കേരളത്തിലേക്ക് വിവിധ വടക്കേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്ന് എത്തുകയും തിരിച്ചുപോകുകയും ചെയ്യുന്ന ട്രെയിനുകളുടെ ജനറല്‍ കമ്പാര്‍ട്ട്മെന്‍റുകളില്‍ തിങ്ങിനിറഞ്ഞിരിക്കുന്ന കുടിയേറ്റതൊഴിലാളികള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നത് ആഫ്രിക്കയില്‍നിന്ന് അടിമകളെ വഹിച്ചുകൊണ്ടുപോകുന്ന കപ്പലുകളെയാണ്.
ആഫ്രിക്കയില്‍ നിന്നുള്ള മനുഷ്യരെ യൂറോപ്യന്‍ കോളനികളിലേക്ക് ബലമായി കടത്തിക്കൊണ്ടുപോയി ഖനികളിലും തോട്ടങ്ങളിലും പണിയെടുപ്പിച്ചാണ് യൂറോപ്പ് സമ്പന്നമായത്. കോളനിരാജ്യങ്ങളിലേയ്ക്ക് അടിമകളെ വഹിച്ചുകൊണ്ടുള്ള കപ്പല്‍ യാത്രയില്‍ ഭക്ഷണവും ജലവും വായുവും ലഭിക്കാതെപോയ മനുഷ്യര്‍ക്ക് ഒരു കണക്കും ഇല്ല. കോളനിരാജ്യങ്ങളിലെ പ്രകൃതിസമ്പത്ത് ചൂഷണം ചെയ്യപ്പെട്ടതും അടിമവ്യാപാരത്തെ തുടര്‍ന്ന് ആഫ്രിക്കയുടെ ജനസംഖ്യയില്‍ ഉണ്ടായ കുറവും പരിസ്ഥിതി പ്രത്യാഘാതവും ചരിത്രത്തില്‍ സമാനതകള്‍ ഇല്ലാത്ത കൊള്ള കൊടുക്കല്‍ വാങ്ങലാണ്.
ആഗോളതലത്തില്‍ മുതലാളിത്ത ചൂഷണം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ലക്ഷക്കണക്കിന് ജനസമൂഹങ്ങള്‍ തങ്ങളുടെ ജന്മനാടുകള്‍ ഉപേക്ഷിച്ച് അന്യനാടുകളിലേയ്ക്ക് കുടിയേറുകയാണ്. തങ്ങളുടെ നാടുകളിലെ അവസ്ഥയെക്കാള്‍ മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങള്‍ സ്വപ്നം കണ്ടുകൊണ്ടാണ് ഈ കുടിയേറ്റം നടക്കുന്നത് പലപ്പോഴും അന്താരാഷ്ട്രതലത്തില്‍ ഇത് നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളായി തന്നെ മാറിയിട്ടുണ്ട്. തെക്കേ അമേരിക്കന്‍ രാജ്യങ്ങളില്‍നിന്നും അമേരിക്കയിലേയ്ക്കുള്ള കുടിയേറ്റം ഫിലിപ്പൈന്‍സ് , തായ്ലന്‍റ്, കൊറിയ എന്നിവിടങ്ങളില്‍നിന്നും ജപ്പാനിലേയ്ക്കുള്ള കുടിയേറ്റം, ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നും യൂറോപ്പിലേയ്ക്കുള്ള കുടിയേറ്റം, കേരളത്തില്‍ നിന്നും ഗള്‍ഫിലേക്ക് തൊഴില്‍ തേടിയുള്ള കുടിയേറ്റം ഇങ്ങനെ പലതും ആഗോളതലത്തില്‍ മുറുകുന്ന ചൂഷണത്തിന്‍റെ അനന്തര ഫലങ്ങളാണ്. അന്താരാഷ്ട്രതലത്തില്‍ മാത്രമല്ല രാജ്യങ്ങളുടെ ഉള്ളില്‍ തന്നെയും ഇത്തരത്തിലുള്ള പറിച്ചുനടല്‍ നടക്കുന്നുണ്ട്. കേരളത്തിലേക്ക് തമിഴരുടെ കുടിയേറ്റമാണ് ആദ്യകാലഘട്ടത്തില്‍ ഉണ്ടായിരുന്നത്. ഇന്ന് ആന്ധ്രാപ്രദേശ്, ഒറീസ, ബീഹാര്‍, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍നിന്നും ആയിരക്കണക്കിന് തൊഴിലാളികള്‍ കേരളത്തിലെ വിവിധ മേഖലകളില്‍ പണിയെടുക്കുന്നു. കെട്ടിട നിര്‍മ്മാണം, പാറമടകള്‍, അപകടകരമായ വ്യവസായമേഖലകള്‍, ഹോട്ടലുകള്‍ തുടങ്ങിയ പല മേഖലകളും കുടിയേറ്റ തൊഴിലാളികളെകൊണ്ട് നിറഞ്ഞിരിക്കുന്നു.
