ഉയരമുള്ള, എന്നാല്‍ കൂനിത്തുടങ്ങിയ ആ വൃദ്ധമനുഷ്യന്‍ മച്ചിന്‍റെ അരണ്ടവെളിച്ചത്തില്‍ കൊച്ചുജനാലകള്‍ക്കൊന്നിനരികില്‍ കൂട്ടിയിട്ടിരുന്ന പഴയപെട്ടികള്‍ക്കരികിലേക്ക് നീങ്ങി. ഏറ്റവും മുകളിലിരുന്ന പെട്ടിയിലെ മാറാലകള്‍ മാറ്റി വെളിച്ചത്തിലേക്ക് നീക്കിപ്പിടിച്ച് അതില്‍ അയാള്‍ ഫോട്ടോ ആല്‍ബങ്ങള്‍ തിരയുകയാണ്. ഓരോ ആല്‍ബത്തിന്‍റെയും പേജുകള്‍ ആകാംക്ഷയോടെ മറിക്കുന്ന അയാള്‍ തന്നെ ഈ മച്ചിന്‍റെ ഇരുട്ടിലേക്കും ജീര്‍ണ്ണതയിലേക്കും കൂട്ടിക്കൊണ്ടു വന്ന പ്രചോദനത്തെ സ്നേഹപൂര്‍വ്വം പരതുകയാണ്. ഈ ഫോട്ടോകള്‍ക്കിടയില്‍ ഗതകാലങ്ങളില്‍ എവിടെവെച്ചോ തന്നെ പിരിഞ്ഞുപോയ പ്രിയസഖിയുടെ പ്രണയത്തിന്‍റെ ഓര്‍മ്മകള്‍ പേറുന്ന ഒരു ചിത്രമുണ്ട്. തട്ടിന്‍പുറത്തെ കുഞ്ഞനെലിയെപ്പോലെ ക്ഷമാപൂര്‍വ്വം ശാന്തനായി ഭൂതകാലത്തിന്‍റെ ആ നിധിപ്പുരയില്‍ പരതുമ്പോള്‍ ഓര്‍മ്മകളുടെ തിരകളില്‍ അയാള്‍ കടലെടുത്തു പോകുന്നു. സഖിയുടെ വേര്‍പാടിന് ശേഷവും ജീവിതചക്രം കറങ്ങിക്കൊണ്ടിരുന്നെങ്കിലും വര്‍ത്തമാനകാലത്തിന്‍റെ ഏകാന്തതയെക്കാള്‍ ഭൂതകാലത്തിന്‍റെ ഓര്‍മ്മകള്‍ അയാളില്‍ ജീവനുറ്റതായിരുന്നു.

പൊടിപിടിച്ച ഒരാല്‍ബം മാറ്റിവെച്ചിട്ട് ഏറെ പഴകിയ നാള്‍വഴിപ്പുസ്തകം പോലെ തോന്നിച്ച ഒന്ന് പെട്ടിയില്‍ നിന്ന് അയാള്‍ പുറത്തെടുത്തു. അത് ഇപ്പോള്‍ മദ്ധ്യവയസ്കനായിത്തീര്‍ന്ന അദ്ദേഹത്തിന്‍റെ മകന്‍റെ കുഞ്ഞുന്നാളിലെ ഡയറിയായിരുന്നു. അങ്ങനെയൊന്ന് പണ്ടെന്നെങ്കിലും കണ്ടിരുന്നതായി അയാള്‍ക്ക് ഓര്‍മ്മിക്കാനാവുന്നില്ല. അല്ലെങ്കില്‍ത്തന്നെ തന്‍റെ മോന് അനുദിന കുറിപ്പുകള്‍ സൂക്ഷിക്കുന്ന ശീലം ഉണ്ടായിരുന്നുവെന്ന് അയാള്‍ ചിന്തിച്ചിട്ടുപോലുമുണ്ടായിരുന്നില്ല.

'കുഞ്ഞുങ്ങളുടെ ഈ പഴയ സാധനങ്ങളൊക്കെ അവളെന്തിനാണിങ്ങനെ വെറുതെ കെട്ടിപ്പെറുക്കി വയ്ക്കുന്നത്?' ആശ്ചര്യപൂര്‍വ്വം, നരച്ച തലയിളക്കി  മുഖത്ത് ഒരു തമാശപുഞ്ചിരിയോടെ അയാള്‍ ചിന്തിച്ചു. നാള്‍വഴിപ്പുസ്തകത്തിന്‍റെ ഒരു മഞ്ഞതാള്‍ തുറന്ന് അതിലെ കൊച്ചെഴുത്ത് വായിക്കുമ്പോള്‍ അയാള്‍ വിസ്മയഭരിതനായി. മധുരവും വ്യക്തവുമായ, ആത്മാവില്‍ മുഴങ്ങുന്ന ആ വാക്കുകള്‍ അയാളുടെ മിഴികളെ പ്രകാശപൂരിതമാക്കുന്നു. ഇത് ഈ വീടിനുള്ളില്‍ വേഗത്തില്‍ വളര്‍ന്നുപോയ ഒരു കുഞ്ഞിന്‍റെ ശബ്ദമാണ്. വര്‍ഷങ്ങള്‍ പിന്നിട്ട് ഇന്നാശബ്ദം അയാള്‍ക്ക് കൂടുതല്‍ അവ്യക്തവും അപരിചിതവുമായിക്കൊണ്ടിരിക്കുകയാണ്. മച്ചിന്‍റെ അപാരനിശ്ശബ്ദതയില്‍ ആറു വയസ്സുള്ള നിഷ്കളങ്കനായ കുഞ്ഞിന്‍റെ ശബ്ദം അത്ഭുതങ്ങള്‍ രചിച്ച് തീര്‍ത്തും വിസ്മൃതിയിലാണ്ട ഒരു ഗതകാലത്തിലേക്ക് ആ വൃദ്ധനെ കൂട്ടിക്കൊണ്ടുപോയി.

