news-details
കാലികം

വലിയ ജലാശയമില്ലാതെ ഡാമില്ലാതെ ശാശ്വതപരിഹാരം

മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയാതെതന്നെ നിലവിലുള്ള വൃദ്ധമായ ഡാം പ്രവര്‍ത്തനരഹിതമാക്കുക (ഡീക്കമ്മീഷന്‍), അതേസമയം തമിഴ്നാടിന് ഇപ്പോഴത്തെയളവില്‍ വെള്ളംകൊടുക്കുകയും ചെയ്യുക എന്ന പരിഹാരമാര്‍ഗ്ഗമാണ് ഏറ്റവും അപകടരഹിതവും യുക്തിസഹവുമായിട്ടുള്ളത്. വേണമെന്നു വച്ചാല്‍ മുല്ലപ്പെരിയാറില്‍ വലിയൊരു അണക്കെട്ടില്ലാതെതന്നെ, വലിയൊരു ജലസംഭരണി നിലനിര്‍ത്താതെതന്നെ തമിഴ്നാടിന് വേണ്ടത്ര വെള്ളംകൊടുക്കാന്‍ കഴിയും എന്നാണ് അറിവുള്ളവര്‍ പലരും കാര്യകാരണസഹിതം സമര്‍ത്ഥിക്കുന്നത്. 50 അടി ജലനിരപ്പില്‍ത്തന്നെ ആവശ്യമായത്ര തുരങ്കങ്ങളുണ്ടാക്കി (ഇപ്പോള്‍ തുരങ്കമുള്ളത് 104 അടി ഉയരത്തിലാണ്) ജലം തമിഴ്നാട്ടിലേയ്ക്ക് കൊടുക്കുകയും  തമിഴ്നാടിന്‍റെ പ്രദേശങ്ങളില്‍ കൊണ്ടുപോയി വികേന്ദ്രീകൃതമായി അവര്‍ ജലം സംഭരിക്കുകയും ചെയ്യുക എന്നതാണ് ശാശ്വതമായ ഈ പരിഹാരമാര്‍ഗ്ഗം. താരതമ്യേന വളരെച്ചെറിയ ജലാശയം മാത്രം നിലനിര്‍ത്തുക. ഭൂകമ്പത്താല്‍ ഡാം തകരുകയാണെങ്കില്‍പോലും ആളപായം ഉണ്ടാകാതിരിക്കുക എന്നതായിരിക്കണം ഇക്കാര്യത്തില്‍ നമ്മുടെ മാനദണ്ഡം.

മുകളില്‍പറഞ്ഞ പരിഹാരമാര്‍ഗ്ഗം ഭീകരമായ ദുരന്തസാധ്യത ശാശ്വതമായി ഒഴിവാക്കും എന്നതിനുപുറമെ ഇപ്പോള്‍ ജലാശയത്തിനടിയിലായിരിക്കുന്ന ആയിരക്കണക്കിനേക്കര്‍ സ്ഥലം നമുക്കു കരഭൂമിയായി ലഭിക്കും. അവിടെ സസ്യജാലങ്ങളും മൃഗങ്ങളും ജീവിച്ചു തുടങ്ങും.

പെട്ടെന്നിതു കേള്‍ക്കുമ്പോള്‍ നമുക്കു ചിന്താക്കുഴപ്പമുണ്ടായേക്കാം. എന്നാല്‍ വളരെക്കാലമായി ചിലരെങ്കിലും മുന്നോട്ടുവച്ചിട്ടുള്ളതാണ് മേല്‍പ്പറഞ്ഞ ആശയം. അടുത്തയിടെ സി.ആര്‍.നീലകണ്ഠനാണ് 'ജനശക്തി'യിലും, 'മാതൃഭൂമി' ഡിസംബര്‍ 11 ന്‍റെ വാരികയിലും ഒരേസമയത്തു പ്രസിദ്ധീകരിച്ച തന്‍റെ ലേഖനത്തിലൂടെ ഇതിനു പുതിയ ബഹുജനശ്രദ്ധയും പ്രസക്തിയും ഉണ്ടാക്കിയെടുത്തതെന്നു തോന്നുന്നു. മുല്ലപ്പെരിയാര്‍ സന്ദര്‍ശിച്ച് സമരത്തോട് അനുഭാവം രേഖപ്പെടുത്തിയ മേധാപട്ക്കറും ഇതേ നിര്‍ദ്ദേശമാണ് അവരുടെ പ്രസംഗത്തില്‍ അവതരിപ്പിച്ചത്. ഡിസംബര്‍ 18 ന്‍റെ മാതൃഭൂമി വാരികയില്‍ ഡോ. എ.ലത, 'അണക്കെട്ടുവേണ്ടാ, പോംവഴിയുണ്ട്' എന്ന ലേഖനത്തിലൂടെ ഈ വിഷയം യാഥാര്‍ത്ഥ്യബോധത്തോടെയും വിദഗ്ദ്ധമായും നമ്മുടെ മുമ്പില്‍ ഉന്നയിച്ചിട്ടുണ്ട്.

