ഞാനും ഒരിക്കല്‍ രോഗിയാകുമോ? ഞാനും വൃദ്ധനാകുമോ? ഞാനും മരിക്കുമോ? മൂന്നു ചോദ്യത്തിനും സിദ്ധാര്‍ത്ഥനു കിട്ടിയ ഉത്തരം ഒന്നുതന്നെയായിരുന്നു: "അതേ കുമാരാ, അങ്ങൊരിക്കല്‍." മാറ്റത്തിനു മുന്‍പില്‍ ചകിതനായിപ്പോയ സിദ്ധാര്‍ത്ഥന്‍ അങ്ങനെ മാറ്റമറിയാത്ത, മരണം ഹനിക്കാത്ത നിര്‍വ്വാണത്തില്‍ അഭയം തേടുന്നു.
മുന്നറിയിപ്പുകളുടെ ഏറ്റവും വലിയ മനുഷ്യനാക്കി നിര്‍വ്വാണം ബുദ്ധനെ മാറ്റുന്നു: "മാറിപ്പോകുന്ന ഒന്നിനും നിങ്ങളുടെ ഹൃദയത്തെ നല്‍കരുത്."
"എല്ലാം മാഞ്ഞുപോകുന്നു. ഒന്നും നിത്യമായി നിലനില്‍ക്കുന്നില്ല" എന്നതായിരുന്നു ക്രിസ്തുവിനും 500 വര്‍ഷങ്ങള്‍ക്കു മുന്‍പ് ജീവിച്ചിരുന്ന, "തത്ത്വചിന്തകനായ ഹീരാക്ലീറ്റസി'ന്‍റെ പ്രധാനപ്പെട്ട നിഗമനം. തത്ത്വചിന്ത, കല, മതം ഇവയെല്ലാംതന്നെ അത്യന്തികമായി മാറ്റത്തെക്കുറിച്ചും മരണത്തെക്കുറിച്ചുമുള്ള ധ്യാനമാണ്. ഒന്നും അനശ്വരമായി നില്‍ക്കുന്നില്ല. അവസാനം എല്ലാം നമ്മുടെ കൈവിട്ടുപോകുന്നു. ചഞ്ചലമിഴികളുടെ നൃത്തവുമായെത്തിയ പകലുകള്‍... ആത്മാവിന് ചിറകുമുളപ്പിച്ച സന്ധ്യകള്‍... നിര്‍ന്നിമേഷരായി നമ്മള്‍ നോക്കി നിന്നു. നോക്കിനിന്ന മഴയുടെ വിരഹത്തില്‍ത്തീര്‍ത്ത പ്രണയവും കരച്ചിലും. എത്രയൊക്കെ അനശ്വരമാക്കാന്‍ ശ്രമിച്ചാലും ഇവയെല്ലാം നമുക്ക് നഷ്ടമാകുന്നു. എന്തിന്, പ്രണയവും പ്രണയിനിയും മാറിപ്പോകുന്നു. ചിരിയുണ്ടായിരുന്നിടത്ത് ചുളിവുകള്‍ സ്ഥാനംപിടിക്കുന്നു. കഥയുണ്ടായിരുന്നിടത്ത് നിശ്ശബ്ദതയും. ഏറ്റവും വലിയ പ്രണയംപോലും കാലത്തിന്‍റെ തിരയില്‍പ്പെട്ട് ഓര്‍മ്മയുടെ കിനാവുകള്‍ മാത്രമായിത്തീരുന്നു. "ഇടയ്ക്കു ഭാരംപോലെ ഞാന്‍ പൊളിച്ചുനീക്കപ്പെടുന്നു. നെയ്ത്തുകാരന്‍റെ പാവുപോലെ ഞാന്‍ വിച്ഛേദിക്കപ്പെടുന്നു!" എന്ന് സങ്കീര്‍ത്തകന്‍റെ വിലാപം. 'പൂമൊട്ടിനു പ്രതീക്ഷകള്‍, പൂവിനു നിരാശകള്‍, സാമവേദങ്ങള്‍ മാഞ്ഞ പാതിരകള്‍' എന്ന് കാല്‍പ്പനികനായ ചങ്ങമ്പുഴയുടെ അകാല്‍പ്പനികത.
