news-details
കവർ സ്റ്റോറി

കമ്പോളത്തില്‍ നമ്മെ മുക്കിക്കൊല്ലുന്നവര്‍...

'ആവശ്യം കണ്ടെത്തലിന്‍റെ  മാതാവാണ്' (കണ്ടുപിടിത്തങ്ങളുടെ) എന്നുള്ളത് ഇന്നൊരു 'പഴമൊഴി' മാത്രം. പുതുമൊഴി,  'കണ്ടുപിടിക്കല്‍ ആവശ്യങ്ങളുടെ മാതാവാണ്' എന്നതാണ്. ഒരു വ്യക്തിയുടെയോ കുടുംബത്തിന്‍റെയോ ആവശ്യങ്ങള്‍ എങ്ങനെയാണ് നിര്‍ണ്ണയിക്കപ്പെട്ടിരുന്നത്? സ്വന്തം ജീവിതരീതികളും അനുഭവജ്ഞാനവും ഒപ്പം അവ നേടാനുള്ള ശേഷിയും പരിഗണിച്ചാണ് ആവശ്യങ്ങള്‍ നിര്‍ണ്ണയിക്കപ്പെടുന്നത്. അതു കേവലം മനസ്സിന്‍റെ 'മോഹങ്ങള്‍' മാത്രമല്ലെന്നര്‍ത്ഥം. അന്നു നാം കമ്പോളത്തില്‍ പോയിരുന്നത് ആവശ്യമുള്ള വസ്തുക്കളുടെ ഒരു കുറിപ്പടിയുമായായിരുന്നല്ലോ. അതിലെ എല്ലാം എടുക്കുമ്പോള്‍ പിന്നീടു വരുന്ന പരിമിതി കൈയിലുള്ള പണമാണ്. അതു തികയാതെ വന്നാല്‍ ആവശ്യങ്ങളുടെ പട്ടികയില്‍ ചില വെട്ടിത്തിരുത്തലുകള്‍ വരുത്തുന്നു. ചുരുക്കത്തില്‍ നമ്മുടെ 'ആവശ്യങ്ങള്‍' നിയന്ത്രിക്കുന്നത് ഇത്തരം ഘടകങ്ങളായിരുന്നു. തത്കാലം കുറ്റിപ്പുസ്തകത്തിലെഴുതി മാസാന്ത്യത്തില്‍ (വാരാന്ത്യത്തിലും) കണക്കുതീര്‍ത്തിരുന്ന സര്‍ക്കാര്‍ ശമ്പളക്കാരും കൂലിപ്പണിക്കാരും കുറച്ചുണ്ടായിരുന്നു. എന്നാല്‍ ഇവരുടെയും 'പരിധി' നേരത്തേ നിര്‍ണ്ണയിക്കപ്പെട്ടിരുന്നു. അതവരുടെ വരുമാനസാധ്യതയായിരുന്നു. ഇതൊന്നും പരിഗണിക്കാതെ തോന്നിയപടി കടംവാങ്ങി 'അടിപൊളി'ജീവിതം നയിച്ചവര്‍ ഉണ്ടായിരുന്നു. അവര്‍ തകര്‍ന്നടിയുകയും ചെയ്തിരുന്നു.

