news-details
കഥ

യോഗം സമയം കാലം

കുടുംബാസൂത്രണക്കാരുടെ പണ്ടത്തെ പരസ്യ മുണ്ടല്ലോ നാം രണ്ട് നമുക്ക് രണ്ട്. അതുപോലെ ആദ്യം ഒരു ആണ്‍കുട്ടി, പിന്നെ മൂന്നുകൊല്ലം കഴിഞ്ഞപ്പോള്‍ ഒരു പെണ്‍കുട്ടി, അങ്ങനെയായിരുന്നു നാനിക്കുട്ടി യമ്മയുടെയും രാമന്‍നായരുടെയും സന്താന ഭാഗ്യം.

നല്ല ആരോഗ്യമുള്ള കുട്ടികള്‍, രാമന്‍നായര്‍ക്ക് ഗ്രാമത്തിലെ ഹൈസ്കൂളില്‍ ഗുമസ്തപ്പണി, നാനിക്കുട്ടിയമ്മയ്ക്ക് തറവാട്ട് ഭാഗമായി കിട്ടിയ മുപ്പതു പറ മുപ്പൂവല്‍ നിലം, ഒരേക്കര്‍ തെങ്ങുംപറമ്പില്‍ അടച്ചുറപ്പുള്ള ഒറ്റ നില കെട്ടിടം. നാനിക്കുട്ടി യമ്മയാവട്ടെ ഉഷാറായി ഗൃഹഭരണം നടത്തുവാന്‍ കഴിവുള്ള ഒരു ബെസ്റ്റ് കുടുംബിനിയുമാണ്. ജോലിക്കു പോകണം, സ്വന്തം കാലില്‍ നില്ക്കണം എന്ന മാതിരിയുള്ള ഒരു ദുര്‍വിചാരവും ഇല്ല.

ഇതൊക്കെപ്പോരേ മനുഷ്യനു സുഖമായി കഴിഞ്ഞു കൂടുവാന്‍? മനുഷ്യന്‍റെ കാര്യമല്ലേ? മതിയെന്നൊരു വിചാരം, അല്ലെങ്കില്‍ തൃപ്തിയെന്നൊരു സാധനം അവനുണ്ടാവില്ലല്ലോ. അങ്ങനെ മനുഷ്യന്‍ തൃപ്തിപ്പെട്ടു കഴിഞ്ഞാല്‍ പിന്നെ പുരോഗതിയുണ്ടാവില്ലെന്നാണു ലോകമെമ്പാടുമുള്ള മഹാജ്ഞാനികള്‍ ഒക്കെ പറഞ്ഞു കേള്‍പ്പിച്ചിട്ടുള്ളതും.

രാമന്‍നായര്‍ക്ക് പട്ടണത്തിലെ സ്കൂളിലേയ്ക്ക് മാറ്റം കിട്ടിയതോടെയാണ് കാര്യങ്ങള്‍ പിടിവിട്ടു പോയത്. നാല്പത്തഞ്ച് കിലോമീറ്റര്‍ദൂരെ പോയി ജോലി ചെയ്തു വരാന്‍ ബുദ്ധിമുട്ടായതുകൊണ്ട് വീടും പറമ്പും കൃഷിയുമൊക്കെ വിറ്റുതുലച്ച് പട്ടണത്തിലേയ്ക്ക് പോകണമെന്ന് വീട്ടുകാരന്‍ വാശിപിടിക്കാനാരംഭിച്ചു.

ആരോടും പറയാത്ത ഒരു രഹസ്യവും കൂടി രാമന്‍ നായര്‍ക്കുണ്ടായിരുന്നു. ഒരു ഗള്‍ഫ് സ്വപ്നം. വിസയ്ക്കായി നഗരത്തിലെ ഒരു ഏജന്‍റിന്‍റെ പക്കല്‍ കുറച്ച് കാശും കൊടുത്തിട്ടുണ്ട്. നല്ല മണമുള്ള സെന്‍റും  പൂശി, തിളങ്ങുന്ന വസ്ത്രങ്ങളും ധരിച്ച്, അറബി ഭൂമിയിലെയും അറബിവീട്ടിലെയും അറബി ആകാശത്തിലെയും വിശേഷങ്ങള്‍ വിളമ്പാന്‍ പറ്റുന്ന ആ ഗമയോര്‍ത്ത് അയാള്‍ കോരിത്തരിക്കാറു ണ്ടായിരുന്നു. ഒരു തല്ലിപ്പൊളി സര്‍ക്കാര്‍ സ്കൂളിലെ, പൊടിപിടിച്ച ഇരട്ടവാലന്‍ ഓടിക്കളിക്കുന്ന കുറച്ച് ഉണക്ക ഫയലുകളും നോക്കി, ക്ലര്‍ക്കായി അവസാനി ക്കാനാണോ രാമന്‍നായര്‍ ഈ ഭൂമിയില്‍ ജനിച്ചത്? തന്നെയുമല്ല, നാനിക്കുട്ടിയമ്മയെ ഈ ഗ്രാമത്തിന്‍റെ അപരിഷ്കൃത രീതികളില്‍ നിന്നൊക്കെ മോചിപ്പിക്കണം. അളിയന്മാരുടെ കണ്‍വെട്ടത്തിലും മേല്‍നോട്ടത്തിലും നിന്ന് രാമന്‍നായര്‍ക്ക് ഒഴിവാകുകയും വേണം.

