news-details
കവർ സ്റ്റോറി

സഹനത്തിന്‍റെ ചുംബനങ്ങള്‍

ഇമ്മാനുവലച്ചനാണ് ഖലീല്‍ ജിബ്രാന്‍റെ 'മനുഷ്യപുത്രനായ യേശു' എന്ന വിശുദ്ധപുസ്തകം എനിക്ക് തന്നത്. അത് അച്ചന്‍റെ ക്രിസ്തുമസ് സമ്മാനമായിരുന്നു. ക്രിസ്തുമസ്ദിനത്തിലെ ആദ്യ കുര്‍ബാന കഴിഞ്ഞ് പള്ളിയില്‍നിന്ന് പുറത്തേക്കിറങ്ങിവന്ന അച്ചന്‍റെ മുഖം ഞാനിപ്പോഴും ഓര്‍മ്മിക്കുന്നുണ്ട്. നിലാവ് വീണുകിടക്കുംപോലെ അച്ചന്‍റെ മുഖം പ്രശാന്തമായിരുന്നു. ആ വിരലുകള്‍ തംബുരുമീട്ടുംപോലെ വായുവില്‍ ഉയര്‍ന്നുകൊണ്ടേയിരുന്നു. മേടയിലേക്കെന്നെ കൂട്ടിക്കൊണ്ടുപോകുമ്പോള്‍ അച്ചന്‍ ഭൂമിയിലെ മനുഷ്യരുടെ കാരുണ്യരഹിതമായ ജീവിതത്തെക്കുറിച്ച് പറഞ്ഞു. ഭൂമി ആകാശത്തിനോട് മുട്ടിപ്പായി പ്രാര്‍ത്ഥിക്കുന്നത് എന്തായിരിക്കുമെന്ന് എന്നോട് പറഞ്ഞു. എന്‍റെ കവിതയെഴുത്തിന് ഭൂമിയിലെ ശാസനകളെ അനുസരിക്കേണ്ടിവരുമെന്നും അത് കാലത്തിന്‍റെ തെരഞ്ഞെടുപ്പുകളില്‍ ഒന്നുമാത്രമാണെന്നും അച്ചനെന്നെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. വചനങ്ങളുടെ ഒഴുക്ക് തീര്‍ന്നപ്പോഴാണ് അച്ചനെനിക്ക് 'മനുഷ്യപുത്രനായ യേശു' സമ്മാനമായി തന്നത്. ആ പുസ്തകത്തിലേക്ക് ഞാന്‍ മുട്ടുകുത്തുമ്പോള്‍ ഭൂമിയിലെ എല്ലാ വേദനകള്‍ക്കും മുന്‍പില്‍ മുട്ടുകുത്തുന്നതായി എനിക്ക് തോന്നി. 'കുറ്റവും ശിക്ഷ'മിലെ റസ്ക്കള്‍ നിക്കഫിനെപ്പോലെ ഭൂമിയിലെ എല്ലാ വേദനകള്‍ക്കും മുന്നില്‍ത്തന്നെയായിരുന്നു ഞാന്‍ മുട്ടുകുത്തിയത്. അത് ക്രിസ്തു അനുഭവത്തിനുമുന്‍പില്‍ നടന്ന എന്‍റെ ആദ്യത്തെ കീഴടങ്ങല്‍ ചടങ്ങായിരുന്നു.

