news-details
കവർ സ്റ്റോറി

ബദലുകള്‍ തേടുന്ന വിദ്യാഭ്യാസം

പാലക്കാട് ജില്ലയിലെ കുടിയേറ്റ കര്‍ഷക മേഖലയായ മണ്ണാര്‍ക്കാട് ടൗണില്‍ നിന്ന് അല്‍പ്പം മാറി പയ്യനടത്തെത്തുമ്പോള്‍ എല്ലാ കുടിയേറ്റ മേഖലയെയും പോലെ തൊടികളെല്ലാം റബ്ബറിന് വഴിമാറിയത് കാണാം. ബഷീര്‍ മാഷിന്‍റെ വീടന്വേഷിച്ച് സുന്ദരമായ ഒരു കൃഷിയിടത്തിലേക്കുള്ള മണ്‍പാതയിലേക്കിറങ്ങുമ്പോള്‍ തനി പാലക്കാട് ഇടനാടിന്‍റെ വശ്യത അനുഭവിച്ചറിയാം. പഴയ മട്ടിലുള്ള തുറന്ന പൂമുഖത്ത് ഇരിക്കുന്ന നേര്‍ത്ത ശരീരം, കേരളത്തിലെ വിദ്യാഭ്യാസമേഖലയില്‍ മാറ്റങ്ങള്‍ക്ക് കാരണഭൂതനായ കരുത്തനായ ബഷീര്‍മാഷ്. കേരളത്തില്‍ വിദ്യാഭ്യാസപരമായി ഏറ്റവും പിന്നോക്കം നിന്ന മലപ്പുറം ജില്ലയെ മുന്‍പന്തിയിലെത്തിച്ചതിന്‍റെ ക്രെഡിറ്റ് സ്വന്തം പേരിലെടുക്കാന്‍ പക്ഷേ അദ്ദേഹം തയ്യാറല്ല.

ദീര്‍ഘകാലം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറായും ഡി.ഇ.ഒ. ആയും പ്രവര്‍ത്തിച്ചു ബഷീര്‍ മാഷ് തന്‍റെ വ്യത്യസ്തമായ വിദ്യാഭ്യാസദര്‍ശനങ്ങള്‍ കൊണ്ട് വ്യവസ്ഥാപിത വിദ്യാഭ്യാസ സംവിധാനത്തെ ചോദ്യം ചെയ്യുന്നു. അദ്ദേഹത്തിന്‍റെ 'അനുയോജ്യ വിദ്യാഭ്യാസം' എന്ന ഗ്രന്ഥം മലയാളത്തില്‍ ബദല്‍ വിദ്യാഭ്യാസ ചിന്താവീഥിയില്‍ ഉള്ള അപൂര്‍വ്വം പുസ്തകങ്ങളിലൊന്നാണ്.

ഇപ്പോഴത്തെ വിദ്യാഭ്യാസ രീതിക്ക് എന്തൊക്കെയോ പിഴവുകളുണ്ടെന്ന് എല്ലാവര്‍ക്കും തോന്നിതുടങ്ങിയിരിക്കുന്നു. കാരണം, നമ്മുടെ വിദ്യാഭ്യാസം പുറത്തേക്ക് വിടുന്ന കുട്ടികളില്‍ നിന്ന് സമൂഹം പ്രതീക്ഷിരുന്നതൊന്നും ലഭിക്കുന്നില്ല എന്ന് ആനുകാലിക സംഭവങ്ങളിലൂടെ നാം തിരിച്ചറിയുന്നു. ബഷീര്‍ മാഷ് പറയും, അടിമുടി പൊളിച്ചെടുക്കാതെ ഈ സംവിധാനത്തില്‍ നിന്ന് ഗുണകരമായി ഒന്നും പ്രതീക്ഷിക്കേണ്ട എന്ന്. കാരണം? ഇവിടെ പാഠ്യപദ്ധതി, കെട്ടിടങ്ങള്‍, പരീക്ഷ തുടങ്ങി വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് നിലവിലിരിക്കുന്നതെല്ലാം തെറ്റാണ്. കുട്ടികളുടെ നൈസര്‍ഗ്ഗികമായ കഴിവുകള്‍ നഷ്ടപ്പെടുത്തി കുഞ്ഞുങ്ങളെ അനുസരണശീലവും യജമാനഭക്തിയുമുള്ള, ഒന്നിനും കൊള്ളാത്തവരാക്കി  മാറ്റാനുള്ള ഒരു ആസൂത്രിത പരിപാടിയാണ് നമ്മുടെ സ്കൂള്‍ വിദ്യാഭ്യാസം എന്ന് അദ്ദേഹം വിശ്വസിക്കുന്നു.