തന്നെയും മക്കളെയും കൊന്നാലും സ്വന്തം നാട് വിടില്ല എന്ന് നാനിക്കുട്ടിയമ്മ കട്ടായം പറഞ്ഞു. ഞാന്‍ ഉശിരുള്ള ഒരു ആണാണെങ്കില്‍ നിന്നേം മക്കളേം കൊണ്ട് പട്ടണത്തിലേയ്ക്ക് മാറുമെന്ന് രാമന്‍നായരും വെല്ലുവിളിച്ചു.

നായര്‍ക്ക് നല്ലോണം വാശികയറി. ങാഹാ, അത്രയ്ക്ക് അഹമ്മതി പാടുണ്ടോ പെണ്ണുങ്ങള്‍ക്ക്? സ്വന്തം തറവാടിന്‍റെ സാമീപ്യവും ആങ്ങളമാരുടെ അതിരറ്റ സ്നേഹവും ജനിച്ചുവളര്‍ന്ന നാട്ടിലുള്ള താമസവുമാണ് നാനിക്കുട്ടിയമ്മയുടെ കാര്യ പ്രാപ്തിയ്ക്കും വീറിനും മിടുക്കിനുമൊക്കെ കാരണമെന്ന് കല്യാണം കഴിച്ച അന്നുതന്നെ മനസ്സിലായതാണ്. കഴുത്തില്‍ താലി വീണാല്‍ നാലഞ്ചു മണിക്കൂറിനകം പെണ്ണിനെ സ്വന്തം വീട്ടില്‍നിന്നും നാട്ടില്‍നിന്നും പരിചയക്കാരില്‍നിന്നും ഒക്കെ മാറ്റിത്താമസിപ്പിക്കണം. അല്ലെങ്കില്‍ ഭര്‍ത്താവിനെ വേണ്ട മാതിരി ബഹുമാനിച്ചില്ലാന്നും സ്നേഹിച്ചില്ലാന്നും ഒക്കെയാവും ഫലം.

നാനിക്കുട്ടിയമ്മയെ അങ്ങനെ മാറ്റിത്താമസിപ്പിക്കാന്‍ പറ്റിയില്ല. രാമന്‍ നായരുടെ മാതാപിതാക്കന്മാര്‍ നന്നേ ചെറുപ്പത്തില്‍ത്തന്നെ മരണപ്പെട്ടതുകൊണ്ട് ചില ബന്ധുക്കളുടെ സന്മനസ്സിലാണ് അയാള്‍ വളര്‍ന്നതും പഠിച്ചതും ഒക്കെ. ഈ നാട്ടില്‍ ജോലിക്കു വന്ന് കല്യാണവും തരപ്പെട്ടപ്പോള്‍ പിന്നെ അയാളും ഇവിടം വിട്ട് എങ്ങും പോയില്ല.

എന്നുവെച്ച് ആണൊരുത്തന്‍റെ  ഒപ്പത്തിനൊപ്പം ആവോ ഒരു പെണ്ണ് എത്രയായാലും?

നാനിക്കുട്ടിയമ്മയ്ക്ക് ലേശം മിടുക്ക് കൂടുതലല്ലേ എന്ന് രാമന്‍ നായര്‍ക്ക് എപ്പോഴും തോന്നാറുണ്ട്. പെണ്ണുങ്ങള്‍ക്ക് എന്ത് കഴിവുണ്ടായാലും ആണുങ്ങളുടെ മുന്‍പില്‍ അല്പം താഴ്ന്ന് വണക്കത്തോടെ വിനയത്തോടെ നില്‍ക്കണം. ആണുങ്ങളെ വേണ്ട മാതിരി ബഹുമാനിച്ച് ശീലിക്കണം. അതാണു അതിന്‍റെ ശരി. നാനിക്കുട്ടിയമ്മയ്ക്ക് വണക്കവും ബഹുമാനവും അല്പം കുറവാണോ എന്ന് ആര്‍ക്കും സംശയം തോന്നുന്നവിധത്തില്‍ രാമന്‍നായരുടെ ഒപ്പത്തിനൊപ്പമാണ് എപ്പോഴും നില്പ്.

ഭാര്യ എന്ന നിലയ്ക്ക് ഒരുകുറ്റവും നാനിക്കുട്ടിയമ്മയെപ്പറ്റി പറയാനില്ല. നല്ല പാചകം, വെടിപ്പും വൃത്തിയുമുള്ള വീട്, രാമന്‍നായരുടെ എല്ലാ ആവശ്യങ്ങളും പകലും രാത്രിയും കണ്ടറിഞ്ഞ് ചെയ്യുന്നതില്‍ നാനിക്കുട്ടിയമ്മ ഒരു വീഴ്ചയും വരുത്താറുമില്ല.

എന്നാലും ആ ഒപ്പത്തിനൊപ്പം നില്‍ക്കുന്ന രീതി രാമന്‍നായരെ വല്ലാതെ അലട്ടിയിരുന്നു. ഒരു കുറച്ചില്‍ തോന്നുകയാണ് അയാള്‍ക്ക് എപ്പോഴും.

വഴക്ക് മൂത്ത് രാമന്‍നായര്‍ ഭാര്യയെയും മക്കളെയും ഉപേക്ഷിച്ചു പോയി. പോവുമ്പോള്‍ കരയോഗക്കാരോടും മധ്യസ്ഥതയ്ക്ക് ശ്രമിച്ച നാട്ടുകാരോടും നാനിക്കുട്ടിയമ്മ എന്ന അശ്രീകരം പിടിച്ച സ്ത്രീക്കുള്ള സകല കുറവുകളേയും കുറിച്ച് വിശദമായി പറയുകയും ചെയ്തു.

