news-details
കവർ സ്റ്റോറി

വി. ഫ്രാന്‍സിസിന്‍റെ നഗ്നതയും ചില വീണ്ടുവിചാരങ്ങളും

"പുരുഷനും അവന്‍റെ ഭാര്യയും നഗ്നരായിരുന്നു. എങ്കിലും അവര്‍ക്കു ലജ്ജ തോന്നിയിരുന്നില്ല" (ഉല്പ. 2:25)

ഒരിക്കല്‍ ഒരു ഇന്‍റര്‍വ്യൂ ബോര്‍ഡിലെ ചോദ്യകര്‍ത്താവ് ഉദ്യോഗാര്‍ത്ഥികളോട് വിചിത്രമായ ഒരു ചോദ്യം ചോദിച്ചു:

"നിങ്ങള്‍ പുറത്തുപോയിട്ട് വീട്ടില്‍ മടങ്ങിയെത്തുമ്പോള്‍ നിങ്ങളുടെ സഹോദരി പൂര്‍ണനഗ്നയായിട്ട് നിങ്ങളുടെ അടുത്തേയ്ക്ക് ഓടി വന്നാല്‍ നിങ്ങള്‍ എന്തുചെയ്യും?"

 ഉദ്യോഗാര്‍ത്ഥികളില്‍ മിക്കവരുടെയും ഉത്തരം, "ഞാന്‍ അവളെ ശാസിക്കും, തിരുത്തും, വസ്ത്രം ധരിപ്പിക്കും, നഗ്നത മറയ്ക്കും, തുടങ്ങി ആവശ്യമായ മാനസികാരോഗ്യ ചികിത്സയ്ക്ക് വിധേയയാക്കും" എന്നുവരെ എത്തി.

എന്നാല്‍ ഒരു ഉദ്യോഗാര്‍ത്ഥി ചിരിച്ചുകൊണ്ടു പറഞ്ഞു: "എന്തു ചെയ്യാന്‍, ഞാന്‍ അവളെ വാരിയെടുത്ത് ചുംബിച്ച്, ഓമനിക്കും."

"കാരണം?" ചോദ്യകര്‍ത്താവ് വീണ്ടും ചോദിച്ചു.

"എന്‍റെ സഹോദരി അങ്ങനെ പെരുമാറണമെങ്കില്‍ തീര്‍ച്ചയായും അവളൊരു കൊച്ചുകുഞ്ഞ് ആയിരിക്കുമല്ലോ" എന്നായിരുന്നു ഉത്തരം.

ഉത്തരങ്ങളിലെ ശരിതെറ്റുകള്‍ നമുക്ക് വിട്ടുകളയാം. ഉല്പത്തി 25ഉം പിന്നീട് ഇതേ ആദവും ഹവ്വായും നഗ്നതയെ ഭയപ്പെട്ട് ഒളിക്കുന്നതും ഉദ്യോഗാര്‍ത്ഥികളുടെ ഉത്തരങ്ങള്‍ വെളിപ്പെടുത്തുന്നതും ഒന്നുതന്നെ. നിഷ്കളങ്കതയില്‍ നിന്ന് തെറ്റിലേക്കും, പാപത്തില്‍നിന്ന് വിശുദ്ധിയിലേക്കുമുള്ള ദൂരമാണത്.

