news-details
കവർ സ്റ്റോറി

ഫ്രാന്‍സിസിനെ പാപ്പാ വരയ്ക്കുമ്പോള്‍

(ഒരു വ്യാഴവട്ടക്കാലം മുമ്പ്, 2010 ജനുവരി 27-ന് പരിശുദ്ധ ബനഡിക്റ്റ് XVl മാര്‍പാപ്പാ നല്കിയ പൊതു സന്ദേശം അതിന്‍റെ പൂര്‍ണ്ണരൂപത്തില്‍ ഞങ്ങള്‍ ഇവിടെ ചേര്‍ക്കുകയാണ്. പരിശുദ്ധ പിതാവ് വി. ഫ്രാന്‍സിസില്‍ ചൊരിയുന്ന വാഴ്ത്തുകള്‍ നിസ്തുലങ്ങളാണ്).

ഫ്രാന്‍സിസിനെ പാപ്പാ വരയ്ക്കുമ്പോള്‍

പ്രിയ സഹോദരീ സഹോദരന്മാരേ,
അസ്സീസിയിലെ വി. ഫ്രാന്‍സിസിനാല്‍ സ്ഥാപിതമായ നിസ്സാര സഹോദര സമൂഹവും ഗുസ്മനിലെ വി. ഡോമിനിക്കിനാല്‍ സ്ഥാപിതമായ പ്രഭാഷകരുടെ സമൂഹവും ദൈവകൃപയാല്‍ അവരുടെ കാലത്തെ സഭയുടെ നവീകരണത്തിന് എന്തുമാത്രം പങ്കുവഹിച്ചുവെന്ന് ഈ അടുത്ത് നടത്തിയ മതബോധനപരമായ പ്രഭാഷണത്തില്‍ ഞാന്‍ വ്യക്തമാക്കിയിരുന്നല്ലോ. യഥാര്‍ത്ഥ വിശുദ്ധിയില്‍ ഒരു 'ഭീമന്‍'തന്നെയായിരുന്നതും ഇന്നും എല്ലാ പ്രായത്തിലുംപെട്ട ഒത്തിരിയേറെപ്പേരെ ആകര്‍ഷിച്ചു കൊണ്ടിരിക്കുന്നതുമായ ഫ്രാന്‍സിസിനെ ക്കുറിച്ച് പറയാനാണ് ഞാന്‍ ഇന്ന് ആഗ്രഹിക്കു ന്നത്.

