ആംബുലന്‍സിന്‍റെ കാതടപ്പിക്കുന്ന സൈറണ്‍. വേഗത്തിലുള്ള ചീറിപ്പാച്ചില്‍. മെഡിക്കല്‍ കോളേജ് ആശുപത്രിയാണെന്നു തോന്നുന്നു. പെട്ടെന്ന് നിര്‍ത്തിയ ആംബുലന്‍സില്‍നിന്ന് കുറച്ചുപേര്‍ എന്നെ താങ്ങിയെടുത്ത് ഒരു സ്ട്രെച്ചറില്‍ കിടത്തി... വേഗത്തില്‍ അത്യാഹിതവിഭാഗത്തിലേയ്ക്ക്... ഇതെത്ര കണ്ടിരിക്കുന്നു എന്ന ഭാവത്തില്‍ ആശുപത്രി ജീവനക്കാര്‍ എന്നെ വീക്ഷിക്കുന്നു. പെട്ടെന്നൊന്നും ചെയ്യാനുള്ള ഉന്മേഷമൊന്നും കാട്ടാതെ ഡോക്ടര്‍ ആരെയോ മാറ്റിനിര്‍ത്തി ചോദിച്ചു. എന്നെക്കുറിച്ച്. പിന്നെ എന്‍റെ അടുത്തെത്തി മറ്റുള്ളവരെ ബോധിപ്പിക്കാനെന്നവണ്ണം കൈപിടിച്ച് പള്‍സ് പരിശോധിച്ചു. സിനിമകളില്‍ കാണുന്നപോലെ മ്ലാനവദനനായി എന്‍റെ കൈവിട്ടു...
എനിക്ക് മനസ്സിലായി... ഞാന്‍ മരിച്ചു...
അതെ നിര്യാതനായി...
കൂടെ നിന്നവരെ പുറത്താക്കി എന്‍റെ കിടക്കയ്ക്ക് ചുറ്റും പച്ചനിറത്തിലുള്ള ഒന്നോ രണ്ടോ സ്ക്രീനുകള്‍വച്ച് എന്നെ മറ്റുള്ളവരില്‍നിന്നു മറച്ചു... അധികം താമസിയാതെ വെള്ളവസ്ത്രധാരികളായ രണ്ടുപേര്‍ വന്ന് എന്‍റെ കീഴ്ത്താടിയും തലയും കൂട്ടിക്കെട്ടി. തീര്‍ന്നില്ല... എന്നോടൊരു അനുവാദംപോലും ചോദിക്കാതെ രണ്ടു പഞ്ഞി ക്കഷണങ്ങള്‍ എന്‍റെ നാസാദ്വാരങ്ങളിലേക്ക് തിരുകി. ഇനി ഒരിക്കലും തിരിച്ചെടുക്കാന്‍ പറ്റാത്തവണ്ണം. ഭാഗ്യം.. ആശുപത്രി മണത്തില്‍നിന്ന് എന്നെന്നേയ്ക്കുമായൊരു വിടുതി...
സ്ക്രീനിനു പുറത്ത് എന്തൊക്കെയോ സംഭവിക്കുന്നുണ്ട്... ബില്‍ അടപ്പിക്കാനുള്ള ഡോക്ടറും എന്‍റെ ബന്ധുമിത്രാദികളും തമ്മില്‍ പൊരിഞ്ഞ വാക്പയറ്റാണെന്നതിനു സംശയമില്ല... വായും കെട്ടി മൂക്കില്‍ പഞ്ഞിയും വെച്ചതിനു വെള്ളവസ്ത്രധാരിയോടു നന്ദി തോന്നിപ്പോയി... അല്ലെങ്കില്‍ത്തന്നെ കീശ കാലിയായിരുന്നു...
കുറച്ചു സമയം കഴിഞ്ഞു... എന്നെ ആരും തിരിഞ്ഞുനോക്കുന്നില്ലല്ലോ എന്ന് പരിഭവിച്ചു തീരും മുമ്പേ എത്തി ഒരു സ്ട്രെച്ചറിന്‍റെ രണ്ടറ്റവും ഒരു മയമില്ലാത്തപോലെ വലിച്ചും തള്ളിയും കൊണ്ട് രണ്ടു കാക്കി വേഷക്കാര്‍. വളരെ ലാഘവത്തോടെ അവര്‍ എന്നെ സ്ട്രെച്ചറിലേക്ക് മാറ്റി. വളഞ്ഞും തിരിഞ്ഞുമുള്ള ഇടനാഴികളിലൂടെയുള്ള യാത്ര... എനിക്ക് ഏകദേശം ഊഹിക്കാന്‍ കഴിഞ്ഞു... ആ യാത്ര അവസാനിച്ചത് മോര്‍ച്ചറിക്കുള്ളില്‍ തന്നെ... ഊഴം കാത്തു ഞാന്‍ കിടന്നു. പിന്നെ അന്‍റാര്‍ട്ടിക്കയേക്കാള്‍ തണുപ്പുള്ള ഒരു നീണ്ട അറയിലേക്ക്... പുറത്തെ ചുട്ടുപൊള്ളുന്ന വേനല്‍ച്ചൂടില്‍ നിന്നൊരു രക്ഷപെടല്‍... സുഖസൗകര്യങ്ങള്‍ പരിമിതമാ ണെങ്കിലും...
