news-details
കഥ

കാത്തുക്കുട്ടിയുടെ പ്ലാവ്

കാത്തുകുട്ടിയമ്മ അതിരാവിലെ ഉണര്‍ന്നു. വെട്ടം വീഴുംമുമ്പേ യാത്രയ്ക്കിറങ്ങി. പാടത്തിന്‍റെ കരയിലൂടെയുള്ള ഇടുങ്ങിയ പാതയിലൂടെ നടന്നുനടന്ന് ഒരു കൊച്ചരുവിയുടെ അടുത്തെത്തി. അതിനു കുറുകെ ഇട്ടിരുന്ന തെങ്ങിന്‍തടിപാലത്തിലേക്ക് സൂക്ഷിച്ചുകയറി. വേച്ചുവേച്ച് ഒരുവിധം അക്കരെയെത്തി. ഡാമിലെ വെള്ളം ഒഴുകുന്ന കനാലിന്‍റെ കരയിലൂടെ വീണ്ടും നടത്തം തുടര്‍ന്നു. ഏകദേശം ഒരു കിലോമീറ്റര്‍ നടന്നുകഴിഞ്ഞപ്പോള്‍ ശ്രീകൃഷ്ണഅമ്പലത്തിന്‍റെ അടുത്തെത്തി. അമ്പലത്തിന്‍റെ മുറ്റത്ത് അനേകവര്‍ഷങ്ങളായി നില്‍ക്കുന്ന ആല്‍മരത്തില്‍ സ്ഥാപിച്ചിരിക്കുന്ന ഉച്ചഭാഷിണിയിലൂടെ പ്രഭാതകീര്‍ത്തനം ഒഴുകിയെത്തുന്നുണ്ട്. കാത്തുകുട്ടിയമ്മ തന്‍റെ വലതുകരമുയര്‍ത്തി നെഞ്ചോടു ചേര്‍ത്തുപിടിച്ചു. 'കണികാണും നേരം...' എന്ന് ഉച്ചഭാഷിണിയിലൂടെ കേട്ട കീര്‍ത്തനം ഏറ്റുപാടി. ക്ഷേത്രത്തിന്‍റെ മുന്‍വശത്തെ മുറ്റത്തെത്തി ഒരു നിമിഷം തൊഴുതുനിന്നു. പിന്നെ റോഡിനു കുറുകെ കടന്നു ബസ്സ്റ്റോപ്പ് എന്നെഴുതിയിരിക്കുന്ന ബോര്‍ഡിനുതാഴെ നിന്നു. അപ്പോഴേക്കും നേരം പരപരാന്ന് വെളുത്തിരുന്നു. കാക്കകളൊക്കെ കാറിക്കൊണ്ട് ഇരതേടി പറക്കാന്‍ തുടങ്ങി. കാത്തുകുട്ടിയമ്മയാണെങ്കില്‍ ഒരു മണിക്കൂര്‍ മുന്‍പേ കഞ്ഞിയും ചക്കപ്പുഴുക്കും മുളകുപൊട്ടിച്ചതും ഉണ്ടാക്കിയിരുന്നു. സര്‍ക്കാരാഫീസില്‍ പോയി കാര്യം സാധിച്ചെടുക്കുക അത്ര നിസാരകാര്യമല്ലെന്നു കാത്തുകുട്ടിയമ്മ മനസ്സിലാക്കിയിരുന്നു. ഓഫീസറെത്തും മുമ്പുതന്നെ കാത്തുകുട്ടിയമ്മ വരാന്തയില്‍ ഇരുപ്പുറപ്പിച്ചു.

അവിടുത്തെ പ്യൂണ്‍സാറിന്‍റെ കെട്ടുംമട്ടുമൊക്കെ കണ്ട് നെടുവീര്‍പ്പിട്ടു. അവര്‍ വന്നകാര്യം ആ സാറിനോടു പറഞ്ഞു.

'വല്യമ്മേ, അകത്തേക്കു ചെല്ലാന്‍ സാര്‍ പറഞ്ഞു.'

