news-details
കവർ സ്റ്റോറി

ജീവിതത്തിലേക്കു മടങ്ങുക' -സുന്ദര്‍ലാല്‍ ബഹുഗുണ (യുവതലമുറയുടെ ഒരു പുസ്തകവിചാരം)

'ജീവിതത്തിലേക്കു മടങ്ങുക' എന്ന പുസ്തകത്തിലേക്കു  എന്നെ അടുപ്പിച്ചത് അതിന്‍റെ വ്യത്യസ്തമായ തലക്കെട്ടുതന്നെ.  എന്തുകൊണ്ട് നാം ഒരു മടക്കയാത്ര നടത്തണം?  കാരണം ഇന്നു നാം ജീവിക്കുന്നത് യഥാര്‍ത്ഥ ജീവിതമല്ല തന്നെ, മറിച്ച് മിഥ്യാധാരണകളും ദുരാഗ്രഹങ്ങളും മൂര്‍ച്ഛിച്ച ഒരു കൃത്രിമ ജീവിതമാണ്. എന്തിനെയും നശിപ്പിക്കുകയും മുതലാക്കുകയും ചെയ്യുന്ന മനുഷ്യപ്രവണതയുടെ ഒരുണര്‍ത്തുപാട്ടാണ് ഈ പുസ്തകം. എന്നാല്‍ ചുരുളഴിയും തോറും ഈ മടക്കയാത്ര അത്ര എളുപ്പമല്ല എന്ന് നമുക്കു മനസ്സിലാക്കാനാവുന്നു. ഇവിടെ പരിസ്ഥിതി എന്ന മനുഷ്യന്‍റെ പരിതസ്ഥിതിയെ അവലോകനം ചെയ്യാന്‍ ഗ്രന്ഥകാരന്‍ ഒരു ശ്രമം നടത്തിയിട്ടുണ്ട്.

ഗ്രന്ഥകാരന്‍ എന്ന പേരിന് ഇവിടെ യഥാര്‍ത്ഥത്തില്‍ ആര്‍ക്കാണ് അര്‍ഹത എന്നത് ഒരു സാധാരണ ആസ്വാദകനെ സംബന്ധിച്ച് കുറച്ച് ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്. കാരണം പുസ്തകത്തിന്‍റെ തലക്കെട്ടില്‍ കാണുന്ന പേര് സുന്ദര്‍ലാല്‍ ബഹുഗുണ എന്നാണ്. എന്നാല്‍ സുന്ദര്‍ലാല്‍ ബഹുഗുണ പുസ്തകമൊന്നും രചിച്ചിട്ടില്ലെന്ന് പുസ്തകത്തിന്‍റെ ആദ്യഭാഗത്തുതന്നെ അദ്ദേഹത്തിന്‍റെ വിവര്‍ത്തകന്‍ പി. ഉത്തമന്‍ വ്യക്തമാക്കിയിട്ടുണ്ട്. കാരണം, തടിച്ച പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് പാഴ്വേലയാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ഗ്രാമങ്ങള്‍ തോറും നടന്ന് ജനങ്ങളോടു നേരിട്ടു സംസാരിക്കുകയും ആശയങ്ങള്‍ പങ്കുവെയ്ക്കുകയും ചെയ്യുന്ന അദ്ദേഹം ഭാരതീയ സമൂഹത്തില്‍ പ്രത്യേകിച്ചും സമകാലിക സമൂഹത്തില്‍ തികച്ചും വ്യത്യസ്തനാണ്. ആശയങ്ങള്‍ അദ്ദേഹത്തിന്‍റെതാണെന്നും താനൊരു വിവര്‍ത്തകന്‍ മാത്രമാണെന്നും പി. ഉത്തമന്‍ പറയുമ്പോഴാണ് ഗ്രന്ഥകാരനെപ്പറ്റിയുള്ള സംശയം ദൂരീകരിക്കപ്പെടുന്നത്.

