"ഈ മണ്ണ് നമ്മുടെ പിതാക്കന്മാരില്‍നിന്ന് നമുക്കു പൈതൃകമായി കിട്ടിയതല്ല; നമ്മുടെ കുഞ്ഞുങ്ങളില്‍നിന്ന് നാം കടം കൊണ്ടതാണ്" (റെഡ് ഇന്ത്യന്‍ പഴമൊഴി).
കഴിഞ്ഞ ജൂലൈ 1 ന് നമ്മുടെ പശ്ചിമഘട്ടമലനിരകളെ യുനെസ്കൊ (UNESCO) ലോകപൈതൃക പട്ടികയില്‍ ചേര്‍ത്തുവെന്ന അഭിമാനകരമായ വാര്‍ത്ത പുറത്തുവന്നു. ഇനി മുതല്‍ പശ്ചിമഘട്ടമെന്ന നമ്മുടെ സഹ്യപര്‍വ്വതം ലോകത്തിന്‍റെ പൈതൃകസ്വത്തത്രെ. എന്നാല്‍ സഹ്യന്‍ എന്‍റെയൊ, നിന്‍റെയൊ അന്താരാഷ്ട്ര സമൂഹത്തിന്‍റെയോ പൈതൃക സ്വത്തല്ല എന്നതല്ലേ സത്യം? റെഡ് ഇന്ത്യന്‍ പഴമൊഴി പോലെ, വരുംതലമുറയുടെ സ്വത്ത് നാം ഇന്നത്തെ ഉപയോഗത്തിനു വേണ്ടി മാത്രം കടം കൊണ്ടതാണ്. ഇതിനെ വരും തലമുറയ്ക്കുവേണ്ടി പരിക്കുകള്‍ കൂടാതെ തിരിച്ചേല്‍പ്പിക്കാന്‍ നാം ബാധ്യസ്ഥരാണ് എന്നു ചിന്തിക്കേണ്ട ദിനങ്ങളാണ് സമാഗതമായിരിക്കുന്നത്.
പശ്ചിമഘട്ടത്തിന്‍റെ ഭൂമിശാസ്ത്രം
ഡക്കാന്‍ പീഠഭൂമിയെ പടിഞ്ഞാറന്‍ അറബിക്കടലില്‍നിന്ന് വേര്‍തിരിച്ചുകൊണ്ട് ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളുടെ തെക്കുഭാഗത്തുനിന്ന് ആരംഭിച്ച് 1600 ഓളം കിലോമീറ്റര്‍ നീളത്തില്‍ കര്‍ണ്ണാടക, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലായി അറബിക്കടലിന് സമാന്തരമായി വ്യാപിച്ചു കിടക്കുന്ന മലനിരകളാണ് പശ്ചിമഘട്ടം. ഗോവയിലും പാലക്കാട്ടും മാത്രം ഈ മലനിരകള്‍ക്ക് സമതലവിടവുകള്‍ ഉണ്ട്. ഇതിന്‍റെ വടക്കേ അതിരു മദ്ധ്യപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളിലൂടെ ഒഴുകുന്ന താപ്തി നദിയും തെക്കേ അതിരു കന്യാകുമാരിയുമാണ്. ഹിമാലയത്തേക്കാള്‍ പഴക്കമുള്ള ഈ ഭൂപ്രദേശം ഇന്ത്യയുടെ കാലവര്‍ഷത്തെ നിയന്ത്രിക്കുന്നതില്‍ ഒരു പ്രധാന പങ്കു വഹിക്കുന്നു. ആഗോളമായി വംശനാശഭീഷണി നേരിടുന്ന 325-ല്‍ പരം ജീവജാലങ്ങള്‍ പശ്ചിമഘട്ട കാടുകളില്‍ മാത്രം കാണപ്പെടുന്നു. ലോകത്തിലെ ജൈവവൈവിധ്യത്തിന്‍റെ പ്രധാനപ്പെട്ട ആദ്യത്തെ പത്തിടങ്ങളില്‍ ഒന്നാണ് പശ്ചിമഘട്ടം. കണക്കുകള്‍ പ്രകാരം പശ്ചിമഘട്ട മലനിരകളില്‍ ഇന്നോളം കണ്ടെത്തിയ സസ്യജന്തുവൈവിധ്യങ്ങള്‍ 1500 തരത്തില്‍പരമാണ്. ലോകത്തിലാകെയുള്ള പുഷ്പ്പിക്കുന്ന സസ്യയിനങ്ങളുടെ അഞ്ചിലൊന്നും ഇന്ത്യയിലായിരിക്കെ, ഇന്ത്യയില്‍ കാണപ്പെടുന്ന സസ്യയിനങ്ങളുടെ മൂന്നിലൊരു ഭാഗവും പശ്ചിമഘട്ടത്തിലാണ്. ആകെ സസ്യങ്ങളില്‍ 37%, ഉഭയജീവികളില്‍ 53%, സസ്തനികളില്‍ 12%, പക്ഷികളില്‍ 4%, പശ്ചിമഘട്ടത്തിന്‍റെ സ്വന്തമാണ്. പശ്ചിമഘട്ടത്തിലെ 250 ഓളം വരുന്ന ഓര്‍ക്കിഡുകളില്‍ 130 എണ്ണം തദ്ദേശീയമാണ്.
