സമാധാനത്തെക്കുറിച്ച് ലോകത്തെല്ലായിടത്തും ഒരേപോലെയാണ് ജനങ്ങള്‍ സംസാരിക്കുന്നത്. യുദ്ധം വ്യക്തികളുടെ മാത്രമല്ല, ഒരു സമൂഹത്തിന്‍റെയാകെ പുഞ്ചിരിയാണ് റദ്ദ് ചെയ്യുന്നത്. തലേദിവസംവരെ കിടക്കയില്‍ സ്വസ്ഥതയോടെ ഉറങ്ങിയിരുന്നവര്‍ പുലര്‍ച്ചെ യുദ്ധമുഖത്തേക്ക് ആനയിക്കപ്പെടുന്നതിന്‍റെ ഭീകരതയാണ് ലോകത്തിലെ ഏറ്റവും ജീവിത അനിശ്ചിതത്വങ്ങളില്‍ പ്രഥമമായിട്ടുള്ളത്. പണ്ടുകാലങ്ങളില്‍ പട്ടിണിയുടെ ക്രൂരതയെ അതിജീവിക്കുന്നതിന് യുദ്ധമുഖത്തേക്ക് പോയ ജനതകളുടെ ജീവിതം നമ്മള്‍ വായിച്ചുകേട്ടിട്ടുണ്ട്. വ്യക്തികളുടെ ജീവിതം യുദ്ധ ത്തിനപ്പുറം പ്രകാശിപ്പിക്കപ്പെട്ടേക്കാമെന്നുള്ള പ്രതീക്ഷകളിലാണ് അത്തരം സാഹചര്യങ്ങളില്‍ അതിജീവിക്കപ്പെടാനുള്ള രാജ്യത്തിന്‍റെ പോരാട്ടത്തിന് മൂര്‍ച്ച കൂടുന്നത്. ഒരുപക്ഷേ ഏറ്റവും മികച്ച പ്രലോഭനങ്ങളിലൊന്നാകണം യുദ്ധമുഖത്തേക്കുള്ള ഇത്തരം ക്ഷണങ്ങള്‍. യുദ്ധം പരാമര്‍ശിക്കുന്ന ചലച്ചിത്രങ്ങളും ഇതുകൊണ്ടുതന്നെയാകണം ലോക ശ്രദ്ധ പിടിച്ചുപറ്റിയിട്ടുള്ളതും. അത്തരം ചിത്രങ്ങള്‍ യുദ്ധങ്ങളെത്തന്നെ പുനര്‍വായിക്കുന്ന രീതി യുദ്ധാനന്തരകാലത്ത് ഉണ്ടായിട്ടുമുണ്ട്. ഇത്തരം ചിത്രങ്ങളുടെ പശ്ചാത്തലത്തില്‍ പല യുദ്ധഹേതുക്കളും യുദ്ധമുണ്ടായതിനെ (ഉണ്ടാക്കിയതിനെ) ഓര്‍ത്ത് വിലപിക്കുന്നതും നാം കണ്ടിട്ടുണ്ട്. യുദ്ധം കൊണ്ടുണ്ടാകുന്നത് നഷ്ടമോ ലാഭമോ എന്നത് യുദ്ധത്തിന് വിധേയമായവരുടെയും വിധേയമാക്കിയവരുടെയും കാഴ്ചപ്പാടുകള്‍ക്ക് അനുസൃതമായിട്ടായിരിക്കും അളക്കപ്പെടുക എന്നത് ഏറ്റവും വലിയ ആഭാസവുമാണ്.