ഈ പുസ്തകത്തില്‍ പ്രകൃതിയേയും ഭൂരിപക്ഷം മനുഷ്യരേയും ചൂഷണം ചെയ്യുന്ന വികസനമെന്നു പറയുന്ന തട്ടിപ്പിനെതിരെ ശബ്ദമുയര്‍ത്താന്‍ ബഹുഗുണാജിക്കു കഴിഞ്ഞിട്ടുണ്ട്. ജീവന്‍ നിലനിര്‍ത്താന്‍ ആവശ്യമായ വെള്ളവും വായുവും മലിനമാക്കുന്ന യാതൊരു കര്‍മ്മവും വികസനമാണെന്നു പറഞ്ഞുകൂടാ എന്നു പ്രഖ്യാപിക്കാനുള്ള ചങ്കൂറ്റം നമ്മുടെ കാലഘട്ടത്തില്‍ ഒരു സുന്ദര്‍ലാല്‍ ബഹുഗുണയെ പോലുള്ള ചുരുക്കം ചിലര്‍ക്കേ ഉണ്ടായിട്ടുള്ളൂ. അതുകൊണ്ടു തന്നെയാണു മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തവിധം വിനാശകരമായ ടെഹ്റി പദ്ധതിക്കെതിരെ ഏറെക്കുറെ ഒറ്റയ്ക്കു നിന്നു പൊരുതാന്‍ അദ്ദേഹത്തിനു കഴിഞ്ഞതെന്നും വിവര്‍ത്തകന്‍ ഓര്‍മ്മപ്പെടുത്തുന്നു.

പരിസ്ഥിതിയുമായി ബന്ധപ്പെട്ട ഏകദേശം എല്ലാ പ്രശ്നങ്ങളെ കുറിച്ചും ബഹുഗുണാജി പരാമര്‍ശിക്കുന്നുണ്ട്. സാമൂഹിക തലത്തില്‍ ഇന്ത്യയില്‍ നേടിയ പുരോഗതി ഏറെ പ്രശംസാര്‍ഹമാണെന്നുള്ളതുകൊണ്ട് തന്നെ അദ്ദേഹത്തിന്‍റെ സമകാലിക പ്രവര്‍ത്തനങ്ങള്‍ കൂടുതലും പരിസ്ഥിതി മേഖലയിലാണ്. എന്നാല്‍ സ്വാതന്ത്രസമര കാലഘട്ടത്തില്‍ മദ്യപാനത്തിനും അസ്പര്‍ശ്യതയ്ക്കുമെതിരെ അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഉണ്ടായിരുന്നു.  ഈ പുസ്തകത്തില്‍ ചിപ്കോ പ്രസ്ഥാനത്തെ അതിന്‍റെ വ്യാപ്തിയുടെ അടിസ്ഥാനത്തില്‍ അവതരിപ്പിക്കുന്നതിനൊപ്പം ബഹുഗുണാജിയുടെ അനുഭവങ്ങളും, ഉദ്ബോധനങ്ങളുമൊക്കെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നൂറ്റിയൊന്‍പതു പേജുകളുള്ള ഈ പുസ്തകത്തില്‍  നാലോ അഞ്ചോ പേജുകള്‍ കൊണ്ട് അധ്യായങ്ങള്‍ അവസാനിക്കുന്നുവെങ്കിലും അതിലെ ആശയങ്ങള്‍ സര്‍വ്വവ്യാപിതന്നെ. പരിസ്ഥിതിയെ മുഴുവനും ബാധിക്കുന്ന പ്രശ്നങ്ങള്‍ തന്നെയാണതിന്‍റെ ആശയം എന്നതിനാല്‍ നമ്മുടെ കണ്ണും കാതും ഈ പുസ്തകത്തില്‍ മാത്രമല്ല കേന്ദ്രീകരിക്കപ്പെടേണ്ടതെന്നത് നാം മനസ്സിലാക്കണം. ഇവിടെ ബഹുഗുണാജിയുടെ പ്രായോഗിക ജീവിതം നമുക്കു മുന്നില്‍ ഒരുത്തമ മാതൃകയാവുന്നു.

