എന്‍റെ ബാല്യകാല ഓര്‍മ്മകളില്‍ ഒരു ദേവസി അപ്പാപ്പനുണ്ട്. പാഷന്‍ഫ്രൂട്ട് പറിച്ച് പഞ്ചസാരയിട്ട് തന്ന, ഒത്തിരി കഥകള്‍ പറഞ്ഞുതന്ന ദേവസി അപ്പാപ്പന്‍. അപ്പാപ്പന്‍റെ ജീവിതകഥയിങ്ങനെ: രണ്ട് ആണ്‍മക്കള്‍. ഇളയ മകന്‍ സൈന്യത്തിലായിരുന്നു. അവിടെവച്ച് കൊല്ലപ്പെട്ടു. മൂത്തമകന്‍ ഒരു തികഞ്ഞ മദ്യപാനി. ഭാര്യയെയും മക്കളെയും അപ്പാപ്പനേയും മദ്യപാനത്തിന് ശേഷം കൈയ്യേറ്റം ചെയ്യുക അയാളുടെ പതിവായിരുന്നു. ദേവസി അപ്പാപ്പന്‍ വീടിനോട് ചേര്‍ന്ന് ഒരു ചായ്പ്പിലാണ് താമസിച്ചിരുന്നത്. തികച്ചും ഏകാന്തത അനുഭവിച്ച ആ മനുഷ്യന്‍ മിക്കപ്പോഴും ശൂന്യതയിലേയ്ക്ക് കണ്ണും നട്ടിരിക്കുന്നത് കാണാമായിരുന്നു. അപ്പോഴൊക്കെ ആ കണ്ണുകള്‍ നിറഞ്ഞൊഴുകി. അദ്ദേഹത്തിന്‍റെ ജീവിതം വേര്‍പിരിഞ്ഞുപോയ ഇളയമകനേക്കുറിച്ചുള്ള ഓര്‍മ്മകളിലും കണ്ണീരിലുമായിരുന്നു. എന്നാല്‍ മദ്യപാനിയായ മൂത്തമകനാകട്ടെ ആ അനിയനെ എന്നേ മറന്നിരുന്നു!
ഓര്‍മ്മയും മറവിയും ഒരു നാണയത്തിന്‍റെ രണ്ട് വശങ്ങളാണ്. എന്നാല്‍ എല്ലാം ഓര്‍മ്മിച്ചിരിക്കുകയും അതുപോലെതന്നെ എല്ലാം മറക്കുകയും ചെയ്യുന്നത് ബോധത്തിന്‍റെ ലോകത്ത് ജീവിച്ചിരിക്കുന്നവര്‍ക്ക് അസാധ്യമാണ്. പഴയ മനുഷ്യര്‍ ജീവിതാനുഭവങ്ങളുടെ കഥ പറയുന്നത് കണ്ടിട്ടുണ്ട്. കഥ പറയുമ്പോള്‍ കണ്ണുകള്‍ നിറയുന്നു-പറയുന്നവന്‍റേയും കേള്‍ക്കുന്നവന്‍റേയും. അങ്ങനെ ഒരിക്കലും ഉണങ്ങാത്ത, ഉണങ്ങാനാഗ്രഹിക്കാത്ത ഓര്‍മ്മകളായി ചില കഥകള്‍!