'ഒരു സൂര്യനായിരുന്നു ഭൂമിയിലേക്ക് പിറന്നു വീണത്' എന്നാണ് വിശ്രുത ഇറ്റാലിയന്‍ കവിയായ ഡാന്‍റേ അലിഘിയേരി തന്‍റെ 'ഡിവൈന്‍ കോമ ഡി'യില്‍, അസ്സീസിയില്‍ 1181 ന്‍റെ അന്ത്യത്തിലോ 1182 ന്‍റെ ആരംഭത്തിലോ നടന്ന അദ്ദേഹത്തിന്‍റെ ജനനത്തെക്കുറിച്ച് എഴുതുക. ഒരു തുണി വ്യാപാരിയുടെ മകന്‍ എന്ന നിലയില്‍ സമ്പന്ന കുടുംബത്തില്‍ ജനിച്ചതിനാല്‍ ഫ്രാന്‍സിസ് കൗമാരത്തിലും യൗവ്വനത്തിലും അക്കാലത്തെ വീരോദാത്ത ചിന്തക ളോടെ അല്ലലില്ലാത്ത ജീവിതമാണ് കഴിച്ചത്. ഇരുപതാം വയസ്സില്‍ അവന്‍ സൈന്യത്തോടൊപ്പം ചേരുകയും തടവുകാരനാക്കപ്പെടുകയും ചെയ്തു. രോഗിയായതിനെത്തുടര്‍ന്ന് ജയില്‍ മോചിതനായി. അസ്സീസിയില്‍ തിരിച്ചെത്തിയ ശേഷം സാവധാനം അവനില്‍ ഒരു മാനസാന്തരം ആരംഭിക്കുകയും അന്നോളമുണ്ടായിരുന്ന ലൗകിക ജീവിതരീതികള്‍ ഉപേക്ഷിക്കാന്‍ നിമിത്തമാവുകയും ചെയ്തു. ഒരു കുഷ്ഠരോഗിയെ ഫ്രാന്‍സിസ് വഴിയില്‍ കാണുന്നതും കുതിരപ്പുറത്തു നിന്നിറങ്ങി അയാള്‍ക്ക് ഒരു സമാധാന ചുംബനം നല്കുന്ന സംഭവവും വി. ഡാമിയന്‍റെ ചെറുദേവാലയത്തിലെ ക്രൂശിതരൂപം അവനോട് സംസാരിച്ച സംഭവവും ഇക്കാലത്താണ് ഉണ്ടാകുന്നത്. കുരിശിലെ ക്രിസ്തു മൂന്നുവട്ടം ജീവന്‍ വച്ചുവന്ന്, 'ഫ്രാന്‍സിസേ, തകര്‍ന്ന എന്‍റെ പള്ളി നീ പോയി പുതുക്കിപ്പണിയുക' എന്ന് അവനോട് പറഞ്ഞു. ലളിതമായ ഈ സംഭവത്തിലൂടെ വി. ഡാമിയന്‍റെ പള്ളിയില്‍ കേട്ട ദൈവവചനത്തിന് വലിയ പ്രതീകാത്മകത ഉണ്ടായിരുന്നു. ആ നിമിഷത്തില്‍ ആ ചെറിയ പള്ളി നവീകരിക്കാനാണ് ഫ്രാന്‍സിസ് വിളിക്കപ്പെട്ടതെങ്കിലും, ആ കെട്ടിടത്തിന്‍റെ ജീര്‍ണ്ണാവസ്ഥ സഭയുടെതന്നെ അസ്വസ്ഥതപ്പെടുത്തുന്ന സാഹചര്യത്തിന്‍റെ പ്രതീകമായിരുന്നു. ജീവിതത്തെ പരിവര്‍ത്തിപ്പിക്കാത്ത തരം ഉപരിപ്ലവമായ വിശ്വാസവും തീക്ഷ്ണത കുറഞ്ഞ വൈദികരും തണുത്തുറഞ്ഞ സ്നേഹവുമായിരുന്നു അക്കാലത്തെ സഭയിലുണ്ടായിരുന്നത്. സഭയുടെ ആന്തരികമായ തകര്‍ച്ച അതിലെ കൂട്ടായ്മയുടെ അഴുകലിനും പാഷണ്ഡ സമൂഹങ്ങളുടെ പിറവിക്കും കാരണമായി. തകര്‍ച്ച ബാധിച്ച സഭയുടെ മധ്യത്തില്‍ പക്ഷേ, ക്രൂശിതനായ കര്‍ത്താവുണ്ടായിരുന്നു; അവന്‍ സംസാരിച്ചു: കായികമായി അധ്വാനിച്ച് വി. ഡാമിയന്‍റെ കൊച്ചു ദേവാലയം നവീകരിക്കാനാണ് അവന്‍ ഫ്രാന്‍സിസിനെ വിളിച്ച തെങ്കിലും, വിശ്വാസത്തിന്‍റെ മൗലികതയിലൂടെയും ക്രിസ്തുവിനു വേണ്ടിയുള്ള സ്നേഹതീക്ഷ്ണത യിലൂടെയും  ക്രിസ്തുവിന്‍റെ സഭയെ നവീകരിക്കുക എന്ന ആഴമേറിയ വിളിയുടെ പ്രതീകമായിരുന്നു അത്. മിക്കവാറും 1205-ല്‍ നടന്ന ഈ സംഭവം 1207-ല്‍ നടന്ന - ഇന്നസെന്‍റ് III പാപ്പായുടെ സ്വപ്നത്തെയും ഓര്‍മ്മിപ്പിക്കുന്നു. എല്ലാ പള്ളികളുടെയും മാതാവായ സെന്‍റ് ജോണ്‍ ലാറ്ററന്‍ ബസിലിക്ക തകര്‍ന്നുവീഴാന്‍ തുടങ്ങുന്നതായും, അപ്രധാനനായ ഒരു കൊച്ചു സന്ന്യാസ സഹോദരന്‍ അയാളുടെ ചുമലുകൊണ്ട് അതിനെ വീണു പോകാതെ താങ്ങി നിര്‍ത്തുന്നതുമായിരുന്നു അദ്ദേഹം സ്വപ്നത്തില്‍ കണ്ടത്. ഒരുതരത്തില്‍ പറഞ്ഞാല്‍, വീണുപോകാതെ പള്ളിയെ താങ്ങി നിര്‍ത്തുന്നത് മാര്‍പാപ്പയല്ല, മറിച്ച്  അപ്രസക്ത നായ ഒരു കൊച്ചു സന്ന്യാസിയാണ് എന്നത് രസമുള്ള കാര്യമാണ് - പിന്നീട് ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിക്കുമ്പോള്‍ അദ്ദേഹം അവനെ തിരിച്ചറിയുന്നുണ്ട്. വലിയ ദൈവശാസ്ത്ര പരിശീലനവും വലിയ രാഷ്ട്രീയ സ്വാധീനവുമുള്ളയാളായിരുന്നു ഇന്നസെന്‍റ് III പാപ്പായെങ്കിലും അദ്ദേഹമല്ല സഭയെ നവീകരിക്കുന്നത്, മറിച്ച് കുറിയ, അപ്രസക്തനായ ഒരു സന്ന്യാസിയാണ്. ദൈവത്താല്‍ വിളിക്കപ്പെട്ട വി. ഫ്രാന്‍സിസായിരുന്നു അത്. അതേ സമയം, മാര്‍പാപ്പയെ കൂടാതെയോ മാര്‍പാപ്പക്ക് എതിരായോ അല്ല വി. ഫ്രാന്‍സിസ് സഭയെ നവീകരിക്കുന്നത്, മാര്‍പാപ്പയോടൊന്നു ചേര്‍ന്നാണ് എന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്. പത്രോസിന്‍റെ പിന്‍ഗാമി; അപ്പസ്തോലന്മാരുടെ പിന്‍ഗാമികളായ മെത്രാന്മാര്‍; അപ്പസ്തോല പാരമ്പര്യത്തില്‍ അടിസ്ഥാനമിട്ട സഭ - പിന്നെ, അന്നത്തെ സഭയെ നവീകരിക്കാന്‍ പരിശുദ്ധാ ത്മാവ് ജീവന്‍ നല്കികൊണ്ടുവന്ന പുതുചൈതന്യം - രണ്ടും ഒരുമിച്ചാണ് പോവുക. യഥാര്‍ത്ഥ നവീകരണം ഇവ രണ്ടില്‍നിന്നുമാണ് വളര്‍ന്നത്.