അക്കാലങ്ങളില്‍ ക്രിസ്തു എനിക്ക് അപ്രാപ്യനായിരുന്നു. മലയാറ്റൂരും മണര്‍കാടും ഭരണങ്ങാനത്തും എടത്വായിലും പരുമലയിലും പോയിരുന്നെങ്കിലും പള്ളിമുറ്റത്തുനിന്ന് ദൈവത്തെ ഞാന്‍ നിരീക്ഷിക്കുകയായിരുന്നു. ദേവാലയങ്ങളിലെ പ്രശാന്തത എനിക്കിഷ്ടമായിരുന്നു. പക്ഷേ, ദേവാലയങ്ങള്‍ക്കരികിലുള്ള സെമിത്തേരികള്‍ എന്നെ ഭയപ്പെടുത്തിയിരുന്നു. ഞാന്‍ പഠിച്ച സ്കൂളിലെ പ്യൂണ്‍ വര്‍ഗ്ഗീസേട്ടന്‍റെ ശവമടക്കലിന് സെമിത്തേരിയില്‍ പോയിരുന്നു. എണ്ണിത്തീര്‍ക്കാനാകാത്തത്ര കല്ലറകള്‍ കണ്ടപ്പോള്‍ എനിക്കത്ഭുതം തോന്നി. ഇത്രയുംപേര്‍ ഒരുമിച്ചു മരിച്ചതായിരിക്കുമെന്ന് ഞാന്‍ കരുതി. ഞാനവിടേക്ക് സൂക്ഷിച്ചുനോക്കിയപ്പോള്‍ കണ്ട കാഴ്ച എന്നെ വല്ലാതെ ഭയപ്പെടുത്തി. ഓരോ കല്ലറയ്ക്ക് മുകളിലും അതിന്‍റെ അവകാശികള്‍ കയറിയിരുന്ന് ചിരിക്കുന്നു. അന്ന് രാപ്പനി പിടിച്ചു. തലവേദനിച്ചു. പക്ഷേ, പില്‍ക്കാലത്ത് ക്രിസ്തുവിന്‍റെ കല്ലറ കാണാന്‍ ഞാന്‍ അതിയായി ആഗ്രഹിച്ചു. അത് ജിബ്രാന്‍ എനിക്കുനേരെ വച്ചുനീട്ടിയ മഹാകാരുണ്യമായിരുന്നു.

മാവോയെയും ചെഗുവേരയെയും ചാരുമജുംദാറിനെയും വായിച്ചുകൊണ്ടിരുന്ന കാലത്താണ് 'മനുഷ്യപുത്രനായ യേശു' എന്‍റെ അടുക്കലേക്ക് വരുന്നത്. അതിനുമുന്‍പ് എന്‍റെ നാട്ടുകാരന്‍ കൂടിയായിരുന്ന മയ്യനാട് എ.ജോണ്‍ കാലങ്ങള്‍ക്ക് മുന്‍പെഴുതിയ 'ശ്രീയേശുക്രിസ്തു' ഞാന്‍ വായിച്ചിരുന്നു. അതെന്നെ ഭീഷണിപ്പെടുത്തിയ പുസ്തകമായിരുന്നു. ദൈവകല്പന അനുസരിച്ചില്ലെങ്കില്‍ നിങ്ങള്‍ക്ക് പാപം ചെയ്യേണ്ടിവരുമെന്നും അത് മരണത്തിലേക്ക് തുറന്നുകിടക്കുന്ന ഒരു വഴിയാണെന്നും ആ പുസ്തകം ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരുന്നു. എന്നാല്‍ സ്നാപകയോഹന്നാന്‍റെ ജീവിതവും ദൗത്യവും അന്ത്യവും എനിക്കൊരു ദുരന്തകാവ്യമായി അനുഭവപ്പെട്ടു. പാത്രത്തില്‍ വിളമ്പിയ, സ്നാപകയോഹന്നാന്‍റെ ഉത്തമാംഗം എന്‍റെ നിദ്രകളെ വളരെക്കാലം വേദനിപ്പിച്ചുകൊണ്ടേയിരുന്നു. പക്ഷേ, ചാട്ടവാറുമായി നില്‍ക്കുന്ന യോദ്ധാവിനെപ്പോലെയായിരുന്നു പുസ്തകത്തിലൂടെ ഞാന്‍ തിരിച്ചറിഞ്ഞ ക്രിസ്തു. അതെന്‍റെ വിശ്വാസത്തെ ചോര്‍ത്തിക്കളഞ്ഞു. ക്രിസ്തു മഹത്തായ കവിതയാണെന്ന് കെ.പി.അപ്പന്‍ സാര്‍ ക്ലാസ്സില്‍ പറയാറുണ്ടായിരുന്നു. പിന്നീടെപ്പോഴോ 'ഞാന്‍ സമാധാനമല്ല, വാളാണ് കൊണ്ടുവന്നിരിക്കുന്നതെന്ന്' വായിച്ചു. ഇങ്ങനെ ഒന്നിനു പിന്നാലെ ചീറ്റിയടിച്ച സന്ദേഹങ്ങളില്‍പ്പെട്ട് എനിക്ക് ശ്വാസംമുട്ടി. അതെന്‍റെ പീഡനകാലമായിരുന്നു.

