news-details
കഥപറയുന്ന അഭ്രപാളി

അനാഥത്വത്തിന്‍റെ അപാരമോഹങ്ങള്‍

എത്ര മുതിര്‍ന്നാലും ഓരോ മനുഷ്യന്‍റെയു ള്ളിലും ഒരു കുട്ടി ഒളിഞ്ഞിരിപ്പുണ്ടെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. ബാല്യം കടന്നെത്ര മുതിര്‍ന്നാലും മനുഷ്യനില്‍ നിറഞ്ഞുതൂവുന്ന ഓര്‍മ്മപ്പൂക്കളുടെ നിറവാകാം അതിനു കാരണമായിട്ടുള്ളത്. മധുര വും കയ്പ്പും ഏറിയും കുറഞ്ഞും അനുഭവിച്ചു പോന്ന ബാല്യങ്ങളുടെ ആകെത്തുകകള്‍ കണ്ണീരോടെയും പുഞ്ചിരിയോടെയും പലരും വര്‍ണ്ണിക്കുന്നതും നമ്മള്‍ കേട്ടിട്ടുമുണ്ട്. ഓരോ മനുഷ്യന്‍റെയും ബാല്യകാലം അവര്‍ ജീവിച്ചി രുന്ന സാമൂഹിക ഇടങ്ങളുടെ സ്വാധീനത്താ ലാണ് നിറം കെടുകയോ, വര്‍ണ്ണാഭമാകുകയോ ചെയ്തിട്ടുള്ളത്. അത് കുടുംബമോ, ചുറ്റുപാടോ, പഠനയിടങ്ങളോ, മറ്റെല്ലാ പൊതുഇടങ്ങളോ ആകാം എന്നാണ് കരുതുന്നത്.  പ്രത്യേകിച്ചും ഒട്ടും സുരക്ഷിതമല്ലാത്ത സാമൂഹിക സാഹചര്യങ്ങളില്‍ പിറന്നുവീണു ജീവിക്കാന്‍ നിയമിക്കപ്പെ ടുന്നവരുടെ ബാല്യകാലം അത്രതന്നെ അരക്ഷി തത്വവും ഭയവും നിറഞ്ഞതാകാം ചിലപ്പോ ഴൊക്കെ, എന്നാല്‍ അത്തരം സുരക്ഷിതമില്ലായ്മ ഉളവാക്കുന്ന അത്യപൂര്‍വ്വമായ സ്ഥൈര്യത്തില്‍ ജീവിതം ചിട്ടപ്പെടുത്തുന്നവരെയും നാം കണ്ടേ ക്കാം എന്നതും വിസ്മയകരമാണ്. ഇത്തരത്തില്‍ ബാല്യകാലത്തിന്‍റെ അപൂര്‍വ്വസുന്ദരവും അതിവിസ്മയകരവുമായ അത്യപകടകരവുമായ ജീവിതകഥ പറയുന്ന ചിത്രമാണ് 2012-ല്‍ പുറത്തിറങ്ങിയ കുര്‍ദ്ദിഷ് ഭാഷാ ചിത്രമായ ബേക്കാസ് (Bekas)