ഫ്രാന്‍സിസിന്‍റെ ജീവിതത്തിലേക്കുതന്നെ നമുക്ക് തിരിച്ചുവരാം. ദരിദ്രരോട് ഒത്തിരി ഔദാര്യം കാട്ടിയതിന്‍റെ പേരില്‍ അവന്‍റെ അപ്പന്‍ ബര്‍ണര്‍ദോനെ മകനെ കുറ്റവിചാരണ ചെയ്തപ്പോള്‍, അസ്സീസിയുടെ മെത്രാന്‍റെ മുന്നില്‍ നിന്ന്, തന്‍റെ പിതൃസ്വത്തവകാശം താന്‍ ഉപേക്ഷിക്കുന്നു എന്നതിന്‍റെ സൂചകമായി അവന്‍ തന്‍റെ ഉടുവസ്ത്രം ഉരിഞ്ഞുകൊടുത്തു. സൃഷ്ടിയുടെ നേരത്തെന്ന പോലെ,  ഫ്രാന്‍സിസ് ഒന്നുമില്ലാത്തവനായി, ആകെയുള്ള ജീവന്‍ അത് തന്നവന്‍റെ കൈകളിലേക്ക് ഭരമേല്പിച്ചു. അതിനുശേഷം, തന്‍റെ മാനസാന്തര ജീവിതത്തിലെ മൗലികമായ മറ്റൊരു പടവ് 1208-ല്‍ സംഭവിക്കുംവരെ അവന്‍ സര്‍വ്വസംഗ പരിത്യാഗിയായി ജീവിച്ചു. മത്തായിയുടെ സുവിശേഷത്തില്‍ യേശു തന്‍റെ അപ്പസ്തോലന്മാരെ സുവിശേഷ പ്രസംഗദൗത്യവുമായി അയയ്ക്കുന്ന ഭാഗം വായിച്ചു കേട്ടപ്പോള്‍, ദാരിദ്ര്യത്തില്‍ ജീവിച്ചു കൊണ്ട് സുവിശേഷം പ്രസംഗിക്കാനായി ജീവിതം സമര്‍പ്പിക്കാന്‍ താന്‍ വിളിക്കപ്പെടുന്നതായി ഫ്രാന്‍സിസിന് അനുഭവപ്പെട്ടു. ശിഷ്യന്മാര്‍ പലരും ചേര്‍ന്നപ്പോള്‍, ക്രൈസ്തവജീവിതത്തിന്‍റെ ഈ പുതിയ രൂപരേഖ ഇന്നസെന്‍റ് III പാപ്പാക്കു മുന്നില്‍ സമര്‍പ്പിക്കാനായി  1209-ല്‍ അവന്‍ റോമി ലേക്ക് യാത്ര പോയി.  ദൈവത്തില്‍ നിന്നുതന്നെ യാണ് ഫ്രാന്‍സിസിന്‍റെ പ്രചോദനം എന്ന് കര്‍ത്താവിനാല്‍ പ്രചോദിതനായി തിരിച്ചറിഞ്ഞ ആ വലിയ മാര്‍പാപ്പായില്‍ നിന്ന് പിതൃനിര്‍വിശേഷമായ സ്വീകരണമാണ് അവന് ലഭിച്ചത്. എല്ലാ സവിശേഷ ചൈതന്യവും സഭയെന്ന ക്രിസ്തുശരീ രത്തെ ശുശ്രൂഷിക്കുന്നതിനായിട്ടുള്ള പരിശുദ്ധാത്മാവിന്‍റെ ദാനമാണെന്ന് തിരിച്ചറിഞ്ഞ അസ്സീസിയിലെ നിസ്സ്വന്‍, സഭാധികാരികളുമായി പൂര്‍ണ്ണ ചേര്‍ച്ചയിലാണ് എന്നും പ്രവര്‍ത്തിച്ചത്. വിശുദ്ധരുടെ ജീവിത ത്തില്‍ പ്രവാചക ചൈതന്യത്തിനും ഭരണപരമായ ചൈതന്യത്തിനും തമ്മില്‍ വൈരുധ്യമില്ല, ഇനി അഥവാ അങ്ങനെയുണ്ടായാല്‍, പരിശുദ്ധാത്മവിന്‍റെ നിയുക്ത നേരത്തിനായി കാത്തിരിക്കാനും അവര്‍ക്കറിയാം.