ഇനിയിപ്പോള്‍, മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ആശങ്കയുള്ളവരും, ഇക്കാര്യത്തില്‍ സമരത്തിനിറങ്ങിയിട്ടുള്ളവരുമായ മുഴുവന്‍ പേരും, പറഞ്ഞു ശീലിച്ച 'പുതിയ ഡാം' എന്ന വാക്കിനുപകരം, 'വലിയ ജലസംഭരണിയും വലിയ അണക്കെട്ടുമില്ലാതെ, കേരളീയരുടെ സുരക്ഷയുറപ്പാക്കി തമിഴ്നാടിനു വെള്ളം' എന്ന മഹത്തായ ആശയം ഉള്‍ക്കൊള്ളുകയും അങ്ങനെ ആവശ്യപ്പെടുകയും പ്രചരിപ്പിക്കുകയും ചെയ്യുവാന്‍ അടിയന്തരമായി മുന്നോട്ടുവരികയുമാണു വേണ്ടത്.

ദുരന്തമുഖത്തെ സഹോദരങ്ങളോട്

മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ നേരിട്ടു ബന്ധപ്പെട്ടവരും ദുരന്തമുണ്ടായാല്‍ ഉറപ്പായും ഇരകളാകുന്നവരുമാണ് ഈ കുറിപ്പ് ഏറ്റവും ശ്രദ്ധിക്കേണ്ടത്. മുല്ലപ്പെരിയാറിനും ഇടുക്കിക്കും ഇടയ്ക്കുള്ള 5 പഞ്ചായത്തിലുള്ളവരും, ഡാംപ്രശ്നം ചങ്കുറപ്പോടെയും ആത്മാര്‍ത്ഥതയോടെയും ഏറ്റെടുത്ത് 5 വര്‍ഷത്തിലേറെയായി ചപ്പാത്തില്‍ സമരം നടത്തുന്ന സമിതിക്കാരുമാണവര്‍. അവരെ സംബന്ധിച്ചിടത്തോളം ഈ കുറിപ്പില്‍ പറഞ്ഞ പരിഹാരമാര്‍ഗ്ഗം അമ്പരപ്പും ചിന്താക്കുഴപ്പവുമുണ്ടാക്കുന്നതാണോ? അല്ല. അവരാണ് യഥാര്‍ത്ഥത്തില്‍ ഈ വാദം ഉയര്‍ത്തിപ്പിടിക്കേണ്ടത്. വേറെ പരിഹാരമില്ല എന്നോര്‍ത്തു മാത്രമല്ലേ നാം, ഞങ്ങളും നിങ്ങളുമൊക്കെ പുതിയ ഡാം എന്നു പറഞ്ഞുതുടങ്ങിയത്? അതേ അതാണു സത്യം.

പുതിയ ഡാം പണിതാലും ഭൂകമ്പസാധ്യത ഉള്ളിടത്തോളംകാലം, വലിയൊരു ജലാശയം തലയ്ക്കുമുകളില്‍ നിലനില്‍ക്കുന്നിടത്തോളം കാലം അത് ഈ പറഞ്ഞ 5 പഞ്ചായത്തുകളിലെ ആളുകളുടെ ഉറക്കം കെടുത്തിക്കൊണ്ടിരിക്കും. അവിടുത്തെ കുട്ടികള്‍ പേടി സ്വപ്നംകണ്ടു ഞെട്ടും. അവര്‍ ഭാവിയില്‍ മാനസികവിഭ്രാന്തിയുള്ള പൗരന്മാരായിത്തീരും-ഭാഗ്യംകൊണ്ടു മാത്രം അതിനുമുമ്പു ഡാം പൊട്ടിയില്ലെങ്കില്‍!

