news-details
അഭിമുഖം

സഭ 200 വര്‍ഷം പിന്നില്‍

എന്തുകൊണ്ട് നാം ഇളകുന്നില്ല? എന്തിന് നാം ഭയക്കണം?

* സഭയുടെ ഇപ്പോഴത്തെ അവസ്ഥയെ അങ്ങ് എങ്ങനെയാണ് കാണുന്നത്?
 
സമ്പദ്സമൃദ്ധമായ യൂറോപ്പിലും അമേരിക്കയിലും സഭയിന്ന് വളരെ ക്ഷീണിതയാണ്. നമ്മുടെ സംസ്കാരം കാലഹരണപ്പെട്ടിരിക്കുന്നു; നമ്മുടെ ദേവാലയങ്ങള്‍ വലുതാണ്; നമ്മുടെ സന്ന്യാസഭവനങ്ങള്‍ ശൂന്യമാണ്; സഭയുടെ അധികാരസ്ഥാപനങ്ങള്‍; വളര്‍ന്നുകൊണ്ടിരിക്കുന്നു; നമ്മുടെ ആചാരാനുഷ്ഠാനങ്ങളും തിരുവസ്ത്രങ്ങളും ആഡംബരപൂര്‍ണ്ണമാണ്. സത്യത്തില്‍ ഇവയെല്ലാം നാമിന്ന് എന്തായിരിക്കുന്നു എന്നല്ലേ കാണിക്കുന്നത്?... ഈ സമ്പദ്സമൃദ്ധി നമ്മെ ആകുലപ്പെടുത്തുന്നു. തന്‍റെ ശിഷ്യനാകാന്‍ യേശു വിളിച്ചപ്പോള്‍ ആകുലചിത്തനായി തിരിച്ച് മടങ്ങിയ ധനവാനായ ചെറുപ്പക്കാരനെപ്പോലെയാണ് ഇന്ന് നാം. എല്ലാം പെട്ടെന്ന് ഉപേക്ഷിക്കാന്‍ എളുപ്പമല്ലെന്ന് എനിക്കറിയാം. ചുരുങ്ങിയപക്ഷം സ്വതന്ത്രരും സഹജീവികളോട് ഏറെ ഹൃദയാടുപ്പം സൂക്ഷിച്ചിരുന്നവരുമായ ബിഷപ്പ് റോമേരോയെയും എല്‍സാല്‍വദോറിലെ ജെസ്യൂട്ട് രക്തസാക്ഷികളെയും പോലുള്ളവരുടെ പാതകള്‍ നമുക്ക് പിന്തുടര്‍ന്നുകൂടെ? എവിടെപ്പോയി നമ്മെ പ്രചോദിപ്പിക്കാനാവുന്ന ഇത്തരം ജീവിതങ്ങള്‍? സ്ഥാപനത്തിന്‍റെ കെട്ടുപാടുകള്‍ കൊണ്ട് നാം അവരെ ഒരിക്കലും പരിമിതപ്പെടുത്തരുത്.

* ആര്‍ക്കിന്ന് സഭയെ സഹായിക്കാനാകും?