യഥാര്‍ത്ഥത്തില്‍, 19-ാം നൂറ്റാണ്ടിലെയും 20-ാം നൂറ്റാണ്ടിലെയും നിരവധി ചരിത്രകാരന്മാര്‍, സുവി ശേഷങ്ങളിലെ യേശുവിനു പിന്നില്‍ ചരിത്രപരമായ യേശുവിനെ സൃഷ്ടിക്കാന്‍ ശ്രമിച്ചതുപോലെ, വിശുദ്ധന്‍റെ പരമ്പരാഗത ചിത്രീകരണത്തിന് പിന്നില്‍ ചരിത്രപുരുഷനായ ഫ്രാന്‍സിസ് എന്ന വ്യക്തിയെ നിര്‍മ്മിച്ചെടുക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഈ ചരിത്രപുരുഷനായ ഫ്രാന്‍സിസ് സഭയുടെ ആളായിരുന്നില്ല, പകരം ക്രിസ്തുവിനോട് നേരിട്ട് ബന്ധമുള്ള ആളും, കാനോനിക രൂപങ്ങളോ അധികാരശ്രേണികളോ ഇല്ലാതെ ദൈവജനത്തിന്‍റെ നവീകരണം കൊണ്ടുവരാന്‍ ആഗ്രഹിച്ച മനുഷ്യ നുമായിരുന്നു എന്നാണവര്‍ കാണിക്കുന്നത്. വി. ഫ്രാന്‍സിസിന് യേശുവുമായും ദൈവവചനവു മായും വളരെ അടുത്ത ബന്ധം ഉണ്ടായിരുന്നു എന്നതാണ് സത്യം. അതിനാല്‍, അതായിരിക്കു ന്നതു പോലെ, അതിന്‍റെ എല്ലാ തീവ്രതയിലും സത്യത്തിലും അവന്‍ 'സീനെ ഗ്ലോസ' (വ്യാഖ്യാ നങ്ങള്‍ ഇല്ലാതെ) അത് പിന്തുടരാന്‍ ആഗ്രഹിച്ചു. കാനോനിക രൂപങ്ങളുള്ള ഒരു സന്ന്യാസ സമൂഹം സൃഷ്ടിക്കാന്‍ തുടക്കത്തില്‍ അദ്ദേഹം ഉദ്ദേശിച്ചി രുന്നില്ല എന്നതും സത്യമാണ്. പകരം, ദൈവവചനത്തിലൂടെയും കര്‍ത്താവിന്‍റെ സാന്നിധ്യത്തിലൂടെയും, ദൈവജനത്തെ നവീകരിക്കാനും, വചനം ശ്രവിച്ച് അതുവഴി ക്രിസ്തുവിനെ അക്ഷരാര്‍ത്ഥ ത്തില്‍ അനുസരിക്കുന്നതിനായി അവരെ തിരികെ വിളിക്കാനും അവന്‍ ആഗ്രഹിച്ചു. കൂടാതെ, ക്രിസ്തു ഒരിക്കലും 'എന്‍റേ'തല്ല എന്നും എല്ലായ് പ്പോഴും 'നമ്മുടേത്' ആണെന്നും, 'എനിക്ക്' ക്രിസ്തുവിനെ സ്വന്തമാക്കാന്‍ കഴിയില്ലെന്നും, സഭയ്ക്കും അവളുടെ ഇഷ്ടത്തിനും അവളുടെ പ്രബോധനത്തിനും എതിരായി പുനര്‍നിര്‍മ്മിക്കാന്‍ 'എനിക്ക്' കഴിയില്ലെന്നും അവനറിയാമായിരുന്നു. പകരം, അപ്പോസ്തോലിക പിന്തുടര്‍ച്ചയില്‍ പണിയപ്പെട്ട സഭയുമായുള്ള കൂട്ടായ്മയില്‍ മാത്രമേ ദൈവവചനത്തോടുള്ള അനുസരണം പോലും പുതുക്കാന്‍ കഴിയൂ.

കര്‍ത്താവിന്‍റെ വരവിനായി ദൈവജനത്തെ പുതുക്കുക എന്നതൊഴികെ, ഒരു പുതിയ സന്ന്യാസ സമൂഹം സൃഷ്ടിക്കാന്‍ ഫ്രാന്‍സിസിന് ഉദ്ദേശ്യമില്ലായിരുന്നു എന്നതും സത്യമാണ്. എന്നിരുന്നാലും, കഷ്ടപ്പാടുകളിലൂടെയും വേദനയിലൂടെയും എല്ലാത്തിനും അതിന്‍റേതായ ക്രമം ഉണ്ടായിരിക്കണമെന്നും, നവീകരണത്തിന് രൂപം നല്‍കാന്‍ സഭ യുടെ നിയമം ആവശ്യമാണെന്നും അദ്ദേഹം  മനസ്സിലാക്കി. അങ്ങനെ, സഭയും മാര്‍പ്പാപ്പയും മെത്രാന്മാരുമായി അദ്ദേഹം ഹൃദയാത്മനാ സമ്പൂര്‍ണ ഐക്യത്തില്‍ നിലകൊണ്ടു. പൗരോഹിത്യത്തിലൂടെയും ദിവ്യകാരുണ്യത്തിലൂടെയും സഭാ കൂട്ടായ്മയിലൂടെയും  അവതരിപ്പിക്കപ്പെടുന്ന ക്രിസ്തുവിന്‍റെ ശരീരവും അവന്‍റെ രക്തവും ആകുന്ന കുര്‍ബാനയാണ് സഭയുടെ കേന്ദ്രമെന്ന്, അദ്ദേഹം എപ്പോഴും അറിഞ്ഞിരുന്നു. പൗരോഹിത്യവും കുര്‍ബാനയും സഭയും ഒന്നിച്ചുവരുന്നിടത്തു മാത്രമാണ് ദൈവവചനവും കുടികൊള്ളുന്നത്. യഥാര്‍ത്ഥ ചരിത്രപുരുഷനായ ഫ്രാന്‍സിസ് സഭയുടെ ഫ്രാന്‍സിസ് ആയിരുന്നു; കൃത്യമായി ഈ രീതിയില്‍ത്തന്നെയാണ് അദ്ദേഹം അവിശ്വാസികളോടും ഇതര വിശ്വാസധാരകളിലുള്ളവരോടും മതങ്ങളോടും സംസാരിച്ചുകൊണ്ടിരിക്കുന്നതും.

ഫ്രാന്‍സിസും എണ്ണത്തില്‍ പെരുകിക്കൊണ്ടിരുന്ന അദ്ദേഹത്തിന്‍റെ ചെറുസഹോദരരും പോര്‍സ്യുങ്കുലയില്‍, അല്ലെങ്കില്‍ ഫ്രാന്‍സിസ്കന്‍ ആത്മീയതയുടെ പവിത്രസ്ഥാനമായ സാന്താ മരിയ ഡെഗ്ലി ആഞ്ചെലി ദേവാലയത്തില്‍ തങ്ങളെത്തന്നെ സ്ഥാപിച്ചു. അസ്സീസിയിലെ കുലീന കുടുംബത്തില്‍ നിന്നുപോലുമുള്ള ക്ലാരയെന്ന യുവതിയും ഫ്രാന്‍സിസിന്‍റെ ആത്മീയധാര പിന്തുടര്‍ന്നു. വിശിഷ്ടരായ മറ്റൊരുഗണം വിരുദ്ധരെ സഭയില്‍ സൃഷ്ടിക്കാന്‍ നിയോഗിക്കപ്പെട്ട ജീവിതചര്യയുടെ - ഫ്രാന്‍സിസ്കന്‍ രണ്ടാം സമൂഹത്തിന്‍റെ - ദരിദ്ര ക്ലാരമാരുടെ ഉത്ഭവമായത് മാറി.

