news-details
മറ്റുലേഖനങ്ങൾ

മാനസികാടിമത്വത്തിന്‍റെ ഭൂമിശാസ്ത്രം

ഇന്ത്യയടക്കം യൂറോപ്യന്‍ രാജ്യങ്ങളുടെ അധിനിവേശത്തിനു വിധേയമായ രാജ്യങ്ങള്‍ പ്രത്യക്ഷാധിനിവേശത്തില്‍നിന്ന് വിടുതല്‍ നേടിയിട്ട് പല ദശകങ്ങള്‍ പിന്നിട്ടിരിക്കുന്നു. രണ്ടാം ലോകയുദ്ധ(1939-45)ത്തിനു ശേഷം വ്യാപകമായി അധിനിവേശ രാജ്യങ്ങള്‍ ലോകമാസകലം തങ്ങളുടെ നേരിട്ടുള്ള അധിനിവേശം വിട്ടൊഴിഞ്ഞുപോകാന്‍ താല്‍പര്യം പ്രകടിപ്പിച്ചു. തങ്ങളുടെ നിഷ്ഠൂരമായ അധിനിവേശത്തിനെതിരെ അതിനു വിധേയമായ രാജ്യങ്ങളിലുണ്ടായ ജനകീയ മുന്നേറ്റങ്ങളും ലോകസമ്പദ്ഘടനയിലുണ്ടായ പരിണാമങ്ങളുമാണ് ഇതിന് അധിനിവേശ രാജ്യങ്ങളെ പ്രേരിപ്പിച്ചത്.

കാര്‍ഷിക-വ്യാവസായിക വിപ്ലവങ്ങളിലൂടെ കടന്നുപോയ എല്ലാ യൂറോപ്യന്‍ രാജ്യങ്ങളും യൂറോപ്പൊഴിച്ചുള്ള മറ്റെല്ലാ ഭൂഖണ്ഡങ്ങളേയും പല കാലങ്ങളിലായി അധിനിവേശത്തിനു വിധേയമാക്കി. തങ്ങള്‍ അധിനിവേശിച്ച ഭൂപ്രദേശങ്ങളുടെ ചരിത്രവും, സംസ്കാരവും തങ്ങളുടേതിനേക്കാള്‍ താഴ്ന്നതാണെന്ന വിശ്വാസവും അതിന്മേല്‍ കെട്ടിപ്പൊക്കിയ ഉറപ്പുമാണ് കുറ്റബോധമേതുമില്ലാതെ അധിനിവേശ പ്രക്രിയയില്‍ ഏര്‍പ്പെടാന്‍ യൂറോപ്യന്‍ രാജ്യങ്ങളെ പ്രാപ്തരാക്കിയത്. അധിനിവേശ പ്രക്രിയയില്‍ ഏര്‍പ്പെട്ട യൂറോപ്യന്‍ രാജ്യങ്ങളുടെ സാമൂഹ്യ വികാസത്തിന്‍റെ തോതനുസരിച്ചുള്ള നിഷ്ഠൂരത്വമാണ് വിവിധ അധിനിവേശ പ്രദേശങ്ങള്‍ക്ക് അനുഭവിക്കേണ്ടിവന്നത്. ബ്രിട്ടീഷ്, ഡച്ച്, ഫ്രഞ്ച് അധിനിവേശങ്ങള്‍ തമ്മിലുള്ള താരതമ്യം ഇത് സംശയലേശമെന്യേ വ്യക്തമാക്കുന്നു.

