news-details
കഥപറയുന്ന അഭ്രപാളി

യാത്രകള്‍ ജീവിതത്തെ തൊടുന്ന നിമിഷങ്ങള്‍

ലോകമെമ്പാടുമുള്ള ചലച്ചിത്രാസ്വാദകര്‍ ഒരു പോലെ ആസ്വദിക്കുന്ന ശ്രേണിയിലുള്ളവയാണ് റോഡ് മൂവികള്‍ അഥവാ യാത്രാസംബന്ധിയായ ചലച്ചിത്രങ്ങള്‍. പല സവിശേഷതകള്‍ കൊണ്ടും ലോകപ്രശസ്തിയാര്‍ജ്ജിച്ച റോഡ് മൂവികള്‍ ചലച്ചിത്രലോകത്ത് പിറവിയെടുത്തിട്ടുമുണ്ട്. മനുഷ്യന്‍ യാത്രകളെ ഇഷ്ടപ്പെടുന്നത് ഒരുപക്ഷേ, ആത്യന്തികമായി അവന്‍/അവള്‍ ഒരു യാത്രികന്‍/യാത്രിക ആയതുകൊണ്ടാകാം. യാത്രകള്‍ നല്‍കുന്ന ഊര്‍ജ്ജവും നിറവും അറിവും ചെറുതല്ല. ഒരോ യാത്രകളും മനുഷ്യനെ ജീവിതം പഠിപ്പിക്കു ന്നുണ്ട്. അതുവരെ ജീവിതത്തില്‍ ഒരാള്‍ പുലര്‍ത്തി പ്പോന്ന എല്ലാ ചര്യകളും, നിഷ്ഠകളും, വാശികളും, അഹംഭാവവും, സ്നേഹരാഹിത്യവും, ചതിവും, വഞ്ചനയും അങ്ങനെയെല്ലാ മനുഷ്യഭാവങ്ങളും ഒറ്റയടിക്ക് നിലംപരിശാക്കാന്‍ ഒരൊറ്റ യാത്രക്ക് കഴിഞ്ഞേക്കും എന്നത് ലോകമെമ്പാടുമുള്ള യാത്രികരുടെ അനുഭവ വിവരണങ്ങള്‍ വെളിവാക്കുന്നുമുണ്ട്.

റോഡ് മൂവി ഗണത്തില്‍\പെടുന്ന ലോകപ്രശസ്തമായ ചലച്ചിത്രങ്ങളിലൊന്നാണ് 1998-ല്‍ പുറത്തിറങ്ങിയ ബ്രസീലിയന്‍ ചലച്ചിത്രമായ സെന്‍ട്രല്‍ സ്റ്റേഷന്‍. ലോകപ്രശസ്ത ലാറ്റിനമേരിക്കന്‍ ചിത്രങ്ങളായ മോട്ടോര്‍ സൈക്കിള്‍ ഡയറീസ്, ബിഹൈന്‍ഡ് ദി സണ്‍, ഓണ്‍ ദി റോഡ്, മിഡ്നൈറ്റ്  എന്നിവയുടെ സംവിധായകനായ വാള്‍ട്ടര്‍ സാലസ് ആണ് ഈ റോഡ് മൂവിയും സംവിധാനം ചെയ്തത്. സെന്‍ട്രല്‍ സ്റ്റേഷന്‍ എന്ന ചലച്ചിത്രം വാള്‍ട്ടര്‍ സാലസിന്‍റെ ഏറ്റവും പ്രശസ്തമായ ചലച്ചിത്രമാണ്. ഈ ചിത്രം അദ്ദേഹത്തിന് ലോകപ്രശസ്ത ലാറ്റിനമേരിക്കന്‍ സംവിധായകരുടെ നിരയില്‍ സ്ഥാനം നേടിക്കൊടുത്തു.

