news-details
കവർ സ്റ്റോറി

ശൂന്യമാക്കപ്പെട്ട സാംസ്കാരിക സ്ഥലികള്‍

നമ്മുടേതുപോലുള്ള ഒരു ഉപഭോക്തൃ സമൂഹത്തെ ചലിപ്പിക്കുന്നത് പെരുകിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങളാണ്. ആവശ്യങ്ങളുടെ ഈ പെരുക്കം ചൂണ്ടിക്കാണിക്കുന്നത് ശമിക്കാത്ത അസംതൃപ്തിയെയാണ്. സംതൃപ്തമായ സമൂഹത്തിലേക്കുള്ള മാര്‍ഗ്ഗം, പെരുകുന്ന അസംതൃപ്തിയാണെന്നത് ആധുനികസമൂഹം അംഗീകരിച്ച ഒരു സാമ്പത്തികസൂത്രവാക്യമാകുന്നു. അതിനനുസരിച്ചാണ് നാം പദ്ധതികളാവിഷ്കരിക്കുന്നതും സാമ്പത്തിക നയങ്ങള്‍ ക്രമപ്പെടുത്തുന്നതും. അസംതൃപ്തിയുടെ മേല്‍ പടുത്തുയര്‍ത്തപ്പെട്ടതും ആവശ്യങ്ങളുടെ പെരുപ്പംകൊണ്ട് ചലിപ്പിക്കപ്പെടുന്നതുമായ ഒരു ലോകക്രമത്തില്‍ ജീവിക്കുന്ന ജനത ഉപഭോഗാസക്തമാകാതിരിക്കാന്‍ വയ്യ.

ഉപഭോഗവസ്തുക്കളുടെ സ്രോതസ്സ് പരിമിതവും ആവശ്യങ്ങള്‍ അപരിമിതവുമായതുകൊണ്ട് ഈ ലോകക്രമത്തിന് അനന്തമായി മുന്നോട്ടു പോകാനാവില്ല. വസ്തുക്കളുടെ ഉപയോഗമൂല്യവുമായി പൊരുത്തപ്പെടാത്ത, രോഗാതുരമായ ആസക്തി (Pathological Craving)  അതിന്‍റെ ചാലകോര്‍ജ്ജമായിരിക്കുന്നതുകൊണ്ട് ആ ലോകക്രമം ആന്തരികമായി രോഗബാധിതവുമാണ്. രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഈ ആന്തരിക ജീര്‍ണ്ണത പ്രധാനമായും രണ്ടുതലത്തിലാണ് പ്രകടമാകുന്നത്. സാമ്പത്തികരംഗത്തെ വളര്‍ന്നുവരുന്ന അസംതുലിതാവസ്ഥയാണിതിലൊന്ന്. 2005ലെ കണക്കനുസരിച്ച് ലോകത്തിലെ ഏറ്റവും പാവപ്പെട്ട 20% ന് മൊത്തം ഉപഭോഗത്തിന്‍റെ 1.5% മാത്രമാണ് ലഭിക്കുന്നത്. ഏറ്റവും സമ്പന്നരായ 20% മാകട്ടെ, മൊത്തം ഉപഭോഗത്തിന്‍റെ 76.6% വും കൈക്കലാക്കുന്നു. 60% വരുന്ന മധ്യവര്‍ഗ്ഗത്തിന് 21.9%  കൊണ്ട് തൃപ്തിയടയേണ്ടി വരുന്നു. ഉപഭോഗത്തിന്‍റെ മുന്‍ഗണനാക്രമത്തിലും ഈ അസംതുലിതാവസ്ഥയുണ്ട്. അമേരിക്കക്കാര്‍ സൗന്ദര്യ സംവര്‍ദ്ധക വസ്തുക്കള്‍ക്ക് പ്രതിവര്‍ഷം 8 ബില്യന്‍ ഡോളര്‍ ചെലവഴിക്കുന്നു. യൂറോപ്യന്മാര്‍ ഐസ്ക്രീമിന് മാത്രം ചെലവാക്കുന്നത് 11 ബില്യന്‍ ഡോളറാണ്. അമേരിക്കയിലും യൂറോപ്പിലുമായി സുഗന്ധദ്രവ്യങ്ങള്‍ക്കായി 12 ബില്യന്‍ ഡോളര്‍ ചെലവഴിക്കുന്നു. യൂറോപ്യന്മാര്‍ സിഗരറ്റിന് 50 ബില്യന്‍ ഡോളറും മദ്യത്തിന് 105 ബില്യന്‍ ഡോളറും ചെലവാക്കുന്നു. അതേസമയം ഇന്ന് ചെലവഴിക്കുന്നതിനേക്കാള്‍ 6 ബില്യന്‍ ഡോളര്‍ കൂടുതല്‍ ചെലവഴിച്ചാല്‍ ലോകത്തിലെ മുഴുവന്‍ പേര്‍ക്കും അടിസ്ഥാന വിദ്യാഭ്യാസം നല്‍കാനാവും. 9 ബില്യന്‍ അധികം ചെലവഴിച്ചാല്‍ മുഴുവന്‍പേര്‍ക്കും കുടിവെള്ള ലഭ്യത  ഉറപ്പുവരുത്താനാവും. ലോകത്തിന്‍റെ ആരോഗ്യപരവും പോഷകാഹാരപരവുമായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ 13 ബില്യന്‍ ഡോളര്‍ കൂടുതലായി ചെലവാക്കിയാല്‍ മതി. ലോകബാങ്കിന്‍റെ ഈ കണക്കുകള്‍ വിശ്വസിക്കാമെങ്കില്‍ ഇന്നത്തെ ഉപഭോഗരീതിയുടെ ഭീകരമായ അസംതുലിതാവസ്ഥ വ്യക്തമാവും.