ഇത്രനേരത്തെ തന്നെ അകത്തേക്കു വിളിച്ചെന്നു കേട്ട് കാത്തുകുട്ടിയമ്മ അത്ഭുതപ്പെട്ടു.
അവര്‍ ക്യാബിനകത്തേക്കു കടന്നു. സബ്കളക്ടറുടെ സീറ്റില്‍ ഇരിക്കുന്ന യുവതിയെ കണ്ടപ്പോള്‍ കാത്തുകുട്ടി അതിശയപ്പെട്ടു. പഴയ കളക്ടര്‍ സ്ഥലംമാറി പോയെന്നും പുതിയൊരാള്‍ ആ സ്ഥാനത്തേയ്ക്കു വരുന്നെന്നും കളക്ട്രേറ്റിലെ ജോലിക്കാരില്‍നിന്നും അവര്‍ കേട്ടിരുന്നു. ഇതിപ്പോ തന്‍റെ പേരക്കിടാവിന്‍റെയത്ര പ്രായംപോലുമില്ലാത്തൊരു കുട്ടിയാണല്ലോ ഇത്! ആ സീറ്റില്‍ ഒരു പുരുഷനെയാണ് കാത്തുകുട്ടി പ്രതീക്ഷിച്ചിരുന്നത്.
കാത്തുകുട്ടിയമ്മ കൈകള്‍ കൂപ്പിയപ്പോള്‍ സബ്കളക്ടറും കൈകള്‍ കൂപ്പി വിനയത്തോടെ പറഞ്ഞു, 'നമസ്തേ'. ഒരു കസേര ചൂണ്ടിക്കാണിച്ച് അതില്‍ ഇരുന്നുകൊള്ളാന്‍ കാത്തുകുട്ടിയോടു പറഞ്ഞു. ഗര്‍വ്വില്ലാത്ത ആ പെരുമാറ്റം കണ്ടപ്പോള്‍ കാത്തുകുട്ടിയമ്മയ്ക്കു വീണ്ടും അത്ഭുതം.

അവരുടെ മേശയ്ക്കു മുന്‍പിലുള്ള ഇരിപ്പിടങ്ങളില്‍ തന്‍റെ അയല്‍വാസിയായ സര്‍ക്കിള്‍ ഇന്‍സ്പെക്ടറും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും ഇരിക്കുന്നു. ഇതിനുമുമ്പ്   തന്‍റെ ആവലാതിയെന്നു കേള്‍ക്കാന്‍പോലും ഒരുദ്യോഗസ്ഥനും മനസ്സുകാട്ടിയിട്ടില്ല. പരാതി പറയാന്‍ചെന്ന തന്നെ മിക്കപ്പോഴും ക്യാബിന്‍റെ വാതില്‍ക്കലോട്ടുപോലും അടുപ്പിച്ചിരുന്നില്ല.  അപ്പോഴാണ് പുതിയ ഏമാന്‍ തന്നോട് ഇരുന്നോളാന്‍ പറഞ്ഞത്!

ഉദ്യോഗസ്ഥന്മാരുടെ പിന്നില്‍ കൂപ്പുകരങ്ങളോടെ കാത്തുകുട്ടിയമ്മ തൊഴുതുനിന്നു.

സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സംസാരിക്കാന്‍ ആരംഭിച്ചു: "മാഡം, ഈ വൃദ്ധ എന്‍റെ അയല്‍വാസിയാണ്. എന്‍റെ വീടിനോടു ചേര്‍ന്നുള്ള പത്തു സെന്‍റ് സ്ഥലത്താണ് ഇവര്‍ താമസിക്കുന്നത്. ബഹുമാനപ്പെട്ട മാഡം, അങ്ങേയ്ക്ക് അറിയാമല്ലോ ഞാനൊരു നിയമപാലകനാണ്. എന്‍റെ ജോലി ഞാന്‍ വളരെ ആത്മാര്‍ത്ഥമായി ചെയ്യുന്നുമുണ്ട്. പലപ്പോഴും രാവും പകലും എനിക്കു ഡ്യൂട്ടി ചെയ്യേണ്ടിവരുന്നുണ്ട്. കൃത്യനിര്‍വ്വഹണത്തിലേര്‍പ്പെടുമ്പോള്‍ ഭീഷണിയും നേരിട്ടിട്ടുണ്ട്. ഇപ്പോള്‍ എന്‍റെ വീടും കുടുംബാംഗങ്ങളും വലിയൊരു ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. ഞാനും എന്‍റെ ഭാര്യയും കുഞ്ഞുങ്ങളും വൃദ്ധരായ മാതാപിതാക്കളും ആ അപകടത്തിന്‍റെ നിഴലിലാണ്. ഈ സ്ത്രീയുടെ പുരയിടത്തില്‍ നില്‍ക്കുന്ന ഒരു പ്ലാവ്, എന്‍റെ വീടിന് വന്‍ഭീഷണിയാണ്. ഏതു നിമിഷം വേണമെങ്കിലും ആ മരം എന്‍റെ വീടിനു പുറത്തേയ്ക്കു കടപുഴകി വീണോ, ഒടിഞ്ഞുവീണോ അപകടമുണ്ടാകാം. ആ മരം മുറിച്ചുമാറ്റുന്നതിന് ഉത്തരവിട്ട്, എന്‍റെ കുടുംബം നേരിട്ടുകൊണ്ടിരിക്കുന്ന അപകടഭീഷണിയില്‍നിന്ന് രക്ഷിക്കുന്നതിന് ദയവുണ്ടാകണം."