ഇന്ത്യയില്‍ ഹിമാലയത്തിന് പുറമെയുള്ള ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ആനമുടി പശ്ചിമഘട്ടത്തിലാണ്. ലോകത്തിലെ ഏറ്റവും മുന്തിയ മഴക്കാടുകളിലൊന്നായ സൈലന്‍റ്വാലി ദേശീയോദ്യാനവും, വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന വരയാടുകളുടെ സംരക്ഷണയിടമായ ഇരവികുളം ദേശിയോദ്യാനവും, അത്യപൂര്‍വ്വമായ നീലക്കുറിഞ്ഞി പൂക്കുന്ന മൂന്നാര്‍മലനിരകളും, കടുവാ സംരക്ഷിത പ്രദേശമായ പെരിയാര്‍ വനങ്ങളും, വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന മലയണ്ണാന്‍റെ ആവാസ വ്യവസ്ഥയായ ചിന്നാര്‍ കാടുകളും, 253-ല്‍ പരം പക്ഷികള്‍ ചേക്കേറുന്ന തട്ടേക്കാട് പക്ഷിസങ്കേതവും കേരളത്തിലെ പശ്ചിമഘട്ടത്തിന്‍റെ പാരിസ്ഥിതിക ദുര്‍ബലപ്രദേശങ്ങളും ജൈവവൈവിധ്യത്തിന്‍റെ കലവറയുമാണ്.
പശ്ചിമഘട്ടം നേരിടുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍
വ്യാപകമായ കൈയേറ്റം, ഖനനം, വനനശീകരണം, രാസവള കീടനാശിനികളുടെ ഉപയോഗം, വന്‍കിട ജലവൈദ്യുത പദ്ധതികളുടെ നിര്‍മ്മാണം, മലകള്‍ വെട്ടിപ്പൊളിച്ച് വനങ്ങളും പുല്‍മേടുകളും നശിപ്പിച്ചുകൊണ്ടുള്ള റോഡുനിര്‍മ്മാണം, ടൂറിസത്തിന്‍റെ പേരില്‍ നടക്കുന്ന വന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇവയെല്ലാം പശ്ചിമഘട്ടത്തിന്‍റെ പരിസ്ഥിതി ക്ഷയിപ്പിച്ചുകഴിഞ്ഞിരിക്കുന്നു. 19-ാം നൂറ്റാണ്ടിന്‍റെ അന്ത്യംവരെ കന്യാവനങ്ങള്‍ നിറഞ്ഞിരുന്ന സഹ്യപര്‍വ്വത മലനിരകള്‍ ഇന്ന് ഏറിയ ഭാഗവും തോട്ടങ്ങളാണ്. ഇന്ത്യന്‍ ദേശീയ വനനയപ്രകാരം പര്‍വ്വതമേഖലകളില്‍ 60% വനമായിരിക്കണം. എന്നാല്‍ പശ്ചിമഘട്ടത്തില്‍ ഇന്ന് 40%ത്തില്‍ താഴെ വനം മാത്രമെ അവശേഷിച്ചിട്ടുള്ളൂ.
വിനാശകരവും ഗുരുതരവുമായ മാനുഷിക ഇടപെടലുകള്‍ പശ്ചിമഘട്ടത്തില്‍ നടത്തുന്നതുമൂലം മൊത്തം പരിസ്ഥിതിക്കും കാലാവസ്ഥക്കും ഉണ്ടായിക്കൊണ്ടിരിക്കുന്നതും, ഭാവിയില്‍ ഉണ്ടാകാവുന്നതുമായ വിപത്തുകള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കുന്ന പരിസ്ഥിതി പ്രവര്‍ത്തകരെ വികസനവിരോധികള്‍ എന്നു വിളിക്കുന്ന തലത്തിലാണ് ചില സംസ്ഥാന ഗവണ്‍മെന്‍റുകളും പരിഷ്കാരികളെന്നു സ്വയം കരുതുന്നവരായ കുറെപ്പേരും.
വികസനത്തിന്‍റെ നിര്‍വ്വചനങ്ങള്‍ തിരുത്തപ്പെടേണ്ടതുണ്ടെന്നു തോന്നുന്നു. വലിയ കോണ്‍ക്രീറ്റ് സൗധങ്ങളും ഷോപ്പിങ്ങ് മാളുകളും വ്യവസായമായി മാറുന്ന കൃഷിയും നിലകളായി കെട്ടി ഉയര്‍ത്തപ്പെടുന്ന ഫ്ളാറ്റുകളും വനാന്തര്‍ഭാഗത്തും മൊബൈല്‍ ഫോണ്‍ കവറേജും ചുരുങ്ങിയ മുതല്‍മുടക്കില്‍ ഏറെ പണം കൊയ്യുന്ന ബിസിനസ്സും ആണ് വികസനം എന്നു ധരിച്ചിടത്താണ് നമുക്കു തെറ്റിയത്. വികസനത്തിന്‍റെ എല്ലാ ബ്രഹത്രൂപങ്ങളേയും സംശയമനസ്സോടെ കാണേണ്ടതുണ്ട്, വന്‍ ഡാമുകളടക്കം. കഴിഞ്ഞ ഒരു മുപ്പതുവര്‍ഷത്തിനുള്ളില്‍ വികസനത്തിന്‍റെ പേരില്‍ നമ്മുടെ പൂര്‍വ്വികരുടെ തലമുറതലമുറകള്‍ കയറിയിറങ്ങി നൂറ്റാണ്ടുകള്‍ക്കു മൂകസാക്ഷിയായി നിന്ന കുന്നുകളും മലകളും ജെ.സി.