news-details
ഇടിയും മിന്നലും

ഫോണ്‍ പാട്ടുപാടുന്നതുകേട്ടാണ് നല്ല ഉറക്കത്തില്‍നിന്നും ഉണര്‍ന്നത്. സമയംനോക്കി, പന്ത്രണ്ടര കഴിഞ്ഞു.

"മാര്‍പ്പാപ്പാ രാജിവച്ചോ അച്ചാ?"

വേവലാതിയോടെയുള്ള ചോദ്യം. സ്വരംകേട്ടപ്പോള്‍ ആളെ മനസ്സിലായി. സഭാകാര്യങ്ങളില്‍ വലിയ തീക്ഷ്ണമതിയാണ് വിളിച്ച ഈ പാര്‍ട്ടി. 'ബളബളാ'ന്നു വര്‍ത്തമാനം പറയുന്ന ആളായതുകൊണ്ട് സാധാരണ ഇങ്ങേരു വിളിച്ചാല്‍ ഞാന്‍ ഫോണെടുക്കാറില്ലായിരുന്നു. മുതുപാതിരായ്ക്കു ഉറക്കച്ചടവില്‍ ആരാണെന്നു നോക്കാതെയായിരുന്നു ഫോണ്‍ ഓണാക്കിയത്.

"ഞാന്‍ മാര്‍പ്പാപ്പായുടെ സെക്രട്ടറിജോലി കഴിഞ്ഞമാസം രാജിവച്ചകാര്യം അറിഞ്ഞില്ലായിരുന്നോ?"

"അച്ചന്‍ ചുമ്മാ തമാശു പറയാതെ, ശരിയാണോന്നു പറ. എനിക്കിപ്പോള്‍ വാട്സാപ്പില്‍ കിട്ടിയ മെസ്സേജാ,  ഞാനത് അച്ചനു ഫോര്‍വേഡ് ചെയ്തിട്ടുണ്ട്."

"മെസ്സേജ് ഞാന്‍ നാളെ നോക്കിക്കോളാം. ഏതായാലും പുതിയ പാപ്പായെ തെരഞ്ഞെടുക്കാന്‍ ഇയാളെ ക്ഷണിച്ചിട്ടൊന്നുമില്ലല്ലോ, തല്‍ക്കാലം കെടന്നൊറങ്ങാന്‍നോക്ക്."

ഞാന്‍ ഫോണ്‍ കട്ടുചെയ്തെങ്കിലും ഉടനെതന്നെ വാട്സാപ്പു തുറന്നു. ചുമ്മാ സ്റ്റണ്ട്. പലരും നേരത്തെ അയച്ചുതന്നിരുന്ന ഒരു മെസ്സേജുതന്നെ. പാപ്പാ അടുത്തയിടെ നടത്തിയ ഒരു പ്രഭാഷണത്തെ, വിടവാങ്ങല്‍ പ്രഖ്യാപനമായി വ്യാഖ്യാനിച്ച് ആരോ സോഷ്യല്‍ മീഡിയായില്‍ പടച്ചുവിട്ട മെസ്സേജായിരുന്നു അത്. ഫോണ്‍ ഓഫാക്കി കിടന്നുറങ്ങി.

അതുകൊണ്ടതവസാനിച്ചു എന്നായിരുന്നു ഞാന്‍ കരുതിയത്. പക്ഷേ പിറ്റേദിവസം ഉച്ചയാകാറായിക്കാണും, ഞാന്‍ മുറ്റത്തുനില്‍ക്കുമ്പോള്‍ കാറില്‍ വന്നിറങ്ങിയത് അതേ ഭക്താത്മാവ്! ഒരു പിശാചിനെ ഇറക്കിവിട്ടാല്‍ അതിനെക്കാള്‍ ശക്തിയുള്ള ഏഴെണ്ണത്തിനെയുംകൊണ്ടതു തിരിച്ചുവരുമെന്നു കര്‍ത്താവു സുവിശേഷത്തില്‍ പറഞ്ഞതുപോലെ, ഏഴില്ലായിരുന്നെങ്കിലും വേറെ രണ്ടെണ്ണംകൂടെയുണ്ടായിരുന്നു കൂട്ടത്തില്‍. മുന്നില്‍പെട്ടുപോയതുകൊണ്ടു മുങ്ങാനും, പണിവേഷത്തിലായിരുന്നതുകൊണ്ടു തെരക്കാണെന്നു പറഞ്ഞൊഴിവാക്കാനും പറ്റാത്ത അവസ്ഥ.