ഇന്നസെന്‍റ് IIIന്‍റെ പിന്‍ഗാമിയായ ഹോണോറിയസ് III മാര്‍പാപ്പ 1218-ല്‍ തന്‍റെ 'കും ഡിലെക്റ്റി' (Cum Dilecti) എന്ന ബൂളവഴിയായി ആദ്യത്തെ ഫ്രയേഴ്സ് മൈനറിന്‍റെ  (നിസ്സാര സഹോദരര്‍) അതുല്യമായ വികാസത്തെ പിന്തുണക്കുകയും, അതുവഴിയായി വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലും മൊറോക്കോയില്‍ പോലും പുതിയ മിഷനുകള്‍ ആരംഭിക്കാന്‍ അത് ഇടയാക്കുകയും ചെയ്തു. മുസ്ലീം സുല്‍ത്താന്‍ മാലിക് അല്‍-കമില്‍നെ സന്ദര്‍ശിച്ച് സംസാരിക്കാന്‍, അവിടെയും യേശുവിന്‍റെ സുവിശേഷം പ്രസംഗിക്കാന്‍, 1219-ല്‍ ഫ്രാന്‍ സിസ്  അനുമതി നേടി. വളരെ സമയോചിതമായിരിക്കും അതെന്നതിനാല്‍, വി. ഫ്രാന്‍സിസിന്‍റെ ജീവിതത്തിലെ ഈ സംഭവം ഊന്നിപ്പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ക്രിസ്തുമതവും ഇസ്ലാമും തമ്മില്‍ സംഘര്‍ഷം നിലനിന്നിരുന്ന ഒരു കാലഘട്ടത്തില്‍, നിരായുധനായി, തന്‍റെ വിശ്വാസവും വ്യക്തിപരമായ വിനയവും മാത്രം കൊണ്ട്  ഫ്രാന്‍സിസ്, സംവാദത്തിന്‍റെ പാതയിലൂടെ ഫലപ്രദമായി ത്തന്നെ സഞ്ചരിച്ചു. വൃത്താന്തങ്ങള്‍ പ്രകാരം, മുസ്ലിം സുല്‍ത്താന്‍ അദ്ദേഹത്തിന് സ്നേഹോഷ്മളമായ സ്വീകരണവും ഹൃദ്യമായ വരവേല്പും നല്‍കിയതായാണ് കാണുന്നത്. ക്രിസ്ത്യാനികളും മുസ്ലീങ്ങളും തമ്മിലുള്ള ഇന്നത്തെ ബന്ധത്തിന് പരസ്പര ബഹുമാനത്തിലും പരസ്പരധാരണ യിലും ആത്മാര്‍ത്ഥമായ സംഭാഷണം പ്രോത്സാഹി പ്പിക്കുന്നതിന് പ്രചോദനം നല്‍കുന്ന ഒരു മാതൃക ഇത് നല്‍കുന്നുണ്ട് ((cf. Nostra Aetate 3). പിന്നീട്, അദ്ദേഹത്തിന്‍റെ ആത്മീയ പുത്രന്മാര്‍ യഥാര്‍ത്ഥത്തില്‍ യേശു ജീവിച്ചിരുന്ന സ്ഥലങ്ങള്‍ അവരുടെ ശുശ്രൂഷാ സ്ഥാനങ്ങള്‍ ആക്കും വിധം ഏറെ ഫലം നല്കുന്ന ഒരു വിത്ത് വിതച്ചുകൊണ്ട് 1220-ല്‍ ഫ്രാന്‍സിസ് വിശുദ്ധനാട് സന്ദര്‍ശിക്കുന്നുണ്ട്. വിശുദ്ധനാട്ടിലെ ഫ്രാന്‍സിസ്കന്‍ സൂക്ഷിപ്പിന്‍റെ മഹത്തായ നന്മകളെക്കുറിച്ച് നന്ദിയോടെയാണ് ഞാന്‍ ഇന്ന് ചിന്തിക്കുന്നത്.
ഇറ്റലിയിലേക്ക് മടങ്ങിയെത്തിയ ഫ്രാന്‍സിസ് തന്‍റെ സമൂഹത്തിന്‍റെ ഭരണം തന്‍റെ വികാരി ബ്രദര്‍ പീറ്റര്‍ കത്താനിക്ക് കൈമാറി, അതേസമയം അതിവേഗം വളരുന്ന സമൂഹത്തിന്‍റെ സംരക്ഷണം മാര്‍പ്പാപ്പ കര്‍ദ്ദിനാള്‍ ഉഗോളിനോയെ (ഭാവിയിലെ ഗ്രിഗറി ഒമ്പതാമന്‍ മാര്‍പ്പാപ്പ)  ഏല്‍പ്പിച്ചു. സഭാ സ്ഥാപകനാവട്ടെ പ്രസംഗത്തിനായി തന്നെത്തന്നെ പൂര്‍ണ്ണമായും സമര്‍പ്പിക്കുകയും വിജയകരമായി അത് നടത്തുകയും അതേപോലെ തന്‍റെ നിയമാ വലി ക്രോഢീകരിക്കുകയും, മാര്‍പ്പാപ്പ പിന്നീട് അംഗീകരിക്കുകയും ചെയ്തു.

