ഓര്‍മ്മ അപ്പമാണ്!
കയ്പ്പു കൂട്ടി കടിച്ചിറക്കേണ്ട അപ്പം. ഓര്‍മ്മയുടെ ശീതക്കാറ്റ് അടിക്കുമ്പോള്‍ നമ്മള്‍ ഇലപോലെ വിറകൊള്ളുന്നു. മരുഭൂമിപോലെ പൊള്ളിപ്പോകുന്നു. ഓര്‍മ്മ ചിലപ്പോള്‍ നെഞ്ചില്‍ തറച്ച അസ്ത്രമാണ്. അത് ഊരിയെടുത്താല്‍ ഉടനടി മരിച്ചുപോകും. അതുകൊണ്ട് പിളര്‍ന്ന നെഞ്ചുമായി ജീവിക്കേണ്ടിവരുന്നു. വിശുദ്ധ ഗ്രന്ഥത്തില്‍ ജോസഫ് ശ്രമിക്കുന്നത് തന്‍റെ എല്ലാ തിക്താനുഭവങ്ങള്‍ക്കും മറവിയുടെ ഒരു തിരശ്ശീലയിടാനാണ്. മകനേ മനാസ്സേ, എന്നു വിളിച്ചുകൊണ്ട് അദ്ദേഹം തന്നോടുതന്നെയും വിധിയോടും പറയുന്നു, 'മറന്നേക്കുക.' ഒരു മകനുണ്ടാകുമ്പോള്‍ മോശ അവന് പേരിടുന്നത് ഗര്‍ഷോം എന്നാണ്. മോശക്ക് അവന്‍ അലച്ചിലുകളുടെയും കണ്ണീരിന്‍റെയും സങ്കടലാണ്. "മകനേ, നിന്നെക്കാണുമ്പോള്‍ എനിക്കെന്‍റെ അലച്ചിലുകളെ, മരുഭൂമിയില്‍ പൊട്ടിത്തകര്‍ന്നു വീണ എന്‍റെ ജീവിതത്തെ ഓര്‍മ്മ വരും. കാറ്റത്ത് അഴിഞ്ഞുവീണ എനിക്ക് അഭയം നല്‍കാന്‍ ഒന്നുമില്ലായിരുന്നു. ജലസാന്നിദ്ധ്യം തേടി ദാഹാര്‍ത്തനായ എന്‍റെ കൈപ്പിടിയില്‍പ്പെടാതെ മണ്ണുപോലും ഊര്‍ന്നുപോയി. നീ എനിക്ക് പ്രവാസത്തിന്‍റെയും തിക്തതയുടെയും ഓര്‍മ്മയാണ്."
ജീവിതം അര്‍ത്ഥശൂന്യമാണെന്നും ഓര്‍മ്മയുടെ ധാരാളിത്തം മനുഷ്യനെ നശിപ്പിക്കുകയാണ് ചെയ്യുന്നതെന്നും തത്വചിന്തകനായ നീഷേ വാദിക്കുന്നു. തുടര്‍ച്ചയായ മറവിയുടെ അടിത്തറമേല്‍ പടുത്തുയര്‍ത്തപ്പെട്ട മൃഗങ്ങളുടെ സന്തോഷത്തെ അസൂയയോടെ നോക്കിക്കൊണ്ട് നീഷേ എഴുതുന്നു: "അവരുടെ ഓരോ നിമിഷവും മരണമടയുന്നു. രാത്രിയിലേക്കും മൂടല്‍മഞ്ഞിലേക്കും പിന്‍വാങ്ങിക്കൊണ്ട് അവ എന്നേക്കുമായി മാഞ്ഞുപോകുന്നു." ഒരു ദുരന്തവ്യാഖ്യാതാവായ നീഷേയ്ക്ക് ഓര്‍മ്മ എന്നത് ഭൂതകാലത്തിന്‍റെ വേട്ടയാടലാണ്. മനുഷ്യനെ വെള്ളത്തിലെന്നവണ്ണം മുക്കിപ്പിടിക്കുകയും നിരുപേക്ഷതയിലേക്ക് തള്ളിമാറ്റുകയും അവന്‍റെ ഓരോ കാലടികളെയും ഇരുട്ടായി കുറ്റം ചമുത്തുകയും ചെയ്യുന്ന ഓര്‍മ്മ എന്ന അദൃശ്യശക്തിയുടെ ചുമടില്‍നിന്നു രക്ഷപ്പെടാന്‍ നീഷേ മനുഷ്യനെ പ്രേരിപ്പിക്കുന്നു.