എന്നാല്‍ ഈ ശീലങ്ങളെല്ലാം അപ്രസക്തമായിരിക്കുന്നു. ഒരുതരം 'സൂപ്പര്‍മാര്‍ക്കറ്റ്-ക്രെഡിറ്റ് കാര്‍ഡ്' സംസ്കാരം നമ്മെ കീഴ്പ്പെടുത്തിയിരിക്കുന്നു. എന്തുവാങ്ങണമെന്ന മുന്‍കൂര്‍ തീരുമാനങ്ങളൊക്കെ പ്രസക്തമല്ലാതാകുന്നു. കമ്പോളത്തില്‍ കാണുന്നവ നമ്മുടെ 'പുതിയ ആവശ്യ'ങ്ങളായി മാറുന്നു. അത്തരമൊരാവശ്യം നമുക്കു മുമ്പ് തോന്നിയിരിക്കുകപോലുമില്ല. എന്നാല്‍ ഇപ്പോഴവ 'അത്യാവശ്യ'മെന്ന നിലയില്‍ നാം വാങ്ങുന്നു. തീര്‍ച്ചയായും 'കൈയിലുള്ള കാശ്' എന്ന പരിമിതി ഇവിടെയും ഉണ്ടാകണം. പക്ഷേ അതു മറികടക്കാനാണ് ഇഷ്ടംപോലെ 'ക്രെഡിറ്റ്-ഡെബിറ്റ്' കാര്‍ഡുകള്‍ നമ്മുടെ കൈയില്‍ സൂക്ഷിക്കുന്നത്. വ്യത്യസ്ത ധനകാര്യസ്ഥാപനങ്ങളില്‍നിന്ന് ഒരാള്‍ ഇത്തരം കാര്‍ഡുകള്‍ വാങ്ങുന്നു. (ഡയമണ്ട് നെക്ലസ് എന്ന സിനിമയിലെ നായകനെ ഓര്‍ക്കുക) ഓരോ കാര്‍ഡും ഈ വ്യക്തിയുടെ 'പരിധി'ക്കനുസരിച്ചാണ് കടം നല്‍കുക. എന്നാല്‍ നിരവധി കാര്‍ഡുകളാകുമ്പോള്‍ ഈ 'പരിധി' എന്നത് ശേഷിയുടെ പല മടങ്ങാകുന്നു. 'പിന്നീട് കൊടുത്താല്‍ മതി' എന്ന 'ധൈര്യം' എന്തും വാങ്ങാനുള്ള ശേഷിയാകുന്നു. 'പിന്നീടെങ്ങനെ കൊടുക്കും' എന്ന ചോദ്യം തത്കാലം മറക്കുന്നു. ഇതുപോലെതന്നെയാണ് 'ഇന്‍സ്റ്റാള്‍മെന്‍റ്' സംസ്കാരവും. ഇപ്പോള്‍ 1000 രൂപ നല്‍കിയാല്‍ ഒരു കാര്‍ നമുക്കു വാങ്ങാം എന്ന് വന്നാല്‍ ആരാണതിനു തയ്യാറാകാതിരിക്കുക? ഇത്തരം ഇന്‍സ്റ്റാള്‍മെന്‍റ,് ക്രെഡിറ്റ-്കാര്‍ഡ് ചങ്ങലകളാണ് (കാറല്‍മാര്‍ക്സ് പറഞ്ഞ രീതിയില്‍) ഇന്ന് തൊഴിലാളികളെ പൂട്ടിയിടുന്നത്. ഈ ചങ്ങലകള്‍  അദൃശ്യമായിരിക്കും. എന്നാല്‍ ഒടുവില്‍ കടക്കെണിയിലായി ജയിലിലോ ആത്മഹത്യയിലോ വരുമ്പോള്‍ അതു ദൃശ്യമായിത്തീരുന്നു.