തമിഴ്നാടിനു വെള്ളം കൊടുക്കാനുള്ള കരാര്‍ തീരണമെങ്കില്‍ ഇനിയും എട്ടുനൂറ്റാണ്ടുകൂടി കഴിയണം. ഇപ്പോള്‍ പുതിയ ഡാം പണിതാലും നൂറുകൊല്ലത്തിനുള്ളില്‍ വീണ്ടും പുതിയത്. അങ്ങനെ 8 ഡാം പണിതാലേ കരാര്‍ കാലാവധി തീരൂ!

ഇതിനര്‍ത്ഥം നമ്മുടെ 10-12 വരും തലമുറകള്‍കൂടി ഇത്തരത്തില്‍ തീതിന്നു കഴിയണം എന്നാണ്. ഈ കാലത്ത് ബുദ്ധിയുള്ള ഒരു ജനത അതിനു തയ്യാറാകില്ല. എന്തുവിലകൊടുത്തും നാം നിരന്തരമുള്ള ഒടുങ്ങാത്ത കൂട്ടമരണഭീഷണിയില്‍ നിന്നു മുക്തമാകണം.

പുതിയ ഡാം പണിയണമെങ്കില്‍ സുപ്രീം കോടതി വിധിക്കണം. അതുണ്ടാകുമെന്നു നിങ്ങള്‍ കരുതുന്നുണ്ടോ? ഇനി വിധിച്ചാല്‍ തന്നെ ഡാം പണി തീരാന്‍ എത്രകാലമെടുക്കും. 8-10 കൊല്ലമാകും എന്നാണ് പല വിദഗ്ധരും പറയുന്നത്. ഇനി പി.ജെ. ജോസഫ് പറയുന്നതുപോലെ 2 വര്‍ഷമാണെങ്കില്‍പോലും ഇപ്പോഴത്തെ ഡാം അത്രയും കാലം നിലനില്ക്കുമോ? ഇനിയൊരു മഴക്കാലംകൂടി താങ്ങുമെന്നുറപ്പുണ്ടോ? അപ്പോള്‍ പുതിയ ഡാം ഉണ്ടെങ്കിലും ഇല്ലെങ്കിലും ജലനിരപ്പു താഴ്ത്തണം. അതു നമ്മുടെ നിലനില്‍പ്പിന്‍റെ പ്രശ്നമാണ്. തമിഴ്നാടിനു കുറച്ചെങ്കിലും സ്വീകാര്യമാകുന്നത് 50 നിരപ്പില്‍ വച്ചു തുരങ്കമുണ്ടാക്കി വെള്ളം കൊടുക്കുക എന്നതാണ്. അവിടത്തെ 5 ജില്ലകളിലെ കര്‍ഷകസംഘം നേതാക്കള്‍ക്ക് ഇത് ഇപ്പോള്‍ത്തന്നെ സ്വീകാര്യമാണ്.

ഇത്തരം ഒരു സാധ്യത മുന്നില്‍ക്കണ്ട് വൈഗ ഡാം ഉള്‍പ്പെടെ ചെറുതും വലുതുമായ 12 ഓളം സംഭരണികള്‍ ഇതിനകംത്തന്നെ തമിഴ്നാട്ടില്‍ അവര്‍ ഉണ്ടാക്കിക്കഴിഞ്ഞു. വലിയ ഡാം ഇല്ലാത്തതുതന്നെയാണു ഭാവിയില്‍ തമിഴ്നാടിനും നല്ലത്.

നിങ്ങള്‍ ഡാമില്ലാതെ, വലിയ ജലാശയമില്ലാതെ വെള്ളം കൊടുക്കുക എന്ന ആശയം ധൈര്യമായി പറഞ്ഞാല്‍ മറ്റുള്ളവരും നിങ്ങളുടെ കൂടെ നില്‍ക്കും. കാരണം കേരളത്തിലെ ഓരോ സാധാരണക്കാരനും ആഗ്രഹിക്കുന്നത്, അവരുടെ ഹൃദയത്തിലുള്ളത് ഇതാണ്. ഈ ടേംസിലേയ്ക്കു വരാന്‍ രാഷ്ട്രീയക്കാരെ നമ്മള്‍ നിര്‍ബന്ധിതരാക്കണം. വലിയ ഡാമില്ലാതെ വെള്ളം എന്ന പരിഹാരമാര്‍ഗ്ഗം ഉറക്കെപ്പറയാന്‍ തയ്യാറാകുക എന്നതാണ് അതിന്‍റെ ആദ്യത്തെ ചുവട്.