"ഫോണ്‍ചെയ്താല്‍ അച്ചനെടുക്കത്തില്ലെന്നറിയാം അതുകൊണ്ടാണു നേരിട്ടിങ്ങു പോന്നത്."
"എടുക്കാത്തതല്ലെന്നേ, ഇവിടെ റേഞ്ചു തീരെക്കുറവാ, അതുകൊണ്ടാ. തന്നെയല്ല, നാക്കിനെല്ലില്ലാത്തവരു വിളിച്ചാല്‍ ഓട്ടോമാറ്റിക്കായിട്ടു വിളി ബ്ലോക്കാക്കുന്ന ഒരു പുതിയ 'ആപ്' ഞാനെന്‍റെ ഫോണില്‍ കേറ്റിയിട്ടുമുണ്ട്."

"അച്ചന്മാരു കള്ളംപറയത്തില്ലെന്നും വാക്കു പാലിക്കുന്നവരാണെന്നും പണ്ടൊക്കെ ഞങ്ങക്കൊരു ധാരണയുണ്ടായിരുന്നു. ഇപ്പം വാക്കെന്നല്ല, ഒന്നും പാലിക്കാത്തവരാണ് അച്ചന്മാരെന്ന് ലോകത്തെല്ലാവര്‍ക്കുമറിയാം."

യാതൊരു പ്രതിപക്ഷ ബഹുമാനവുമില്ലാതെ മുഖത്തടിച്ചതുപോലെ സംസാരിക്കുന്ന ആളാണെന്നോര്‍ക്കാതെ വെറുതെ വടികൊടുത്ത് അടിവാങ്ങിച്ചു! തിരിച്ചടിച്ചാല്‍ അവസാനം ഞാന്‍തന്നെ ആയുധംവച്ചു കീഴടങ്ങേണ്ടി വരുമെന്നു തമ്പുരാന്‍ തോന്നിച്ചതുകൊണ്ട് അടവുമാറ്റിപ്പയറ്റാന്‍ എന്താണൊരു വഴിയെന്നാലോചിച്ചു.

"ഇദ്ദേഹത്തിന്‍റെ സ്വഭാവം നന്നായോന്നറിയാന്‍ ഞാന്‍ ചുമ്മാ ഒരു വളിപ്പു പറഞ്ഞതല്ലേ?"

"വളിപ്പൊന്നുമല്ല അച്ചന്‍ എന്നെ കളിയാക്കാന്‍വേണ്ടിത്തന്നെ പറഞ്ഞതാ. ഇന്നലെ രാത്രീല്‍ ഞാന്‍ ഫോണ്‍ചെയ്തപ്പോളത്തെ മറുപടി കേട്ടപ്പളേ അതു മനസ്സിലായി. ഞാന്‍ ബളുബളാന്നു വര്‍ത്തമാനം പറയുമെന്ന് അച്ചന്‍ ആരോടോ പറഞ്ഞതും ഞാനറിഞ്ഞു. പണ്ട് അച്ചന്‍ ചെയ്ത ആ ഒറ്റ സഹായമോര്‍ത്താണ് ഞാനെന്‍റെ മറുഭാഷയൊന്നും ഇപ്പോളിറക്കാത്തത്."