കമ്പോളത്തിന്‍റെ വളര്‍ച്ചയാണ് മുതലാളിത്തവളര്‍ച്ചയ്ക്ക് അടിസ്ഥാനമാകുന്നത്. ശേഷിയനുസരിച്ചു മാത്രം ജനങ്ങള്‍ കമ്പോളത്തിലിടപെട്ടാല്‍ വളര്‍ച്ച മുരടിക്കും. ആവശ്യത്തിന്‍റെ പല മടങ്ങ് ഉത്പന്നങ്ങള്‍ കമ്പോളത്തില്‍ നിറയ്ക്കുന്നതാണ് കമ്പോളാധിഷ്ഠിത രീതി. അതുകൊണ്ടുതന്നെ 'കൃത്രിമാവശ്യങ്ങള്‍' സൃഷ്ടിക്കപ്പെടണം. ഊഹക്കച്ചവടവും കൃത്രിമാവശ്യങ്ങളും ചേര്‍ന്നു നിലനിര്‍ത്തുന്നതാണ് ആധുനിക കമ്പോളം. ഇടയ്ക്കിടക്ക് ഇതില്‍ വന്‍തകര്‍ച്ചകള്‍ ഉണ്ടാകാറുണ്ട്. ആഗോള മാന്ദ്യം എന്നൊക്കെ പറയുന്നത് ഇതിനാണ്. വന്‍തകര്‍ച്ചയുണ്ടാകുമ്പോള്‍ ജനങ്ങളില്‍ വലിയൊരു പങ്കും നിരാശാബാധിതരാകുന്നു. ഈ തകര്‍ച്ചയില്‍നിന്ന് വന്‍ലാഭം കൊയ്യുന്ന കോര്‍പറേറ്റുകളുമുണ്ട്. ഈ 'മാന്ദ്യം' മാറ്റുന്നതിനെന്ന പേരില്‍ സര്‍ക്കാരുകള്‍ പൊതുപണം കമ്പോളത്തിനു നല്‍കുന്നതാണ് ഇന്നത്തെ രീതി. മറിച്ച്, കുമിളകള്‍ സൃഷ്ടിച്ച് വികസനവും വളര്‍ച്ചയും ഉണ്ടാകണം. ഈ ഊഹക്കമ്പോളത്തെ രക്ഷിക്കാന്‍ പണമിറക്കുന്ന സര്‍ക്കാരുകള്‍ ഈ വ്യവസ്ഥയുടെ ദുരിതം മുഴുവന്‍ പേറുന്ന ദരിദ്രര്‍ക്കും കുടിയൊഴിക്കപ്പെടുന്നവര്‍ക്കും വേണ്ടി 'പൊതുപണം' ഇറക്കിയാല്‍ അതിനെ 'ദുര്‍വ്യയം' ആയും 'ബജറ്റ് ധനക്കമ്മി'യായും വ്യാഖ്യാനിച്ച് നിരുത്സാഹപ്പെടുത്തുകയും ചെയ്യും.

കമ്പോള വില്‍പ്പന പല മടങ്ങാക്കാന്‍ കഴിയുംവിധം വ്യക്തികളുടെ സാമ്പത്തികശേഷി വര്‍ദ്ധിപ്പിക്കാന്‍ ധനകാര്യസ്ഥാപനങ്ങള്‍ തമ്മില്‍ മത്സരിക്കുകയാണ്. ദരിദ്രരുടെ പ്രാഥമികാവശ്യങ്ങള്‍ക്കുവേണ്ടി ചെറിയൊരു തുക പോലും 'ക്രെഡിറ്റ്' നല്‍കാന്‍ ഇവരാരും തയ്യാറാകില്ല. മറിച്ച്, ഇടത്തരം വിഭാഗക്കാര്‍ക്ക് കാറും വീടും ആഭരണങ്ങളും വീട്ടുപകരണങ്ങളും വസ്ത്രങ്ങളുമെല്ലാം വാങ്ങാന്‍ എത്ര വായ്പ വേണമെങ്കിലും ഇവര്‍ നല്‍കുന്നു. കാറിനും മറ്റുമുള്ള വായ്പ വേണമെന്നു നാം മനസ്സില്‍ ആലോചിച്ചാല്‍പ്പോലും ഈ കമ്പനികളറിയും. ആഗോളതലത്തില്‍ ഇനി വ്യാപാര വികസന സാധ്യത -പ്രത്യേകിച്ചും ഉപഭോഗ ഉത്പന്നങ്ങള്‍ക്ക്- വര്‍ദ്ധിക്കുവാന്‍ സാധ്യതയുള്ളത് ഇന്ത്യയിലും ചൈനയിലുമാണ്.