സബ് കളക്ടര്‍ തഹസീല്‍ദാറുടെ നേര്‍ക്കുതിരിഞ്ഞ് അദ്ദേഹത്തിന്‍റെ റിപ്പോര്‍ട്ടും വിശദീകരണവും ആവശ്യപ്പെട്ടു. അദ്ദേഹത്തിന്‍റെ മറുപടി സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ വാക്കുകളെ അനുകൂലിക്കുന്നവയും പിന്‍താങ്ങുന്നതുമായിരുന്നു. പിന്നീട് സംസാരിച്ച വില്ലേജ് ആഫീസറുടെയും റവന്യൂ ആഫീസറുടെയും ഭാഷ സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടേതു തന്നെയായിരുന്നു.

കാത്തുകുട്ടിയമ്മയ്ക്കു സങ്കടം നിയന്ത്രിക്കാനായില്ല. അവരുടെ ചുക്കിച്ചുളിഞ്ഞ മുഖത്ത് കണ്ണുനീര്‍ ചാലുകീറി. കൂപ്പുകരങ്ങളോടെ അവര്‍ നീതിക്കും കരുണയ്ക്കും വേണ്ടി യാചിച്ചു. എല്ലാ ഉദ്യോഗസ്ഥരും ഒരേ സ്വരത്തില്‍ തള്ളിപ്പറഞ്ഞ കാത്തുകുട്ടിയമ്മയുടെ നിസഹായാവസ്ഥ സബ്കളക്ടര്‍ക്കു മനസ്സിലായി. കാത്തുകുട്ടിയമ്മയ്ക്ക് എന്താണ് പറയാനുള്ളതെന്ന് അവര്‍ അന്വേഷിച്ചു.

കാത്തുകുട്ടിയമ്മ സബ്കളക്ടറെ താണുവണങ്ങിയശേഷം അവലാതി പറഞ്ഞുതുടങ്ങി: "സാറേ, ഞാനാരോരും ഇല്ലാത്ത ഒരു നിരാലംബയാ. എന്‍റെ ഭര്‍ത്താവിനെയും മോനെയും ദൈവം നേരത്തെ കൊണ്ടുപോയി. കൂലിവേല ചെയ്തും ആ പ്ലാവില്‍നിന്നു കിട്ടുന്ന ചക്ക വിറ്റുമാ ഞാന്‍ കഞ്ഞിക്കുണ്ടാക്കുന്നത്. ദൈവം സഹായിച്ച് ആ പ്ലാവില്‍ വര്‍ഷം മുഴുവന്‍ ചക്ക കായ്ക്കേംചെയ്യും. അതാര്‍ക്കും ഒരു ശല്യവും ചെയ്യാതെ എന്‍റെ പറമ്പില്‍ നില്‍ക്കുവാ. ഞാനോ, ആ പ്ലാവോ ഏമാന് ഒരു വിധത്തിലും പ്രയാസം ആകുകേല. എന്‍റെ ജീവനാ ആ വൃക്ഷം. അതില്ലെങ്കില്‍പ്പിന്നെ ഈ ഞാന്‍ ഉണ്ടാവുകേല. കുഞ്ഞ് അത്രടംവരെയൊന്നു വന്നു നോക്കിയാല്‍ അതു മനസ്സിലാകും. അത് ഇന്‍സ്പെക്ടര്‍ ഏമാന് ആപത്താവുമെന്നു കുഞ്ഞു പറഞ്ഞാല്‍ ആ നിമിഷം ഞാന്‍ ആ പ്ലാവു മുറിച്ചു മാറ്റിക്കൊള്ളാം. ഈ വയസ്സിയോടു ദയവുണ്ടാകണം."