താളുകള്‍ ഓരോന്നായി മറിക്കുമ്പോള്‍ വൈകാരികമായ ഒരു ദാഹം അയാള്‍ അറിഞ്ഞു. ഒപ്പം, തന്‍റെ കുഞ്ഞിന്‍റെ നിര്‍മ്മലവും ലളിതവുമായ ചിന്തകള്‍ അക്കാലത്തെ തന്‍റെ ചിന്തകളില്‍നിന്ന് എത്ര വ്യത്യസ്തമായിരുന്നുവെന്ന് അയാള്‍ വേദനയോടെ ഓര്‍ത്തു. എന്നാല്‍ എത്ര വ്യത്യസ്തം?

അക്കാലത്ത് താനും ബിസ്സിനസ് വ്യവഹാരങ്ങളുടെ ഒരു നാള്‍വഴിപ്പുസ്തകം സൂക്ഷിച്ചിരുന്ന വിവരം അപ്പോഴാണ് അദ്ദേഹത്തിന്‍റെ ഓര്‍മ്മയിലെത്തിയത്. തന്നെ അരണ്ട ഈ മച്ചിന്‍ പുറത്തേക്ക് നയിച്ച ആ പ്രിയപ്പെട്ട ചിത്രത്തെക്കുറിച്ചുള്ള ചിന്തപോലും മറന്ന് തന്‍റെ കുഞ്ഞിന്‍റെ നാള്‍വഴിപ്പുസ്തകം അടച്ചെടുത്ത് അയാള്‍ താഴേക്ക് പോകാനൊരുങ്ങി. തലമുട്ടാതിരിക്കാന്‍ കുനിഞ്ഞ് മച്ചിന്‍റെ തടിക്കോവണിയിറങ്ങി ചുവന്ന പരവതാനി വിരിച്ച വരാന്തയിലൂടെ അയാള്‍ തന്‍റെ ഓഫീസ് റൂമിനെ ലക്ഷ്യമാക്കി നടന്നു. ചില്ലുവാതില്‍ തുറന്ന് ഉള്ളില്‍ കടന്ന് തന്‍റെ ബിസിനസ്സ് നാള്‍വഴി തപ്പിയെടുത്ത് അയാള്‍ തന്‍റെ കുഞ്ഞിന്‍റെ നാള്‍വഴിപ്പുസ്തകത്തോടൊപ്പം അത് മേശപ്പുറത്ത് ചേര്‍ത്തുവച്ചു. അയാളുടെ നാള്‍വഴിപ്പുസ്തകം, തുകലില്‍ പൊതിഞ്ഞ് പുറംചട്ടയില്‍ വൃത്തിയായി സ്വര്‍ണ്ണാക്ഷരങ്ങളില്‍ പേരെഴുതിയ ഒന്നായിരുന്നു. എന്നാല്‍ മകന്‍റേതാകട്ടെ തടിപ്പിച്ച വലിയ അക്ഷരങ്ങളില്‍ പുറംചട്ട നിറയുമാറ് "ജിമ്മി" എന്നെഴുതിയ മുഷിഞ്ഞ് എഴുത്തുകള്‍ മാഞ്ഞുതുടങ്ങിയ ഒന്നും. ആ അക്ഷരങ്ങള്‍ക്ക് മുകളിലൂടെ അയാള്‍ തന്‍റെ ശോഷിച്ച കൈവിരലുകള്‍ ഓടിക്കുമ്പോള്‍ ഉപയോഗവും കാലപ്പഴക്കവും കൊണ്ട് മാഞ്ഞുതുടങ്ങിയ ചിലതിനെ തിരികെ പിടിക്കാനുള്ള ശ്രമത്തിലായിരുന്നു.

അയാള്‍ തന്‍റെ നാള്‍വഴിയിലൂടെ കടന്നുപോകുമ്പോള്‍ ഒരു ദിവസത്തെ കുറിപ്പില്‍ കണ്ണുകള്‍ പെട്ടെന്ന് ഉടക്കി നിന്നു, കാരണം അത് മറ്റ് ദിവസങ്ങളിലേതിനെക്കാള്‍ വളരെ ചെറിയ ഒരു കുറിപ്പായിരുന്നു. വൃത്തിയുള്ള കൈയക്ഷരത്തില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു:

"ജിമ്മിയുടെ കൂടെ മീന്‍ പിടിച്ച് മുഴുവന്‍ ദിവസവും
നഷ്ടപ്പെടുത്തി; ഒരു മീന്‍പോലും കിട്ടിയുമില്ല."

ഒരു നെടുനിശ്വാസത്തോടെ തലയിളക്കിക്കൊണ്ട്, അയാള്‍ ആ ദിവസത്തെ, ജൂണ്‍ 4-ലെ, ജിമ്മിയുടെ നാള്‍വഴിക്കുറിപ്പിലേക്ക് നോക്കി. വലിയ ചളുങ്ങിയ അക്ഷരത്തില്‍ തടുപ്പിച്ച് ഇങ്ങനെ എഴുതിയിരിക്കുന്നു:

"ഇന്ന് ഡാഡിയുടെ കൂടെ മീന്‍പിടിക്കാന്‍ പോയി
എന്‍റെ ജീവിതത്തിലെ ഏറ്റവും നല്ല ദിവസം."

You can share this post!

ഇഡാ

ലിന്‍സി വര്‍ക്കി
അടുത്ത രചന

ദ ക്രൂയിസ്

ലിന്‍സി വര്‍ക്കി
Related Posts