news-details
കഥ

പോസ്റ്റ്മാസ്റ്റര്‍

പോസ്റ്റുമാസ്റ്റര്‍ ഉലാപ്പൂര്‍ ഗ്രാമത്തിലേക്ക് സ്ഥലം മാറ്റം കിട്ടി എത്തിയതാണ്. ഉലാപ്പൂര്‍ വളരെ ചെറിയ ഒരു ഉള്‍നാടന്‍ ഗ്രാമമായിരുന്നെങ്കിലും ഇംഗ്ലീഷുകാരനായ ഒരാളുടെ ഉടമസ്ഥതയില്‍ നീലം ഉത്പാദിപ്പക്കുന്ന ഒരു ഫാക്ടറി ഗ്രാമത്തിനടുത്ത് ഉണ്ടായിരുന്നതുകൊണ്ട് അദ്ദേഹം അവിടെ ഒരു തപാലാഫീസ് അനുവദിച്ചു കിട്ടുന്നതില്‍ മുന്‍കൈ എടുത്ത് നടപ്പാക്കി.

പോസ്റ്റുമാസ്റ്ററാകട്ടെ കല്‍ക്കട്ട  എന്ന മഹാനഗരത്തില്‍ ജനിച്ചു വളര്‍ന്ന ആളായിരുന്നതുകൊണ്ടുതന്നെ ഈ കുഗ്രാമത്തിലെ ജീവിതം അദ്ദേഹത്തിന് കരയ്ക്കു പിടിച്ചിട്ട മീനിന്‍റെ അനുഭവമായിരുന്നു. ചുറ്റും പച്ചകുറ്റിക്കാട് തഴച്ചുവളര്‍ന്ന് നില്ക്കുന്ന ഒരു കൊച്ചുകുളത്തിനടുത്ത് അകത്തളങ്ങളിലൊക്കെ ഇരുള് ഒളിച്ചുകളിക്കുന്ന ഓലമേഞ്ഞ ഒരു കൊച്ചുഷെഡായിരുന്നു അദ്ദേഹത്തിന്‍റെ കിടപ്പുമുറിയും ഓഫീസും എല്ലാം.

ഫാക്ടറി തൊഴിലാളികള്‍ക്ക് വര്‍ത്തമാനം പറഞ്ഞിരിക്കാന്‍ ഒഴിവ് സമയം എന്നൊന്നുണ്ടായിരുന്നില്ല; മാത്രവുമല്ല അങ്ങനെ കൂട്ടുകൂടാന്‍തക്ക മാന്യരായ വ്യക്തികളൊന്നുമല്ലല്ലൊ ഫാക്ടറി തൊഴിലാളികള്‍! തിരക്കുപിടിച്ച കല്‍ക്കട്ടാ നഗരത്തില്‍ വളര്‍ച്ചയുടെ ബാല്യവും കൗമാരവും പിന്നിട്ട ഒരാളെന്ന നിലയില്‍ ആളുകളുമായി സ്വതസ്സിദ്ധമായി ഇടപഴകാനുള്ള ഗ്രാമവിശുദ്ധിയും അദ്ദേഹത്തിന് അന്യമായിരുന്നു. അപരിചിതര്‍ക്ക് അദ്ദേഹം അല്പം തലക്കനമുള്ള ആളായോ, അവരുടെ സാന്നിധ്യത്തില്‍ അസ്വസ്ഥനായോ കാണപ്പെട്ടു. എന്തായിരുന്നാലും ഇവിടെ അദ്ദേഹത്തിന് ആരെങ്കിലും സുഹൃത്തുക്കളോ, കാര്യമായി ചെയ്യാനുള്ള എന്തെങ്കിലും ജോലിയോ ഉണ്ടായിരുന്നില്ല. ചിലപ്പോള്‍ വെറുതെയിരിക്കുന്ന സമയങ്ങളില്‍ ഏതാനും വരികള്‍ കുത്തിക്കുറിക്കാന്‍ ശ്രമിച്ചുനോക്കി. ഇപ്പോളയാള്‍ക്ക് ഇലച്ചാര്‍ത്തുകളുടെ ഇളക്കങ്ങളും കരിമേഘങ്ങളുടെ ഒഴുക്കും മാത്രം മതി ജീവിതത്തെ ആനന്ദം കൊള്ളിക്കാന്‍ എന്ന് തോന്നിച്ചിരുന്നു. അറേബ്യന്‍ രാവുകളിലേതുപോലെ ഏതെങ്കിലുമൊരു ജിന്ന് ഒരു രാത്രിയില്‍ മരങ്ങളേയും ഇലകളേയും പിഴുതുമാറ്റി ടാറിട്ട് മിനുസപ്പെടുത്തിയ റോഡുകള്‍ പണിയുകയും, മേഘങ്ങളെ കാഴ്ചയില്‍നിന്ന് മറച്ച് അംബരചുംബികളായ കെട്ടിട സമുച്ചയങ്ങള്‍ പണിയുകയും ചെയ്തിരുന്നെങ്കില്‍ ആ പാവം മനുഷ്യന് എന്ത് സംഭവിക്കുമായിരുന്നു എന്ന് ദൈവത്തിന് മാത്രമേ അറിയൂ.

