നാലാംപ്രമാണം അനുശാസിക്കുന്നു, 'മാതാപിതാക്കളെ അനുസരിക്കണം' അതിനെ നമ്മള്‍ മലയാളീകരിക്കുമ്പോള്‍ 'നല്ല കാലത്തോളം ഭൂമിയിലിരിക്കാന്‍' എന്നു കൂടി ചേര്‍ത്ത് 'നല്ല കാലത്തോളം ഭൂമിയിലായിരിക്കാന്‍ മാതാപിതാക്കളെ അനുസരിക്കണം, എന്നാക്കി മാറ്റുന്നു.' എന്തിനും ഒരു മാനുഷികമായ പ്രലോഭനം വേണമല്ലോ. തീര്‍ച്ചയായും അപ്പനമ്മമാരെ അനുസരിക്കാത്ത മക്കള്‍ ഉണ്ടായതുകൊണ്ടുതന്നെയാണ് മാതാപിതാക്കളെ അനുസരിക്കണം എന്നു ദൈവത്തിന്‍റെ പേരില്‍ ഒരു സമൂഹം നിയമമുണ്ടാക്കുന്നത്. ഭൂമിയും സ്വര്‍ഗ്ഗവും തമ്മിലുള്ള ഒരു സംയോജനമാണല്ലോ മനുഷ്യന്‍. ആത്മാവും ശരീരവും. ദൈവവും മനുഷ്യനും. ഈ സംഘര്‍ഷം മനുഷ്യനില്‍ നിലനില്‍ക്കുന്നുണ്ട്. അതിനെ മറികടന്നവര്‍ ചുരുക്കം മാത്രമേയുള്ളൂ.
അപ്പനും അമ്മയും ആരാണ് എന്ന് ശിശുവിന് സ്വയം അറിയാന്‍ കഴിയുന്നില്ല. ജനിച്ച് ആദ്യം കാണുന്നത് അമ്മയെയായതുകൊണ്ടും എപ്പോഴും സമീപത്തുള്ളതുകൊണ്ടും അമ്മയെക്കുറിച്ച് കാര്യമായ സംശയം ആരും പ്രകടിപ്പിച്ചു കണ്ടിട്ടില്ല. ഒരു പൊക്കിള്‍ക്കൊടി ബന്ധം എന്നൊക്കെ നാം അതിനെ പറയും. അപ്പനാരാണ് എന്നത് ഒരു അന്വേഷണമാണ്. 12-ാം വയസ്സില്‍ പെരുന്നാളിനുശേഷം മടങ്ങുമ്പോള്‍ മകനെ കാണാതെ അന്വേഷിച്ചുചെന്ന മറിയം മകനോട് പറയുന്നത്, ഞാനും നിന്‍റെ അപ്പനും നിന്നെ എവിടെയെല്ലാം അന്വേഷിച്ചു എന്നാണ്. ജോസഫ് അരികില്‍ നില്‍ക്കെത്തന്നെ യേശു മറിയത്തോട് പറയുന്നു: 'നിങ്ങള്‍ എന്തിനാണ് എന്നെ അന്വേഷിച്ചത്? ഞാന്‍ എന്‍റെ പിതാവിന്‍റെ വാക്കുകള്‍ പാലിക്കുകയാണെന്ന് അറിഞ്ഞുകൂടേ?' അപ്പോള്‍ തന്‍റെ പിതാവ് ജോസഫല്ല എന്ന് യേശുവിനുമറിയാമായിരുന്നു. പിതൃത്വം ചോദ്യം ചെയ്യപ്പെടുക എന്നത് പുരുഷനെ - പിതാവിനെ - സംബന്ധിച്ച് ഏറ്റവും വേദനാജനകമാണ്. പ്രസവിച്ച സ്ത്രീയല്ലാതെ ആരും അയാള്‍ക്കതിന് സാക്ഷിയില്ല. ആ നസ്രായനായ ജോസഫിന്‍റെ ഹൃദയം നുറുങ്ങിയിരിക്കും.