മുഴുവന്‍ കേള്‍ക്കാനുള്ള ക്ഷമ കാട്ടുക

പുതിയ ഡാം വേണ്ട എന്നു പറയുമ്പോള്‍ ഇപ്പോഴത്തെ ഡാം അതേപടി നിലനിര്‍ത്തുക എന്നല്ല ഉദ്ദേശിക്കുന്നത്. ഇപ്പോഴത്തെ ഡാമിനോടു ചേര്‍ന്ന് തമിഴ്നാടിനു വെള്ളം കൊടുക്കാന്‍ ടണല്‍ ഉണ്ടാക്കുകയാണെങ്കില്‍ 50 അടി ഉയരത്തില്‍ വച്ചുതന്നെ വെള്ളം കൊടുക്കാന്‍ കഴിയുമെന്നാണ് വിദഗ്ദ്ധാഭിപ്രായം. ഇപ്പോള്‍ 104 അടി നിരപ്പിലാണ് ടണല്‍ എന്നോര്‍ക്കുക. പുതിയ ടണലുണ്ടാക്കാന്‍ 3 കോടി രൂപയേ ചെലവുള്ളു എന്നാണറിയുന്നത്. പുതിയ ഡാമിന്‍റെ എസ്റ്റിമേറ്റ് തുക 630 കോടിയാണ്.  അപ്പോള്‍ 55-60 അടി ഉയരമുള്ള ജലാശയം മാത്രമായിരിക്കും നിലനിര്‍ത്തുക. 60-65 അടി ഉയരം മാത്രമുള്ള ചെറിയ ഒരു ഡാമിന്‍റെ ആവശ്യമേ ഉള്ളൂ. എന്നുവച്ചാല്‍ ഡാം തകര്‍ന്നാലും ആളപായം ഉണ്ടാകാത്തത്ര വലിപ്പം.

നമ്മള്‍ പറയുന്ന പുതിയ പരിഹാരമാര്‍ഗ്ഗം സ്വീകരിച്ചാല്‍ അഞ്ചുപഞ്ചായത്തുകാരുടെ നിത്യമായ ദുരിതവും ഊരുപേടിയും ഇല്ലാതാകും എന്നതിനു പുറമെ, വള്ളക്കടവുപോലുള്ള പ്രദേശങ്ങള്‍ പുതിയ ഡാം വന്നാല്‍ വെള്ളത്തില്‍ മുങ്ങാന്‍ വിട്ടുകൊടുക്കണം എന്ന നഷ്ടവും സങ്കടവും ഒഴിവാകും. അവിടങ്ങളിലെ ഭൂമിയും കൃഷിയും മനുഷ്യപ്രയത്നവും ജീവിതബന്ധങ്ങളും ആണു തിരിച്ചുകിട്ടാന്‍ പോകുന്നത്.  
ഇപ്പോഴത്തെ ഡാം തീര്‍ച്ചയായും ഡീക്കമ്മീഷന്‍ ചെയ്യണം. ഉടനെ പൊളിച്ചുകളയണമെന്നല്ല 60-65 അടിയില്‍ അതിനെ ക്രമീകരിച്ചു ബലപ്പെടുത്തി നിര്‍ത്താന്‍ കഴിയുമെങ്കില്‍ നിലനിര്‍ത്താം അല്ലെങ്കില്‍ ചെറിയ പുത്തന്‍ ഡാം പണിയാം.

