news-details
കഥ

വില്ക്കപ്പെട്ട സ്വപ്നങ്ങള്‍

അയാളുടെ സ്വപ്നമായിരുന്നു ഒരു വീട്. ഒരു ശരാശരി പ്രവാസിയുടെ ജീവിതലക്ഷ്യത്തിലൊന്നാണ് സ്വന്തംനാട്ടില്‍ മണ്ണിന്‍റെ മണമുള്ള ഒരു കൊച്ചുവീട്. ജീവിതത്തിന്‍റെ നല്ല പങ്കും മറുനാട്ടില്‍ ഹോമിച്ചു ശിഷ്ടമായി കിട്ടുന്ന ചെറിയ കാലയളവ് ഒരു കുടുംബമായി സ്വയം പണികഴിപ്പിച്ച വീട്ടില്‍ താമസിച്ചു മരിക്കുക. അയാളുടെ അമ്മ എന്നും പറയും, 'മോനെ പട്ടിണിയാണെങ്കിലും കേറിക്കിടക്കാന്‍ ഒരു കൂരയെങ്കിലും വേണം' അംബരചുംബികളായ പടുകൂറ്റന്‍ കെട്ടിടങ്ങള്‍ക്കിടയിലെ ചുട്ടുപൊള്ളുന്ന മരുഭൂമിയില്‍ ഏകാന്തമായ മനസ്സുമായി ഒരു കൊച്ചുവീട് എന്ന സ്വപ്നവുമായി അയാള്‍ നടന്നു.

ആദ്യമായി ആ സ്വപ്നഗൃഹത്തെക്കുറിച്ച് പറഞ്ഞത് ഭാര്യയോടായിരുന്നു. പൂമുഖവും നടുമുറ്റവും തുളസിത്തറയും കെടാവിളക്കും അഗ്രശാലയും പൂജാമുറിയും ഓട്ടുപാത്രങ്ങളും പൂവും പൂന്തോട്ടവും ഒക്കെ ഉള്ള ഒരു കൊച്ചുവീടിനെക്കുറിച്ചുള്ള അയാളുടെ സങ്കല്പത്തെക്കുറിച്ച് ഫോണിലൂടെ പറഞ്ഞപ്പോള്‍ അവള്‍ ഒന്ന് ചിരിച്ചു, പിന്നെ പറഞ്ഞു: 'ദേ മനുഷ്യ... സുഖമില്ലേ? ഈ കാലത്ത് അതിനൊക്കെ ആരാ മുതിരുന്നത്. വീട് പണിയെന്നുവച്ചാല്‍ ഒരുപാടു നൂലാമാലയും പൊല്ലാപ്പുമാണ് 'പിന്നെ ഒന്ന് നിര്‍ത്തി അവള്‍ പറഞ്ഞു: 'നമുക്ക് ഫ്ളാറ്റ് മതി.' ഫ്ളാറ്റിന്‍റെ ഗുണഗണങ്ങളെക്കുറിച്ച് അവളുടെ വിശദീകരണങ്ങളൊന്നും അയാള്‍ കേട്ടില്ല. ഒരുപാടുന്യായീകരണങ്ങള്‍ അയാള്‍ പറഞ്ഞുനോക്കി എങ്കിലും അവള്‍ക്ക് അതില്‍ കുറഞ്ഞത് ഒന്നും സ്വീകാര്യമായില്ല. അവസാനം അയാളെക്കൊണ്ട് സമ്മതിപ്പിച്ചിട്ടു മാത്രമേ അവള്‍ ഫോണ്‍വെച്ചുള്ളൂ. അയാളുടെ സ്വപ്നങ്ങള്‍ ഓരോന്ന് ഉരുകിത്തീരുമെന്ന് അയാള്‍ ഭയപ്പെട്ടു.

നിദ്രാഹീനമായ രാത്രികള്‍ അയാള്‍ക്ക് പേക്കിനാവുകള്‍ സമ്മാനിച്ചു കടന്നുപോകാന്‍ തുടങ്ങി.