മനശ്ശാസ്ത്ര വിശകലനവുമായെത്തിയ ഫ്രോയിഡ് മനുഷ്യന്‍റെ ശോകകാരണങ്ങളിലൊന്ന് ഓര്‍മ്മയാണെന്ന നിഷേയുടെ ചിന്തയെ പിന്‍താങ്ങുകയാണ് ചെയ്യുന്നത്. എന്നാല്‍ ഓര്‍മ്മയില്‍നിന്നും അത്രയെളുപ്പത്തില്‍ രക്ഷപ്പെടാനാവില്ലെന്ന് മനസ്സിലാക്കുന്ന ഫ്രോയിഡ് അതിന്‍റെ വേദനിപ്പിക്കുന്ന തിണര്‍പ്പുകള്‍ക്ക് ചില വേദനാസംഹാരികള്‍ നിര്‍ദ്ദേശിക്കുക മാത്രമാണ് ചെയ്യുന്നത്.
ഫ്രോയിഡിനെ സംബന്ധിച്ച് ഉറക്കം എന്നത് മനുഷ്യനെ വേട്ടയാടുന്ന മാനസികാഘാതത്തില്‍നിന്നു രക്ഷപെടാനുള്ള മാര്‍ഗ്ഗമാണ്. എന്നാല്‍ ഈ ആഘാതങ്ങള്‍ മനസ്സിനെ വീണ്ടും വേട്ടയാടാന്‍ തുടങ്ങുന്നു. ഫ്രോയിഡിന്‍റെ കേസ്ഡയറിയില്‍ ഇതിനാസ്പദമായ ഒരു സംഭവമുണ്ട്: മരിച്ചുകിടക്കുന്ന മകന് കൂട്ടിരിക്കുകയാണ് അപ്പന്‍. മകന്‍റെ മരണത്തിനു കാരണം അപ്പന്‍റെ ഉദാസീനതയാണ്. അതിന്‍റെ കുറ്റബോധത്തോടെ കരയുന്ന അപ്പന്‍ പെട്ടെന്ന് ഉറങ്ങാന്‍ തുടങ്ങുന്നു. ഉറക്കത്തില്‍ അദ്ദേഹം ഒരു സ്വപ്നം കാണുന്നു. ആ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട മകന്‍ അപ്പനോട് വിളിച്ചുചോദിച്ചു: "അപ്പാ, എനിക്ക് തീപിടിക്കുന്നത് കാണുന്നില്ലേ?" ഉടനെ ഞെട്ടിയുണര്‍ന്ന അപ്പന്‍ കാണുന്നത് തിരിക്കാലുകളിലൊന്ന് മകന്‍റെ ശരീരത്തിലേക്ക് മറിഞ്ഞുവീണ് അവന്‍റെ വസ്ത്രത്തിന് തീ പിടിക്കുന്നതാണ്. അപ്പന്‍ ഉറക്കത്തിലേക്ക് വീഴുന്നത് മകന്‍റെ മരണത്തിനു കാരണമായതിന്‍റെ തീവ്രവേദനയില്‍നിന്നു രക്ഷപെടാനാണ്. ആ വേദനയില്‍നിന്നു രക്ഷപെടാന്‍ അദ്ദേഹത്തിന്‍റെ ഉപബോധമനസ്സ് കണ്ടുപിടിച്ച മാര്‍ഗ്ഗമാണ് ഉറക്കം. പക്ഷേ ഉറക്കത്തില്‍പ്പോലും ഓര്‍മ്മകള്‍ അയാളെ വേട്ടയാടുന്നു. സ്വപ്നം അങ്ങനെ ഫ്രോയിഡിന്‍റെ ഭാഷയില്‍ വേട്ടയാടലിന്‍റെ ഒരായുധമാണ്.
എത്രയൊക്കെ നമ്മളെ കശക്കിയെറിഞ്ഞാലും എത്രയൊക്കെ നമ്മളെ ഇല്ലായ്മ ചെയ്താലും ഓര്‍മ്മയുടെ ഭാരപ്പെട്ട കുരിശിനെ വെച്ചൊഴിയരുതെന്നാണ് മിലന്‍ കുബ്സേ പറയുന്നത്. എല്ലാ ഓര്‍മ്മകളും നമ്മളെ ചിതറിച്ചുകളയുന്നു. അതിന്‍റെ അടിയേറ്റ് നമ്മള്‍ നിലംപരിശായി വീഴുന്നു. എന്നാലും ഓര്‍മ്മയുടെ ഭാരത്തേക്കാള്‍ നമ്മളെ നശിപ്പിക്കുന്നത് മറവിയുടെ ലാഘവത്വമാണെന്ന് കുബ്സേ പറയുന്നു. ഏറ്റവും വലിയ പ്രണയം പോലും കാലത്തിന്‍റെ തിരയൊഴുക്കില്‍പ്പെട്ട് ഓര്‍മ്മയുടെ അസ്ഥികൂടാരമായി മാറുന്നുവെന്ന് മനസ്സിലാക്കുന്ന കുബ്സേ ഓര്‍മ്മയുടെ വിശുദ്ധയുദ്ധങ്ങള്‍ നടത്താന്‍ അപേക്ഷിക്കുന്നു.