കമ്പ്യൂട്ടറും നെറ്റും മറ്റുംവഴി ഏറെ 'വിവരമുള്ളവര്‍' ആയിട്ടും മധ്യവര്‍ഗം ഇത്തരം കെണികളില്‍ വീഴുന്നതെന്തുകൊണ്ട്? ഈ വിഭാഗക്കാരുടെ ജീവിതവീക്ഷണത്തെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്നത് പത്ര-ദൃശ്യ-ശ്രാവ്യമാധ്യമങ്ങളാണെന്നാര്‍ക്കുമറിയാം. മാധ്യമങ്ങള്‍ തമ്മില്‍ കടുത്ത മത്സരത്തിലുമാണ്. അവയുടെ സാമ്പത്തിക നിലനില്‍പ്പ് പരസ്യങ്ങളെ ആശ്രയിച്ചാണെന്നതും ഒരു രഹസ്യമല്ല. പരസ്യങ്ങള്‍ക്കായി പണം മുടക്കാന്‍ കഴിയുന്നത് ഉത്പാദന വ്യാപാരസ്ഥാപനങ്ങള്‍ക്കാണല്ലോ. (അപൂര്‍വ്വമായി സര്‍ക്കാര്‍ പരസ്യങ്ങളുണ്ടെങ്കിലും അതൊന്നും ഒന്നിനും മതിയാകില്ല.) തങ്ങളുടെ നിലനില്‍പ്പിനുതന്നെ ആധാരശിലകളാകുന്ന പരസ്യദാതാക്കളുടെ താത്പര്യം സംരക്ഷിക്കാന്‍ മാധ്യമങ്ങള്‍ തമ്മില്‍ മത്സരിക്കുമെന്നതിലും അത്ഭുതമില്ല. കടുത്ത ജനകീയ സമ്മര്‍ദ്ദങ്ങളുടെ പുറത്ത് ചില ഉത്പന്നങ്ങളുടെ പരസ്യങ്ങള്‍ വാങ്ങില്ലെന്ന് തീരുമാനിച്ച ചില മാധ്യമങ്ങളുണ്ടെന്ന വസ്തുത മറക്കുന്നില്ല. പ്ലാച്ചിമടയിലെ കോളാ വിരുദ്ധ സമരത്തെത്തുടര്‍ന്ന് കേരളത്തിലെ മിക്ക മാധ്യമങ്ങളിലും കോളയുടെ പരസ്യങ്ങള്‍ ഒഴിവാക്കപ്പെട്ടു. (ഇപ്പോഴും അതു തുടരുന്നു ഒരു പരിധിവരെ). ഇത് കേവലം അപവാദം മാത്രം. തങ്ങളുടെ വരിക്കാരെ ഈ ഉത്പന്നങ്ങള്‍ വാങ്ങാന്‍ പരമാവധി പ്രേരിപ്പിക്കുകയെന്നത് മാധ്യമങ്ങളുടെ ധര്‍മ്മമായിരിക്കുന്നു. മലയാളത്തിലെ ഒട്ടുമിക്ക ദൃശ്യമാധ്യമ പരിപാടികളും (റേഡിയോ ചാനലുകളും) സ്പോണ്‍സര്‍ ചെയ്യുന്നത് ആഭരണം, തുണി, കോസ്മിറ്റിക്സ്, വാഹനം, റിയല്‍ എസ്റ്റേറ്റ് വ്യാപാരികളാണല്ലോ. ഒപ്പം മൊബൈല്‍ തുടങ്ങിയ പുത്തന്‍ ഉപകരണങ്ങളുടെയും ഗാര്‍ഹികോപകരണങ്ങളുടെയും വ്യാപാരികളുമുണ്ട്. പരിപാടികളുടെ പേരുകള്‍തന്നെ ഉത്പന്നങ്ങളുടെ 'ബ്രാന്‍റ്' പേരുമായി ചേര്‍ക്കുകയാണ്. 'ഐഡിയാ സ്റ്റാര്‍സിങ്ങര്‍'പോലെ... മദ്യത്തിന്‍റെ പരസ്യങ്ങള്‍ക്കു നിരോധനമുണ്ട്. എന്നാല്‍ മദ്യമാണെന്ന വ്യക്തമായ സൂചന നല്‍കുന്ന 'സോഡാ'കളുടെ പരസ്യം തകൃതിയായി വരുന്നുണ്ട്. ഏതു 'ജനപക്ഷ' പരിപാടിയും ഇവരുടെ സ്പോണ്‍സര്‍ഷിപ്പിലൂടെത്തന്നെ 'ഹൈജാക്' ചെയ്യപ്പെടുന്നുവെന്നു കാണാം.

