news-details
കഥപറയുന്ന അഭ്രപാളി

കൊല്ലരുതെന്നു പഠിപ്പിക്കാന്‍ കൊല്ലുന്നവര്‍

ഡക്കാലോഗ് സീരീസ് നടക്കുന്ന കോളനിയിലെതന്നെ താമസക്കാരനാണ് ജാക്ക്.  21 വയസ്സുള്ള ആ ചെറുപ്പക്കാരന്‍ പ്രത്യേകിച്ച് വ്യക്തി വൈരാഗ്യം ഒന്നും തന്നെയില്ലാതെ ഒരു ടാക്സിഡ്രൈവറെ മൃഗീയമായി കൊലപ്പെടുത്തുന്നു.  യാദൃച്ഛികമായ ദൃഢനിശ്ചയമാണ് ഈ കൊലപാതകത്തില്‍ ജാക്കിന് ഉണ്ടാകുന്നത്.

പോളണ്ടിന്‍റെ തെരുവുകളിലൂടെ അലഞ്ഞുതിരിയുന്ന ഏറെ അസ്വസ്ഥനായ ചെറുപ്പക്കാരനാണ് ജാക്ക്. അയാള്‍, ഫോട്ടോ എടുക്കുന്ന ഒരു കടയില്‍ കയറി തന്‍റെ ബാഗില്‍നിന്ന് പഴയ ഒരു ഫോട്ടോ എടുത്ത് വലുതാക്കിത്തരാന്‍ പറഞ്ഞ് ഫോട്ടോഗ്രാഫറെ ഏല്‍പ്പിക്കുന്നു.  വീണ്ടും നടക്കുമ്പോള്‍ സ്വന്തം കാര്‍ കഴുകിക്കൊണ്ടിരിക്കുന്ന ടാക്സിഡ്രൈവറെ കാണുന്നു.  ഡ്രൈവര്‍ അല്പം സ്ത്രീവിഷയ താത്പര്യക്കാരനാണ് എന്നു വേണമെങ്കില്‍ പറയാം.  അയാള്‍ തൊട്ടടുത്ത് ലോറിയില്‍നിന്ന് പച്ചക്കറികള്‍ ഇറക്കിക്കൊണ്ടിരിക്കുന്ന സുന്ദരിയായ പെണ്‍കുട്ടിയെ കാമാതുരനായി നോക്കുകയും ഒരു ഡ്രൈവിന് കൂടെവരുന്നോ എന്ന് ക്ഷണിക്കുകയും ചെയ്യുന്നുണ്ട്.  അതേസമയം കൊടുംതണുപ്പ് സഹിക്കാനാകാതെ ഒരു വൃദ്ധയും മകനും വന്ന് അത്യാവശ്യമായി എവിടെയോ പോകാന്‍ ടാക്സി വിളിക്കുമ്പോള്‍ ഡ്രൈവര്‍ പോകുന്നില്ല.  ജാക്ക് ഇയാളുടെ പ്രവര്‍ത്തനങ്ങളെ നിരീക്ഷിക്കുന്നു.  പിന്നീട് ഒരു കോഫിഹൗസില്‍ ഇരുന്ന് കാപ്പികുടിക്കുന്ന ജാക്ക് തന്‍റെ ബാഗില്‍നിന്ന് കയര്‍ പുറത്തെടുത്ത് അതിന്‍റെ ബലം പരിശോധിച്ച് ഉറപ്പുവരുത്തുന്നു.  ജാക്ക് ആ ടാക്സി വിളിച്ച് ഗ്രാമത്തിലെ വിജനമായ സ്ഥലത്തേക്ക് പോകുന്നു. അവിടെവച്ച് ആ ഡ്രൈവര്‍ മരിച്ചു എന്ന് ഉറപ്പാക്കുംവരെ അയാളുടെ കഴുത്തില്‍ ചരട് മുറുക്കുന്നു.