എമില്‍ വിത്സന്‍ എന്ന കൊച്ചു ബാലന്‍റെ ഏക ആശ്രയം അവിടത്തെ സിനഗോഗായിരുന്നു. ആരുമില്ലാത്തപ്പോള്‍ അവന്‍ സിനഗോഗിലേക്ക് ഓടിച്ചെല്ലുമായിരുന്നു. അവിടെ തുറന്നുവച്ചിരുന്ന സങ്കീര്‍ത്തനപുസ്തകത്തില്‍ മുഖമമര്‍ത്തി പൊട്ടിക്കരയുമായിരുന്നു. വേദനയുടെയും ഇല്ലായ്മയുടെയും നഷ്പ്പെടലിന്‍റെയും വിശുദ്ധ ജാതകം നിറഞ്ഞ ആ സങ്കീര്‍ത്തന പുസ്തകം അവന്‍റെ കണ്ണീരില്‍ നനഞ്ഞ് കുതിര്‍ന്നുപോകുമായിരുന്നു. ജീവിതകാലം മുഴുവന്‍ കരയാനുള്ള കണ്ണീരുമായിട്ടാണ് അവന്‍ ഔഷ്വിറ്റ്സ് നാസിതടങ്കല്‍ പാളയത്തില്‍നിന്ന് രക്ഷപെടുന്നത്. അവന്‍റെ കുടുംബത്തിലെ ഓരോ അംഗത്തെയും നാസികള്‍ പുകച്ചുകൊല്ലുന്നതിന് അവന്‍ സാക്ഷിയാകുകയുണ്ടായി. പിന്നീട്, പേരിടാനാവാത്ത, വിവരിക്കാനാവാത്ത അവന്‍റെ അനുഭവങ്ങളെക്കുറിച്ച് ഒരു പുസ്തകമെഴുതാന്‍ പലരും ആവശ്യപ്പെട്ടപ്പോള്‍ എമില്‍ തന്‍റെ ആത്മകഥയെഴുതി. ആ ആത്മകഥയുടെ പേരാണ് 'രാത്രി'. പീഡനങ്ങളുടെയും മരണത്തിന്‍റെയും സര്‍വ്വനാശത്തിന്‍റെയും മുന്‍പില്‍ അകപ്പെട്ടുപോയ ഒരു മനുഷ്യന്‍ ഈ പുസ്തകത്തിലൂടെ ദൈവവുമായി ഒരു സംഭാഷണത്തിനൊരുങ്ങുന്നു. ഞങ്ങള്‍ പീഡിപ്പിക്കപ്പെട്ടപ്പോള്‍ നീ എന്തുകൊണ്ടാണ് നിശ്ശബ്ദനായിപ്പോയതെന്ന് അവന്‍ ചോദിക്കുന്നു. ദൈവം കൈയൊഴിഞ്ഞ ഒരു ജനതയുടെ ചരിത്രത്തിന് എമില്‍ കൊടുത്ത പേരാണ് 'രാത്രി.'
1944-ല്‍ എമില്‍ വിത്സനെയും കുടുംബത്തെയും നാസികള്‍ പിടികൂടിയ സമയത്തുതന്നെയാണ് പ്രിമോ ലെവി എന്ന ഇരുപത്തിനാലു വയസ്സുകാരനും ഇറ്റലിയില്‍നിന്നും പിടിക്കപ്പെടുന്നത്; യഹൂദനാണെന്ന കുറ്റത്തിന്. പ്രിമോ ലെവിയെക്കൊണ്ട് തങ്ങള്‍ക്കാവശ്യമുണ്ടെന്ന് മനസ്സിലാക്കിയ നാസികള്‍ അവനെ ഉടനെ കൊന്നുകളയുന്നില്ല. പിന്നീട് തടങ്കല്‍പാളയത്തില്‍നിന്നും രക്ഷപെട്ടെത്തുന്ന ലെവിക്ക് മനുഷ്യനിലും ദൈവത്തിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടിരുന്നു. ഹതാശമായ ഓര്‍മ്മകളുടെ പ്രചണ്ഡമരുത്തേറ്റ് തളര്‍ന്നവശനായ ലെവി പിന്നീട് ആത്മഹത്യ ചെയ്യുകയായിരുന്നു.
രാത്രികള്‍ മാത്രം പെയ്തിറങ്ങുന്ന ഓര്‍മ്മയുടെ പീഡാനുഭവത്തില്‍നിന്നു രക്ഷപ്പെടുന്നവര്‍ ചുരുക്കമാണ്. ചിലപ്പോഴാകട്ടെ രക്ഷപെടുന്നവര്‍ ഭ്രാന്തിന്‍റെയും ആത്മഹത്യയുടെയും വഴിയിലൂടെ നടന്നുപോകുന്നു; ഓര്‍മ്മകളുടെ ഇരുട്ടില്‍ അങ്ങനെ മഞ്ഞുവീഴുന്നു. തിരിച്ചറിയാനാകാത്ത മുഖവുമായി നടന്നുനീങ്ങുന്ന മനുഷ്യന്‍ ചിതറിപ്പോകുമ്പോള്‍ നിശ്ശബ്ദനായ ദൈവവും കാലവും മാത്രം ബാക്കിയാകുന്നു.