അതനുസരിച്ച് നാനിക്കുട്ടിയമ്മ ഒരു നല്ല ഭാര്യയേ അല്ല, ഭാര്യയുടെ ഒരു ചുമതലയും അവര്‍ വേണ്ട വണ്ണം നിര്‍വഹിച്ചിട്ടില്ല. പോരാത്തതിന് അഹങ്കാരിയും അനുസരണയില്ലാത്തവളും കൂടിയാണ്. ആത്മാഭിമാനമുള്ള ആണൊരുത്തന് അവരുടെ നായരായി കഴിയാന്‍ പറ്റില്ല.

അതുശരി, നാനിക്കുട്ടിയമ്മ പിന്നെ ആത്മാഭിമാന മില്ലാത്തവളാണോ? അല്ല, അതുകൊണ്ട് അവര്‍ ഒട്ടും സമയം കളയാതെ വിവാഹ മോചനത്തിനുള്ള കേസ് കൊടുത്തു.

കേസ് ഉഷാറായി നടന്നു.

പക്ഷേ, ഉദ്യോഗസ്ഥനായ ഭര്‍ത്താവാണ് രാമന്‍ നായരെങ്കിലും സ്വത്തും വരുമാനവും ഒക്കെ കണക്ക് നോക്കുമ്പോള്‍ നാനിക്കുട്ടിയമ്മയ്ക്കാണ് കൂടുതലുള്ളത്. തന്നെയുമല്ല, അഞ്ചു പൈസ രാമന്‍ നായര്‍ തനിക്കും മക്കള്‍ക്കും ചെലവിനു തരേണ്ടെന്നും നാനിക്കുട്ടിയമ്മ ചുണയായി കോടതിയില്‍ പറഞ്ഞു.

'അയ്യേ, നാണക്കേട്. എനിക്കെന്തിനാ ആ പിച്ചക്കാശ്? ഞാന്‍ അസ്സലായി അധ്വാനിച്ച് എന്‍റെ മക്കളെ നോക്കും.'

വിവാഹമോചനം നടന്നു. മാസത്തില്‍ രണ്ട് ദിവസം മക്കളെ കാണാന്‍ രാമന്‍നായര്‍ക്ക് നാനിക്കുട്ടിയമ്മയുടെ വീട്ടില്‍ വരാനുള്ള അനുവാദവും കോടതി നല്‍കി.

'അടിച്ചതിനകത്ത് കയറ്റരുത്, ആ നാണം കെട്ടവനെ' നാനിക്കുട്ടിയമ്മയുടെ സഹോദരന്മാര്‍ക്ക് ഉറച്ച അഭിപ്രായമായിരുന്നു.

'ഞങ്ങളല്ലേ വഴക്കായത് ഓപ്പേ? അച്ഛനും മക്കളും കൂടി പിരിയാന്‍ പറ്റോ? ഒപ്പിട്ടാ തീരണ ബന്ധല്ലല്ലോ അത്..' കൂടുതല്‍ ക്രുദ്ധനായ മൂത്ത സഹോദരനോട് നാനിക്കുട്ടിയമ്മ ചോദിച്ചു. പിന്നെ ആരും എതിര്‍ത്തില്ല.

അങ്ങനെ എല്ലാ മാസവും രണ്ടാമത്തെയും മൂന്നാമത്തെയും ശനിയാഴ്ചകളില്‍ വൈകുന്നേരം അഞ്ചു മണിയോടെ രാമന്‍നായര്‍ നാനിക്കുട്ടിയമ്മയുടെ വീട്ടില്‍ ഹാജരായി മക്കളെ കണ്ടുകൊണ്ടിരുന്നു. വരുമ്പോഴെല്ലാം കുട്ടികള്‍ക്ക് മുട്ടായിയോ വല്ല കളിപ്പാട്ടമോ വാഴയ്ക്കാപ്പമോ ഒക്കെ പൊതിഞ്ഞു കൊണ്ടു വന്ന് നല്‍കുമായി രുന്നു. പണ്ടൊന്നുമില്ലാത്ത ഒരു പുതിയ ശീലമായിരുന്നു അത്.

നാട്ടുകാര്‍ക്ക് ആദ്യമൊക്കെ ലേശം കൗതുകമുണ്ടായിരുന്നു. ബന്ധം പിരിഞ്ഞ അച്ചീം നായരും തമ്മിലെങ്ങനെയാവും സംസാരിക്കുന്നതും പെരുമാറുന്നതും എന്ന് ഓര്‍ത്ത് എല്ലാവരും അല്പം തല പുകയ്ക്കാതിരുന്നില്ല. ആ പ്രത്യേക വൈകുന്നേരങ്ങളില്‍ ഗ്രാമീണര്‍ വേലി യ്ക്കല്‍ നിന്ന് ഉത്കണ്ഠയോടെ നാനിക്കുട്ടിയമ്മയുടെ പുരയിടത്തിനു ചുറ്റും എത്തിനോക്കിക്കൊണ്ടിരുന്നു.

ചിലര്‍ അമ്പലനടയില്‍ വെച്ച് രാമന്‍ നായരോട് കുശലം ചോദിച്ചു, 'ന്താ നായരേ സുഖല്ലേ? വേറെ കല്യാണോന്നും നോക്ക്ണില്ലേ?'