കരാറുകാര്‍ മുഖേന അന്യസംസ്ഥാനങ്ങളില്‍നിന്നും വരുന്ന തൊഴിലാളികള്‍ മാത്രമാണ് 1979-ലെ കുടിയേറ്റ തൊഴിലാളികളെ സംബന്ധിച്ച നിയമത്തിന്‍റെ പരിധിക്കുള്ളില്‍ വരുന്നവര്‍. അതുകൊണ്ടുതന്നെ തൊഴിലാളികളുടെ കാര്യത്തില്‍ നിരവധി തിരിമറികള്‍ നടക്കുന്നുണ്ട്. കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമം സംബന്ധിച്ച നിയമം ലംഘിക്കപ്പെട്ടാല്‍ രണ്ടുവര്‍ഷംവരെ തടവും പിഴയും ലഭിക്കുന്ന കുറ്റങ്ങളാണ്. തൊഴിലിടങ്ങളില്‍ പരിശോധന നടത്താനും രജിസ്റ്ററുകള്‍ കൃത്യമായി നിരീക്ഷിക്കാനും തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ ബാധ്യസ്ഥരാണ്. എന്നാല്‍ ഇതെല്ലാം ജലരേഖകള്‍ മാത്രമായി അവശേഷിക്കുന്നു. പാറമടകളിലും കെട്ടിടനിര്‍മ്മാണ രംഗത്തും പണിയെടുക്കുന്ന ഇവര്‍ക്ക് പ്രാഥമികമായ സുരക്ഷാസൗകര്യങ്ങള്‍ ഒരുക്കുന്നതിനായിപോലും തൊഴിലുടമകള്‍ തയ്യാറല്ല. അപകടങ്ങള്‍ സംഭവിച്ചാല്‍ അതിസമര്‍ത്ഥമായി ഒതുക്കിതീര്‍ക്കുകയാണ് പതിവ്. അതിനുവേണ്ടി തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥരുടെയും പോലീസിന്‍റെയും പ്രാദേശിക രാഷ്ട്രീയനേതൃത്വത്തിന്‍റെയും എല്ലാം പിന്തുണയുണ്ട്. അടുത്തകാലത്തായി കേരളത്തില്‍ രൂപപ്പെട്ട മണല്‍ ഭൂമി റിയല്‍ എസ്റ്റേറ്റ് മാഫിയയുടെ ഒത്താശയാണ് ഇങ്ങനെയുള്ള ഒതുക്കിതീര്‍ക്കലുകള്‍ക്കു പിന്നില്‍. ബന്ധുക്കള്‍ സ്വന്തം നാട്ടില്‍നിന്ന് എത്തുന്നതിനുമുമ്പ് മൃതദേഹം മറവ് ചെയ്ത സംഭവങ്ങള്‍ വരെയുണ്ട്.
കേരളത്തിലെ തൊഴിലിടങ്ങളില്‍ അപകടത്തില്‍ മരിച്ച യുവാക്കളുടെ യുവതികളായ വിധവകളും വാര്‍ദ്ധക്യത്തിലെത്തിയ മാതാപിതാക്കളും അതുപോലെതന്നെ ഇനിയൊരിക്കലും തൊഴില്‍ ചെയ്യാന്‍ കഴിയാത്തതുപോലെ ഗുരുതരമായി പരിക്കേറ്റവരും അംഗവൈകല്യം സംഭവിച്ചവരും വടക്കേന്ത്യന്‍ ഗ്രാമങ്ങളില്‍ ആരോരും അറിയാതെ ജീവിതം തള്ളിനീക്കുന്നുണ്ട്.
