പുസ്തകത്തിലെ അമ്മ മാറോടു ചേര്‍ത്ത്
ഉമ്മ വെച്ചെന്നെ ഉറക്കുന്നു:
ഗര്‍ഭത്തില്‍ച്ചുമന്നവള്‍
ആര്‍ക്കോ കനിവോടെ ദാനം ചെയ്യാന്‍
എന്നെ പിള്ളത്തൊട്ടിലില്‍ കിടത്തുന്നു.
പുസ്തകത്തിലെ അച്ഛന്‍
എനിക്കെന്നും അമ്പിളിമാമനെ കാണിച്ച് തരുന്നു
അമ്മ ചൂണ്ടിക്കാണിച്ചു തന്ന അച്ഛന്‍
എന്നെ അറിയുന്നില്ല, ഞാനച്ഛനെയും.
പുസ്തകത്തിലെ സ്നേഹിതന്‍
എനിക്കായി ജീവിതം കളയുന്നു.
എന്‍റെ നെഞ്ചില്‍ പതിഞ്ഞവന്‍ ചിലപ്പോഴെന്നെ
തള്ളിപ്പറയുന്നു.
സൗകര്യം കിട്ടുമ്പോഴെല്ലാം ഒറ്റിക്കൊടുക്കയും.
പുസ്തകത്തിലെ ഭര്‍ത്താവ്
എനിക്ക് പാതിമെയ് പകുത്ത് തരുന്നു:
താലിചാര്‍ത്തിയ കൈ
എന്നെ മണ്ണെണ്ണ കൊണ്ടഭിഷേകം ചെയ്ത്
അഗ്നിശുദ്ധി വരുത്തുന്നു.
പുസ്തകത്തിലെ മക്കള്‍
എന്‍റെ കാല്‍തൊട്ട് വന്ദിക്കുന്നു.
പത്തുമാസം ഞാന്‍ ചുമന്നവര്‍
എന്നെ കാലില്‍ത്തൂക്കി എറിയുന്നു
പഴയ വസ്തുക്കള്‍ക്കൊപ്പം ഞാനും മണ്ണില്‍.
പുസ്തകത്തിലെ ദൈവം
വിശപ്പിന്നപ്പവും നഗ്നതയ്ക്കുടുപ്പും നല്കുന്നു
രോഗികളെ സൗഖ്യമാക്കുന്നു
ഞാന്‍ നൊന്ത് വിളിക്കുന്ന ദൈവം
കണ്ണും കാതും പൊത്തിയിരിക്കുന്നു.
അതിനാല്‍ ഒരു പ്രാര്‍ത്ഥന മാത്രം ബാക്കി:
എന്നെ ഒരു പുസ്തകപ്പുഴുവാക്കണേ.