പോസ്റ്റ്മാസ്റ്ററിന് തുച്ഛമായ വേതനമെ ഉണ്ടായിരുന്നുള്ളൂ. ആഹാരം സ്വയം ഉണ്ടാക്കി കഴിക്കണമായിരുന്നു. അദ്ദേഹത്തിനെ അത്യാവശ്യം വീട്ടുജോലികളിലൊക്കെ സഹായിച്ചിരുന്ന, ഗ്രാമത്തിലെ രത്തന്‍ എന്ന അനാഥപെണ്‍കുട്ടിയുമായി ആഹാരം പങ്കുവെച്ച് കഴിച്ചു.

ഗ്രാമീണരുടെ കാലിത്തൊഴുത്തില്‍നിന്നും പുകച്ചുരുളുകള്‍ ഉയരുന്ന, കുറ്റിക്കാടുകളില്‍ നിന്ന് ചീവീടുകള്‍ ചിലക്കുന്ന, ബാവുള്‍ ഗായക ദേശാടകര്‍ ഉച്ചസ്ഥായില്‍ പാടിക്കൊണ്ട് ഗ്രാമവഴികളിലൂടെ കടന്നുപോകുന്ന, മുളങ്കാടുകളിലെ ഇലയിളക്കങ്ങള്‍ നോക്കിയിരിക്കുന്ന കവിയുടെ അസ്ഥികളിലൂടെ ഭയത്തിന്‍റെ ഒരു വിറങ്ങലിപ്പ് പടരുന്ന സായാഹ്നങ്ങളില്‍ പോസ്റ്റുമാസ്റ്റര്‍ തന്‍റെ കൊച്ചു കൈവിളക്ക് കൊളുത്തി വിളിക്കും: "രത്തന്‍." ആ വിളി കാത്ത് പുറത്തിരിക്കുന്ന രത്തന്‍ ഓടി ഉള്ളില്‍ കയറിച്ചെല്ലാതെ ചോദിക്കും: "എന്നെ വിളിച്ചോ ദാദാ?"

 "നീ അവിടെ എന്തെടുക്കുവാ?"

"ഞാനിവിടെ അടുപ്പില്‍ തീയൂതിക്കൊണ്ടിരിക്കുവാ."

"ഓ, അടുപ്പിലെ തീ അവിടെ കുറച്ചുനേരം കിടക്കട്ടെ. നീയെനിക്ക് ഈ പൈപ്പൊന്ന് കത്തിച്ചു താ."

പുകയടിച്ച് തുടുത്ത മുഖത്തോടെ രത്തന്‍ ഓടിക്കയറിവന്ന് ഒരു കനല്‍ക്കട്ട പൈപ്പിലേയ്ക്കിട്ട് പുകയിലയിട്ട് ഊതിക്കത്തിക്കാന്‍ തുടങ്ങും. ഈ സമയത്താണ് പോസ്റ്റുമാസ്റ്ററും രത്തനും തമ്മിലുള്ള വര്‍ത്തമാനം നടക്കാറ്.

"രത്താ, നിന്‍റെ അമ്മയെ നിനക്ക് ഓര്‍മ്മയുണ്ടോ?"

