news-details
കവർ സ്റ്റോറി

ആദിവാസി അവകാശസംരക്ഷണത്തിനൊരു മാര്‍ഗ്ഗരേഖ

ആമുഖം

അടുത്തയിടെ, ഒരു വര്‍ത്തമാനപത്രത്തില്‍ അമ്പരപ്പോടെ കണ്ട ഒരു തലക്കെട്ട് ഇപ്രകാരമായിരുന്നു: ڇ'ആദിവാസികളുടെ ഇടയില്‍ ആത്മഹത്യകള്‍ വര്‍ദ്ധിക്കുന്നു.' വിശദാംശങ്ങളിലേക്ക് കണ്ണോടിച്ചപ്പോള്‍, എന്‍റെ അയല്‍പക്കത്ത് കഴിഞ്ഞ ദിവസം നടന്ന തൂങ്ങിമരണമായിരുന്നു ആദിവാസി ആത്മഹത്യകളില്‍ ഏറ്റവും ഒടുവിലത്തേത് എന്നും മനസ്സിലായി.

ആദിവാസികളും അവരുടെ വിശേഷങ്ങളും പത്രമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത് അവര്‍ ഇരകളാകുമ്പോളോ അവര്‍ക്കായുള്ള പദ്ധതികളില്‍ വെട്ടിപ്പുകള്‍ നടക്കുമ്പോഴോ മാത്രമാണ്. സാമൂഹിക സാമ്പത്തിക രാഷ്ട്രീയ സാംസ്കാരിക മേഖലകളില്‍ അവരെക്കുറിച്ചുള്ള വാര്‍ത്തകള്‍ തീര്‍ത്തും വിരളമായേ കാണാറുള്ളൂ. ആ മേഖലയിലൊന്നും തന്നെ അവര്‍ക്ക് സ്വാധീനവും സാന്നിദ്ധ്യവുമില്ലാത്തതുകൊണ്ടു തന്നെയാണിത്. സംസ്ഥാന ജനസംഖ്യയില്‍ തികച്ചും ന്യൂനപക്ഷമായി (1.1%) കാസര്‍ഗോഡു മുതല്‍ കന്യാകുമാരി വരെ 38 ഓളം വിഭാഗങ്ങളിലായി ഇവര്‍ ചിതറിക്കിടക്കുന്നു. ഈ ജനതയെ സാമൂഹികമായി സംഘടിപ്പിച്ച, സ്വത്വരാഷ്ട്രീയ ശൈലിയില്‍ ശാക്തീകരിച്ച് നിയമപരമായ അവകാശങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ക്കുമായി വിലപേശാന്‍ തക്ക കരുത്തിലേക്ക് വളര്‍ത്താന്‍, ഇവര്‍ക്കിടയില്‍ നേതൃത്വമില്ലാത്തത് വലിയ പരിമിതിയായിത്തന്നെ ഇന്നും തുടരുന്നു.

ആദിവാസികള്‍ക്ക് ചുറ്റുമുള്ള പൊതു സമൂഹമാവട്ടെ അന്തസ്സും അഭിമാനവും അവകാശങ്ങളുമുള്ള ഒരു ജനതയെന്ന നിലയില്‍ ഇവരെ കാണുവാന്‍ ഇനിയും മനസ്സു കാട്ടിയിട്ടില്ല. ഇന്ത്യന്‍ ഭരണഘടന മുതല്‍ കേന്ദ്രത്തിലും കേരളത്തിലും ഓരോരോകാലത്ത് ഭരണം നടത്തിയിട്ടുള്ള സര്‍ക്കാരുകള്‍ നിയമ നിര്‍മ്മാണങ്ങളിലൂടെയും നിരവധി ഉത്തരവുകളിലൂടെയും ആദിവാസികളുടെ സംരക്ഷണത്തിനും വളര്‍ച്ചയ്ക്കും വികസനത്തിനുമായി ഒട്ടു വളരെ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്, ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നുമുണ്ട്. അവയൊന്നും ഉദ്ദേശിച്ച ഫലം കണ്ടെത്തുന്നില്ല എന്നത് വൈരുധ്യമായി തുടരുന്നു.