ഇപ്പോള്‍ പരസ്യങ്ങള്‍ എന്നത് 'കൊമേഴ്സ്യല്‍ ബ്രേക്കി'നിടക്കു മാത്രം വരുന്ന ഒന്നല്ല. വാര്‍ത്തകളായും പരിപാടികളായും പരസ്യങ്ങള്‍ നമ്മുടെ മുന്നില്‍ വരുന്നുണ്ട്. ഒരു സിനിമാനടിയോ കായികതാരമോ വരുന്ന ഒരു സ്വര്‍ണക്കട ഉദ്ഘാടന പരിപാടി 'ലൈവ്' ആയി ചില മാധ്യമങ്ങള്‍ കാണിക്കുന്നുണ്ട്. അതില്ലെങ്കിലും വാര്‍ത്തയിലെ ഒരു 'ഐറ്റം' ആയി ഇതു കടന്നുവന്നു. പത്രങ്ങളില്‍പ്പോലും പരസ്യവും വാര്‍ത്തയും തമ്മിലുള്ള അതിര്‍വരമ്പ് പലപ്പോഴും മാഞ്ഞുപോകാറുണ്ട്.

പരസ്യക്കാര്‍ സ്പോണ്‍സര്‍ ചെയ്യുന്നുവെന്നു നാം കരുതുന്ന സീരിയലുകളും സംഗീതപരിപാടികളും പോലും പരസ്യപ്പലകകളാകുന്ന അവസ്ഥയുണ്ട്. നമ്മുടെ സീരിയലുകള്‍ മിക്കവയും ഇന്ന് ഉപരിമധ്യവര്‍ഗക്കാരുടെ ജീവിതകഥകളാണെന്നത് ഒരു യാദൃച്ഛികതയല്ല. അതു കാണുന്ന ഒരു വ്യക്തി (അയാളുടെ സാമ്പത്തിക ശേഷി എത്ര കുറവാണെങ്കിലും) ഈ ജീവിതമാണ് മാതൃകയാക്കേണ്ടതെന്നു കരുതുന്നു. നിത്യവൃത്തിക്ക് പണമില്ലെന്നു പറയുന്ന അപൂര്‍വം കഥാപാത്രങ്ങള്‍ ഉണ്ടാകാം. എന്നാല്‍ അവരുടെ പോലും വീട്ടിലെ (അടുക്കളയിലെ) വേഷഭൂഷാദികള്‍ ഏറെ വില കൂടിയവയായിരിക്കും എന്നതാണ് രസകരമായ വസ്തുത. വാഹനങ്ങള്‍, വീട്, വീട്ടുപകരണങ്ങള്‍, ആഭരണങ്ങള്‍, വസ്ത്രം മുതലായവ പ്രദര്‍ശിപ്പിക്കാനുള്ള അവസരമായി പരിപാടികളും മാറുന്നു. ഈ ഉത്പന്നങ്ങളുടെ പരസ്യങ്ങള്‍ ജനപ്രിയതാരങ്ങളും അവരുടെ ആകര്‍ഷകമായ വേഷങ്ങളും ഭാഷകളും ദൃശ്യങ്ങളും കൊണ്ട് അത്യന്തം ആകര്‍ഷകമാക്കപ്പെട്ടവയാണ്. ഇന്‍ഷ്വറന്‍സ് മുതല്‍ ആഭരണങ്ങള്‍ വരെയുള്ളവയുടെ ഗുണനിലവാരത്തിന് 'ഉറപ്പ്' നല്‍കുന്നത് സിനിമാ-ക്രിക്കറ്റ് താരങ്ങളാണ്. യാതൊരു ഗുണനിലവാരവുമില്ലാത്ത ഉത്പന്നങ്ങള്‍പ്പോലും ഇവരുടെ സ്വാധീനംമൂലം 'ജനപ്രിയ'ങ്ങളാകുന്നു. താനൊരിക്കലും രുചിച്ചിട്ടില്ലാത്ത ഒരു ചോക്ലേറ്റിനു വേണ്ടി കടയിലെത്തുന്ന ചെറിയ കുട്ടികള്‍ (സംസാരിക്കാന്‍ പ്രായമാകാത്തവര്‍പോലും) ചില പ്രത്യേക ബ്രാന്‍റുകള്‍ക്കുനേരെ കൈചൂണ്ടുന്നതും അതിനായി വാശിപിടിക്കുന്നതും നാം കണ്ടിട്ടില്ലേ? അതാണ് സ്വാധീനം. ഇത്തരം 'ബ്രാന്‍റ്' പേരുകള്‍ പലവട്ടം ആവര്‍ത്തിക്കപ്പെടുന്നതുവഴി ഏതു മനുഷ്യരുടെയും മനസ്സില്‍ അതു തറഞ്ഞുകിടക്കുമല്ലോ.