രാമന്‍നായര്‍ക്ക് അത് മഹാ ചേപ്രയായിത്തോന്നി. അപ്പോഴെല്ലാം നാനിക്കുട്ടിയമ്മയോട് കടുത്ത വൈരാഗ്യവും പകയും ഉണ്ടാകാതിരുന്നില്ല. അവളൊരുത്തിയാണ്. അവളുടെ വാശിയാണ്. അല്ലെങ്കില്‍ ഈ നാണംകെട്ട ചോദ്യമൊന്നും കേള്‍ക്കേണ്ടി വരില്ലായിരുന്നു. ഈ നശിച്ച നാട്ടില്‍ നിന്ന് എന്നേ മാറിപ്പോകാമായിരുന്നു.

നാനിക്കുട്ടിയമ്മയോട, മംഗലം കഴിക്കേണ്ടേ എന്ന് ആരു ചോദിച്ചാലും അവര്‍ നറും പാല് പോലെ വശ്യമായ പുഞ്ചിരിയോടെ പറയും, 'വേണം, നല്ലൊരാളെ കിട്ടിയാ അപ്പോ കഴിയ്ക്കാംന്ന് തന്ന്യാ വെച്ചിരിയ്ക്കണേ. എനിയ്ക്കത്ര വയസ്സൊന്നും ആയിട്ടില്ല്യാല്ലോ, കിട്ടും, നല്ലൊരാളെ കിട്ടാണ്ടിരിയ്ക്കില്ല്യ.'

ചോദിച്ചവരാരും രണ്ടാമത് നാനിക്കുട്ടിയമ്മയോട് ആ ചോദ്യം ചോദിച്ചില്ല. അവരുടെ ആത്മവിശ്വാസവും തന്‍റേടവും സകലരെയും പരവശരാക്കിക്കളഞ്ഞു. ഒരു കുറവുമില്ലാത്ത തറവാട്ടുകാരി ചെറുപ്പക്കാരിയെപ്പോലെയല്ലേ രണ്ട് പെറ്റ് ഒരു കല്യാണവും ഒഴിഞ്ഞതിന് ശേഷവും നാനിക്കുട്ടിയമ്മ സംസാരിക്കുന്നത്?

രാമന്‍ നായര്‍ക്ക് ഗള്‍ഫില്‍ പോകാനൊന്നും പറ്റിയില്ല, ഈ നാട്ടിലെ ക്ലര്‍ക്കുദ്യോഗം പോലെ അന്തസ്സുള്ള ഒരു പണിയൊന്നും ഏജന്‍റ് അറബി നാട്ടില് കണ്ട് വച്ചിരുന്നില്ല. വിസയൊക്കെ ശരിയാക്കാം, എന്നാലും എന്ത് ജോലിയും ചെയ്യാന്‍ തയാറായി ഇരിയ്ക്കണം എന്ന് ആ വിദ്വാന്‍ പറഞ്ഞത് നായര്‍ക്ക് തീരെ പിടിച്ചില്ല. അങ്ങനെ എന്തു നാണം കെട്ട പണീം ചെയ്ത് അറബി നാട്ടില്‍ ജീവിക്കാന്‍ നായര്‍ ജനിച്ച നാട്ടില്‍ ഒരു എരപ്പനായിട്ടൊന്നുമല്ലല്ലോ കഴിഞ്ഞുകൂടുന്നത്. സ്ഥാനികളായ മനുഷ്യരെ അങ്ങനെ പരിഹസിച്ചാലോ? ഗള്‍ഫ് സ്വപ്നം അനന്തമായി നീണ്ടു.

നഗരത്തിലെ വാടക വീട്ടിലും ശല്യമായിരുന്നു നായര്‍ക്ക്. ഒരു സ്വസ്ഥതയും തരാതെ, ചെകുത്താന് ഭ്രാന്തു പിടിച്ചാല്‍ അലറുന്നതു പോലെയുള്ള പാട്ടുകള്‍ മാത്രം കേട്ട് ആസ്വദിക്കുന്ന അയല്പക്കമായിരുന്നു ആദ്യം കിട്ടിയത്. പാതിരാത്രിയിലും ഈ കോക്കാന്‍ പാട്ട് കേട്ടാലേ അവറ്റകള്‍ക്ക് കഴിയാന്‍ പറ്റൂ. അങ്ങനെ രാമന്‍ നായര്‍ ആദ്യത്തെ വീട് മാറി.
അടുത്ത വീട്ടില്‍ എപ്പോഴും പൊട്ടിയൊലിക്കുന്ന പൈപ്പുകളും ബ്ലോക്കാകുന്ന കക്കൂസുമായിരുന്നു ശല്യം.

മൂന്നാമത്തെ വീട്ടില്‍ പോലീസ് റെയിഡ് ഉണ്ടായിട്ടുണ്ടത്രെ, മുന്‍പ് എപ്പോഴോ. വീടിന്‍റെ ബ്രോക്കര്‍ ആ വിവരമൊന്നും നായരോട് പറഞ്ഞിട്ടില്ലായിരുന്നു. പാതിരാത്രിയില്‍ ആരെങ്കിലു മൊക്കെ വന്ന് വാതിലില്‍ തട്ടി വിളിച്ച്, 'നളിനീ, ഞാനാടീ, തൊറക്കടീ' എന്നൊക്കെ പറയുമ്പോള്‍ ആര്‍ക്കാണു സഹിക്കാന്‍ പറ്റുക?