ക്രിസ്തുവിനെ അറിയണം എന്നത് എന്‍റെ ശരീരത്തിനകത്തിരുന്നു ജപിക്കുന്നവന്‍റെ ഉറച്ച തീരുമാനമായിരുന്നു. അപ്പോഴാണ് എനിക്ക് 'മനുഷ്യപുത്രനായ യേശു'വിനെ ലഭിക്കുന്നത്. തീരെ വെളിച്ചംകുറഞ്ഞ ഒരു മുറിയിലിരുന്നാണ് ഞാനത് വായിക്കാനെടുത്തത്. അത് പുതുവത്സരത്തിന്‍റെ ഒരു തണുത്ത രാവായിരുന്നു. പുസ്തകാരംഭത്തില്‍ത്തന്നെ ക്രിസ്തു പരീശന്മാരെയും പുരോഹിതന്മാരെയും എതിര്‍ക്കുന്ന കാഴ്ച ഞാന്‍ കണ്ടു. പുരോഹിതന്മാരുടെ, പണിയാന്മാരുടെ ഒരു സംഘം അവനുനേരെ കയര്‍ക്കുന്നതായും ദേഹോപദ്രവമേല്പിക്കാന്‍ തുനിയുന്നതായും കണ്ടു. അവിടെ ക്രിസ്തുവിനുവേണ്ടി സംസാരിച്ചത് ജിബ്രാനായിരുന്നുവെന്ന് എനിക്ക് തോന്നി. അത് ക്രിസ്തുവും ജിബ്രാനും തമ്മില്‍ നടന്ന ഒളിച്ചുകളിയായിരുന്നു. ക്രിസ്തുവിന്‍റെ വചനങ്ങളും ജിബ്രാന്‍റെ വചനങ്ങളും എനിക്ക് പ്രത്യേകം പ്രത്യേകം അടര്‍ത്തിയെടുക്കാന്‍ കഴിഞ്ഞില്ല. അത് ഒരേ ഹൃദയത്താല്‍ ദൈവം ഒരുക്കിയെടുത്ത ഒരു ശോശന്നപ്പൂവായിരുന്നു.