അവകാശങ്ങളെക്കുറിച്ചുള്ള അജ്ഞത

വയനാട്ടില്‍ നടന്ന ചില പഠനങ്ങളില്‍നിന്നും മനസ്സിലാക്കാന്‍ കഴിയുന്നത് അവകാശാനുകൂല്യങ്ങള്‍ കിട്ടേണ്ട ആദിവാസികള്‍ക്കും അത് അവരില്‍ എത്തിക്കേണ്ട കീഴ്‌മേലുദ്യോഗസ്ഥർക്കും  സന്നദ്ധ സംഘടനകള്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും ഒന്നും തന്നെ ആഗോളതലത്തിലോ ദേശീയതലത്തിലോ സംസ്ഥാനതലത്തിലോ ഉണ്ടായിട്ടുള്ള പ്രഖ്യാപനങ്ങളെക്കുറിച്ചോ, നിയമങ്ങള്‍, സര്‍ക്കാര്‍ ഉത്തരവുകള്‍ എന്നിവയെക്കുറിച്ചോ ആവശ്യത്തിനു വേണ്ട അറിവുകള്‍ ഇന്നില്ല എന്നാണ്. അച്ചടിമാധ്യമങ്ങളുടെ വ്യാപനം ആദിവാസികള്‍ക്കിടയില്‍ തുലോം പരിമിതമാണെന്നതും പൊതുസമൂഹവുമായുള്ള ഇടപെടല്‍ നന്നേ കുറവായതുമാണ് ഈ അജ്ഞതയ്ക്ക് കാരണം. ഇലക്ട്രോണിക് മാധ്യമങ്ങള്‍ക്ക് (ഉദാ; ടിവി) ആദിവാസികള്‍ക്കിടയില്‍ മെച്ചപ്പെട്ട സ്വാധീനമുണ്ടെ ങ്കിലും, സിനിമകള്‍ക്കും സീരിയലുകള്‍ക്കുമാണ് പ്രേക്ഷകര്‍ ഏറെയുള്ളത്. ഒരു വിഭാഗം ജനങ്ങള്‍ അരക്ഷിതരും ആശ്രിതരുമായിക്കഴിയുന്നത് ചിലരുടെയൊക്കെ ഉപജീവനത്തിനും നിലനില്‍പിന്നും ആവശ്യമായതിനാല്‍ ഈ മേഖലയില്‍ രാഷ്ട്രീയ ഇച്ഛാശക്തിയും പ്രവര്‍ത്തനങ്ങളില്‍ ആര്‍ജവവും കാട്ടാന്‍ ഉദ്യോഗസ്ഥ-രാഷ്ട്രീയ മേഖലയിലുള്ളവര്‍ മടിക്കുന്നു.

പട്ടിക ജാതി/വര്‍ഗ്ഗ പീഡന നിരോധനനിയമം (1989) ആദിവാസികളുടെയും പട്ടികജാതിക്കാരുടെയും പൗരാവകാശ രംഗത്ത് വിപ്ലവകരമായ പരിവര്‍ത്തനങ്ങള്‍ കൊണ്ടുവരുമെന്ന പ്രതീക്ഷ ഏതാണ്ട് അസ്ഥാനത്തായി കഴിഞ്ഞു. വയനാട് ജില്ലയില്‍ ഈ നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസ്സുകളെക്കുറിച്ച് 2007 ല്‍ നടത്തിയ പഠനത്തില്‍ നിന്നു മനസ്സിലായത് കേവലം 6%  കേസ്സുകളില്‍ മത്രമാണ് പ്രതികള്‍ ശിക്ഷിക്കപ്പെട്ടത് എന്നാണ്. ഇപ്രകാരമുള്ള ഒരു നിയമത്തെക്കുറിച്ച് ആദിവാസികള്‍ക്കിടയില്‍ വ്യാപകമായ അറിവ് ഇല്ലെന്നും പഠനങ്ങളില്‍ കണ്ടെത്തുകയുണ്ടായി.