എന്താണ് കുട്ടി പഠിക്കേണ്ടത് എന്ന് ആരാണ് തീരുമാനിക്കേണ്ടത്? എന്‍.സി.ഇ.ആര്‍.റ്റി.യും എസ്.സി.ഈ.ആര്‍.റ്റി. യുമല്ല. മറിച്ച് കുട്ടിയുടെ അഭിരുചി, വളരുന്ന പ്രദേശം എല്ലാം കണക്കിലെടുത്ത് കുട്ടിയും അദ്ധ്യാപകനും ചേര്‍ന്ന് സൃഷ്ടിക്കേണ്ടതാണ് പാഠ്യപദ്ധതി. രക്ഷാകര്‍ത്താക്കള്‍ക്കും ഇതില്‍ പങ്കുചേരാം. മാഷിന്‍റെ വിദ്യാഭ്യാസ സങ്കല്പങ്ങള്‍ പങ്കുവച്ച് തുടങ്ങുമ്പോള്‍, അനാരോഗ്യം വഴിമാറി അദ്ദേഹം വാചാലനാകും. പാഠ്യപദ്ധതി ഏകീകരണത്തെപ്പറ്റിയും കേന്ദ്രീകൃത സിലബസിനെപ്പറ്റിയും 'പറയു'ന്ന കാലഘട്ടത്തിലാണ് ബഷീര്‍ മാഷ് വളരെ ചെറിയ ഗ്രാമത്തിന് പോലും വ്യത്യസ്തമായ പാഠ്യപദ്ധതിയുണ്ടാവട്ടെ എന്ന് പറയുന്നത്.

അപ്പോള്‍ എവിടെ തുടങ്ങണം? ഇവിടെ ഈ സംവിധാനത്തില്‍ എല്ലാം മുകളില്‍ നിന്ന് താഴേക്കാണ്. രാഷ്ട്രീയക്കാര്‍ക്ക് മാത്രമേ ഇതില്‍ വ്യത്യാസം കൊണ്ട് വരാനാവുകയുള്ളൂ. ബാക്കിയുള്ളവര്‍ക്കൊക്കെ ഇത് കൊണ്ടു നടക്കാന്‍ മാത്രമേ പറ്റൂ. അതിന് ഇത്രയേറെ അരാഷ്ട്രീയവത്കരിക്കപ്പെട്ട ഭരണസംവിധാനത്തില്‍ ഒരു ദര്‍ശനം വയ്ക്കാനുള്ള രാഷ്ട്രീയക്കാരെവിടെ എന്ന് ചോദിച്ചപ്പോള്‍, ഈ സംവിധാനം മാറ്റരുത് എന്നതാണവരുടെ ദര്‍ശനം, ആ രാഷ്ട്രീയം വളരെ ശക്തമാവുണെന്നദ്ദേഹം.

അപ്പോള്‍ എന്തിന് വേണ്ടിയാവണം വിദ്യാഭ്യാസം എന്ന് നിര്‍വ്വചിച്ചതിന് ശേഷമാവണം പരിവര്‍ത്തനം എന്നദ്ദേഹം പറയുന്നു. ഓരോ കുഞ്ഞിന്‍റെയും തനതായ കഴിവുകള്‍ വികസിപ്പിച്ചുകൊണ്ട് സമൂഹത്തില്‍ തങ്ങളുടേതായ പങ്ക് നിര്‍വഹിച്ചു ജീവിക്കുന്ന ഒരു സന്തുലിത വ്യക്തിയാകാനുള്ള പരിശീലനമാണ് വിദ്യാഭ്യാസം നല്‍കേണ്ടത്.

അദ്ദേഹത്തോട് പല സംശയങ്ങളും പങ്ക് വയ്ക്കുന്നതിനിടെ യോഗ്യതാ പരീക്ഷയെപ്പറ്റിയും സര്‍ട്ടിഫിക്കറ്റുകളെപ്പറ്റിയും ചോദിച്ചപ്പോള്‍ പറഞ്ഞത് ചിന്തിപ്പിക്കുന്ന ഉത്തരമായിരുന്നു.

കൈകൊണ്ട് അന്നം ഉണ്ടാക്കാന്‍ അറിയുന്നവന് എന്ത് സര്‍ട്ടിഫിക്കറ്റ് വേണം? അതിലും മഹത്തായ പഠനം ഉണ്ടോ? യോഗ്യതകളെക്കാള്‍ എത്ര വലുതാണ് ജീവിതം! എത്രയോ സുന്ദരമാണ് ജീവിതം!

മലപ്പുറം ജില്ലയില്‍ സ്കൂള്‍ വിദ്യാഭ്യാസം ചെയ്ത് കോഴിക്കോട് ഫാറൂഖ് കോളജില്‍നിന്ന് ബിരുദം നേടിയ ബഷീര്‍ മാഷ്, 1975 ല്‍ അദ്ധ്യാപകനായി. പിന്നെ 1989 ല്‍ നേരിട്ടുള്ള നിയമനത്തില്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസറായി. പിന്നീട് മലപ്പുറം, ആലപ്പുഴ ജില്ലകളിലൊക്കെ ഡി.ഡി. ആയി പ്രവര്‍ത്തിച്ചു.