1224-ല്‍, ലാവേര്‍ണയിലെ പര്‍ണ്ണാശ്രമത്തില്‍ വച്ച്, ഫ്രാന്‍സിസിന് ഒരു സെറാഫിക്ക് മാലാഖ യുടെ രൂപത്തില്‍ ക്രൂശിക്കപ്പെട്ട കര്‍ത്താവിന്‍റെ ദര്‍ശനം ഉണ്ടായി. പ്രസ്തുത മുഖാമുഖത്തില്‍ ക്രൂശിതന്‍റെ രൂപത്തിലുള്ള സെറാഫില്‍നിന്ന് അദ്ദേഹത്തിന് പഞ്ചക്ഷതങ്ങള്‍ ലഭിക്കുകയും, അങ്ങനെ ക്രൂശിക്കപ്പെട്ട ക്രിസ്തുവുമായി ഒന്നായി ത്തീരുകയും ഉണ്ടായി. കര്‍ത്താവുമായുള്ള അവന്‍റെ സാത്മീകരണം പ്രകടമാക്കുന്ന ഒരു സമ്മാനമാ യിരുന്നു അത്.

1226 ഒക്ടോബര്‍ 3-ന് വൈകുന്നേരം പോര്‍സ്യുങ്കുലയില്‍ വെച്ചാണ് ഫ്രാന്‍സിസിന്‍റെ മരണം അഥവാ കടന്നുപോകല്‍ സംഭവിച്ചത്. തന്‍റെ ആത്മീയ മക്കളെ അനുഗ്രഹിച്ച ശേഷം, വെറും മണ്‍ തറയില്‍ കിടന്ന് അദ്ദേഹം മരിച്ചു. രണ്ട് വര്‍ഷത്തിനു ശേഷം പോപ്പ് ഗ്രിഗറി IX അദ്ദേ ഹത്തെ വിശുദ്ധരുടെ പട്ടികയില്‍ ചേര്‍ത്തു. ചെറിയൊരു സമയത്തിന് ശേഷം, അദ്ദേഹത്തിന്‍റെ ബഹുമാനാര്‍ത്ഥം അസ്സീസിയില്‍ നിര്‍മ്മിക്കപ്പെട്ട വലിയ ബസിലിക്ക ഇന്നും അതിപ്രശസ്തമായ തീര്‍ത്ഥാടന കേന്ദ്രമാണ്. തീര്‍ഥാടകര്‍ക്കവിടെ വിശുദ്ധന്‍റെ ശവകുടീരം വണങ്ങാനും ഫ്രാന്‍സിസിന്‍റെ ജീവിതം ഗംഭീരമായി ചിത്രീകരിച്ചിട്ടുള്ള  ജിയോട്ടോ എന്ന കലാകാരന്‍റെ ചുവര്‍ ചിത്രങ്ങള്‍ ആസ്വദിക്കാനും സാധിക്കും.

ഫ്രാന്‍സിസ് 'മറ്റൊരു ക്രിസ്തു'വിനെ പ്രതിനി ധീകരിക്കുന്നുവെന്നും, അവന്‍ യഥാര്‍ത്ഥത്തില്‍ ക്രിസ്തുവിന്‍റെ ജീവനുള്ള പ്രതിരൂപമായിരുന്നുവെന്നും പറയാറുണ്ട്. അവനെ 'യേശുവിന്‍റെ സഹോദരന്‍' എന്നും വിളിക്കാറുണ്ട്. യഥാര്‍ത്ഥത്തില്‍ ഇതായിരുന്നു അദ്ദേഹത്തിന്‍റെ ആദര്‍ശം: യേശുവിനെപ്പോലെ ആവുക; സുവിശേഷത്തിലെ ക്രിസ്തുവിനെ ധ്യാനിക്കുക; അവനെ തീവ്രമായി സ്നേഹിക്കുക; അവന്‍റെ സദ്ഗുണങ്ങള്‍ അനുകരി ക്കുക. പ്രത്യേകിച്ചും, ആന്തരികവും ബാഹ്യവുമായ ദാരിദ്ര്യത്തെ അടിസ്ഥാന മൂല്യമായി കണക്കാക്കാന്‍ അദ്ദേഹം ആഗ്രഹിക്കുകയും, ആയത് തന്‍റെ ആത്മീയ പുത്രരെ പഠിപ്പിക്കുകയും ചെയ്തു. 'ആത്മാവില്‍ ദരിദ്രര്‍ ഭാഗ്യവാന്മാര്‍, എന്തെന്നാല്‍ സ്വര്‍ഗ്ഗരാജ്യം അവരുടേതാണ്' (മത്താ. 5:3) എന്ന ഗിരിപ്രഭാഷണത്തിലെ ആദ്യ സുവിശേഷഭാഗ്യം വിശുദ്ധ ഫ്രാന്‍സിസിന്‍റെ ജീവിതത്തിലും വാക്കു കളിലും ഉജ്ജ്വലമായ പൂര്‍ത്തീകരണം കണ്ടെത്തി. പ്രിയ സുഹൃത്തുക്കളെ, സത്യത്തില്‍ വിശുദ്ധരാണ് വിശുദ്ധഗ്രന്ഥത്തിന്‍റെ ഏറ്റവും മികച്ച വ്യാഖ്യാ താക്കള്‍. അവര്‍ സ്വന്തം ജീവിതത്തില്‍ ദൈവവചനം അവതരിപ്പിക്കുമ്പോള്‍, അവര്‍ അതിനെ എന്നത്തേക്കാളും കൂടുതല്‍ ആകര്‍ഷകമാക്കു കയും അത് നമ്മോട് ശരിക്കും സംസാരിക്കുകയും ചെയ്യുന്നു. സമര്‍പ്പണമനോഭാവത്തോടും സമ്പൂര്‍ണ്ണ സ്വാതന്ത്ര്യത്തോടും കൂടി ക്രിസ്തുവിനെ അനുഗമിക്കാനുള്ള ഒരു മാര്‍ഗമായി ദാരിദ്ര്യത്തെ സ്നേഹിച്ച ഫ്രാന്‍സിസിന്‍റെ സാക്ഷ്യം, ആന്തരിക ദാരിദ്ര്യം വളര്‍ത്തിക്കൊണ്ട് ദൈവത്തിലുള്ള ആശ്രയത്വത്തില്‍ വളരുന്നതിനും ഭൗതിക വസ്തുക്കളെ നിസ്സംഗതയോടെ സമീപിച്ച് ശാന്തമായ ജീവിതശൈലി സ്വീകരിക്കാനും ഉള്ള ഒരു ക്ഷണമായി നമുക്കുമുന്നില്‍ തുടരുന്നു.