പോലീസ് പിടിയിലായ ജാക്കിനുവേണ്ടി വാദിക്കുന്നത് അപ്പോള്‍ നിയമപരീക്ഷ പാസായ ഒരു ചെറുപ്പക്കാരന്‍ വക്കീലാണ്.  ജാക്ക് ചെയ്ത കുറ്റത്തിന് മരിക്കുംവരെ തൂക്കിക്കൊല്ലലല്ലാതെ ഒരുവിധശിക്ഷയും പോരെന്ന് അയാള്‍ക്ക് അറിയാം.  ആ വക്കീല്‍ വധശിക്ഷയ്ക്ക് എതിരായിട്ടുപോലും അയാള്‍ക്ക് ജാക്കിന്‍റെ കുറ്റത്തെ ന്യായീകരിക്കാനാകുന്നില്ല.  ജാക്കിനെ കോടതി തൂക്കിക്കൊല്ലാന്‍ വിധിക്കുന്നു.  ഡോക്ടര്‍, കൂദാശകൊടുക്കാന്‍ പുരോഹിതന്‍, ജയിലധികാരികള്‍ ഇവരെല്ലാം വിധി നടത്താന്‍ തയ്യാറായി നില്‍ക്കുന്നു. ജാക്ക് തന്‍റെ അഭിഭാഷകനോട് അന്ത്യാഭിലാഷം അറിയിക്കുന്നു.  അത് ഇങ്ങനെയാണ്: "എന്നെ തൂക്കിക്കൊല്ലാന്‍ വിധിച്ച സമയത്ത് ഒരു വീല്‍ചെയറില്‍ നിങ്ങള്‍ എന്‍റെ അമ്മയെ കണ്ടതോര്‍മ്മയുണ്ടല്ലോ.  ഒരു പ്രാവശ്യം കൂടി നിങ്ങള്‍ എന്‍റെ അമ്മയെ കാണണം.  ഞാന്‍ ഒരു ഫോട്ടോ വലുതാക്കാന്‍ സ്റ്റുഡിയോയില്‍ കൊടുത്തേല്‍പ്പിച്ചിരുന്നു. അത് ഞാന്‍ എന്‍റെ അമ്മയുടെ പെട്ടിയില്‍നിന്നു മോഷ്ടിച്ച ചിത്രമാണ്.  എന്‍റെ അനുജത്തിയുടെ ആദ്യകുര്‍ബാന സ്വീകരണത്തിന്‍റെ ചിത്രം.  വൈകുന്നേരം സ്റ്റുഡിയോയില്‍നിന്ന് അതു വാങ്ങാന്‍ പോകാന്‍ എനിക്കു സമയം കിട്ടിയില്ല.  അപ്പോഴെക്കും എന്നെ പോലീസ് പിടിച്ചു.  ആ ഫോട്ടോ വാങ്ങി നിങ്ങള്‍ എന്‍റെ അമ്മയ്ക്കു കൊടുക്കണം.  എന്‍റെ ശരീരം കുടുംബക്കല്ലറയ്ക്കു സമീപം സംസ്കരിക്കാനും പറയണം. എന്‍റെ അനുജത്തിയെ അവള്‍ക്ക് 12 വയസ്സ് പ്രായമുള്ളപ്പോള്‍, ഒരു ട്രക്ക് ഡ്രൈവര്‍ ബലാത്സംഗം ചെയ്തു കൊല്ലുകയായിരുന്നു.  ഞാനും ട്രക്ക് ഡ്രൈവറും കൂടി മദ്യപിക്കുകയായിരുന്നു.  അയാള്‍ വോഡ്കയും ഞാന്‍ കോളയും കഴിച്ചുകൊണ്ടിരുന്നു.  അപ്പോള്‍ അവള്‍ ആ വഴിക്കുവന്നു. അയാളാണ് അവളെ കൊന്നത്.  അവളുടെ ആദ്യകുര്‍ബാന സ്വീകരണത്തിന്‍റെ ഫോട്ടോ ആണത്." ജാക്ക് ഇത്രയും പറഞ്ഞു കഴിയുമ്പോള്‍ ഏറെ വികാരതീവ്രമാകുന്നുണ്ട്. അറിഞ്ഞുകൊണ്ടല്ലെങ്കിലും തന്‍റെതന്നെ ചെയ്തിയുടെ ഫലമായ അനുജത്തിയുടെ മരണത്തെക്കുറിച്ച് ഓര്‍ത്തു കഴിയുന്ന അയാളിലെ നന്മ നമ്മളും കാണും.  പിന്നീട് നടക്കുന്നത് തൂക്കിക്കൊല്ലാന്‍ വിധിക്കപ്പെട്ടവനോട് ആ വിധി നടപ്പാക്കുന്ന രംഗത്തിന്‍റെ ദയനീയമായ അവസ്ഥയാണ്.  മരണത്തില്‍നിന്ന് രക്ഷപ്പെടാന്‍ ഇര നടത്തുന്ന ശ്രമവും, വേട്ടക്കാരന്‍റെ വേഷം കെട്ടിയ നിയമം ബലമായി അവനെ പിടിച്ച് തൂക്കിലേറ്റുന്നതുമാണ് 82 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ സിനിമ.