പിന്നെ ഭക്ഷണം വലിയ ഒരു ദുരിതമായി മാറി. വീട്ടില്‍ നിത്യവും കിണ്ണത്തില്‍ എന്തെങ്കിലും കഴിക്കാനുണ്ടെങ്കിലേ കാപ്പിക്കടപ്പണ്ടത്തിന് ആശയും സ്വാദും ഉണ്ടാകൂ എന്ന് നായര്‍ക്ക് സ്വയം തോന്നാന്‍ തുടങ്ങി. ധോബിക്ക് നായരുടെ വസ്ത്രത്തിന് അങ്ങനെ സ്പെഷലൊന്നുമില്ലല്ലോ, എല്ലാരുടെയും പോലെ അഴുക്കു വസ്ത്രങ്ങള്‍ തന്നെ. ധോബി ച്ചൊറിയുടെ ശല്യവുംകൂടി പാവത്തിനു സഹിക്കേണ്ടി വന്നു.

വീട്ടുപണിക്ക് ഒരു അമ്മയോ പെങ്ങളോ അമ്മായിയോ ചെറിയമ്മയോ ഒന്നും ഇല്ലെങ്കില്‍ പിന്നെ ഏറ്റവും ആദായം ഒരു ഭാര്യയുണ്ടാവുന്നതാണ് എന്ന് രാമന്‍ നായര്‍ മനസ്സിലാക്കി. ഇവരിലാരെങ്കിലുമുണ്ടെങ്കില്‍ ഭാര്യയെ ഒന്നു കളഞ്ഞു നോക്കാമെങ്കിലും ഇവരാരും കൂടെ താമസിയ്ക്കാനില്ലെങ്കില്‍ അങ്ങനെ ആട്ടിക്കളയാതിരിക്കുന്നതാണ് ബുദ്ധിയെന്നും നായര്‍ക്ക് തോന്നി. ഒരു പെണ്ണിനെ തോല്‍പ്പിക്കാന്‍ മറ്റൊരു പെണ്ണ് തന്നെ വേണം! വെറുതെയല്ല നാലു തല തമ്മില്‍ ചേര്‍ന്നാലും നാലു മുല തമ്മില്‍ ചേരില്ല എന്ന് വിവരമുള്ളവര്‍ പണ്ടേ പറഞ്ഞത്.  

ഇത്രയുമൊക്കെ ആലോചിച്ചിട്ടാണു നായര്‍ രണ്ടാമതും കല്യാണം കഴിക്കാന്‍ തീരുമാനിച്ചത്. പെണ്ണുങ്ങള്‍ എത്ര ഭയങ്കരികളാണെന്ന് അയാള്‍ക്ക് ശരിക്കും മനസ്സിലായതും അപ്പോഴായിരുന്നു. സത്യം മാത്രം അവരോട് ഒരിക്കലും പറഞ്ഞു പോകരുതെന്ന് നായര്‍ പഠിച്ചു. തന്നെയുമല്ല സ്ത്രീകള്‍ക്ക് ഈ കൊണ്ടാടപ്പെടുന്ന മാതൃത്വമൊന്നും യഥാര്‍ത്ഥത്തിലില്ലെന്നും കുഞ്ഞുങ്ങള്‍ അവരുടെ ജീവന്‍റെ ജീവനൊന്നുമല്ലെന്നും അയാള്‍ തിരിച്ചറിഞ്ഞു.

ആലോചനകളുടെ ആദ്യ പാദത്തില്‍ത്തന്നെ രാമന്‍ നായര്‍ പെണ്‍വീട്ടുകാരോടും പെണ്ണിനോടും സത്യമെല്ലാം തുറന്നു പറയാറുണ്ടായിരുന്നു. മാസത്തില്‍ രണ്ടു തവണ കുട്ടികളെ കാണാന്‍ പോകാറുണ്ടെന്ന് കേട്ടപ്പോള്‍ കണ്ണില്‍ എഴുതുന്ന കണ്മഷി കവിളില്‍ വാരിത്തേച്ച പോലെ പെണ്ണുങ്ങളുടെ മുഖം ഇരുണ്ടു. 'അപ്പോ കുട്ടികളുടെ അമ്മേം കാണില്ലേ' എന്ന് എല്ലായ്പ്പോഴും പെണ്‍വീട്ടുകാരും ചിലപ്പോള്‍ കല്യാണാര്‍ഥികളായ പെണ്ണുങ്ങള്‍ നേരിട്ടു തന്നെയും ജീവന്‍ പോകുന്ന സ്വരത്തില്‍ ഉത്കണ്ഠപ്പെട്ടു. കാര്യമെന്താണെന്ന് വെച്ചാല്‍ കല്യാണം കഴിഞ്ഞാല്‍ പിന്നെ കുട്ടികളെ കാണാന്‍ അയാള്‍ പോകരുത്. അത് പെണ്ണുങ്ങള്‍ക്ക് സഹിക്കാന്‍ പറ്റില്ല, ഇനി പെണ്ണുങ്ങള്‍ വല്ല വിധേനയും സഹിച്ചു കളയാമെന്ന് വെച്ചാല്‍ത്തന്നെ അവരുടെ വീട്ടുകാര്‍ക്ക് തീരെ സഹിക്കാന്‍ സാധിക്കില്ല.

