news-details
കഥ

അയ്മ്പതു ശതമാനം

വേലായുധന്‍കുട്ടീന്ന് പറേണ വേലാട്ടിയ്ക്ക് കള്ള്ഷാപ്പ് കത്തിയ്ക്കാനാ തോന്നണത്. എല്ലാ കഴുവേറി മക്കളും ഇര്ന്ന് ചിരിക്കന്ന്യാണ്. ചന്ദ്രീടെ കാര്യം പറയുമ്പോ എല്ലാര്ക്കും സന്തോഷം. വേലാട്ടിടെ തിക്ക്മുട്ട് ആര്ക്കും അറിയണ്ട.

കഴിഞ്ഞ തവണ മാര്‍ക്കിസ്റ്റുകള്‍ക്ക് ഓട്ട് കൊടുക്കാന്‍ പാടില്ല്യാര്ന്നു. അതോണ്ടാണ് ഈ കൊഴപ്പം വന്നത്. അച്ചുമമാനും പെണറായിയ്ക്കും ഒന്നും വേലാട്ടീന്റെ ദണ്ണം കാണണ്ടല്ലോ. അവര്ടെ വീട്ട്കാരൊക്കെ കുടുമ്മത്തിരുന്നോളുവേരിയ്ക്കും. കോങ്കറ്സ്സ്കാരായിരുന്നൂച്ചാല്‍ ഒര് കാലത്തും ങ്ങനെ ചതിക്കില്ലാര്ന്നൂ. അവര് പെണ്ണ്ങ്ങള്‍ടെ വില്ല് ഇപ്പോ ശര്യാക്കാം ഇപ്പോ ശര്യാക്കാംന്ന് പറേണതല്ലാണ്ട് ഒന്നും ചെയ്ത് ങ്ങ്നെ കഷ്ടപ്പാട്ണ്ടാക്കീല്ല്യാ. ഇനീപ്പൊ വല്ല്തും അങ്ങ്നെ വേണ്ടി വന്നാത്ത്ന്നെ അവര്ടെ സൊന്തം ചെല പെണ്ണ്ങ്ങളെ അവടീം ഇവടീം പേരിന് നിറ്ത്തി കാര്യങ്ങട് തീര്‍ത്തേനെ. ഇതിപ്പോ അങ്ങന്യാണോ? പെണ്ണങ്ങള് മാത്രേ ള്ളൂ ഈ നാട്ട്ല് എന്ന മട്ട്ലാ ഈ തെരഞ്ട്പ്പ്.
ചന്ദ്രിയോട് സ്ഥാനാര്‍ത്തിയാവാന്‍ സമ്മതമല്ല എന്ന് പറ്യ്യാന്‍ ചട്ടം കെട്ടീരുന്നതാ. എന്നാലും പെണ്ണല്ലേ യാതി. നാലാള് പൊക്കീപ്പോ അങ്ങ്ട് മാനത്ത്ക്ക് പൊങ്ങി.

അവളാത്രെ ഈ വാര്‍ഡില് മത്സരിയ്ക്കണ്! വീട്ട്ല് എത്തട്ടെ, നാലെണ്ണം പൊട്ടിച്ച് ഈ സൂക്കേടാ മാറ്റും. വേലാട്ടിയ്ക്കറീല്ലേ അവളെ നെലയ്ക്ക് നിറ്ത്താന്‍.

കാര്യം കുടുമ്മശ്രീല് അവള് ഇണ്ട്. അച്ചാറും പലഹാരോം ഇണ്ടാക്ക്ണ പണീം ചെയ്യ്ണ്ട്. കുറ്റ്ം പറ്യാന്‍ ഒന്നുല്ല. ആയിരം രൂപയൊക്കെ കിട്ട്ണും ഇണ്ട്. അവളുക്ക് തിരോന്തരത്ത് വെച്ച് കുടുമ്മശ്രീ മേടത്തിന്‍റെ കൈയീന്ന് സമ്മാനോം കിട്ടി.

ആ കാശു കൂടി കൊടുത്ത്ട്ടാ ജോസ്കോല് പോയി കമ്മലും വളേം വാങ്ങീത്. തെകയാത്ത കാശ് ആണിനെപ്പോലെ അന്തസ്സായി വേലാട്ടി കൊട്ത്തു. അവള് പണ്ടം കെട്ടി സന്തോഷിയ്ക്കട്ടെ.

അവള് നല്ല പെണ്ണാണ്. വല്യ വാശ്യൊന്നും കാട്ടീട്ടില്ല. കാട്ടീന്ന് തോന്നിയപ്പളൊക്കെ ചെകിട് അടിച്ച് പൊളിച്ചട്ടൂണ്ട്ന്ന് വെച്ചോ. ആണിനെ പേടിച്ച് കഴീണം പെണ്ണ്, ന്നാലെ കുടുമ്മത്തിനൊറപ്പ്ണ്ടാവൂ.