എന്‍റെ മര്‍മ്മം നോക്കിയാണ് അയാളു കാച്ചിയത്. ചമ്മിപ്പോയി. ഒരു രൂപതയുടെ സ്കൂളിലെ അദ്ധ്യാപകനായിരുന്നു ഇദ്ദേഹം. പഠിപ്പീരിന്‍റെ കാര്യത്തില്‍ ബെസ്റ്റ്. കുട്ടികളുടെ ഡിസിപ്ലിന്‍റെ കാര്യത്തില്‍ ഹെഡ്മാഷിനെക്കാള്‍ നിഷ്ഠ. പക്ഷേ മാനേജുമെന്‍റുമായി സ്ഥിരം ഉരസല്‍. നിയമനത്തിനു കോഴ വാങ്ങുന്നെന്നും, സര്‍ക്കാരു കൊടുക്കുന്ന ഗ്രാന്‍റ് സ്കൂളില്‍ ചെലവഴിക്കുന്നില്ലെന്നും അങ്ങനെ ഒത്തിരി പരാതികള്‍. ഇടവകക്കാരന്‍തന്നെ ആയതുകൊണ്ട് പള്ളിപ്പൊതുയോഗത്തിലും, സ്കൂളില്‍ സ്റ്റാഫ് മീറ്റിങ്ങിലും, പുറത്തു നാട്ടുകാരോടും, ക്ലാസ്സില്‍ ചിലപ്പോള്‍ കുട്ടികളോടുപോലും ഇതെല്ലാം പറഞ്ഞ് 'കുഴപ്പക്കാരന്‍' എന്ന ലേബലു കിട്ടി. പലപ്രാവശ്യം മാനേജരും, കോര്‍പറേറ്റുമാനേജരും താക്കീതു കൊടുത്തെങ്കിലും അങ്ങേരതൊന്നും കാര്യമായിട്ടു വകവച്ചില്ല. അവസാനം അതിനുള്ള മരുന്നു കോര്‍പറേറ്റുമാനേജരു കൊടുത്തു. രണ്ടുമണിക്കൂറെങ്കിലും യാത്രാദൂരമുള്ള കോര്‍പറേറ്റിന്‍റെ കീഴിലുള്ള വേറൊരു സ്കൂളിലേക്ക് ആളിനു ട്രാന്‍സ്ഫര്‍ കൊടുത്തു. നിയമപരമായ പഴുതുകളെല്ലാം അടച്ചുകൊണ്ടുള്ള നിയമനം ആയിരുന്നതുകൊണ്ട് കേസിനുപോയാലും രണ്ടുകൊല്ലം കഴിയാതെ അവിടെനിന്നു തിരിച്ചുപോരാന്‍ പറ്റത്തില്ലായിരുന്നു.

ആ സാഹചര്യത്തിലായിരുന്നു, റ്റീച്ചറായിരുന്ന ഭാര്യയുടെ നിര്‍ബ്ബന്ധത്തിനു വഴങ്ങി അയാള്‍ ധ്യാനത്തില്‍ പങ്കെടുക്കാനെത്തിയത്. അയാള്‍ക്കു പറയാനുണ്ടായിരുന്നതെല്ലാം കേട്ടു. ശരിയല്ലെന്നുതോന്നുന്ന എന്തിനോടും പ്രതികരിക്കുന്ന സ്വഭാവമാണെന്നും അതുവഴി ഒരുപാടുപേരോട് ഉടക്കുണ്ടാക്കിയിട്ടുണ്ടെന്നും അയാളുതന്നെ സമ്മതിച്ചു. ഇനിയും ശ്രദ്ധിക്കാമെന്നും മാനേജരോടു പോയി മാപ്പുപറഞ്ഞ് അടങ്ങിയൊതുങ്ങി ഇരുന്നുകൊള്ളാമെന്നും ആളു സമ്മതിച്ചു. കാര്യങ്ങളെല്ലാം സംസാരിച്ചു ധാരണയിലാക്കിക്കഴിഞ്ഞപ്പോള്‍, ഉറപ്പൊന്നും കൊടുത്തില്ലെങ്കിലും ഞാന്‍ മദ്ധ്യസ്ഥനാകാമെന്നു സമ്മതിച്ചു. അതനുസരിച്ചു താമസിയാതെ ഒരുദിവസം, എനിക്കു യാതൊരു പരിചയവുമില്ലാതിരുന്ന കോര്‍പൊറേറ്റു മാനേജരച്ചനെ കാണാന്‍ പോയി. 'ഇതു സ്കൂളിന്‍റെ കാര്യം, അച്ചനീക്കാര്യത്തില്‍ ഇടപെടാന്‍ പോരണ്ടാ, അതു ഞാന്‍ നോക്കിക്കോളാം' എന്നു പറഞ്ഞ് എന്നെ ഒഴിവാക്കുമെന്നുതന്നെ പ്രതീക്ഷിച്ചായിരുന്നു ചെന്നത്. ഞാന്‍ കാര്യങ്ങള്‍ പറഞ്ഞുതീരുന്നതിനുമുമ്പുതന്നെ അച്ചന്‍ പറഞ്ഞു:

