news-details
കവർ സ്റ്റോറി

സായ്പ്പിന്‍റെ രണ്ട'ച്ചര'മില്ലാതെങ്ങനെ??

വെള്ള സാഹിബുമാര്‍ നാടുവിട്ടിട്ട് വര്‍ഷങ്ങള്‍ പലതു കഴിഞ്ഞിട്ടും ഇന്നും നമ്മള്‍ ചെയ്യുന്ന ഏതൊരു കാര്യത്തിനും സായ്പ്പിന്‍റെ ഒരു അംഗീകാരം കിട്ടാന്‍ നമ്മള്‍ കുമ്പിട്ടു നില്‍ക്കുകയാണോ എന്നു തോന്നിപ്പോകുന്നു. അടിമത്വത്തിന്‍റെ ചങ്ങലയില്‍നിന്ന് ഇനിയും നമ്മുടെ മനസ്സ് സ്വതന്ത്രമായിട്ടില്ല എന്നുതന്നെ വേണം കരുതാന്‍. ഇന്ത്യന്‍ ജനതയുടെ സാധാരണ ഭാഷ അതാണ്.

നമ്മുടെ പല നഗരങ്ങള്‍ക്കും വിദേശബന്ധമുള്ള ചെല്ലപ്പേരുകള്‍ നല്കി പാശ്ചാത്യവത്കരണം നടത്തുന്നതുതന്നെ ഈ ദാസ്യഭാവത്തിന് മതിയായ തെളിവാണ്. ചെന്നൈക്ക് തെക്കിന്‍റെ ഡട്രോയിറ്റ് എന്നും അഹമ്മദാബാദിന് ഇന്ത്യയുടെ മാഞ്ചസ്റ്റര്‍ എന്നും കുളമണാലിക്ക് ഇന്ത്യയുടെ സിസ്റ്റ്സര്‍ലണ്ട്  എന്നും ബാംഗ്ളൂരിന് ഇന്ത്യയുടെ സിലിക്കന്‍വാലിയെന്നും ആലപ്പുഴയ്ക്ക് കിഴക്കിന്‍റെ വെനീസെന്നും ജയ്പൂരിന് ഇന്ത്യയുടെ പാരീസെന്നും പേരുനല്കി ഈ സ്ഥലങ്ങളെയൊക്കെ നമ്മള്‍ 'മെച്ചപ്പെടുത്തി.' ഒന്നു ചോദിക്കട്ടെ, അമേരിക്കയുടെ ബാംഗ്ലൂരെന്നോ, ഇംഗ്ലണ്ടിന്‍റെ മുംബൈയെന്നോ എന്തെങ്കിലും ആ നാടുകളിലുണ്ടോ?

ഈ തരത്തിലുള്ള പാശ്ചാത്യവത്കരണത്തിന് മാധ്യമങ്ങള്‍ നല്കുന്ന പ്രോത്സാഹനം വളരെ വലുതാണ്. വെള്ളക്കാരന്‍റെ നാട്ടില്‍ പ്രസിദ്ധമായ ടൈം, എക്സ്പ്രസ്സ്, ടെലിഗ്രാഫ്, ക്രോണിക്കിള്‍ മുതലായ പത്രങ്ങളുടെ പേരിനോട് 'ഇന്ത്യന്‍' അല്ലെങ്കില്‍ 'ഇന്ത്യയുടെ' എന്ന തല കൂട്ടിച്ചേര്‍ത്താണ് നമ്മുടെ പല പത്രങ്ങളും പേരു നല്കിയിരിക്കുന്നത്. ആ നാട്ടിലെ മാസികകളുടെ ഫോട്ടോസ്റ്റാറ്റ് കോപ്പികളായി നമ്മുടെ മാസികകളും മാറുന്നു. തങ്ങളുടെ കാണികളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ ഇലക്ഷനോ, അല്ലെങ്കില്‍ ബ്രിട്ടണിലെ ഒരു രാജാവിന്‍റെ വിവാഹമോ സംപ്രേക്ഷണം ചെയ്യാന്‍ നമ്മുടെ ചാനലുകള്‍ മുന്നിട്ടു നില്‍ക്കുന്നു.