1998-ല്‍ ബ്രസീലില്‍ പ്രധാനപ്പെട്ടതും  ചരിത്രപ്രാധാന്യമുള്ളതുമായ രണ്ട് സംഭവങ്ങള്‍ ഉണ്ടായി. ദി ഗ്രേറ്റ് വേള്‍ഡ് കപ്പ് ഫൈനല്‍ മിസ്റ്ററി എന്ന പേരില്‍ പിന്നീട് ലോകപ്രശസ്തമായ സംഭവവികാസങ്ങള്‍ അരങ്ങേറിയ ലോകകപ്പ് ഫുട്ബോള്‍ കലാശപോരാട്ടത്തില്‍ ബ്രസീല്‍ തോല്‍വിയുടെ കയ്പുനീര്‍ കുടിച്ച വര്‍ഷമായിരുന്നു അത്. അതോടൊപ്പം ഗെറ്റാലിയോ വര്‍ഗ്ഗാസ് ഭരണകൂടത്തിന്‍റെ അവസാനഭാഗമായ എസ്റ്റാവോ നോഡോ കാലഘട്ടത്തിലൊഴികെ ചരിത്രത്തില്‍ മുമ്പെങ്ങുമില്ലാത്ത തരത്തില്‍ പ്രസിഡന്‍റിന്‍റെ തുടര്‍ അധികാരസ്ഥാപനത്തിനായി ബ്രസീല്‍ പ്രസിഡന്‍റ് ഫെര്‍നാണ്ടോ കാര്‍ഡോസോ തിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചതും അതേ വര്‍ഷമായിരുന്നു. ചരിത്രപരമായ ഈ നിരാശകള്‍ ജനങ്ങള്‍ക്ക് സമ്മാനിക്കപ്പെട്ട അതേവര്‍ഷമാണ് ബ്രസീലിയന്‍ ചലച്ചിത്ര ശാഖയെ ഉന്നതികളിലെത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച ചലച്ചിത്രമായ സെന്‍ട്രല്‍ സ്റ്റേഷന്‍ പുറത്തിറങ്ങിയത് എന്നത് കാലം ഒരു ജനതക്ക് സമ്മാനിച്ച ആശ്വാസത്തിന്‍റെ കിരണങ്ങളായിരുന്നു എന്ന് കണക്കാക്കാവുന്നതാണ്.

ബ്രസീലിന്‍റെയും തലസ്ഥാനമായ റിയോ- ഡി-ജനീറോയുടെയും പഴമകള്‍ ഉള്‍ക്കൊള്ളു ന്നതും ചരിത്രപരമായി പ്രാധാന്യമുള്ളതുമായ റെയില്‍വേ സ്റ്റേഷനാണ് സെന്‍ട്രല്‍ സ്റ്റേഷന്‍ അഥവാ സെന്‍ട്രല്‍ ദോ ബ്രസീല്‍. യാത്രയുമായി ഇഴചേര്‍ന്നുകിടക്കുന്നതും റെയില്‍വേസ്റ്റേഷന്‍ പ്രധാന കഥാപരിസരവുമായതിനാലാവണം സിനിമയുടെ പേരും സെന്‍ട്രല്‍ സ്റ്റേഷന്‍ എന്ന് നല്‍കിയത്. ആളുകളെക്കൊണ്ട് തിങ്ങിനിറഞ്ഞ റെയില്‍വേ സ്റ്റേഷനും പരിസരങ്ങളും പ്ലാറ്റ്ഫോമിലെ ബഹളങ്ങളുമെല്ലാം സിനിമയില്‍ മനോഹരമായി ഇണക്കി ചേര്‍ത്തിട്ടുളളതായി കാണാം. സെന്‍ട്രല്‍ സ്റ്റേഷനിലെ പ്ലാറ്റ്ഫോമില്‍ നിരക്ഷരരായ ആളുകള്‍ക്ക് കത്തുകള്‍ എഴുതി നല്‍കിയാണ് അധ്യാപനത്തില്‍ നിന്നും വിരമിച്ച ഡോറ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്. ഡോറയുടെ മുന്‍പില്‍ എല്ലാ ദിവസവും വിവിധ പ്രായത്തിലും സ്വഭാവത്തിലുമുള്ള ആളുകള്‍ കത്തുകള്‍ എഴുതുന്നതിനായി എത്തുന്നുണ്ട്. കത്തുകള്‍ വഴിയുള്ള ആശയ വിനിമയം എത്ര മനോഹരവും ഹൃദയാവര്‍ജ്ജകവുമാണെന്ന് ഡോറക്കു മുന്നില്‍ കത്തുകള്‍ എഴുതിക്കുന്നതിനായി എത്തുന്ന മനുഷ്യരുടെ മുഖവും ഭാവങ്ങളും പ്രേക്ഷകനിലേക്കെത്തുന്നത് അതീവ ചാരുതയോടെയാണ്. ഒരു കഥ പറയുന്ന ഭാവുകത്വത്തോടെ അവരോരോരുത്തരും തങ്ങള്‍ക്ക് പറയാനുള്ളത് കടലാസിലേക്ക് പകര്‍ത്തിക്കുമ്പോള്‍ നമ്മുടെ ഹൃദയവും അതിലേക്ക് അലിഞ്ഞുചേരുന്നതായി അനുഭവിക്കാന്‍ കഴിയും.