ഫ്രാന്‍സിസിന്‍റെ ക്രിസ്തുവിനോടുള്ള സ്നേഹം വിശുദ്ധ കുര്‍ബാനയുടെ ആരാധനയില്‍ ഒരു പ്രത്യേക രീതിയില്‍ പ്രകടിതമായി. വി. ഫ്രാന്‍ സിസിന്‍റെ രചനകളില്‍ (ഫോന്തി ഫ്രാന്‍ചെസ്കാനേ) അത്തരം പിടിച്ചുകുലുക്കുന്ന തരം പദപ്രയോ ഗങ്ങള്‍ വായിക്കാം: 'ജീവനുള്ള ദൈവത്തിന്‍റെ പുത്രനായ ക്രിസ്തു ബലിപീഠത്തില്‍ ഒരു പുരോഹിതന്‍റെ കൈയ്യില്‍ സന്നിഹിതനാകുമ്പോള്‍, സര്‍വ്വരും ഭയത്താല്‍ സ്തംഭിക്കട്ടെ, ലോകമാകെ വിറയ്ക്കട്ടെ, സ്വര്‍ഗ്ഗം ആഹ്ലാദിക്കട്ടെ! ഓ, അത്ഭുതകരമായ ശ്രേഷ്ഠത! വിനയാന്വിതമായ ഉത്തുംഗത, പ്രപഞ്ചത്തിന്‍റെ അതിനാഥന്‍, ദൈവപുത്രനായ ദൈവം, തന്നെത്തന്നെ എത്രയോ ചെറുതാക്കുകയും നമ്മുടെ രക്ഷയ്ക്കുവേണ്ടി   ഒരു സാധാരണ അപ്പത്തിന്‍ പിന്നില്‍ മറഞ്ഞിരിക്കു കയും ചെയ്യുന്നു' (ഫ്രാന്‍സിസ് അസ്സീസി, സ്ക്രിറ്റി, എഡിത്രിചി ഫ്രാന്‍ചെസ്കാനെ, പദോവ 2002, 401).

വൈദികര്‍ക്കുള്ള ഈ വര്‍ഷത്തില്‍, ( 2010  ല്‍ നല്കിയ പ്രഭാഷണമാണിത്  എന്നോര്‍ക്കുക - എഡി.) ഫ്രാന്‍സിസ് വൈദികര്‍ക്ക് നല്‍കിയ ഒരു ഉപദേശം കൂടി ഓര്‍ത്തെടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു: 'കളങ്കമില്ലാത്തവിധം നിങ്ങള്‍ വി. കുര്‍ബാന നടത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ പരമ പരിശുദ്ധമായ ശരീരത്തിന്‍റെയും രക്തത്തിന്‍റെയും യഥാര്‍ത്ഥ ബലി ഭക്തിപൂര്‍വ്വം അര്‍പ്പിക്കുക.' (ഫ്രാന്‍സിസ് ഓഫ് അസ്സീസ്സി, സ്ക്രിത്തി, 399). പുരോഹിതരോട് ഫ്രാന്‍സിസ് എല്ലായ്പ്പോഴും വലിയ ബഹുമാനം കാണിക്കുകയും, ഒരു പരിധിവരെ അവര്‍ വ്യക്തിപരമായി അയോഗ്യരാകുന്ന സന്ദര്‍ഭങ്ങളില്‍ പോലും അവരോട് ബഹുമാ നത്തോടെ പെരുമാറണമെന്ന് നിഷ്കര്‍ഷിക്കുകയും ചെയ്തു. അവര്‍ക്ക് പരിശുദ്ധ കുര്‍ബാന വാഴ്ത്താ നുള്ള ദാനം ലഭിച്ചിരിക്കുന്നു എന്നതാണ് അഗാധമായ ഈ ആദരവിന് അദ്ദേഹം പറഞ്ഞ കാരണം. പൗരോഹിത്യത്തിലെ പ്രിയ സഹോദരന്മാരേ, ഈ പ്രബോധനം നാമൊരിക്കലും മറക്കരുത്: കുര്‍ബാനയുടെ വിശുദ്ധി ശുദ്ധരായിരിക്കാനും, നാം ആഘോഷിക്കുന്ന രഹസ്യത്തോട് പൊരുത്തപ്പെടുന്ന രീതിയില്‍ ജീവിക്കാനും നമ്മോട് ആവശ്യപ്പെടുന്നു.