പലപ്പോഴും കുടുംബസമേതം തൊഴില്‍ മേഖലയിലേയ്ക്ക് എത്തിപ്പെടുന്ന അന്യസംസ്ഥാനക്കാരുണ്ട്. ഇങ്ങനെ വരുന്നവരുടെ കുട്ടികള്‍ക്ക് പഠിക്കുവാന്‍ സൗകര്യങ്ങള്‍ ഇല്ല എന്നുമാത്രമല്ല വളരെ ചെറുപ്പത്തില്‍ തന്നെ ജോലി ചെയ്യേണ്ട സ്ഥിതിയാണ് നിലനില്‍ക്കുന്നത്. പരിമിതമായ ശമ്പളം, തികച്ചും അനാരോഗ്യകരമായ തൊഴില്‍ സാഹചര്യങ്ങള്‍, പാര്‍പ്പിട സൗകര്യങ്ങളുടെ അഭാവം എന്നിവ ജീവിതത്തിന്‍റെ ഭാഗമാണ്. കടവരാന്തകളിലും ബസ്സ്റ്റാന്‍റിലും പുറമ്പോക്കിലും അടിഞ്ഞുകൂടുന്ന തൊഴിലാളികളുടെ സ്ഥിതി വളരെ ദയനീയമാണ്. സ്ത്രീതൊഴിലാളികള്‍ക്ക് എതിരെയുള്ള ലൈംഗിക ചൂഷണവും ബലാത്സംഗങ്ങളും സാധാരണ സംഭവങ്ങള്‍പോലെ നടക്കുന്നുണ്ട്. പണി ലഭിക്കുന്നതിനു കരാറുകാര്‍ക്കും അവരുമായി ബന്ധപ്പെട്ട ഗുണ്ടാമാഫിയ സംഘങ്ങള്‍ക്കും വിധേയമാകേണ്ട സ്ഥിതിയിലാണ് സ്ത്രീകള്‍. ശമ്പളം കൃത്യമായി നല്‍കാതെ കബളിപ്പിക്കുന്ന സംഭവങ്ങളും നിരവധിയാണ.് മിക്കവാറും നാട്ടില്‍ പോകുന്ന സമയത്ത് ഒരുമിച്ച് ശമ്പളം നല്‍കുന്ന രീതി അന്യസംസ്ഥാനതൊഴിലാളികളുടെ കാര്യത്തില്‍ കാണാറുണ്ട.് തിരിച്ചുവരവ് ഉറപ്പാക്കുന്നതിനുവേണ്ടി മിക്കവാറും മൊത്തം തുകയും നല്‍കാതെയാണ് ഇവരെ നാട്ടിലേക്ക് അയയ്ക്കുന്നത്.
വടക്കേന്ത്യന്‍ സംസ്ഥാനങ്ങളിലെ ചില ഗ്രാമങ്ങളിലെ ഭൂരിപക്ഷം യുവാക്കളും കേരളത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനത്തിലും വ്യവസായ ശാലകളിലെ തൊഴിലുകളിലും ഏര്‍പ്പെട്ടിരിക്കുകയാണ്. തൊഴിലാളികളുടെ തൊഴില്‍ നിലനില്‍ക്കുന്നത് അനിയന്ത്രിതമായ പ്രകൃതിചൂഷണത്തെ ആശ്രയിച്ചാണ്. ലക്ഷക്കണക്കിന് വരുന്ന തൊഴിലാളികളുടെ അധ്വാനം ഉപയോഗപ്പെടുത്തുന്നത് പ്രകൃതി വിഭവ ചൂഷണത്തിനുവേണ്ടിയാണ.് മുതലാളിത്തം നിലനില്‍ക്കുന്നത് പ്രകൃതി വിഭവങ്ങള്‍ ചൂഷണം ചെയ്യാന്‍ കഴിയുന്നതുകൊണ്ടുകൂടിയാണ്.