സ്ത്രീകള്‍ക്ക് വേറൊരു സ്ത്രീ പ്രസവിച്ച കുഞ്ഞുങ്ങളോട് യാതൊരു സ്നേഹവുമില്ലെന്ന് നായര്‍ക്ക് ഉറപ്പായി. സ്വന്തം മക്കളെ മാത്രമേ നാഴികക്ക് നാല്‍പ്പതു വട്ടം അമ്മത്തം അമ്മത്തം എന്ന് ജപിക്കുന്ന ഈ പെണ്‍വര്‍ഗം സ്നേഹിയ്ക്കു. പഠിച്ച കള്ളികളാണ്. ആറേഴു വീട്ടില്‍ കയറി പെണ്ണു കണ്ടപ്പോഴേയ്ക്കും നായര്‍ക്ക് മടുത്തു കഴിഞ്ഞിരുന്നു. എന്നാലും മുഴുവന്‍ പ്രതീക്ഷയും കൈവിടാന്‍ അയാള്‍ മടിച്ചു. ദല്ലാളുടെ ആശ്വാസ വാക്കുകളായിരുന്നു പ്രധാന കാരണം. ആ വകയില്‍ ദല്ലാള്‍ കുറെ പണം ഈടാക്കുകയും ചെയ്തിരുന്നു.

പതിവു പോലെ അന്നും രണ്ടാമത്തെ ശനിയാഴ്ച രാമന്‍ നായര്‍ മുസ്ലിം ഹോട്ടലില്‍നിന്ന് രണ്ട് ബിരിയാണിയും ബേക്കറിയില്‍നിന്ന് കുറച്ച് മധുര പലഹാരങ്ങളും പൊതിഞ്ഞു വാങ്ങി കുട്ടികളെ കാണുവാനെത്തി. ബിരിയാണി കണ്ടപ്പോള്‍ ശിവന്‍റേയും ഉഷയുടേയും കണ്ണുകള്‍ ആഹ്ലാദം കൊണ്ട് വിടര്‍ന്നു. രാത്രിയാവാന്‍ അവര്‍ക്ക് തിരക്കാവുകയായിരുന്നു. സന്ധ്യയ്ക്ക് എങ്ങനെ ബിരിയാണി തിന്നും? കുട്ടികളുടെ ആ ആശ കണ്ട് രാമന്‍ നായര്‍ക്ക് പാവം തോന്നി. അടുത്ത തവണയും ബിരിയാണി വാങ്ങിക്കൊണ്ടു വരണമെന്ന് അയാള്‍ തീരുമാനിച്ചു.

മഴ വന്നത് പൊടുന്നനെയായിരുന്നു. വലിയ തുള്ളികളായി അത് ആര്‍ത്തിരമ്പി പെയ്തു. കൊള്ളിയാന്‍ മിന്നീട്ടും ശക്തിയായി ഇടി വെട്ടീട്ടു പോലും ഉഷ അയാളോട് ഇറവെള്ളത്തില്‍ വഞ്ചിയിറക്കിക്കളിക്കാന്‍ കെഞ്ചി. അയാള്‍ എങ്ങനെയാണ് വേണ്ടെന്ന് പറയുക? ചെറിയ കുട്ടിയുടെ ഒരു ആശയല്ലേ? മഴയത്ത് കുട്ടികള്‍ക്കൊപ്പം അയാളും കളിച്ചു. മുണ്ടും കുപ്പായവും കുറച്ച് നനഞ്ഞതൊന്നും കാര്യമാക്കിയില്ല. മഴയാവട്ടെ എന്തോ നിശ്ചയിച്ചതു മാതിരി തിരി മുറിയാതെ ഉറച്ചു പെയ്യുക തന്നെയായിരുന്നു. പതിവിലും വേഗത്തില്‍ സന്ധ്യയും പിന്നെ ഇരുട്ടും വന്നു. ചീവീടുകളുടെയും തവളകളുടെയും കരച്ചിലുയര്‍ന്നു.

കുട്ടികള്‍ ഉമ്മറത്തിരുന്നു തന്നെ ബിരിയാണിപ്പൊതി അഴിച്ച് സ്വാദോടെ കഴിക്കാന്‍ തുടങ്ങി. കുട്ടികള്‍ ആഹാരം കഴിക്കുന്നതും നോക്കിയിരുന്ന് അയാള്‍ ഒരു സിഗരറ്റ് വലിച്ചു തീര്‍ത്തു. കുടയെടുക്കാതെ ഇങ്ങോട്ടിറങ്ങാന്‍ തോന്നിയ മണ്ടന്‍ നിമിഷത്തെ പലതവണ മനസ്സില്‍ ശപിച്ചു.

മഴ നിന്നാലല്ലേ ഇറങ്ങിപ്പോകാന്‍ പറ്റൂ. മഴയില്ലെങ്കില്‍ നടക്കാമായിരുന്നു. ലാസ്റ്റ് ബസ്സ് പോയാലും വല്ല പാണ്ടി ലോറിയുമെങ്കിലും കിട്ടാതിരിക്കില്ല.

ഉഷ അയാളുടെ മടിയിലിരുന്നു ഉറക്കം തൂങ്ങാന്‍ തുടങ്ങി, ശിവനും കോട്ടുവായിടുന്നുണ്ടായിരുന്നു. 'മക്കള് പോയി കിടന്നുറങ്ങിക്കോ, അച്ഛന്‍ അടുത്താഴ്ച വരാമെന്ന്' പറഞ്ഞ് അയാള്‍ കുട്ടികളെ അകത്തേയ്ക്കയച്ചു. കുട്ടികള്‍ പോയപ്പോള്‍ ഒരു കാല്‍ ചവിട്ടു പടിയിലേക്കിറക്കി വെച്ചും മറുകാല്‍ വരാന്തയില്‍ത്തന്നെ ഉറപ്പിച്ചും പലവട്ടം അയാള്‍ മഴയിലേക്കിറങ്ങിപ്പോകാന്‍ തുനിഞ്ഞു. നാശം....മഴ തുടരുക തന്നെയാണ്.

