news-details
കഥ

കുറച്ച് രക്തം വേണമായിരുന്നു

അത്ര വലിയ അപകടം എന്നൊന്നും പറയാനില്ല. കാറിന്‍റെ മുന്‍ഭാഗം ഇലക്ട്രിക് പോസ്റ്റില്‍ ഒന്ന് തട്ടി എന്നേ തോന്നു. പക്ഷേ പോസ്റ്റ് വളഞ്ഞു. ഡ്രൈവിംഗ് സീറ്റ് ആകെ തകര്‍ന്നതുപോലെയാണ്. മറ്റ് വാഹനങ്ങളൊന്നും പരിസരത്തില്ല.

ഇതെങ്ങിനെ സംഭവിച്ചു എന്നതാണ് എല്ലാവര്‍ക്കും അത്ഭുതം. ടാറിംഗ് റോഡാണ്. ഒരു ചെറിയ കുഴിയുണ്ടെന്നതൊഴിച്ചാല്‍ മറ്റ് പ്രശ്നങ്ങളൊന്നും റോഡിനില്ല. ചിലപ്പോള്‍ കാറിന്‍റെ മുന്‍വശത്തെ വലതു ചക്രം കുഴിയില്‍ വീണ് നിയന്ത്രണം തെറ്റിയതായിരിക്കാം. കാറൊരു പഴഞ്ചന്‍ അംബാസിഡര്‍ ആയതിനാല്‍ അത്ര നഷ്ടമൊന്നും പറയാനില്ല.

കുഞ്ഞുവര്‍ക്കിക്ക് അറുപത്തഞ്ച് കഴിഞ്ഞെന്നും പറഞ്ഞ് പഴഞ്ചനാണ്, നഷ്ടമില്ല എന്നൊന്നും പറയാനൊക്കില്ലല്ലൊ? ഈ കാര്‍ന്നോരെന്തിനാ വയസ്സുകാലത്ത് വണ്ടിയോടിക്കാന്‍ നടക്കുന്നതെന്ന് വേണമെങ്കില്‍ ചോദിക്കാം. ഇന്നത്തെ കാലത്ത് അങ്ങിനെ ചോദിക്കുന്നതിലും കഴമ്പില്ല.

ആണും പെണ്ണുമായി അഞ്ചെട്ടെണ്ണത്തിന്‍റെ അപ്പനായത് പാടത്തും പറമ്പിലും എല്ലുമുറിയെ പണിചെയ്തു തന്നെ. മക്കള്‍ വലുതായി എല്ലാം പച്ചപിടിച്ചു. അമേരിക്കയിലും, ഗള്‍ഫിലും, നാട്ടിലും ബിസ്സിനസ്സും ഒക്കെയായി നല്ല നിലയിലാണ്. അധികം പഠിപ്പൊന്നും ഇല്ലെങ്കിലും എല്ലാത്തിനും കാശുണ്ടാക്കാന്‍ അറിയാം. കാശായാല്‍പ്പിന്നെ പഴയതുപോലെ തവിടും കപ്പയും കഞ്ഞിയും കുടിച്ച് നടന്നാല്‍ പോരല്ലൊ. പണത്തിന്‍റെതായ ചുറ്റുപാടില്‍ ജീവിക്കണ്ടെ? അപ്പോള്‍പ്പിന്നെ പുത്തന്‍ ബംഗ്ലാവും കാറുമൊക്കെ ആകുന്നതില്‍ കുറ്റം പറയാന്‍ കഴിയില്ലല്ലൊ.

ബിസ്സിനസ്സുകാരന്‍, മൂത്തമകന്‍ ആദ്യമായി വാങ്ങിയ കാറാണ് അംബാസിഡര്‍. 'അപ്പന്‍റെ ചെളിപിടിച്ച കയ്യോണ്ട് അത്മ്മെ തൊട്ട് ചീത്യാക്കണ്ടാന്ന്' അന്ന് പറഞ്ഞിരുന്നെങ്കിലും ഇപ്പോളത് കുഞ്ഞുവര്‍ക്കി മാത്രെ തൊടൂ. മറ്റുള്ളവര്‍ക്കൊക്കെ വില കൂടിയ ഒന്നാന്തരം കാറുകളായി.

തൂറോളം പേടിയായിരുന്ന ഇളയമകള്‍ മേരിക്കുട്ടിവരെ കാറോടിച്ച് പഠിച്ച് കഴിഞ്ഞപ്പോഴാണ് മക്കള്‍ക്കൊരു പൂതി, അപ്പനും കൂടി പഠിക്കണമെന്ന്. അപ്പോള്‍ കുടുംബത്തിന് ഒരു പേരായി.

അങ്ങിനെയാണ് കുഞ്ഞുവര്‍ക്കിയും ഡ്രൈവിംഗ് പഠിച്ചത്. പഠിച്ച് കഴിഞ്ഞപ്പോള്‍ അതൊരാവേശമായി. ഷര്‍ട്ടിടാതെ കള്ള് കുടിക്കാന്‍വരെ കുഞ്ഞുവര്‍ക്കി കാറോടിച്ച് പോയി. ബൈക്കിലെ മീന്‍ വില്‍പനപോലെ അംബാസിഡറിലെ കുഞ്ഞുവര്‍ക്കിയുടെ ഷര്‍ട്ടിടാത്ത ഡ്രൈവിങ്ങാണ് കാറിന്‍റെ തരം താഴലിന് കാരണമെന്ന് ചിലരൊക്കെ കുശുമ്പ് പറഞ്ഞു.

ഇത്തവണ ക്രിസ്തുമസ്സ് തലേന്ന് ചില മക്കളും പേരക്കുട്ടികളുമായി വീട് നിറഞ്ഞു. വല്ലപ്പോഴുമെ ഇങ്ങനെ സംഭവിക്കാറുള്ളൂ. ക്രിസ്തുമസ്സിന്, തികയാത്ത ഒന്നുരണ്ട് കുപ്പി കൂടി ഒപ്പിക്കാന്‍ പോയതാണ് കുഞ്ഞുവര്‍ക്കി.

വണ്ടി ഇടിച്ചതും, എവിടെ നിന്നെന്നറിയില്ല റോഡ് മുഴുവന്‍ ജനങ്ങള്‍. യുവതലമുറ മുഴുവന്‍ മൊബൈലെടുത്ത് ഫോട്ടോ കീച്ചുന്ന തിരക്കിലാണ്. ഇലക്ട്രിക് പോസ്റ്റ് 'റ' പോലെ വളഞ്ഞ് നില്‍പ്പുണ്ട്. ഡ്രൈവിംഗ് സീറ്റില്‍ കുരുങ്ങിയ കുഞ്ഞുവര്‍ക്കിയെ പുറത്തേക്കിറക്കാന്‍ മൊബൈലില്ലാത്തവര്‍തന്നെ വേണ്ടി വന്നു. സ്റ്റിയറിംഗ് കുഞ്ഞുവര്‍ക്കിയുടെ നെഞ്ചോട് ചേര്‍ന്ന് അമര്‍ന്നിരുന്നു. തല പൊളിഞ്ഞ് ചോര മുഖത്ത് മുഴുവന്‍ പരന്നു. ഡോറ് തുറക്കാന്‍ പറ്റാത്തതിനാല്‍ അത് വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. വഴിയെ വന്ന ഓട്ടോയില്‍ കയറ്റുമ്പോള്‍ കുഞ്ഞുവര്‍ക്കിക്ക് ബോധം ഇല്ലായിരുന്നു.

അറിയപ്പെടുന്ന ഏറ്റവും വലിയ സ്വകാര്യ ആശുപത്രിയിലാണ് കുഞ്ഞുവര്‍ക്കി ഇപ്പോള്‍. ബോധം ഇല്ലാതിരുന്നതിനാലാണ് സ്വകാര്യ ആശുപത്രിയില്‍ ആക്കാന്‍ കഴിഞ്ഞത്. അല്ലെങ്കില്‍ സര്‍ക്കാര്‍ ആശുപത്രിയിലേ കുഞ്ഞുവര്‍ക്കി പോകൂ. നാല് കാശിന് വഴിയുള്ളവരാണെന്ന് അറിഞ്ഞാല്‍ അവരുടെ അടി വരെ കുഴിച്ചിട്ടേ സ്വകാര്യക്കാര്‍ രോഗികളെ പേര് വെട്ടി പറഞ്ഞുവിടൂ എന്നായിരുന്നു കുഞ്ഞുവര്‍ക്കിയുടെ പക്ഷം.

ബിസ്സിനസ്സുകാരന്‍ മകനാണ് ആദ്യം ആശുപത്രിയില്‍ ഓടിയെത്തിയത്. അത്യാഹിതവിഭാഗത്തില്‍ വേറെയും രോഗികള്‍ ഉള്ളതിനാല്‍ മുന്‍വശം അല്‍പം തിരക്കിലായിരുന്നു. വന്നപാടെ പെട്ടെന്നുള്ള ആകാംക്ഷകൊണ്ട് എല്ലാം വെറുതെ ഒന്നെത്തിനോക്കി  അയാള്‍ ഒഴിഞ്ഞുകിടന്ന ഒരു കസേരയില്‍ ചെന്നിരുന്നു.

ഡ്യൂട്ടി നേഴ്സ്മാരുടെ തിരക്ക് പിടിച്ച ഓട്ടവും, പ്രിയപ്പെട്ടവരുടെ വേദന പങ്കിടാനെത്തുന്ന ഉറ്റവരുടെ വേവലാതികളും, ഗ്ളാസ്സിനകത്തേക്ക് എത്തിനോക്കുന്നവരുടെ ആകാംക്ഷയും, സ്നേഹത്തിന്‍റെ കാഠിന്യം കവിഞ്ഞൊഴുകിയ കണ്ണുകളുമൊന്നും അയാളുടെ കാഴ്ചയില്‍ പെട്ടില്ല. ഒരു കടമപോലെ അയാള്‍ എന്തിനോവേണ്ടി കസേരയില്‍ ഇരുന്ന് സ്വന്തം ബിസ്സിനസ്സിനെക്കുറിച്ചോര്‍ത്തു.

നാളെ ക്രിസ്തുമസ്സ് കഴിഞ്ഞ് പോകാനിരുന്നതാണ്. സ്വന്തം അനിയനെയാണ് ഏല്‍പിച്ചിരുന്നതെങ്കിലും വിശ്വാസമില്ല. പോയേ തീരൂ. സ്വന്തം കാര്യം അവതാളത്തിലാക്കിയിട്ട് അപ്പന് കാവലിരിക്കാന്‍ പറ്റുമോ? ഏത് നേരത്താണാവോ തനിക്ക് ക്രിസ്തുമസ്സിന് വരണം എന്നു തോന്നിയത്. സ്വന്തം മക്കള്‍ അപ്പൂപ്പനെ കാണണം എന്ന് വാശി പിടിച്ചപ്പോള്‍ രണ്ടു ദിവസമല്ലെ എന്ന് കരുതിയാണ് മൂളിയത്. ഇതിങ്ങിനെ ആയിത്തീരുമെന്ന് ആരറിഞ്ഞു? ആരെങ്കിലും വന്നാല്‍ ഇവിടെനിന്ന് രക്ഷപ്പെടണം.

മനസ്സ് മുഴുവന്‍ ബിസ്സിനസ്സ് സ്ഥലത്തായ അയാളെഴുന്നേറ്റ് ഡെറ്റോള്‍ മണം നിറഞ്ഞുനിന്ന ഹാളിനകത്ത് അങ്ങോട്ടും ഇങ്ങോട്ടും നടന്നു. മരുന്നിന്‍റെ നേരിയ മണത്തിനിടയില്‍ പലരുടെയും ആശകളും ഭയവും ചിതറിക്കിടന്നിരുന്നു.

മുഖത്ത് ദുഃഖം വരുത്തി ഓടിക്കിതച്ചെത്തുന്ന സഹോദരിമാരെ കണ്ടപ്പോള്‍ അല്പം ആശ്വാസം തോന്നി. നിമിഷം കൊണ്ട് അയാള്‍ ബിസ്സിനസ്സില്‍നിന്ന് മനസ്സിനെ പറിച്ചെടുത്ത് അത്യാഹിതവിഭാഗത്തിന് മുന്നിലെ വിഷാദങ്ങളില്‍ കലര്‍ത്തി. അപ്പോഴും മറ്റ് പുരുഷന്മാര്‍ ആരും വരാതിരുന്നത് അയാളെ പ്രയാസപ്പെടുത്തി. സ്വന്തം ഭര്‍ത്താക്കന്മാരെ അവരവരുടെ കാര്യങ്ങള്‍ക്ക് പറഞ്ഞയച്ച് കുറ്റങ്ങള്‍ക്ക് ഇട നല്‍കാതെ വന്നെത്തിയ സഹോദരിമാര്‍ കേമികള്‍ തന്നെ. അയാള്‍ മനസ്സില്‍ ഓര്‍ത്തു.

"കുഞ്ഞുവര്‍ക്കിയുടെ കൂടെ ആരെങ്കിലും ഉണ്ടോ?" ഒരു ചെറിയ തുണ്ടുകടലാസുമായി വാതില്‍ തുറന്ന് പ്രത്യക്ഷപ്പെട്ട നേഴ്സിന്‍റെ ശബ്ദം ചിതറിക്കിടക്കുന്നവരെയെല്ലാം അങ്ങോട്ടടുപ്പിച്ചു. ചെറിയൊരു തിക്കിത്തിരക്കോടെ, ആകാംക്ഷയോടെ ഓരോരുത്തരും വിവരങ്ങള്‍ അറിയാന്‍ അങ്ങോട്ടേക്ക് നീങ്ങി. കൂട്ടത്തില്‍നിന്ന് അയാള്‍ നേരെ നേഴ്സിന്‍റെ മുന്നിലേക്ക് ചെന്നു.

"ഏബീ നെഗറ്റീവ് രക്തം ഉടന്‍ വേണം. ഇവിടെ സ്റ്റോക്കില്ല." കൂടുതലൊന്നും പറയാതെ മറ്റാരേയും ശ്രദ്ധിക്കാതെ തുണ്ടുകടലാസ്സ് അയാള്‍ക്ക് കൊടുത്ത് നേഴ്സ് അകത്തേക്കു പോയി. പ്രതീക്ഷ മാത്രം ബാക്കിയാക്കി കൂട്ടം വീണ്ടും ചിതറി.

കയ്യിലിരുന്ന കടലാസ്സിലേക്ക് നോക്കി 'മാരണം' എന്നയാള്‍ പിറുപിറുത്തു. ഇതിനുവേണ്ടി ഇനി എവിടെ പോകണം എന്ന് നിശ്ചയമില്ലായിരുന്നു. മൊബൈലെടുത്ത് ചിലരെ വിളിച്ചു. കയ്യിലിരുന്ന കടലാസ് കഷണവുമായി അയാള്‍ പുറത്തേക്കിറങ്ങി.

കാറോടിച്ച് പോകുമ്പോഴും നാളെ കഴിഞ്ഞ് തിരിച്ച് പോകുന്നതിനെക്കുറിച്ചായിരുന്നു ചിന്ത.
റോഡിനോട് ചേര്‍ന്ന് പുറമ്പോക്കില്‍ ഓല കെട്ടി കുടില്‍പോലെ തോന്നിക്കുന്ന ഒരിടത്ത് അയാള്‍ കാര്‍ നിര്‍ത്തി.  കോണ്‍ക്രീറ്റിന്‍റെ ഒടിഞ്ഞ ഒരു ഇലക്ട്രിക് പോസ്റ്റ് മുന്‍ഭാഗത്ത് ബെഞ്ച്പോലെ സ്ഥാപിച്ചിട്ടുണ്ട്. ഇറയില്‍ നിന്ന് തൂങ്ങിക്കിടക്കുന്ന തകരത്തില്‍ ചുവന്ന പെയിന്‍റ് കൊണ്ട് ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്ബ് എന്നെഴുതിയിരിക്കുന്നു. ആ പരിസരം എന്തൊ, അയാള്‍ക്കിഷ്ടപ്പെട്ടില്ല. വല്ലാതെ ഇടുങ്ങിയ, ശ്വാസം മുട്ടിക്കുന്ന ഒരവസ്ഥ. ഇതാണൊ ഇത്ര വലിയ ക്ലബ്ബെന്നയാള്‍ മനസ്സിലോര്‍ത്തു.

കാറില്‍ നിന്നിറങ്ങി ക്ലബ്ബിലേക്ക് നടന്നു. ക്യാരംസ് കളിച്ചുകൊണ്ടിരുന്നവര്‍ പരിചയമില്ലാത്ത മുഖം കണ്ട് കളി നിര്‍ത്തി അയാളെ ശ്രദ്ധിച്ചു.

"ഷെരീഫ്...?" ചെറിയൊരു സങ്കോചത്തോടെ അയാള്‍ ചോദിച്ചു.

"ഞാനാണ് ഷെരീഫ്. ക്ലബ്ബിന്‍റെ സെക്രട്ടറി." കൂട്ടത്തില്‍ താടിവെച്ചവന്‍ പറഞ്ഞു. സൗമ്യമായ മുഖം.

"ഡേവിസ് മാഷ് പറഞ്ഞിട്ടാണ് ഞാന്‍ വന്നത്. അത്യാവശ്യമായി അല്‍പം രക്തം വേണ്ടിയിരിക്കുന്നു. അപ്പനൊരു ആക്സിഡന്‍റ് പറ്റി." ഒറ്റ ശ്വാസത്തിനാണ് പറഞ്ഞത്. കടലാസ്സിലെ കുറിപ്പ് ഷെരീഫിന് നല്‍കി.

'റെയര്‍ ഗ്രൂപ്പാണ്. ഞങ്ങളുടെ ലിസ്റ്റില്‍ രണ്ട് പേരുണ്ട്. കൂലിപ്പണിക്കാരാണ്. ജോലിക്ക് പോയിരിക്കുന്നു. സാരമില്ല നമുക്കവരെ വിളിക്കാം." കുറിപ്പ് നോക്കിക്കൊണ്ട് ഷെരീഫ് പറഞ്ഞു.

കാര്യം നടക്കുമെന്ന് ഡേവിസ് മാഷ് പറഞ്ഞത് ശരിയാണെന്ന് അയാളോര്‍ത്തു. ഒരു പൊല്ലാപ്പിന് പരിഹാരമായി എന്നതില്‍ ആശ്വസിച്ചു. എത്രയും വേഗം അവരെയും കൂട്ടി പുറപ്പെടാന്‍ അയാള്‍ തയ്യാറായിരുന്നു.

"സാറിന്‍റെയും ബന്ധുക്കളുടെയും രക്തം നോക്കിയില്ലെ സാറെ. സാധാരണ ബന്ധുക്കളുടെ രക്തം ചിലപ്പോള്‍ ഒരേ ഗ്രൂപ്പില്‍ പെട്ടതായിരിക്കാറുണ്ട്." ഷെരീഫ് ഒരു സംശയം ചോദിച്ചു.
പെട്ടെന്നയാള്‍ക്ക് മറുപടി പറയാന്‍ കഴിഞ്ഞില്ല. ഒന്ന് പരുങ്ങി. അല്ലെങ്കിലും കള്ളം പറയേണ്ടിവരുമ്പോള്‍ ഒരു പരുങ്ങല്‍ സ്വാഭാവികമാണല്ലൊ. ഒരിക്കല്‍ അമ്മയ്ക്ക് രക്തത്തിനുവേണ്ടി എല്ലാ മക്കളേയും ടെസ്റ്റ് ചെയ്തിരുന്നത് അയാള്‍ ഓര്‍ത്തു. തന്‍റെയും രണ്ട് സഹോദരിമാരുടെയും രക്തം അതേ ഗ്രൂപ്പാണെന്ന് ഇവരോടെങ്ങനെ പറയും? അല്ലെങ്കില്‍ത്തന്നെ തന്‍റെ രക്തം എടുത്തിട്ടുള്ള കളി ഒന്നും വേണ്ട. ഇവര്‍ക്ക് എത്ര പണം വേണമെങ്കിലും കൊടുക്കാമല്ലൊ. പിന്നെന്തിനാ ഇവര്‍ വേണ്ടാത്ത കാര്യം അന്വേഷിക്കുന്നത്?

"ഇല്ല. തിരക്കിനിടയില്‍ അതോര്‍ത്തില്ല." അയാള്‍ പറഞ്ഞൊപ്പിച്ചു.

"പെട്ടെന്ന് ചെയ്യേണ്ടതെല്ലാം മറക്കുന്നവരാണ് ഇപ്പോള്‍ വരുന്നവരില്‍ അധികവും. സാറൊരു കാര്യം ചെയ്യ്. പെട്ടെന്ന് തിരിച്ച് പോയി സാറിന്‍റെയും ബന്ധുക്കളുടെയും ടെസ്റ്റ് ചെയ്ത് നോക്ക്. ചേരുന്നില്ലെങ്കില്‍ എനിക്ക് ഫോണ്‍ ചെയ്യ്. അഞ്ച് മിനിറ്റിനകം ഞങ്ങളെത്താം. വെറുതെ എന്തിനാ പണിക്ക് പോയവരെ ബുദ്ധിമുട്ടിക്കുന്നത്?" അയാളുടെ മറുപടിയില്‍ സംശയം തോന്നിയ ഷെരീഫ് പോംവഴി നിര്‍ദ്ദേശിച്ചു.

മറുത്തൊന്നും പറയാന്‍ അയാള്‍ക്കില്ലായിരുന്നു. തല കുമ്പിട്ട് കാറിനടുത്തേക്ക് തിരിച്ച് നടന്നു.

പറഞ്ഞത് അല്പം കൂടിപ്പോയൊ എന്ന് ഷെരീഫിന് തോന്നാതിരുന്നില്ല. ഇതിനെക്കാള്‍ ചെറുതാക്കി ഇത്തരക്കാരോട് എന്താണ് പറയുക? എങ്കിലും മനസ്സില്‍ പ്രയാസം തോന്നി. അധികം ആലോചിക്കാതെ ഓട്ടോ വിളിച്ച് രണ്ടാളേയും ജോലി സ്ഥലത്തുനിന്ന് വിളിച്ച് ആശുപത്രിയിലേക്ക് പോയി. അവിടെ എത്തിയപ്പോഴാണ് മനസ്സിന് ആശ്വാസം കിട്ടിയത്.

ഹോസ്പിറ്റലിന് മുന്നില്‍ ഓട്ടോയില്‍ നിന്നിറങ്ങുമ്പോള്‍ അയാള്‍ മുന്‍വശത്തുതന്നെ മറ്റാരോടൊ സംസാരിച്ച് നില്‍ക്കുന്നുണ്ടായിരുന്നു. ചെറിയൊരു പന്തികേട് അയാളില്‍ ദൃശ്യമായിരുന്നു. ഷെരീഫിനെ കണ്ടതും അയാള്‍ അടുത്തേക്ക് വന്നു.

"രക്തം വേണ്ടിവന്നില്ല ഷെരീഫ്. അതിന് മുന്‍പ് അപ്പന്‍ പോയി."

പ്രത്യേക ഭാവഭേദങ്ങളൊന്നുമില്ലാത്ത അയാളുടെ മറുപടി ഷെരീഫും കൂട്ടരും പ്രതീക്ഷിച്ചിരുന്നൊ എന്തൊ...

You can share this post!

ഇഡാ

ലിന്‍സി വര്‍ക്കി
അടുത്ത രചന

ദ ക്രൂയിസ്

ലിന്‍സി വര്‍ക്കി
Related Posts