ഇപ്പോള്‍ ഉപയോഗിക്കുന്നവക്ക് യാതൊരു തകരാറുമില്ലെങ്കിലും പുതിയ മോഡലുകള്‍ വരുമ്പോള്‍ അവ വാങ്ങാനായി ആക്രാന്തം കാണിക്കുന്നതിനു പിന്നിലും പരസ്യങ്ങള്‍ തന്നെയാണ്. പുതിയ മോഡലുകളില്‍ മുമ്പില്ലാതിരുന്ന ഒട്ടനവധി 'ഫീച്ചറുകള്‍' ഉണ്ടെന്ന് നമ്മെ ധരിപ്പിക്കുന്നു ഇവര്‍. ഇപ്പോള്‍ ഉള്ള ഫീച്ചറുകള്‍പോലും വേണ്ടരീതിയില്‍ ഉപയോഗിക്കാത്തവര്‍പോലും 'പുതുമ' തേടിപ്പോകുന്നു. 'ഉപയോഗിച്ച് തിരിച്ചെടുക്കൂ' എന്ന തട്ടിപ്പുപരിപാടി കൂടിയാകുമ്പോള്‍ ആരും വീണുപോകും. എന്നാല്‍ ഇത്തരം 'ത്രോ എവേ' സംസ്കാരം കമ്പോളത്തിനു തത്കാലം ഗുണമായേക്കാമെങ്കിലും ദീര്‍ഘ കാലാടിസ്ഥാനത്തില്‍ മാലിന്യ പ്രതിസന്ധിയായും വിഭവശോഷണമായും മാറുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.

പരിസ്ഥിതി, ഭൂമി തുടങ്ങിയവയെപ്പറ്റിയെന്നല്ല, ഇന്നത്തെ സാധ്യതകളെക്കുറിച്ചുപോലും ചിന്തിക്കാന്‍ ശേഷിയില്ലാത്തവരാക്കുംവിധമാണ് നമുക്കുമേലുള്ള മാധ്യമ അധിനിവേശം. ഇന്നു കമ്പോളത്തിന് ദേശ-ഭാഷാ അതിര്‍ത്തികളൊന്നുമില്ല. വീട്ടിലിരിക്കുമ്പോഴും നാം ഇന്‍റര്‍നെറ്റും മറ്റുംവഴി കമ്പോളത്തിനകത്താണ്. കമ്പോളത്തെ നിയന്ത്രിക്കുന്ന ശക്തികളും ആഗോളമാണ്. ആഗോള ബ്രാന്‍റുകള്‍ ഉപയോഗിക്കുകവഴി നാം ഒരുതരം വിശ്വപൗരന്മാര്‍ തന്നെയാകുന്നുമുണ്ട്. എന്നാല്‍ ഈ പരസ്യപ്രളയത്തിനിടയില്‍ നാം മറന്നുപോകുന്ന ഒട്ടനവധി സത്യങ്ങളുണ്ട്.