ചാരത്തില്‍ മൂടപ്പെട്ട കനല്‍ക്കട്ടയുടെ പ്രതീകത്തെ ഫാ. കാള്‍ റാണര്‍ ഉപയോഗിച്ചിട്ടുണ്ട്. സഭയിലിന്ന് കനല്‍ക്കട്ടയ്ക്ക് മുകളില്‍ ഒത്തിരി ചാരങ്ങള്‍ കാണുമ്പോള്‍ ഒരുതരം വ്യക്തിപരമായ അശക്തിയില്‍ ഞാന്‍ അസ്വസ്ഥനാകാറുണ്ട്. സ്നേഹാഗ്നിയെ പുനരുജ്ജീവിപ്പിക്കാന്‍ എങ്ങനെ ഈ കനല്‍ക്കട്ടയിലെ ചാരം മാറ്റിയെടുക്കാനാവും? ആദ്യം ചെയ്യേണ്ടത്, ആ കനല്‍ക്കട്ടകളെ കണ്ടെത്തുക എന്നതുതന്നെയാണ്. എവിടെയാണ് ഔദാര്യമനസ്കരായ നമ്മുടെ നല്ല സമറായന്മാര്‍? റോമന്‍ ശതാധിപനെപ്പോലുള്ള വിശ്വാസം ആര്‍ക്കാണുള്ളത്? സ്നാപകയോഹന്നാനെപ്പോലെ തീക്ഷ്ണമതികളായവര്‍ ആര്? പൗലോസിനെപ്പോലെ പുത്തന്‍ കാര്യങ്ങള്‍ ചെയ്യാന്‍ ധൈര്യപ്പെടുന്നവര്‍ ആര്? മഗ്ദലനാ മറിയത്തെപ്പോലെ വിശ്വസ്തരായിരിക്കുന്നവര്‍ ആര്? ഔദ്യോഗിക ഭരണസ്ഥാനങ്ങള്‍ക്ക് പുറത്ത് ദരിദ്രരോട് ചേര്‍ന്നു നില്ക്കുന്ന യുവജനത ആകൃഷ്ടരാകുന്ന, പുത്തന്‍ കാര്യങ്ങള്‍ ചെയ്യാന്‍ ധൈര്യപ്പെടുന്ന, പന്ത്രണ്ടുപേരെ കണ്ടെത്താന്‍ ശ്രമിക്കുക എന്നതാണ് മാര്‍പ്പാപ്പയോടും പിതാക്കന്മാരോടുമുള്ള എന്‍റെ അപേക്ഷ. അരൂപിയ്ക്ക് എല്ലായിടത്തും സ്വതന്ത്രമായി പരക്കാന്‍ അഗ്നിയാല്‍ ജ്വലിക്കുന്ന ഇത്തരം മനുഷ്യരെ നാം കണ്ടുമുട്ടേണ്ടതുണ്ട്.

* സഭയുടെ ക്ഷീണത്തെ നേരിടാന്‍ എന്ത് മാര്‍ഗ്ഗങ്ങളാണ് അങ്ങ് നിര്‍ദ്ദേശിക്കുന്നത്?
എനിക്ക് മൂന്ന് പ്രധാന നിര്‍ദ്ദേശങ്ങളാണുള്ളത്:

ഒന്നാമതായി ഒരു മാനസാന്തരമാണ്: സഭ അതിന്‍റെ തന്നെ തെറ്റുകളെ തിരിച്ചറിഞ്ഞ് വിപ്ലവാത്മകമായ ഒരു മാറ്റത്തിന്‍റെ യാത്ര ആരംഭിക്കേണ്ടതുണ്ട്. ഇത് മാര്‍പാപ്പയില്‍ നിന്നും പിതാക്കന്മാരില്‍ നിന്നും തുടങ്ങേണ്ട ഒന്നാണ്. ബാലപീഡനമെന്ന ഉതപ്പ് തന്നെ മാനസാന്തരത്തിന്‍റെ അനിവാര്യതയെക്കുറിച്ച് നമുക്ക് സൂചന തരുന്നു. ലൈംഗികതയും ശരീരത്തെ സംബന്ധിച്ച എല്ലാത്തരം ധാര്‍മ്മികപ്രശ്നങ്ങളും ഇതിനുദാഹരണമാണ്. അവ എല്ലാവര്‍ക്കും പ്രധാനപ്പെട്ടതാണ്, ചില സമയങ്ങളില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ്. എന്നാല്‍ ഈ മേഖലയില്‍ സഭ ഇന്ന് മാധ്യമങ്ങള്‍ക്ക് സംശയനിവാരണയിടമാണോ അതോ അപഹാസ്യപാത്രമാണോ?
 