ഈ പുസ്തകത്തിലുടനീളം കാണപ്പെടുന്ന മറ്റൊരു സവിശേഷത മനുഷ്യന്‍റെ സാധാരണ ബുദ്ധിക്കു നിരക്കാത്ത യാതൊരു ശാസ്ത്രീയതയും കാര്യങ്ങളുടെ വിവരണത്തില്‍ ഇല്ലായെന്നതാണ്. ഒരുദാഹരണം നോക്കാം:

ഹിമാലയത്തില്‍ പ്രായം കുറഞ്ഞ പൈന്‍ മരങ്ങള്‍ കൂട്ടത്തോടെ കാറ്റില്‍ നിലംപതിക്കുന്നത് ആ മണ്ണില്‍ ഇതിനകം തന്നെ അമ്ലം വളരെ വര്‍ദ്ധിച്ചു എന്നുള്ളതിന്‍റെ തെളിവാണെന്ന് ബഹുഗുണാജി വാദിക്കുന്നു.

ഈ പ്രസ്താവനയിലൂടെ മണ്ണുസംരക്ഷണം എന്ന ആശയത്തിലേക്കു അദ്ദേഹം കാല്‍വെയ്പ്പ് നടത്തുന്നു. തുടര്‍ന്നു മണ്ണു സംരക്ഷണത്തിനുള്ള ബദല്‍മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിച്ചുകൊണ്ട് അദ്ദേഹം അടുത്ത പാരിസ്ഥിതിക പ്രശ്നത്തിലേക്കു കടന്നുപോകുന്നു. ശാസ്ത്രീയ വശത്തിനോടൊപ്പം തന്നെ സാമൂഹിക വശവും കോര്‍ത്തിണക്കുവാന്‍ അദ്ദേഹം അഗാധ പ്രാവീണ്യം തന്നെ നേടിയിട്ടുണ്ടെന്നു തോന്നുന്നു. മണ്ണു സംരക്ഷണത്തെപ്പറ്റിപ്പറയുന്ന അദ്ദേഹം ലോകവനശാസ്ത്ര സമ്മേളനത്തിലേക്കു സാധാരണയെന്നപോലെ കടന്നുവന്ന് അതിന്‍റെ ശുപാര്‍ശകളെ അവലോകനം ചെയ്യുന്നു. ഈ വിഷയത്തില്‍ സമൂഹം നല്‍കേണ്ട ഊന്നല്‍ എന്തെന്ന് വ്യക്തമാക്കുന്നു. അങ്ങനെ ഒരു പ്രശ്നത്തിന്‍റെ വിവിധ വശങ്ങള്‍ ഒരു പാഠപുസ്തകത്തിലെന്നവണ്ണം അദ്ദേഹം അവലോകനം ചെയ്യുന്നുണ്ട്. എന്നാല്‍ ഇതേ രീതി തന്നെയാണ് പുസ്തകത്തിന്‍റെ എല്ലാഭാഗത്തും സ്വീകരിച്ചിരിക്കുന്നത് എന്ന് നാം ചിന്തിക്കരുത്. മറ്റ് വ്യത്യസ്തങ്ങളായ സമീപന രീതികള്‍ അദ്ദേഹം പലപ്രശ്നങ്ങളിലും സ്വീകരിക്കുന്നുണ്ട്. രചയിതാക്കള്‍ അദ്ദേഹത്തിന്‍റെ വാമൊഴിയായുള്ള പ്രസംഗങ്ങള്‍ അതുപോലെ പകര്‍ത്തുന്നതിനാല്‍ ഒരു സാധാരണ സാഹിത്യസൃഷ്ടിയുടെ ചിട്ട ഇതിനു ചിലപ്പോഴൊക്കെ നഷ്ടമാകുന്നുണ്ട്.

ഈ സൃഷ്ടിയില്‍ നിന്ന് സമകാലികമായ വിവരങ്ങള്‍ ശേഖരിക്കുന്നതിനും അവ പ്രദര്‍ശിപ്പിക്കുന്നതിനും അധികൃതര്‍ കൂടുതല്‍ ശ്രദ്ധിച്ചിട്ടുണ്ടെന്നു മനസ്സിലാക്കാം. ചില സാമൂഹിക പ്രശ്നങ്ങളെയും അവലോകനം ചെയ്യുന്നതില്‍ അദ്ദേഹം മികച്ച നേട്ടം കൈവരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ  പല സമീപന മാര്‍ഗ്ഗങ്ങളും ഇന്ന് ആധുനിക സമൂഹത്തിന് അന്യംനിന്നു പോകുന്നുവെന്നു നമുക്കു കണ്ടെത്താന്‍ കഴിയും.