ബി. എന്ന വികസനജന്തു കാര്‍ന്നുതിന്നില്ലേ? പച്ചപ്പാടങ്ങളിലെല്ലാം ചെമ്മണ്ണ് നിറച്ചില്ലേ? ഭൂമിയുടെ പച്ചപ്പു നിറഞ്ഞിരുന്ന ഇടങ്ങളിലെല്ലാം ഹൗസിങ്ങ് കോംപ്ലക്സുകള്‍ പണിത്, പ്രവാചകന്‍ പറയുന്നതുപോലെ "വീടിനോട് വീട് ചേര്‍ന്ന്, വയലിനോട് വയല്‍ ചേര്‍ന്ന് അല്പംപോലും ഇടം ഒഴിവാക്കിയിടാതെ" (ഏശ. 5:8) കേരളത്തെ മുഴുവന്‍ ഒരു മഹാനഗരമാക്കാന്‍ ശ്രമിക്കുന്ന റിയലെസ്റ്റേറ്റ് മാഫിയക്കാരന് ദുരിതം! നമ്മള്‍ വികസിക്കുമ്പോള്‍ കാട്ടാനകളും മാനുകളും കാട്ടുപന്നികളും കുരുവിയും പരുന്തും മലമുഴക്കി വേഴാമ്പലും എവിടെപ്പോയി പാര്‍ക്കും? അവരും ഭൂമിയുടെ അവകാശികളല്ലേ? കടമ്പും കുറുഞ്ഞിയും പുന്നയും പാലയും പൂക്കാനനുവദിക്കാതെ ഇവിടെ നമുക്ക് ആന്തൂറിയവും ഗ്ലാഡിയോലയും ബഡ്റോസും പെറ്റ്യൂണിയയും മാത്രം മതിയോ? കല്ലേമുട്ടിക്കും വാഴക്കാപരലിനും ബരാലിനും പച്ചതവളയ്ക്കും വാസസ്ഥലങ്ങള്‍ നിഷേധിച്ചിട്ട് നമുക്ക് കാര്‍പ്പും ഗൗരയും മലേഷ്യന്‍ വാളയും മാത്രം വളര്‍ത്തിയാല്‍ മതിയോ? ഇറക്കുമതി ചെയ്യപ്പെടുന്ന വികസന സങ്കല്പത്തിന് ഏറെക്കാലം നമ്മെ മുന്നോട്ടു കൊണ്ടുപോകാനാകില്ല. ശുദ്ധവായുവും ശുദ്ധജലവും ശുദ്ധഭക്ഷണവും ശുദ്ധആരോഗ്യവും ഒരു വികസനപ്രവര്‍ത്തകരും ഇന്നോളം ഉത്പാദിപ്പിച്ച് തന്നിട്ടില്ല. അത് തരാനാവുന്നത് പ്രകൃതിക്കു മാത്രമാണ്.
വികസനം എന്നാല്‍ 'സാമ്പത്തിക വളര്‍ച്ച' എന്ന സങ്കല്പത്തിലാണ് നമുക്കിപ്പോഴും വിശ്വാസം. അവസാനത്തെ നദിയും മലിനമായി കഴിയുമ്പോള്‍, അവസാനത്തെ മരവും നാം മുറിച്ചു കഴിയുമ്പോള്‍, (ഇതെഴുതുമ്പോള്‍ ഇടുക്കിയിലെ ഏലമലക്കാടുകളിലെ മരം മുറിക്കാനുള്ള ഗവണ്‍മെന്‍റ് അനുമതിയുടെ വാര്‍ത്ത മുന്നിലുണ്ട്) അവസാനത്തെ മത്സ്യവും നമുക്ക് നഷ്ടപ്പെട്ടു കഴിയുമ്പോള്‍, അന്നു നാം തിരിച്ചറിയും 'നോട്ടുകെട്ടുകള്‍' നമുക്ക് ഭക്ഷിക്കാനാവില്ലെന്ന്!
നീലഗിരിയുടെ നെറുകയിലെ ശവപ്പറമ്പ്
കാലവര്‍ഷത്തിന്‍റെ ആദ്യകണങ്ങള്‍ പതിക്കുന്ന 'ദക്ഷിണേന്ത്യയുടെ ചിറാപ്പുഞ്ചി' എന്നാണ് 'ദേവല' എന്ന ഗൂഢല്ലൂരു നിന്നും 16 കി. മീ. ദൂരത്തില്‍ സ്ഥിതിചെയ്യുന്ന തമിഴ്നാടന്‍ ചെറുപട്ടണം അറിയപ്പെടുന്നത്. അല്പം മഴയും കുറച്ച് കുളയട്ടകളേയും നിങ്ങള്‍ വെറുക്കുന്നില്ലെങ്കില്‍ ഭൂമിയില്‍ ഇത്ര മനോഹരമായ ഇടങ്ങള്‍ അപൂര്‍വ്വമാണ്. എന്നാല്‍ തേയിലതോട്ടങ്ങള്‍ക്കിടയിലൂടെ മുച്ചുക്കുണ്ട് ആദിവാസി ഗ്രാമവഴിയിലൂടെ ഈ ഷോളമല ഉഷ്ണമേഖലാ കാടുകളെ സമീപിക്കുമ്പോള്‍ നിങ്ങള്‍ തപ്തമാനസ്സരാകുന്നു. തല മുണ്ഡനം ചെയ്യപ്പെട്ട മലകള്‍! പുല്‍മേടുകള്‍ വടിച്ച് മാറ്റപ്പെട്ടിരിക്കുന്നു; പാറകള്‍ കുഴിച്ചുമാറ്റി പൊട്ടിച്ച് കൂട്ടപ്പെട്ടിരിക്കുന്നു. ഈ പാറക്കഷണങ്ങള്‍ക്കിടയിലൂടെ മെര്‍ക്കുറി ദ്രാവകം വെള്ളത്തോടൊപ്പം ഒലിച്ചിറക്കുന്നു. ഇവിടെ ഖനനം ചെയ്യപ്പെടുന്ന പാറക്കഷണങ്ങളില്‍നിന്ന് സ്വര്‍ണ്ണത്തരികളെ വേര്‍തിരിച്ചെടുക്കാനാണ് മെര്‍ക്കുറി ഉപയോഗിക്കപ്പെടുന്നത്. മലമുകളിലെ അരുവികളിലൂടെ ഒഴുകിവരുന്ന മെര്‍ക്കുറി ചേര്‍ന്ന ജലം കുടിവെള്ള സ്രോതസ്സുകളെ വിഷലിപ്തമാക്കുന്നു. മലമുകളില്‍ ഖനനം നടത്തപ്പെട്ട കുഴികളില്‍ പ്ലാസ്റ്റിക് ഷീറ്റുകളിട്ട് ധാതു ശുദ്ധീകരണത്തിനുവേണ്ടി മഴജലം ശേഖരിക്കുന്നതുകൊണ്ട് പ്രകൃതിയിലെ സ്വാഭാവിക നീരൊഴുക്കുകള്‍ ശോഷിച്ചിരിക്കുന്നു.