കുടുമ്മശ്രീലു ചെന്ന് അച്ചാറും പലഹാരോണ്ടാക്കണ പോലല്ല, പഞ്ചായത്ത് മത്സരിയ്ക്കല്. അത് വേലാട്ടിയ്ക്ക് ഇഷ്ടല്ല. ആണങ്ങള് പണീം കഴിഞ്ഞ് വരുമ്പോ പെണ്ണങ്ങള് വീട്ട്ല് ഇണ്ടാവണം. ഒരിറ്റ് ചായ വെള്ളത്തിനും ഇത്തിരി ചൂട് വെള്ളം കാച്ചി കുളിപ്പെരേ വയ്ക്കാനും മീന്‍വെച്ച് വെളമ്പിത്തരാനും ഒക്കെ. തണപ്പ്ത്ത് ഒന്നു പിടിച്ചൂട്ടി നേര്‍ത്തെ കെടക്കണംന്ന് തോന്നിയാ പെണ്ണ് വീട്ട്ല് വേണ്ടേ? പെണ്ണങ്ങള് ജയ് വിളിച്ച് നാട് നന്നാക്കാന്‍ ഓടിപ്പാഞ്ഞ് നടന്നാ കെട്യോന്മാര് എന്തെടുക്കംന്നാ ഈ പാര്‍ട്ടിക്കാരു വിചാരിച്ചേ?

ഈറകൊണ്ട് വേലാട്ടി ആഞ്ഞു തുപ്പി. അയ്മ്പതു ശതമാനം പെണ്ണങ്ങളാത്രേ പഞ്ചായ്ത്ത്ന്! അപ്പോ അത്രേം കുടുമ്മം തൊലഞ്ഞൂന്നാ അര്‍ത്തം. പാര്‍ട്ടില് അതിന് പെണ്ണ്ങ്ങളില്ലേ ആവോ? അല്ലെങ്കീ പെണ്ണുങ്ങള്‍ടെ വാക്ക് കേക്കണതാണ് കേമംന്ന് വിചാരിയ്ക്കണ ചെല കോന്തമമാര് ആണുങ്ങള്‍ടെ വീട്ട്ന്ന് പെണ്ണുങ്ങളെ എറക്കിയാലും മതിയായിര്ന്ന്. ഈ വേലാട്ടീന്‍റെ കുടുമ്മം കലക്കീട്ട് വേണോ വാര്‍ഡില് ആളെ നിറ്ത്താന്‍. 'കീഴ്ക്കടെള്ള പെണ്ണ്ങ്ങളെ വേണം മത്സരിപ്പിയ്ക്കാന്‍, മ്മ്ടെ മേത്ത് കേറണ പെണ്ണങ്ങള് പറ്റ്ല്യ. അവറ്റ പറഞ്ഞാ കേക്കില്ല.' പാര്‍ട്ടി മെമ്പ്ര് പറ്ഞാണ്, വേലാട്ടി കേക്കെ. എന്ന്ട്ട് ഒരു വെടലച്ചിരീം. അത് ഇങ്ങനെ കത്തിക്കെട്ക്കാ വേലാട്ടീന്റെ ഉള്ളില്. ജയിച്ച്ങ്ങട് ചെന്നാ എന്തൊക്ക്യാവോ അവര് പറഞ്ഞാ കേപ്പിക്കാ?

ഇമ്മ്ടെ നാട്ട്ല് ഉള്ളതൊക്കെ ആണങ്ങളുടെ പാര്‍ട്ടികളല്ലേ? ആണങ്ങള് അപ്പ്ടി മയക്കി പഞ്ചാരേട്ട് പറഞ്ഞാലും അവമ്മാരുടെ ഉള്ളിലിരുപ്പ് എന്താവുംന്ന് വേലാട്ടിയ്ക്ക് അറീല്ലേ? അതിനു കാലത്ത് വേലാട്ടീം നല്ല ഉശിര്ള്ള ഒരാണല്ലേ? പെണ്ണങ്ങള് ഭരിച്ചിട്ട് നാടൊന്നും നന്നാവാന്‍ പോണ്ല്ല. ഇന്ദ്രാഗാന്ധി ഭരിച്ചു, ജയലളിത ഭരിച്ചു, എന്ത് തേങ്ങ്യാ ഇണ്ടായത്? തമിഴ്മ്മാരും ഹിന്ദീക്കാരും ആണുങ്ങളും പെണ്ണുങ്ങളും പൊക്കണോം തൂക്കി നമ്മ്ടെ നാട്ട്ലും കൂടി തെണ്ടിത്തിരിഞ്ഞ് വന്ന് കഴീണൂ. തനി പരോശായിട്ട്. കണ്ടാ കഞ്ഞി കിട്ടാത്ത വക. ഇങ്ങനെ കൊറെ ആള്‍ക്കാരെ ഊരു തെണ്ടാന്‍ വീടിയ്ക്കാനാണാ പെണ്ണങ്ങള് ഭരിയ്ക്ക്ണ്?