വിദ്യാഭ്യാസമാണ് പോംവഴി

ഭരണഘടനയുടെ 350 എ വകുപ്പില്‍ ഭാഷാ ന്യൂനപക്ഷങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസം അവരുടെ തന്നെ മാതൃഭാഷയിലായിരിക്കണമെന്ന് അനുശാസിക്കുന്നുണ്ടെങ്കിലും അത്തരത്തിലുള്ള ഒരു സ്കൂള്‍ ആദിവാസികള്‍ക്കായി കേരളത്തില്‍ ഇനിയും ഉണ്ടായിട്ടില്ല. വ്യത്യസ്തമായ ഭാഷയും സംസ്കാരവുമായി അക്ഷരങ്ങളുടെ തിരുമുറ്റത്തേക്ക് കടന്നുവരുന്ന ആദിവാസി കുട്ടികള്‍ വിവേചനങ്ങള്‍ക്കും ഒറ്റപ്പെടലുക ള്‍ക്കും വിധേയരായി പഠനവഴികളില്‍ കൊഴിഞ്ഞു പോയിക്കൊണ്ടിരിക്കുന്നു. ഒഡീഷയില്‍ വളരെ വിജയകരമായി നടത്തിവരുന്ന കലിംഗ ആദിവാസി യൂണിവേഴ്സിറ്റിയുടെ ചുവടുപിടിച്ച്, കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആദിവാസികള്‍ അധിവസിക്കുന്ന വയനാട്ടില്‍ ഇത്തരത്തിലുള്ള ഒരു സ്ഥാപനം ആരംഭിക്കാനുള്ള നീക്കങ്ങള്‍ക്ക് മന്ത്രി പി.കെ. ജയലക്ഷ്മി തുടക്കം കുറിച്ചിരിക്കുന്നു എന്നത് വളരെ പ്രതീക്ഷ നല്കുന്നു.

വികസന സമീപനം മാറണം

ഐക്യരാഷ്ട്ര സംഘടന 2007 ല്‍ പുറത്തിറക്കിയ തദ്ദേശീയ ജനതകള്‍ക്കായുള്ള അന്താരാഷ്ട്ര അവകാശ പ്രഖ്യാപനത്തില്‍, ആദിവാസികളുടെ തനിമയും സംസ്കാരവും സ്വത്വവും നിലനിര്‍ത്തി ക്കൊണ്ടുള്ള ഒരു വികസനമായിരിക്കണം അവര്‍ക്കായി വിഭാവനം ചെയ്യേണ്ടത് എന്ന് വ്യക്തമായി നിഷ്കര്‍ഷിച്ചിട്ടുണ്ടെങ്കിലും ഈ സമീപനം നമ്മുടെ നാട്ടില്‍ അന്യമാണ് ഇപ്പോഴും. ആദിവാസികള്‍ അവരുടെ സ്വത്വവും തനിമയും വിട്ടുപേക്ഷിച്ച് മുഖ്യധാരാ സമൂഹത്തില്‍ ഇഴുകിച്ചേര്‍ന്നാലേ അവര്‍ പുരോഗ മിക്കൂ എന്നു വിശ്വസിക്കുന്ന ഉദ്യോഗസ്ഥ/രാഷ്ട്രീയ നേതൃത്വമാണ് നമുക്കുള്ളത്. ഇങ്ങനെ പോയാല്‍ അവശേഷിക്കുന്ന ആദിവാസികളും ഒരു ജനത എന്ന നിലയില്‍ അന്യം നിന്നുപോകുന്ന കാലം അതിവിദൂരമല്ല.