പുറത്തുനിന്ന് സഹവാസികളുടെ ശരീരം കീറി മുറിക്കുന്ന ഒച്ച... കഴിഞ്ഞ ഈസ്റ്ററിന് പോത്തിറച്ചി വാങ്ങാന്‍ പോയപ്പോള്‍ തിരക്കിനു പുറകില്‍ നിന്നു ശ്രവിച്ച അതേ ഒച്ച... പിന്നെയാരോ പറഞ്ഞു കേട്ടു എന്നെ പോസ്റ്റുമോര്‍ട്ടം ചെയ്യുന്നില്ലത്രേ... അവര്‍ എന്‍റെ പേര് പറയുന്നുണ്ട്... വീണ്ടും പ്രതീക്ഷയുടെ നാമ്പിളകി... അറ വലിച്ചുതുറക്കുന്ന ശബ്ദം.. വീണ്ടും കാക്കിധാരികള്‍... സ്ട്രെച്ചര്‍... അവര്‍ എന്നെ വേനല്‍ച്ചൂടിലേക്കും.. പിന്നെ അവിടെ തയ്യാറായിക്കിടന്ന ഒരു നീണ്ട ഗ്ലാസിട്ട പെട്ടിയിലേക്കും മാറ്റി.. നല്ല സുഖമുള്ള തണുപ്പ്... മൊബൈല്‍ മോര്‍ച്ചറിയുടെ കൊതിപ്പിക്കുന്ന തണുപ്പ്... മകന്‍ വിദേശത്തായതിന്‍റെ ഭാഗ്യം... ഫോട്ടോയിലും വീഡിയോയിലും മരിച്ചെന്നു തോന്നിപ്പിക്കാതെ അങ്ങനെ കിടക്കാം...
ആംബുലന്‍സില്‍ വീണ്ടുമൊരു യാത്ര... മുമ്പത്തെ ആവേശം ഡ്രൈവര്‍ക്കില്ല... സൈറണുമില്ല.... അന്തിമോപചാരമര്‍പ്പിക്കാന്‍ വഴിനീളെ ജനാവലിയുമില്ല... വേഗത കുറയുമ്പോള്‍ വഴിയാത്രക്കാര്‍ ആംബുലന്‍സിനുള്ളിലേക്ക് നിര്‍വികാരമായി എത്തിനോക്കുന്നുണ്ട്... വേഗത്തില്‍ പിന്തിരിഞ്ഞ് അവരവരുടെ തിരക്കുകളിലേക്ക് ഓടിമായുന്നു... ആംബുലന്‍സ് ഒരു സ്ഥിരകാഴ്ചയായതിനാലാകാം പണ്ടത്തെപ്പോലെ ഭീതിയോ ആശ്ചര്യമോ ആര്‍ക്കുമില്ലാത്തപോലെ...
കുത്തനേയുള്ള ഇറക്കത്തിനൊടുവിലുള്ള കൊടുംവളവിലെ ആ മരത്തിന്‍റെ പരിചയമുള്ള തണല്‍... ആംബുലന്‍സ് എന്‍റെ നാട്ടിലെത്താറായി... ആ ലെവല്‍ക്രോസ്സില്‍ നിര്‍ത്താതെ ഒരു വാഹനവും എന്‍റെ ദേശത്തേയ്ക്ക് കടക്കാറില്ല.. ആറുമണിയുടെ മലബാര്‍ എക്സ്പ്രസ്സ് ചൂളംവിളിച്ചു പുക തള്ളി വീണ്ടും യാത്രതുടങ്ങി. വലുതല്ലെങ്കിലും ചെറുതല്ലാത്തൊരു ജനാവലി കാത്തുനില്ക്കുന്നു... ഞാനും ആരൊക്കെയോ ആയിരുന്നു എന്നൊരു തോന്നല്‍... ചെറിയൊരഹങ്കാരം...
കുട്ടിക്കാലത്ത് വല്ലപ്പോഴുമെത്തുന്ന ആംബുലന്‍സിനു പുറകിലൂടെ മൈലുകള്‍ ഓടിയെത്തുമ്പോള്‍ വീട്ടുകാരുടെയും അയലത്തുകാരുടെയും കാതടപ്പിക്കുന്ന നിലവിളിയുടെ അത്രയെത്തില്ലെങ്കിലും കുറച്ചു വിങ്ങലുകളും തേങ്ങലുകളും കേട്ടു തുടങ്ങി. എന്‍റെ വീടെത്തി... ഇണങ്ങിയും പിണങ്ങിയും എന്നോടൊപ്പം സഞ്ചരിച്ച എന്‍റെ പെണ്ണിനെ കുറച്ചുപേര്‍ താങ്ങിയിരിക്കുന്നു... ഇനിയുള്ള യാത്ര ഒറ്റയ്ക്കാണല്ലോ എന്നോര്‍ത്തിട്ടും എന്‍റെ കണ്ണില്‍ നനവ് പൊടിഞ്ഞില്ല...
