news-details
കവിത

അശ്വതിയുടെ കവിതകള്‍

സ്വന്തം പെണ്‍കുഞ്ഞുങ്ങളുടെ വളര്‍ച്ചയുടെ ചൂടറിയാനാകാതെ, അവരുടെ നെടുവീര്‍പ്പുകള്‍ക്കു കാതുചേര്‍ക്കാനാകാതെ, തന്നിലെ അമ്മയെ തികട്ടി വരുന്ന തേങ്ങലുകളില്‍പ്പോലും ചുരത്താനാവാതെ, അന്യനാട്ടില്‍ പുകഞ്ഞെരിയുന്ന ഒരു ജന്മം- ടി. എസ്. അശ്വതി. അപമൃത്യുവിനിരയായ തന്‍റെ ഭര്‍ത്താവ് അവശേഷിപ്പിച്ച കടക്കൂട്ടുകള്‍ വെട്ടിച്ചുരുക്കാന്‍വേണ്ടി അവള്‍ ഗദ്ദാമയായി, അറബിനാട്ടിലെത്തി. മാനുഷിക വികാരങ്ങള്‍ വിലക്കപ്പെട്ട അവള്‍ അന്യന്‍റെ വികാരത്തള്ളലില്‍നിന്ന് നേരിയ ഇഴമറയ്ക്കപ്പുറം പലപ്പോഴും രക്ഷ തേടുന്നു. അടച്ചുകെട്ടി വേര്‍തിരിച്ചിട്ട ലോകത്തില്‍നിന്ന് ഒരു തിരിച്ചുവരവിനാകാതെ, ആത്മഹത്യയുടെ വരമ്പിനു തൊട്ടിപ്പുറത്ത് കിതച്ചുനില്‍ക്കുന്ന അവളില്‍നിന്ന് അക്ഷരങ്ങളും ഭാവങ്ങളും സ്വപ്നങ്ങളും പിണങ്ങിപ്പിരിഞ്ഞിട്ടില്ലെന്നുള്ള നൊമ്പരമോ, സന്തോഷമോ അതിലുപരി പ്രതീക്ഷയോ പകരുന്നു ഈ കവിതകള്‍. വരികള്‍ ഫോണില്‍ പറഞ്ഞുതരുമ്പോള്‍ തപ്പിത്തടയുന്നുണ്ടായിരുന്നു. ചോദിച്ചപ്പോള്‍ മറുപടി ഇങ്ങനെ: "ഒരു കടലാസുതുണ്ട് കിട്ടാനില്ല, ടോയ്ലറ്റ് പേപ്പറില്‍, ടോയ്ലറ്റില്‍ ഇരുന്നെഴുതിയതാണ്, ഇത്തിരി അവിടവിടെ കുതിര്‍ന്നുപോയി. മുറിയില്‍ ഒരു കൂട്ടുകാരി കൂടിയുണ്ടിപ്പോള്‍. അതുകൊണ്ട് മുറിയിലിരുന്ന് ഒന്നും എഴുതാന്‍ കഴിയില്ല മാഷേ!"

മോന്തായം കത്തുന്ന വീട്

മോന്തായം കത്തുന്ന ഒരു വീടാണ് ഞാന്‍
മക്കളെയും അമ്മയെയും മാറ്റിപ്പാര്‍പ്പിക്കാന്‍
അവസാന സത്രം അമ്പലക്കുളം.
ശ്വാസംമുട്ടുമ്പോള്‍ അവര്‍ മേലേയ്ക്കു നീന്തി വരും.
കഴുക്കോല്‍ കത്തി ചുമലില്‍ വീണിട്ടും
ഞാനിവിടെ തന്നെയുണ്ട്.
ബലികൊടുക്കുമ്പോള്‍ കൊഴുത്ത
കാളക്കുട്ടിതന്നെ വേണമല്ലോ!
പടിപ്പുരയുടെ കല്ലൊതുക്കിന്‍റെ പള്ളിയില്‍
പൊട്ടിയ മണ്‍കലത്തുണ്ടുകൊണ്ട്
പണ്ട് ഞാന്‍ എഴുതിയ എന്‍റെ പേരെന്തായിരുന്നു?
അക്ഷരങ്ങളില്‍ പായലുകള്‍ മൂടി
അതു മാഞ്ഞുപോയിരിക്കുന്നു.
ഇങ്ങനെ എല്ലാ ഓര്‍മ്മകളിലും പായലുകള്‍ നിറഞ്ഞു
നാം ഓര്‍മ്മയില്ലാത്ത കാലത്തിന്‍റെ കളിപ്പാട്ടങ്ങളാവും.
അങ്ങനെയാണ് വരികള്‍ക്കിടയില്‍
പൂര്‍ണവിരാമങ്ങള്‍ നാമറിയാതെ വന്നുവീഴുന്നത്!
മുളച്ചുപൊങ്ങിയ വിത്തിനോടു
ഒരു കിളി, നിനക്കു ഞാനുണ്ട്
നീ വിത്തായിരുന്നപ്പോള്‍ തിന്നു തീര്‍ക്കാതിരുന്നതിനു
നീയെനിക്കു കൂടുവയ്ക്കാനൊരു ചില്ല തരിക.
മരിക്കുമ്പോള്‍ പട്ടടയൊരുക്കാന്‍ ഇല തരിക.
എന്‍റെ ചാരം തിന്നു നിന്‍റെ ശിഖരങ്ങളില്‍ നിറയെ
നല്ല വിത്തുകള്‍ തൂക്കുക.
എന്‍റെ മക്കള്‍ അവ തിന്നാതെ കാവലിരുന്ന് മുളപ്പിക്കും.
നിന്‍റെ മരുമക്കളോട്, എന്‍റെ മക്കള്‍ ഒരു കഥ പറയും
ഉച്ചിയില്‍ മോന്തായം കത്തിവീണ് മരിച്ച ഒരമ്മയുടെ കഥ
അന്നേരം പടിപ്പുരയുടെ കല്ലൊതുക്കിന്‍റെ പള്ളിയില്‍ നിന്നും പായലുകള്‍ പഴയ ഒരു പേര് ചുട്ടെടുക്കും.
ഋതുക്കളോരോന്നും ഓര്‍മ്മപ്പെടുത്തുന്നത്
മഞ്ഞു മൂടിയതെല്ലാം
നിഷ്കളങ്കമാണെന്ന്
ഒരു പുലര്‍ക്കാലം.
നനഞ്ഞത് ചേര്‍ത്തു പിടിക്കുമ്പോളാണ്
ഹൃദയം സത്യം പറയുന്നതെന്ന്
ഒരു മഴക്കാലം.
എല്ലാം കൊഴിയാന്‍ വേണ്ടിയാണെന്ന്
ഓര്‍മ്മപ്പെടുത്തുമ്പോലെ
ഒരു പൂക്കാലം.
"ഇതിനിടയിലെന്തിനീ വേനലെന്ന്" മകള്‍
"നമ്മള്‍ ആര്‍ക്കും വേണ്ടാത്ത മരുഭൂമികള്‍ക്ക്
കാവലിരിക്കാനെന്ന്" അമ്മ.