മറയ്ക്കുവാനും ഒളിപ്പിക്കാനും എന്തൊക്കെയോ ഉണ്ടാകുമ്പോള്‍ ജീവിതം സങ്കീര്‍ണമാകുന്നു. ഇതു വ്യക്തികളിലും സഭയിലും ഒന്നുതന്നെ. നാം കണ്ണുതുറന്നു നോക്കിയാല്‍ ഒരു കാര്യം വ്യക്തമാണ്. സഭയുടെ ചരിത്രത്തില്‍വച്ച് ഏറ്റവും കൂടുതല്‍ ഭക്താഭ്യാസങ്ങളും ധ്യാനകേന്ദ്രങ്ങളും ആചാരാനുഷ്ഠാനങ്ങളുടെ ബാഹുല്യവും അവയുടെ പഠനങ്ങളും ഏറ്റവും പെരുകിയിട്ടുള്ള കാലത്താണ് നാം ജീവിക്കുന്നത്. നിഷ്കളങ്കതയില്‍(വിശുദ്ധി) നിന്ന് പാപത്തില്‍(തെറ്റില്‍) ഏത്തിച്ചേരുമ്പോഴാണോ ഭക്താഭ്യാസങ്ങളുടെയും ആചാരാനുഷ്ഠാനങ്ങളുടെയും ബാഹുല്യം ആവശ്യമായി വരുന്നത്? ഇതു തന്നെയാണോ ആത്മീയതയില്‍ നിന്ന് മതാത്മകതയിലേക്കുള്ള ദൂരം(Spirituality - Religiosity)? ഇതൊക്കെ ഓര്‍ക്കുമ്പോഴാണ് വലിയ  ഓര്‍മ്മപ്പെടുത്തല്‍പോലെ അസ്സീസിയിലെ മെത്രാന്‍റെ മുന്‍പില്‍ നഗ്നനായി നില്ക്കുന്ന ഒരു ചെറുപ്പക്കാരനെ ഓര്‍മ്മ വരുന്നത് - വി. ഫ്രാന്‍സിസ്. ധരിച്ചിരുന്ന വസ്ത്രങ്ങളെല്ലാം ഊരിയെടുത്ത് അപ്പന്‍റെ മുന്‍പില്‍ വച്ചിട്ട് "ഇനിയും എനിക്ക് സ്വര്‍ഗ്ഗസ്ഥനായ എന്‍റെ പിതാവേ" എന്നു ശങ്കയില്ലാതെ വിളിക്കാം എന്നു പറഞ്ഞ ഫ്രാന്‍സിസ് നിഷ്കളങ്കത, "ഭയത്തില്‍നിന്ന് സ്വതന്ത്രമാക്കപ്പെട്ട സ്വാതന്ത്ര്യത്തിന്‍റെ പുത്രസ്വീകാര്യത്തിന്‍റെ ആത്മാവിനെ(റോമ 8:15) സ്വന്തമാക്കിയിരുന്നു. ഇതോടു ചേര്‍ത്ത് റോമ 8:17 മുഴുവന്‍ വായിക്കുന്നതും നല്ലത്. സഭയ്ക്കുതന്നെ ഒരു പക്ഷേ ഇന്ന് ആചാരാനുഷ്ഠാനങ്ങളുടെയും വേഷഭൂഷാധികളുടെയും ആടയാഭരണങ്ങളുടെയും സ്ഥാനചിഹ്നങ്ങളുടെയും ബലമില്ലാതെ പ്രത്യക്ഷപ്പെടാനുള്ള ആത്മധൈര്യം ചോര്‍ന്നുപോകുമ്പോള്‍, ആത്മീയത മതാത്മകതയായി പരിവര്‍ത്തനം ചെയ്യപ്പെട്ടുപോകുന്നു. അതുകൊണ്ടുതന്നെ അസ്സീസിയിലെ ആ ചെറുപ്പക്കാരന്‍റെ നഗ്നത നമ്മുടെ ഉറക്കം കെടുത്തിക്കൊണ്ടേയിരിക്കുന്നു. ആദ്യാചാര്യനായ അഹറോന്‍ സ്വന്തം മരണത്തിലൂടെ ദൈവത്തോട് ചേരുന്നതിന് മുന്‍പ് അവന്‍റെ പൗരോഹിത്യത്തിന്‍റെ അംശവസ്ത്രങ്ങളും സ്ഥാനചിഹ്നങ്ങളുമെല്ലാം ഊരിവയ്ക്കാന്‍ നിര്‍ബന്ധിതനാകുന്നുണ്ട്. മോശ കല്പനയനുസരിച്ച് അഹറോനെ വിവസ്ത്രനാക്കുന്നു. ദൈവതിരുമുമ്പാകെ നഗ്നനായി നില്ക്കുന്ന അഹറോന്‍, ഒരു പുരോഹിതസ്ഥാന വസ്ത്രങ്ങളുടെയും പിന്‍ബലമില്ലാതെ നഗ്നനായി നില്ക്കുന്ന അഹറോന്‍, അയാളുടെ മരണം നമ്മെ ചിന്തിപ്പിക്കുന്നതും ഇതു തന്നെയല്ലേ(സംഖ്യ 20: 22-29).

ചുരുക്കത്തില്‍ തിരുമുമ്പാകെ എന്ത് മറച്ചുവയ്ക്കാന്‍ ആര്‍ക്കു സാധിക്കും(ജെറ, 23:24, 16:17, ഹെബ്രാ 4:13).

കുരിശിലെ ബലി പൂര്‍ത്തിയാക്കുന്ന രണ്ടാമത്തെ ആദമായി യേശുവും നഗ്നനാക്കപ്പെടുന്നുണ്ട് എന്നതും ഇതോടൊപ്പം ചേര്‍ത്തു വായിക്കാം.