അദ്ദേഹത്തിന്‍റെ സമീപനങ്ങളെയും പ്രസംഗങ്ങളെയുമൊക്കെ അവലോകനം ചെയ്യുന്നതിനും വ്യക്തമാക്കുന്നതിനും എനിക്കുള്ള പരിമിതി ഞാനറിയുന്നുണ്ട്.

പുസ്തകത്തിന്‍റെ ഏറ്റവും ഒടുവിലായി 20-ാം നൂറ്റാണ്ടിന്‍റെ ഒരു മഹത്തായ വ്യക്തിത്വം ഡോ. ദാദാ സാലിം അലിയെപ്പറ്റി ബഹുഗുണാജി പറയുന്നു. പരിസ്ഥിതിയെപ്പറ്റി പറയുമ്പോള്‍ സലിം അലിയെക്കാളപ്പുറം പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്ത മഹാന്മാരെ എടുത്തുകാട്ടാന്‍ ബഹുഗുണാജി മറക്കുന്നില്ല. ഇവിടെ സലിം അലിയെ എടുത്തുകാട്ടുന്നതിന് അദ്ദേഹത്തിന്  വ്യക്തമായ ചില ലക്ഷ്യങ്ങള്‍ തന്നെ ഉണ്ടായിരുന്നിരിക്കണം. ഒരു പക്ഷേ, നമ്മോടു ബഹുഗുണാജി പറയാനുദ്ദേശിക്കുന്ന സന്ദേശത്തിന്‍റെ ഒരു മാതൃകയായിരുന്നിരിക്കാം ഡോ. സലിം അലി. ഇത്തരത്തിലുള്ള വ്യക്തമായ ചില കാഴ്ചപ്പാടുകള്‍ ഈ പുസ്തകത്തെ മിഴിവുറ്റതാക്കുന്നു. പുസ്തകം മുന്നോട്ടുവയ്ക്കുന്ന സന്ദേശമിതാണ്: 'നാം നമ്മുടെ ആവശ്യങ്ങള്‍ പ്രകൃതിയില്‍ നിന്നു നിറവേറ്റണം; പക്ഷേ, തൃഷ്ണയുടെ പിന്നാലെ പായരുത്.'

ആര്‍ണോള്‍ഡു ടോയിന്‍ബീന്‍ പറഞ്ഞതും ബഹുഗുണാജി നമുക്കു വേണ്ടി വ്യാഖ്യാനിക്കുന്നു. നമ്മള്‍, ചരിത്രഗതിയില്‍ മാറ്റങ്ങള്‍ വരുത്തുന്ന സര്‍ഗാത്മക ന്യൂനപക്ഷമാണ്. ജ്ഞാനം, കര്‍മ്മം, ഭക്തി എന്നിവയുടെ യോഗമാണു യജ്ഞമെന്നു നമ്മുടെ സംസ്കാരം പഠിപ്പിക്കുന്നു. സലിം അലി ഇക്കാര്യം അദ്ദേഹത്തിന്‍റെ ജീവിതത്തിലൂടെ നമുക്കു കാണിച്ചുതരുന്നു. അദ്ദേഹം നിശ്ശബ്ദനായി കര്‍മ്മമനുഷ്ഠിച്ചു; നിശ്ശബ്ദനായി നമ്മെ വിട്ടുപോയി. എല്ലാവരും ശ്രദ്ധിക്കുമ്പോള്‍ നിങ്ങളുടെ നിശ്ശബ്ദത കൂടുതല്‍ വാചാലമാകുന്നു. ആസ്വാദനശേഷിയില്‍ താളപ്പിഴകള്‍ സംഭവിക്കാത്തവര്‍ക്കും നല്ലപുസ്തകങ്ങളെ സ്നേഹിക്കാന്‍ മടിയില്ലാത്തവര്‍ക്കും ഈ പുസ്തകം ഒരു മുതല്‍ക്കൂട്ട് തന്നെയാണ്.

You can share this post!

ഇരുളിനെ പഴിക്കാതെ പ്രകാശത്തെ പിന്‍തുടരാനുള്ള ആഹ്വാനം

പ്രൊഫ. എം. കെ. സാനു
അടുത്ത രചന

സമാധാനം

ജെര്‍ളി
Related Posts