രാമന്‍നായര്‍ക്ക്  പ്രപഞ്ചത്തോടു മുഴുവന്‍ വൈരാഗ്യം തോന്നി.

'ഭക്ഷണം കഴിക്കാം. അപ്പോഴേക്കും മഴ മാറും.' അത് നാനിക്കുട്ടിയമ്മയായിരുന്നു. അയാള്‍ ഈര്‍ഷ്യയോടെ മനസ്സില്‍ വിചാരിച്ചു, അതെ, ഇവളോട് പറഞ്ഞിട്ടാണു മഴപെയ്യാന്‍ തുടങ്ങിയത്, അതു കൊണ്ടാണല്ലോ മഴ നില്ക്കുന്ന സമയം ഇത്ര കൃത്യമായിട്ട് അറിയുന്നത്.

'അത് കുന്നത്തെ അമ്പലത്തില് പൂരം പൊറപ്പാട് അല്ലേ... ഇന്നാ കൊടികേറ്റം. അപ്പോ ഒരു മഴ പതിവാ.... കൊടി കേറിയാ മഴ മാറും, കൊട്ട് കേക്കാല്യ മഴ കാരണം, അല്ലെങ്കി ഞാന്‍ പറയാണ്ട്ന്നെ അറിഞ്ഞേര്‍ന്ന് കൊടികേറ്റാന്ന്' നാനിക്കുട്ടിയമ്മ അയാളുടെ മനസ്സ് വായിച്ചതുപോലെ തുടര്‍ന്നു. അയാള്‍ ഒന്നും മിണ്ടിയില്ല.

തയാറാക്കി വെച്ചിരുന്നതു പോലെ രണ്ട് നിമിഷത്തില്‍ നാനിക്കുട്ടിയമ്മ കഞ്ഞിയും പയറും ചമ്മന്തിയും പപ്പടവുമെല്ലാം വിളമ്പിക്കൊണ്ടു വന്നു. എല്ലാം അയാള്‍ക്ക്  വളരെ ഇഷ്ടമുള്ള വിഭവങ്ങള്‍ തന്നെ. ഒന്നും ഓര്‍ക്കാതെ അയാള്‍ കഞ്ഞി കുടിച്ചു പോയി. തലപൊക്കി നോക്കിയപ്പോള്‍ നാനിക്കുട്ടിയമ്മ കണ്ണെടുക്കാതെ ശ്രദ്ധിക്കുകയാണെന്നറിഞ്ഞ് അയാള്‍ ക്കല്പം ലജ്ജ തോന്നാതിരുന്നില്ല. മോശമായിപ്പോയി... കഞ്ഞി കിട്ടാത്തവനെപ്പോലെ... പക്ഷേ, സത്യമായും കഞ്ഞിക്കും പയറിനും ഒരു ഹോട്ടലിലുമില്ലാത്തത്ര സ്വാദുണ്ടായിരുന്നു. നല്ല വിശപ്പുണ്ടായിരുന്നതുകൊണ്ടു ചുമ്മാ തോന്നിയതുമാവാം.

നിലവിലുള്ള ഭര്‍ത്താവിന്‍റെ മാത്രമല്ല, ബന്ധമൊഴിഞ്ഞ ഭര്‍ത്താവിന്‍റെ ഹൃദയത്തിലേക്കുള്ള വഴിയും ഉദരത്തിലൂടെയാണെന്ന് അങ്ങനെ വെളി പ്പെട്ടിട്ടും അതൊരു പഴഞ്ചൊല്ലാവാതിരുന്നത് അത്രയധികം വനിതാ മാസികകള്‍ അക്കാലത്ത് ഇല്ലാതിരുന്നതുകൊണ്ടാവാനേ തരമുള്ളൂ. ആഹാര ത്തിന്‍റെ രുചിയലിഞ്ഞിറങ്ങിയ തൊണ്ടയില്‍ നിന്നാണോ അതോ നിറഞ്ഞ വയറില്‍ നിന്നാണോ ആ വിളി ഉയര്‍ന്നതെന്ന് രാമന്‍നായര്‍ക്ക്  മനസ്സിലായില്ല..

 'നാനീ...'

കരയോഗം കെട്ടിടം ഇത്ര ചന്തത്തില്‍, അതി ഗംഭീരമായി പുതുക്കിപ്പണിതത് നാരായണന്‍കുട്ടിയാണ്. ഉദ്ഘാടനത്തിനു വന്നതാവട്ടെ എന്‍. എസ്. എസ്സിന്‍റെ ജനറല്‍ സെക്രട്ടറിയും. എന്തായിരുന്നു സ്വീകരണം! തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും മംഗലാംകുന്ന് കര്‍ണനും പാമ്പാടി രാജനും ഒന്നിച്ചായിരുന്നു ആ എഴുന്നള്ളത്തില്‍ പങ്കെടുത്തത്. മൂന്ന് ആനകളും തലയെടുപ്പില്‍ അങ്ങനെ മത്സരിച്ചു നില്ക്കുന്നത് കണ്ട് നാട്ടുകാര്‍ കോരിത്തരിച്ചു. മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുടെ ഗംഭീര തായമ്പകയും നാടടച്ച് നായന്മാര്‍ക്ക് മുഴുവന്‍ സദ്യയും ഉണ്ടായിരുന്നു.