കാറും വീടും മറ്റുപകരണങ്ങളും കണക്കില്ലാതെ (ആവശ്യത്തിന്‍റെ പലമടങ്ങ്) വാങ്ങി ഉപയോഗിക്കുമ്പോള്‍ ഇത്രയും വിഭവങ്ങള്‍ നമുക്കാവശ്യമുണ്ടോ എന്ന പ്രാഥമികചോദ്യമില്ലേ? 250 കിടപ്പുമുറികളുള്ള മുകേഷ് അംബാനിയുടെ വീട് നമുക്ക് മാതൃകയാണോ? ഇതിനായി ഉപയോഗിക്കുന്ന പ്രകൃതിവിഭവങ്ങള്‍ക്കെല്ലാം (മണ്ണ്, കല്ല് , കരിങ്കല്ല്, കമ്പി, സിമന്‍റ്, മണല്‍, ടൈല്‍ തുടങ്ങിയവയെല്ലാം) പരിമിതകളില്ലേ! ആ വീടു നിലനിര്‍ത്താനായി ഉപയോഗിക്കുന്ന വെള്ളവും വൈദ്യുതിയും മറ്റും പ്രകൃതിയില്‍ പരിമിതമല്ലേ? ഒരു കുടുംബത്തിന് ഒന്നിലേറെ വീടുകള്‍ക്കവകാശമുണ്ടോ? എനിക്കു പണമുണ്ടെങ്കില്‍ എത്ര വിഭവങ്ങളും ഉപയോഗിക്കാന്‍ അവകാശമുണ്ടോ? ഇതു കാറിനും ബാധകമാണ്. ഒരു വീട്ടില്‍  ഒരു കാറെന്നതുപോലും ഇന്ത്യ പോലൊരു രാജ്യത്ത് സാധ്യമാകുന്നതാണോ? ഗൃഹോപകരണങ്ങളുടെ അവസ്ഥയും വ്യത്യസ്തമല്ല. അവയും വന്‍തോതില്‍ വിഭവങ്ങള്‍ ഉപയോഗിക്കുന്നവയാണല്ലോ. ആഗോളതാപനത്തെയും പരിസ്ഥിതിനാശത്തെയും പറ്റി 'ശാസ്ത്രീയമായി' പഠിച്ച് എഴുതുകയും പ്രസംഗിക്കുകയും ചെയ്യുന്നവരും ഇതൊക്കെ മറന്ന് സ്വന്തം ജീവിതസൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള പ്രധാനകാരണക്കാര്‍ മാധ്യമങ്ങള്‍ തന്നെയാണ്. ഇന്ന് ആഗോള മൂലധനശക്തികളുടെ ഏറ്റവും ശക്തമായ ആയുധങ്ങളായി മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നു.

സാമൂഹികമായും ഇതിനു നിരവധി മാനങ്ങളുണ്ട്. നമ്മുടെ 'ആധുനിക' ജീവിതസാഹചര്യങ്ങള്‍ സംരക്ഷിക്കാന്‍ സമൂഹം മുഴുവന്‍ സഹകരിക്കണമെന്നവാശിയാണ് മധ്യവര്‍ഗ വികസനസങ്കല്പത്തിനടിത്തറയാകുന്നത്. ഉദാരവത്കരണ നടപടികള്‍ തങ്ങള്‍ക്കു ദോഷകരമാകുമ്പോള്‍ അവയ്ക്കെതിരായി മുദ്രാവാക്യം മുഴക്കി  സമരം ചെയ്യുന്നവര്‍, തങ്ങളുടെ ജീവിതസൗകര്യം മെച്ചപ്പെടുത്താന്‍ വേണ്ടി ബലികൊടുക്കപ്പെടുന്ന ജീവിതങ്ങളെപ്പറ്റി ചിന്തിക്കുന്നതേയില്ല. തങ്ങള്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് സുഗമമായി യാത്ര ചെയ്യാന്‍ കഴിയുംവിധം റോഡുകള്‍ ആറുവരിയോ എട്ടുവരിയോ ആക്കണം. അതിനുവേണ്ടി എത്ര പേരെ  തെരുവിലെറിയേണ്ടി വന്നാലും നമുക്കൊരു ആശങ്കയുമില്ല. അതെല്ലാം വികസനമാണെന്ന ധാരണ മധ്യവര്‍ഗ്ഗത്തില്‍ പടര്‍ത്താന്‍ മാധ്യമങ്ങള്‍ ശ്രമിക്കുകയാണ്. കമ്പ്യൂട്ടറും മൊബൈലും മറ്റും വിലകുറഞ്ഞതില്‍ സന്തോഷിക്കുന്നവര്‍, ജീവിതം നിലനിര്‍ത്താന്‍ എല്ലാ മനുഷ്യര്‍ക്കും ആവശ്യമുള്ള ജലം, ഭൂമി, ഭക്ഷണം, യാത്ര, ചികിത്സ, വിദ്യാഭ്യാസം തുടങ്ങിയവയുടെ വില (ചെലവ്) പല മടങ്ങായ വസ്തുത ഓര്‍ക്കാറേയില്ല. അത്യാവശ്യത്തിനുപോലും ശുദ്ധജലം ലഭിക്കാത്തത് ഒരു വികസന പ്രതിസന്ധിയല്ല. എന്നാല്‍ അതിവേഗ റെയില്‍പ്പാത അനിവാര്യതയാണ് എന്നിവര്‍ കരുതുന്നു. ഒരു കിലോ അരിക്ക് 50 രൂപയും ഒരു ലിറ്റര്‍ പച്ചവെള്ളത്തിന് 15 രൂപയും ആയത് വിലവര്‍ദ്ധനയല്ല.