വീട്ടില്‍ കയറിയതും വേലാട്ടി ഉറക്കെ വിളിച്ചു 'ഇവ്ടെ വാടീ നായിന്റെ മോളെ...' ചന്ദ്രിയ്ക്ക് നല്ല പരിഭ്രമണ്ടായിരുന്നു. വേലാട്ടിയ്ക്ക് ഇഷ്ടമല്ല എന്ന് പാര്‍ട്ടിക്കാരോട് ആവുന്നത്ര പറഞ്ഞു നോക്കീതാ. കല്യാണിടീച്ചറും കൂടി നിര്‍ബന്ധിച്ചപ്പോ എതൃത്ത് നിക്കാന്‍ പറ്റിയില്ല. കുടുംബശ്രീലെ പ്രവര്‍ത്തനം ത്ര കേമായത് ടീച്ചറ് പറ്ത്തൊക്കെ കേട്ടപ്പളാ. തീരോന്തരത്ത്ച്ച് വല്യ മേടത്തിന്‍റെ കൈയീന്ന് സമ്മാനം മേടിയ്ക്കാന്‍ പറ്റീതും അതുകൊണ്ടല്ലേ?

ഹാള് നെറച്ചും ആള്‍ക്കാര്ണ്ടാര്ന്നു. അന്ന്ത്ത് മാതിരി കാത് മൂളണ ഒരു കൈയടി ജീവിതത്തിലിന്നേ വരെ കേട്ട്ട്ട്ല്ല. ആ സന്തോഷം പറ്ഞ്ഞാ അങ്ങേര്ക്ക് തിരിയില്ല.

കെട്ടും മൂട്ട്ന്ന് മാറിയാ പെണ്ണങ്ങള് മ്മ്ടെ കൈവിട്ട് പെഴച്ച് പോമോന്നാ സകല ആണങ്ങള്‍ടേം ദണ്ണം. ന്റെ കണ്ണ് തെറ്റിയാ ന്റെ പെണ്ണിനേം കൊണ്ട് മറ്റേ ആണ് ഓടോന്ന് പേടിച്ച്ട്ടാ ഓരോ ആണും കഴീണത്. ന്ന്ട്ട് പെണ്ണുങ്ങളാ പെണ്ണ്ങ്ങള്‍ടെ ശത്രുക്കള്ന്ന് തൊള്ള പൊളിയ്ക്കേം ചിയ്യും.

പൊറത്തേയ്ക്ക് വന്ന ചന്ദ്രീടെ മൊഖമടച്ചാണ് അടി വീണത്. അവള് തെറിച്ചു പോയി. വേലാട്ടിയ്ക്ക് കലിയാരുന്നു. കലിയടങ്ങോളം അവളെ ചവ്ട്ടിക്കൂട്ടി. അറീന്ന തെറിയോളൊക്കെ അലറി.

കാറലും നെലോളീം കേട്ട് അയലത്ത്കാര്ക്കൊപ്പം കല്യാണി ടീച്ചറും കൃഷ്ണന്‍ മാഷും വന്നു. മാഷ് വേലാട്ട്യെ പിടിച്ച് മാറ്റി.

വേലാട്ടിയ്ക്ക് ഈറോണ്ട് പ്രാന്ത് കേറി, മാഷ്ടെ മുമ്പിലന്നെ നാലടിയാ കൊടുത്ത്, ചന്ദ്രീടെ ചെപ്പയ്ക്ക്. മാഷും ടീച്ചറും ഒന്ന് പേടിച്ചൂന്ന് കണ്ടപ്പോ വായ തൊറന്നങ്ങട് അലറി. 'ഇവ്ള്ന്റെ പെണ്ണാ. ഞാന്‍ ഇവ്ളെ തല്ലും കൊല്ലും, അതെന്റെ ഇഷ്ടാ, ആരാ ചോദിയ്ക്കാന്‍ വരണ്? ഇവ്ള് ഒരു പഞ്ചായത്ത്നൂല്ല്യാ, അവ്ളെ നിര്ത്തി ആരും ങ്ങനെ ഞെളീണ്ട.'

അപ്പോ ആരാണ്ടും പറഞ്ഞു, 'അത് ശര്യാ. അവനാന്റെ വീട്ട്ലെ തല്ലും വഴ്ക്കും മാറീട്ട്ല്ലേ ചന്ദ്രിയ്ക്ക് നാട് നോക്കാമ്പ്റ്റാ. അച്ചാറും പലഹാരോണ്ടാക്കണ മാതിരിയ്ല പഞ്ചായത്തെ പണീ.'