ഇതാണ് ഡക്കാലോഗ് നാലിന്‍റെ പ്രമേയം. അപ്പനാരെന്ന് അന്വേഷിക്കുന്ന മകളും, മകള്‍ പിതൃത്വം നിഷേധിക്കുമ്പോള്‍ നിസ്സഹായനായിപ്പോകുന്ന പിതാവും. നടിയാകാന്‍ പരിശീലനം നേടുന്ന മകളും അപ്പനും തമ്മിലുള്ള സ്നേഹത്തിന്‍റെ തീവ്രതയും സംശയത്തിന്‍റെ കാഠിന്യവുമാണത്. അന്‍ക, അവള്‍ ജനിച്ച് അഞ്ചുദിവസം പ്രായമായപ്പോള്‍ അമ്മ മരിച്ചുപോയി. അപ്പനാണ് അവള്‍ക്കെല്ലാം. അപ്പന്‍ മറ്റൊരു വിവാഹം പോലും കഴിച്ചില്ല. അവള്‍ക്കൊരു കാമുകനുണ്ട്. അപ്പന്‍ ഒരാഴ്ചത്തെ വിദേശയാത്രയ്ക്കു പോകുമ്പോള്‍ വലിയ പ്രയാസത്തോടെയാണവള്‍ അപ്പനെ എയര്‍പോര്‍ട്ടില്‍ നിന്ന് യാത്രയാക്കുന്നത്. വീട്ടിലെ ഇലക്ട്രിസിറ്റി, വെള്ളം എന്നിവയുടെ ബില്ല് അടയ്ക്കാന്‍ മറന്നുപോയെന്നും അത് ഇന്ന സ്ഥലത്ത് ഇരിക്കുന്നുണ്ടെന്നും എയര്‍പോര്‍ട്ടില്‍വെച്ച് അപ്പന്‍ മകളോടു പറയുന്നു. വീട്ടില്‍ ആ ബില്ലുകളുടെ അടിയില്‍ അവളുടെ അഡ്രസ്സ് എഴുതിയ ഒരു കവര്‍ അവള്‍ കാണുന്നു. അതിനു മുമ്പേ ഒരിക്കല്‍ അമ്മയുടെ പെട്ടിയും ബാഗും എല്ലാം പരിശോധിക്കുമ്പോള്‍ അവള്‍ ഈ കവര്‍ കണ്ടിട്ടുണ്ട്. അവളുടെ അമ്മ അവള്‍ക്കെഴുതിയ കത്ത്. അതിനെക്കുറിച്ച് അവള്‍ അപ്പനോട് ചോദിച്ചിട്ടുമുണ്ട്. അപ്പന്‍റെ മരണശേഷമേ മകള്‍ അത് വായിക്കാവൂ എന്നാണ് അമ്മ പറഞ്ഞിരിക്കുന്നത് എന്നറിയുമ്പോള്‍ അവള്‍ക്കത് അറിയണമെന്നുള്ള കൗതുകമുണ്ട്. അന്നവള്‍ക്ക് 16 വയസ്സാണ്. ഇപ്പോള്‍ അവള്‍ യുവതിയാണ്. അപ്പനുമായി ഏറെ സ്നേഹത്തിലാണ്. അപ്പന്‍ യാത്രപോകുമ്പോള്‍ കാമുകനോടൊത്ത് കഴിയാമെങ്കിലും അവള്‍ക്കതിലും ഇഷ്ടം അപ്പനോടൊപ്പം അപ്പന്‍റെ മകളായി ജീവിക്കുന്നതുതന്നെയാണ്.