ഉപഭോഗാസക്തമായ ഈ ലോകക്രമത്തിന്‍റെ മറ്റൊരു പ്രത്യാഘാതം പാരിസ്ഥിതിക ദുരന്തങ്ങളായിട്ടാണ് പ്രത്യക്ഷപ്പെടുക. കൂടുതല്‍ ഉപഭോഗമെന്നാല്‍ കൂടുതല്‍ ഉത്പാദനവും കൂടുതല്‍ ഉത്പാദനമെന്നാല്‍ പ്രകൃതിവിഭവങ്ങളുടെ കൂടുതല്‍ ചൂഷണവുമാണ്. പ്രകൃതിയുടെമേലുള്ള അതിരുകടന്ന കയ്യേറ്റം പ്രകൃതിയുടെ സ്വാഭാവിക തിരിച്ചടികള്‍ക്ക് കാരണമാവുന്നു.

ഈ ലോകക്രമത്തിന് ബലം നല്‍കുന്ന മൗലികധാരണകളിലൊന്ന് ഉത്പാദനത്തിന്‍റെ വര്‍ദ്ധനവ് ആവശ്യങ്ങള്‍ പരിഹരിക്കും എന്നതാണ്. അതുകൊണ്ട് ലോകത്തെ മുഴുവന്‍ പ്രകൃതിവിഭവങ്ങളും മനുഷ്യപ്രയത്നവും ഉപഭോഗവസ്തുക്കളുടെ ഉത്പാദനത്തിലേക്ക് തിരിച്ചുവിടുക എന്നതാണ് എല്ലാ അധികാര വ്യവസ്ഥകളുടെയും ലക്ഷ്യം. മൊത്തം ഉത്പാദനത്തിന്‍റെ (GDP) നിരന്തരമായ വികാസം പുരോഗതിയുടെ മാനദണ്ഡമായി കണക്കാക്കുന്നു. ലോകത്തിലെ മൊത്തം ഭക്ഷ്യോത്പാദനം ലോകജനസംഖ്യയുടെ  ആളോഹരി ഭക്ഷ്യാവശ്യത്തേക്കാള്‍ ഏറെയായിരുന്നിട്ടും ലോകത്തിലെ നല്ലൊരു വിഭാഗത്തിന്‍റെ ഭക്ഷ്യാവശ്യങ്ങള്‍ നിറവേറ്റപ്പെടുന്നില്ല എന്നത് ഈ ധാരണയെ ഒരു ഭോഷ്ക്കാക്കി മാറ്റുന്നു. ഉത്പാദന വര്‍ദ്ധനവിനുവേണ്ടിയുള്ള വിഭവചൂഷണംതന്നെ മറുവശത്ത് വിഭവലഭ്യതയെ തകിടം മറിക്കുന്നു. അതേസമയം അമിതമായി ഉത്പാദിപ്പിക്കുന്നവ വിറ്റഴിക്കുന്നതിന് കൃത്രിമമായ ആവശ്യങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. കേന്ദ്രീകൃതമായ വന്‍കിട ഉത്പാദനരീതിയെ (Mass Production)  ആശ്രയിക്കുന്നതുകൊണ്ട് വിഭവങ്ങളുടെയും ഉത്പന്നങ്ങളുടെയും ചരക്കുനീക്കംതന്നെ വമ്പിച്ച പാഴ്ച്ചെലവിന് കാരണമാകുന്നു. കൂടാതെ വില കയറ്റിനിര്‍ത്തുന്നതിനായി പലപ്പോഴും ഉത്പന്നങ്ങള്‍ നശിപ്പിക്കുന്ന പ്രവണതയും വ്യാപകമാകുന്നു.