'സ്വന്തം കെട്ട്യോനെ ശരിയ്ക്കാക്കന്‍ പറ്റാത്തോളാണ് നാട് ശരിയ്ക്കാക്കാന്‍ പോണ്'.

'നീയ് സത്യം ചെയ്തു പറേടീ, ഇപ്പോ സത്യം ചെയ്യ്. നീയ് പോണ്‍ല്യാന്നു' ചന്ദ്രീടെ തലമുടില് പിടിച്ച് ആട്ടീട്ട്, വേലാട്ടി കൈയോങ്ങി.

ചന്ദ്രീ വല്യ ഒച്ചേല്  കരഞ്ഞോണ്ട്, വേലാട്ടി പറഞ്ഞപോലെ സമ്മതിച്ചു. മൊഖോം പൊത്തി കൊഴഞ്ഞ് വീണ അവളെ വലിച്ച് അകത്തേക്ക് ഇട്ടിട്ട് വാതല് പൊറത്ത്ന്നും കുറ്റീട്ടു.
'കൂത്തിച്ചി, പൊറത്തെറങ്ങിയാ അറ്ക്കും ഞാന്‍'

വെറ്ങ്ങ്ളിച്ച് നിന്ന മാഷും ടീച്ചറും ബാക്കി എല്ലാവരും പോണ വരെ കാര്‍ക്കിച്ച് തുപ്പീം തെറി പറഞ്ഞും മിറ്റത്ത് നടന്ന്.

'കുടുംബ വഴക്കിലിടപെടരുത്, അതാണ് ശരി. അപ്പോഴേ പറഞ്ഞതല്ലേ? തന്‍റെ നിര്‍ബന്ധംകൊണ്ട് വന്നിട്ട്... ഞാനിപ്പോള്‍ നാണം കെട്ടു.' മാഷ് മടുപ്പല് പിറുപിറുക്ക്ണതും ടീച്ചറ് മുണ്ടാണ്ട് കൂടെ പോയതും കണ്ട്. അത് കഴിഞ്ഞ് എല്ലാരും പോയപ്പോ വേലാട്ടി വാശിക്ക് തിരിച്ച് ഷാപ്പിലെത്തി. അപ്പ്ഴാച്ചാല് അവ്ട്ത്തെ മുഴോന്‍ കള്ളും കുടിച്ച് വറ്റിയ്ക്കാനുള്ള ദാഹോണ്ടായി. രണ്ട് കുപ്പിയും കൂടി അകത്താക്കിയിട്ട് വേലാട്ടി മാര്‍ക്സിസ്റ്റുകാരെ കുടുമ്മം കലക്ക്യോളെന്ന് പ്രാകി. ടീച്ചറേം മാഷേ  പ്രാകീപ്പോ ഇത്തിരി ഒച്ച കൊറ്ച്ചു. ന്തായാലും മ്മ്ടേ അയലക്കം ല്ലേ. കൈത്തണ്ടയ്ക്ക് നല്ല ബലമുള്ള  വേലാട്ടീടെ പെണ്ണാണ് ചന്ദ്രി. അവള് വീട്ടിനു പൊറത്തിറങ്ങില്ല്യാന്നും അതോണ്ട് വേറാരേങ്കിലും കൊണ്ടന്ന് പഞ്ചായത്താക്കാനും വേലാട്ടി പാര്‍ട്ടിയോട് അങ്ങ്ട് പറഞ്ഞാ കൊട്ത്ത്.

നല്ല എരിവുള്ള പാര്‍ട്ടിക്കാരൊന്നും അപ്പോ ഷാപ്പില്ണ്ടാരുന്നില്ല. കുറച്ച് തമിഴന്മാരും ഹിന്ദിക്കാരും മാത്രേണ്ടാരുന്നുള്ളൂ. അവരൊന്നും വേലാട്ടിയെ ശ്രദ്ധിച്ചൂല്ല.

കുറച്ച് നേരംകൂടി കുത്തിയിരുന്ന് പലതും പുലമ്പിയിട്ട് വേലാട്ടി മുണ്ടഴിച്ച് തലയില്‍ കെട്ടി ഇഴഞ്ഞിഴഞ്ഞ് വീട്ടിലേയ്ക്ക് പോയി. അല്ല; ഈ കോലത്ത് വേറെ എങ്ങ്ടാ പോവാമ്പ്റ്റാ?

You can share this post!

ഇഡാ

ലിന്‍സി വര്‍ക്കി
അടുത്ത രചന

കമ്മല്‍

ജിജോ ജോസഫ് എന്‍.
Related Posts