ഉപഭോഗാസക്തി അഴിമതിയുടെ വളര്‍ച്ചയ്ക്കു കാരണമാകുന്നുവെന്നതൊരു രഹസ്യമല്ല. ഏതുവിധേനയും ഈ ഉത്പന്നങ്ങളും സൗകര്യങ്ങളും സ്വന്തമാക്കുകയെന്നത് ജീവന്മരണപ്രശ്നമാകുമ്പോള്‍ 'മറ്റുവഴികള്‍' തേടുന്നതിലൊരു ധാര്‍മ്മിക പ്രശ്നവുമില്ലാതാകുന്നു. ഇത്തരം സൗകര്യങ്ങള്‍ സാമൂഹികപദവിയുടെ സൂചകങ്ങളാകുന്നു.  വ്യക്തിത്വമെന്നത് നിങ്ങളുടെ തൊലിയുടെ നിറവും മുഖകാന്തിയും വസ്ത്രങ്ങളും വാഹനങ്ങളും ഭക്ഷണവും വീട്ടുപകരണങ്ങളുമെല്ലാമാണെന്ന് നമ്മെ ഇവര്‍ നിരന്തരം ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇതോടെ ഒരുമാതിരിപ്പെട്ടവരെല്ലാം 'വടക്കുനോക്കി യന്ത്ര'ത്തിലെ ശ്രീനിവാസനനെപ്പോലെയാകുന്നു. 'മുഖ്യധാര'യെന്നാല്‍ ഈ മധ്യവര്‍ഗമാണെന്ന ധാരണ സൃഷ്ടിക്കപ്പെടുന്നു. അതിനുപുറത്താകാതിരിക്കാന്‍ അഴിമതിയും എന്തതിക്രമവും ചെയ്യുന്നതില്‍ തെറ്റില്ലെന്നും നമ്മെ ബോധ്യപ്പെടുത്തുന്നു. ജീവിതം മത്സരാധിഷ്ഠിതമാണെന്ന ഏറ്റവും സാമൂഹികവിരുദ്ധ പ്രത്യയശാസ്ത്രം മേല്‍ക്കൈ നേടുന്നു. അധിനിവേശത്തിനെതിരായ ഒരു പ്രതിരോധവും സാധ്യമാകാത്തവിധം മധ്യവര്‍ഗം തകര്‍ച്ചയിലാകുന്നു. ജനാധിപത്യത്തിലെ പ്രധാനഘടകമായ പൗരന്‍, ഇല്ലാതാകുന്നു, പകരം 'ഉപഭോക്താവ്' മാത്രമായി അവന്‍ മാറുന്നു.

വാല്‍ക്കഷണം

ഗാന്ധിജി സ്വാതന്ത്ര്യസമരകാലത്ത് പറഞ്ഞു: "ബ്രിട്ടീഷുകാര്‍ കമ്പനിയില്‍ നിര്‍മ്മിക്കുന്ന തുണി നമ്മുടെ നാട്ടില്‍ കൈകൊണ്ടു നിര്‍മ്മിക്കുന്ന തുണിയേക്കാള്‍ മഹത്തരമെന്നു കരുതുന്നവര്‍ സ്വാതന്ത്ര്യത്തിനര്‍ഹരല്ല." 

You can share this post!

ഇരുളിനെ പഴിക്കാതെ പ്രകാശത്തെ പിന്‍തുടരാനുള്ള ആഹ്വാനം

പ്രൊഫ. എം. കെ. സാനു
അടുത്ത രചന

സമാധാനം

ജെര്‍ളി
Related Posts