അത് വലിയ കാര്യമില്ലാത്ത ഒരു ചോദ്യമായിരുന്നു, കാരണം അവള്‍ക്ക് അമ്മയെക്കുറിച്ച് നേരിയ ഓര്‍മ്മകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അമ്മയെക്കാളും അച്ഛനെക്കുറിച്ച് സംസാരിക്കാന്‍ അവള്‍ ഇഷ്ടപ്പെട്ടിരുന്നു. അച്ഛനെക്കുറിച്ച് കുറച്ചുകൂടി വ്യക്തമായ ഓര്‍മ്മകള്‍ അവളുടെ കുഞ്ഞുമനസ്സിലുണ്ട്... വൈകുന്നേരങ്ങളില്‍ ജോലി കഴിഞ്ഞ് വീട്ടിലെത്തുന്ന അച്ഛനെക്കുറിച്ച്. ഓര്‍മ്മപ്രവാഹത്തില്‍ രത്തന്‍ പോസ്റ്റുമാസ്റ്ററിന്‍റെ പാദത്തിന് ചുവട്ടില്‍ തറയിലിരുന്നു. അവള്‍ക്ക് ഒരു കുഞ്ഞനിയന്‍ കൂടി ഉണ്ടായിരുന്നത്രെ. അവനോടൊപ്പം കുളക്കരയില്‍ അവള്‍ മീന്‍പിടിച്ച് കളിക്കുമായിരുന്നു. അങ്ങനെ കൊച്ചുകൊച്ച് ഓര്‍മ്മകള്‍ അവളെക്കുറിച്ചുള്ള ചില വലിയ വെളിപാടുകളായി മാറി. ഇങ്ങനെ സംസാരിച്ചിരിക്കുന്ന ചില വൈകുന്നേരങ്ങള്‍ ഏറെ നേരം ഇരുട്ടിപ്പോകാറുണ്ടായിരുന്നു. നേരം വൈകിയാല്‍ പിന്നെ പാചക കാര്യങ്ങള്‍ പോസ്റ്റ്മാസ്റ്റര്‍ക്ക് മടിയാണ്. അപ്പോള്‍ രത്തന്‍ തിടുക്കത്തില്‍ തീ കൂട്ടി ഒന്നുരണ്ട് പുളിക്കാത്ത അപ്പം ചുട്ടെടുത്ത് അതിന്‍റെ കൂടെ രാവിലത്തെ പ്രാതലിന്‍റെ ബാക്കി എന്തെങ്കിലുമുണ്ടെങ്കില്‍ അതും ചേര്‍ത്ത് കഴിച്ച് അന്നത്തെ അത്താഴം അവസാനിപ്പിക്കുമായിരുന്നു.

ചില സായാഹ്നങ്ങളില്‍ ശൂന്യമായ ആ ഷെഡിന്‍റെ കോണിലിട്ടിരിക്കുന്ന ഒരു കൊച്ചു മേശയ്ക്കടുത്തിരുന്ന് അദ്ദേഹവും തന്‍റെ അമ്മയേയും പെങ്ങളേയും പ്രിയപ്പെട്ടവരേയും കുറിച്ചുള്ള ഓര്‍മ്മകള്‍ രത്തനോട് പങ്കിട്ടിരുന്നു. പ്രിയപ്പെട്ടവരേക്കുറിച്ചുള്ള ഓര്‍മ്മകള്‍ ഒരു തരത്തില്‍ പറഞ്ഞാല്‍ അദ്ദേഹത്തെ വേട്ടയാടുകയായിരുന്നു. എന്നാല്‍ ഈ ഓര്‍മ്മകളൊന്നും ഫാക്ടറിയിലെ തൊഴിലാളികളുമായി പങ്കുവയ്ക്കാന്‍ അദ്ദേഹത്തിന്‍റെ മനസ്സനുവദിക്കുന്നുണ്ടായിരുന്നില്ല. എന്നാല്‍ ഈ അനാഥകുഞ്ഞിന്‍റെ അടുത്തിരിക്കുമ്പോള്‍ അവയെല്ലാം സ്വാഭാവികമായി മനസ്സിലേക്ക് ഓടി എത്തിക്കൊണ്ടിരുന്നു. ഈ പങ്കുവയ്പ്പുകള്‍ രത്തന്‍റെ കുഞ്ഞുമനസ്സിനെ വല്ലാത്ത ഒരു ബന്ധത്തിന്‍റെ ഇഴയടുപ്പത്തിലേയ്ക്കാണ് കൊണ്ടുപോയത്. അദ്ദേഹത്തിന്‍റെ പ്രിയപ്പെട്ടവരെല്ലാം തന്‍റെയും അമ്മയും സഹോദരനും സഹോദരിയുമാണെന്ന ഹൃദയഭാവത്തോടെയാണ് അവള്‍ സംസാരിച്ചിരുന്നത്. അവരുടെയെല്ലാം രൂപങ്ങള്‍ വളരെ വ്യക്തമായി അവളുടെ മനസ്സില്‍ വരയ്ക്കപ്പെട്ടിരുന്നു.