നമ്മുടെ ജീവിതത്തെ ആഴത്തില്‍ സ്പര്‍ശിക്കുന്നതോ നമുക്ക് താത്പര്യമുള്ളതോ ആയ കാര്യങ്ങളെ മാത്രമെ നാം ഓര്‍മ്മിക്കാറുള്ളൂ. ചരിത്രത്തില്‍ ഏറെ താത്പര്യമില്ലാതിരുന്ന ഒരു വിദ്യാര്‍ത്ഥിയായിരുന്നതുകൊണ്ട് പ്ലാസിയുദ്ധവും തുഗ്ളക് ഭരണപരിഷ്കാരങ്ങളും ഓര്‍ത്തിരിക്കാന്‍ ഒരു സ്കൂള്‍വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് ഞാന്‍ ഏറെ കഷ്ടപ്പെട്ടു. എന്നാല്‍ ഭാഷാപഠനം എനിക്കൊരാവേശമായിരുന്നു. ഓര്‍മ്മകള്‍ എന്നും ചില തിരഞ്ഞെടുപ്പുകള്‍ നടത്താറുണ്ട്. തിരക്കുപിടിച്ച ഒരു റോഡില്‍ വാഹനമോടിക്കുമ്പോള്‍ ട്രാഫിക് ലൈറ്റുകളിലായിരിക്കും നമ്മുടെ ശ്രദ്ധ. വഴിയോരക്കാഴ്ചകള്‍ ആസ്വദിക്കാനാകണമെന്നില്ല. ശ്രദ്ധകള്‍ ആകര്‍ഷണീയത ഉള്ളതിലേയ്ക്ക് എളുപ്പം പറന്നുപോകുന്നു, പൂമ്പാറ്റകള്‍ പൂവിലേയ്ക്ക് ആകര്‍ഷിക്കപ്പെടുന്നതുപോലെ. അതുകൊണ്ട് മനുഷ്യന്‍റെ ശ്രദ്ധ പിടിച്ചുപറ്റാന്‍ പരസ്യങ്ങള്‍ക്ക് ആകര്‍ഷണീയതയുടെ ഏറെ പുറംമോടികളും ചായക്കൂട്ടുകളും അണിയേണ്ടിവരുന്നു. ആകര്‍ഷണീയതയില്ലാത്ത വ്യക്തികളും കുടുംബങ്ങളുംപോലും നമ്മുടെ ബന്ധത്തിന്‍റെ കണ്ണിയില്‍നിന്ന് നഷ്ടപ്പെട്ടുപോകുന്നതെങ്ങനെയെന്ന ഒരാഴപ്പെട്ട ചിന്തകൂടി ഉചിതമായിരിക്കും.
പരിചിതയായ ഒരധ്യാപികയുണ്ട്. ഓര്‍മ്മകളായിരുന്നു അവരുടെ പ്രശ്നം. ഒന്നും ഒരിക്കലും മറക്കാത്ത ഓര്‍മ്മകള്‍. ഇന്നോളം പഠിപ്പിച്ച കുഞ്ഞുങ്ങളുടെ പേരുകള്‍, പരീക്ഷകളുടെയെല്ലാം തീയതികള്‍, കലണ്ടറിലെ ഓരോ തീയതിയും ദിവസവും, ഓരോരുത്തരും പറഞ്ഞ വാക്കുകള്‍, കണ്ടുമുട്ടിയിടത്തോളം വ്യക്തികള്‍, വസ്തുക്കള്‍... അങ്ങനെയെന്തെല്ലാം! ഞാന്‍ ചിന്തിച്ചു പോയി, 'എത്ര അനുഗ്രഹിക്കപ്പെട്ട ഓര്‍മ്മശക്തി!' എന്നാല്‍ ജീവിതത്തില്‍ തികച്ചും ഒറ്റപ്പെട്ടുപോയ ആ സ്ത്രീയെ സംബന്ധിച്ചിടത്തോളം അവരുടെ ഓര്‍മ്മകളായിരുന്നു അവളെ വേട്ടയാടുന്ന ശാപങ്ങള്‍. എന്തൊക്കെയോ കാരണങ്ങളാല്‍ അമ്മയില്‍നിന്ന് വേര്‍പിരിഞ്ഞ് താമസിക്കുന്ന അവരില്‍ നിറയെ അമ്മയെക്കുറിച്ചുള്ള ഓര്‍മ്മകളാണ്. ബാല്യത്തിലെ എന്തൊക്കെയോ മുറിപ്പെടുത്തുന്ന ഓര്‍മ്മകള്‍. അമ്മയുടെ മുഖം കാണുമ്പോള്‍ എല്ലാം മനസ്സില്‍ ഇന്നലെകളിലേതുപോലെ തിരിച്ചെത്തുന്നു. ഓര്‍മ്മകള്‍ യാഥാര്‍ത്ഥ്യംപോലെ വീണ്ടുംവീണ്ടും നോവിക്കുന്നു. ഇന്നോളം അമ്മയോട് പൊറുക്കാനായിട്ടില്ല; ഒന്നും മറക്കാനുമായിട്ടില്ല. തെളിഞ്ഞ ഓര്‍മ്മകള്‍ അവളെ ലോകത്തോടുതന്നെ വിരോധിയാക്കുന്ന ഒരു ശാപമാകുന്നു. കയ്ക്കുന്ന ഓര്‍മ്മകള്‍ക്ക് വിടചൊല്ലാനാവാത്തവര്‍ ഇവരെപ്പോലെ ഭൂതകാലത്തിന്‍റെ തടവുകാരാകുന്നു.