ഉപഭോഗാസ്കതമായ ലോകക്രമത്തിന്‍റെ പ്രശ്നങ്ങളപ്പാടെ സാങ്കേതികവിദ്യകളുടെ സഹായത്തോടെ ആധുനിക ശാസ്ത്രം പരിഹരിക്കുമെന്ന് വിശ്വസിക്കുന്നവരുണ്ട്. കൃഷിഭൂമിയും തണ്ണീര്‍ത്തടങ്ങളും മുഴുവന്‍ നികത്തപ്പെട്ടാലും നമ്മുടെ ഭക്ഷ്യാവശ്യങ്ങള്‍ വ്യവസായ ശാലകളില്‍ ഗുളികരൂപത്തില്‍ ഉത്പാദിപ്പിക്കാന്‍ ആവശ്യമായ സാങ്കേതികവിദ്യ ശാസ്ത്രം കണ്ടെത്തിക്കൊള്ളും എന്ന അമിത ആത്മവിശ്വാസം. സാങ്കേതികവിദ്യയിലെ ഓരോ പരിഷ്കാരവും കണ്ടെത്തലുകളും നമ്മുടെ ഓരോരോ ആവശ്യങ്ങള്‍ പരിഹരിച്ചു മുന്നേറുകയാണെന്നും ആത്യന്തികമായി അതിനു പരിഹരിക്കാനാവാത്ത ആവശ്യങ്ങളുണ്ടാവില്ല എന്നുമാണ് ശാസ്ത്ര-മത വിശ്വാസികളുടെ മതാത്മകമായ ശുഭാപ്തിവിശ്വാസം. മൊബൈലും കമ്പ്യൂട്ടറും ആധുനിക യന്ത്രവത്കൃത ചികിത്സയും ഗതാഗത സൗകര്യങ്ങളും നാഗരിക ആഡംബരങ്ങളും ചേര്‍ന്ന് സൃഷ്ടിക്കുന്ന ഒരു മായികലോകത്തില്‍ ഈ മതാത്മക വിശ്വാസം എളുപ്പം സാധൂകരിക്കപ്പെടും. എന്നാല്‍, യാഥാര്‍ത്ഥ്യം നേരേ മറിച്ചാണ്. സാങ്കേതികവിദ്യകളിലെ ഓരോ കുതിപ്പും ഓരോ ആവശ്യങ്ങളുടെ സൃഷ്ടിയാണ്. സാങ്കേതികവിദ്യയിലെ ഓരോ കണ്ടെത്തലുകള്‍ക്കും മുമ്പായി അതിന്‍റെ ആവശ്യകത സൃഷ്ടിക്കപ്പെടുന്നു. കാസര്‍ഗോഡു നിന്ന് 5 മണിക്കൂര്‍ക്കൊണ്ട് തിരുവനന്തപുരത്തെത്തണമെന്ന ആവശ്യകതയുണ്ടാവുമ്പോഴാണ് 'എക്സ്പ്രസ്സ് ഹൈവേ' എന്ന പരിഹാരം ഉന്നയിക്കപ്പെടുന്നത്. വിശാലമായ ഒരു ഉത്പാദനമേഖലയെ ഒരൊറ്റ കേന്ദ്രത്തിലിരുന്ന് ഒരു വ്യക്തിയുടെ കൈവിരലുകളാല്‍ നിയന്ത്രിക്കണമെന്ന ആവശ്യകത ഉടലെടുക്കുമ്പോഴാണ് കമ്പ്യൂട്ടര്‍ പരിഹാരമായി കണ്ടെത്തുന്നത്. ഈ സാങ്കേതികപരിഹാരം നിര്‍ദ്ദേശിക്കുന്ന ലോകക്രമം തന്നെയാണ് അതിനുമുമ്പ് ഈ ആവശ്യകതയും സൃഷ്ടിക്കുന്നത് എന്നര്‍ത്ഥം. ഓരോ പരിഹാരവും മറ്റൊരു ആവശ്യകത സൃഷ്ടിക്കുന്നു എന്നതാണ് ഇതിലെ വൈരുദ്ധ്യം പരിഹാരങ്ങള്‍ക്ക് എപ്പോഴും ഒരുപടി മുന്നിലായിരിക്കും ആവശ്യങ്ങള്‍ എന്നത് ഈ ലോകക്രമത്തിന്‍റെ സാമാന്യനിയമമാണ്. സാങ്കേതികവിദ്യാപരമായ പരിഹാരങ്ങള്‍, ആവശ്യങ്ങള്‍ തൃപ്തിപ്പെടുത്തുന്നതിലുപരി, ആവശ്യങ്ങളെ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്.