കാത്തുകുട്ടിയമ്മ വീണ്ടും താണുവണങ്ങി തന്‍റെ സംസാരം അവസാനിപ്പിച്ചു. പെട്ടെന്ന് തഹസീര്‍ദാര്‍ ഇടപെട്ടു: "ഇല്ല, ഇല്ല. നിങ്ങള്‍ക്കെന്തറിയാം കാര്‍ന്നോത്തി? മാഡത്തിന് ഇതിലും എത്രയോ വലിയ കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാനുണ്ടെന്ന് അറിയാമോ. നിങ്ങളുടെ മരത്തിന്‍റെ കഥ കേള്‍ക്കാനൊന്നും സമയമില്ല. അവിടെ വന്ന് നോക്കാനും മാഡത്തിന് നേരമില്ല. അതുമല്ല നിങ്ങളുടെ പുരയിടം റോഡില്‍നിന്ന് ഒത്തിരി അകലെയാണ്. അവിടെയെത്തണമെങ്കില്‍ ദുര്‍ഘടം പിടിച്ച വഴിയിലൂടെ എത്ര ദൂരം നടന്നാലാണ്! എത്രയും പെട്ടെന്ന് നിങ്ങള്‍ ആ മരം മുറിച്ചു മാറ്റണം."

അദ്ദേഹത്തിന്‍റെ വാക്കുകളില്‍ ഒളിഞ്ഞിരുന്ന പക്ഷപാതം സബ്കളക്ടര്‍ക്കു മനസിലായി. ബ്യൂറോക്രാറ്റ് ആയിരുന്ന തന്‍റെ അച്ഛനില്‍നിന്നും ഇത്തരം പല സംഗതികളും നേരത്തെ അറിഞ്ഞിരുന്നു. അവര്‍ മൂന്ന് ഉദ്യോഗസ്ഥന്മാരുടെയും റിപ്പോര്‍ട്ടിലൂടെ കണ്ണോടിച്ചു. മൂന്നുപേരും നിര്‍ദ്ദേശിച്ചിരിക്കുന്നത് ഒന്നുമാത്രം. എത്രയും വേഗം ആ മരം മുറിച്ചുമാറ്റണം.
'അമ്മേ, ഞാന്‍ അടുത്ത തിങ്കളാഴ്ച വരാം. അമ്മ അന്ന് ഇതുവരെ വന്നാല്‍ മതി. നമുക്ക് എന്‍റെ കാറില്‍ പോയി സ്ഥലം കാണാം." സബ് കളക്ടര്‍ പറഞ്ഞു.

"ഒരു തീരുമാനം എടുക്കുന്നതിനുമുമ്പ് ഞാന്‍ ആ സ്ഥലം ഒന്നു സന്ദര്‍ശിക്കട്ടെ. അടുത്ത തിങ്കളാഴ്ചത്തേയ്ക്ക് അതിനുള്ള ഒരുക്കങ്ങള്‍ നടത്തിക്കൊള്ളുക. പിന്നെ, മറ്റൊന്ന് താങ്കളും, എന്നോടൊപ്പം അവിടേയ്ക്കു വരണം." സബ് കളക്ടര്‍ തഹസീല്‍ദാറിനോട് പറഞ്ഞു.

കാത്തുകുട്ടിയമ്മയ്ക്ക് തന്‍റെ കാതുകളെ വിശ്വസിക്കാനായില്ല. പ്രത്യാശയുടെ ഒരു നുറുങ്ങുവെട്ടം തന്‍റെ മുമ്പില്‍ തെളിയുന്നതായി അവര്‍ക്കു തോന്നി.

അടുത്ത തിങ്കളാഴ്ച രാവിലെ കാത്തുകുട്ടിയമ്മ സബ്കളക്ടറുടെ ആഫീസിലെത്തി. കാത്തുകുട്ടിയമ്മ കാറില്‍ അവരോടൊപ്പം, പ്ലാവുനില്‍ക്കുന്ന സ്ഥലത്തേക്ക് യാത്ര തിരിച്ചു. അമ്പലത്തിനു മുന്നില്‍ കാര്‍ നിര്‍ത്തി. ഇനി വണ്ടി പോകുന്ന റോഡില്ല. അവര്‍ കാല്‍നടയായി യാത്ര തുടര്‍ന്നു. കനാലിന്‍റെ തീരത്തുകൂടി നടക്കുമ്പോള്‍ സബ് കളക്ടര്‍ കാത്തുകുട്ടിയമ്മയോട് ചോദിച്ചു:

"ഇനിയും ഒത്തിരി ദൂരമുണ്ടോ?"

"ഇല്ല മോളെ, കുറച്ചുകൂടി പോയാല്‍ മതി. ഒരൊരു മൈലുകൂടി മാത്രം..."