പുതിയ ഡാമിനെ അന്ധമായി  പിന്തുണയ്ക്കുന്നവര്‍

പഴയകരാറും നിരക്കും വച്ച് വെള്ളംകൊടുക്കുമെങ്കില്‍ പുതിയ ഡാം പണിയുന്നതില്‍ തമിഴ്നാടിനു സന്തോഷമേയുള്ളൂ എന്ന് നമുക്കറിയും. ഇപ്പോള്‍ ഡാമിന്‍റെ മേലുള്ള അധികാരമെല്ലാം പുതിയ ഡാമിന്‍റെ മേലും അവര്‍ക്കും കിട്ടുകയും വേണം. നമ്മുടെ പല രാഷ്ട്രീയ നേതാക്കള്‍ക്കും ഇതു സ്വീകാര്യവുമാണ്.  ജനങ്ങളെ പേടിച്ച് ഇതവര്‍ പുറത്തേക്കു പറയുന്നില്ല എന്നേയുള്ളൂ. അവര്‍ക്ക് എങ്ങനേയും പ്രശ്നം പരിഹരിച്ചു എന്ന ക്രഡിറ്റു കിട്ടിയാല്‍ മതി.  തമിഴ്നാടും കേന്ദ്രവും മറ്റൊരു തീരുമാനത്തിനും സമ്മതിക്കില്ലാത്തതുകൊണ്ടുമാത്രം പുതിയ ഡാമും പഴയ കരാറും എന്ന ഒത്തുതീര്‍പ്പുഫോര്‍മുലയ്ക്കു നമുക്കങ്ങു സമ്മതിക്കാം എന്നായിരിക്കും നമ്മുടെ നേതാക്കന്മാര്‍ നമ്മോട് അന്ന് പറയുന്നത്. എങ്ങനെയെങ്കിലും പ്രശ്നം തീരുമല്ലോ എന്ന് നമ്മളും സമാധാനിക്കും - ഇതാണ് ഉണ്ടാകാന്‍ പോകുന്നത്.

പുതിയ കൂറ്റന്‍ ഡാം പണിയുമ്പോള്‍ കിട്ടുന്ന കോടിക്കണക്കിനു രൂപയുടെ കമ്മീഷനും അഴിമതി സാധ്യതയുമാണ് ചിലര്‍ ഇപ്പോഴും പുതിയ ഡാം എന്ന കടുംപിടുത്തത്തില്‍ ഉറച്ചുനില്‍ക്കാന്‍ കാരണം.

മറ്റൊരു വഴി തെളിയുന്നു

കേരളാ ഹൈക്കോടതി, നാമിവിടെ പറഞ്ഞ പുതിയ പരിഹാരമാര്‍ഗ്ഗം അംഗീകരിച്ചു കഴിഞ്ഞു. മുല്ലപ്പെരിയാര്‍ കേസ് പരിഗണിക്കുന്ന സുപ്രീം കോടതിയില്‍ ഇക്കാര്യം അവതരിപ്പിക്കാന്‍, ഫലത്തില്‍ കേസില്‍ കക്ഷിചേരാന്‍ ബന്ധപ്പെട്ടവരെ അനുവദിച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവായത് പത്രങ്ങളില്‍ വന്നിരുന്നു.  ശ്രീ. സി.ആര്‍. നീലകണ്ഠനും ചില സംഘടനകളും ചേര്‍ന്ന് ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത കേസിലാണ് കോടതിയുടെ ഉത്തരവുണ്ടായത്.

വിചിത്രമായിരിക്കുന്നു, കേരളാ ഗവണ്‍മെന്‍റ് ഇപ്പോഴും ഇതിനുനേരെ മുഖംതിരിച്ചാണ് നില്‍ക്കുന്നത്. കാര്യങ്ങള്‍ ഇത്രയുമൊക്കെ ആയിട്ടും പുതിയ ഡാം എന്ന പിടിവാശിയില്‍ നില്‍ക്കുന്നവരെ സംശയദൃഷ്ടിയോടെയല്ലേ നോക്കാന്‍ കഴിയൂ?!

നമുക്കു നിര്‍ബ്ബന്ധബുദ്ധിയില്ല. ഇനിയും വേറെ പരിഹാരമാര്‍ഗ്ഗമുണ്ടെങ്കില്‍ അതും പരിഗണിക്കാം. കേരളത്തിലെ ജനങ്ങള്‍ക്ക് അപകട ഭീഷണിയില്ലാത്ത രീതിയില്‍ വെള്ളം കൊടുക്കുക എന്ന പ്രശ്നപരിഹാരമാണ് നമുക്കു വേണ്ടത്. കൂടുതലാളുകള്‍ ഈ മാര്‍ഗ്ഗത്തെ പിന്തുണച്ചുകൊണ്ടു മുന്നോട്ടു വന്നിട്ടുണ്ട്. തീര്‍ച്ചയായും വിശദമായി ചര്‍ച്ച ചെയ്യേണ്ട കാര്യമാണിത്. 

You can share this post!

സമൃദ്ധിയുടെ സുവിശേഷം

ഫാ. ജോബി താരാമംഗലം
അടുത്ത രചന

ലൂബ്രിക്കന്‍റ്

ഫാ. ഷാജി സി എം ഐ
Related Posts