അധിനിവേശത്തിനു വിധേയമായ ഭൂപ്രദേശങ്ങളെയും ജനവിഭാഗങ്ങളെയും കൊടിയചൂഷണത്തിനു വിധേയമാക്കിയാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ ഇന്നു കാണുന്ന 'വികസന'വും 'പുരോഗതി'യും കൈവരിച്ചത്. ഈ ഹിംസാത്മകമായ പ്രക്രിയ കേവലം സാമ്പത്തിക ചൂഷണത്തില്‍ മാത്രം ഒതുങ്ങിനിന്നില്ല. മറിച്ച് നാനാപ്രകാരത്തിലുള്ള അടിമത്തം അധിനിവേശിത ജനസമൂഹങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിച്ചുകൊണ്ടാണ് അധിനിവേശ പ്രക്രിയ മുന്നോട്ടുനീങ്ങിയത്. അധിനിവേശിതരുടെ മനസ്സുകളില്‍ അപകര്‍ഷതയുടെ വടുക്കള്‍ സൃഷ്ടിക്കുകവഴി അവര്‍ക്കുമേല്‍ തങ്ങള്‍ അടിച്ചേല്‍പ്പിച്ച ആധിപത്യം തികച്ചും സാധുവാണെന്നു സ്ഥാപിച്ചെടുക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കു കഴിഞ്ഞു.

തങ്ങളുടെ ആധിപത്യം തികച്ചും 'ശാസ്ത്രീയ' മാണെന്ന് ഉറപ്പിക്കുന്ന 'വിജ്ഞാന' മണ്ഡലങ്ങള്‍ നിര്‍മ്മിച്ചെടുത്തുകൊണ്ടും, അവ അധിനിവേശദേശങ്ങളില്‍ വ്യാപകമായി പ്രചരിപ്പിച്ചുകൊണ്ടുമാണ് അധിനിവേശക്കാര്‍ മുന്‍പ് സൂചിപ്പിച്ച സാധുത കൈവരിച്ചത്. അധിനിവേശത്തിന് വിശ്വാസ്യത ഉറപ്പുവരുത്തുന്നതിന് അധിനിവേശിതരുടെ ബോധമണ്ഡലം കീഴടക്കി വരുതിയിലാക്കേണ്ടത് അത്യാവശ്യമാണെന്ന് അധിനിവേശക്കാര്‍ ആദ്യംതന്നെ തിരിച്ചറിഞ്ഞു. അതിനായി അവിടങ്ങളില്‍ നിലവിലിരുന്ന ജ്ഞാനാര്‍ജ്ജന, വിതരണരീതികളെ വിസ്ഥാപനം ചെയ്യുകയും പകരം യൂറോപ്യന്‍ ഭാഷകളിലുള്ള തികച്ചും അന്യവത്കൃതമായ വിദ്യാഭ്യാസ പദ്ധതി അടിച്ചേല്‍പ്പിക്കുകയും ചെയ്തു.ഇങ്ങനെ അടിച്ചേല്‍പ്പിച്ച വിദ്യാഭ്യാസരീതിയിലൂടെ അധിനിവേശിതരുടെ ജൈവികമായ ജീവിതശൈലികള്‍ അട്ടിമറിക്കുവാനും, അവരില്‍ അപകര്‍ഷത സൃഷ്ടിക്കുവാനും ഊട്ടിയുറപ്പിക്കുവാനും അധിനിവേശക്കാര്‍ക്കു  സാധിച്ചു. ബോധന മാധ്യമമായി അധിനിവേശജനതയുടെ ഭാഷകള്‍ക്കു പകരം യൂറോപ്യന്‍ ഭാഷകള്‍ അടിച്ചേല്‍പ്പിച്ചതോടെ അധിനിവേശിതരിലെ ബഹുഭൂരിപക്ഷത്തിന് 'വിദ്യാഭ്യാസം' അപ്രാപ്യമാകുകയും ആയാസകരമാകുകയും ചെയ്തു. ഇതോടൊപ്പംതന്നെ സ്വന്തം ജൈവിക സാഹചര്യങ്ങളില്‍നിന്ന് അന്യവത്കരണം സംഭവിച്ച, അധിനിവേശക്കാരോട് വിധേയത്വമുള്ള ഒരു വിഭാഗം 'അഭ്യസ്തവിദ്യ'രെ സൃഷ്ടിച്ചെടുക്കുവാനും അധിനിവേശക്കാര്‍ക്കു സാധിച്ചു.