മഴപ്പെയ്ത്തിന്‍റെ ശോകഭാവം മൂടിനിന്നിരുന്ന ഒരു മദ്ധ്യാഹ്നത്തില്‍ പോസ്റ്റുമാസ്റ്റര്‍ക്ക് കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. പെയ്ത്തിന്‍റെ ഇരുളിമ സൃഷ്ടിച്ച ഏകാന്തതയില്‍ നെഞ്ചിനോട് അണച്ചുപിടിക്കാന്‍ കഴിയുന്ന പ്രിയപ്പെട്ടവര്‍ ആരെങ്കിലും അരികിലുണ്ടായിരുന്നെങ്കില്‍ എന്നയാള്‍ കൊതിച്ചു. ഒരു നെടുവീര്‍പ്പോടെ പോസ്റ്റുമാസ്റ്റര്‍ ഉറക്കെ വിളിച്ചു: "രത്തന്‍..."

ആ സമയം രത്തന്‍ പേരമരത്തിന്‍റെ ചുവട്ടിലൂടെ പച്ചപ്പേരയ്ക്കയും പറിച്ച്തിന്ന് നടക്കുകയായിരുന്നു. ദാദയുടെ വിളി കേട്ടമാത്രയില്‍ അവളൊറ്റയോട്ടത്തിന് അടുത്തു വന്നു നിന്നു: "ദാദാ, എന്നെ വിളിച്ചോ?"

പോസ്റ്റുമാസ്റ്റര്‍: "നിന്നെ വായിക്കാന്‍ പഠിപ്പിക്കുന്നതിനെക്കുറിച്ച് ഞാന്‍ ചിന്തിക്കുകയായിരുന്നു."

അന്നുച്ചകഴിഞ്ഞ് മുഴുവനും അദ്ദേഹം അവളെ അക്ഷരമാല പഠിപ്പിച്ചു. വളരെ ചുരുങ്ങിയ സമയംകൊണ്ട് രത്തന്‍ കൂട്ടക്ഷരം വരെ പഠിച്ചെത്തി.

മഴക്കാലം അവസാനിക്കാന്‍ പോകുന്നില്ല എന്ന് തോന്നി. കനാലുകളും തോടുകളും കുഴികളുമെല്ലാം നിറഞ്ഞൊഴുകുകയായിരുന്നു. രാവും പകലും മഴയുടെ കലകലപ്പും തവളയുടെ കരച്ചിലുമല്ലാതെ മറ്റൊന്നും കേള്‍ക്കാനില്ല. കരിമേഘം ആകാശത്ത് മൂടിക്കെട്ടിയ ഒരു പ്രഭാതത്തില്‍ ദാദായുടെ പതിവ് വിളിയും പ്രതീക്ഷിച്ച് (അവളുടെ പട്ടിച്ചെവിയന്‍ പാഠപുസ്തകങ്ങളും നെഞ്ചോട് ചേര്‍ത്തുപിടിച്ച്) രത്തന്‍ കുറേ നേരമായി കാത്തുനില്ക്കുകയായിരുന്നു. ദാദായുടെ ശബ്ദമൊന്നും കേള്‍ക്കാത്തതിനാല്‍ പതുക്കെ അവള്‍ മുറിക്കുള്ളില്‍ കയറി. ദാദാ മുറിയുടെ ഒരു കോണില്‍ പായില്‍ നീണ്ടുനിവര്‍ന്ന് കിടക്കുന്നത് കണ്ട് അദ്ദേഹം വിശ്രമിക്കുകയായിരിക്കുമെന്ന് കരുതി അവള്‍ ശബ്ദമുണ്ടാക്കാതെ പെരുവിരല്‍കുത്തി പുറത്തുകടക്കാന്‍ ശ്രമിക്കുമ്പോള്‍ പിന്നില്‍ നിന്നൊരു വിളി: "രത്തന്‍" അവള്‍ പെട്ടെന്ന് തിരിഞ്ഞ് ചോദിച്ചു: "ദാദാ ഉറങ്ങുവാണോ?"