19-ാം നൂറ്റാണ്ടില്‍ നാടുഗാണി മുതല്‍ പണ്ടലൂര്‍ വരെയുള്ള ഈ പശ്ചിമഘട്ട പ്രദേശത്ത് ഖനനം ആരംഭിച്ചത് ബ്രിട്ടീഷുകാരാണ്. പണ്ടലൂര്‍ എന്ന ചെറു തമിഴ്നാടന്‍ പട്ടണം സ്വര്‍ണ്ണഖനനവുമായി ബന്ധപ്പെട്ട് വികസിച്ചുവന്നതാണ്. സ്വര്‍ണ്ണഖനനം ഇവിടെ ലാഭകരമല്ലെന്നു കണ്ട് ബ്രിട്ടീഷുകാര്‍തന്നെ അതുപേക്ഷിച്ച് ഇവിടെ തേയിലകൃഷിയിലേയ്ക്കു തിരിയുകയായിരുന്നു. നിയമപരമായി ഇവിടെ ഖനനം അനുവദനീയമല്ലെങ്കിലും ഇന്നും അതു തുടരുന്നു എന്നതാണ് വാസ്തവം. ഇന്ന് ഖനനം നടത്തുന്നതാകട്ടെ ബ്രിട്ടീഷുകാരില്‍ നിന്ന് ഖനനരീതികള്‍ പഠിച്ചെടുത്ത പണിയ ഗോത്രവിഭാഗവും ശ്രീലങ്കയില്‍ നിന്നുള്ള കുടിയേറ്റ തമിഴ് കുടുംബങ്ങളുമാണ്. ഏകദേശം 4000 കുടുംബങ്ങള്‍ സ്വര്‍ണ്ണഖനനത്തെ ആശ്രയിച്ചു കഴിയുന്നു. ഒരുനാള്‍ കാട്ടിമറ്റം ('കാട്ടി' എന്നാല്‍ കാട്ടുപോത്ത്) എന്ന് അറിയപ്പെട്ടിരുന്ന ഈ മലകളില്‍ യഥേഷ്ടം മേഞ്ഞു നടന്നിരുന്ന കാട്ടുപോത്തുകള്‍ ഇന്ന് ഇവിടെ അപ്രത്യക്ഷമായി. "കാട്ടുപോത്തുകള്‍ എല്ലാം പോയ്ക്കഴിഞ്ഞാല്‍, കാട്ടുകുതിരകളെല്ലാം ഇണക്കപ്പെട്ടു കഴിഞ്ഞാല്‍ വനാന്തരങ്ങളെല്ലാം മനുഷ്യന്‍റെ ചൂരുകൊണ്ട് നിറഞ്ഞുകഴിഞ്ഞാല്‍, മലകളെല്ലാം വൈദ്യുതകമ്പികള്‍ കൊണ്ട് കെട്ടിമുറുക്കപ്പെട്ടു കഴിഞ്ഞാല്‍ കുറ്റിക്കാടുകള്‍ എവിടെ? പരുന്തുകള്‍ എവിടെ പോകും? അത് ജീവിതത്തിന്‍റെ അവസാനവും അതിജീവനത്തിന്‍റെ ആരംഭവുമായിരിക്കും." - ഒരു റെഡ് ഇന്ത്യന്‍ കാട്ടുമൂപ്പന്‍റെ വാക്കുകള്‍ ഷോളമലക്കാടുകളിലെ കുന്നിന്‍മുകളില്‍ അന്വര്‍ത്ഥമാകാന്‍ തുടങ്ങിയിരിക്കുന്നു. ഇവിടെ വനം വികസനത്തിന് വഴിമാറിയിരിക്കുന്നു. ചുമപ്പ് പച്ചപ്പിനെ കീഴടക്കിയിരിക്കുന്നു, പോത്തുകള്‍ പൊന്നിനുവേണ്ടി വഴി ഒഴിഞ്ഞ് കൊടുത്തിരിക്കുന്നു. അങ്ങനെ 'കാട്ടിമറ്റം' 'പൊന്‍മല'യായി മാറിയിരിക്കുന്നു.
മരുഭൂമി ഈ മലകളെ ഒരുനാള്‍ കീഴടക്കും
"ഒരു നാള്‍ ഗ്രാമങ്ങളെല്ലാം നഗരങ്ങളെ വളഞ്ഞ് കീഴടക്കും" എന്നത് ഏകദേശം മൂന്ന് ദശാബ്ദക്കാലം മുമ്പ് കടന്നുപോയ യുവമനസ്സിന്‍റെ പ്രതീക്ഷയായിരുന്നു." എന്നാല്‍ സഹ്യന്‍റെ കാര്യത്തില്‍ പച്ചപ്പുള്ള മനസ്സിന്‍റെ പ്രതീക്ഷകളെല്ലാം തച്ചുടച്ചുകൊണ്ട് വടക്ക് നിന്ന് മരുഭൂമി അവന്‍റെ നെറുകയിലേയ്ക്ക് പടര്‍ന്നു കയറി വരികയാണ് പച്ചപ്പിനെയെല്ലാം കാര്‍ന്നുതിന്നുകൊണ്ട്. ഖനനമാഫിയ കഴിഞ്ഞ ഏതാനും ദശകങ്ങളിലായി വടക്കന്‍ സംസ്ഥാനങ്ങളില്‍ നടത്തുന്ന ധാതു ചൂഷണത്തില്‍ ഈ മലകള്‍ അപകടകരമായ രീതിയില്‍ ഊഷരമാക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു.