1990കളിലെ സംഘര്‍ഷഭരിതമായ മദ്ധ്യേഷ്യ യില്‍ യുദ്ധംമൂലം ഒട്ടും സുരക്ഷിതമല്ലാത്ത ജീവിത പരിസരങ്ങളാണ് നിലനിന്നിരുന്നത്. ജീവിതം ദുസ്സ ഹമായിരുന്ന അക്കാലത്ത് യുദ്ധം നിറം കെടുത്തി യിട്ടുള്ള ബാല്യങ്ങള്‍ നിരവധിയായിരുന്നു. സദ്ദാം ഹുസൈന്‍റെ നിയന്ത്രണത്തിലായിരുന്ന ഇറാക്കില്‍  ഗള്‍ഫ് യുദ്ധത്തെത്തുടര്‍ന്ന്  കുര്‍ദ്ദുകളും ഷിയാ വിഭാഗവും ഉയര്‍ത്തിക്കൊണ്ടുവന്ന എതിര്‍പ്പുകളും മറ്റ് ബാഹ്യ ഇടപെടലുകളും  കാരണം ഇറാഖിലും 1970-ല്‍ തന്നെ ഇറാഖില്‍ നിന്നും വ്യത്യസ്ത പ്രവിശ്യയായി മാറ്റപ്പെട്ട് നിലനിന്ന കുര്‍ദ്ദിസ്ഥാനിലും പ്രതിഷേധങ്ങളും അതേതുടര്‍ന്നുള്ള അസ്ഥിരതയും ഉണ്ടാക്കിക്കൊണ്ടിരുന്നു. ഇറാഖി കുര്‍ദ്ദുകള്‍ ഭൂരിപക്ഷവും സുന്നി വിഭാഗത്തിലു ള്ളതും സാമൂഹികമായി മറ്റ് ഇറാഖി മുസ്ലിം പ്രദേശങ്ങളേക്കാള്‍ കുറഞ്ഞ നിയന്ത്രണങ്ങള്‍ ഉള്ളതുമായ ജനവിഭാഗമായിരുന്നു. സദ്ദാം ഹുസൈന്‍റെ പിടിക്കപ്പെടലോടെ 2005-ല്‍ കുര്‍ദ്ദിസ്ഥാന്‍ അതിന്‍റെ സ്വയംഭരണാവകാശം ഒന്നുകൂടി അരക്കിട്ടുറപ്പിക്കുകയാണുണ്ടായത്. എന്നാല്‍ അരക്ഷിതാവസ്ഥകൊണ്ട് കാതങ്ങള്‍ പിന്നിലേക്കുപോയ ആ പ്രദേശത്ത്   നാളിതുവരെ ലോകത്ത് യുദ്ധം നടന്നിട്ടുള്ളതായ എല്ലാ പ്രദേശങ്ങളിലേതെന്നപോലെ  ബാല്യങ്ങള്‍ അനാഥമാക്കപ്പെട്ടിരുന്നു. വര്‍ണ്ണരഹിതമായ ബാല്യം ജീവിച്ചു തീര്‍ത്തിന്‍റെ ഓര്‍മ്മകള്‍ അയവിറക്കി ശിഷ്ടകാലം ജീവിക്കുന്ന നിരവധി കുര്‍ദ്ദുകള്‍ ലോകത്തിന്‍റെ വിവിധ കോണുകളില്‍ ഓര്‍മ്മകളുടെ ഭാരവും പേറി ജീവിക്കുന്നുണ്ട്.

ഇത്തരത്തില്‍ കുര്‍ദ്ദ് പ്രവിശ്യയില്‍ നഷ്ടപ്പെട്ടു പോയ തന്‍റെ ബാല്യത്തെയും പലായനത്തിന്‍റെ ഓര്‍മ്മകളെയും തിരിച്ചുപിടിക്കുകയാണ് കുര്‍ദ്ദ് സംവിധായകനായ കര്‍സാന്‍ കാദര്‍ 'ബേക്കാസ്' എന്ന ചിത്രത്തിലൂടെ ചെയ്തിട്ടുള്ളത്. 2009-ല്‍ ഇതേപേരില്‍ താന്‍ തന്നെ പുറത്തിറക്കിയ ഒരു ഹ്രസ്വചിത്രം വലിയൊരു കാന്‍വാസിലേക്ക് വിപുലപ്പെടുത്തുകയാണ് സംവിധായകന്‍ ചെയ്തിട്ടുള്ളത്. ബേക്കാസ് എന്ന ഹ്രസ്വചിത്രം ആ വര്‍ഷത്തെ സ്റ്റുഡന്‍റ് ഓസ്കാര്‍ പുരസ്കാരം നേടുകയുമുണ്ടായി.