എന്നാല്‍ നിഷ്കളങ്കതയില്‍ നിന്നും വിശുദ്ധിയില്‍ നിന്നും കാലിടറി വീഴുമ്പോള്‍ വ്യക്തികളും അതുപോലെ സഭയും ആദവും ഹവ്വായും ഭയപ്പെട്ടതുപോലെ കുറ്റബോധം കൊണ്ടു ഭയപ്പെടുകയും പിന്നെ എല്ലാം മറയ്ക്കുവാനുള്ള തത്രപ്പാടിലും.  ഈ മറയ്ക്കലിന് ദൈവശാസ്ത്രവും ന്യായീകരണങ്ങളും കണ്ടുപിടിക്കുവാനുള്ള തിരക്കിലും ആയിപ്പോകുന്നു. സുതാര്യത നഷ്ടപ്പെടുന്ന ഏതു സാഹചര്യവും പിന്നീട് എത്തിച്ചേരുന്നത് ഈ സങ്കീര്‍ണതയിലാണ്. അസ്സീസിയിലെ വി. ഫ്രാന്‍സിസ് വീണ്ടും നമ്മെ ഈ ആനുകാലിക കാലത്ത്, വെല്ലുവിളിയായി അഭിമുഖീകരിക്കുന്നത് മലിനപ്പെട്ടുപോകുന്ന സ്നേഹങ്ങളെക്കുറിച്ചും ചിന്തകളെക്കുറിച്ചും ഓര്‍ക്കുമ്പോഴാണ്. "അതെ എന്‍റെ പ്രാണപ്രിയന്‍. ഞാന്‍ അവനെ പിടിച്ചു. എന്‍റെ അമ്മയുടെ ഭവനത്തിലേക്ക്, എന്നെ ഉദരത്തില്‍ വഹിച്ചവളുടെ മുറിയിലേക്ക് കൊണ്ടുവരാതെ അവനെ ഞാന്‍ വിട്ടില്ല" (ഉത്തമഗീതം 3:4).

ഇന്ന് പ്രണയങ്ങള്‍പോലും മറച്ചുപിടിക്കേണ്ട മാതാപിതാക്കളുടെ മുന്‍പില്‍ വെളിപ്പെടുത്താനാവാത്ത ചാപല്യങ്ങള്‍ പോലെയാവുമ്പോള്‍ ഉത്തമഗീതത്തിലെ പ്രണയവും അസ്സീസിയിലെ ആ ചെറുപ്പക്കാരന്‍റെ പ്രണയസങ്കല്പങ്ങളും ഇന്നത്തെ യുവത്വത്തെയും വെല്ലുവിളിക്കുന്നുണ്ട്.

എന്നാല്‍ ഇതെല്ലാം അസ്സീസിയിലെ ഫ്രാന്‍സിസ് ലളിതമായി ആര്‍ജിച്ചു എന്നര്‍ത്ഥമില്ലല്ലോ. സ്വന്തമെന്നുള്ള ഭാവത്തോടും അവബോധത്തോടുമുള്ള നിരന്തരമായ സമരം അയാളെ അങ്ങനെ രൂപപ്പെടുത്തി. സഭയ്ക്കും യുവജനതയ്ക്കും വീണ്ടും ഏദന്‍തോട്ടത്തിലെ വിശുദ്ധി സമ്മാനിച്ച ഫ്രാന്‍സിസിനെ രണ്ടാം ക്രിസ്തു എന്നല്ലാതെ എന്തു വിളിക്കും? ഈ ഫ്രാന്‍സിസിന്‍റെ നാമം ധരിച്ച് ഇപ്പോഴിതാ ഒരു മാര്‍പാപ്പ ലളിതജീവിതത്തിന്‍റെ അങ്കിയണിയുവാന്‍ സന്യസ്തരെയും സഭയെയും വീണ്ടും ആഹ്വാനം ചെയ്യുന്നു. അഹറോനെപ്പോലെ പലതും ഊരിവയ്ക്കുവാന്‍, അസ്സീസിയിലെ ഫ്രാന്‍സിസിനെപ്പോലെ പലതും ഊരിവയ്ക്കുവാന്‍ സ്വാതന്ത്ര്യത്തിന്‍റെ ആത്മാവിനെ ധരിക്കുവാനുള്ള ആഹ്വാനം. ആര്‍ജ്ജിക്കുന്നതിന്‍റെ തോതനുസരിച്ച് വിജയവും വിജയികളും നിര്‍ണ്ണയിക്കപ്പെടുന്ന ഈ ലോകത്തില്‍ ഉപേക്ഷയ്ക്കുള്ള ആഹ്വാനം എത്രമാത്രം ചെവിക്കൊള്ളപ്പെടും?   

You can share this post!

ഇരുളിനെ പഴിക്കാതെ പ്രകാശത്തെ പിന്‍തുടരാനുള്ള ആഹ്വാനം

പ്രൊഫ. എം. കെ. സാനു
അടുത്ത രചന

സമാധാനം

ജെര്‍ളി
Related Posts