"സാറു ധ്യാനിക്കാന്‍ പോയിട്ടുണ്ട് എന്നറിഞ്ഞപ്പോള്‍തന്നെ, ഞാനദ്ദേഹത്തിന്‍റെ ട്രാന്‍സ്ഫര്‍ റദ്ദാക്കിക്കഴിഞ്ഞിരുന്നച്ചാ. സ്ഥലംമാറ്റിയതുകൊണ്ട് ആളിനൊന്നുകൂടെ വൈരാഗ്യം കൂടുകയല്ലാതെ ഒരുഗുണവും ഉണ്ടാകില്ലെന്ന് അറിയാഞ്ഞിട്ടല്ല. വായ് തുറന്നാല്‍ അധികാരികള്‍ക്കും മാനേജുമെന്‍റിനുമെതിരായി ചീത്തമാത്രം പറയുന്ന അയാള്‍ക്കെതിരെ എന്തെങ്കിലും ആക്ക്ഷന്‍ എടുത്തില്ലെങ്കില്‍, ആര്‍ക്കും എന്തുമാകാം എന്നൊരു ധാരണയുണ്ടാകുമല്ലോ എന്നു കരുതിയാണ് ഇതുചെയ്തത്. അച്ചന്‍വന്നു പറഞ്ഞില്ലെങ്കിലും അടുത്തയാഴ്ച വിളിച്ച് ഞാനങ്ങേരോടു ട്രാന്‍സ്ഫര്‍ ക്യാന്‍സല്‍ചെയ്തെന്നു പറയാനിരിക്കുകയായിരുന്നു. അങ്ങേര് ആരോടും മാപ്പൊന്നും പറയണ്ടാ. കാരണം അയാള്‍ പറയുന്നതിലും കുറെയൊക്കെ കാര്യമുണ്ടെന്നെല്ലാവര്‍ക്കുമറിയാം. സംസാരത്തില്‍ കുറച്ചുകൂടെ മാന്യത അയാള്‍ കാണിച്ചാല്‍ മാത്രംമതി. അച്ചന്‍ വന്നുപറഞ്ഞതുകൊണ്ടാണ് ട്രാന്‍സ്ഫര്‍ റദ്ദുചെയ്തത് എന്നുതന്നെ ഇരുന്നോട്ടെ. ഞാനും അങ്ങേരോട് അങ്ങനെതന്നെയങ്ങു പറഞ്ഞേക്കാം."

അച്ചന്‍ ആ വാക്കുപാലിക്കുകയുംചെയ്തു. അതാണു പണ്ടു ഞാനയാള്‍ക്കുചെയ്തെന്ന് പറയുന്ന ഉപകാരം.

"അച്ചന്‍തന്നെയല്ലെ എന്നെ ഈ പരുവത്തിലാക്കിയത്. അന്നച്ചനെന്നെക്കൊണ്ടു സത്യം ചെയ്യിച്ചതില്‍പിന്നെ പൊതുയോഗത്തിലോ, പള്ളിക്കൂടത്തിലോ ഞാനൊരു വക്കാണത്തിനും പ്രതിഷേധത്തിനുമൊന്നും പോയിട്ടില്ല. പക്ഷേ ഓരോന്നോരോന്നു കാണുമ്പോഴും കേള്‍ക്കുമ്പോഴുമൊക്കെ വല്ലാതെ നാക്കു ചൊറിയും. അതൊക്കെ ഞാനച്ചനോടു പറഞ്ഞിട്ടുള്ളതുപോലെ ഞങ്ങളഞ്ചാറു പെന്‍ഷന്‍കാര് വട്ടംകൂടിയിരുന്നു പറഞ്ഞു സമാധാനിക്കും. അവിടംകൊണ്ടു തീരാതെവരുമ്പോളാ അച്ചനെ വിളിക്കുന്നത്. അതിനാണ് അച്ചന്‍പറയുന്നത് ഞാന്‍ ബളുബളാന്നു വര്‍ത്തമാനം പറയുന്നെന്ന്."

"പോട്ടെ, വിഷയം വിട്. കൂട്ടത്തിലുള്ളവരെ പരിചയമില്ലല്ലോ."

"അച്ചന്‍ വിഷയം മാറ്റാന്‍ നോക്കുവാ. ഞാനെന്നു വിളിച്ചാലും അച്ചന്‍ പെട്ടെന്നു കട്ടുചെയ്യും. ഞാന്‍ വാ തുറന്നാല്‍ ബളുബളാന്നു പറഞ്ഞോണ്ടിരിക്കുമെന്ന് അച്ചന്‍ ഈയിടെ ഒരച്ചനോടു പറഞ്ഞില്ലേ, അതിന്‍റെ കാര്യമൊന്നറിയാനാ ഞാനിവരെയുംകൂട്ടി വന്നത്."