ശ്രദ്ധ പിടിച്ചുപറ്റുന്നു മറ്റൊരു വാക്കാണ് ബോളിവുഡ്. ഇന്ത്യന്‍ സിനിമാമേഖലയ്ക്ക് അംഗീകാരം കിട്ടണമെങ്കില്‍ സായ്പ്പിന്‍റെ ഒപ്പ് കൂടിയേ തീരൂ എന്നു തോന്നിപ്പോകുന്നു. ഹോളിബുഡിനോടു സാമ്യമില്ലാത്ത എന്തു സിനിമാവ്യവസായം. അതുകൊണ്ട് നമുക്കും ഇരിക്കട്ടെ ഒരു ബോളിവുഡ്. ബോംബയുടെ പേര് മുംബൈ എന്നാക്കിയ സ്ഥിതിക്ക് മുള്ളിവുഡ് എന്ന പേരുമാറ്റം ചിന്തിക്കാവുന്നതേയുള്ളൂ. ഇതുകൊണ്ടു തീരുന്നില്ല - കോളിവുഡ് (തമിഴ്നാട്) മോളിവുഡ് (മലയാളം), ഓളിവുഡ് (ഒഡീസ) പഞ്ച്വുഡ് (പഞ്ചാബ്) സാന്‍ഡല്‍വുഡ് (കന്നഡ) സോളിവുഡ് (സിന്ധി) തുടങ്ങിയ 'വുഡു'കള്‍ ഇതിന്‍റെ ബാക്കിപത്രം തന്നെ. റ്റോളിവുഡ് എന്ന പേര് സ്വന്തമാക്കാന്‍ ബംഗാളിയും തെലുഗുവും തമ്മിലുള്ള മത്സരം ഇപ്പോഴും തുടരുകയാണ്. ഒരു ഇന്ത്യന്‍ സിനിമാതാരം ഈയിടക്ക് വിശേഷിപ്പിക്കപ്പെട്ടത് ഇന്ത്യയുടെ ജൂലിയാ  റോബര്‍ട്ട്സ് എന്നാണ്. അമേരിക്കയുടെ കത്രീനാ കൈഫ് എന്ന ഒന്ന് ആരെങ്കിലും കേട്ടിട്ടുണ്ടോ? ഹോളിവുഡ് ഇത്രമാത്രം സ്വാധീനം നമ്മുടെ നാട്ടില്‍ ചെലുത്തിയിട്ടുണ്ടെങ്കില്‍ ബാക്കിയുള്ള കാര്യങ്ങളുടെ സ്ഥിതി എന്തായിരിക്കും?

കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍പ്പോലും നമ്മുടെ നാട്ടില്‍ വിദേശസ്വാധീനം കാണാം. ഉദാഹരണത്തിന് അമേരിക്കയിലെ 9/11 തീവ്രവാദി ആക്രമണത്തിനുശേഷം നമ്മുടെ നാട്ടില്‍ നടന്ന സ്ഫോടനത്തിന്‍റെ പേരും അതേ സ്റ്റൈലില്‍തന്നെ വന്നു: '26/11'. റിപ്പര്‍ ജാക്ക് എന്ന കുറ്റവാളിയുടെ പേരില്‍ ഒരു ഇന്ത്യന്‍ മെയ്ഡ് റിപ്പര്‍ നമുക്കുമുണ്ടായി. അമേരിക്കന്‍ പ്രസിഡന്‍റ് നിക്സണ്‍ന്‍റെ സ്ഥാനം തെറിപ്പിച്ച വാട്ടര്‍ഗേറ്റ് സംഭവത്തിന്‍റെ ചുവടുപിടിച്ച് നമ്മുടെ നാട്ടിലും ഉണ്ടായി കുറെ ഗേറ്റുകള്‍. ഫോഡര്‍ ഗേറ്റ് (കാലിത്തീറ്റ കുംഭകോണം), കോള്‍ഗേറ്റ് (കല്‍ക്കരി കുംഭകോണം), ഐ. പി. എല്‍. ഗേറ്റ് (ഐ.പി.എല്‍ കുംഭകോണം) എന്നീ പേരുകളില്‍ കുറെ അഴിമതികള്‍ പുറത്തുവന്നു. പക്ഷേ, പേരില്‍ മാത്രമേ ഈ ഗേറ്റുകള്‍ക്ക് വിദേശികളുമായി സാമ്യമുണ്ടായിരുന്നുള്ളൂ. അതിന്‍റെ പേരില്‍ ഇവിടെ ആരുടെയും സ്ഥാനം തെറിക്കുകയോ, ഉറക്കം കെടുകയോ ചെയ്തില്ല.