എന്തുകൊണ്ട് എല്ലാം മാറിപ്പോകുന്നു? മാറ്റത്തിന് ഒരേയൊരു ഉത്തരമേയുള്ളൂ, വീഴ്ച. എല്ലാം മാറിപ്പോകുന്നത് അവയെല്ലാം വീണുപോകുന്നതുകൊണ്ടാണ്. പ്രപഞ്ചത്തിന്‍റെ പൊതുസ്വഭാവം വീഴ്ചയാണ്. എവിടെ നോക്കിയാലും ഈ വീഴ്ചയുണ്ട്. വൃക്ഷത്തില്‍നിന്ന് ഇലകള്‍ വീഴുന്നു. കുറച്ചുകഴിയുമ്പോള്‍ വൃക്ഷവും നിപതിക്കുന്നു. രാത്രിയില്‍ ആകാശത്തു നോക്കിയാല്‍ നക്ഷത്രങ്ങള്‍ വീഴുന്നതു കാണാം. ശാസ്ത്രം പറയുന്നത് ഈ പ്രപഞ്ചം മുഴുവനും ഏതോ അനന്തതയിലേക്ക് വീണുകൊണ്ടിരിക്കുന്നു എന്നാണ്. അകലം കൂടുന്തോറും കൂടുതല്‍ വേഗത്തില്‍ വീണുകൊണ്ടിരിക്കുകയാണ് ഈ പ്രപഞ്ച വസ്തുക്കള്‍.
നമ്മളും വീണുകൊണ്ടിരിക്കുന്നു അനുനിമിഷം. എവിടേയ്ക്കാണ് നമ്മളിങ്ങനെ സുനിശ്ചിതമായി വീണുകൊണ്ടിരിക്കുന്നത്? വീണുപോകുന്ന എല്ലാത്തിനെയും ശേഖരിക്കുന്ന ഒരു കരം പ്രപഞ്ചത്തിന് പുറത്തെവിടെയെങ്കിലും ഉണ്ടോ? അവിടെ നമ്മള്‍ സുരക്ഷിതരായിരിക്കുമോ? ഒരുപക്ഷെ ആ കരത്തിനുള്ളില്‍ മറ്റൊരു പ്രപഞ്ചമുണ്ടാകാം. നമുക്കായി നിശ്ചയിക്കപ്പെട്ട ഒരു പുതിയ വഴിയും യാത്രയും ഉണ്ടാകാം.
മരണത്തെ ക്രിസ്തു ഉറക്കം എന്നാണ് വിളിച്ചത്. എന്നിട്ടു ക്രിസ്തു മരിച്ചത് നിലവിളിച്ചുകൊണ്ടാണ്. അപ്പോള്‍ അത് ഭീതിയും അനിശ്ചിതത്വവും നിറഞ്ഞ ഉറക്കമാണ്. എവിടേയ്ക്കായിരിക്കും നമ്മള്‍ ഞെട്ടിയുണര്‍ന്നതെന്നറിയാത്ത ഉറക്കം.
ക്രിസ്തുവിനെ മറ്റെല്ലാവരില്‍നിന്നും വ്യത്യസ്തനാക്കുന്നത് അവന്‍റെ മരണംതന്നെയാണ്. അവന്‍റെ മരണം കണ്ടപ്പോഴാണ് ശതാധിപന്‍ വിളിച്ചുപറഞ്ഞത് ഇവന്‍ തീര്‍ച്ചയായും ദൈവപുത്രനാണെന്ന്. ശിഷ്യന്മാര്‍ക്ക് അവനില്‍ വിശ്വസിക്കാന്‍ ഉത്ഥാനം വേണ്ടിവന്നു. മരണം എന്നു വിളിക്കുന്ന ഒരു വലിയ അവബോധത്തിലേയ്ക്ക് നമ്മള്‍ നിലംപതിക്കുകയാണ്. ക്രിസ്തു മാത്രം അതിലേയ്ക്ക് ഊര്‍ന്നിറങ്ങുകയും തിരിച്ചുവരികയും ആ അവബോധത്തെക്കുറിച്ച് നമ്മോടു സംസാരിക്കുകയും ചെയ്തു.