വാസ്തവത്തില്‍ എന്താണ് ആവശ്യങ്ങള്‍? ആന്തരികമായി സൃഷ്ടിക്കപ്പെടുന്ന ഒരു ശൂന്യത, അഭാവം, ഇല്ലായ്മയാണത്. ശുദ്ധവായു, ശുദ്ധജലം, ആഹാരം, വസ്ത്രം, പാര്‍പ്പിടം എന്നിവയുടെ അഭാവം ഒരു സാമൂഹികജീവി എന്ന നിലയില്‍ മനുഷ്യന്‍റെ അതിജീവനത്തിന് വെല്ലുവിളി ഉയര്‍ത്തും. അതിനാലവ അടിസ്ഥാനാവശ്യങ്ങളായി പരിഗണിക്കപ്പെടുന്നു. എന്നാല്‍ അതിനുപരി ഉയര്‍ന്നുവരുന്ന ആവശ്യങ്ങള്‍, സാംസ്കാരികമായി സൃഷ്ടിക്കപ്പെടുന്നവയാണ്. ഇങ്ങനെ വ്യക്തിതലത്തിലും സാമൂഹികതലത്തിലും സൃഷ്ടിക്കപ്പെടുന്ന ശൂന്യതയാണ്, ആധുനിക സാങ്കേതികവിദ്യാസൗകര്യങ്ങള്‍, വിനോദോപാധികള്‍, ഗതാഗതസൗകര്യങ്ങള്‍, ലഹരിവസ്തുക്കള്‍, ആഡംബരവസ്തുക്കള്‍ എന്നിവയെല്ലാം അടിച്ചുകയറ്റി നിറയ്ക്കപ്പെടുന്നത്. ആവശ്യങ്ങളുടെ പെരുപ്പം കൊണ്ടു ചലിക്കുന്ന ഈ ലോകക്രമത്തിന് മുന്നോട്ടുപോകാന്‍ പുതിയ പുതിയ ആവശ്യങ്ങളും അവയ്ക്ക് ഓരോ പുത്തന്‍ പരിഹാരമാര്‍ഗ്ഗവും സൃഷ്ടിക്കപ്പെടേണ്ടതുണ്ട്. അങ്ങനെ ആന്തരികമായ പൊള്ളവത്ക്കരണം ഈ ലോകക്രമത്തിന്‍റെ ഒരു തുടര്‍ക്രിയയായിത്തീരുന്നു. സ്വത്വത്തിന്‍റെ, കൂട്ടായ്മയുടെ, സുരക്ഷയുടെ എല്ലാം സാംസ്കാരിക സ്ഥലികള്‍ നിരന്തരം ശൂന്യമാക്കപ്പെടുകയും പൊള്ളയാക്കപ്പെട്ട, ഒറ്റപ്പെട്ട വ്യക്തികളുടെ ഒരാള്‍ക്കൂട്ടമായി സമൂഹം മാറ്റപ്പെടുകയും ചെയ്യുന്നു. ഉപഭോക്തൃസമൂഹത്തിന്‍റെ ഈ സാംസ്കാരികതലമാണ് ആവശ്യങ്ങളുടെ പെരുക്കം സൃഷ്ടിക്കുന്നത്.