രണ്ടാമത്തെ കാര്യം ദൈവവചനമാണ്: രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ കത്തോലിക്കര്‍ക്ക് ബൈബിളിനെ പുനരാര്‍ജ്ജിച്ച് കൊടുത്തു... ഈ വചനത്തെ ഹൃദയത്തില്‍ സ്വീകരിക്കുന്ന ഒരാള്‍ക്കു മാത്രമെ സഭയുടെ നവീകരണത്തില്‍ പങ്കുകൊള്ളുവാനും വ്യക്തിപരമായ പ്രശ്നങ്ങളോട് വിവേകപൂര്‍വ്വമായി പ്രതികരിക്കാനുമാവൂ. ദൈവവചനം വളരെ ലളിതമാണ്, അത് കേള്‍ക്കാന്‍ വിനയമുള്ള ഒരു ഹൃദയത്തെയാണ് സുഹൃത്തായി തിരയുന്നത്... പുരോഹിതവൃന്ദത്തിനോ, സഭാനിയമങ്ങള്‍ക്കോ, വ്യക്തിയുടെ ആന്തരികതയ്ക്ക് പകരംവയ്ക്കാനാവില്ല. ആന്തരികശബ്ദത്തെ തിരിച്ചറിയാനും ചൈതന്യത്തെ വിവേചിച്ചറിയാനുമാണ് മനുഷ്യന് എല്ലാ ബാഹ്യനിയമങ്ങളും നിര്‍ദ്ദേശങ്ങളും വിശ്വാസസത്യങ്ങളും നല്കപ്പെട്ടിട്ടുള്ളത്.

കൂദാശകള്‍ ആര്‍ക്കുവേണ്ടിയാണ്? അവ സൗഖ്യത്തിന്‍റെ മൂന്നാം വഴിയാണ്. ജീവിതവഴിയില്‍ തളരുന്ന മനുഷ്യര്‍ക്ക് സൗഖ്യത്തിന്‍റെ ബലപ്പെടുത്തലാണ് കൂദാശകള്‍, അല്ലാതെ അവയെ അച്ചടക്കോപകരണങ്ങളായി കണക്കാക്കരുത്. സത്യത്തില്‍ പുത്തന്‍ കരുത്ത് തേടുന്നവര്‍ക്ക് നാം കൂദാശകള്‍ പരികര്‍മ്മം ചെയ്യുന്നുണ്ടോ? ഞാന്‍ സൂചിപ്പിക്കുന്നത് വിവാഹമോചനം നേടിയ വ്യക്തികളെക്കുറിച്ചും പുനര്‍വിവാഹം ചെയ്ത് കുടുംബം വിശാലമാക്കിയ ദമ്പതികളെക്കുറിച്ചുമാണ്. അവര്‍ പ്രത്യേക സംരക്ഷണം ആവശ്യമുള്ളവരാണ്. സഭ വിവാഹത്തിന്‍റെ അവിഭാജ്യതയ്ക്ക് ഊന്നല്‍ കൊടുക്കുന്നു. വിവാഹവും കുടുംബജീവിതവും ഒരു വിജയമാകുന്ന സാഹചര്യത്തില്‍ ഇതൊരു കൃപയാണ്... പുനര്‍വിവാഹിതരുടെ കുടുംബങ്ങളോട് നാമിന്ന് സ്വീകരിക്കുന്ന മനോഭാവമായിരിക്കും അവരുടെ കുഞ്ഞുങ്ങള്‍ സഭയോട് അടുത്ത് വരുന്നുണ്ടോ എന്ന് നിശ്ചയിക്കാന്‍ പോകുന്നത്. ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ട ഒരു സ്ത്രീ തന്നേയും തന്‍റെ മൂന്ന് കുഞ്ഞുങ്ങളെയും സംരക്ഷിക്കാന്‍ മനസ്സും കഴിവുമുള്ള ഒരു സുഹൃത്തിനെ കണ്ടുപിടിക്കുന്നു. ഈ രണ്ടാം വിവാഹം വിജയിക്കുന്നു. ഈ സ്ത്രീയോട് സഭ വിവേചനം കാണിക്കുകയാണെങ്കില്‍ ഈ സ്ത്രീ മാത്രമല്ല അവരുടെ കുഞ്ഞുങ്ങളും സഭയില്‍നിന്ന് അകന്ന് പോകും. മാതാപിതാക്കള്‍ സഭയില്‍നിന്ന് പുറത്താണെന്ന് തോന്നുകയും സഭയുടെ താങ്ങ് ലഭിക്കാതെ വരികയും ചെയ്യുമ്പോള്‍ സഭയ്ക്ക് വരുംതലമുറ കൂടിയായിരിക്കും നഷ്ടപ്പെടാന്‍ പോകുന്നത്. കുര്‍ബാന സ്വീകരണത്തിന് മുന്‍പ് നാം പ്രാര്‍ത്ഥിക്കാറുണ്ട്: "കര്‍ത്താവേ, ഞാന്‍ യോഗ്യനല്ല..." നമുക്കറിയാം നമ്മള്‍ അയോഗ്യരാണെന്ന്... സ്നേഹമാണ് കൃപ. സ്നേഹമാണ് സമ്മാനം. വിവാഹമോചനം നേടിയവര്‍ക്ക് കുര്‍ബാന സ്വീകരിക്കാമോ എന്ന ചോദ്യം കീഴ്മേല്‍ മറിക്കേണ്ടിയിരിക്കുന്നു. എങ്ങനെ സഭയ്ക്ക് സങ്കീര്‍ണ്ണമായ കുടുംബ സാഹചര്യങ്ങളില്‍ കൗദാശിക ശക്തിയായി മാറാന്‍ കഴിയും എന്നു ചിന്തിക്കേണ്ടതാണ്.