പോസ്റ്റുമാസ്റ്റര്‍ ദുര്‍ബലമായ ശബ്ദത്തില്‍ പറഞ്ഞു: "രത്തന്‍ എനിക്കു സുഖമില്ല. നിന്‍റെ കൈയൊന്ന് എന്‍റെ നെറ്റിയില്‍വെച്ച് നോക്കിക്കെ, നല്ല ചൂടില്ലെ?"

ഈ വിപ്രവാസത്തിന്‍റെ നിരാശയില്‍ നെറ്റിത്തടത്തില്‍ മെല്ലെ ചേര്‍ത്ത് അമര്‍ത്തുന്ന വളയിട്ട കരത്തിന്‍റെ മൃദുലതയും അടുത്തുനിന്ന് പരിചരിക്കുന്ന ഒരു സ്ത്രീ സാന്നിധ്യവും അയാള്‍ കൊതിച്ചു. രത്തന്‍ അയാളെ നിരാശപ്പെടുത്തിയില്ല. അവളുടെ ദാദായ്ക്ക് രോഗമാണെന്നറിഞ്ഞ സമയം മുതല്‍ അവളൊരു കൊച്ചുകുഞ്ഞിനെപ്പോലെയല്ല, പക്വതയുള്ള ഒരു സ്ത്രീയെപ്പോലെയാണ് പെരുമാറിയിരുന്നത്. ഒരമ്മയുടെ ശ്രദ്ധയോടെ ഉടന്‍തന്നെ ഗ്രാമഡോക്ടറെ കൂട്ടിക്കൊണ്ടുവന്നു. അദ്ദേഹം നിര്‍ദ്ദേശിച്ച ഗുളികകള്‍ സമയാസമയങ്ങളില്‍ ദാദായെക്കൊണ്ട് കഴിപ്പിച്ചു. കഞ്ഞിയിട്ട് കോരിക്കൊടുത്ത് കുടിപ്പിച്ചു. രാത്രികളില്‍ ഉറക്കമിളച്ച് അദ്ദേഹത്തിന്‍റെ തലയണയ്ക്കടുത്തു തന്നെ ഇരിപ്പുണ്ടായിരുന്നു. ഇടയ്ക്കിടെ അവള്‍ ചോദിച്ചുകൊണ്ടിരുന്നു: "ദാദാ, ഇപ്പോള്‍ സുഖം തോന്നുന്നുണ്ടോ?"

അല്പമൊന്നെഴുന്നേറ്റിരിക്കാറായപ്പോഴേയ്ക്കും പോസ്റ്റുമാസ്റ്റര്‍ തീരുമാനിച്ചുറപ്പിച്ചമാതിരി ഇങ്ങനെ പിറുപിറുത്തു: "ഇനി ഈ പരിപാടിയില്ല. സ്ഥലംമാറ്റം മേടിക്കണം" ഉടന്‍തന്നെ അദ്ദേഹം കല്‍ക്കട്ടയ്ക്ക് ആരോഗ്യകാരണം കാണിച്ച് സ്ഥലംമാറ്റത്തിനുള്ള അപേക്ഷ എഴുതി.

