news-details
കഥ

കോളന്‍ സെമിക്കോളന്‍ കോമാ...

കണ്‍പോളകള്‍ കൂടിച്ചേരാത്തപ്പോഴൊക്കെ വായിച്ച് വായിച്ച് പിരിമുറുക്കുകയും മുറുകുന്ന പിരി കാരണം തനിക്ക് ശ്രദ്ധ നഷ്ടപ്പെടുന്നുവെന്ന് പറഞ്ഞ് മറ്റുള്ളവരെ പിരിമുറുക്കത്തിന്‍റെ തീവ്രത അറിയിക്കുകയും ചെയ്യുന്ന ഒരു ബുദ്ധിജീവി. ('ജീവി'യാണെന്ന് ഉറക്കെ സമ്മതിക്കാം, സംശയമില്ല. പക്ഷേ 'ബുദ്ധി'യുടെ കാര്യം... ഉറക്കെ അഭിപ്രായം പറഞ്ഞാല്‍ അതു പല സംഗതികള്‍ക്കും കേടാകും. ഇവിടെ മൗനം രക്ഷ...)

കക്ഷി ഒരു ലേഖനമത്സരത്തില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചു. വിഷയവും കിട്ടി. ആദ്യം കക്ഷി ചെയ്തത് അക്ഷരമാല ക്രമത്തില്‍ എല്ലാ എഴുത്തുകാരുടെയും പേരുകളും അവരുടെ കൃതികളും അതില്‍നിന്ന് ഓരോ ഉദ്ധരണിയും പകര്‍ത്തിയെഴുതി.
അതിങ്ങനെയായിരുന്നു- വിശ്വസാഹിത്യത്തിലെ പ്രസിദ്ധനായ (ആരാണങ്ങനെ ഒരു പദവി നല്‍കിയതെന്ന് അറിയില്ല) ................... പറയുന്നു: ".............., ...........: .........;........'......'  ............, ............;..........- .............."
 
ഓരോന്നിനുമിടയില്‍ ഇപ്രകാരം എഴുത്തുകാരന്‍ മുഖം നീട്ടി:
ഈ സാഹചര്യത്തില്‍....
ഞാനോര്‍മ്മിക്കുകയാണ്.....
ഇവിടെ സ്മരിക്കുകയാണ്.....
എടുത്തുപറയാതെ വയ്യ......
ജീവിതഗന്ധിയാണ്....
കണ്ണീരണിയിക്കുന്നു.... എന്നിങ്ങനെ...
ലേഖനം ഏകദേശം 10-12 പേജായി. വളരെ ഉദാരമനസ്കനായ ലേഖകന്‍ തന്‍റെ സൃഷ്ടി വിവരമുള്ളവരെന്നു ധരിച്ചിരിക്കുന്ന (ഏതായാലും തന്‍റെയത്രയും വരില്ലായെന്ന് ലേഖകന്‍റെ ഉള്ള് മിടിക്കുന്നുണ്ട്.) ചിലരെ വായിച്ചു കേള്‍പ്പിച്ചു. ഇംഗ്ലീഷ് അക്ഷരമാലയിലെ രണ്ടുമൂന്നക്ഷരങ്ങള്‍ കൂട്ടിച്ചേര്‍ത്തുള്ള വാക്കുകള്‍ തുരുതുരാന്ന് വായിച്ചുകേട്ടപ്പം അവരുടെ അറിവ് വിയര്‍ത്തു തുടങ്ങി.

"എന്തെങ്കിലും മാറ്റം വരുത്തണോ?" ലേഖകന്‍ ഭൂമിയോളംതാണ ഭാവമെടുത്തു.

'ഇടയ്ക്കിടയ്ക്ക് പ്രയോഗിച്ചിരിക്കുന്ന, ഈ സാഹചര്യത്തില്‍...., ഞാനോര്‍മ്മിക്കുകയാണ്....., ഇവിടെ സ്മരിക്കുകയാണ്....., എടുത്തുപറയാതെ വയ്യ......, ജീവിതഗന്ധിയാണ്.... കണ്ണീരണിയിക്കുന്നു.....എന്നിവ ഒഴിവാക്കിയാല്‍ ലേഖനം ഇത്തിരികൂടി ഗൗരവപൂര്‍ണ്ണമാകും." (ആര്‍ക്കും മനസ്സിലാകാത്തത് എഴുതുകയാണല്ലോ ബുദ്ധിജീവിസ്റ്റൈല്‍ എന്ന് അവരിലാരെങ്കിലും വിചാരിച്ചിരിക്കുമോ ആവോ?)

ലേഖനം വിധിനിര്‍ണ്ണായകരുടെ മുന്‍പിലെത്തി. തലയെടുപ്പും തലക്കനവുമുള്ളവരെന്ന് 'അംഗീകരിപ്പിച്ച' വല്യവല്യ ആളുകളാണ് വിധികര്‍ത്താക്കള്‍. തങ്ങള്‍ക്കറിയാന്‍ പാടില്ലാത്ത ഒരെഴുത്തുകാരനും ഇല്ലെന്ന് ഊറ്റംകൊണ്ടിരുന്ന അവര്‍, ലേഖകന്‍റെ ലോകഎഴുത്തുകാരെക്കുറിച്ചുള്ള പരിചയം വായിച്ചറിഞ്ഞപ്പോള്‍ തങ്ങളുടെ അറിവുകേടു സമ്മതിക്കാതിരിക്കാന്‍ വേണ്ടി കണ്ണുമടച്ച് മാര്‍ക്കിട്ടു.

മത്സരഫലം വന്നു. പേര്:'കൃതി', :"..., ....'....', ....; ....--....." നിറഞ്ഞ ലേഖനം ഒന്നാം സ്ഥാനത്തെത്തി.
എഴുത്തുകാരന്‍ വളര്‍ന്നുകൊണ്ടേയിരുന്നു. ഇപ്പോള്‍ സ്വന്തമായി പറയാനറിയാവുന്ന കാര്യങ്ങളിത്രമാത്രം - കോളന്‍(:), ഇന്‍വെര്‍ട്ടട് കോമാ ഓപ്പണ്‍ (") സെമിക്കോളന്‍ (;), കോമാ (,) ഡാഷ് (-) ഇന്‍വെര്‍ട്ടട് കോമാ (")ക്ലോസ്.

ഇന്നിന്‍റെ എഴുത്തുകാരന്‍ (പകര്‍പ്പെഴുത്തുകാരനാണെന്ന് പറയരുത്, പറഞ്ഞാല്‍ വെവരമറിയും...) ഇവിടെ പിറക്കുന്നു. 

You can share this post!

ഇഡാ

ലിന്‍സി വര്‍ക്കി
അടുത്ത രചന

കമ്മല്‍

ജിജോ ജോസഫ് എന്‍.
Related Posts