തുംഗ, ഭദ്ര എന്നീ നദികളുടെ തീരത്തുവസിക്കുന്ന കര്‍ണാടകയിലെ ജനങ്ങള്‍ക്ക് കയ്ക്കുന്ന ഓര്‍മ്മകളുണ്ട്. ഗംഗടിക്കല്ലു, നെല്ലീബീഡു മലകളിലേയ്ക്ക് സര്‍ക്കാരിന്‍റെ തന്നെ ഉടമസ്ഥതയിലുള്ള ഇരുമ്പ് കമ്പനി (KIOCL) ഖനനം നടത്താനെത്തിയപ്പോള്‍ ഇവര്‍ നടത്തിയ കടുത്ത പോരാട്ടങ്ങള്‍ അവരുടെ നിലനില്‍പ്പിനു വേണ്ടിയുള്ള സമരങ്ങളായിരുന്നു. തുംഗ, ഭദ്ര, നേത്രവതി തുടങ്ങിയ നദികള്‍ ഉത്ഭവിക്കുന്നത് ഈ മലമുകളില്‍ നിന്നുമാണ്. ഏതായാലും സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഖനനം നടക്കുകതന്നെ ചെയ്തു. നദികള്‍ വരള്‍ച്ചയിലേയ്ക്ക് നീങ്ങി, കര്‍ണ്ണാടകയിലേയും ആന്ധ്രയിലേയും 11 ജില്ലകളിലെ ഒന്നരക്കോടി ജനജീവിതത്തെ ഇത് ബാധിക്കുമെന്നായി, ജനപ്രതിഷേധങ്ങളുയര്‍ന്നു. അവസാനം 2006ല്‍ പശ്ചിമഘട്ടത്തിലെ എല്ലാ ഖനന പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കാന്‍ സുപ്രീം കോടതി ഏര്‍പ്പെടുത്തിയ വിലക്ക് താത്ക്കാലിക വിജയമായി.
ഖനനം കൊണ്ട് പശ്ചിമഘട്ടത്തില്‍ സംഭവിച്ചവ ഭീകരമായ കാര്യങ്ങളാണ്. ഗവണ്‍മെന്‍റിന്‍റെ ഉടമസ്ഥതയിലുള്ള ഒരു കമ്പനി തന്നെ 6000 ലധികം ഹെക്ടര്‍ നിബിഡ വനഭൂമി ഖനനാവശ്യത്തിന് ഉപയോഗിച്ചു. അപ്പോള്‍ സ്വകാര്യവ്യക്തികളും കമ്പനികളും എല്ലാം ചേര്‍ന്ന് നടത്തുന്ന വനനശീകരണത്തിന്‍റെ തോത് പറയേണ്ടതില്ലല്ലോ. വെറും 20 വര്‍ഷം കൊണ്ട് 27,000 ടണ്ണിലധികം അര്‍ധദ്രാവക മാലിന്യങ്ങള്‍ ഭദ്രാ നദിയിലേയ്ക്ക് ഓരോ മാസവും ഒഴുകിക്കൊണ്ടിരുന്നു. ഈ മാലിന്യങ്ങളെ തടയാന്‍ കെട്ടിയ മൂന്ന് ഡാമുകള്‍ വന്‍ പാരിസ്ഥിതിക ഭീഷണിയായി നിലകൊള്ളുന്നു. ഈ ഡാമുകള്‍ തകരുകയാണെങ്കില്‍ മുല്ലപ്പെരിയാര്‍പോലെ ഒരു 'ജലബോംബാ'യിരിക്കില്ല അവ, മറിച്ച് 'രാസബോംബു'കളായിരിക്കും. ഇനിയും ഭോപ്പാലുകള്‍ ആവര്‍ത്തിക്കപ്പെടുമെന്ന് ചുരുക്കം.
വെറും 105 കിലോമീറ്റര്‍ വിസ്തൃതി മാത്രമുള്ള ഗോവയിലെ ഖനനം ഇതിലും മോശമായ അവസ്ഥയിലാണ്. ഗോവയിലെ കര്‍ഷകര്‍ പറയുന്നു ഖനിക്കമ്പനികള്‍ അവരുടെ വയലിനും കൃഷിയിടങ്ങള്‍ക്കും തൊട്ടടുത്തുവരെ കുഴിച്ചെത്തിയിരിക്കുന്നുവെന്ന്. ഖനന മാഫിയകള്‍ക്ക് സംരക്ഷണം ഏര്‍പ്പെടുത്താന്‍ അവര്‍ക്കൊപ്പം പോലീസും ഭരണകൂടവും! ഗവഡാകള്‍, വെലിപ്പുകള്‍, കുംബികള്‍ തുടങ്ങിയ ആദിവാസിഗോത്രങ്ങള്‍ക്ക് അവരുടെ വിശുദ്ധ മലകള്‍ ഖനികളാക്കപ്പെടുന്നതും പിന്നീട് മരുഭൂമിയായി മാറുന്നതും കണ്ടുനില്‍ക്കേണ്ടി വന്നു. ഈ ഭൂപ്രദേശത്തെ മാത്രമാശ്രയിച്ച് പാരമ്പര്യ കുടുംബ തൊഴിലുകള്‍ ചെയ്ത് ജീവിച്ചിരുന്നവര്‍ക്ക് അവ ഉപേക്ഷിക്കേണ്ടി വന്നു. കടലിനാല്‍ ഓരം തീര്‍ക്കപ്പെടുന്ന ഒരു കൊച്ചു ഭൂവിടമായ ഗോവയ്ക്ക് അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ജലക്ഷാമം നേരിടേണ്ടി വരുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ബീച്ചുകളും പച്ചപ്പാടങ്ങളും നിബിഡവനങ്ങളും ചെളിപ്രദേശമാകാന്‍ പോവുകയാണ്.