പരിചരണമൊക്കെ അവസാനിച്ചപ്പോള്‍ രത്തന്‍ മുറിയ്ക്ക് പുറത്ത് അവളുടെ പഴയ സ്ഥലത്തേയ്ക്കു തന്നെപോയി. അവള്‍ ഇടയ്ക്കിടയ്ക്ക് മുറിക്കുള്ളിലേയ്ക്ക് എത്തി നോക്കി ദാദാ മേശയ്ക്കരികില്‍ ഇരിക്കുന്നതും ഇടയ്ക്കിടയ്ക്ക് പോയി കിടക്കുന്നതും ചില നേരങ്ങളില്‍ ശൂന്യതയിലേക്ക് നോക്കിയിരിക്കുന്നതും ശ്രദ്ധിച്ചു. രത്തന്‍ ദാദായുടെ വിളി കാത്തിരിക്കുമ്പോള്‍ അവളുടെ ദാദാ തന്‍റെ അപേക്ഷയ്ക്കുള്ള മറുപടി കാത്തിരിക്കുകയായിരുന്നു. അവള്‍ തന്‍റെ പഴയ പാഠങ്ങള്‍ തിരിച്ചും മറിച്ചും ആവര്‍ത്തിച്ച് വായിച്ചുകൊണ്ടിരുന്നു. അവളുടെ ഭയം ദാദാ വിളിക്കുമ്പോള്‍ കൂട്ടക്ഷരങ്ങളെല്ലാം പഠിച്ചു കഴിഞ്ഞിട്ടുണ്ടാവുമോ എന്നതായിരുന്നു. അവസാനം ഒരു വൈകുന്നേരം ദാദാ അവളെ വിളിച്ചു. മിടിക്കുന്ന ഹൃദയത്തോടെ അവളുടെ പതിവ് "ദാദാ എന്നെ വിളിച്ചോ?" ചോദ്യവുമായി മുറിക്കുള്ളിലേയ്ക്ക് ഓടി എത്തി.

"നാളെ ഞാന്‍ പോവുകയാണ് രത്തന്‍"

"ദാദാ എങ്ങോട്ടാ പോവുന്നത്?"

"ഞാന്‍ വീട്ടില്‍ പോവ്വാ"

"എന്നാ ദാദാ തിരിച്ചു വരുന്നെ?"

"ഞാന്‍ തിരിച്ചു വരുന്നില്ല രത്തന്‍."

രത്തന്‍ പിന്നീട് ഒരു ചോദ്യവും ചോദിച്ചില്ല. പോസ്റ്റുമാസ്റ്റര്‍ അവളോടു പറഞ്ഞുകൊണ്ടിരുന്നു- സ്ഥലംമാറ്റത്തിന് വേണ്ടിയുള്ള തന്‍റെ അപേക്ഷ നിരസിക്കപ്പെട്ടുവെന്നും അതുകൊണ്ട് താന്‍ ജോലി രാജിവെച്ച് വീട്ടില്‍ പോവുകയാണെന്നും. കുറേ നേരത്തേയ്ക്ക് രണ്ടുപേരും ഒന്നും സംസാരിച്ചില്ല. മുറിയില്‍ വിളക്ക് കരിന്തിരി കത്തിക്കൊണ്ടിരുന്നു. മോന്തായത്തില്‍നിന്ന് ഓലക്കീറുകള്‍ക്കിടയിലൂടെ ഓരോ തുള്ളിവെള്ളം തറയില്‍ വച്ചിരുന്ന പാത്രത്തിലേയ്ക്ക് ക്രമമായ താളത്തില്‍ ഇറ്റിറ്റ് വീണുകൊണ്ടിരുന്നു. കുറേ കഴിഞ്ഞ് ഒന്നും മിണ്ടാതെ രത്തന്‍ എഴുന്നേറ്റ് ആഹാരം ഉണ്ടാക്കാന്‍ അടുക്കളയിലേക്ക് പോയി, യാതൊരു ഉത്സാഹവുമില്ലാതെ. ആ കുഞ്ഞു തലയില്‍ എന്തൊക്കെയോ ചുറ്റിത്തിരിയുന്നുണ്ടായിരുന്നു. പോസ്റ്റുമാസ്റ്റര്‍ ആഹാരം കഴിച്ചുകഴിഞ്ഞപ്പോള്‍ രത്തന്‍ ചോദിച്ചു: "ദാദാ, എന്നേക്കൂടി അങ്ങയുടെ വീട്ടിലേയ്ക്ക് കൊണ്ടുപോവ്വോ?"

പോസ്റ്റുമാസ്റ്റര്‍ ചിരിച്ചുകൊണ്ട് പറഞ്ഞു: "ആശയം കൊള്ളാമല്ലോ?" അവളുടെ ചോദ്യത്തിലെ യുക്തിരാഹിത്യം വിശദീകരിച്ച് കൊടുക്കേണ്ടതായി അദ്ദേഹത്തിന് തോന്നിയില്ല.

