ്ദേഹം ഒരു ക്രിസ്ത്യാനി യായിരുന്നു. ക്രിസ്ത്യാനി ആണെന്നവകാശപ്പെടു ന്നവര്‍ക്ക് മാതൃകയും.
ക്രൈസ്തവരാണെന്നതിന്‍റെ പേരില്‍ മാത്രം പീഡയനുഭവിക്കുന്നവര്‍ക്ക്, ദേവസഹായത്തിന്‍റെ വിജയഗാഥ വലിയ പ്രതീക്ഷയും പ്രചോദനവും നല്‍കുന്നു. തന്നെപ്രതി എല്ലാം പരിത്യജിച്ചവരെ ഒരിക്കലും ഉപേക്ഷിക്കുകയില്ലാത്ത ക്രിസ്തുനാഥന്‍ എന്നും അവരുടെ കൂടെയുണ്ടെന്നും മഹത്വത്തിന്‍റെ പാത അവരെ കാത്തിരിക്കുന്നുണ്ടെന്നുമുള്ള പ്രതീക്ഷ ഏതു കഷ്ടപ്പാടിലും പീഡനത്തിലും അവര്‍ക്ക് പ്രത്യാശ നല്‍കും. ഒരു ഭാരതീയനെന്ന നിലയില്‍, വിശുദ്ധ ദേവസഹായം എന്ന് പോപ്പ് ഫ്രാന്‍സിസിനാല്‍ അദ്ദേഹം നാമകരണം ചെയ്യ പ്പെടുമ്പോള്‍ നമുക്കും അഭിമാനിക്കാം.