വേദപുസ്തകത്തിലെ ശാന്തിയെ ജിബ്രാന്‍റെ വേദപുസ്തകം പാടേ നിരാകരിക്കുന്നതായും ചോദ്യം ചെയ്യുന്നതായും എനിക്കനുഭവപ്പെട്ടു. പിന്നീടത് അല്പാല്പമായി കുറഞ്ഞുവരുന്നതായും പ്രചണ്ഡതയില്‍നിന്ന് പരമമായ പ്രശാന്തതയിലേക്ക് ഒഴുകുന്നതായും എനിക്കനുഭവപ്പെട്ടു. ജിബ്രാന്‍ എഴുതുന്നു; 'നോക്കൂ, നിങ്ങളുടെ കാഴ്ചകള്‍ക്കൊക്കെ വളരെ അകലെ ഒരു രാജ്യമുണ്ട്. അവിടെയാണ് എന്‍റെ സുന്ദരഭൂമി. നിങ്ങള്‍ പറയുക, ആ ഭൂമിയിലേക്ക് വരാനാണ് നിങ്ങളുടെ ആഗ്രഹമെങ്കില്‍ എന്‍റെ ഒപ്പം കൂടുക. നമുക്കവിടെ സന്തോഷത്തോടെ കഴിയാം. ഒരു കാര്യം ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പുതരാം. നമ്മുടെ മുഖങ്ങള്‍ക്കൊരിക്കലും ഒരാവരണം ഉണ്ടായിരിക്കുകയില്ല. നമ്മുടെ കരങ്ങളില്‍ രാജചിഹ്നങ്ങളൊന്നും ഉണ്ടായിരിക്കുകയില്ല. നിങ്ങള്‍ ഭയമില്ലാത്തവരായിരിക്കും. സ്നേഹത്തിന്‍റെ ഋതുസുഗന്ധം ഹൃദയങ്ങളിലൂടെ കടന്ന് ഭൂമിയിലെമ്പാടും വ്യാപിക്കും.' വേദപുസ്തകത്തില്‍നിന്ന് എനിക്ക് ലഭിക്കാത്ത ഒരാനന്ദമായിരുന്നു ഈ വചനധാര. എനിക്കിതൊരു കവിതപോലെയാണ് അനുഭവപ്പെട്ടത്. എന്‍റെ ഭാഷയിലേക്ക് ഈ വചനാഗ്നി പകര്‍ന്നുകൊണ്ടുവന്നപ്പോള്‍ ഞാന്‍ ഉന്മാദത്തിലായി. എനിക്കെന്നെ നിയന്ത്രിക്കാനായില്ല. എനിക്ക് മാത്രം കേള്‍ക്കാവുന്ന അകലത്തില്‍ ഞാന്‍ നിലവിളിച്ചു.

ക്രിസ്തുവിന്‍റെ തിരുപ്പിറവിയെക്കുറിച്ചുള്ള ഒരദ്ധ്യായത്തില്‍ മാതാവിനോടായി അവന്‍ പറയുന്നു: 'എന്‍റെ ശരീരം മാത്രമാണ് നിദ്രയില്‍ ഉറങ്ങുന്നത്. എന്‍റെ മനസ്സാകട്ടെ ഭൂമിയിലെ എല്ലാവരുടേയും ഒപ്പമാണ്. അടുത്ത പ്രഭാതത്തിലേക്ക് അവരുടെ മനസ്സ് ഒഴുകിയെത്തുംവരെ എന്‍റെ മനസ്സ് ഉണര്‍ന്നുതന്നെയിരിക്കും.' മഗ്ദലനയിലെ മറിയം ക്രിസ്തുവിനെ കണ്ട ആദ്യനാളുകളെക്കുറിച്ച് പറയുന്നു: 'എനിക്കറിയാമായിരുന്നു, ഞാന്‍ പൂര്‍ണ്ണനഗ്ന യായിരുന്നുവെന്ന്. എന്‍റെ നഗ്നത ഭൂമിയിലെ അലങ്കാരമായിരിക്കുമെന്നുതന്നെ ഞാന്‍ കരുതി. എന്‍റെ മിഴികളിലെ വന്യതയിലേക്ക് ഞാനവനെ ക്ഷണിച്ചു. അവന്‍റെ ഭംഗി എന്‍റെ ദാഹത്തെ കീഴ്പ്പെടുത്തുന്നതിലും ശ്രേഷ്ഠമായിരുന്നു.' സ്വന്തം ഭവനത്തിലേക്ക് ക്ഷണിച്ച മറിയത്തിനോട് ക്രിസ്തു പറയുന്നു, 'നിന്‍റെ യാചന ഞാന്‍ തിരിച്ചറിയുന്നു. പക്ഷേ, എനിക്കതിനു കഴിയില്ല. എണ്ണിത്തീര്‍ക്കാനാകാത്തത്ര കാമുകന്മാരാണ് നിനക്കുള്ളത്. എന്നാല്‍ ഞാന്‍ മാത്രമാണ് നിന്നെ ആഴത്തില്‍ സ്നേഹിക്കുന്നത്. കാമുകന്മാരാകട്ടെ, നിന്‍റെ ക്ഷണികമാം അഴകിനെ മാത്രമാണ് സ്നേഹിക്കുന്നത്. എന്നാല്‍ ഞാനാകട്ടെ, ഭൂമിയില്‍നിന്നൊരിക്കലും മാഞ്ഞുപോകാത്തൊരു സൗന്ദര്യം നിന്നില്‍ കാണുന്നുണ്ട്. ഋതുകാലം നട്ടുനനച്ച പര്‍വ്വത താഴ്വാരം കടന്ന് അവന്‍ പോകുമ്പോള്‍ അവളുടെ ദാഹം ശമിച്ചിരുന്നു. അവളുടെ മിഴികള്‍ നിറഞ്ഞു തുളുമ്പിയിരുന്നു. ഹൃദയമാകട്ടെ, വിടര്‍ന്ന ശോശന്നപ്പൂപോലെ സമര്‍പ്പണത്താല്‍ കൂമ്പിപ്പോയിരുന്നു. ശരീരത്തിന്‍റെ ഉത്കണ്ഠകള്‍ക്ക് ചിറകുമുളച്ച് അത് അനന്തതയിലേക്ക് പറന്നുപോയിരുന്നു. അവളുടെ ശരീരത്തില്‍നിന്ന് കുന്തിരിക്കത്തിന്‍റെയും മീറയുടെയും ഗന്ധമൊഴുകി. ധൂമനാളങ്ങള്‍ക്കുള്ളില്‍ അവളൊരു സ്ത്രീയായി. അവള്‍ മറിയമായി. മഗ്ദലനക്കാരി മറിയമായി.