"എന്നെ തട്ടിക്കൊണ്ടുപോയി 'മൊഴി എടുക്കാ'നാ ആളുംകൂട്ടി വന്നതെങ്കില്‍ വെറുതെയാ. ഇങ്ങനെ ഒണക്കമത്തിപോലെ ഇരിക്കുന്നതൊന്നും കൂട്ടാക്കണ്ട. നിങ്ങളെപ്പോലെ രണ്ടുമൂന്നെണ്ണത്തിനെ കൈകാര്യം ചെയ്യാന്‍ ഞാന്‍ ഒറ്റയ്ക്കുമതി. ഇവരാരാണെന്ന് ആദ്യം പറ. ഇയാളു കൂട്ടിക്കോണ്ടുവന്നിരിക്കുന്ന വല്ല വിജിലന്‍സുമാണോന്നറിയാനാ. ഞാന്‍ പറയുന്നതെല്ലാം റിക്കാര്‍ഡ് ചെയ്തിട്ട്, 'അച്ചന്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തുന്നു' എന്നുംപറഞ്ഞു സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത വരുമോന്നു പേടിച്ചിട്ടാ."

എന്‍റെ മയക്കുവെടി ഏറ്റെന്നു തോന്നി, അയാളുസഹിതം എല്ലാവരും ഉറക്കെയൊന്നു ചിരിച്ചു. ടെന്‍ഷനൊന്നയഞ്ഞു. എന്‍റെ ചമ്മലും പോയിക്കിട്ടി.

"ഇവരാരാണെന്നു പറഞ്ഞില്ലല്ലോ."

"അച്ചന്‍ പറഞ്ഞതു ശരിയാ, ഞങ്ങളു 'വിജിലന്‍സ്' തന്നെയാ. ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിനു ഞങ്ങളിട്ടിരിക്കുന്ന പേര് അതാണ്. വിളിച്ചുകൂവാനും, തര്‍ക്കിക്കാനും, ഏറ്റുമുട്ടാനും ഇനി പോകില്ലെന്നുള്ള ഉറപ്പിലാണല്ലോ അച്ചനന്നെന്നെ സഹായിച്ചത്. അതുകൊണ്ട് എന്നെപ്പോലെ പോരടിക്കാറുണ്ടായിരുന്ന അഞ്ചാറു പെന്‍ഷന്‍കാരെയുംകൂട്ടി ഞങ്ങളുണ്ടാക്കിയ ഗ്രൂപ്പാണ് 'വിജിലന്‍സ്'. ഞങ്ങളങ്ങനെ വാട്സാപ്പിലൂടെയും, ചിലപ്പോള്‍ ഒന്നിച്ചുകൂടിയും നമ്മുടെ സഭയില്‍നടക്കുന്ന കൊള്ളരുതായ്മകളെപ്പറ്റിയൊക്കെ പറഞ്ഞു സമാധാനിക്കും. അതു പോരെന്നു തോന്നുമ്പോളാണ് അച്ചനെ വിളിക്കുന്നത്. അന്നേരം അച്ചന്‍ ഫോണ്‍ എടുക്കത്തില്ല, എടുത്താലും പറയാന്‍പോലും സമ്മതിക്കത്തില്ല, പെട്ടന്നു കട്ടുചെയ്യും. അതിന്‍റെ കാര്യമൊന്നറിയാനാ ഞങ്ങളു 'വിജിലന്‍സ്' വന്നിരിക്കുന്നത്."

"ഏതായാലും എന്നെ തട്ടിക്കൊണ്ടു പോകത്തില്ലെന്നുറപ്പായ സ്ഥിതിക്ക് ഈ മുറ്റത്തിങ്ങനെ നില്‍ക്കണ്ട. അകത്തിരിക്കാം."

നേരെ ഭക്ഷണമുറിയിലേക്കുതന്നെ പോയി. ഓരോകപ്പു ചായ ഒഴിക്കുന്നതിനിടയ്ക്കു ഞാന്‍ പണി തുടങ്ങി.

"കാണുന്ന എന്തിനോടും പ്രതികരിക്കണമെന്നിത്ര നിര്‍ബ്ബന്ധമെന്തിനാ? പ്രതികരിക്കാന്‍ തോന്നിയാലുടനെ പ്രതികരിക്കണമെന്നിത്ര വാശിയെന്താ? വിവരമുള്ളവരോടെ പ്രതികരിക്കാവൂ. വിവേകപൂര്‍വ്വമേ പ്രതികരിക്കാവൂ. അല്ലാതെ പ്രതികരിക്കുന്നതിനെയാണ് 'ബളുബളാ'ന്നു പറയുന്നത്. അതാണതിന്‍റെ കെമിസ്ട്രി. ഭ്രാന്തനായാലും തന്തയ്ക്കുവിളിച്ചാല്‍ ഭയങ്കരമായിട്ടു പ്രതികരിക്കാന്‍തോന്നും, ശരിയല്ലേ? പ്രതികരിച്ചാലോ? അവനെക്കാളും ഭ്രാന്തു പ്രതികരിച്ചവനാണെന്നു മനസ്സിലാക്കാന്‍ ഓക്സ്ഫോര്‍ഡിലെങ്ങും പോയി പഠിക്കണമെന്നില്ലല്ലോ. ഇയാളു വിളിക്കുമ്പോള്‍ എടുക്കാത്തതും, എടുത്താല്‍ കട്ടുചെയ്യുന്നതും മിക്കപ്പോഴും ഇങ്ങനത്തെ ബളുബള ആയതുകൊണ്ടാ.