അപ്പന്‍ യാത്രപോയ സമയം ഈ കത്ത് കാണുമ്പോള്‍ അവള്‍ക്കത് വായിക്കാനുള്ള കടുത്ത പ്രേരണയുണ്ടാകുന്നു. കത്തിന്‍റെ ആദ്യത്തെ കവര്‍ അവള്‍ കത്രികകൊണ്ട് സാവധാനം, ഒരു കുറ്റബോധത്തോടെ, അതിലേറെ ആകാംക്ഷയോടെ മുറിക്കുന്നു. അതിനുള്ളില്‍ മറ്റൊരു കവര്‍ കാണുന്നു. അതു തുറക്കാന്‍ അവള്‍ക്കധൈര്യമില്ല. അപ്പോള്‍ മരണശേഷമേ മകള്‍ ഇതു വായിക്കാവൂ എന്ന അമ്മയുടെ വാക്കുകള്‍ അപ്പന്‍ അവളോട് പറഞ്ഞത് അവള്‍ക്ക് ഓര്‍മ്മയുണ്ട്. അനുസരണക്കേടുകാണിക്കാന്‍ അവള്‍ക്കു ധൈര്യമില്ല. എന്നാല്‍ അവളിലെ നടിയുടെ ജിജ്ഞാസ അതിനകത്ത് എന്തെന്നറിയാന്‍ ധൃതികൂട്ടുന്നു. അവള്‍ ആ അഡ്രസ്സിലെ കൈയക്ഷരംപോലെ എഴുതിനോക്കുന്നു. അപ്പന്‍ തിരിച്ചുവരുമ്പോള്‍ മകള്‍ ഏറെ അസ്വസ്ഥയായി പെരുമാറുന്നു. ഞാന്‍ അമ്മയുടെ കത്ത് വായിച്ചു. നിങ്ങള്‍ അല്ല എന്‍റെ അപ്പന്‍ എന്നെനിക്കു മനസ്സിലായി. അത് അയാളില്‍ വലിയ ആത്മസംഘര്‍ഷമുണ്ടാക്കുന്നു. അയാള്‍ക്കറിഞ്ഞുകൂട ഭാര്യ എന്താണ് എഴുതിയിരിക്കുന്നത് എന്ന്. തന്‍റെ ജീവിതം മുഴുവന്‍ നല്‍കിയിട്ടും തന്‍റെ പിതൃത്വം തെളിയിക്കപ്പെടാനാകാതെ വേദനിക്കുകയാണ് ആ മനുഷ്യന്‍. ഇവിടെ നിന്നാണ് കഥ പുതിയ കാലത്തേക്ക് പകരുന്നത്.
മാതാപിതാക്കന്മാരെ അനുസരിക്കണം എന്ന കല്പന, ആരാണ് തന്‍റെ പിതാവ് എന്ന് സംശയിക്കുന്ന ഒരു കുട്ടിയിലൂടെയാണ് കിസ്ലോസ്കി വ്യാഖ്യാനിക്കാന്‍ ശ്രമിക്കുന്നത്.
ജന്മം നല്‍കുന്നതുകൊണ്ടുമാത്രമല്ല സ്നേഹവും കരുതലും കൊണ്ടുകൂടിയാണ് ഒരാള്‍ കുഞ്ഞിന് മാതാവോ പിതാവോ ആകുന്നത് എന്നാണ് സിനിമയുടെ അവസാനം നമ്മള്‍ കാണുന്നത്. തന്‍റെ പിതൃത്വത്തെ സംശയിക്കുന്ന മകള്‍ക്ക് മുന്നില്‍ യാതൊരു തെളിവും നല്കാനില്ലാതെ ഇറങ്ങിപ്പോകുന്ന അപ്പനെ, മകള്‍ തന്‍റെ സംശയത്തിന്‍റെ എല്ലാ കരടുകളും മാറ്റി സ്വീകരിക്കുന്നു. ആ കത്ത് താന്‍ വായിച്ചിരുന്നില്ലെന്നും, അതില്‍ എഴുതിയത് ഇങ്ങനെയായിരിക്കും എന്ന് ഊഹിച്ച് അഡ്രസ്സ് എഴുതിയ കൈയക്ഷരംപോലെ എഴുതിയതാണെന്നും ഇനി യഥാര്‍ത്ഥത്തില്‍ എന്താണെങ്കിലും തനിക്കത് അറിയേണ്ടെന്നും പറയാനുള്ള സ്നേഹവും വിശ്വാസവും അവള്‍ക്കവളുടെ അപ്പനോട് തോന്നുന്നു. തുറന്നുവായിക്കാത്ത ആ യഥാര്‍ത്ഥ കത്ത് അവള്‍ അപ്പന്‍റെ മുന്നില്‍വെച്ച് മെഴുകുതിരി നാളത്തില്‍ കത്തിച്ചുകളയുന്നു. കത്താതിരുന്ന ഒരു ചെറിയ ഭാഗം അവള്‍ വിടര്‍ത്തി വായിക്കുന്നു څഎന്‍റെ പ്രിയപ്പെട്ട മകള്‍ക്ക്چ. സിനിമ അവസാനിക്കുമ്പോള്‍ അപ്പനും മകളും എല്ലാ കാര്‍മേഘങ്ങളും ഒഴിഞ്ഞ് സ്നേഹവാത്സല്യങ്ങളോടെ കെട്ടിപ്പുണരുകയാണ്.
അപ്പന്‍റെയും മകളുടെയും സമീപദൃശ്യങ്ങള്‍ തന്നെയാണ് ഈ ചിത്രത്തിലും മനുഷ്യമനസ്സിന്‍റെ സംഘര്‍ഷങ്ങളെ ചിത്രീകരിക്കാന്‍ കിസ്ലോവിസ്കി ഉപയോഗിക്കുന്നത്.