* വ്യക്തിപരമായി അങ്ങ് എന്തു ചെയ്യുന്നു?

സഭ 200 വര്‍ഷത്തോളം പിന്നിലാണ്. എന്തുകൊണ്ട് ഇന്നും അത് ഇളക്കപ്പെടുന്നില്ല? നമ്മള്‍ ഭയചകിതരാണോ? ധൈര്യവാന്മാരായിക്കേണ്ട നാം ഭയാശങ്കപ്പെട്ടവരോ? വിശ്വാസമാണ് സഭയുടെ അടിസ്ഥാനം - വിശ്വാസം, ആത്മധൈര്യം, ചങ്കുറപ്പ്. ഞാന്‍ വൃദ്ധനും രോഗിയും മറ്റുള്ളവരെ ആശ്രയിച്ച് ജീവിക്കുന്നവനുമാണ്. എനിക്ക് ചുറ്റുമുള്ള നല്ല മനുഷ്യരാണ് സ്നേഹമെന്തെന്ന് എനിക്ക് കാട്ടിത്തരുന്നത്. ഈ സ്നേഹം യൂറോപ്പിലെ സഭയിലേയ്ക്ക് നോക്കുമ്പോള്‍ ചിലപ്പോള്‍ എനിക്കനുഭവപ്പെടുന്ന നഷ്ടഹൃദയത്തെ മറികടക്കാന്‍ മാത്രം ശക്തമാണ്. സ്നേഹത്തിന് മാത്രമെ ക്ഷീണത്തെ മറികടക്കാനാവൂ. ദൈവം സ്നേഹമാണ്. എനിക്ക് നിങ്ങളോട് ഒരു ചോദ്യമുണ്ട്: "സഭയ്ക്കു വേണ്ടി നിങ്ങള്‍ക്ക് എന്തു ചെയ്യാനാവും?"

You can share this post!

മടിശ്ശീല കരുതാത്ത സഞ്ചാരത്തിന്‍റെ ഭൂപടങ്ങള്‍!

ടി.ജെ.
അടുത്ത രചന

ക്രിസ്തുവിനു വേണ്ടി ജീവിതം ഉഴിഞ്ഞവർ

ജീവൻ
Related Posts