നാളികേരത്തിന്‍റെ നാട്ടില്‍ നാഴിയിടങ്ങഴി മണ്ണും അതില്‍ നാരായണക്കിളിക്കൂടുപോലുള്ളൊരു പുരയും - അതാണ് കണ്ണൂര്‍ ചക്കരകല്ലില്‍ ഹരിക്കും ആശയ്ക്കും 'നനവ്'.
ആശയുടെ എന്നത്തെയും കനവും ഹരിയുടെ എന്നത്തെയും നിനവും ഈ 'നനവ'ായിരുന്നു - മണ്ണുകൊണ്ട് പടുത്തൊരുവീട്.
അതീവലളിതമായി, കലര്‍പ്പില്ലാതെ, പ്രകൃതിയോടു പരമാവധി ഇണങ്ങിച്ചേര്‍ന്ന പച്ചമണ്ണിന്‍റെ മനുഷ്യത്വത്തോടെ എങ്ങനെ ജീവിക്കാമെന്ന പരീക്ഷണവും അതേസമയം ആര്‍ഭാടങ്ങളില്‍ മുഴുകി പ്രകൃതിയെ മുച്ചൂടും നശിപ്പിച്ചുകൊണ്ടിരിക്കുന്ന ജീവിതക്രമങ്ങളോടും ബംഗ്ലാവ് നിര്‍മ്മിതികളോടുമുള്ള ഒരു കലഹവും കൂടിയാണ് മണ്ണ് കുഴച്ചെടുത്ത് ഉണ്ടാക്കിയെടുത്ത 'നനവ്' എന്ന ഈ മണ്‍പുറ്റ്.
മട്ടന്നൂരില്‍ ജല അഥോറിറ്റിയില്‍ ഉദ്യോഗസ്ഥനായ ഹരിയും കാഞ്ഞങ്ങാടിനടുത്ത് പെരിയ ഗവണ്‍മെന്‍റ് ഹൈസ്കൂളില്‍ അധ്യാപികയായ ആശയും കേരളത്തിന്‍റെ പരിസ്ഥിതി ആചാര്യന്മാരായിരുന്ന പ്രൊഫ: ജോണ്‍സി ജേക്കബിന്‍റെയും പ്രൊഫ: എം. കെ. പ്രസാദിന്‍റെയും പ്രൊഫ: എസ്. ശിവദാസിന്‍റെയും മറ്റും ശിഷ്യരും സഹകാരികളും ആയിരുന്നു.
നമ്മുടെയെല്ലാം അമ്മയും അഭയവും ആധാരവുമായ പ്രകൃതിക്കും പരിസ്ഥിതിക്കും വേണ്ടിയാണെങ്കില്‍, അങ്ങനെ ചരാചരങ്ങളുടെയെല്ലാം സുസ്ഥിതിക്കും സുജീവിതത്തിനും വേണ്ടിയാണെങ്കില്‍ ജീവിതം തന്നെ സമരമുഖത്തായിരിക്കുന്നതില്‍ ഈ ദമ്പതികള്‍ക്ക് മടുപ്പ് ഏതുമില്ല.
വര്‍ഷങ്ങളേറെയായി ഇവര്‍ ഒറ്റയ്ക്കും കൂട്ടായും ഇങ്ങനെ പരിസ്ഥിതി - ജനകീയ സമരങ്ങളില്‍ ഭാഗഭാക്കുകളാകാന്‍ തുടങ്ങിയിട്ട്. ഇവര്‍ കണ്ടുമുട്ടുന്നതും വിവാഹിതരാവാന്‍ തീരുമാനിക്കുന്നതും സമരമുഖങ്ങളില്‍ വച്ചാണ്. കണ്ണൂരില്‍ മഹാത്മാമന്ദിരത്തില്‍ അഞ്ചുവര്‍ഷം മുമ്പ് നടന്ന ഇവരുടെ, അതീവലളിതമായ വിവാഹച്ചടങ്ങുതന്നെ പ്രകൃതിസ്നേഹികളുടെ ഒരു സമ്മേളനമായിരുന്നു എന്നു പറയാം.