ആ രാത്രി അവളുടെ ഉണര്‍വ്വിലും സ്വപ്നങ്ങളിലും പോസ്റ്റുമാസ്റ്ററുടെ ചിരിച്ചുകൊണ്ടുള്ള "ആശയം കൊള്ളാമല്ലോ" എന്ന വാക്കുകള്‍ അവളെ വേട്ടയാടി.

യാത്രയ്ക്കൊരുങ്ങാനായി അതിരാവിലെ എഴുന്നേറ്റപ്പോഴേയ്ക്കും ബക്കറ്റില്‍ കുളിക്കാനുള്ള വെള്ളം കോരി നിറച്ച് വച്ചിട്ടുണ്ടായിരുന്നു. ഇവിടെ ഗ്രാമവാസികളൊക്കെ പുഴയിലെ വെള്ളത്തില്‍ മുങ്ങിക്കുളിച്ച് കയറി വരുന്നവരാണെങ്കിലും പോസ്റ്റ്മാസ്റ്റര്‍  ഇപ്പോഴും പട്ടണത്തിലെ തന്‍റെ ശീലം അനുവര്‍ത്തിച്ചുകൊണ്ട്, പാത്രത്തില്‍നിറച്ചു വെള്ളം കോരിക്കുളിച്ചുകൊണ്ടിരുന്നു. എന്തുകൊണ്ടോ യാത്ര തിരിക്കുന്ന സമയം ചോദിക്കാനാവാത്തതുകൊണ്ട് അവള്‍ അതിരാവിലെ തന്നെ പുഴയില്‍നിന്ന് വെള്ളം കോരിക്കൊണ്ടുവന്ന് നിറച്ചുവച്ചിരുന്നു. കുളികഴിഞ്ഞ് പോസ്റ്റുമാസ്റ്റര്‍ രത്തനെ വിളിച്ചു. അവള്‍ നിശബ്ദമായി മുറിയില്‍ കടന്ന് ദാദായുടെ മുഖത്തേയ്ക്ക് നോക്കി. പോസ്റ്റുമാസ്റ്റര്‍ പറഞ്ഞു: "രത്തന്‍ ഞാന്‍ പോകുന്നതുകൊണ്ട് നീ വിഷമിക്കേണ്ട നിന്നെ കാര്യമായി നോക്കുന്ന കാര്യം ഞാന്‍ അടുത്ത പോസ്റ്റ്മാസ്റ്ററോട് പറഞ്ഞോളാം."

കാരുണ്യംനിറഞ്ഞ വാക്കുകളായിരുന്നു അവ. എന്നാല്‍ സ്ത്രീമനസ്സിന്‍റെ നിഗൂഢവഴികളെ ആരറിയുന്നു! അവളുടെ ദാദായുടെ ഏത് ശകാരവും അവള്‍ക്ക് താങ്ങാനാവുമായിരുന്നു, ഈ സഹതാപം നിറഞ്ഞ വാക്കുകളൊഴികെ. അവള്‍ പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു:  "വേണ്ട, എന്നേക്കുറിച്ച് ആരോടും ഒന്നും പറയണ്ട. ഞാന്‍ ഇവിടെ നിക്കില്ല". പോസ്റ്റുമാസ്റ്റര്‍ ഒരു നിമിഷം തരിച്ചുനിന്നുപോയി. ഇതിനുമുന്‍പ് ഒരിക്കലും രത്തനെ ഇങ്ങനെ കണ്ടിട്ടില്ല.
പുതിയ പോസ്റ്റുമാസ്റ്റര്‍ സമയത്ത് തന്നെ എത്തി. അദ്ദേഹത്തെ ഔദ്യോഗിക കാര്യങ്ങള്‍ പറഞ്ഞേല്‍പ്പിച്ച ശേഷം പോകാനൊരുങ്ങി. ഇറങ്ങുന്നതിന് മുന്‍പ് അദ്ദേഹം രത്തനെ വിളിച്ച് പറഞ്ഞു: "ഇതാ, ഇത് നിനക്കുള്ളതാ. കുറച്ച് നാളത്തേയ്ക്ക് നിനക്ക് ഇത് മതിയാകും."