നീണ്ട തന്‍റെ സര്‍വ്വീസ് കാലഘട്ടത്തെ പ്രധാനപ്പെട്ട സംഭാവനയെന്തെന്ന് ചോദിച്ചാല്‍, അങ്ങനെ ഒരാള്‍ക്കും ഇതില്‍ ഒന്നും ചെയ്യാനാവില്ല, ഞാനും കാര്യമായി ഒന്നും ചെയ്തില്ല എന്നേ പറയൂ. എന്നാല്‍ 1999-2000 കാലഘട്ടത്തില്‍ അദ്ദേഹം മലപ്പുറത്ത് നടത്തിയ പരിവര്‍ത്തനം ആ ജില്ലയെ മാറ്റിമറിക്കുക തന്നെ ചെയ്തു. അക്കാലത്ത് കൂടുതലും സര്‍ക്കാര്‍ സ്കൂളുകളും പിന്നെ എയ്ഡഡ് വിദ്യാലയങ്ങളുമായിരുന്നു മലപ്പുറത്ത് ഉണ്ടായിരുന്നത്. ജില്ലയുടെ വിദ്യാഭ്യാസപരമായ പിന്നാക്കാവസ്ഥ മുതലെടുത്ത് മറ്റ് ജില്ലകളില്‍ നിന്ന് ഉദ്യോഗാര്‍ത്ഥികള്‍ വന്ന് പി.എസ്.സി. പരീക്ഷയെഴുതും. സര്‍വ്വീസില്‍ കയറിയാല്‍ ലീവെടുത്തും വല്ലപ്പോഴും വന്നുമൊക്കെ എങ്ങനെയെങ്കിലും സ്വന്തം സ്ഥലത്തേക്ക് ട്രാന്‍സ്ഫര്‍ ഒപ്പിക്കുന്നത് വരെ കഴിയും. അതുകൊണ്ട്തന്നെ സ്കൂളുകളില്‍ ഒരിക്കലും ക്രമമായി ക്ലാസ്സ് നടക്കുന്നുണ്ടാവില്ല. താത്കാലിക അദ്ധ്യാപകരെ നിയമിക്കാന്‍ അന്ന് ഡി.ഡി. ക്ക് മാത്രമേ അധികാരമുള്ളൂ. എഴുത്തുകുത്തും മറ്റും നടത്തി വരുമ്പോള്‍ പ്രായോഗികമായി സമയത്ത് ആളെ കിട്ടില്ല. ഡി.പി.ഐ. ആയിരുന്ന ലിഡാ ജേക്കബ്, അന്നത്തെ പൊതുവിദ്യാഭ്യാസ സെക്രട്ടറി ജയകുമാര്‍സാര്‍ തുടങ്ങിയവരുടെ അകമഴിഞ്ഞ പിന്തുണയോടെ ബഷീര്‍ മാഷ് താത്കാലിക അദ്ധ്യാപകരെ നിയമിക്കാന്‍ ഉള്ള അധികാരം അതത് ഹെഡ്മാസ്റ്റര്‍മാര്‍ക്ക് നല്‍കിക്കൊണ്ടുള്ള ഒരു ഉത്തരവുണ്ടാക്കി. അദ്ദേഹം സ്വയം അതില്‍ മറ്റൊന്നു കൂടി കൂട്ടിച്ചേര്‍ത്തു, ഓരോ സ്കൂളിലേയും പൂര്‍വ്വവിദ്യാര്‍ത്ഥിക്ക് താത്കാലിക നിയമനത്തില്‍ മുന്‍ഗണന നല്‍കണമെന്ന്. വലിയ ഒരു മാറ്റത്തിന് അത് വഴി തുറന്നു. തന്‍റെ സ്ഥാപനം എന്ന ആത്മബന്ധത്തോടെ താത്കാലിക അദ്ധ്യാപകര്‍ ജോലിയെടുത്തു. നാട്ടുകാരും സ്കൂള്‍ കാര്യങ്ങളില്‍ കൂടുതല്‍ താല്പര്യമെടുത്തു. അതോടെ കേരളത്തിലെ ഏറ്റവും പിന്നാക്കം നിന്ന മലപ്പുറം പതിയെ കുതിക്കാന്‍ തുടങ്ങി. അന്നത്തെ താത്കാലിക അദ്ധ്യാപകരായ ആ കുട്ടികളാണ് മലപ്പുറത്തെ വിജയശതമാനം വര്‍ദ്ധിപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചതെന്ന് മാഷ് പറയുന്നു. അദ്ധ്യാപകര്‍ക്കായി അദ്ദേഹം ഒരാഴ്ച വീതം നീണ്ട് നില്‍ക്കുന്ന ക്യാമ്പുകള്‍ നടത്തി. 200 ഓളം അദ്ധ്യാപകരെ വ്യത്യസ്തമായ ഒരു വിദ്യാഭ്യാസ സങ്കല്പത്തെപ്പറ്റി ചിന്തിക്കുവാനും തനതായ സംഭാവനകള്‍ ചെയ്യുവാനും പ്രാപ്തരാക്കി.

കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തിന്‍റെ തുടക്കക്കാരിലൊരാളായ ജ. ഉമ്മര്‍ മൗലവിയുടെ മകനായി പിറന്ന കെ. ബഷീര്‍ പക്ഷേ ഫിസിക്സ് പഠിച്ച് പുറത്ത് വന്നതു വ്യത്യസ്തമായ ജീവിത വീക്ഷണത്തോടെയാണ്. വര്‍ഷങ്ങളായി പ്രകൃതിജീവനം ചര്യയാക്കിയ ബഷീര്‍മാഷ് ശ്വാസകോശ സംബദ്ധമായ ചില പ്രയാസങ്ങള്‍കൊണ്ടാണ് 'നല്‍വാഴ്വ്' ആശ്രമവുമായി ബന്ധപ്പെട്ടതും പിന്നീട് പ്രകൃതിജീവനം ജീവിതമാക്കിയതും. കുന്തിപ്പുഴയുടെ ഓരത്തുള്ള പച്ച നിറഞ്ഞ കുളിര്‍മയുള്ള കൃഷിയിടത്തില്‍ 2004 മുതല്‍ വിശ്രമവും കൃഷിയും മറ്റുമായി കഴിയുന്ന ബഷീര്‍മാഷിനെത്തേടി എപ്പോഴും ആരെങ്കിലും വന്നുകൊണ്ടേയിരിക്കും. കുട്ടികള്‍, നാട്ടിലെ ചെറുപ്പക്കാര്‍, വിദ്യാഭ്യാസപ്രവര്‍ത്തകര്‍, പഴയ അദ്ധ്യാപകര്‍ അങ്ങനെ പലരും. കുറേ ചെറുപ്പക്കാര്‍ അദ്ദേഹത്തിന്‍റെ തൊടിയില്‍ അവിടെ ഒരു നാടന്‍ കോഴി പരിപാലന പരിപാടി നടത്തുന്നു. ആശയം അദ്ദേഹത്തിന്‍റേത്.

വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടുള്ളതാണ് ബഷീര്‍ സാറിന്‍റെ വായനയില്‍ അധികവും. ഗാന്ധി, റസ്സല്‍, ചോംസ്കി, ടാഗോര്‍, കൃഷ്ണമൂര്‍ത്തി ഇങ്ങനെ സ്വാധീനിച്ചിട്ടുള്ളവര്‍ പലരാണ്. തന്‍റേതായി പുറത്തിറങ്ങിയ പുസ്തകം "അനുയോജ്യമായ വിദ്യാഭ്യാസം" വളരെയേറെ ചര്‍ച്ച ചെയ്യപ്പെട്ടു.

ആ പുസ്തകത്തില്‍ നമ്മുടെ വിദ്യാലയങ്ങളും ജയിലും തമ്മിലുള്ള 15 ലേറെ സാമ്യങ്ങള്‍ വിവരിക്കുന്നുണ്ട്. യൂണിഫോമും മണിയും മുതല്‍ പലതും. അടിമകളെ സൃഷ്ടിക്കുന്ന സമ്പ്രദായമാണിന്നുള്ളതെന്നു പറയാനാണ് അദ്ദേഹം ഇത്തരം നിരന്തര "കണ്ടീഷനിംഗി" ന്‍റെ സ്കൂള്‍ പ്രയോഗങ്ങള്‍ വിവരിക്കുന്നത്.

സ്വതന്ത്രരായ പൗരന്മാരെ സൃഷ്ടിക്കുന്ന ഒരു വിദ്യാഭ്യാസത്തെ സ്വപ്നം കാണുന്ന ബഷീര്‍ മാഷ് അദ്ധ്യാപകരോട് പറയുന്നു: "മറ്റുള്ളവരെ അംഗീകരിക്കുന്നതിനുള്ള കഴിവാണ് ഏറ്റവും അധികം നിങ്ങള്‍ക്ക് വേണ്ടത്, പ്രത്യേകിച്ചും കുട്ടികളെ."

You can share this post!

ഇരുളിനെ പഴിക്കാതെ പ്രകാശത്തെ പിന്‍തുടരാനുള്ള ആഹ്വാനം

പ്രൊഫ. എം. കെ. സാനു
അടുത്ത രചന

സമാധാനം

ജെര്‍ളി
Related Posts