ഇത് മഹത്തായ കവിതയാണെന്ന് ഞാന്‍ വിനയത്തോടെ തിരിച്ചറിയുന്നു. അവിശുദ്ധ വിശുദ്ധയായി മാറുന്നതും പ്രചണ്ഡത പ്രശാന്തതയിലേക്ക് വഴിമാറുന്നതും വന്യത വിമലപ്രകൃതിയാകുന്നതും ഞാനനുഭവിച്ചു. ക്രിസ്തുവെന്ന മഹാശുശ്രൂഷകനെക്കുറിച്ചും മഹാമാന്ത്രികനെക്കുറിച്ചും മഹാനായ തച്ചനെക്കുറിച്ചും കാനായിലെ വധുവിനെക്കുറിച്ചും പര്‍വ്വതശൃംഗത്തില്‍ വച്ചുനടന്ന ആനന്ദോത്ബോധനത്തെക്കുറിച്ചും ജിബ്രാന്‍ എഴുതുമ്പോള്‍ നമ്മുടെ സന്ദേഹങ്ങള്‍ക്ക് തീപിടിക്കുകയും അതുരുകിയുരുകി നമ്മുടെ ശരീരത്തില്‍നിന്ന് പുറത്തേക്കൊഴുകുന്ന പരിമളമായിത്തീരുകയും ചെയ്യുന്നു. അവന്‍ പറയുന്നു: 'ഞാന്‍ പുരോഹിതന്മാരെയും ന്യായാധിപന്മാരെയും ശാസിക്കാനോ നിയമങ്ങള്‍ കൊടുങ്കാറ്റിലേക്ക് വലിച്ചെറിയുവാനോ വന്നവനല്ല. അവര്‍ക്കിടയിലെ എന്‍റെ രാപകലുകള്‍ എത്ര ക്ഷണികമാണ്. എന്‍റെ വചനങ്ങള്‍ എണ്ണിയെടുക്കാന്‍ കഴിയുന്നത് മാത്രമായിരിക്കുന്നു. നിങ്ങളാകട്ടെ ലോകത്തിന്‍റെ വെളിച്ചമാണ്. അതു നിങ്ങള്‍ ഇരുള്‍ച്ചിറകുകള്‍ക്കുള്ളില്‍ ഒളിപ്പിച്ചുവയ്ക്കരുത്. അത് ഗിരിശൃംഗത്തില്‍ കൊളുത്തിവയ്ക്കുക. ദൈവരാജ്യം തേടുന്നവര്‍ക്ക് അതൊരു വഴിവിളക്കാകട്ടെ!'