പിന്നെ വേറൊന്നുകൂടെയുണ്ട്. സ്വന്തമായ അജണ്ടകള്‍, എന്നുപറഞ്ഞാല്‍ സ്വന്തമായി നിശ്ചയിച്ചുറപ്പിച്ച താല്‍പര്യങ്ങള്‍വച്ചുകൊണ്ടു നീങ്ങുന്നവരോടു പ്രതികരിച്ചിട്ടെന്തു കാര്യം. ഉറങ്ങുന്നവനെയല്ലെ ഉണര്‍ത്താന്‍ പറ്റൂ, ഉറക്കം നടിക്കുന്നവനെ പറ്റില്ലല്ലോ! ഇയാളുടെ പ്രശ്നത്തിന്‍റെ വലിയഭാഗവും ഇവിടെയാണ്. സ്കൂള്‍ പ്രശ്നം അതായിരുന്നല്ലോ. അവര്‍ക്കൊക്കെ അവരവരുടെ അജണ്ടകളുണ്ട്. അതിലെ ശരിതെറ്റുകളറിയാത്തവരല്ല അവരാരും. സ്വന്തം അജണ്ടകള്‍ സാധിച്ചെടുക്കാന്‍ മാത്രം നോക്കുന്നവരും ശരിയുടെ പക്ഷത്തുനില്‍ക്കാന്‍ നട്ടെല്ലില്ലാത്തവരുമാണ് അവര്‍. ഉറക്കം നടിക്കുന്നവരാണ്. അവരോടു സഹതപിക്കാനല്ലേ ആവൂ!! അതുകൊണ്ടു വെറുതെ നിസ്സംഗരായിരുന്നാല്‍ മതിയെന്നല്ല. കൊല്ലന്‍റെ പണിചെയ്യണം. കൊല്ലനൊരിക്കലും പച്ചിരുമ്പ് അടിച്ചു പരത്താറില്ല. അത് ഉലയില്‍വച്ചു പഴുപ്പിക്കും. പഴുത്തു പാകമാകുമ്പോള്‍ അടിച്ചു നിരപ്പാക്കും. ഇയാളു പച്ചിരുമ്പടിച്ചു പരത്തുന്നത് കേള്‍ക്കാന്‍ നേരമില്ലാത്തതുകൊണ്ടാണ് ഫോണെടുക്കാത്തത്, എടുത്താലും കട്ടു ചെയ്യുന്നത്.

ഇന്നാളിയാള്‍ ആവേശത്തോടെ ചോദിച്ച ഒരു ചോദ്യംതന്നെ ഉദാഹരണം. 'കഴുവേറീടെ മോനേ'ന്നു പറയുന്നതിന്‍റെ അര്‍ത്ഥമറിയാമോന്നു ചോദിച്ചു. ഞാനപ്പോളേ കട്ടുചെയ്തു. പിന്നേം പിന്നേം വിളിച്ചപ്പോള്‍ ഞാനെടുത്തു. എന്തൊക്കെയാ അന്നു പറഞ്ഞത്, കഴുവേറി എന്നു പറഞ്ഞാല്‍, കുരിശില്‍ കയറിയവനെന്നാണര്‍ത്ഥം, കുരിശില്‍ കയറിയതു യേശുവാണെങ്കില്‍ കഴുവേറീടെ മോനെന്നു പറഞ്ഞാല്‍ ക്രിസ്ത്യാനീന്നാണര്‍ത്ഥം. അതു നമ്മളെ കൊച്ചാക്കാന്‍വേണ്ടി വര്‍ഗ്ഗീയവാദികള്‍ തെറിയാക്കിയതാണ്. നമ്മളതിനു പ്രതികരിക്കണ്ടേ എന്നു താന്‍ ചോദിച്ചപ്പോള്‍, എന്നാല്‍ ഇയാളു പള്ളീച്ചെന്ന് വികാരിയച്ചനെ 'എന്‍റെ പ്രിയ കഴുവേറീടെ മോനേ'ന്നു വിളിക്ക് എന്നു പറഞ്ഞു ഫോണ്‍ കട്ടു ചെയ്തു. വേലിയേലിരിക്കുന്നത് എല്ലാം വലിച്ചു .... ലേല്‍തന്നെ വയ്ക്കണോ?