കാല്പനികമായ ഒരു ചുറ്റുവട്ടത്തില്‍ ഓര്‍മ്മകളെ വ്യക്തിപരമായ സ്വകാര്യങ്ങളായി മാത്രം നാം കരുതിപ്പോരുന്നു. എന്നാല്‍ നമ്മുടെ ഓര്‍മ്മകളൊന്നും നമ്മുടെ സ്വന്തമല്ലെന്നു പറയുമ്പോള്‍ തികച്ചും ആശ്ചര്യകരമായി തോന്നിയേക്കാം. അവ നാം ജീവിക്കുന്ന സമൂഹത്തിന്‍റെ പൊതുഓര്‍മ്മകളുടെ ഇഴകളില്‍ നെയ്യപ്പെട്ടവയാണ്. പഴയ തലമുറ അവരുടെ വേദനാജനകമായ പഴയകാല അനുഭവങ്ങളുടെ കഥകള്‍ പറഞ്ഞുകൊണ്ടിരിക്കുന്നു. പുത്തന്‍ തലമുറയ്ക്കാകട്ടെ അവയിലൊന്നും താത്പര്യമില്ല, കാരണം അവ തണുത്തുറഞ്ഞുപോയ പഴമയാണ്. പഴയകാലത്തിന്‍റെ ചില ഭീതിജനകമായ ഓര്‍മ്മകള്‍ക്ക് നാം ജീവിക്കുന്ന ലോകത്തിന്‍റെ പരിമിതകളെക്കുറിച്ചും ഭാവിയെക്കുറിച്ചും എന്തൊക്കെയോ ഓര്‍മ്മപ്പെടുത്താനുണ്ടെന്നത് നാം മറക്കുന്നു.
ഇവിടെയാണ് ഓര്‍മ്മ ഒരു കടമയാകുന്നത്. ഡല്‍ഹിയില്‍ പിച്ചിചീന്തപ്പെട്ട കുട്ടിയെ നമുക്ക് പെട്ടെന്ന് മറക്കാനാവുമെങ്കില്‍ നാം എന്തു ജനതയാണ്? ചരിത്രത്തിലെ ചില കൊടുംപാതകങ്ങള്‍ മനുഷ്യസമൂഹത്തില്‍ ഏറെ ചലനങ്ങള്‍ സൃഷ്ടിക്കാതെ മറവിയുടെ പുകമറകള്‍ക്കപ്പുറം മറഞ്ഞുപോയെങ്കില്‍ അതിന് കാരണം മനുഷ്യകുലത്തിന്‍റെ പൊതുമറവി എന്ന സാമൂഹികരോഗമാണ്. അല്ലെങ്കില്‍ പിന്നെയെങ്ങനെയാണ് ജര്‍മ്മന്‍ ഹോളക്കോസ്റ്റില്‍ കൊലചെയ്യപ്പെട്ട ലക്ഷക്കണക്കിന് മനുഷ്യജന്മങ്ങളെ വേണ്ടത്ര ശ്രദ്ധിക്കാതെ ഒരു സമൂഹചരിത്രത്തിന് മുന്നോട്ട് പോകാനാകുന്നത്? അല്ലെങ്കിലെങ്ങനെ കഴിഞ്ഞ നാളുകളില്‍ ദാരുണമായി ബലാത്സംഗം ചെയ്യപ്പെട്ട മൂന്നുവയസ്സുകാരി പെണ്‍കുട്ടിക്കുവേണ്ടി ഒരു തുള്ളി കണ്ണീര്‍ പൊഴിക്കാതെ ഒരു സമൂഹത്തിന് ജീവിതത്തിന്‍റെ സാധാരണത്വങ്ങളിലേയ്ക്ക് മടങ്ങാനാവും? അസ്വസ്ഥരാവാതിരിക്കാനാവും? ഭീതി ജനകമാണത്. നമ്മള്‍ ഇപ്പോഴും സ്വസ്ഥരെങ്കില്‍ നമ്മുടെ വ്യക്തിപരവും കുടുംബപരവും സമൂഹികവുമായ ധാര്‍മ്മികത ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്.