കഴിഞ്ഞ നാലഞ്ചു കൊല്ലമായി കുന്നത്തമ്പലത്തിലെ പൂരം പുറപ്പാടും നാരായണന്‍കുട്ടിയുടെ ചെലവില്‍ത്തന്നെയാണു നടക്കുന്നത്. എല്ലാ കൊല്ലവും പൂരപ്പകിട്ട് കൂടിക്കൂടി വരികയാണ്. അടുത്ത കൊല്ലത്ത പൂരത്തിന് അമ്പലത്തിന്‍റെ ശ്രീകോവില്‍ സ്വര്‍ണം പൊതിയും, അതിനുള്ള കാര്യങ്ങള്‍ ഉഷാറായിട്ട് നടക്കുന്നുണ്ട്.

നാരായണന്‍കുട്ടിക്ക് ഗള്‍ഫില്‍ അതികേമമായിട്ടുള്ള ബിസിനസ്സാണ്, പണം ഇങ്ങനെ അറബിക്കടലുപോലെ അദ്ദേഹത്തിനു ചുറ്റും അലയടിക്കുന്നു. നാട്ടുകാര്‍ക്ക് പലര്‍ക്കും ഗള്‍ഫില്‍ ജോലിയും കിട്ടിയിട്ടുണ്ട്. കുന്നത്തെ ദേവീടെ ഫോട്ടോയ്ക്കൊപ്പം നാരായണന്‍കുട്ടിയുടെ ഫോട്ടോയുംകൂടി നാട്ടുകാരില്‍ ചിലരൊക്കെ പൂജാമുറിയില്‍ വെച്ചിട്ടുണ്ടെന്ന് പറഞ്ഞു കേള്‍ക്കുന്നു. ഉണ്ടാവും. മനുഷ്യര്‍ക്ക്  ജോലീം കാശും കാറും ഒക്കെയായി അന്തസ്സായിട്ട് കഴിഞ്ഞുകൂടാന്‍ വഴിയുണ്ടാക്കി കൊടുക്കുന്നയാള്‍ അല്ലെങ്കില്‍ കൊടുക്കുമെന്ന് മനുഷ്യര്‍ക്ക് തോന്നുന്നയാള്‍ ദൈവമോ ദൈവത്തിനൊപ്പമോ ഒക്കെയാവും. അതാണു മനുഷ്യരുടെ വിശ്വാസത്തിന്‍റെ ഒരു രീതി.

കരയോഗത്തിന്‍റെ നേതൃത്വത്തില്‍ ഇപ്പോള്‍ നാരായണീയവും ഗീതയും മാത്രമല്ല, പഠിപ്പിക്കുന്നത്. വിവിധതരം കൈത്തൊഴിലുകളും പലഹാരപ്പണിയും ഒക്കെയുണ്ട്. വൃദ്ധസദനമുണ്ട്. നായര്‍ മാട്രിമോണിയല്‍ സര്‍വീസുണ്ട്. മാര്യേജ് കൗണ്‍സെലിംഗും ഉണ്ട്. നമ്മുടെ നാട്ടില്‍ ഇപ്പോള്‍ വിവാഹമോചനങ്ങള്‍ കടത്തിന്‍റെ പലിശ പോലെ പെരുകിപ്പെരുകി വരികയാണല്ലോ. ദേ, ഇപ്പോ വിവാഹമോചനം കിട്ടീട്ട് വേണം ഒരു മാറ്റിനിക്കു പോവാന്‍ എന്ന മട്ടില്‍ ഓടിവരുന്ന സ്ത്രീകള്‍ക്ക് നാനിക്കുട്ടിയമ്മയും ഇവളൊഴിഞ്ഞാല്‍ മതി നൂറെണ്ണം ഉണ്ട് എന്‍റെ ലിസ്റ്റില്‍ എന്ന മട്ടില്‍ ബൈക്കില്‍ പാഞ്ഞുവരുന്ന പുരുഷന്മാര്‍ക്ക് രാമന്‍നായരുമാണ് കൗണ്‍സെലിംഗ് നടത്തുന്നത്.

ആരും ചിരിക്കുകയൊന്നും വേണ്ട. അന്നത്തെ ആ തിരി മുറിയാത്ത മഴയെ, ബാക്കി നാട്ടിലുള്ള എല്ലാവരും മറന്നു കളഞ്ഞ മാതിരി അവര്‍ക്ക്  രണ്ടാള്‍ക്കും  മറക്കാന്‍ പറ്റില്ലല്ലോ.

എല്ലാറ്റിനും ഒരു യോഗം, സമയം, കാലം ഒക്കെയുണ്ടല്ലോ അല്ലേ? അതിപ്പോള്‍ മിടുമിടുക്കനായ നാരായണന്‍കുട്ടി ജനിക്കാനായാലും .......

യോഗം, സമയം, കാലം ഒക്കെ ശരിയാവണ്ടേ?

ശരിയാവണം.

You can share this post!

ഇഡാ

ലിന്‍സി വര്‍ക്കി
അടുത്ത രചന

കമ്മല്‍

ജിജോ ജോസഫ് എന്‍.
Related Posts