മഹാരാഷ്ട്രയില്‍ സിന്ധൂര്‍ഡര്‍ഗ് ജില്ലയിലെ കല്‍നെ ഗ്രാമം നിയമവിരുദ്ധ ഖനനത്തിന്‍റെ ഏറ്റവും വലിയ ദുരന്തഫലങ്ങള്‍ ഇന്നനുഭവിച്ചുകൊണ്ടിരിക്കുകയാണ്. കൊങ്കണിന്‍റെ മനോഹാരിത മുഴുവന്‍ ഖനികള്‍ ഇന്നു കാര്‍ന്നുതിന്നുകയാണ്. ഇന്ത്യയില്‍ നിന്ന് ആകെ കയറ്റുമതി ചെയ്യുന്ന ഇരുമ്പിന്‍റെ മൂന്നില്‍ രണ്ട് ഭാഗവും ഖനനം ചെയ്തെടുക്കുന്നത് കര്‍ണ്ണാടകയിലേയും ഗോവായിലേയും പശ്ചിമഘട്ട ഭാഗങ്ങളില്‍ നിന്നാണ്. പശ്ചിമഘട്ടം ഖനികളായി പിന്നീട് മരുഭൂമിയായി മാറുന്ന പ്രക്രിയ വടക്കുനിന്ന് തെക്കോട്ട് നീലഗിരിമലകളെ കടന്ന് അഗസ്ത്യമലയിലൂടെ മഹേന്ദ്രഗിരിയിലും എത്തുമോ?പുഴകള്‍: മരണത്തിനും ജീവനുമിടയില്‍.
"നദികള്‍ നമ്മുടെ സഹോദരങ്ങളാണ്. അവര്‍ നമ്മുടെ ദാഹം ശമിപ്പിക്കുന്നു. അവര്‍ നമ്മുടെ തോണികള്‍ക്ക് വഴിയൊരുക്കുകയും കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം നല്കുകയും ചെയ്യുന്നു. അതുകൊണ്ട് ഏതൊരു സഹോദരനോടും കാണിക്കുന്ന കനിവ് നദികളോടും കാണിക്കുക".
പശ്ചിമഘട്ടത്തിന്‍റെ രക്തധമനികളെന്ന് ഇവിടെ ഉത്ഭവിക്കുന്ന പുഴകളെ വിളിക്കാറുണ്ട്. ആറുമാസം ശക്തമായ മണ്‍സൂണ്‍ ലഭിച്ചിരുന്ന പശ്ചിമഘട്ട മലകളില്‍ നിന്നുത്ഭവിക്കുന്ന നദികളൊക്കെ ഒരുനാള്‍ ജലസമൃദ്ധമായിരുന്നു. ഈ ഭൂപ്രദേശത്തിന്‍റെ പച്ചപ്പും ജീവനും മനോഹാരിതയും നിലനിര്‍ത്താന്‍ അവര്‍ വര്‍ഷം മുഴുവന്‍ തെളിനീര്‍വാഹിനികളായി നിലനിന്നിരുന്നു. ഗോദാവരി, കാവേരി, തമിരപരാണി, കൃഷ്ണ എന്നീ നാലു പ്രധാനനദികളും അനേകം ചെറുനദികളും ചേരുന്നതാണ് പശ്ചിമഘട്ടത്തിന്‍റെ രക്തവാഹിനിവ്യൂഹം. ചെറുനദികളില്‍ നാല്പത്തിനാലെണ്ണം കേരളത്തിലൂടെ ഒഴുകുന്നു. ഈ നദികളാണ് കേരളത്തിന്‍റെ ജൈവികവ്യവസ്ഥയുടെയും മനോഹാരിതയുടെയും ആധാരം.
നമ്മുടെ നിളയ്ക്ക് എന്താണ് സംഭവിച്ചത്.? ഭാരതപ്പുഴ എന്നു വിളിച്ചിരുന്ന ഏറ്റവും വിസ്തൃതമായ നദീതടമുള്ള കേരളത്തിന്‍റെ നിള എങ്ങനെയാണ് സ്വാതന്ത്ര്യലബ്ധിയ്ക്കു ശേഷമുള്ള നാളില്‍ 'ഭാരതപ്പൂഴി'യായി മാറിയത്? ഒരു നദിയില്‍ ജലത്തേക്കാള്‍ കൂടുതല്‍ പൂഴി അവശേഷിക്കുന്ന കാഴ്ച മനം തകര്‍ക്കുന്നു. ഒറ്റനദിയ്ക്ക് കുറുകെ മാത്രമായി എട്ട് വന്‍ ഡാമുകള്‍ (രണ്ടെണ്ണത്തിന്‍റെ പണി പുരോഗതിയില്‍) നിളയുടെ കഴുത്തിലിട്ട പല കുരുക്കുകളായിരുന്നു. പശ്ചിമഘട്ടത്തിലെ ശിവഗിരികുന്നുകളില്‍ നിന്നുത്ഭവിക്കുന്ന പെരിയാറാണ് കേരളത്തിന്‍റെ ഏറ്റവും നീളം കൂടിയ നദി. പെരിയാറിനെ ഡാമുകള്‍ക്കിടയിലുള്ള വെള്ളക്കെട്ടുകള്‍ എന്നു വിളിക്കുന്നതായിരിക്കും ഉചിതം. നദി നദിയാവാണമെങ്കില്‍ അത് ഒരു പ്രവാഹമായിരിക്കണമല്ലോ. പെരിയാറിനു കുറുകെ കെട്ടിയിരിക്കുന്ന പ്രധാന ഡാമുകളുടെ എണ്ണം പതിമൂന്നും ചെറിയ ജലതടയണകള്‍ ഏകദേശം അത്ര തന്നെയുമാണ്. ജലതടയണകള്‍ എന്ന ചെറുഡാമുകളെ പരിഗണിക്കാതെ നോക്കുമ്പോള്‍ കേരളത്തില്‍ തന്നെ നദികള്‍ക്ക് കുറുകെ കെട്ടിയിരിക്കുന്ന ഡാമുകളുടെ എണ്ണം 32 ആണ.് പശ്ചിമഘട്ടത്തിലാകമാനം ചെറുതും വലുതുമായ 200 ഓളം ഡാമുകള്‍. ഇനി പലതും നിര്‍മ്മാണത്തിലും. ഡാമുകള്‍ കേരളത്തിന്‍റെ ജലബോംബുകളാകുന്ന കാലമാണ് മുല്ലപ്പെരിയാറില്‍ ആരംഭിച്ചിരിക്കുന്നത്. ഡാമുകള്‍ക്കൊന്നും നൂറ്റാണ്ടുകളെ അതിജീവിക്കാനാവില്ലെന്നത് ഏതു സാമാന്യ ബുദ്ധിയിലും മനസ്സിലാകുന്നതുമാത്രമാണ്, അവ തകരുകതന്നെ ചെയ്യും.