എന്നാല്‍ കത്തുകള്‍ എഴുതിക്കാന്‍ വരുന്നവരോട് ഡോറക്ക് അത്ര ആത്മാര്‍ത്ഥതയൊന്നും ഉണ്ടായിരുന്നില്ല. അവര്‍ ചില കത്തുകള്‍ പോസ്റ്റ് ചെയ്യാതിരിക്കുകയും മറ്റ് ചില കത്തുകള്‍ അപ്പാടെ കീറിക്കളയുകയും ചെയ്തിരുന്നു. ഒരു ദിവസം ഡോറയുടെ സ്ഥിരം ഗുണഭോക്താവായിരുന്ന ജോസുവും അവന്‍റെ അമ്മയും കത്തെഴുതി തിരികെ പോകുമ്പോള്‍ ആകസ്മികമായി ഉണ്ടായ ബസപകടത്തില്‍ അമ്മ മരണപ്പെടുകയും ജോസു അനാഥനാകുകയും ചെയ്യുന്നു. ജോസു തന്‍റെ അച്ഛനെ കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലുമായിരുന്നു ജീവിച്ചിരുന്നത്. അമ്മയുടെ മരണത്തോടെ ആ പ്രതീക്ഷ ഇല്ലാതെയായ അവനെ മറ്റു വഴികളില്ലാതെ ഡോറ കൂടെ കൂട്ടുന്നു. എന്നാല്‍ അവനെ തന്‍റെകൂടെ സ്ഥിരമായി താമസിപ്പിക്കുക എന്നതില്‍ താല്‍പ്പര്യമില്ലാതിരുന്നതിനാല്‍ അവനെ ഒഴിവാക്കുന്നിനുള്ള ശ്രമങ്ങളും ഡോറ നടത്തുന്നുണ്ട്. വിജയിക്കാത്ത അത്തരം ശ്രമങ്ങള്‍ക്കൊടുവില്‍ അവര്‍ രണ്ടുപേരും അവന്‍റെ അച്ഛനെത്തേടി ബ്രസീലിന്‍റെ വടക്കുഭാഗത്തുള്ള ബോം ജീസസിലേക്ക് യാത്ര പോകുന്നു. അവിടെയെത്തുന്ന അവര്‍ അവന്‍റെ ബന്ധുക്കളെ കണ്ടെത്തുന്നു. തന്‍റെ അര്‍ദ്ധസഹോദരരോടൊപ്പം ഉറങ്ങിക്കിടക്കുന്ന ജോസുവിനെ അവിടെ ഉപേക്ഷിച്ച്  ഡോറ തിരികെ പോരുന്നു. ഉറക്കമുണര്‍ന്ന ജോസു ഡോറയെ തിരക്കി റോഡിലൂടെ ഓടുമ്പോള്‍ ഡോറ തിരികെപ്പോകുന്ന ബസില്‍ ജോസുവിനെയോര്‍ത്ത് കണ്ണീരൊഴുക്കുക യായിരുന്നു.

ഡോറയും ജോസുവും ഉള്‍പ്പെടെയുള്ള സിനിമയിലെ കഥാപാത്രങ്ങള്‍ സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നവരാണ്. സിനിമ ചിത്രീകരിച്ച കാലത്തെ ബ്രസീലിന്‍റെ സാമൂഹിക പശ്ചാത്തലം വളരെ കൃത്യമായി പ്രേക്ഷകന് അനുഭവിക്കാന്‍ കഴിയും. ജോലിയില്‍ നിന്നും വിരമിച്ചിട്ടും വരുമാനത്തിനായി മറ്റ് ജോലികള്‍ ചെയ്യേണ്ടി വരുന്നവര്‍, നിരക്ഷരരായ യുവാക്കളും, പ്രായമു ള്ളവരും, കുറ്റകൃത്യങ്ങളുടെ പെരുപ്പം തുടങ്ങി സിനിമ മുന്നോട്ടുവെക്കുന്ന സാമൂഹിക യാഥാര്‍ ത്ഥ്യങ്ങള്‍ നിരവിധിയാണ്. ഇത്രയൊക്കെ ദുരിത ങ്ങളുടെ നടുവിലും സ്നേഹത്തിന്‍റെയും കരുണയുടെയും സ്ഫുരണങ്ങള്‍ കെട്ടടങ്ങിയിട്ടില്ല എന്ന മനോഹരമായ ചിന്തയും ചിത്രം മുന്നോട്ടുവെക്കുന്നുണ്ട്.