അവര്‍ പുഞ്ചിരിച്ചു. ഒറ്റത്തടി പാലവും കടന്ന് വരമ്പത്തുകൂടെ നടന്ന് അവര്‍ കാത്തുകുട്ടിയമ്മയുടെ ആ ഒരു തുണ്ടു ഭൂമിയിലെത്തി. കഥയിലെ വില്ലനെ കണ്ടു. സബ് കളക്ടര്‍ ആ സ്ഥലം മുഴുവന്‍ ചുറ്റിനടന്നു കണ്ടു. ആ പ്ലാവ് ഇന്‍സ്പെക്ടര്‍ക്കു യാതൊരു വിധത്തിലും ആപത്താവില്ലെന്നും അഥവാ ആ പ്ലാവ് വേരറ്റുവീണാല്‍ പോലും അത് അദ്ദേഹത്തിന്‍റെ വീടിന് കേടുപാടുകളൊന്നും വരുത്താത്ത അകലത്തിലാണെന്നും കണ്ടറിഞ്ഞു. നിറയെ ഫലങ്ങള്‍ കായ്ച്ചുനില്‍ക്കുന്ന ഈ പ്ലാവ് ഒരു അനീതിയും ചെയ്യുന്നില്ല. ഇതു കാത്തുകുട്ടിയമ്മയുടെ ജീവമന്നായാണെന്ന് സബ്കളക്ടര്‍ക്കു മനസ്സിലായി.
പിന്നെ ഒട്ടും താമസിച്ചില്ല. യാതൊരു കാരണവശാലും ആ പ്ലാവ് മുറിച്ചുമാറ്റരുതെന്ന് ഉത്തരവിട്ടു. അതുമാത്രമല്ല ആ വൃദ്ധയുടെ നേരെ ഇന്‍സ്പെക്ടറുടെ ഭാഗത്തുനിന്നും യാതൊരു ഉപദ്രവും ഉണ്ടാകുകയില്ലെന്ന് ഉറപ്പുവരുത്തണമെന്ന് തഹസീല്‍ദാറിനോട് നിര്‍ദ്ദേശിച്ചു.

തിരിച്ചുപോരാന്‍ നേരം സബ്കളക്ടര്‍ കാത്തുകുട്ടിയമ്മയോട് ഒരു ചക്ക ചോദിച്ചുവാങ്ങി. അതിന്‍റെ വില വാങ്ങിക്കാന്‍ കാത്തുകുട്ടി മടിച്ചെങ്കിലും അവര്‍ അത് നിര്‍ബന്ധിച്ചു നല്കി.
തിരിച്ചുള്ള യാത്രയുടെ അവസരത്തില്‍ അവര്‍ ഇന്‍സ്പെക്ടറുടെ വക്കീലിനോട് ചോദിച്ചു:
"ആ പ്രായംചെന്ന സ്ത്രീയോട് ഇത്ര ബാലിശമായി പെരുമാറാന്‍ നിങ്ങള്‍ക്കെങ്ങനെ സാധിച്ചു?"

"എന്‍റെ കക്ഷിയുടെ താത്പര്യത്തിനു വേണ്ടിയാണ് ഞാന്‍ വാദിച്ചത്. അവരുടെ പറമ്പായിരുന്നു അദ്ദേഹത്തിന്‍റെ ലക്ഷ്യം. ആ പ്ലാവ്, ആ തള്ളയുടെ ഉപജീവന മാര്‍ഗ്ഗമാണെന്ന് ഞങ്ങള്‍ക്കറിയാം. അതു വെട്ടിമാറ്റിയാല്‍ മറ്റ് മാര്‍ഗ്ഗമൊന്നുമില്ലാതെ അവര്‍ ആ സ്ഥലം വില്‍ക്കാന്‍ നിര്‍ബന്ധിതയാകും. അപ്പോള്‍ ഇന്‍സ്പെക്ടര്‍ക്ക് അതു വാങ്ങാം. തന്‍റെ വസ്തുവിന്‍റെ വിസ്താരം കൂട്ടുകയും ചെയ്യാം. ഇതിനുവേണ്ടിയാണ് ഇത് കേസാക്കിയത്."
(ശ്രീമതി ജെ. ലളിതാംബികയുടെ ഔദ്യോഗിക ജീവിതത്തിലെ ഒരു സംഭവമാണിത്.)

You can share this post!

ഇഡാ

ലിന്‍സി വര്‍ക്കി
അടുത്ത രചന

ദ ക്രൂയിസ്

ലിന്‍സി വര്‍ക്കി
Related Posts