കണ്ണൂരില്‍ അനേകം പരിസ്ഥിതി സംഘടനകളുടെ കൂട്ടായ്മയായ ജില്ലാ പരിസ്ഥിതി സമിതിയുടെ ആഭിമുഖ്യത്തിലും സഹകരണത്തിലും ഇന്ന് ഈ ദമ്പതികള്‍ ഇടപെട്ടുകൊണ്ടിരിക്കുന്ന സമരങ്ങള്‍ക്ക് കൈയും കണക്കുമില്ല. കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ മാരണത്തിനെതിരേയുള്ള നിരന്തര പോരാട്ടത്തിലാണ് ആശാഹരി ദമ്പതികള്‍. നാലരപതിറ്റാണ്ടുനീണ്ട കാട്ടാമ്പള്ളി കാര്‍ഷിക സമരത്തില്‍ ഇവര്‍ തങ്ങളുടേതായ രീതിയില്‍ പങ്കാളികളായിരുന്നു. പ്രതിരോധമരുന്നുകളുടെ ദുരുപയോഗത്തിനെതിരേയുള്ള സമരത്തില്‍, കീടനാശിനി പ്രയോഗത്തിനും കീടനാശിനികള്‍ക്കും എതിരേയുള്ള സമരത്തില്‍, മലിനീകരണങ്ങള്‍ക്ക് എതിരേയുള്ള സമരങ്ങളില്‍ എല്ലാം ആശയും ഹരിയും ഒരുപോലെ പങ്കാളികളാണ്.
ജില്ലാ പരിസ്ഥിതി സമിതിയുടെ ആഭിമുഖ്യത്തില്‍ പശ്ചിമഘട്ട സംരക്ഷണസമിതി ഇവര്‍ ചേര്‍ന്ന് രൂപവത്കരിക്കുകയും കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ കഴിഞ്ഞ ഒക്ടോബര്‍ പത്തൊമ്പത് മുതല്‍ മാസങ്ങളോളം നീണ്ട പഠന-സമരയാത്ര നടത്തുകയുമുണ്ടായി. കുന്നിടിക്കല്‍ ഇന്ന് കാസര്‍ഗോഡ് കണ്ണൂര്‍ ജില്ലകളുടെ ശാപമായി മാറിയിരിക്കുന്നു. ഇതുവഴി ഈ ജില്ലകളുടെ സൂക്ഷ്മ കാലാവസ്ഥയില്‍ സാരമായ വ്യതിയാനങ്ങള്‍ ഉണ്ടാകുന്നു. കുന്നിടിക്കലുകള്‍ക്കെതിരേയുള്ള സമരങ്ങളും ഇവരുടെ മുന്‍കൈയില്‍ ഉണ്ടാകാറുണ്ട്.
വമ്പന്‍ ലാഭംകൊയ്യുന്ന എല്ലാ സംരംഭങ്ങളും നമ്മുടെ നാട്ടില്‍ മാഫിയാകളായിത്തീര്‍ന്ന് നമ്മെ ഭരിച്ചുകൊണ്ടിരിക്കയാണ്. കണ്ണൂര്‍ ജില്ലയില്‍ ആലക്കോടും പരപ്പയിലും ഇരിട്ടിക്കടുത്ത് അയ്യങ്കുന്നിലും, ചട്ടങ്ങളും മാര്‍ഗ്ഗരേഖകളും കാറ്റില്‍പറത്തിക്കൊണ്ട് കരിങ്കല്‍ക്വാറികള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനെതിരേ എത്രയോ സമരങ്ങള്‍. പരിസ്ഥിതി പ്രവര്‍ത്തകരായ ഹരിയും ആശയും പലപ്പോഴും ദേഹോപദ്രവങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കുംപോലും ഇരയാകാറുണ്ട്.