ക്രിസ്തുവിനെ അനുഭവിച്ചു തുടങ്ങിയ കാലംമുതല്‍ സ്നാപകയോഹന്നാനും എന്‍റെ കൂടെ ഉണ്ടായിരുന്നു. യോഹന്നാന്‍റെ വിശുദ്ധജീവിതം എനിക്കൊരു ദുരന്തകാവ്യംപോലെയാണ് അനുഭവപ്പെട്ടത്. വേദപുസ്തകത്തില്‍ ഞാനനുഭവിച്ച ആ കാവ്യം എന്‍റെ മോശം നടപ്പിന് എനിക്ക് കിട്ടിയ കനത്ത ശിക്ഷകളിലൊന്നായിരുന്നു. ജിബ്രാന്‍റെ യോഹന്നാന് ഭൂമിയിലാരുടെ മുഖത്തിനോടാണ് സാമ്യം എന്നാലോചിച്ച് ഞാന്‍ വിഷമിച്ചിട്ടുണ്ട്. ആലോചനകള്‍ മനംപുരട്ടിക്കിടന്ന ഒരു രാവില്‍ എന്‍റെ മനസ്സിലേക്ക് വന്ന യോഹന്നാന്‍റെ മുഖം ചെഗുവേരയുടേതായിരുന്നു. ഇരുവരുടെയും വചനങ്ങള്‍ക്ക് അഗ്നിയുടെ ഹൃദയവും കുതിരകളുടെ കുളമ്പുകളുമുണ്ടായിരുന്നു. ആത്മാവിന്‍റെ കരുത്താല്‍ ഇരുവരും കൊടുങ്കാറ്റിനെ നിയന്ത്രിച്ചവരായിരുന്നു. യോഹന്നാനെ ഞാന്‍ പ്രണയിച്ചുതുടങ്ങുന്നതും ആഴത്തില്‍ അമര്‍ത്തി ചുംബിക്കുന്നതും ജിബ്രാനെ വായിച്ചു തുടങ്ങിയപ്പോള്‍ മുതലാണ്. 'മനുഷ്യപുത്രനായ യേശു'വില്‍ യോഹന്നാന്‍ ശിഷ്യരോട് പറഞ്ഞ വാക്കുകളില്‍ ഞാനിപ്പോഴും സ്നാനപ്പെടാറുണ്ട്. യോഹന്നാന്‍ പറയുന്നു; 'ഞാന്‍ നസ്രത്തിലെ യേശുവിന്‍റെ അനുയായിയാണ്. എന്‍റെ സൈന്യങ്ങളെ ഇനി അവനാണ് നയിക്കുന്നത്. ഞാന്‍ സര്‍വ്വസൈന്യാധിപനാണെങ്കിലും അവന്‍റെ പാദരക്ഷകളുടെ വാറഴിക്കാന്‍ എനിക്ക് യോഗ്യതയില്ല!'