ഒരു തോണി തലയില്‍വെച്ചു കടന്നുപോകുന്ന ഒരാള്‍ ഈ ചിത്രത്തിലും സാക്ഷിയായിട്ടുണ്ട്. അന്‍ക തന്‍റെ പിതൃത്വത്തെ സംശയിച്ച് കത്തെഴുതുമ്പോഴാണ് ഒരാള്‍ തടാകത്തില്‍നിന്ന് തോണി തുഴഞ്ഞ് വരുന്നത്, അവര്‍ പരസ്പരം കാണുകയും അയാള്‍ തോണി തലയില്‍ കമഴ്ത്തി കടന്നുപോകുകയും ചെയ്യുന്നു. അന്ത്യത്തില്‍ അവള്‍ തന്‍റെ സംശയമെല്ലാം അകററി പിതാവിനോട് ചേര്‍ന്നു നില്‍ക്കുമ്പോഴും തോണി തലയില്‍വെച്ച് അയാള്‍ അവരെ കടന്നുപോകുന്നു.
നിയമങ്ങള്‍ നേര്‍രേഖയില്‍ സഞ്ചരിക്കുന്നവയാണെങ്കിലും മനുഷ്യമനസ്സുകള്‍ വര്‍ത്തുളാകൃതിയില്‍ സഞ്ചരിക്കുന്നവയെന്ന് ഈ ചിത്രം കണ്ടുകഴിയുമ്പോള്‍ നമുക്കു ബോധ്യമാകും. ഒരു പ്രശ്നവും ഇല്ലാതിരുന്നിടത്ത് ഭയാനകമായൊരു പ്രശ്നം രൂപപ്പെടുന്നു. ഒരു ആകാംക്ഷ, അതു പിന്നീട് സംശയമാകുന്നു. പിന്നെ സംശയം യാഥാര്‍ത്ഥ്യംപോലെ വിശ്വസിക്കുന്നു. അത് വ്യക്തിയെ സ്വയം മുറിപ്പെടുത്തുകയും തന്നോടു ചേര്‍ന്നു നില്‍ക്കുന്നവരെ കൂടുതല്‍ മുറിവേല്‍പ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ അത്തരം സംഘര്‍ഷത്തിലൂടെ കടന്നുപോയാല്‍ മാത്രമേ യഥാര്‍ത്ഥ സന്തോഷം അനുഭവിക്കാനാകൂ എന്ന യാഥാര്‍ത്ഥ്യവും ഈ ചിത്രം പങ്കുവെയ്ക്കുന്നുണ്ട്. മുറിക്കപ്പെടുകയും പിന്നീട് ചേര്‍ക്കപ്പെടുകയും ചെയ്യുന്നതാണ് യഥാര്‍ത്ഥ സമാധാനം എന്ന് ഈ ചിത്രം നമ്മോടു പറയും.
ഈ ചിത്രത്തില്‍, സത്യം എന്താണെന്ന് ആരും കാണാതെ പോകുന്നുണ്ട്. കത്തുവായിക്കാതെ മകള്‍ കത്തുവായിച്ചു എന്ന് പറയുന്നു. അമ്മ എഴുതിയ കത്ത് വായിക്കാതെ കത്തിച്ചുകളയുന്നു. ഒരേസമയം അവള്‍ അപ്പനോടും അമ്മയോടും തെറ്റു ചെയ്യുന്നു. അനുസരണക്കേടുകാണിക്കുന്നു. എന്നാല്‍ അവള്‍ തന്‍റെ സ്വന്തം മനഃസാക്ഷിയുടെ ബോധ്യത്തിനാണ് പ്രാധാന്യം നല്‍കിയത്. അങ്ങനെ നോക്കുമ്പോള്‍ മറ്റെല്ലാ നിയമങ്ങളെക്കാള്‍ ഒരാള്‍ക്കു പ്രധാനം ആന്തരികമായ ബോധ്യമാണ് എന്നുവരുന്നു. ഇങ്ങനെ ഒരു നിയമത്തെ മനുഷ്യജീവിതത്തിന്‍റെ പലഭാഗങ്ങളില്‍ നിന്ന് അതിസമര്‍ത്ഥമായി വ്യാഖ്യാനിക്കുകയാണ് കിസ്ലോസ്കിയുടെ ഡക്കാലോഗ് - 4.