കേരളത്തില്‍ സജീവ ചര്‍ച്ചയായി മാറിയ, പിന്നീട് രാഷ്ട്രീയ പാര്‍ട്ടികള്‍ ഏറ്റെടുത്ത കണ്ടല്‍പാര്‍ക്കിനെതിരേയുള്ള സമരം കേവലം നാലേനാലുപേര്‍ ആരംഭിച്ച സമരമായിരുന്നു. അന്ന് കണ്ടല്‍പാര്‍ക്ക് ഉദ്ഘാടനം നടക്കുന്നവേളയില്‍ അതിനെതിരേ നിരാഹാര സമരം ചെയ്യാന്‍ കുറച്ചകലെ റോഡരികില്‍ പന്തല്‍കെട്ടിയിരുന്ന ഹരിക്കും ആശക്കും കൂട്ടുകാര്‍ക്കും, കണ്ടല്‍പാര്‍ക്കിന്‍റെ പ്രയോക്താക്കളും പ്രായോജകരുമായ പാര്‍ട്ടിക്കാരില്‍നിന്ന് പൊതിരെ മര്‍ദ്ദനം ഏല്ക്കേണ്ടതായിവന്നു.
കാസര്‍ഗോഡ് ജില്ലയില്‍ ചീമേനിയില്‍ ആരംഭിക്കാനിരുന്ന താപവൈദ്യുതനിലയത്തിനെതിരേയുള്ള സമരത്തിലും ഹരിയും ആശയും സജീവസാന്നിധ്യമായിരുന്നു.
പരിസ്ഥിതിക്കനുയോജ്യമായി ജീവിക്കുകയെന്നാല്‍ ലളിതമായും കലര്‍പ്പില്ലാതെയും സത്യസന്ധമായും ജീവിക്കുക എന്നതുപോലെതന്നെ, വ്യക്തിജീവിതത്തില്‍ നിഷ്ഠകളോടെയും ആന്തരികമായ ആധ്യാത്മികതയോടെയും എളിമയോടെയും ജീവിക്കുക എന്നതുകൂടിയാണെന്ന് തിരിച്ചറിയുന്നു ഈ സംതൃപ്തമാനസര്‍. തികച്ചും വിചിത്രമെന്നു തോന്നാം, തങ്ങള്‍ക്ക് ഇത്രയും വരുമാനവും പണവും ആവശ്യമില്ല എന്ന് ആണയിടുന്നു ഈ ദമ്പതികള്‍. തങ്ങളുടെ വരുമാനത്തിന്‍റെ മുഖ്യപങ്കും ഇവര്‍ ചെലവാക്കുന്നത് സമരമുഖങ്ങളിലേക്കു യാത്ര ചെയ്യുന്നതിനും സ്വന്തമായി പ്രകൃതി ദര്‍ശന ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിനും ജൈവകൃഷി വ്യാപിപ്പിക്കുന്നതിനും വിത്തുസംരക്ഷണം നടത്തുന്നതിനും മറ്റുമായിട്ടാണ്.
എത്ര കിട്ടിയാലും മതിവരാത്ത, എത്രതിന്നാലും വിശപ്പൊടുങ്ങാത്ത, ആര്‍ത്തിപ്പണ്ടാരങ്ങളുടെ ഒരു ലോകത്ത്, മനുഷ്യരുടെ രൂപംപോലും ക്രമേണ ജെ സി ബി യുടേതായിത്തീര്‍ന്നേക്കാവുന്ന ഒരു കാലത്ത്, തങ്ങളുടെ സമയവും സ്വാസ്ഥ്യവും വിശ്രമവും സ്വന്തം വരുമാനംപോലും പ്രപഞ്ചത്തിന്‍റെ സുസ്ഥിതിക്കും മനുഷ്യകുലത്തിന്‍റെ പൊതുനന്മയ്ക്കുമായി, സമരങ്ങള്‍ക്കും സംരക്ഷണങ്ങള്‍ക്കും സംഘപ്രവര്‍ത്തനങ്ങള്‍ക്കുമായി മാറ്റിവെയ്ക്കുന്ന ആശയും ഹരിയും ഈ മണ്ണില്‍ പശിമയുടെ നനവു പടര്‍ത്തുന്നു.