പേഴ്സില്‍നിന്ന് അദ്ദേഹത്തിന്‍റെ ഒരു മാസത്തെ മുഴുവന്‍ ശമ്പളവും പുറത്തെടുത്ത് അവളുടെ നേരെ നീട്ടി. രത്തന്‍ പെട്ടെന്ന് അയാളുടെ കാല്‍ക്കല്‍ വീണ് തേങ്ങി: "ദാദ, എനിക്കൊന്നും തരരുത്. എന്നെ ഇനിയും വിഷമിപ്പിക്കല്ലെ." ഉടനെ അവള്‍ പുറത്തേക്കോടി മറഞ്ഞു.

പോസ്റ്റുമാസ്റ്റര്‍ ഒരു ദീര്‍ഘനിശ്വാസം വിട്ടുകൊണ്ട് അദ്ദേഹത്തിന്‍റെ യാത്രാബാഗും കുടയും എടുത്തു. ട്രങ്കുപെട്ടി എടുത്തുകൊണ്ട് വേറൊരാളും അയാളുടെ പിന്നാലെ കടത്തിലേയ്ക്ക് നടന്നു.

വള്ളം കടവില്‍ നിന്നെടുക്കുമ്പോള്‍ അയാള്‍ പുഴയിലേയ്ക്ക് നോക്കി. മഴവെള്ള സമൃദ്ധിയില്‍ പുഴ ഏതോ ഗ്രാമീണ പെണ്‍കുട്ടിയുടെ സങ്കടകണ്ണീര്‍ പേറുന്ന ഭൂമിദേവിയുടെ വിലാപപ്രവാഹംപോലെ തോന്നിച്ചു. ഒരു നിമിഷം അയാളുടെ ഉള്ളില്‍ ആരോരുമില്ലാത്ത ആ അനാഥകുട്ടിയുടെ അരികിലേയ്ക്ക് തിരിച്ച് പോകാന്‍ ശക്തമായ ഒരു പ്രേരണയുണ്ടായി. എന്നാല്‍ തോണി ഗ്രാമീണതയുടെ പച്ചപ്പുകളെയെല്ലാം പിന്തള്ളി ജീവിതത്തിന്‍റെ പൊള്ളിക്കുന്ന മറുകരയോട് അടുക്കാറായിരുന്നു. 'ഇങ്ങനെ എത്രയെത്ര കൂടണയലുകളും വേര്‍പാടുകളും ചേര്‍ന്നതാണ് ജീവിതം. മരണമെന്ന അവസാനത്തെ ആ വലിയ വേര്‍പാടുവരെ എത്രയെത്ര കൊച്ചുവിയോഗങ്ങളുടെ വേദനയിലൂടെ നാം കടന്നുപോകേണ്ടിയിരിക്കുന്നു' - ഈ തത്വവിചാരത്തില്‍ അയാള്‍ ആശ്വാസം കണ്ടെത്തി.

എന്നാല്‍ രത്തന് തത്വചിന്തകളൊന്നുമുണ്ടായിരുന്നില്ല. അവള്‍ ഒരു കണ്ണീര്‍ പ്രവാഹമായി ആ പോസ്റ്റോഫിസിന് ചുറ്റും അലഞ്ഞുനടന്നു. ദാദാ തിരിച്ച് വരുമെന്ന് ഹൃദയത്തിന്‍റെ കോണില്‍ ഒരു പ്രത്യാശ ഒളിപ്പിച്ചുകൊണ്ട് അവളുടെ കണ്ണുകള്‍ പരതുകയായിരുന്നു. തെറ്റിന്‍റെ തനിയാവര്‍ത്തനങ്ങളില്‍ വീണു പോകുന്ന ദുര്‍ബലമനുഷ്യന്‍! ഏറ്റവും ശക്തമായ തെളിവുകള്‍ പോലും അവിശ്വസിക്കപ്പെടുന്നു. യുക്തി സത്യത്തെ തിരിച്ചറിയുന്ന ദാരുണമായ ഉണര്‍വ്വിലേയ്ക്കെത്തുമ്പോഴേക്കും പഴയ തെറ്റുകളിലേയ്ക്ക് മനുഷ്യന്‍ വഴുതി വീണിട്ടുണ്ടാവും.


(പരിഭാഷ: ജിജോ കുര്യന്‍)

You can share this post!

ഇഡാ

ലിന്‍സി വര്‍ക്കി
അടുത്ത രചന

മാര്‍ജാരഗര്‍ജ്ജനം

ഷോബി ടി.ജി.
Related Posts