ബേക്കാസ് എന്ന വാക്കിന് രക്ഷിതാക്കളില്ലാ ത്തവര്‍ എന്നാണ് അര്‍ത്ഥം. സനയും ഡാനയും അനാഥരായ രണ്ട് കുട്ടികളാണ്. ഷൂ പോളിഷിങ്ങ് നടത്തി ഉപജീവനമാര്‍ഗ്ഗം കണ്ടെത്തുന്ന അവര്‍ അവരുടെ പട്ടണത്തിലാദ്യമായി വന്ന സൂപ്പര്‍മാന്‍ സിനിമാ പ്രദര്‍ശനം കാണാന്‍ കഴിയാത്ത നിരാശയിലായിരുന്നു. അതിനവര്‍ കണ്ട മാര്‍ഗ്ഗം സൂപ്പര്‍ മാന്‍റെ നാടായ അമേരിക്കയിലേക്ക് പോകുക എന്നതായിരുന്നു. ഇതിനിടയില്‍ ഡാനക്ക് തന്‍റെ സുഹൃത്തായ ഹെലിയയുടെ സൗഹൃദം നഷ്ടമാ കുന്നു. സാനാ പിതാവിനെപ്പോലെ സ്നേഹിച്ചിരുന്ന ബാബാ ഖാലിദ് മരണപ്പെടുന്നു. ഭൂപടത്തിലുള്ള അമേരിക്ക തേടി മൈക്കിള്‍ ജാക്സണ്‍ എന്ന കഴുതപ്പുറത്ത് സൂപ്പര്‍മാനെ കൊണ്ടുവരുന്നതിന് അമേരിക്കയിലേക്ക് പുറപ്പെടുന്നു. എന്നാല്‍ ഡാനക്ക് അമേരിക്കയിലേക്കുള്ള യാത്രയുടെ പിന്നില്‍ മറ്റൊരുദ്ദേശ്യം കൂടി ഉണ്ടായിരുന്നു. യാത്രയില്‍ സാനയും ഡാനയും വേര്‍പിരിയുന്നു ണ്ടെങ്കിലും പിന്നീടവര്‍ വീണ്ടും കണ്ടുമുട്ടുകയും ഒത്തുചേരുകയും ചെയ്യുന്നുണ്ട്. ഒരുപക്ഷേ സിനിമാ ചരിത്രത്തില്‍ നാളിതുവരെ ചിത്രീകരിക്കപ്പെട്ടിട്ടു ള്ളതില്‍ വെച്ചേറ്റവും തീവ്രമായ ഒത്തുചേരലുകളിലൊന്നായിരിക്കും സാനയുടെയും ഡാനയുടെയും പുനസമാഗമം എന്ന് നിസംശയം പറയാന്‍ കഴിയും. സൂപ്പര്‍മാനെ കാണാനുള്ള തുടര്‍ന്നുള്ള അവരുടെ യാത്രയാണ് ചിത്രം പങ്കുവെക്കുന്നത്.

ബാല്യം ഏതൊരാളുടെയും സ്വപ്നങ്ങളെ നിര്‍ണ്ണയിക്കുന്ന പ്രാഥമിക കളരിയാണ്. തകര്‍ക്ക പ്പെടുന്ന ബാല്യങ്ങളുടെ സ്വപ്നങ്ങളുടെ നിറവും പ്രതീക്ഷകളുമെന്തെന്ന് ആരും അന്വേഷിച്ചിട്ടുള്ള തായി ചരിത്രം രേഖപ്പെടുത്തിയിട്ടില്ല, പകരം അത്തരം സ്വപ്നങ്ങളുടെ കാല്‍പ്പനിക ചിത്രീകരണ ത്തിനാണ് മുതിര്‍ന്നിട്ടുള്ളതെന്ന് കാണാം. ഡാനായുടെയും സാനയുടെയും സ്വപ്നങ്ങളുടെ വൈപുല്യവും തെളിച്ചവും ഉറപ്പും അത്ര വലുതായി രുന്നു. തങ്ങളുടെ സ്വപ്നങ്ങളുടെ വിജയപരാജയങ്ങളോ യാത്രയുടെ പരിസമാപ്തിയോ അവര്‍ പ്രതീക്ഷിച്ചതിലേറെ കഠിനമായിരുന്നെങ്കിലും അവരത് ഉപേക്ഷിക്കുന്നില്ല എന്നിടത്താണ്  അനാഥജീവിതം അവരില്‍ നിറച്ച സ്ഥൈര്യം സംസാരിക്കുന്നത് എന്ന് കാണാം.

സാനയുടെയും ഡാനയുടെയും ജീവിതത്തെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ ബേക്കാസ് 2012-ലെ ദുബായ് ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലും,  പുരസ്കാരങ്ങള്‍ നേടുകയുണ്ടായി. സ്റ്റോക്ക്ഹോം ഫിലിം ഫെസ്റ്റിവലിലും, ബാംഗ്ലൂര്‍ ഫിലിം ഫെസ്റ്റി വലിലും ചിത്രം പ്രദര്‍ശിപ്പിക്കുകയും ചെയ്തു.  സമന്ത് താഹയും സര്‍വാര്‍ ഫാസിലുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ദിയ മറിവാന്‍, സുലിമാന്‍ കരിം മൊഹമ്മദ്, ഷിര്‍വാന്‍ മൊഹമ്മദ്, അബദുള്‍ റഹിമാന്‍ മൊഹമ്മദ് എന്നിവരും മറ്റ് കഥാപാത്രങ്ങളെ മനോഹരമായി അവതരിപ്പിച്ചു.  ചിത്രത്തില്‍ ഇറാഖിലെ പ്രമുഖ ഭാഷകളിലൊന്നായ സൊറാനിയും സംസാരിക്കുന്നുണ്ട്. മനോഹരമായ റോഡ് മൂവി ചിത്രങ്ങളുടെ ഗണത്തിലേക്ക് ചേര്‍ത്തുവെക്കാവുന്ന ഒരു ചിത്രം കൂടിയാണ് ബേക്കാസ്.