പുതു ഫ്ളാറ്റ് വാങ്ങിയതും അവിടേക്ക് താമസം മാറ്റിയതും ഒക്കെ പറയുമ്പോള്‍ അവള്‍ നല്ല സന്തോഷത്തിലായിരുന്നു. കൊഴിഞ്ഞുവീണ നഷ്ടസ്വപ്നങ്ങളുമായി അയാള്‍ തിരികെവരുമ്പോള്‍ സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടില്‍ വന്നിരുന്നു അവര്‍... പുതിയ ജീവിതവും പുതുസഹവാസവും അവളിലും മക്കളിലും വരുത്തിയ നല്ല മാറ്റം അയാള്‍ ശ്രദ്ധിച്ചു. അവരും ഈ നഗരത്തിന്‍റെ ഭാഗമായി മാറിയതുപോലെ തോന്നി. എന്തോ അന്യമായി പോകുന്നതുപോലെ.

എങ്കിലും അവരില്‍നിന്ന് മാറിനില്‍ക്കാന്‍ അയാള്‍ക്ക് കഴിയുമായിരുന്നില്ല. പക്ഷേ അസ്വസ്ഥമായ മനസ്സുമായി പുതിയ ജീവിതത്തോട് പൊരുത്തപെടാന്‍ ശ്രമിച്ചു. നഗരത്തിന്‍റെ വിരസതയും ആത്മാവ് ഇല്ലാത്ത ചുവരുകളും മണ്ണിന്‍റെ മണമില്ലാതെ മഴയുടെ സംഗീതമില്ലാതെ പൂവും പൂന്തോട്ടവും പുല്‍ക്കൊടിയുമില്ലാത്ത ഭൂമിയില്‍നിന്ന് എട്ടാം നിലയില്‍ ഒരു ജീവിതം. ജനാല തുറന്നുവെച്ചാല്‍ പച്ചപ്പുള്ള പ്രകൃതിക്ക് പകരം നരച്ച ആകാശവും നേര്‍ത്ത കണികകള്‍പോലെ നിരങ്ങി നീങ്ങുന്ന വാഹനങ്ങളുടെ നീണ്ടനിരയും ഉറുമ്പിനെപോലെ ഇഴയുന്ന മനുഷ്യരുടെയും മനം മടുപ്പിക്കുന്ന കാഴ്ചകള്‍ മാത്രം. ഔപചാരികതയില്‍ കവിഞ്ഞ ആത്മബന്ധം ഇല്ലാത്ത ചിരിക്കാന്‍മറന്നുപോകുന്ന അയല്‍ക്കാര്‍. ഒന്നും ചെയ്യാന്‍ ഇല്ലാതെ ആ ഫ്ളാറ്റിന്‍റെ നാല് ചുവരുകള്‍ക്ക് ഉള്ളില്‍ ഒതുങ്ങിക്കൂടാന്‍ ശ്രമിച്ചു പക്ഷേ പരാജയമായിരുന്നു ഫലം. അയാളുടെ ആ പഴയ തറവാടും ആ പച്ചപ്പും ആ ഗ്രാമവും അയാളെ മാടി വിളിക്കുന്നതുപോലെ അയാള്‍ക്ക് തോന്നിത്തുടങ്ങി. പിന്നെ ഒരു രാത്രി, നിലാവിനെ സാക്ഷി നിര്‍ത്തി ആ ഫ്ളാറ്റില്‍നിന്ന് അയാള്‍ ഇറങ്ങി നടന്നു... നടത്തം ഓട്ടമാക്കുന്നതിനുമുന്‍പ് അയാള്‍ ഒന്ന് തിരിഞ്ഞുനോക്കി... ആയിരം നിഴലുകള്‍ അയാളെ നോക്കി പരിഹസിക്കുന്നുണ്ടായിരുന്നു. അതില്‍ അയാളുടെ ഭാര്യയുണ്ട്, മക്കളുണ്ട് എന്തിന് അയാളുടെ നിഴലുകള്‍പ്പോലും അതിലുണ്ടോ...? എന്നയാള്‍ സംശയിച്ചു.

You can share this post!

ഇഡാ

ലിന്‍സി വര്‍ക്കി
അടുത്ത രചന

ദ ക്രൂയിസ്

ലിന്‍സി വര്‍ക്കി
Related Posts