അധിനിവേശദേശങ്ങളിലെ ഭരണനിര്‍വ്വഹണത്തിന് ആവശ്യമായ ഉദ്യോഗസ്ഥരെയും, ക്രമസമാധാന പാലനത്തിന് ആവശ്യമായ പോലീസ്, പട്ടാള ഉദ്യോഗസ്ഥരെയും അധിനിവേശിത സമൂഹങ്ങളില്‍നിന്നുതന്നെ ഒരുക്കിയെടുക്കുവാനും അങ്ങനെ അധിനിവേശിത സമൂഹത്തെത്തന്നെ പിളര്‍ത്തി തങ്ങളുടെ ആധിപത്യം  ഉറപ്പിക്കുവാനും അധിനിവേശക്കാര്‍ക്കു കഴിഞ്ഞു. അധിനിവേശിത സമൂഹത്തിനുമേല്‍ നേടിയെടുത്ത പ്രത്യയശാസ്ത്ര അധീശത്വത്തിലൂടെയാണ് അധിനിവേശക്കാര്‍ ഇതു സാധിച്ചെടുത്തത്. തങ്ങള്‍ അടിച്ചേല്‍പ്പിച്ച വിദ്യാഭ്യാസ പദ്ധതിയും, അതിലൂടെ ഉയര്‍ന്നുവന്ന ദല്ലാള്‍ ബുദ്ധിജീവികളും, പരിഷ്കരണവാദ വ്യവഹാരങ്ങളും ഇതില്‍ അധിനിവേശക്കാരെ കണക്കറ്റു സഹായിച്ചു. അധിനിവേശ പ്രത്യയശാസ്ത്രം ആധുനികമാണെന്നും തദ്ദേശീയ ജ്ഞാനരൂപങ്ങളും, ശീലങ്ങളും പാരമ്പര്യ നിഷ്ഠമാണെന്നു സ്ഥാപിച്ചെടുക്കാനും, ആധുനികത, പാരമ്പര്യം എന്നിവ വിരുദ്ധധ്രുവങ്ങളായി ചിത്രീകരിച്ച് ആധുനികതയുടെ പതാകാവാഹകരായി സ്വയം അടയാളപ്പെടുത്താനും അധിനിവേശക്കാരെ ഇതു സഹായിച്ചു.

അധിനിവേശ രാജ്യങ്ങളില്‍ ഒന്നൊഴിയാതെ എല്ലാറ്റിലും സംഭവിച്ച ഈ പ്രവണത ഏറ്റക്കുറച്ചിലുകളില്‍ മാത്രമാണ് ഭിന്നമായത്. അധിനിവേശക്കാര്‍ അഭിരുചികളിലും താല്പര്യങ്ങളിലും തങ്ങളുടെ പ്രതിരൂപത്തില്‍ വാര്‍ത്തെടുത്ത 'അഭ്യസ്തവിദ്യ'രായ തവിട്ടു തമ്പുരാക്കന്മാരാണ് അധിനിവേശ മനോഘടനയുടെ സൂക്ഷിപ്പുകാരും ദല്ലാളന്മാരുമായി വ്യവസ്ഥാനടത്തിപ്പുകാരായി പരിണമിച്ചത്. അധിനിവേശ രാജ്യങ്ങള്‍ അധിനിവേശം വിട്ടൊഴിഞ്ഞുപോയതോടെ ആ പ്രദേശങ്ങളുടെ ഭരണച്ചുമതല വന്നുചേര്‍ന്നതും അവിടങ്ങളിലെ ജനസംഖ്യയിലെ കേവലം ന്യൂനപക്ഷമായ ഈ തവിട്ടുതമ്പുരാക്കന്മാരിലാണ്.