ക്രിസ്തു നമ്മളോടു മരണത്തെ പേടിക്കരുതെന്നു പറഞ്ഞില്ല. അതിനെ പേടിക്കുകതന്നെ വേണം. പിംഗളകേശിനി. ഈ വിരൂപസത്യം യാതൊരു കരുണയുമില്ലാതെ നമ്മളെ ആക്രമിക്കും. അമ്മയുടെ മാറില്‍നിന്ന് പിഞ്ചുകുഞ്ഞിനെയും കാമുകന്‍റെ ആലിംഗനത്തില്‍നിന്ന് പ്രണയിനിയെയും അതു പിടിച്ചുവലിച്ചുകൊണ്ടു പോകും. മരണത്തിനെതിരെ നമ്മള്‍ യുദ്ധം നടത്തുകയാണ് വേണ്ടത്. ഹൃദയത്തില്‍ തറച്ച അസ്ത്രം ഊരിയെടുത്താല്‍ ഉടനടി മരിച്ചുപോകുമെന്നറിഞ്ഞപ്പോള്‍ അതൂരിക്കളയാതെ തന്‍റെ പടയുടെ വിജയഭേരി കേള്‍ക്കുന്നതുവരെ പടക്കളത്തില്‍ വേദനയില്‍ പിടഞ്ഞ ഗ്രീക്ക് നായകനെപ്പോലെ, തിരിച്ചുവരില്ലെന്നറിഞ്ഞിട്ടും ചക്രവ്യൂഹം ഭേദിച്ചു കടന്ന് പൊട്ടിയുടഞ്ഞ രഥത്തിന്‍റെ ചക്രവുമായി യുദ്ധംചെയ്ത അഭിമന്യുവിനെപ്പോലെ നമ്മള്‍ മരണത്തിനെതിരെ യുദ്ധം ചെയ്യണം.
മരണം നമ്മളെ നശിപ്പിച്ചുകളയുമായിരിക്കും. നമ്മുടെ ഉള്ളിലെ എല്ലാ നിലവിളികളെയും പുറത്തെടുക്കുമായിരിക്കും. മരണം നമ്മുടെ ശരീരത്തെ ഭേദിക്കും. മോഹങ്ങളെ ചിതറിക്കും. ഓര്‍മ്മകളെ മറവിയിലേക്ക് പൂഴ്ത്തിക്കളയും. പക്ഷേ നമ്മുടെ സ്നേഹത്തെ തൊടാനാവില്ല. കാരണം, മരണം സ്നേഹമെന്താണെന്നറിയുന്നില്ല.
തനിക്ക് കുടിക്കാനായിത്തന്ന വെള്ളത്തില്‍ അവര്‍ വിഷം കലര്‍ത്തിയുണ്ടെന്നറിഞ്ഞിട്ടും അതു കുടിച്ചുകൊണ്ട് മീര പാടുന്നു.ڈവിഷം കഴിച്ചിട്ടും മീര നൃത്തം ചെയ്യുന്നു.
ഒരു വിഷത്തിനും അവളെ കൊല്ലാനാവില്ല. എല്ലാ മരണത്തെയും അതിജീവിക്കുന്ന പ്രണയം അവളുടെ ഉള്ളിലുണ്ട്. ഉത്ഥാനം എന്നത് സ്നേഹത്തിന്‍റെ തിരിച്ചുവരവാണ്. മരണത്തെ തോല്‍പ്പിച്ചുകൊണ്ടുള്ള സ്നേഹത്തിന്‍റെ നിത്യമായ തിരിച്ചുവരവ്.