പാശ്ചാത്യ രാജ്യങ്ങളില്‍വെച്ച് ഏതെങ്കിലും മികവു കാട്ടിയ ഇന്ത്യാക്കാരെ അപ്പോള്‍തന്നെ നമ്മള്‍ തലയിലേറ്റി നടക്കാറുണ്ട്. ഇവരില്‍ മിക്കവരുംതന്നെ തങ്ങളുടെ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചവരാണെന്ന കാര്യം നാമോര്‍ക്കാറേയില്ല. തീര്‍ച്ചയായും ഇതിന് അപവാദങ്ങളുണ്ട്. സുബിന്‍ മേത്തയും അമര്‍ത്യാസെന്നുമൊക്കെ ഉദാഹരണങ്ങള്‍. അവര്‍ക്ക് നമോവാകം.

ബിസ്സിനസിലും ഈ പാശ്ചാത്യ പകര്‍പ്പെടുക്കല്‍ ധാരാളമാണ്. അമേരിക്കയില്‍ ഒരു കേ-മാര്‍ട്ട് ഉണ്ടായപ്പോള്‍ നമുക്ക് വി-മാര്‍ട്ടും ജി-മാര്‍ട്ടും ഉണ്ടായി. നാടന്‍ പേരിലിറങ്ങുന്ന ഏതൊരു സാധനത്തേക്കാളും ജോണ്‍, പീറ്റര്‍ ഇംഗ്ലണ്ട്, റിച്ചാര്‍ഡ് എന്നീ വിദേശപേരുകളിലിറങ്ങുന്ന സാധനങ്ങള്‍ക്ക് ആവശ്യക്കാരേറെയാണ്. എന്നാണ് പങ്കജ് എറണാകുളം എന്ന പേരില്‍ ഒരു ഷര്‍ട്ടിടാന്‍ നമുക്കു സാധിക്കുക?

ഇംഗ്ലണ്ടില്‍ ഒരു ഇംഗ്ലീഷ് പ്രീമിയര്‍ ലീഡ് ഉണ്ടായപ്പോള്‍ നമുക്കും ഉണ്ടായി ഒരു ഇന്ത്യന്‍ പ്രീമിയര്‍ ലിഡ്. അവിടെ ഒരു വാള്‍സ്ട്രീറ്റ് ഉണ്ടായപ്പോള്‍ ഇതാ ഇവിടെയൊരു ദലാല്‍ സ്ട്രീറ്റ്. നല്ല നാടന്‍ പൊരിച്ച കോഴിയും ചപ്പാത്തിയും കിട്ടുന്ന തട്ടുകടയുടെപോലും പേര് സായ്പിന്‍റെ ഹോട്ടലിന്‍റെ പേരാണ്. അമേരിക്കന്‍ പ്രസിഡന്‍റ് എയര്‍ഫോഴ്സ് 1-ല്‍ പറന്നപ്പോള്‍ ഇന്ത്യന്‍ പ്രസിഡന്‍റ് പറക്കുന്ന വിമാനത്തിന്‍റെ പേര് എയര്‍ ഇന്ത്യാ 1. നമ്മള്‍ എങ്ങോട്ടേയ്ക്കാണ് പോകുന്നത്?


(കടപ്പാട്: ദി ഹിന്ദു, പരിഭാഷ: നിധിന്‍ ജോസഫ്)

You can share this post!

ഇരുളിനെ പഴിക്കാതെ പ്രകാശത്തെ പിന്‍തുടരാനുള്ള ആഹ്വാനം

പ്രൊഫ. എം. കെ. സാനു
അടുത്ത രചന

നാം തുറക്കേണ്ട സാംസ്കാരിക ജാലകങ്ങള്‍

ജോർജ്ജ് വലിയപാടത്ത്
Related Posts