ഉത്പാദനവര്‍ദ്ധനവും സാങ്കേതികവിദ്യകളും ആവശ്യങ്ങളെ വര്‍ദ്ധിപ്പിക്കുക വഴി ഈ ഉപഭോഗാസക്തലോകക്രമത്തിന്‍റെ നൈരന്തര്യം ഉറപ്പാക്കുകയാണ് ചെയ്യുന്നത്. സാംസ്കാരികതലത്തില്‍ അത് മനുഷ്യരെ കൂടുതല്‍ ആന്തരികമായി ശൂന്യമാക്കുന്നു. സ്വത്വവും സ്വാധികാരവും സ്വാവലംബനവും ഉപഭോഗമതിക്കുവേണ്ടി കൈയൊഴിയുന്നു. ഭൗതികതലത്തില്‍, ശുദ്ധവായുവും ശുദ്ധജലവും പോഷകാഹാരവും ഉള്‍പ്പെടെയുള്ള അടിസ്ഥാനവിഭവങ്ങള്‍ കൂടി അന്യമാക്കപ്പെടുകയും ചെയ്യുന്നു.

പൊള്ളവത്ക്കരണത്തിന്‍റെ ഈ ലോകക്രമം അതിന്‍റെ അതിദ്രുതമായ കുത്തൊഴുക്കില്‍ പക്ഷേ അവിടെവിടെയായി ചില തടസ്സങ്ങള്‍ നേരിടുന്നുണ്ട്. ഏകമാനമായ ഈ വികസനക്കുതിപ്പില്‍ പാര്‍ശ്വവത്കരിക്കപ്പെടുന്നവരുടെ പരിമിതവും പ്രാദേശികവുമായ പ്രതിരോധങ്ങളാണ് ഞാനുദ്ദേശിക്കുന്നത്. കുടിവെള്ളം നഷ്ടപ്പെട്ടവര്‍, കിടപ്പാടം നഷ്ടപ്പെട്ടവര്‍, പരിസ്ഥിതിദുരന്തങ്ങള്‍ പേറുന്നവര്‍, മനുഷ്യാവകാശം നിഷേധിക്കപ്പെട്ടവര്‍, സ്വത്വം അപഹരിക്കപ്പെട്ടവര്‍ എന്നിങ്ങനെ വികസനത്തിന്‍റെ ഇരകളാക്കപ്പെട്ടവരുടെ ചെറുത്തുനില്പ് ആത്യന്തികമായി ഉപഭോഗാസക്തമായ ലോകക്രമത്തിന്‍റെ അടിത്തറയെത്തന്നെയാണ് ചോദ്യംചെയ്യുന്നത്. അത്തരം സമരങ്ങള്‍ ഉയര്‍ത്തുന്ന ബദല്‍ പരിപ്രേക്ഷ്യങ്ങള്‍ ഉപഭോഗാസക്തിയുടെ ലോകക്രമത്തിന് ഒരു ബദല്‍ സാധ്യമാണെന്നു സാക്ഷ്യപ്പെടുത്തുന്നുണ്ട്.

You can share this post!

ഇരുളിനെ പഴിക്കാതെ പ്രകാശത്തെ പിന്‍തുടരാനുള്ള ആഹ്വാനം

പ്രൊഫ. എം. കെ. സാനു
അടുത്ത രചന

ഇലക്ടറല്‍ ബോണ്ട് എന്ന ഗുണ്ടാപിരിവ്

എം. കെ. ഷഹസാദ്
Related Posts