ബഹുഭൂരിപക്ഷം വരുന്ന തൊഴിലാളികളുടെ അദ്ധ്വാനമാണ് മുതലാളിമാര്‍ക്ക് വന്‍തുക ലാഭം ഉണ്ടാക്കി കൊടുക്കുന്നത. തൊഴിലാളികളുടെ അപകടങ്ങള്‍ക്കും മരണത്തിനും ദുരിതപൂര്‍ണമായ ജീവിതത്തിനും ഉത്തരവാദികളായ തൊഴിലുടമകള്‍ കോടികള്‍ ലാഭമെടുത്ത് ഫ്ളാറ്റുകള്‍ വില്‍ക്കുകയും ചെയ്യുന്നു. വ്യവസായ ശാലകളിലെ ഉല്‍പാദനവും കയറ്റുമതിയും എല്ലാം തകൃതിയായി നടക്കുന്നു. സ്വപ്നങ്ങളും പ്രതീക്ഷകളും നഷ്ടപ്പെട്ട നിരാലംബരായ മനുഷ്യര്‍ ഒരിക്കലും പരിഗണിക്കപ്പെടുന്നുമില്ല.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കാര്‍ഷിക മേഖലയില്‍ നടപ്പിലാക്കിയ ആഗോളവല്‍ക്കരണ നയങ്ങള്‍ കാര്‍ഷിക മേഖലയെ വലിയ തകര്‍ച്ചയില്‍ എത്തിച്ചിട്ടുണ്ട്. ഈ തകര്‍ച്ചയാണ് ജനങ്ങളെ ജന്മനാടുകള്‍ ഉപേക്ഷിച്ച് നഗരങ്ങളിലേയ്ക്കു കുടിയേറാന്‍ പ്രേരിപ്പിക്കുന്നത്. 2005-ന് ശേഷമുള്ള ആറുകൊല്ലക്കാലത്ത് 374937 കോടി രൂപയാണ് ആദായ നികുതി ഇനത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇളവ് ചെയ്തിരിക്കുന്നത. ഇങ്ങനെ സമ്പന്നര്‍ക്ക് ഇളവ് നല്‍കുമ്പോള്‍ കര്‍ഷകര്‍ക്ക് നല്‍കുന്ന തുകയില്‍ കോടികളാണ് വെട്ടിക്കുറച്ചിരിക്കുന്നത്. ഇത് കാര്‍ഷിക മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുന്നു. കാര്‍ഷികമേഖലയിലേക്കുള്ള വിദേശകുത്തകകളുടെ കടന്നുവരവുകാരണം കാര്‍ഷികവൃത്തിയും കന്നുകാലി വളര്‍ത്തലും ഉപജീവനമായി സ്വീകരിച്ച ജനങ്ങള്‍ കാര്‍ഷികവൃത്തിയില്‍നിന്ന് വലിച്ചെറിയപ്പെടുന്നുണ്ട്. പ്രാദേശികമായ സമ്പദ്വ്യവസ്ഥയുടെ തകര്‍ച്ചക്ക് ഇത് ആക്കം കൂട്ടുന്നു.
കുടിയേറ്റതൊഴിലാളികള്‍ക്ക് വേണ്ടി പ്രഖ്യാപിച്ചിട്ടുള്ള ക്ഷേമനിധിയുടെ ഫലം തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥരുടെയും തൊഴില്‍ഉടമകളുടെയും നിരുത്തരവാദിത്തം കാരണം തൊഴിലാളികള്‍ക്ക് ലഭിക്കുന്നില്ല. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനും ചികിത്സയ്ക്കും കുട്ടികളുടെ വിദ്യാഭ്യാസത്തിനും സഹായം ഉള്‍പ്പെടുത്തിയിട്ടുള്ള ക്ഷേമനിധി പ്രവര്‍ത്തനം ഫലപ്രദമായി നടന്നാല്‍ പരിമിതമായിട്ടെങ്കിലും തൊഴിലാളികള്‍ക്ക് പ്രയോജനമുണ്ടാകും. ഇപ്പോഴത്തെ സാഹചര്യത്തില്‍ തൊഴിലുടമകള്‍ തൊഴിലാളികളെ ക്ഷേമനിധിയില്‍ ഉള്‍പ്പെടുത്തിയില്ലെങ്കില്‍പോലും ഒരു തരത്തിലുള്ള നിയമനടപടിയും എടുക്കാന്‍ കഴിയില്ല. ക്ഷേമനിധിയിലുള്‍പ്പെടുത്താത്ത ഉടമകളെ ശിക്ഷിക്കത്തക്ക വിധത്തില്‍ നിയമഭേദഗതിയാണ് ആവശ്യം. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കും ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ക്കും രണ്ടുരൂപയ്ക്ക് അരി നല്‍കുന്നതുപോലെ അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന തൊഴിലാളികള്‍ക്കും റേഷന്‍ നല്‍കുന്ന കാര്യം സര്‍ക്കാര്‍ ഗൗരവപൂര്‍വ്വം പരിഗണിക്കേണ്ടതുണ്ട്. തോട്ടം മേഖലയിലും മത്സ്യമേഖലയിലും രണ്ടുരൂപയ്ക്ക് അരി ലഭിക്കുന്നതുകൊണ്ട് ദാരിദ്ര്യം പരിഹരിക്കാന്‍ കഴിയുന്നില്ലെങ്കിലും ലഘൂകരിക്കാനെങ്കിലും കഴിയുന്നുണ്ട്. പോഷകാഹാര കുറവും കഠിനാധ്വാനവും കൊണ്ടുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ തൊഴിലാളികള്‍ക്കിടയില്‍ വ്യാപകമാണ്. തൊഴിലെടുത്ത് തളരുമ്പോള്‍ സുഖമായി ഉറങ്ങാന്‍ കഴിയുന്ന താമസസൗകര്യങ്ങള്‍പോലും തൊഴിലാളികള്‍ക്ക് ലഭ്യമല്ല. കാറ്റും വെളിച്ചവും കയറാത്ത ടിന്ന് കൊണ്ട് നിര്‍മ്മിച്ച ഷെഡുകളില്‍ വെള്ളവും വൈദ്യുതിയും ഉണ്ടായിരിക്കില്ല. വളരെ ചെറിയ മുറികളില്‍ ശ്വാസംപോലും ലഭിക്കാതെ തൊഴിലാളികള്‍ തിങ്ങി നിറഞ്ഞ് കിടന്നുറങ്ങേണ്ടി വരുന്നത് കേരളത്തില്‍ മുമ്പൊരിക്കലും ഉണ്ടാകാത്തതാണ്. എന്നാല്‍ ഇപ്പോള്‍ ഇതൊരു സാധാരണ സംഭവമായി മാറിയിരിക്കുന്നു. നൂറ് തൊഴിലാളികള്‍ക്ക് ഒരു കക്കൂസ് മാത്രം നിര്‍മ്മിച്ച് നല്‍കുമ്പോള്‍ അനുഭവിക്കേണ്ടി വരുന്ന ദുരിതം ചെറുതല്ല. ശുചിത്വമില്ലാത്ത അന്തരീക്ഷവും ദാരിദ്ര്യവും അരക്ഷിതാവസ്ഥയും രോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്നതിനും കാരണമാകുന്നു. മഞ്ഞപിത്തം, മലേറിയ, എയിഡ്സ് തുടങ്ങിയ രോഗങ്ങള്‍ തൊഴിലാളികള്‍ക്കിടയില്‍ വ്യാപകമാകുന്നത് തൊഴില്‍ ഉടമകളുടെയും ആരോഗ്യവകുപ്പിന്‍റെയും പരിഗണനയില്‍പോലും വരുന്നില്ല.
തൊഴിലാളികള്‍ക്കിടയില്‍ ഉണ്ടാകാനിടയുള്ള വര്‍ഗീയ സംഘര്‍ഷങ്ങളുടെ സാധ്യതയും മുന്നില്‍ കാണേണ്ടതുണ്ട്. ജാതിയുടെയും മതത്തിന്‍റെയും പേരില്‍ വിവേചനവും ശത്രുതയും മനസ്സില്‍ സൂക്ഷിക്കുകയും അതിനെതുടര്‍ന്നുണ്ടാകുന്ന സംഘര്‍ഷങ്ങളും വടക്കേന്ത്യന്‍ ഗ്രാമങ്ങളില്‍ സാധാരണമാണ്. ക്രൈസ്തവ മത ന്യൂനപക്ഷങ്ങള്‍ ക്രൂരമായി അക്രമിക്കപ്പെട്ട ഒറീസയിലെ കന്ദമാലില്‍നിന്നുള്ള ഭവനങ്ങള്‍ നഷ്ടപ്പെട്ടവരും ഗ്രാമത്തിലേക്ക് തിരിച്ചുപോകാന്‍ താല്പര്യമില്ലാത്തവരുമായ തൊഴിലാളികള്‍ കേരളത്തിന്‍റെ വിവിധ പ്രദേശങ്ങളില്‍ തൊഴിലെടുക്കുന്നുണ്ട്. ജനാധിപത്യ പ്രക്രിയയെ തകര്‍ക്കുന്നതിനും സമൂഹത്തില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നതിനും വേണ്ടിയുള്ള ഫാസിസ്റ്റ് ശക്തികളുടെ ബോധപൂര്‍വമായ ഇടപെടലാണ് വര്‍ഗീയ കലാപങ്ങള്‍ക്ക് കാരണമാകുന്നത്. ഇരകള്‍ ആകുന്നതാകട്ടെ മതന്യൂനപക്ഷങ്ങളും ആദിവാസി ദളിത്ജനവിഭാഗങ്ങളും. അന്യസംസ്ഥാനങ്ങളില്‍നിന്നുള്ള തൊഴിലാളികള്‍ക്കിടയില്‍ ബാഹ്യശക്തികള്‍ ബോധപൂര്‍വമായി ഇടപെട്ട് വര്‍ഗീയ കലാപങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമങ്ങളെയും അവഗണിക്കാന്‍ കഴിയില്ല. തമിഴര്‍ക്കെതിരായി ശ്രീലങ്കയിലും ബീഹാറികള്‍ക്കെതിരായി ആസ്സാമിലും മറ്റു പ്രദേശങ്ങളില്‍നിന്ന് കുടിയേറിയവര്‍ക്കെതിരെ ആസ്ത്രേലിയയിലും ഉണ്ടാകുന്ന ആക്രമണങ്ങളും പ്രാദേശിക ജനവിഭാഗങ്ങളും കുടിയേറിയവരും തമ്മിലുണ്ടാകുന്ന സംഘര്‍ഷങ്ങളുടെ സാധ്യതകളിലേക്കാണ് വിരല്‍ചൂണ്ടുന്നത്. തൊഴിലാളികളെ ജനാധിപത്യപരമായി സംഘടിപ്പിക്കുകയും അവരുടെ രോഷത്തേയും അസംതൃപ്തിയേയും ശരിയായ ദിശയിലേക്ക് തിരിച്ചുവിടുകയും ചെയ്തുകൊണ്ടു മാത്രമേ തെറ്റായ പ്രവണതകളെ തടയാന്‍ കഴിയുകയുള്ളൂ. കേരളത്തിലെ യുവാക്കള്‍ ഗള്‍ഫിലും യൂറോപ്പിലും യുഎസ്സിലും തൊഴില്‍ കണ്ടെത്തുമ്പോള്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ കേരളത്തിലും തൊഴില്‍ കണ്ടെത്താന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. എപ്പോള്‍ വേണമെങ്കിലും ഉണ്ടാകാനിടയുള്ള ആഗോള സാമ്പത്തിക പ്രതിസന്ധി കേരളത്തില്‍ തൊഴിലെടുക്കുന്ന കുടിയേറ്റ തൊഴിലാളികളെയും കേരളത്തിന് പുറത്തു തൊഴിലെടുക്കുന്ന മലയാളികളേയും തൊഴിലിടങ്ങളില്‍ നിന്ന് പറിച്ചെറിയപ്പെടുന്ന സാഹചര്യമായിരിക്കും സൃഷ്ടിക്കപ്പെടുന്നത്. പ്രശ്നങ്ങള്‍ ഇങ്ങനെ ഗൗരവമായിരിക്കുമ്പോള്‍ അത് പരിഹരിക്കാനുള്ള ഭൗതികശക്തികളുടെ അഭാവവും ശ്രദ്ധേയമാണ്. തൊഴിലാളികളുടെ ഇടയില്‍ പ്രവര്‍ത്തിക്കാന്‍ മുന്നോട്ടു വരുന്നതാകട്ടെ വിദേശപണം പറ്റുന്ന എന്‍ജിഒ സംഘങ്ങളും ദളിത്-ആദിവാസി സ്ത്രീ തുടങ്ങിയ സ്വത്വങ്ങളുടെ പേരില്‍ മര്‍ദ്ദിത ജനങ്ങളുടെ ഇടയില്‍ വിഭാഗീയതയുണ്ടാക്കി തൊഴിലാളി വര്‍ഗത്തിന്‍റെ ഐക്യവും ഏകീകരണവും തകര്‍ക്കുന്ന നവസാമൂഹ്യ പ്രസ്ഥാനങ്ങളുമാണ്.