ഇന്നലെ പാതിരാത്രിക്കുവിളിച്ച് 'മാര്‍പ്പാപ്പാ രാജിവച്ചോ'ന്നു ചോദിച്ചു. ബളുബള ഒഴിവാക്കാന്‍ അതിനുള്ള മറുപടീം ഞാനപ്പോളേ തന്നു. വിജിലന്‍സിനു കാര്യങ്ങളുടെ കിടപ്പു മനസ്സിലായോ? അതോ ഇനീം ചോദ്യംചെയ്യല്‍ തുടരുമോ?"

"ചില കാര്യങ്ങളില്‍കൂടി വ്യക്തത വരുത്തേണ്ടതിന് കൂടുതല്‍ ചോദ്യങ്ങള്‍ ചോദിക്കേണ്ടിയിരിക്കുന്നു."

"ചോദിക്കാമല്ലോ... "

"കേള്‍ക്കുമ്പോള്‍ അതും ബളുബളാ ആണെന്നു തോന്നിയാലും ചോദിക്കാതിരിക്കാന്‍ പറ്റത്തില്ല. എത്രയും പെട്ടെന്ന് ഈ മാര്‍പ്പാപ്പാ രാജിവയ്ക്കണേന്നു എല്ലാദിവസവും പ്രാര്‍ത്ഥിക്കുന്നവരാണ് ഞങ്ങളുടെ ഗ്രൂപ്പ്. ഒത്തിരി നല്ലകാര്യങ്ങള്‍ ചെയ്യുന്ന പാപ്പായാണെങ്കിലും കത്തോലിക്കാസഭ ഇല്ലാതാക്കാനുള്ള നീക്കമാണ് അറിയാതെയാണെങ്കിലും ഫ്രാന്‍സിസ് പാപ്പാ ചെയ്യുന്നതെന്നുറപ്പാണ്. കൃത്രിമായി യുദ്ധമുണ്ടാക്കി അഭയാര്‍ത്ഥികളെ സൃഷ്ടിച്ച്, അവരെയെല്ലാം യൂറോപ്പിലെ ക്രിസ്ത്യന്‍ രാജ്യങ്ങളിലേക്കു കടന്നുകയറാന്‍തന്നെ തുനിഞ്ഞിറങ്ങിയിരിക്കുന്ന ഇസ്ലാമിസ്റ്റുകള്‍ക്ക് എല്ലാ പിന്തുണയും നല്‍കുന്ന രീതിയില്‍ അഭയാര്‍ത്ഥികളെ മുഴുവന്‍ സ്വീകരിക്കണമെന്ന് നിരന്തരം അഭ്യര്‍ത്ഥിച്ച മാര്‍പ്പാപ്പാ ചെയ്തതു ശരിയാണോ? മാര്‍പ്പാപ്പായെ തിരുത്താന്‍ നമുക്കു പറ്റത്തില്ലല്ലോ, അതുകൊണ്ടാണ് അദ്ദേഹം എത്രയും നേരത്തെ രാജിവച്ചു പോകണമേന്നു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നത്. അതുകൊണ്ടായിരുന്നു ആ വാര്‍ത്ത കണ്ടയുടനെ രാത്രീത്തന്നെ അച്ചനെ വിളിച്ചത്."