സുവിശേഷത്തിലെ മാലാഖമാരുടെ ദീര്‍ഘദര്‍ശനം ആദ്യം മുതല്‍ക്കേ എന്നെ പ്രലോഭിപ്പിച്ചിരുന്നു. 'മരുഭൂമിയില്‍ വിളിച്ചുപറയുന്നവന്‍റെ ശബ്ദത്തെ ചെവിക്കൊള്‍ക' എന്നും 'അവന്‍റെ പാതകളെ ഋജുവാക്കുക' എന്നും ശാസിച്ച അനുഭവങ്ങളില്‍നിന്നാണ് ഞാന്‍ ജിബ്രാനിലേക്ക് വരുന്നത്. വേദപുസ്തകത്തിലെ യോഹന്നാന്‍റെ വാക്കുകള്‍ എനിക്ക് കല്‍ത്തുറങ്കില്‍നിന്ന് മുഴങ്ങിക്കേട്ട വാക്കുകളായിരുന്നു. ജിബ്രാന്‍റെ യോഹന്നാന്‍ ഒരു പര്‍വ്വതശൃംഗത്തില്‍നിന്ന് സംസാരിക്കുന്നതുപോലെ എനിക്കു തോന്നി. അവന്‍റെ ശബ്ദത്തിന് ഈ പ്രപഞ്ചത്തില്‍ രണ്ടുസാക്ഷികള്‍ മാത്രമാണുണ്ടായിരുന്നത്. അത് ആകാശവും ഭൂമിയുമായിരുന്നു.

ജിബ്രാന്‍റെ യോഹന്നാന്‍ സഫലമാകുമായിരുന്ന ഒരു സ്വപ്നമായിരുന്നു എനിക്ക്. അവന്‍ 'അണലിസന്തതികളേ, മാനസാന്തരപ്പെടുവിന്‍' എന്നു വിളിച്ചുപറഞ്ഞപ്പോള്‍ ഈ പ്രപഞ്ചം ഒന്നു നടുങ്ങിയിട്ടുണ്ടാകണം. അവന്‍ മിന്നല്‍പ്പിണരുകളോടും സിംഹങ്ങളോടും ചങ്ങാത്തം കൂടിയവനായിരുന്നു. അവന്‍റെ വചനങ്ങള്‍ ഭൂമിയുടെ ആഴങ്ങളില്‍നിന്ന് ആകാശത്തോളം വളര്‍ന്ന ഒരു മുന്തിരിവള്ളിയായിരുന്നു. ഇതെഴുതുമ്പോള്‍ അവനൊരു തുടുത്ത സന്ധ്യയായി ജാലകത്തിനു വെളിയില്‍ നില്‍പ്പുണ്ടായിരുന്നു. എരിഞ്ഞടങ്ങുംമുന്‍പുള്ള വിശുദ്ധ സന്ദര്‍ശനം. ശിരസ്സില്‍ നിന്നൂറിയ രക്തത്താല്‍ അവന്‍ പ്രപഞ്ചമെഴുതുംപോലെ. അത് ഭൂമിയിലെ എക്കാലത്തെയും മികച്ചൊരു ദുരന്തകാവ്യാനുഭവമായിരുന്നു.

നസ്രത്തിലെ പ്രിയപ്പെട്ടവനെ എനിക്കുകൂടി പ്രിയപ്പെട്ടവനാക്കിയത് ലെബനോണില്‍ പിറന്ന ഖലീല്‍ ജിബ്രാനാണ്. ക്രിസ്തുവിനോട് കടപ്പെട്ടതുപോലെ ഞാനവനോടും കടപ്പെട്ടിരിക്കുന്നു. എന്‍റെ ക്രിസ്തുവായനകള്‍ സമാരംഭിക്കുന്നതും അവസാനിക്കുന്നതും 'മനുഷ്യപുത്രനായ യേശു'വിലാണ്. അതെനിക്ക് സമ്മാനിച്ച ഇമ്മാനുവലച്ചനെ എന്‍റെ ഓര്‍മ്മകള്‍ ഇപ്പോഴും നമസ്കരിക്കാറുണ്ട്.

You can share this post!

ഇരുളിനെ പഴിക്കാതെ പ്രകാശത്തെ പിന്‍തുടരാനുള്ള ആഹ്വാനം

പ്രൊഫ. എം. കെ. സാനു
അടുത്ത രചന

ഇലക്ടറല്‍ ബോണ്ട് എന്ന ഗുണ്ടാപിരിവ്

എം. കെ. ഷഹസാദ്
Related Posts