2011 ജനുവരി 23-ന് അങ്കമാലിയില്‍ കോണ്‍ട്രാക്ടറുടെ കുറ്റകരമായ അനാസ്ഥയെതുടര്‍ന്ന് വാഹനത്തില്‍ കൊണ്ടുപോയ മിക്സര്‍ മെഷീന്‍ മറിഞ്ഞുവീണ് 5 തൊഴിലാളികള്‍ മരിച്ചപ്പോള്‍, മൃതദേഹം നാട്ടില്‍ വിമാനമാര്‍ഗം എത്തിക്കാന്‍ സര്‍ക്കാര്‍ സൗകര്യം നല്‍കിയത്, കേരളത്തില്‍ നടന്ന കുടിയേറ്റ തൊഴിലാളികളുടെ ആദ്യത്തെ സംഘടിതസമരത്തിന്‍റെ വിജയമാണ്. തൊഴിലാളിക്ക് ആവേശവും പ്രചോദനവും നല്‍കിയ ഈ ഇടപെടല്‍ വരാന്‍പോകുന്ന അവകാശ പ്രക്ഷോഭങ്ങളുടെ തുടക്കമെന്ന നിലയില്‍ ചരിത്രത്തില്‍ അടയാളപ്പെടുത്തുക തന്നെ ചെയ്യും. തൊഴിലാളികളുടെ തികച്ചും ന്യായമായ അവകാശസമരത്തെ ഭയപ്പെടുന്നവര്‍ തൊഴിലാളികള്‍ക്കിടയില്‍ മാവോയിസ്റ്റുകള്‍ നുഴഞ്ഞ് കയറിയിട്ടുണ്ട് എന്ന പ്രചാരണം അഴിച്ചുവിട്ടുകൊണ്ടാണ് നേരിട്ടത.് താല്‍ക്കാലികമായിട്ടെങ്കിലും തൊഴിലാളികളെ ഭിന്നിപ്പിക്കുവാന്‍ ഈ പ്രചാരവേലയ്ക്കു കഴിഞ്ഞിട്ടുണ്ട്. ജനാധിപത്യ സമരങ്ങളെ ഭീകരവാദ തീവ്രവാദപ്രവര്‍ത്തനമായി മുദ്രകുത്തി അടിച്ചമര്‍ത്താനുള്ള നീക്കം ലോകവ്യാപകമായി തന്നെ നടക്കുന്നുണ്ട്. തൊഴിലാളികളെ ഭിന്നിപ്പിച്ചു തകര്‍ക്കുവാന്‍ ശ്രമിക്കുന്ന ശക്തികളെ തിരിച്ചറിയുകയും ഒറ്റപ്പെടുത്തുകയും ചെയ്യാനുള്ള ബാധ്യത യഥാര്‍ത്ഥ തൊഴിലാളിവര്‍ഗ പ്രസ്ഥാനങ്ങള്‍ക്കുണ്ട്. ജാതി മത ഭാഷാ ദേശീയതകളുടെ സങ്കുചിതത്വങ്ങള്‍ക്കതീതമായി ഐക്യപ്പെടുകയും തങ്ങളുടെ ദൈനംദിന ജീവിതത്തില്‍ അനുഭവിക്കുന്ന നീറുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനു വേണ്ടിയുള്ള പ്രക്ഷോഭങ്ങളില്‍ പങ്കാളികളാകുകയും ചെയ്യേണ്ടതുണ്ട്. പതിനായിരങ്ങള്‍ നഗരങ്ങളിലെ ചേരിയിലേക്ക് കുടിയേറുകയും തൊഴില്‍ വിപണിയില്‍ വിലപറഞ്ഞ് വില്‍ക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഗാര്‍ഹിക തൊഴിലാളികള്‍, മാലിന്യം നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നവര്‍, മത്സ്യതൊഴിലാളികള്‍, ഫാക്ടറി തൊഴിലാളികള്‍, നിര്‍മ്മാണതൊഴിലാളികള്‍ തുടങ്ങിയ അസംഘടിത മേഖലയിലെ തദ്ദേശീയരായ തൊഴിലാളികളും കുടിയേറ്റതൊഴിലാളികളുമായുള്ള ഐക്യം ഒരു അനിവാര്യതയാണ്.