"ഇയാളു ചോദിച്ചതു വെറും ബളുബളാ ആണെന്നു ഞാന്‍ പറയുന്നില്ല. ഒരുപാടു സഭാസ്നേഹികള്‍ ഒത്തിരിപ്രാവശ്യം ചോദിച്ച ചോദ്യംതന്നെയാണത്. അതിനുള്ള ഉത്തരം ദീര്‍ഘമായിട്ടു വിശദീകരിക്കാന്‍ എനിക്കു താത്പര്യമില്ല. പക്ഷെ ഞാനൊരു മറുചോദ്യം ചോദിക്കട്ടെ. ശത്രുക്കളെ സ്നേഹിക്കാനും ദ്രോഹിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാനും, ഒരു ചെകിട്ടത്തടിച്ചാല്‍ മറുചെകിടുകൂടി കാണിച്ചുകൊടുക്കാനും പറയുകമാത്രമല്ല, അതു ജീവിച്ചുകാണിച്ച കര്‍ത്താവിന്‍റെ അനുയായികളാണല്ലോ ക്രിസ്ത്യാനികള്‍. ആ ക്രിസ്ത്യാനികളുടെ പരമാദ്ധ്യക്ഷനാണല്ലോ, മാര്‍പ്പാപ്പ. ആ മാര്‍പ്പാപ്പാ, പറയേണ്ടതല്ലെ പറഞ്ഞുള്ളു? അതോ, ആ അഭയാര്‍ത്ഥികള്‍ സഭയുടെ ശത്രുക്കളാണ്, അവരെ ആരും സ്വീകരിക്കരുത് എന്നു പറയണമായിരുന്നോ? അങ്ങനെ പറഞ്ഞിരുന്നെങ്കില്‍ എന്തായിരുന്നേനേം ലോകവാര്‍ത്താമാദ്ധ്യമങ്ങളിലെ കോളിളക്കം!!"

"ഒന്നും പറയാതെ മിണ്ടാതിരുന്നാല്‍ പോരായിരുന്നോ?"

"കറക്റ്റ്, ഇയാളുതന്നെ ഇയാള്‍ക്കു പാര പണിയുന്നു. അങ്ങനെ ചെയ്യേണ്ടതുചെയ്യാതെ അനങ്ങാതിരിക്കുന്നതിനെതിരെയല്ലേ, നിങ്ങള്‍ 'വിജിലന്‍സി'ന്‍റെ ബളുബളാ! അതല്ലായിരുന്നോ പണ്ടു സ്കൂള്‍ മാനേജുമെന്‍റിനെതിരെ ഇയാള്‍ ആരോപിച്ച പ്രശ്നങ്ങളും?"

"അതുകൊണ്ടിപ്പോള്‍ സംഭവിച്ചതു കണ്ടില്ലേ? എല്ലായിടത്തും അവരു കയറി നമ്മളെ നശിപ്പിക്കുന്നത്?"

"കത്തോലിക്കാസഭയുടെ പരമാദ്ധ്യക്ഷന്‍ എന്ന നിലയില്‍ ഒരു യഥാര്‍ത്ഥ ക്രിസ്ത്യാനി പറയേണ്ട കാര്യം മാര്‍പ്പാപ്പാ പറഞ്ഞു, അത്രമാത്രം. അതു പറഞ്ഞതിന്‍റെ പേരില്‍ നശിക്കാനുംമാത്രം തുമ്മിയാല്‍ തെറിക്കുന്ന മൂക്കൊന്നുമല്ല, കര്‍ത്താവിന്‍റെ സഭ. രാജ്യനന്മയ്ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ പ്രതിബദ്ധതയുള്ള രാഷ്ട്രനേതാക്കന്മാരൊന്നും മാര്‍പ്പാപ്പാ പറഞ്ഞതുകൊണ്ടു കണ്ണമടച്ചങ്ങു ചെയ്തതൊന്നുമല്ല. അവരു ചെയ്തത് അവരുടെ താത്പര്യപ്രകാരം. അതു തെറ്റിപ്പോയെന്നു ബോദ്ധ്യപ്പെടുന്നെങ്കില്‍ അവരു തിരുത്തിക്കൊള്ളും. സഭയെ മുഴുവന്‍ രക്ഷിക്കാന്‍ ഇയാളു വാളുമായിട്ടിറങ്ങുകയുംവേണ്ട, പ്രാര്‍ത്ഥിച്ചു മാര്‍പ്പാപ്പായെ രാജിവയ്പിക്കുകയും വേണ്ട. വിജിലന്‍സിന്‍റെ ചോദ്യം ചെയ്യല്‍ അവസാനിച്ചെങ്കില്‍ നമ്മുടെ ബളുബളയും അങ്ങവസാനിപ്പിച്ചാലോ?"
മനസില്ലാമനസ്സോടെ അവരു പിരിഞ്ഞു.

You can share this post!

ഒരൊന്നൊന്നര ധ്യാനഗുരു

ഫാ. ജോസ് വെട്ടിക്കാട്ട്
അടുത്ത രചന

കടലില്‍ മൂത്രമൊഴിച്ചാല്‍...!

ഫാ. ജോസ് വെട്ടിക്കാട്ട്
Related Posts