അധിനിവേശാനന്തര ലോകത്ത് പ്രത്യക്ഷഭരണത്തിന്‍റെ മുഖച്ഛായ മാറിയെങ്കിലും ആന്തരഘടന അനുസ്യൂതം തുടര്‍ന്നു. അധിനിവേശാനന്തര ഭരണകൂടങ്ങളുടെ തലപ്പത്ത് പ്രതിഷ്ഠിതരായ തവിട്ടുതമ്പുരാക്കന്മാര്‍ തങ്ങളുടെ പ്രത്യയശാസ്ത്രാടിസ്ഥാനങ്ങളില്‍നിന്നും വേറിട്ടുമാറാന്‍ വൈമനസ്യം പ്രകടിപ്പിച്ചു. അതുപോലെതന്നെ അധിനിവേശാനന്തര സമൂഹങ്ങളിലെ ജ്ഞാനരൂപങ്ങളും, ജ്ഞാനാര്‍ജ്ജന-വിതരണ രീതികളും മാറ്റമില്ലാതെ തുടര്‍ന്നു. അധിനിവേശ 'നുക'ത്തില്‍ നിന്നും 'വിടുതല്‍' നേടിയ ജനങ്ങളുടെ പൊതു മനോഘടനയില്‍  വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നതിനും, നേടിയ 'വിടുതല്‍' വ്യാപകമാക്കുന്നതിനും ശ്രമിക്കുന്നതിനുപകരം അധിനിവേശാനന്തര ഭരണകൂടങ്ങള്‍ പരോക്ഷമായ നവാധിനിവേശത്തിനു കീഴടങ്ങുകയാണുണ്ടായത്.

അധിനിവേശ പ്രത്യയശാസ്ത്രത്തിന്‍റെ സമൂഹഘടനയിലുള്ള അധീശത്വത്തെ വിപാടനം ചെയ്യുന്നതിനു പകരം, നവാധിനിവേശത്തിന്‍റെ പശ്ചാത്തലത്തില്‍ അതിനെ രൂഢമൂലമാക്കുവാനാണ് അധിനിവേശാനന്തര ഭരണകൂടങ്ങളും അവയ്ക്കു നേതൃത്വം നല്‍കിയ തവിട്ടുതമ്പുരാക്കന്മാരുടെ സാമൂഹ്യവര്‍ഗ്ഗങ്ങളും ശ്രമിച്ചത്. അധിനിവേശാനന്തര സമൂഹങ്ങളിലെല്ലാംതന്നെ പ്രകടമായ ഈ പ്രവണത അതിന്‍റെ ഗാഢതയില്‍ മാത്രമാണ് വ്യത്യസ്തത പുലര്‍ത്തിയത്. നവാധിനിവേശവും അതിന്‍റെ രേഖീയ പിന്തുടര്‍ച്ചയായ ആഗോളീകരണവും അധിനിവേശ കാലത്ത് നിലവില്‍ വന്ന സാര്‍വ്വദേശീയ തലത്തിലുള്ള പ്രവൃത്തിവിഭജനത്തെ അരക്കിട്ടുറപ്പിക്കുകയാണ് ചെയ്തത്.

ദേശങ്ങള്‍ക്കിടയില്‍ ഉടലെടുത്ത ഈ പ്രവൃത്തിവിഭജനമാണ് ചില ദേശങ്ങളെ അസംസ്കൃത വിഭവങ്ങളും കായികാധ്വാനം ഏറെ ആവശ്യമായ സേവനങ്ങളും നല്‍കുന്നവയെന്നും അവയെല്ലാം ഉപഭോഗിക്കുന്നവയെന്നും രണ്ടായി വിഭജിച്ചത്. അധിനിവേശത്തിനു നേതൃത്വം കൊടുത്ത യൂറോപ്യന്‍ രാജ്യങ്ങളും നവാധിനിവേശത്തിനും ആഗോളീകരണത്തിനും നേതൃത്വം നല്‍കിവരുന്ന അമേരിക്കയും മേല്‍ സൂചിപ്പിച്ച വര്‍ഗ്ഗീകരണത്തിലെ രണ്ടാമത്തെ വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്. പാശ്ചാത്യരാജ്യങ്ങള്‍ തങ്ങളുടെ ആധിപത്യമുറപ്പിക്കുന്നതിനു രൂപംകൊടുത്ത ചൂഷണപദ്ധതികളുടെ നടത്തിപ്പിന് ഈ പ്രവൃത്തിവിഭജനം ഏറ്റവും അത്യാവശ്യമാണ്.