മണലൂറ്റുന്ന മണല്‍ക്കച്ചവടക്കാരന്‍ ഒരു നാള്‍ ഇവിടെ ഒരു പുഴ ഒഴുകിയിരുന്നു എന്ന് ഓര്‍മകള്‍ പോലും അവശേഷിപ്പിക്കാതെ നദികളുടെ പ്രവാഹവഴികളെ ചെളിക്കുളങ്ങളാക്കി മാറ്റുന്നു. മീനച്ചിലാറിനെ കൊന്നതില്‍, പെരിയാറിനെ കൊന്നതില്‍, ചാലക്കുടി പുഴയെ കൊന്നതില്‍, ഭാരതപ്പുഴയെ കൊന്നതില്‍ ഇവിടുത്തെ മണല്‍മാഫിയകളുടെ പങ്ക് കണ്ടില്ലെന്നു നടിക്കാനാവില്ല.
"ഒരേ നദിയിലേയ്ക്ക് നിങ്ങള്‍ക്ക് രണ്ട് പ്രാവശ്യം കാലെടുത്ത് വയ്ക്കാനാവില്ലെന്ന്" പറഞ്ഞത് ഹെറാക്ലീറ്റസ് എന്ന ചിന്തകനാണ്. ഈ തത്ത്വം ശരിയല്ലെന്നു കേരളീയന്‍ തെളിയിച്ചു. ഇവിടെ നദികളൊക്കെ തടയണ കെട്ടപ്പെട്ട വെള്ളക്കുഴികളാണെങ്കില്‍ ആര്‍ക്കും എത്രവട്ടം വേണമെങ്കിലും ഒരേ വെള്ളത്തില്‍ തന്നെ കാല്‍ചവിട്ടാം, കുളിക്കാം, മുങ്ങി മരിക്കാം. ഒഴുകുന്ന വെള്ളത്തിന് മാത്രമല്ലെ ഹെറാക്ലീറ്റസിന്‍റെ നിയമം ബാധകമാകൂ. ഒഴുക്കില്ലെങ്കില്‍ പിന്നെ നദി, നദിയാണോ?
ഇനിയും നമുക്ക് പുത്തന്‍ ഡാമുകള്‍ വേണോ? ഇനിയും പട്ടണങ്ങളുടെയും വ്യവസായശാലകളുടെയും വിഷവും അഴുക്കുകളും തുറന്നുവിടാനുള്ള മാലിന്യക്കുഴിയാക്കണോ നമ്മുടെ നദികളെ? ഇനിയും നമ്മുടെ നദികള്‍ക്ക് പ്ലാസ്റ്റിക് തോരണങ്ങള്‍ ആവശ്യമുണ്ടോ? നദികളെ അവയുടെ ഉത്ഭവത്തില്‍തന്നെ കൊല്ലുന്ന വന്‍ വനനശീകരണങ്ങള്‍ പശ്ചിമഘട്ടത്തില്‍ ഇനിയും ആവശ്യമുണ്ടോ?
കൃഷി എന്ന വ്യവസായം
പശ്ചിമഘട്ടം നിത്യഹരിതവനങ്ങളാല്‍ പൊതിയപ്പെട്ടിരുന്ന കാലം ചരിത്രത്തില്‍ ഏറെ വിദൂരത്തിലല്ല. ഇന്ന് ഈ മലനിരകളുടെ ഏറിയ പങ്കും കൃഷിഭൂമിയാക്കി മാറ്റപ്പെട്ടിരിക്കുകയാണ്. ബ്രിട്ടീഷുകാരുടെ കാലത്ത് ആരംഭിച്ച തോട്ടവ്യവസായവും (തേയിലതോട്ടം, ഏലതോട്ടം, റബ്ബര്‍ തോട്ടം, കാപ്പിതോട്ടം...) പിന്നീട് മദ്ധ്യതിരുവിതാംകൂറില്‍ നിന്നുണ്ടായ കുടിയേറ്റവുമാണ് ഈ നിത്യഹരിതമലകളിലെ വനഭൂമിയെ നിര്‍മ്മാര്‍ജനം ചെയ്തത്. ഭൂമിയില്‍ കൃഷി ചെയ്യുന്ന കര്‍ഷകന്‍ ഏല്‍പ്പിക്കുന്ന ക്ഷതങ്ങള്‍ ഭൂമിയ്ക്ക് താങ്ങാവുന്നതേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ലാഭക്കൊതി മൂത്തപ്പോള്‍ മണ്ണില്‍ പൊന്നുവിളയിക്കാന്‍ കര്‍ഷകന്‍ കൈയില്‍ വിഷവുമായി ഇറങ്ങിയ കാലംമുതല്‍ പ്രകൃതി, ആരോഗ്യം ഇവ അടിക്കടി ക്ഷയിച്ചുകൊണ്ടിരിക്കുകയാണ്.
