ആദരിക്കപ്പെടണം എന്ന് ആഗ്രഹിക്കാത്ത ഒരു മനുഷ്യനെങ്കിലും ഈ ലോകത്ത് ഉണ്ടാകുമോ?
സ്നേഹത്തിന്‍റെ ഒരു എക്സ്റ്റന്‍ഷന്‍ എന്ന നിലയില്‍ ഒരു മനുഷ്യജന്മം രൂപപ്പെടുമ്പോള്‍ മുതല്‍ ആദരവ് പ്രസക്തമാകുന്നു. ഏറെ വൈകാതെ സ്നേഹവും ആദരവും തമ്മിലുള്ള വ്യത്യാസം അവന്‍ തിരിച്ചറിയുന്നു. അങ്ങനെ ആദരവിനുവേണ്ടിയെങ്കിലും ഒരാള്‍ സ്നേഹിക്കാന്‍ തുടങ്ങുന്നു. സ്നേഹം ഇല്ലാത്തിടത്ത് ആദരവ് ഉണ്ടാകില്ല എന്ന തിരിച്ചറിവ് അവനെ ക്ഷോഭിപ്പിക്കുന്നു. എന്നാല്‍ കൃത്രിമമായ സ്നേഹം നിലനിര്‍ത്താന്‍ കഴിയാത്തതുപോലെ കൃത്രിമമായ ആദരവും നിലനില്‍ക്കാതെ വരുന്നു. അവിടെയാണ് വാസ്തവത്തില്‍ ദുഃഖങ്ങള്‍ ആരംഭിക്കുന്നത്.
ആദ്യം ആദരവ് ലഭിക്കേണ്ടത് വീട്ടിലാണ്. പിന്നീട് സ്കൂളില്‍. അതിന്‍റെ തുടര്‍ച്ചയായി ജോലിസ്ഥലത്തെ ആദരവ്. വീട്ടില്‍ ആദരിക്കാത്തവനും ആദരവ് ലഭിക്കാത്തവനും മറ്റ് രണ്ടിടത്തും ആദരവ് ലഭിക്കുകയോ നല്കാന്‍ കഴിയുകയോ ഇല്ല. കാരണം ആദരവ് ഒരുതരം കൊടുക്കല്‍ വാങ്ങലാണ്. കൊടുക്കാന്‍ കഴിയുന്നവന് മാത്രമേ ലഭിക്കുകയുള്ളൂ. നിങ്ങള്‍ ജോലിസ്ഥലത്ത് ആദരവ് ലഭിക്കാത്ത ആളാണെങ്കില്‍ അതിനര്‍ത്ഥം നിങ്ങള്‍ അവിടെ ആദരവ് നല്‍കുന്നില്ല എന്നതു തന്നെയാണ്. തൊഴിലിടങ്ങളിലെ രാഷ്ട്രീയം ചിലപ്പോള്‍ ആദരവിന് ഭിന്നമായ ഭാവം നല്‍കിയേക്കാം. പക്ഷേ, കലഹിക്കുന്നവനും അവനറിയാതെ ആദരവ് നല്‍കുന്നുണ്ട് എന്നതാണ് സത്യം. ഒരുപക്ഷേ, ശത്രുവിന്‍റെ ആദരവിന്‍റെ അടിത്തറതന്നെ ഈ ആദരവാകാം.
ഒഴിമുറി എന്ന ചിത്രത്തിലെ നായകന്‍ പറയുന്നുണ്ട് ഭാര്യമാരെ തല്ലുന്ന കോന്തന്മാര്‍ എല്ലാം അവരെ ഭയപ്പെടുന്നു എന്ന്. ആ ഭയമാണ് അവരെക്കൊണ്ട് ഇങ്ങനെ തല്ലിക്കുന്നത്. ഇത് ആദരവിനും ബാധകമാണ്. ആദരവ് നിഷേധിക്കപ്പെടുന്ന പലയിടങ്ങളിലും വാസ്തവത്തില്‍ അത് ധാരാളം ഉണ്ടാകും. നിഷേധിക്കപ്പെടുന്നവരുടെ നിഴലിനെപ്പോലും ഇഷ്ടപ്പെടുന്ന ഒരുതരം ആരാധന.