തൂക്കിക്കൊല്ലുന്നതിനെതിരെയുള്ള ശക്തമായൊരു ദൃശ്യാവിഷ്കാരമാണ് കൊല്ലരുത് എന്ന അഞ്ചാം പ്രമാണം.  ജീവനുവേണ്ടി പിടയുന്ന ജാക്ക്.  അയാളെ ദൗത്യനിര്‍വഹണത്തിന്‍റെ ഭാഗമായി തൂക്കിലേറ്റുന്ന ഉദ്യോഗസ്ഥര്‍ യാതൊരു ദയയുമില്ലാതെ അതു ചെയ്യുന്നു.  അവസാനം ആ ചെറുപ്പക്കാരന്‍ കയറില്‍ തൂങ്ങിക്കിടക്കുന്നതും ഡോക്ടര്‍ പരിശോധിച്ച് മരണം ഉറപ്പുവരുത്തുന്നതും കാണുമ്പോള്‍ ആരും പറഞ്ഞുപോകും, തൂക്കിക്കൊല നിര്‍ത്തലാക്കണമെന്ന്.  കിസ്ലോസ്കിയുടെ ഏറ്റവും ശക്തമായ രാഷ്ട്രീയസിനിമകൂടിയാണിത്.  എന്നാല്‍ അഞ്ചാംപ്രമാണം വ്യാഖ്യാനിക്കുന്ന ഈ ചിത്രം തൂക്കിക്കൊലയ്ക്ക് എന്നല്ല ഏതൊരു കൊലപാതകത്തിനും എതിരാണ്.  ജാക്ക് യാതൊരു കാരണവും ഇല്ലാതെ  ടാക്സിഡ്രൈവറെ മരിക്കുംവരെ മൃഗീയമായി കൊന്നത് കണ്ടവരാണ് കാണികള്‍ എങ്കിലും ജാക്കിനെ തൂക്കിക്കൊല്ലുന്നതിനോട് അവര്‍ എതിരാകുന്നു.  അതാണ് ഈ സിനിമയുടെ വിജയം.

ദൈവം, കൊല്ലരുത് എന്നുപറയുന്നത് മനുഷ്യന്‍ മനുഷ്യനെ കൊല്ലരുത് എന്നു മാത്രമല്ല ജീവനുള്ള ഒന്നിനേയും കൊല്ലരുത് എന്നാണ്.

ഇവിടെ പ്രത്യേകകാരണം ഒന്നും കൂടാതെ ടാക്സിഡ്രൈവറെ കൊല്ലുന്നു.  മരിച്ചു എന്നു ഉറപ്പുവരുത്തുംവരെ കൊല്ലുന്നു.  അതിന്‍റെ പേരില്‍ ജാക്കിനെ ഭരണകൂടം മരിക്കുന്നതുവരെ തൂക്കിക്കൊല്ലുന്നു.  രണ്ടു സന്ദര്‍ഭത്തിലും ഇരയുടെ ദയനീയതയാണ് സംവിധായകന്‍ കാണികള്‍ക്ക് കാണിച്ചുതരുന്നത്.  കൊല്ലപ്പെടുന്ന ഇരയുടെ വിലാപം കണ്ടിട്ടാണ് ദൈവം കൊല്ലരുത് എന്നു കല്‍പിച്ചത്.  അഞ്ചാം പ്രമാണത്തെ ആത്മീയമായും രാഷ്ട്രീയമായും വ്യാഖ്യാനിക്കുകയാണ് കൊല്ലരുത് എന്ന സിനിമ.

ജാക്കിന്‍റെ കേസുനടത്തിയ ചെറുപ്പക്കാരനായ വക്കീല്‍ ഒരു നാട്ടുവഴിയില്‍നിന്ന് ഏറെ വേദനയോടെ പറയുന്ന രണ്ടു വാക്കുകളിലാണ് സിനിമ അവസാനിക്കുന്നത്:  څഞാന്‍ വെറുക്കുന്നു, ഞാന്‍ വെറുക്കുന്നുچ എന്ന് അയാള്‍ പറയുമ്പോള്‍ കൊല്ലരുത് എന്ന സിനിമ കണ്ടുകഴിഞ്ഞ ഓരോരുത്തരും ആ കഥാപാത്രത്തോടൊപ്പം അത് ഏറ്റുപറയും.  കൊല്ലരുത്, കൊല്ലരുത്, ആരും ആരെയും ഒന്നിനെയും കൊല്ലരുതെന്ന്.  അത്രമാത്രം ശക്തമാണ് ആ സിനിമ.

You can share this post!

കാലം കാത്തുവെക്കുന്ന ഹരിത പ്രതീക്ഷകള്‍

അജി ജോര്‍ജ്ജ്
അടുത്ത രചന

ധീരതയുടെ പ്രതിധ്വനികള്‍

വിനീത് ജോണ്‍
Related Posts