പലയിടങ്ങളിലും കിരാതമായ പീഡനത്തിന്‍റെയും അടിച്ചമര്‍ത്തലിന്‍റേയും ഓര്‍മ്മകളെ തുടച്ചു മാറ്റാന്‍ അവ അരങ്ങേറിയ ഇടങ്ങളില്‍ കലാവൈദഗ്ധ്യത്തിന്‍റെ വാസ്തുരൂപങ്ങളും വിനോദയിടങ്ങളും സൃഷ്ടിക്കുന്ന ഒരു സംഘടിത ശ്രമം നടക്കുന്നുണ്ട്. അവയ്ക്കെല്ലാം ദൃക്സാക്ഷികളായ ഒന്നാം തലമുറയിലെ ചിലരൊക്കെ അവയെല്ലാം വ്യക്തമായി ഓര്‍മ്മിക്കുന്നു. രണ്ടാംതലമുറയ്ക്ക് കേട്ടുകേള്‍വി മാത്രമാണുള്ളത്. എല്ലാ വിവരങ്ങളും ചരിത്രത്തില്‍ അവശേഷിക്കുമ്പോഴും മൂന്നാംതലമുറയെന്ന പുത്തന്‍തലമുറ അവയെല്ലാം നിരന്തരം നിഷേധിച്ചുകൊണ്ടിരിക്കുന്നു. അങ്ങനെയൊന്ന് ചരിത്രത്തില്‍ സംഭവിച്ചതായി അംഗീകരിക്കാന്‍ അവര്‍ സന്നദ്ധരല്ല. മറവി ചരിത്രത്തിന്‍റെ അവശേഷിപ്പുകളെ അതിന്‍റെ നിധിപ്പുരകളില്‍ ഭദ്രമായി സൂക്ഷിച്ചിരിക്കുന്നു.
ഭൂതകാലത്തെ വിസ്മരിക്കുന്നവര്‍ അതിനെ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും. നാട് നശിപ്പിക്കുന്ന, പൊതുഖജനാവില്‍ നിന്ന് പണം കട്ടുമുടിക്കുന്ന അഴിമതിക്കാരായ രാഷ്ട്രീയക്കാര്‍ എങ്ങനെയാണ് വീണ്ടുംവീണ്ടും അധികാരത്തിലെത്തുന്നത്? അതിനെയാണ് 'പരിഷ്കൃത സമൂഹ'ത്തിന്‍റെ 'പൊതുമറവി' എന്നുപറയുന്നത്. സ്വന്തം സുഖത്തിന്‍റെ ഇടങ്ങളിലേയ്ക്ക് കടന്നുകയറി അലോസരപ്പെടുത്താത്തിടത്തോളം ഒരു കാര്യവും നമ്മുടെ ഓര്‍മ്മയിലേയ്ക്ക് ആഴ്ന്നിറങ്ങുന്നില്ല. എല്ലാം വെറും വിവരങ്ങളായി തലയ്ക്ക് മുകളിലൂടെയോ ചെവിയ്ക്കുള്ളിലൂടെയോ കടന്നുപോകുന്നു.