മറ്റുള്ളവര്‍ക്ക് നമ്മള്‍ നല്‍കുന്നതും മറ്റുള്ളവര്‍ നമുക്ക് നല്‍കുന്നതുമായ എഴുതപ്പെടാത്ത ഒരു അംഗീകാരമാണ് ആദരവ്. ഇത് മനഃപൂര്‍വം സൃഷ്ടിക്കുന്നതല്ല. സ്വയം സംഭവിക്കുന്നതാണ്. സഹപ്രവര്‍ത്തകരുടെ സ്വകാര്യതയെ ബഹുമാനിക്കല്‍, അവര്‍ക്ക് ആവശ്യമായ ഇടം നല്‍കല്‍, വ്യത്യസ്തമായ അഭിപ്രായങ്ങളെയും വിശ്വാസങ്ങളെയും തത്വശാസ്ത്ര ങ്ങളെയും വ്യക്തിത്വങ്ങളെയും ശാരീരികാവസ്ഥയെയും അംഗീകരിക്കല്‍ എന്നിവയാണ് ആദരവില്‍ ഉള്‍പ്പെടുന്നത്. ആദരവ് ഉണ്ടാകണമെങ്കില്‍ ഒരു തരത്തിലുള്ള വിവേചനത്തിലും വിശ്വസിക്കാന്‍ പാടില്ല. അംഗവൈകല്യം ഉള്ളവനും വ്യത്യസ്തമായ സംസ്കാരത്തിലും ജാതിയിലും ജനിച്ചു വളര്‍ന്നവരെയും ഒക്കെ ഒരുപോലെതന്നെ മനസ്സില്‍ കരുതപ്പെടുന്നിടത്തെ ആദരവ് പുഷ്പിക്കൂ. ജാതിയുടെയോ ഭാഷയുടെയോ രാഷ്ട്രത്തിന്‍റെയോ പേരില്‍ വിവേചനം കാട്ടിയാല്‍ അവിടെ ആദരവ് ഇല്ലാതായിത്തീരുന്നു.
ആദരവിന് ഒരുപാട് തലങ്ങള്‍ ഉണ്ട്. തൊഴിലുടമയോട് തൊഴിലാളികള്‍ കാട്ടുന്ന ആദരവാണ് ഇതില്‍ ഏറെ സവിശേഷതയുള്ള ഒന്ന്. തൊഴിലുടമ ഏത് തരത്തിലുള്ള ആളാണെങ്കിലും തൊഴിലാളി ആദരവ് കാണിക്കുന്നു. ഇത് കാലാകാലങ്ങളായി സമൂഹത്തിന്‍റെ മര്യാദകളില്‍ പെടുന്നതാണ്. സ്വന്തം തൊഴിലുറപ്പും കരിയറുമൊക്കെ ഇതിനെ സ്വാധീനിക്കുന്നു. തൊഴിലുടമയെ കാണുമ്പോള്‍ തൊഴിലാളി അറിയാതെ എഴുന്നേറ്റു പോകുന്ന മര്യാദ. ഉടമ ഏറെ സംസാരിക്കണമെന്നില്ല, ആദരിക്കു ന്നവരെ നോക്കണമെന്നില്ല. പക്ഷേ, ഒരു കടമപോലെ അത് നടക്കുന്നു. പോലീസിലും പട്ടാളത്തിലും ഒക്കെ ഇത് നിയമപരമായ ആദരവായി മാറുന്നു. ഒബേയ് വിത്ത് ഔട്ട് ഡിലേ എന്നാണ് ഇവിടുത്തെ നിയമം.
എന്നാല്‍ ഇത് യഥാര്‍ത്ഥ ആദരവാകുന്നില്ല. ഹൃദയത്തില്‍നിന്നു ജനിക്കുന്നതാണ് യഥാര്‍ത്ഥ ആദരവ്. മഹാത്മാഗാന്ധിയെ ആദരിച്ചില്ലെങ്കില്‍ ഒരു ഇന്ത്യന്‍ പൗരനെ പിടിച്ച് ജയിലില്‍ ഇടാം (ഹിറ്റ്ലറെ ആദരിച്ചാല്‍ ഒരു ജര്‍മ്മന്‍ പൗരനേയും). എന്നാല്‍ ഗാന്ധിജിയോട് ആദരവ് തോന്നുന്നത് നിയമത്തെ ഭയന്നല്ല. ആ മഹത് ജീവിതത്തെ മനസ്സിലാക്കിക്കൊണ്ടാണ്. ഈ വ്യത്യാസമാണ് മുകളില്‍പ്പറഞ്ഞ ആദരവില്‍ സംഭവിക്കുന്നത്. ഇത്തരം ആദരവുകള്‍ നിലനില്‍ക്കില്ല. തൊഴിലുടമ ഒരു പ്രതിസന്ധിയില്‍ പെടുമ്പോള്‍ തൊഴിലാളി കൂടി സംശയിക്കും. ആദരവ് അവഗണനയും ശത്രുതയുമായി മാറും.
പാശ്ചാത്യരാജ്യങ്ങളില്‍ ഇത്തരം ഒരു ആദരവിന്‍റെ പ്രശ്നമില്ല. അവര്‍ ആരെയും സാര്‍ എന്നു വിളിക്കുന്നില്ല. കൃത്യമായ ആദരവിന്‍റെ മുഖക്കുറിയാണ് സാര്‍ എന്ന അഭിസംബോധന. തൊഴിലുടമയും തൊഴിലാളിയും ഒക്കെ മാനേജ്മെന്‍റ് കാര്യങ്ങളുടെ ഭാഗം മാത്രമാണിവിടെ. തൊഴില്‍ ചെയ്യുന്നവര്‍ അവന്‍റെ കടമ ഭംഗിയായി നിറവേറ്റുന്നു. അതുവഴി കടന്നുപോകുന്ന തൊഴിലുടമയെ കണ്ട് എഴുന്നേറ്റുനില്‍ക്കാന്‍ അവന് നേരമില്ല. സ്വന്തം ഉത്തരവാദിത്വം മറന്ന് അങ്ങനെ ആദരിക്കാന്‍ ശ്രമിച്ചാല്‍ ഒരുപക്ഷേ, ശിക്ഷാനടപടി വരെ ഉണ്ടായേക്കാം. സ്വന്തം തൊഴില്‍ അന്തരീക്ഷത്തിന് ഭംഗം വരുത്താത്ത, പരിസരത്തെ ഒരു കാര്യവും അവന്‍ അറിയേണ്ടതില്ല. ആരും ആരെയും സാര്‍ എന്നു വിളിക്കേണ്ട, ആരും ആരോടും തട്ടിക്കയറേണ്ടതില്ല. അവന്‍ ജോലിയെടുക്കുന്നിടം തൂത്തുവൃത്തിയാക്കേണ്ടതുപോലും അവന്‍റെ ഉത്തരവാദിത്തമാണ്. അതിനിടയില്‍ ഒരു തൂപ്പുകാരന്‍ ഇല്ല. അത് ചെയ്യാത്തവന്‍ സ്വയം ആദരിക്കുന്നില്ല. മറ്റുള്ളവരാല്‍ ആദരിക്കപ്പെടുന്നുമില്ല.
എന്നാല്‍ തൊഴിലുടമ ഇവിടെയും ആദരിക്കപ്പെടുന്നുണ്ട്. തൊഴിലാളിയെപ്പോലെ തന്നെ തൊഴിലുടമ അവന്‍റെ കടമ നിറവേറ്റുമ്പോഴാണ് ഇത് സംഭവിക്കുന്നത്. സ്ഥാപനം ലാഭത്തില്‍ പോകേണ്ടത് ഉടമയുടെ മാത്രം കാര്യമല്ല. ഉടമയ്ക്ക് ലാഭം ലഭിക്കുന്നു എന്നു വരുമ്പോള്‍ പണിയെടുക്കുന്ന തൊഴിലാളി ആഹ്ലാദിക്കുന്നു. ലാഭമുണ്ടാക്കാന്‍ സ്വന്തം ഉത്തരവാദിത്വം തൊഴിലുടമ നിറവേറ്റുമ്പോള്‍ തൊഴിലാളിയുടെ ജീവിതംകൂടി സുരക്ഷിതമാകുന്നു. ആ സുരക്ഷ നന്നായി നിറവേറ്റാന്‍ ഉടമ ശ്രമിക്കുമ്പോള്‍ ഈ ആദരവ് പൂര്‍ത്തിയാകും. ഒരു പുഞ്ചിരി, ഒരു നല്ല വാക്ക്, ഒരു കയ്യടി, ഒരു കെട്ടിപ്പിടുത്തം ഇതൊക്കെയായിരിക്കാം ഇവിടെ അടയാളങ്ങളായി മാറുന്നത്.
എല്ലാ മനുഷ്യരും അവന്‍റെ ജീവിതത്തില്‍ ഏറ്റവും അധികം സമയം ചെലവഴിക്കുന്നത് തൊഴില്‍ സ്ഥലത്താണ്. ഒരു ദിവസത്തിന്‍റെ ഏതാണ്ട് പകുതിയോളം അവന്‍ തൊഴില്‍സ്ഥലത്ത് ചെലവഴിക്കുന്നു. ബാക്കി പകുതി സമയത്താണ് ജീവിതത്തില്‍ ചെയ്തുതീര്‍ക്കാനുള്ള കാര്യങ്ങള്‍ ചെയ്യുക. അതുകൊണ്ട് തൊഴില്‍സ്ഥലത്ത് പരസ്പരം എങ്ങനെ ആദരിക്കുന്നു എന്നത് വലിയ ഘടകമായി മാറുന്നു. തൊഴിലുടമയുമായോ ഉയര്‍ന്ന ഉദ്യോഗസ്ഥന്മാരുമായോ പെരുമാറുന്നതുപോലെയല്ല സഹപ്രവര്‍ത്തകരുമായി പെരുമാറുന്നത്. സമന്മാരുടെ പെരുമാറ്റത്തിലെ ആദരവാണ് ഇവിടെ വിഷയം.
ചെയ്യുന്ന ജോലിയുടെയും ലഭിക്കുന്ന ഫലത്തിന്‍റെയും അടിസ്ഥാനത്തില്‍ സമന്മാരില്‍ തന്നെ ആദരവിന്‍റെ തോത് വ്യത്യസ്തമായിരിക്കും. സമന്മാരാകാന്‍ ആര്‍ക്കും പ്രയാസമില്ല എന്നാല്‍ തന്നെക്കാള്‍ വലിയവനായി മറ്റൊരാളെ അംഗീകരിക്കാന്‍ സാധാരണ മനുഷ്യന് സാധിക്കില്ല. ഞാന്‍ നിന്നെക്കാള്‍ മിടുക്കന്‍ അല്ലെങ്കില്‍ മിടുക്കി ആണെന്ന് ആരെങ്കിലും കരുതിയാല്‍ അവന്‍ അങ്ങനെ ആണെങ്കില്‍പ്പോലും ആദരവ് നഷ്ടപ്പെടുന്നു. അപ്പോള്‍ മിടുക്കന്‍ ചെയ്യേണ്ടത് തൊഴില്‍ മിടുക്ക് കാണിക്കുകയും അതേസമയം ആ മിടുക്ക് അവകാശപ്പെടാതിരിക്കുകയും ചെയ്യുകയാണ്. അപ്പോഴേ ശരിക്കുള്ള ആദരവ് ഉണ്ടാകൂ.
ഓര്‍ഗനൈസേഷണല്‍ ബിഹേവിയര്‍ എന്നൊരു മാനേജ്മെന്‍റ് പാഠമുണ്ട്. ഇത് വാസ്തവത്തില്‍ തൊഴില്‍സ്ഥലത്തെ ആദരവിന്‍റെ പാഠപുസ്തകമാണ്. സ്ഥാപനത്തിലെ മാറ്റങ്ങള്‍ എങ്ങനെ തൊഴിലാളികളില്‍ പ്രതിഫലിക്കുന്നുവെന്നും അതെങ്ങനെ തിരിച്ചറിഞ്ഞ് കൈകാര്യം ചെയ്യാമെന്നും ഈ പാഠം ശാസ്ത്രീയമായി പഠിപ്പിക്കുന്നു. ഇതിലെ ആദരവിന്‍റെ ഭാഗം മനസ്സിലാക്കിയേ തൊഴില്‍ അവസ്ഥയില്‍ മാറ്റങ്ങള്‍ വരുത്താവൂ. ഓര്‍ഗനൈസേഷണല്‍ ബിഹേവിയര്‍ നന്നായി പഠിച്ച ഒരു മാനേജര്‍ക്ക് ഏത് മാറ്റവും സമര്‍ത്ഥമായി നടപ്പിലാക്കാന്‍ കഴിയും. ഇത് പഠിക്കാത്തവരാണ് തൊഴിലാളിയുടെ ആത്മാഭിമാനത്തെ മുറിപ്പെടുത്തുന്നതും ആദരവ് നഷ്ടപ്പെട്ട കലാപഭൂമിയാക്കി മാറ്റുന്നതും.
നല്ല പെരുമാറ്റത്തിന് ചില പ്രമാണങ്ങള്‍
തൊഴില്‍സ്ഥലത്തെ ആദരവ് ഇല്ലായ്മമൂലം ഒട്ടേറെ പ്രശ്നങ്ങള്‍ ഉണ്ടാകുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു. വികസിതരാജ്യങ്ങളിലെ ഹ്യൂമന്‍ റിസോഴ്സ് ഡിപ്പാര്‍ട്ട്മെന്‍റുകള്‍ നേരിടുന്ന പ്രധാന പ്രതിസന്ധികള്‍ ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കുക എന്നതാണ്. അമേരിക്കയിലും ബ്രിട്ടണിലും ഒക്കെ ഈ വിഷയത്തെക്കുറിച്ച് നടത്തിയ പഠനങ്ങളില്‍ പറയുന്നത് 60 ശതമാനം പേരും തൊഴില്‍സ്ഥലത്തെ ആദരവില്ലായ്മയില്‍ അസ്വസ്ഥരും മറ്റ് ജോലി നോക്കുന്നവരും ആണെന്നാണ്. ഇന്ത്യയില്‍ തൊഴിലില്ലായ്മ ഒരു പ്രശ്നമായതിനാല്‍ അത്തരത്തില്‍ ഒരു ട്രന്‍റ് ഇനിയും രൂപപ്പെട്ടില്ല. എന്നാല്‍ തൊഴില്‍ സ്ഥലത്തെ പ്രശ്നങ്ങള്‍മൂലം ഒട്ടേറെ സ്ഥാപനങ്ങളുടെ ഉത്പാദനത്തെ ശക്തമായി ബാധിക്കുന്നതായിപ്പോലും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. തൊഴില്‍സ്ഥലത്ത് പെരുമാറുന്നതും മറ്റുള്ളവരെ ആദരിക്കുന്നതും സംബന്ധിച്ച് ഓരോ തൊഴിലാളിയും ചില ധാരണയില്‍ എത്തിയാല്‍ ഒട്ടേറെ പ്രതിസന്ധികള്‍ക്ക് പരിഹാരമാകും. ചുവടെ കൊടുത്തിരിക്കുന്ന പത്ത് പ്രമാണങ്ങള്‍ ഈ കാര്യത്തില്‍ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കും.
* മറ്റുള്ളവര്‍ നിങ്ങളോട് എങ്ങനെ പെരുമാറണം എന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവോ അതുപോലെ നിങ്ങള്‍ മറ്റുള്ളവരോടും പെരുമാറുക.
* വര്‍ത്തമാനം പറയുമ്പോള്‍ പുഞ്ചിരിക്കാന്‍ ശ്രമിക്കുക. ഇഷ്ടപ്പെടാത്തത് സൗമ്യമായ ഭാഷയില്‍ തുറന്നുപറയുക. പ്രകോപിപ്പിക്കാന്‍ ഇടയുള്ള എല്ലാ പരാമര്‍ശങ്ങളും ഒഴിവാക്കുക.
* എന്തുകാര്യവും പറയുന്നതിനും ചെയ്യുന്നതിനും മുമ്പ് അത് മറ്റുള്ളവരെ മുറിപ്പെടുത്താന്‍ ഇടയുണ്ടോ എന്ന് ഒരിക്കല്‍കൂടി സ്വയം ചോദിക്കുക. ഏത് പ്രവൃത്തിയും മറ്റുള്ളവരുടെ ജീവിതത്തില്‍ ഉണ്ടാക്കാന്‍ ഇടയുള്ള പ്രതിഫലനം എത്രയാണെന്ന് വിലയിരുത്തുക. കടുത്ത സമ്മര്‍ദ്ദത്തില്‍ ഇരിക്കുമ്പോള്‍ സംഭാഷണം ഒഴിവാക്കുക. സമ്മര്‍ദ്ദ സമയത്തെ സംഭാഷണം ഉണ്ടാക്കുന്നത്രയും മുറിവ് മറ്റൊരു സമയത്തും ഉണ്ടാകാറില്ല.