അനിതരസാധാരണമായ കഥപറച്ചിലിലൂടെയും അതിന്‍റെ ചിത്രീകരണത്തിലൂടെയും ലോക ശ്രദ്ധയാകര്‍ഷിച്ച ചിത്രം ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരവും, ബെര്‍ലിന്‍ അന്താരാഷ്ട ചലച്ചിത്ര മേളയില്‍ ഗോള്‍ഡന്‍ ബെയര്‍ പുരസ്കാരവും നേടി. നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രം മുപ്പതോളം പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. അതുല്യമായ അഭിനയമികവു കൊണ്ട് ഡോറയെ അവതരിപ്പിച്ച ഫെര്‍നാണ്ടോ മോണ്ടിനെഗ്രോ ബെര്‍ലിന്‍ മേളയില്‍ മികച്ച അഭിനേത്രിക്കുള്ള പുരസ്കാരവും നേടി. ജോസുവിനെ അവതരിപ്പിച്ച വിനീ ഷ്യസ് ഡി ഒലിവേര  തന്‍റെ അസാധാരണ മികവാണ് ചിത്രത്തിലുടനീളം കാണിച്ചിട്ടു ള്ളത്. മരിലിയ പെര, സോയോ ലിറ, ഓഥോണ്‍ ബസ്റ്റോസ്, ഒട്ടാവിയോ അഗസ്റ്റോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അനശ്വരമാക്കിയത്.

ജോസുവിനെ വീട്ടിലുപേക്ഷിച്ച് തിരികെ പോകുന്ന ഡോറ ഒരു കത്ത് എഴുതിവെക്കുന്നുണ്ട്. നീയെപ്പോഴെങ്കിലും എന്നെ മിസ് ചെയ്താല്‍ നമ്മള്‍ ഒരുമിച്ചുള്ള ചിത്രത്തിലേക്ക് നോക്കണം, നീയെപ്പോഴങ്കിലും എന്നെ മറന്നുപോകുമെന്ന ഭയം എനിക്കുണ്ട്. എനിക്കും മറ്റാരുമില്ല എന്ന വാക്കുകള്‍ ഡോറ അവനായി കാത്തുവെ ച്ചിട്ടുണ്ടായിരുന്നു. സിനിമയുടെ അവസാന ഭാഗത്ത് ചെറിയൊരു ഫോട്ടോഫ്രെയിം മുഖേന തങ്ങളുടെ ചിത്രങ്ങള്‍ കാണുന്ന ഡോറയും ജോസുവും നമുക്ക്  സമ്മാനി ക്കുന്നത് സ്നേഹത്തിന്‍റെ കണ്ണുനീരാണ്. തെളിമയുള്ള ചലച്ചിത്രങ്ങളുടെ പട്ടികയിലേക്ക് ചേര്‍ത്തുവെക്കേണ്ടതും തീര്‍ച്ചയായും കണ്ടിരിക്കേണ്ടതുമായ സിനിമകളില്‍ ഒന്നാണ് സെന്‍ട്രല്‍ സ്റ്റേഷന്‍ എന്നത് തര്‍ക്കമില്ലാത്ത സംഗതിയാണ്.

You can share this post!

യുദ്ധം - അര്‍ത്ഥപൂര്‍ണ്ണമായി നിര്‍വചിക്കപ്പെടേണ്ട യാഥാര്‍ത്ഥ്യം

അജി ജോര്‍ജ്ജ്
അടുത്ത രചന

ധീരതയുടെ പ്രതിധ്വനികള്‍

വിനീത് ജോണ്‍
Related Posts