കേട്ടിട്ടുള്ളതും കേട്ടുകേള്‍വിയില്ലാത്തതുമായ പ്രമുഖരുടെ പ്രതിമകളും സ്മാരകങ്ങളുംകൊണ്ട് നമ്മുടെ നഗരങ്ങള്‍ നിറഞ്ഞിരിക്കുകയാണ്. ഇനിയും ഇടം കിട്ടാനായി മറ്റ് പലരും കാത്തിരിക്കുന്നുമുണ്ട്. അനാച്ഛാദനം ചെയ്യപ്പെട്ട ഭാഗ്യവാന്മാരുടെ തലയില്‍ പക്ഷികള്‍ കാഷ്ഠിച്ച് കറുത്തപുള്ളികള്‍ വീണിരിക്കുന്നു. ആളുകള്‍ ചരിത്രത്തില്‍ ഓര്‍മ്മിക്കപ്പെടേണ്ടത് അവര്‍ ചെയ്ത നന്മകളുടെ വെളിച്ചത്തിലായിരിക്കണം. അവ നാം പൊയ്ക്കഴിഞ്ഞാലും ചരിത്രസ്മാരകങ്ങളെപ്പോലെ ഇവിടെ തലയുയര്‍ത്തി നില്‍ക്കും. അവ കല്ലില്‍ തീര്‍ത്ത സ്മൃതിമണ്ഡപങ്ങളാവില്ല, മനുഷ്യരുടെ ഓര്‍മ്മകളില്‍ നിര്‍മ്മിക്കപ്പെട്ടവയായിരിക്കും.
പൊതുചരിത്രമോ പൊതുവായ ഓര്‍മ്മകളോ ഇല്ലാത്ത ജനത സാവകാശം രാഷ്ട്രീയ മറവിയിലേയ്ക്ക് കൂപ്പുകുത്തുകയും അവസാനം തങ്ങളുടെ സ്വാതന്ത്ര്യവും നീതിന്യായവും സ്വയംഭരണവും കൈയ്യാളാന്‍ അപര്യാപ്തരുമായിത്തീരും. മറവിയ്ക്ക് അടിപ്പെടാനുള്ള കാരണങ്ങള്‍ മാധ്യമങ്ങളോ വിദ്യാഭ്യാസസംവിധാനങ്ങളോ ബോധപൂര്‍വ്വം നമ്മെ ചരിത്രബോധത്തില്‍നിന്ന് മാറ്റിനിര്‍ത്തുന്നതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആണ്. അടിമത്വത്തിന്‍റേയും സ്വാതന്ത്ര്യത്തിന്‍റേയും ചരിത്രം തന്നെ ഒന്നാലോചിച്ചു നോക്കൂ. എല്ലാം എളുപ്പം നാം മറന്നില്ലേ? കാശ്മീരിലും അസ്സാമിലും നാഗാലാന്‍റിലും സ്വന്തം അവകാശങ്ങള്‍ക്കായി സമരം ചെയ്യുന്നവരെ അടിച്ചമര്‍ത്താന്‍ ഭരണകൂടം തന്നെ ശ്രമിച്ചുകൊണ്ടിരിക്കുമ്പോള്‍ സ്വാതന്ത്ര്യസമരകാലത്തെ പഴയ കഥകള്‍ ഓര്‍മ്മപ്പെടുത്തുന്നത് രാഷ്ട്രീവിരോധമായിപ്പോലും പരിഗണിക്കപ്പെട്ടേക്കാം. അങ്ങനെയാണ് മറവി നയരൂപീകരണം നടത്തുകയും ഭരണചക്രം തിരിക്കുകയും ചെയ്യുന്നവര്‍ക്ക് അനുഗ്രഹമായി മാറുന്നത്. സത്യത്തില്‍ അധികാരത്തിനെതിരെയുള്ള മനുഷ്യന്‍റെ സമരങ്ങള്‍ മറവിക്കെതിരെയുള്ള ഓര്‍മ്മയുടെ സമരങ്ങളാണ്.