നമ്മുടെ രാജ്യമടക്കം അധിനിവേശാനന്തര ലോകം ഈ പ്രവൃത്തിവിഭജനത്തിലെ പ്രഥമകാണ്ഡത്തിലാണ് ഉള്‍പ്പെടുന്നത്. ഈ പ്രവൃത്തിവിഭജനത്തിന്‍റെ നിലനില്പ് അധിനിവേശാനന്തര ലോകത്തിന്‍റെ അടിമ മനോഭാവത്തിലും വിധേയത്വ മനോഘടനയിലുമാണ് അടിസ്ഥാനമിട്ടിരിക്കുന്നത്. പാശ്ചാത്യലോകത്തെയപേക്ഷിച്ച് എല്ലാറ്റിലും തങ്ങള്‍ പിന്നിലാണ് എന്ന അബദ്ധവിശ്വാസമാണ് ഈ വിധേയത്വ മനോഘടനയുടെയും അടിമമനോഭാവത്തിന്‍റെയും കാതല്‍. അടിസ്ഥാനരഹിതമായ ഈ വിശ്വാസം അധിനിവേശത്തിനു വിധേയമായ ജനതകള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുകയും അതു സമര്‍ത്ഥമായി  പുനരുല്‍പ്പാദിപ്പിക്കുകയും ചെയ്യാന്‍ കഴിഞ്ഞതിലൂടെയാണ്, ഇപ്പോഴും കഴിയുന്നതിലൂടെയാണ് വിവിധ തലങ്ങളിലുള്ള ചൂഷണം അഭംഗുരം തുടര്‍ന്നുപോരുന്നത്.

അധിനിവേശിത ദേശങ്ങളില്‍ അടിച്ചേല്‍പ്പിച്ച വിദ്യാഭ്യാസ പദ്ധതികളിലൂടെയാണ് ഈ മനോഗതിയെ ഉറപ്പിക്കുകയും അധിനിവേശിതരുടെ ജീവിതദര്‍ശനമാക്കുകയും ചെയ്തത്. അധിനിവേശാനന്തരകാലത്തും ഈ പ്രക്രിയ ഭേദമേതുമില്ലാതെ തുടര്‍ന്നുപോരുന്നു. അധിനിവേശാനന്തര ലോകത്തെ വിദ്യാഭ്യാസ പദ്ധതികള്‍ അധിനിവേശാനന്തര ജനസമൂഹങ്ങളെ പാശ്ചാത്യ 'വികസിത' ലോകത്തിന്‍റെ ആവശ്യങ്ങള്‍ക്കനുസരിച്ച് പരുവപ്പെടുത്തിയെടുക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്. തങ്ങളുടെ പാരമ്പര്യങ്ങളേയും, വഴക്കങ്ങളേയും നാനാതരം അറിവുകളേയും ജൂഗുപ്സയോടെ നോക്കിക്കാണാന്‍ അധിനിവേശിത ജനസമൂഹങ്ങളെ ഇത് പ്രേരിപ്പിക്കുന്നു. തങ്ങളുടെ ജീവല്‍ഭാഷകളെ ബോധനമാധ്യമമെന്ന നിലയില്‍ അംഗീകരിക്കാനാവാതെ ഇംഗ്ലീഷും ഫ്രഞ്ചും പോലുള്ള 'ലോകഭാഷ'കളെ ജ്ഞാനസംവാഹകരായി അംഗീകരിക്കുന്നതിലൂടെ അറിവിന്‍റേയും വിജ്ഞാനത്തിന്‍റെയും മണ്ഡലങ്ങളില്‍ അധിനിവേശിത ജനസമൂഹങ്ങള്‍ അന്യവത്കരണത്തിനും അപകര്‍ഷതയ്ക്കും അടിമപ്പെടുന്നു.