യുദ്ധ-രാഷ്ട്രീയ ചിത്രങ്ങള്‍ക്ക് ചലച്ചിത്രത്തിന്‍റെ പിറവിയോളം പഴക്കമുണ്ടെന്ന് കാണാം. കാരണം, മനുഷ്യചരിത്രത്തിന്‍റെ പിറവിയോളം യുദ്ധത്തിന് അതിന്‍റെ ചരിത്രാവശേഷിപ്പുകള്‍ കണ്ടെത്താന്‍ കഴിയും എന്നതു തന്നെയാവണം അതിന്‍റെ കാര ണം. യുദ്ധം ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍ എല്ലാക്കാലത്തും മനുഷ്യനെ ആകര്‍ഷിച്ചു കൊണ്ടിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. കാല-ദേശ-ഭാഷ എന്നിവക്കപ്പുറമായി മനുഷ്യര്‍ സൃഷ്ടിച്ച സമൂഹത്തിന്‍റെ മറ്റ് ഉള്‍പ്പിരിവുകളുടെ പേരിലും യുദ്ധം എപ്പോഴും മനുഷ്യനെ ചൂഴ്ന്ന് നില്‍പ്പുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ചല ച്ചിത്രങ്ങള്‍ക്കും ആ യാഥാര്‍ത്ഥ്യത്തില്‍ നിന്നും പിന്തിരിഞ്ഞുനില്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. ഷിന്‍ഡേ ഴ്സ് ലിസ്റ്റ്, ബ്രിഡ്ജ് ഓണ്‍ ദി റിവര്‍ ക്വായി, സേവിങ്ങ് പ്രൈവറ്റ് റിയാന്‍, ഇന്‍ഗ്ലോറിയസ് ബാസ്റ്റാഡ്സ്, പാന്‍സ് ലാബിറിന്ത്, പാത്ത്സ് ഓഫ് ഗ്ലോറി, റാന്‍, ലെറ്റേഴ്സ് ഫ്രം ഇവോ ജിമ, കഴ്സ് ഓഫ് ദി ഗോള്‍ഡന്‍ ഫ്ലവര്‍, ദി ഹര്‍ട്ട് ലോക്കര്‍, മൈ ബെസ്റ്റ് എനിമി, വെന്‍ ദി മൗണ്ടന്‍സ് ട്രെംബിള്‍ തുടങ്ങിയ ലോകോത്തര ക്ലാസിക്ക് സിനിമകള്‍ നമ്മള്‍ കാണുകയും കേള്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ ലോക ക്ലാസിക്കുകളുടെ നിരയിലേക്ക് ഉയര്‍ന്നേക്കാവുന്ന സിനിമാ നിര്‍മ്മിതിയാണ് 2023-ല്‍ ഓസ്കാര്‍ പുരസ്കാരം നേടിയ ഓള്‍ ക്വൈറ്റ് ഇന്‍ ദി വെസ്റ്റേണ്‍ ഫ്രണ്ട് എന്ന ജര്‍മ്മന്‍ ചലച്ചിത്രം.
യുദ്ധത്തേക്കുറിച്ച് കേള്‍ക്കുന്ന ജനങ്ങള്‍ക്ക് പലപ്പോഴും അത് യുദ്ധപ്രദേശത്തും യുദ്ധനിഴല്‍ പ്രദേശത്തും നിര്‍മ്മിച്ചെടുക്കുന്ന കെടുതികളെക്കുറിച്ച് പരിമിതമായ ധാരണകള്‍ മാത്രമാണ് ഉണ്ടാകുന്നത് എന്ന് കാണാന്‍ കഴിയും. അല്ലെങ്കില്‍ യുദ്ധത്തെ യഥാര്‍ത്ഥമായി മനസിലാക്കുന്നതിന് പരിശ്രമിക്കാത്തതും അതിന് കാരണമായേക്കാം. മുന്നേറ്റത്തിന്‍റെ വഴി മാത്രം കേട്ടു ശീലിച്ച ആളുകള്‍ യുദ്ധത്തില്‍ ചേരണമെന്ന് ആഗ്രഹിക്കുന്നതും സ്വാഭാവികമാണ്. ആകസ്മികമായി ചില പ്രത്യേക സാഹചര്യങ്ങളില്‍ യുദ്ധത്തില്‍ ചേരേണ്ടിവരുന്ന സാഹചര്യങ്ങളും ഉണ്ടാകാറുണ്ട്.
ഒന്നാം ലോകമഹായുദ്ധം ആരംഭിച്ച 1914-ല്‍ ജര്‍മ്മനിയും അതിന്‍റെ ഭാഗമായിതീര്‍ന്നു. പതിനേഴു കാരനായ പോള്‍ ബോമറും സഹപാഠികളായ ആല്‍ഫ്രഡ് ക്രോപ്പും, ഫ്രാന്‍സ് മുള്ളറും, ലുഡ്വിഗ് ബെം എന്നിവരും യുദ്ധമുന്നണിയിലേക്ക് ചേര്‍ക്കപ്പെടുന്നു. സൈനികരുടെ പോരാട്ടത്തിന്‍റെ കഥകളില്‍ ആകൃഷ്ടരായിട്ടാണ് അവര്‍ യുദ്ധത്തിന്‍റെ ഭാഗമാകുന്നതിന് തീരുമാനിക്കുന്നത്. യുദ്ധത്തില്‍ അണിചേരുന്നതിന് മുന്‍പ് പോളിന്‍റെ ആഗ്രഹം യുദ്ധാനന്തരം ഒരു വാഴ്ത്തപ്പെടുന്ന പോരാളിയായും ഹീറോയായും മാറുക എന്നുള്ളതായിരുന്നു. എന്നാല്‍ യുദ്ധമുന്നണിയില്‍ ചേര്‍ന്നതിനു ശേഷമാണ് പോളിന് യുദ്ധത്തിന്‍റെ യാഥാര്‍ത്ഥ്യം ബോധ്യമാകുന്നത്. യുദ്ധത്തില്‍ വാഴ്ത്തപ്പെടുക എന്നതിനപ്പുറം അതിജീവിക്കുക എന്നതാണ് ഒരു സൈനികന്‍റെ മുന്നിലുള്ള ഏറ്റവും പ്രയാസകരമായ സംഗതി എന്നത് അയാള്‍ക്ക് ബോദ്ധ്യമാകുകയും ചെയ്യുന്നുണ്ട്. യുദ്ധത്തിന്‍റെ ആദ്യ ദിനങ്ങളില്‍ തന്നെ പോളിന് സുഹൃത്തായ ലുഡ്വിഗിനെ നഷ്ടമാ കുന്നു. യുദ്ധത്തിന്‍റേത് തങ്ങള്‍ ഇതുവരെ മനസി ലാക്കിയ പ്രണയഭരിതമായ ഓര്‍മ്മകളല്ല മറിച്ച് അതിനിഗൂഡമായതും കയ്പ്പേറിയതുമായതുമാണെന്നും രക്തരൂക്ഷിതവും ദയാരാഹിത്യം നിറഞ്ഞതുമാണെന്നും പോളിന് ബോദ്ധ്യമാകുന്നു. മരണംപോലും ചരിത്രത്തില്‍ കുറിച്ചുവെക്കാന്‍ കഴിയാത്ത രീതിയില്‍ പോള്‍ യുദ്ധമുന്നണിയുടെ ഓര്‍മ്മകളില്‍ നിന്നും നിഷ്കാസിതനാവുകയാണ് ചെയ്യുന്നത്.
1929-ല്‍ പുറത്തിറങ്ങിയ എറിക്ക് മരിയ റിമാര്‍ക്ക് എന്ന സൈനികന്‍റെ ഇതേപേരിലുള്ള പുസ്തക ത്തിന്‍റെ മൂന്നാമത്തെ ചലച്ചിത്രാവിഷ്കാരമാണ് 2022-ല്‍ പുറത്തിറങ്ങിയ ഈ ചിത്രം. എഡ്വാര്‍ഡ് ബെര്‍ഗര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഫെലി ക്സ് കാര്‍മ്മറെര്‍, ആല്‍ബര്‍ട്ട് ഷ്യൂച്ച്, ഡാനിയല്‍ ബ്രൂള്‍ എന്നിവരാണ് പ്രധാനവേഷങ്ങളില്‍ അഭിനയിച്ചത്. ടൊറൊന്‍റോ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ആദ്യമായി പ്രദര്‍ശിപ്പിച്ച ചിത്രം 2022-ലെ ഏറ്റവും മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള അക്കാദമി അവാര്‍ഡ് ഉള്‍പ്പെടെ നാല് പുരസ്കാരം നേടുകയുണ്ടായി. ബ്രിട്ടീഷ് അക്കാദമി ഫിലിം അവാര്‍ഡുകളില്‍ ഏഴെണ്ണം നേടുന്നതിനും ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്. മികച്ച ചിത്രത്തിനുള്ള ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരവും ചിത്രം നേടിയിട്ടുണ്ട്. നിരവധി അന്തര്‍ദേശീയ ചലച്ചിത്രോല്‍സവങ്ങളില്‍ ചിത്രം പ്രദര്‍ശിപ്പിക്കു കയും പുരസ്കാരങ്ങള്‍ നേടുകയും ചെയ്തിട്ടുണ്ട്.
മുന്‍പ് പുറത്തിറങ്ങിയ രണ്ട് ചിത്രങ്ങളേക്കാളുപരി ഈ ചിത്രം യുദ്ധത്തിന്‍റെ നിഷ്ഫലതയെ യാണ് അതിതീവ്രമായിട്ട് ചിത്രീകരിച്ചിട്ടുള്ളത്. യുദ്ധം കൊണ്ട് യാതൊന്നും നേടാന്‍ സാധിക്കില്ലാ യെന്ന് ചിത്രം അടിവരയിട്ടുറപ്പിക്കുന്നു. ചിത്രം യുദ്ധ വിരുദ്ധത മാത്രമല്ല പ്രസ്താവിക്കുന്നത്, യുദ്ധാനന്തരമുള്ള ഏകാന്തതയും കടുത്ത നൈരാശ്യവും കൂടിയാണ്. ചിത്രത്തിന്‍റെ നിര്‍മ്മിതിയും അവലംബമായ പുസ്തകവും തമ്മിലുള്ള ചില വ്യതിയാനങ്ങള്‍ വിമര്‍ശനവിധേയമായിട്ടുണ്ടെങ്കിലും അതൊന്നും ചിത്രത്തിന്‍റെ ശോഭ കെടുത്തുന്നില്ല എന്നുതന്നെ പറയേണ്ടിവരും.
യുദ്ധം ഇല്ലാതാക്കുന്നത് രാജ്യങ്ങളെ മാത്രമല്ല, അതിന്‍റെ ഏറ്റവും ചെറിയ കണ്ണിയായ മനുഷ്യനെ തന്നെയാണ്. എല്ലാത്തരം യുദ്ധങ്ങളും എതിര്‍ക്കപ്പെടേണ്ടതാണെന്നത് തര്‍ക്കമറ്റ സംഗതിയാണ്. യുദ്ധം കണ്ണീരും ചോരയുമല്ലാതെ മറ്റൊന്നും നേടിത്തരുന്നില്ല, നഷ്ടപ്പെടുത്തുന്നതോ ജീവനും, ജീവിതവും അസ്തിത്വവും അവനവന്‍ ജീവിച്ചുവന്ന സംസ്കാരവും മാത്രമാണ്. യുദ്ധത്തെ പ്രണയിക്കുന്നതിനപ്പുറം ജീവിതത്തിന്‍റെ കരുത്തിനെ പുണരുന്നതാണ് ഒരേപോലെ കാല്‍പ്പനികവും യാഥാര്‍ത്ഥ്യവും എന്നത് ഈ ചലച്ചിത്രം കണ്ടു തീരുമ്പോള്‍ ഓരോ പ്രേക്ഷകനിലും ഉണരേണ്ട വസ്തുതയാണ്. നഷ്ടവും യാതനകളും സ്വാഭാവികമായി ജീവിതത്തിലുണ്ടാകട്ടെ, ഒരിക്കലും അത് ഒരു യുദ്ധത്തിലൂ ടെയാകാതിരിക്കട്ടെ എന്ന ചിന്ത ചിത്രത്തിന്‍റെ കാണലിലൂടെ ഉണര്‍ന്നെണീക്കും എന്നത് പ്രത്യാശക്ക് വക നല്കുന്നതാണ്.