നിയമസംരക്ഷണം അപര്യാപ്തം

ഇന്ത്യന്‍ ജൂഡീഷ്യറിയും അതിന്‍റെ വിവിധ സംവിധാനങ്ങളും അതിലെ നടപടിക്രമങ്ങളുമൊക്കെ ഈ ജനതയുടെ പരമ്പരാഗതമായ തര്‍ക്കപരിഹാര സംവിധാനങ്ങളിലും നടപ്പു ക്രമങ്ങളിലും നിന്നൊക്കെ വളരെ വ്യത്യസ്തമാണ്. അതിനാല്‍ത്തന്നെ പ്രശ്നങ്ങളുണ്ടാകുമ്പോള്‍ ഇവയെ സമീപിക്കാനുള്ള ഒരു വിമുഖത അവരില്‍ കാണുന്നുണ്ട്; വലിയ പരിധിയോളം ഇത് ന്യായീകരിക്കാവുന്നതുമാണ്.

ഫോറസ്റ്റ് കേസില്‍ പ്രതിയായി കോടതിയില്‍ ഹാജരാക്കിയ ആദിവാസി യുവാവിനോട് കുറ്റപത്രം വായിച്ചു കേള്‍പ്പിച്ച ശേഷം (വീട്ടിലേക്കാവശ്യമായ വിറകുശേഖരിച്ചതായിരുന്നു കുറ്റം) ഈ കുറ്റം ചെയ്തിട്ടുണ്ടോ എന്നു മജിസ്ട്രേറ്റ് ചോദിച്ചപ്പോള്‍ സ്വതസിദ്ധമായ നിഷ്കളങ്കതയോടെ 'ഉണ്ട്' എന്ന് ഉത്തരം നല്കി. ആദിവാസി രീതിക്കളെകുറിച്ച് അല്പമൊക്കെ അറിയാമായിരുന്ന മജിസ്ട്രേറ്റ് നിയമം അനുശാസിക്കുന്ന ശിക്ഷ നല്കി പ്രതിയെ തുറങ്കിലടയ്ക്കാതെ കേസ് പാസ്സ്ഓവര്‍ ചെയ്തതും, അഭിഭാഷകനോട് വേണ്ട രീതിയില്‍ അയാളെ ഇന്‍സ്ട്രക്റ്റ് ചെയ്യാനാവശ്യപ്പെട്ടതും ഞാനോര്‍ക്കുന്നു.

സ്വത്വരാഷ്ട്രീയത്തിന്‍റെ അനിവാര്യത

രാഷ്ട്രീയമായും സാമുദായികമായും കേരളത്തിലെ ആദിവാസികള്‍ څഒരു ജനതയായി ഒത്തുനിന്നാല്‍ മാത്രമേ സമകാലിക ജനാധിപത്യ സമൂഹത്തില്‍ അവര്‍ക്ക് നിലനില്പും വളര്‍ച്ചയുമുണ്ടാവുകയുള്ളൂ. ഇന്നവര്‍ ജാതികളിലും രാഷ്ട്രീയ പാര്‍ട്ടികളിലും വേര്‍പെട്ടുനില്‍ക്കുന്നതിനാല്‍ ഒരു വോട്ട് ബാങ്ക് എന്ന നിലയില്‍ വിലപേശാന്‍ സാധിക്കാതെ ബലഹീനരായി തുടരുകയാണ്. എത്രമാത്രം സഹായ പദ്ധതികളു ണ്ടായാലും അവസാന വിശകലനത്തില്‍ രാഷ്ട്രീയമായും സാമൂഹികമായും ആദിവാസികള്‍ ശാക്തീകരിക്കപ്പെടുകയും സംഘടിതരാവുകയും ചെയ്താല്‍ മാത്രമേ അവര്‍ക്ക് നിലനില്‍പും പുരോഗതിയും ഉണ്ടാവൂ.

You can share this post!

ഇരുളിനെ പഴിക്കാതെ പ്രകാശത്തെ പിന്‍തുടരാനുള്ള ആഹ്വാനം

പ്രൊഫ. എം. കെ. സാനു
അടുത്ത രചന

സമാധാനം

ജെര്‍ളി
Related Posts