ഇന്ത്യയടക്കം അധിനിവേശാനന്തര സമൂഹങ്ങളില്‍ വിദ്യാഭ്യാസമണ്ഡലത്തിന് ചുക്കാന്‍പിടിക്കുന്ന ഭരണകൂടവും, സ്വകാര്യ വിദ്യാഭ്യാസകച്ചവടക്കാരും അടിമ മനോഭാവത്തെ ഊട്ടിയുറപ്പിക്കുന്ന വിദ്യാഭ്യാസ പദ്ധതികള്‍ മത്സരബുദ്ധിയോടെ നടപ്പാക്കുന്നവരാണ്. വിദ്യാഭ്യാസ മണ്ഡലത്തെ ഉദാരവത്കരിക്കുകയും സ്വകാര്യവത്കരിക്കുകയും ചെയ്യുന്നതിലൂടെ ഇതു കൂടുതല്‍ വ്യാപകമാവുകയും 'വികസിത' വിദേശങ്ങളിലെ വിദ്യാഭ്യാസ കച്ചവടക്കാര്‍ക്ക് അധിനിവേശാനന്തര ലോകത്തെ വിദ്യാഭ്യാസ രംഗം തുറന്നുകൊടുക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തിരിക്കുന്നു.

അധിനിവേശാനന്തര ലോകത്ത് കൂണുപോലെ മുളച്ചുപൊന്തുന്ന 'സാങ്കേതിക' വിദ്യാഭ്യാസ സ്ഥാപനങ്ങളും 'സേവനാധിഷ്ഠിത' പാഠ്യപദ്ധതികളും ഇത്തരത്തില്‍ അധിനിവേശാനന്തര ലോകത്തിലെ ബൗദ്ധിക മണ്ഡലത്തെയാകെ 'വികസിത' ലോകത്തിന്‍റെ താല്‍പര്യങ്ങള്‍ക്കും, ഉപയോഗങ്ങള്‍ക്കും വേണ്ടി പരുവപ്പെടുത്തുന്നതിനുള്ള ശ്രമത്തിന്‍റെ ഭാഗമാണ്. വിമര്‍ശനാത്മക അവബോധം ജനിപ്പിക്കുന്നതോ, തങ്ങളുടെ ബൗദ്ധികവും സാംസ്കാരികവുമായ ഈടുവയ്പുകളെ വികസ്വരമാക്കുന്നതോ അല്ലാത്ത പാഠ്യപദ്ധതികളിലൂടെ അധിനിവേശാനന്തര സമൂഹങ്ങളിലെ ബൗദ്ധികമണ്ഡലത്തെ അംഗഭംഗപ്പെടുത്താനും, അടിമപ്പെടുത്താനും സഹായിക്കുന്ന സമീപനമാണ് അവിടങ്ങളിലെ ഭരണകൂടങ്ങളും സ്വകാര്യ വിദ്യാഭ്യാസ കച്ചവടക്കാരും സ്വീകരിക്കുന്നത്. ഈ പരിതോവസ്ഥ തിരിച്ചറിയുകയും മാറ്റിത്തീര്‍ക്കുകയും ചെയ്താലല്ലാതെ അഭിമാനബോധവും ആത്മവിശ്വാസവുമുള്ള ഒരു ജനസമൂഹത്തെ സൃഷ്ടിക്കാനാവില്ല. വിമര്‍ശനാത്മകമായ വിജ്ഞാനപദ്ധതികളിലൂടെ അടിമബോധത്തേയും വിധേയത്വമനോഘടനയേയും തോറ്റിയൊഴിക്കാത്ത ഒരു ജനതയ്ക്കും ആത്മവിശ്വാസവും അഭിമാനബോധവും തികഞ്ഞ കൂട്ടായ്മയായി പരിണമിക്കാനാവില്ല.

You can share this post!

തോറ്റവന്‍റെ നിലവിളി

സഖേര്‍
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts