ആറാമത്തെ പ്രമാണമാണ് വ്യഭിചാരം ചെയ്യരുത് എന്നത്. നിയമപ്രകാരമുള്ള ഭാര്യാഭര്‍ത്താക്കന്മാരല്ലാതുള്ള സ്ത്രീ പുരുഷന്മാര്‍ കാമപ്രവൃത്തികളില്‍ ഏര്‍പ്പെടുന്നതിനെയാണല്ലോ വ്യഭിചാരം എന്ന വാക്കുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ലൈംഗികതയ്ക്ക് യാതൊരു പരിമിതികളോ നിബന്ധനകളോ ഇല്ലെന്നു നമ്മള്‍ കരുതുന്ന പാശ്ചാത്യസംസ്കാരത്തില്‍ ഈ പ്രമാണം എപ്രകാരം സാധ്യമാണ് എന്ന പുനര്‍വിചിന്തനമാണ് ഈ സിനിമ. സെക്സ് ജീവിതത്തിന്‍റെ ആഘോഷമെന്ന് അംഗീകരിച്ച ഒരു ജനതയില്‍ ഈ പ്രമാണം എപ്രകാരം പ്രവര്‍ത്തിക്കാം എന്ന നിരീക്ഷണമാണ് കിസ്ലോവിസ്കിയുടെ 'ആറാം പ്രമാണം'.
കലാകാരിയായ ഒരു യുവതിയോട് ഒരു കൗമാരക്കാരനു തോന്നുന്ന അഭിനിവേശമാണ് സിനിമയിലെ കഥ. ഡക്കലോഗ് കോളനിയില്‍ താമസിക്കുന്നവരാണ് രണ്ടുപേരും. തനിക്ക് യുവതിയോടുള്ള ഇഷ്ടത്തിന്‍റെ പേരുപറയാന്‍ അവന് അറിഞ്ഞുകൂടാ. എന്നാല്‍ അവളെ അവന് ഇഷ്ടമാണെന്നുമാത്രം അറിയാം. അവള്‍ സങ്കടപ്പെടുന്നത് അവനിഷ്ടമല്ല. അവന്‍ എപ്പോഴും അവളെ കാണാന്‍ ആഗ്രഹിക്കുന്നു. അവളെ കാണുമ്പോള്‍ മാത്രമാണ് അവന്‍റെ സമയം തുടങ്ങുന്നത്. അഥവാ അവളെ ചുറ്റിപ്പറ്റിമാത്രമാണ് അവന്‍റെ ജീവന്‍ ചരിക്കുന്നത്.
കൂട്ടുകാര്‍ ആരുമില്ലാത്ത, ഒറ്റപ്പെട്ടുപോയ ആ പയ്യന്‍ ചെറിയ ജോലികള്‍ ചെയ്ത് അവന്‍റെ ആന്‍റിയുടെ കൂടെ താമസിക്കുകയാണ്. (പാല്‍ക്കാരന്‍, പോസ്റ്റ്മാന്‍ എന്നീ പണികള്‍ അവന്‍ ചെയ്യുന്നുണ്ട്) അവനൊരു ദൂരദര്‍ശിനിയുമുണ്ട്. അത് ജനാലക്കരികില്‍ വെച്ച് നോക്കിയാല്‍ ആ സ്ത്രീയുടെ മുറിയില്‍ അവള്‍ ചെയ്യുന്നതെല്ലാം കാണാം. അവന്‍റെ സമയം തന്നെ ക്രമപ്പെടുത്തിയിരിക്കുന്നത് അവള്‍ വീട്ടില്‍ വരുന്ന സമയം മുതലാണ്. അവള്‍ ജനാല തുറന്നാല്‍ അവന്‍ ദൂരദര്‍ശിനിയിലൂടെ നോക്കിയിരിക്കും. ഇതു മനസ്സിലാക്കിയ അവള്‍ ഈ പയ്യന്‍ തന്‍റെ ലൈംഗികതയെയാണ് ഒളിഞ്ഞുനോക്കുന്നത് എന്നു കരുതി അവനെ പിടിയിലാക്കാന്‍ വേണ്ടിത്തന്നെ മനഃപൂര്‍വ്വം അവനെ പ്രോത്സാഹിപ്പിച്ച് അവളുടെ കാമുകനുമായുളള രതിവേഴ്ച കാണിക്കുന്നു. എന്നാല്‍ ആ പയ്യന് അതില്‍ വലിയ താല്‍പര്യമൊന്നുമില്ലെങ്കിലും ആ ദൂരദര്‍ശിനിയിലൂടെയുള്ള ഒളിഞ്ഞു നോട്ടം കാമുകന് കാണിച്ചുകൊടുക്കുകയും അയാള്‍ ആ പയ്യനെ ചെന്ന് ശാരീരികമായി മര്‍ദ്ദിക്കുകയും ചെയ്യുന്നു.
എന്നിട്ടും ആ പയ്യന്‍ അവളെ പിന്തുടരുന്നു. അവന് വേണ്ടത് തന്‍റെ ശരീരമാണെന്ന് തെറ്റിദ്ധരിച്ച സ്ത്രീ ഒരു ദിവസം ആ പയ്യനെ തന്‍റെ ശരീരം തൊട്ടുനോക്കാന്‍ അനുവദിക്കുന്നു. അവളുടെ ജനനേന്ദ്രിയത്തില്‍ തൊടുന്നതോടെ അവന്‍ കുറ്റബോധം കൊണ്ട് ഓടിപോകുകയും സ്വന്തം മുറിയില്‍ ചെന്ന് കൈയുടെഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്യുന്നു. തക്കസമയത്ത് ആശുപത്രിയില്‍ എത്തപ്പെട്ടതുകൊണ്ട് ഏറെ നാളത്തെ ചികിത്സക്കുശേഷം പുറത്തുവരുമ്പോള്‍ ഈ യുവതിക്ക് ആ പയ്യനോട് സ്നേഹം തോന്നുമെങ്കിലും അവന് അവളോടുള്ള ഇഷ്ടമെല്ലാം മാറിപ്പോയി.
സിനിമയില്‍ യുവതിയെ സംബന്ധിച്ചിടത്തോളം LOVE എന്നാല്‍ SEX മാത്രമാണ്. എന്നാല്‍ ആ കൗമാരക്കാരന് സ്നേഹം മാംസനിബദ്ധമല്ല. അത് പ്രണയമാണ്. അവളുടെ ആത്മാവിനോടു തോന്നുന്ന ഇഷ്ടമാണ്. ഈ സിനിമ രതിപ്രധാനമായ പാശ്ചാത്യലോകത്ത് സ്നേഹത്തിന്‍റെ അനന്തസാധ്യതയെ തുറന്നു കാണിക്കുകൂടി ചെയ്യുന്നുണ്ട്. നല്ല ബലമുള്ള തിരക്കഥയാണ് ഈ ചിത്രത്തിന്‍റെ പ്രത്യേകത. എന്നാല്‍ പുതിയ കാലത്ത് ഈ പ്രമേയം കുറേകൂടി ശക്തമായി കൈകാര്യം ചെയ്യേണ്ടതാണ് എന്നൊരു തോന്നല്‍ ഈ ചിത്രം കണ്ടുകഴിയുമ്പോള്‍ നമുക്കു തോന്നും.
ഭാര്യാഭര്‍ത്താക്കന്മാര്‍ എന്നതിനുപകരം പ്രായപൂര്‍ത്തിയായ രണ്ടുവ്യക്തികള്‍ (സ്ത്രീയും പുരുഷനും) ഏര്‍പ്പെടുന്ന ലൈംഗികത സാധുവും, പ്രായപൂര്‍ത്തിയാകാത്ത ഒരു കൗമാരക്കാരന് ഒരു യുവതിയോട് തോന്നുന്ന ഇഷ്ടം തെറ്റുമാണെന്ന് വ്യാഖ്യാനിക്കുകയാണ് ഈ ചിത്രം ചെയ്യുന്നത്.