മാധ്യമങ്ങള്‍ നമ്മെ വിനോദത്തിലേര്‍പ്പെടുത്തിക്കൊണ്ട് എല്ലാം മറക്കാന്‍ നിരന്തരം പ്രലോഭിപ്പിച്ചുകൊണ്ടിരിക്കുകയാണ്. വാര്‍ത്തകളും വിജ്ഞാനദായകമാകേണ്ട പരിപാടികളും പോലും ഇന്ന് വിനോദത്തിന്‍റെ പുറംചട്ട സ്വീകരിച്ചിരിക്കുകയാണ്. അങ്ങനെ അവയെല്ലാം നമ്മെ 'ഇന്നുകളില്‍' അഭിരമിപ്പിക്കുന്നു, ഇന്നലെകളെ മറക്കാന്‍ പ്രേരിപ്പിക്കുന്നു. അങ്ങനെ കാര്യങ്ങളെ വിശകലനം ചെയ്യേണ്ട വിശാലമായ കാഴ്ചപ്പാട് പ്രേക്ഷകനില്‍നിന്ന് അപഹരിക്കുന്നു. ചില പഠനങ്ങള്‍ കണ്ടെത്തുന്നതനുസരിച്ച് പ്രേക്ഷകര്‍ ഇപ്പോള്‍ കണ്ടുകഴിഞ്ഞ കാര്യങ്ങള്‍പോലും മറന്നുപോകുന്നു എന്നാണ്. അങ്ങനെ തന്നെ സംഭവിക്കണമെന്നാണ് മാധ്യമങ്ങള്‍ ആഗ്രഹിക്കുന്നതും. പൊതുജനം ഇന്ന് സിനിമാതാരങ്ങളേയും കോമഡിതാരങ്ങളേയും റിയാലിറ്റി ഷോ അവതാരകരേയും അതിവേഗം തിരിച്ചറിയുന്നു; പക്ഷേ ടാഗോര്‍ ആരാണെന്ന് അവര്‍ക്കറിയില്ല. പൊതുതിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ പേര്‍ 'ഐഡിയ സ്റ്റാര്‍ സിംങ്ങറില്‍' വോട്ടു ചെയ്യുന്നു. അങ്ങനെ നാം, ഓര്‍മ്മിക്കുക എന്ന ചരിത്രത്തോടുള്ള ധാര്‍മ്മിക ഉത്തരവാദിത്വം നഷ്ടപ്പെട്ട ജനതയാകുന്നു.
മനുഷ്യകുലം മധുരിക്കുന്ന ഓര്‍മ്മകളെ മാത്രമെ സൂക്ഷിക്കുന്നുള്ളൂവെങ്കില്‍ ജീവിതം എന്താകുമായിരുന്നു? വേദനിപ്പിക്കുന്ന ഓര്‍മ്മകളൊക്കെ അനീതി നിറഞ്ഞ സ്നേഹരഹിതമായ ഒരു ലോകക്രമത്തിന്‍റെ ഓര്‍മ്മകളാണ്. അവയെ നാം ബോധപൂര്‍വ്വം അവഗണിക്കുന്ന കാലത്തോളം നീതിപൂര്‍വ്വകമായ സ്നേഹപൂര്‍ണ്ണമായ ഒരു ലോകവും ജീവിതവും സാധ്യമല്ല. സത്യത്തില്‍ കയ്ക്കുന്ന ഓര്‍മ്മകള്‍ ചില ഓര്‍മ്മപ്പെടുത്തലുകളാണ്. വീഴ്ചയുടെ പഴയ വഴികളെ ഓര്‍ത്തിരിക്കുന്ന ഒരു ജനത തെറ്റുകളുടെ ചരിത്രം ആവര്‍ത്തിക്കുന്നില്ല.
ഞാനെന്‍റെ എല്ലാ ഓര്‍മ്മകളേയും സൂക്ഷിച്ചു വയ്ക്കാന്‍ ആഗ്രഹിക്കുന്നു. മധുരിക്കുന്ന ഓര്‍മ്മകള്‍ ഞാന്‍ സന്തോഷത്തോടെ കൊണ്ടുനടക്കുന്ന സ്വകാര്യനിധികളാണ്. കയ്ക്കുന്ന ഓര്‍മ്മകള്‍ നന്മകളിലേയ്ക്കുള്ള വളര്‍ച്ചയിലെ എന്‍റെ വീഴ്ചകളാണ്. അവയെനിക്ക് ചില ഓര്‍മ്മപ്പെടുത്തലുകളാണ്.