അതിതീവ്രമായ ദുഃഖപര്യവസായിയായി അവതരിപ്പിക്കാന്‍ കഴിഞ്ഞേക്കുമായിരുന്ന ഒരു കഥാതന്തുവിനെ അനിതരസാധാരണമായ കയ്യടക്കം കൊണ്ട് കണ്ണീരില്‍ പൊതിഞ്ഞ ഹാസ്യ ത്തിലൂടെയാണ് സംവിധായകന്‍ പ്രേഷകര്‍ക്കു മുന്‍പില്‍ അവതരിപ്പിച്ചിട്ടുള്ളത്. തങ്ങളുടെ ജീവിതം ദുസ്സഹമാക്കുകയും തങ്ങളുടെ മാതാപിതാക്കളെ വധിക്കുകയും ചെയ്ത ഇറാഖി ഭരണാധികാരിയായ സദ്ദാം ഹുസൈനെ തകര്‍ക്കാനും തങ്ങളുടെ മാതാപിതാക്കളെ തിരികെ കൊണ്ടുവരാനും അമേരിക്കന്‍ സാങ്കല്‍പ്പിക ശക്ത കഥാപാത്രമായ സൂപ്പര്‍മാന് കഴിയുമെന്ന കുട്ടികളുടെ വിശ്വാസത്തിലും അവരുടെ പ്രവൃത്തിയിലുമാണ് ചിത്രത്തിന്‍റെ രാഷ്ട്രീയം പൂര്‍ണ്ണമാകുന്നത്. ഇത്തരത്തില്‍ രാഷ്ട്രീയം സംസാരിക്കുന്ന സിനിമകള്‍ ചരിത്ര പരമായ സവിശേഷതകള്‍ കൂടി ഉള്‍ക്കൊള്ളുന്നതാ ണെന്ന് കാണാന്‍ കഴിയും. സിനിമയുടെ തരംതിരി വുകള്‍ക്ക് അതീതമാണ് ബേക്കാസ് എന്ന ചലച്ചിത്രം എന്ന് അടിവരയിട്ട് പറയേണ്ടിയിരി ക്കുന്നു. ബേക്കാസ് ഒരേസമയം റോഡ് മൂവിയും, യുദ്ധചിത്രവുമാണ്. ഒരേസമയം ഹാസ്യപ്രധാനമു ള്ളതും, നൊമ്പരപ്പെടുത്തുന്നതുമാണ്. രാഷ്ട്രീയം സംസാരിക്കുകയും കാല്‍പ്പനികതയില്‍ വിശ്വസിക്കുകയും ചെയ്യുന്നുണ്ട്. ഇതൊക്കെത്തന്നെയാണ് മനുഷ്യജീവിതവും പ്രസരിപ്പിക്കുന്നതെന്ന് കാണാന്‍ കഴിയും. ബേക്കാസ് പോലെയുള്ള ബഹുമുഖ ചിത്രങ്ങള്‍ എണ്ണത്തില്‍ കുറവായേക്കാമെങ്കിലും അത്തരം ചിത്രങ്ങള്‍ അനുവാചകരില്‍ ഉളവാക്കുന്ന അനുഭവങ്ങള്‍ അനുപമമാണ് എന്ന് നിസംശയം പറയാന്‍ കഴിയും. 

You can share this post!

യാത്രകള്‍ ജീവിതത്തെ തൊടുന്ന നിമിഷങ്ങള്‍

അജി ജോര്‍ജ്ജ്
അടുത്ത രചന

കലയും ഭ്രാന്തും ഇഴചേര്‍ന്ന് ഉന്മാദിയായവള്‍

വിനീത് ജോണ്‍
Related Posts