ക്രിസ്തുവിനോടുള്ള സ്നേഹത്തില്‍ നിന്നാണ് മറ്റുള്ളവരോടും ദൈവത്തിന്‍റെ എല്ലാ സൃഷ്ടികളോടും ഉള്ള സ്നേഹം ഉടലെടുക്കുന്നത്. സാര്‍വത്രികമായ സാഹോദര്യ ബോധവും സൃഷ്ടികളോടുള്ള സ്നേഹവുമാണ് ഫ്രാന്‍സിസിന്‍റെ ആത്മീയതയുടെ മറ്റൊരു സവിശേഷത. പ്രസിദ്ധമായ സൃഷ്ടികളുടെ കീര്‍ത്തനത്തിന്‍റെ രചനയെ പ്രചോദിപ്പിച്ചത് ഇതാണ്. ഇതും വളരെ കാലിക മായ സന്ദേശമാണ്. സമീപകാലത്തെ എന്‍റെ ചാക്രികലേഖനമായ 'കാരിത്താസ് ഇന്‍ വെരിറ്റാറ്റെ'യില്‍ ഞാന്‍ അനുസ്മരിച്ചത് പോലെ, സൃഷ്ടിയെ ബഹുമാനിക്കുകയും പരിസ്ഥിതിയെ നശിപ്പിക്കാതിരിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ വികസനം സുസ്ഥിരമാകൂ ((cf. nn.. 4852). സുസ്ഥിരമായ സമാധാനം കെട്ടിപ്പടുക്കുന്നത് പോലും സൃഷ്ടിയോടുള്ള ആദരവുമായി ബന്ധപ്പെട്ടിരി ക്കുന്നുവെന്നാണ് ഈ വര്‍ഷത്തെ ലോക സമാധാന ദിനത്തിനായുള്ള സന്ദേശത്തില്‍ ഞാന്‍ അടിവരയിട്ടു പറയാന്‍ ശ്രമിച്ചത്. സ്രഷ്ടാവിന്‍റെ ജ്ഞാനവും ഉദാരമനസ്കതയും സൃഷ്ടിയിലൂടെയാണ് പ്രകടിപ്പിക്കപ്പെടുന്നതെന്ന് ഫ്രാന്‍സിസ് ഓര്‍മ്മിപ്പി ക്കുന്നു. ദൈവം നമ്മോട് സംസാരിക്കുന്ന ഒരു ഭാഷയായി അദ്ദേഹം പ്രകൃതിയെ മനസ്സിലാക്കി. അതിലാണ് യാഥാര്‍ത്ഥ്യം വ്യക്തമാകുന്നതും നമുക്ക് ദൈവത്തെക്കുറിച്ചും ദൈവത്തോടും സംസാരിക്കാന്‍ കഴിയുന്നതും.

പ്രിയ സുഹൃത്തുക്കളെ, ഫ്രാന്‍സിസ് മഹാ നായ ഒരു വിശുദ്ധനും അതീവ സന്തോഷവാനു മായിരുന്നു. അവന്‍റെ ലാളിത്യം, വിനയം, വിശ്വാസം, ക്രിസ്തുവിനോടുള്ള സ്നേഹം, എല്ലാ മനുഷ്യ രോടും ഉള്ള അവന്‍റെ നന്മ, എല്ലാ സാഹചര്യങ്ങളിലും അവനു സന്തോഷം നല്‍കി. തീര്‍ച്ചയായും, വിശുദ്ധിയും ആനന്ദവും തമ്മില്‍ ഉറ്റതും അഭേദ്യവുമായ ഒരു ബന്ധം അവിടെ നിലനില്‍ ക്കുന്നുണ്ട്. ഒരു ഫ്രഞ്ച് എഴുത്തുകാരന്‍ ഒരിക്കല്‍ എഴുതി: ലോകത്ത് ഒരേയൊരു സങ്കടമേയുള്ളൂ: വിശുദ്ധരാകാന്‍ കഴിയാതിരിക്കുക, അതായത് ദൈവത്തോട് അടുത്തായിരിക്കാന്‍ കഴിയാതിരിക്കുക. വിശുദ്ധ ഫ്രാന്‍സിസിന്‍റെ സാക്ഷ്യം ശ്രദ്ധിക്കുമ്പോള്‍, വിശുദ്ധരാകുക, ദൈവത്തോട് അടുക്കുക എന്നതാണ് യഥാര്‍ത്ഥ സന്തോഷ ത്തിന്‍റെ രഹസ്യമെന്ന് നാം തിരിച്ചറിയുന്നു.

ഫ്രാന്‍സിസിനാല്‍ ഏറ്റം ആര്‍ദ്രമായി സ്നേഹിക്കപ്പെട്ടിരുന്ന കന്യകാമാതാവ് ഈ സമ്മാനം നമുക്ക് നേടിത്തരട്ടെ. അസീസിയിലെ ചെറുദരിദ്രന്‍റെ വാക്കുകളിലൂടെ നമുക്ക് നമ്മെത്തന്നെ അവള്‍ക്ക് ഭരമേല്‍പ്പിക്കാം: 'പരിശുദ്ധ കന്യകാമറിയമേ, സ്വര്‍ഗ്ഗത്തിലെ മഹോന്നത രാജാവിന്‍റെ - ദൈവ പിതാവിന്‍റെ മകളും ദാസിയുമായി, ഞങ്ങളുടെ ഏറ്റം മഹ ത്ത്വപ്പെട്ട കര്‍ത്താവീശോ മിശിഹായുടെ മാതാവായി, പരിശുദ്ധാത്മാവിന്‍റെ മണവാട്ടിയായി - നിന്നെപ്പോലെ ആരും ലോകത്തില്‍ ഇന്നോളം പിറവിയെടുത്തിട്ടില്ല. നിന്‍റെ ഏറ്റവും വാഴ്ത്തപ്പെട്ട പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശു ക്രിസ്തുവിനോട് ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ.'(ഫ്രാന്‍ചെസ്കോ ഡി അസ്സീസ്സി, സ്ക്രിത്തി, 163)

(മൊഴിമാറ്റം: ഫാ. ജോര്‍ജ്ജ് വലിയപാടത്ത്)

You can share this post!

ഇരുളിനെ പഴിക്കാതെ പ്രകാശത്തെ പിന്‍തുടരാനുള്ള ആഹ്വാനം

പ്രൊഫ. എം. കെ. സാനു
അടുത്ത രചന

സമാധാനം

ജെര്‍ളി
Related Posts