* നല്ല ശ്രോതാവാകാന്‍ ശ്രമിക്കുക. മറ്റുള്ളവര്‍ക്ക് പറയാനുള്ളത് കേള്‍ക്കാതെ നിങ്ങള്‍ക്ക് പറയാനുള്ളത് പറയാന്‍ ശ്രമിക്കരുത്. ലോകത്തിന്‍റെ അച്ചുതണ്ട് നിങ്ങളാണെന്നു കരുതി സംഭാഷണം നടത്തിയാല്‍ പ്രശ്നങ്ങള്‍ ഉണ്ടാകുകയേ ഉള്ളൂ. * ഓരോ വ്യക്തിയുടെയും ജീനുകള്‍ വ്യത്യസ്ത പ്പെട്ടിരിക്കുന്നു എന്നതുകൊണ്ട് എല്ലാവരുടെയും പ്രവൃത്തികള്‍ വ്യത്യസ്തപ്പെട്ടിരിക്കും എന്നു തിരിച്ചറിയുക. നിങ്ങളുടെ രീതിയില്‍ ആയിരിക്കില്ല ഒരേ ജോലി തന്നെ മറ്റൊരാള്‍ ചെയ്യുക. ഓരോ വ്യക്തികളുടെയും രീതികളും ശൈലികളും അംഗീകരിക്കുകയും ബഹുമാനിക്കുകയും അതിലെ നന്മകള്‍ തിരിച്ചറിയുകയും ചെയ്യുക.
* നിങ്ങളുടെ 'ഹോട്ട് ബട്ടണ്‍സ്' ഏതൊക്കെയെന്ന് ആദ്യമേ കണ്ടെത്തി വയ്ക്കുക. ഏത് വിഷയത്തെക്കുറിച്ചാണ് എളുപ്പത്തില്‍ നിങ്ങള്‍ പ്രകോപിതനാകുന്നതെന്ന് തിരിച്ചറിഞ്ഞ് അത്തരം സാഹചര്യത്തില്‍ എങ്ങനെ പെരുമാറണമെന്നു മുന്‍കൂട്ടി നിശ്ചയിച്ച് അതിനുവേണ്ട പരിശീലനം നേടുക.
* നിങ്ങളുടെ പ്രവൃത്തിയുടെ ഫലം എന്തായാലും അതിന്‍റെ ഉത്തരവാദിത്തം മടിയും ചമ്മലും കൂടാതെ ഏറ്റെടുക്കുക. അതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ശാന്തനായി ഉത്തരം നല്‍കുക. തെറ്റ് കണ്ടെത്തിയാല്‍ ക്ഷമാപണത്തോടെ തിരുത്താന്‍ തയ്യാറാകുകയും ചെയ്യുക.
* പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ വാദിച്ച് ജയിക്കാന്‍ ശ്രമിക്കരുത്. പ്രസ്തുത സംവാദത്തിലെ തെറ്റ് കണ്ടെത്തി തിരുത്താന്‍ ശ്രമിക്കണം. പ്രശ്നം പരിഹരിക്കാനായിരിക്കണം സംവാദങ്ങള്‍ നടത്തുന്നത്. പോസിറ്റീവായി മാത്രമേ പ്രശ്നങ്ങളെ സമീപിക്കാവൂ.
* മറ്റുള്ളവരെ ഇന്‍സള്‍ട്ട് ചെയ്യാന്‍ ശ്രമിക്കരുത്. അവരുടെ അഭിപ്രായങ്ങള്‍ തള്ളിക്കളഞ്ഞാല്‍പ്പോലും അതിനെ ഗൗനിച്ചുകൊണ്ടുള്ള ഒരു നയപരമായ സമീപനം ആയിരിക്കണം.
* ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ ഒന്നിനെയും വിലയിരുത്തരുത്. എന്ത് കാര്യത്തിന്‍റെയും അടിത്തറ വസ്തുകള്‍ ആയിരിക്കണം. വസ്തുക്കളും രേഖകളുംവച്ച് മാത്രമേ സംവാദത്തിന് തയ്യാറാകാവൂ. ആര്‍ക്കും ആരെക്കുറിച്ചും എന്തും പറയാം എന്ന കാര്യം മറക്കരുത്. പറയുന്നു എന്നതുകൊണ്ട് ഒരാള്‍ കുറ്റക്കാരനോ ഒരു പ്രവൃത്തി കുറ്റമോ ആകുന്നില്ല.