എന്‍റെ മകന്‍... ഉള്ളിലൊതുക്കിയ തേങ്ങലുമായി അവന്‍ വികാരിയോടു സംസാരിക്കുന്നു... എന്‍റെ യാത്രാക്കാര്യങ്ങള്‍ ഇനി മറ്റുള്ളവര്‍ തീരുമാനിക്കുംപോലെ.. അഭിപ്രായങ്ങള്‍ പലതുമായി കരപ്രമാണിമാര്‍... അഗാധ ദുഃഖത്തിന്‍റെ ആഘോഷമായി എന്‍റെ സുഹൃത്തുക്കള്‍ മാറിനിന്നു വീശുന്നു. വിവരമറിഞ്ഞതുമുതല്‍ ക്യൂ നിന്നിട്ടാകും അവന്മാര്‍ ആ രണ്ടു ഫുള്‍ കുപ്പികള്‍ കൈക്കലാക്കിയത്. ഒരു തമാശക്കായിരുന്നെങ്കിലും തട്ടിപ്പോയാല്‍ പെട്ടിയിലൊരു ചെറിയ കുപ്പി നിക്ഷേപിക്കണമെന്നുള്ള തത്ത്വം അവര്‍ മനഃപൂര്‍വ്വമല്ലെങ്കിലും മറന്നപോലെ...
കഴിഞ്ഞ ക്രിസ്മസ് പാതിരാകുര്‍ബ്ബാനയ്ക്ക് മരം കോച്ചുന്ന തണുപ്പില്‍ അവളോടൊപ്പം കമ്പിളി പുതച്ചു നടന്ന വഴിയിലൂടെ പെട്ടിയില്‍ കിടന്നൊരു യാത്ര... വികാരിയച്ചന്‍ എന്നെക്കുറിച്ചു ചുരുക്കം ചില നല്ല വാക്കുകള്‍... അതും ആദ്യമായി... പിന്നെ പ്രാര്‍ത്ഥനകള്‍... പള്ളിമണി മുഴങ്ങി തുടങ്ങി.. സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗ്ഗയാത്ര തേടുന്ന ഗാനം മുമ്പത്തേക്കാള്‍ ഭീതിയുളവാക്കി... അയല്‍പക്കത്തെ ചേടത്തി ഇപ്പോഴും ശ്രുതി തെറ്റിച്ചുതന്നെ പാടുന്നു.
ശീതികരിച്ച പെട്ടിയില്‍നിന്നു വേനല്‍ച്ചൂടിലേയ്ക്ക്, പിന്നെ സാധാരണ പെട്ടിയിലേയ്ക്കൊരു സ്ഥാനമാറ്റം... മറ്റാര്‍ക്കോ വേണ്ടിയായിരുന്ന സുഖസൗകര്യങ്ങള്‍ എടുത്തുമാറ്റപ്പെട്ടു... ഉറ്റുനോക്കുന്ന കുറെ കണ്ണുകള്‍.. മിക്കതും ഈറനണിഞ്ഞവ... പുരുഷാരത്തിനിടയില്‍ ഒരു മൂലയ്ക്കല്‍ തിരക്കിനെ വകഞ്ഞുമാറ്റി നീണ്ട് മെലിഞ്ഞ കഴുത്തിനു മുകളിലെ ആ മുഖം... അവളും എത്തിയല്ലോ...
എല്ലാ മുഖങ്ങളും മറച്ചുകൊണ്ട് ആരോ എന്‍റെ പെട്ടിയുടെ മൂടി എടുത്തടച്ചു... വീണ്ടും എന്‍റെ അനുവാദം ചോദിക്കാതെ... പിന്നെ ലിഫ്റ്റില്‍ താഴേക്ക് പോകുന്നപോലെ... എന്‍റെ ചെറിയ സാമ്രാജ്യത്തിലേയ്ക്ക് ഞാന്‍ മാത്രം...
ആദ്യം മൃദുവായി... പിന്നെ കാതടപ്പിക്കുന്ന ശബ്ദത്തില്‍ എന്‍റെ പെട്ടിയിലെക്കൊരു മണ്ണിടിച്ചില്‍. ഒരിക്കലും പ്രകാശം കടക്കാത്ത, ഒന്നുമില്ലാത്ത എന്‍റെ സാമ്രാജ്യം. സ്വര്‍ഗ്ഗത്തിലേയ്ക്കുള്ള വഴിയില്‍ ഞാനേകനായ്...