ഇവിടം സര്‍വ്വം വിഷമയം
പശ്ചിമഘട്ടത്തില്‍ നടത്തപ്പെടുന്ന വിഷകൃഷിയുടെ ഒരു നേര്‍രേഖാചിത്രം തരാന്‍ ഇടുക്കിക്കാകും. തേയിലതോട്ടങ്ങളിലും ഏലതോട്ടങ്ങളിലും കാപ്പി-കുരുമുളക് തോട്ടങ്ങളിലും പച്ചക്കറി തോട്ടങ്ങളിലും ഉപയോഗിക്കുന്ന അമിത അളവ് കീടനാശിനികളും രാസവസ്തുക്കളും ഇവിടുത്തെ മണ്ണിനേയും ജലത്തേയും വായുവിനേയും വിഷമയമാക്കിക്കൊണ്ടിരിക്കുകയാണ്. ഇടുക്കിയുടെ കാര്‍ഷികമേഖല ഈ രീതിയില്‍ മുന്നോട്ട് പോയാല്‍ ഒരു കാസര്‍കോടന്‍ എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്‍റെ മോഡല്‍ ഇവിടെ ആവര്‍ത്തിക്കപ്പെടാന്‍ അധികകാലം വേണ്ടിവരില്ല. അതിന്‍റെ സൂചനകള്‍ ഏകദേശം വ്യക്തമായി കഴിഞ്ഞു. ജില്ലയിലെ ആശുപത്രികള്‍ വിഷബാധയുടെ ആരോഗ്യപ്രശ്നങ്ങള്‍ ഇതിനോടകം ഏറെ റിപ്പോര്‍ട്ടു ചെയ്തു കഴിഞ്ഞിരിക്കുന്നു. ശ്വാസകോശ ക്യാന്‍സര്‍രോഗികളായി കഴിഞ്ഞ ഒരു വര്‍ഷം തന്നെ കട്ടപ്പനയിലെ സെന്‍റ് ജോണ്‍സ് ഹോസ്പിറ്റലില്‍ ഡോ. കെ. അനില്‍ പ്രദീപിന്‍റെ പക്കല്‍ 20 ഓളം പേര്‍ എത്തിയിരുന്നു! തോട്ടത്തില്‍ തളിക്കുന്ന കൊടിയ വിഷം ശ്വസിക്കുന്നതാണ് ഇതിനു കാരണം. 2009ലെ കണക്കുകള്‍ പ്രകാരം, ഇവിടെ ഏലതോട്ടങ്ങളില്‍ ഒരു ഹെക്ടറിന് 27 കിലോഗ്രാമും തേയിലതോട്ടങ്ങളില്‍ ഹെക്ടറിന് 9 കിലോഗ്രാമും വീതമാണ് കീടനാശിനി ഉപയോഗിക്കുന്നത്. ഇന്ത്യയില്‍ ആകമാനം ഉപയോഗിക്കുന്ന കീടനാശിനിയുടെ കണക്കു നോക്കുമ്പോള്‍ ഹെക്ടറിന് അര കിലോഗ്രാം മാത്രമാണെന്നുള്ളപ്പോഴാണ് ഈ വര്‍ദ്ധിച്ച ഉപയോഗം ഈ ചെറിയ മലയോര മേഖലയില്‍ നടക്കുന്നത്. ഏലതോട്ടങ്ങളില്‍ 15 മുതല്‍ 18 ദിവസം വരെ ഇടവേളയില്‍ ഈ വിഷപ്രയോഗം നടക്കുന്നു. നിരോധിതമായിരിക്കുന്ന എന്‍ഡോസള്‍ഫാന്‍ മറ്റ് ലേബലുകളിലും കവറുകളിലും ഇവിടെ വ്യാപകമായി ലഭ്യമാണ്. ഇടുക്കി ജില്ലയില്‍ മാത്രമായി ബുദ്ധിമാന്ദ്യം ബാധിച്ച കുഞ്ഞുങ്ങളുടെ എണ്ണം 750ല്‍ പരമാണ്. ഇടുക്കിയില്‍ മാത്രമായി ബുദ്ധിമാന്ദ്യമുള്ള കുട്ടികള്‍ക്കു വേണ്ടി 80 പ്രത്യേക സ്കൂളുകളുണ്ട്. പാമ്പാടുംപാറ പഞ്ചായത്തില്‍ 1000 കുടുംബങ്ങളില്‍ നടന്ന കണക്കെടുപ്പില്‍ 20 ക്യാന്‍സര്‍ രോഗികളുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു. ഇടുക്കിയുടെ നദികളിലും നീര്‍ച്ചാലുകളിലും കാണപ്പെട്ടിരുന്ന പല മീന്‍ ഇനങ്ങളും ഇന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. ഇടുക്കിയിലെ വിഷപ്രയോഗത്തിന്‍റെ വിപത്തുകളെക്കുറിച്ച് ഇനിയും ആധികാരികമായ പഠനങ്ങള്‍ ഏറെ നടത്തപ്പെടേണ്ടിയിരിക്കുന്നു.
'സഹ്യസാനുശ്രുതിചേര്‍ത്തുവെച്ച മണിവീണയാണെന്‍റെ കേരളം' എന്ന കവിഭാവന വെറും ആലങ്കാരിക ഭാവനയല്ല, ഭൂമിശാസ്ത്രപരമായ ഒരു സത്യമാണ്. പശ്ചിമഘട്ടം നശിച്ചാല്‍ അത് കേരളത്തിന്‍റെതന്നെ നാശമാണ്. അനാദിയില്‍ ആരോ ഒരാള്‍ മഴുവെറിഞ്ഞ് സമുദ്രത്തില്‍ നിന്നുയര്‍ന്നു വന്നെന്ന് നാടോടിക്കഥ പറയുന്ന ഈ നാട് മഴുവെറിഞ്ഞുതന്നെ നാം അറബിക്കടലിന്‍റെ ആഴങ്ങളിലേയ്ക്കു തിരിച്ചയയ്ക്കണമോ?