എഴുത്ത്, മകള്‍ക്ക്...

അമ്മ എന്ന വാക്കിനു "അ" കിട്ടാതെ
അനാഥം എന്‍റെ കുട്ടികളുടെ നാല്‍ക്കവല
"മ്മ"ക്കുന്നിന്‍റെ നെറുകയില്‍നിന്നും
താഴ്വാരത്തില്‍ കണ്ട നീലക്കടലില്‍
മീന്‍പിടിക്കുന്ന മുക്കുവന്മാര്‍ ഇന്നലെ
എന്‍റെ ഇളയകുഞ്ഞിനോടും കണ്ണിറുക്കി!
മുലയിടുക്കില്‍ ഒളിപ്പിച്ചു പാര്‍പ്പിക്കാന്‍
കഴിയാത്ത വിധം അവര്‍ വളര്‍ന്നിരിക്കുന്നു.
ഏതു കാട്ടിലാണവര്‍ക്ക് അഭയം
രാമനും രാവണനുമുള്ള കാട്ടില്‍
സീത ഒരു ഖേദമരം!
വീടും വിദ്യാലയവും അഭയമല്ലാതാവുമ്പോള്‍
അമ്മയ്ക്കു ഭ്രാന്തു പിടിക്കുന്നു
വിഷമാണപ്പോള്‍ മരുന്ന.്
വീതംവയ്ക്കുവാനൊന്നുമില്ലാത്തവരുടെ
ആദിമ സ്വരസ്ഥാനം!

പൊടിപിടിച്ച ചുവരില്‍ ആടിയാടിയിങ്ങനെ

ഒരു വേദിക്കും വേണ്ടാത്ത രംഗസാമഗ്രിപോലെ
പൊടിപിടിച്ച ചുമരില്‍ ആണിയില്‍ തൂങ്ങിയിരിപ്പാണ് ഞാന്‍.
ഇനി ആത്മകഥയെഴുതി കുളിരണിയേണ്ട കാലം.
എന്താണ് നിങ്ങള്‍ക്കു വേണ്ടത്?
ഞാന്‍ എന്നോട് ചെയ്യുന്ന വിമോചന സമരങ്ങളോ!
പലിശ മുതലാളി ജപ്തി ഒഴിവാക്കാന്‍
മുന്നില്‍വയ്ക്കുന്ന രഹസ്യ ഉടമ്പടികളോ...
കപ്പയില തിന്ന് ആത്മഹത്യ ചെയ്ത പശുക്കുട്ടി
ഒറ്റപ്പെടുത്തിയ മകളുടെ കളിനേരം എന്നോടു ചോദിച്ചു:
"കണ്ണീരു വരയ്ക്കാന്‍ ഏതു ക്രയോണ്‍സാണമ്മേ..?"
കാലൊടിഞ്ഞ കളിപ്പാവകൊണ്ട്
കളിച്ചു കളിച്ചു അവള്‍ വൈകല്യങ്ങള്‍ മറക്കും.
വിരലുകളില്‍ തീപ്പന്തം പിടിച്ച് അവള്‍
ഒരുനാള്‍ ഇടവഴികള്‍ക്കു വഴികാട്ടും.
അന്ന് എന്‍റെ ആത്മകഥകള്‍ക്കു തീപിടിക്കും
അഴുക്കു പുരണ്ട ചുവരില്‍
ഒരാണി മാത്രം ബാക്കിയാവും...

You can share this post!

ഫ്രാന്‍സിസ് അസ്സീസിയുടെ കവിത

അന്‍റ്റോണിന്‍ അര്‍റ്റോഡ് (മൊഴിമാറ്റം: ജോസ് സുരേഷ്)
അടുത്ത രചന

വിശുദ്ധ കുരിശ്

ജയന്‍ കെ. ഭരണങ്ങാനം
Related Posts