വികസനം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ഇന്നു പൊതുസമൂഹത്തില്‍ സജീവമാണ്. രാഷ്ട്രീയ പാര്‍ട്ടികളുടെയും മാറിമാറിവരുന്ന ഗവണ്‍മെന്‍റുകളുടെയും ഇതര സാമൂഹ്യ-മതസംഘടനകളുടെയും പ്രധാന മുദ്രാവാക്യമായി വികസനം മാറിയിരിക്കുകയാണ്. വികസനം എന്ന വാക്കിന് അതില്‍ത്തന്നെ ഇന്നു പുതുമയൊന്നും ഇല്ല. എന്നാല്‍ ഇന്ന് വിവിധ സാമൂഹ്യശാസ്ത്രശാഖകളില്‍ അതിന്‍റെ വ്യാഖ്യാനങ്ങള്‍ മാറിക്കൊണ്ടിരിക്കുന്നു എന്നുമാത്രം.
സമകാലിന വികസനസംവാദം വിശാലവും സമഗ്രവുമായ അര്‍ത്ഥസമന്വയം നേടിയെടുത്തിട്ടുണ്ട്. അതുകൊണ്ടുതന്നെ ഒരു സങ്കല്പം എന്നതിനുപരി ഒരു ആശയസമുച്ചയം എന്ന തലത്തിലേക്ക് വികസനസങ്കല്പം വികാസം പ്രാപിക്കുകയും ചെയ്തു. നിലവിലുള്ള സങ്കല്പങ്ങളും പ്രവര്‍ത്തനങ്ങളും കാഴ്ചപ്പാടുകളും പുതുക്കിപ്പണിയുന്നതുവഴി ക്ഷേമത്തോടുകൂടിയതും ധാര്‍മ്മികമായതുമായ ഒരു സാമൂഹ്യക്രമം സൃഷ്ടിക്കാന്‍ സാധിക്കുമെന്ന അടിസ്ഥാനചിന്തയില്‍ നിന്നുകൊണ്ടാണ് വികസനം എന്ന ആശയം വിചിന്തനം ചെയ്യപ്പെടുന്നത്.
ജോസഫ് ഷുംപീറ്റര്‍ (Joseph A Schumpeter) എന്ന പ്രസിദ്ധനായ ധനതത്വശാസ്ത്രജ്ഞന്‍ മുതലാളിത്തത്തെ വിഭാവനം ചെയ്യുന്നത് അതിന്‍റെ പ്രത്യേകതയായ ചാക്രികമായ പ്രവര്‍ത്തനരീതികളെ (circular flow) വിശകലനം ചെയ്തുകൊണ്ടാണ്. സമൂഹത്തിന്‍റെ ചാക്രികമായ ഒഴുക്കിനെ ഇടയ്ക്ക് പിടിച്ചുനിര്‍ത്തുന്നത് പലതുമാണ്. ശാസ്ത്രസാങ്കേതികവിദ്യയില്‍ വരുന്ന പുതിയ കണ്ടുപിടുത്തങ്ങള്‍, സാമ്പത്തിക രാഷ്ട്രീയക്രമത്തിന്‍റെ മാറ്റങ്ങള്‍, സമൂഹത്തില്‍ ഉല്പാദിപ്പിക്കപ്പെടുന്ന മറ്റ് അറിവുകള്‍, ചരിത്രത്തെക്കുറിച്ചുള്ള പുതിയ തിരിച്ചറിവുകള്‍, ഇങ്ങനെ പോകുന്ന ഓരോന്നും ചാക്രികമായ താളാത്മകതയ്ക്ക് പുതിയ ദിശ നല്‍കും. ഇത്തരത്തില്‍ സംജാതമാകുന്ന പുതിയ ദിശാവിന്യാസങ്ങളെ വികസനം എന്നു വിളിക്കാം എന്ന് കരുതുന്നു. ഇവിടെ പഴയതിനെ തിരുത്തി പുതിയ സാധ്യതകള്‍ നല്‍കുകയാണ്. ഈ മാറ്റങ്ങളെ സാമൂഹ്യപരിണാമം (social evolution) എന്ന പരിപ്രേക്ഷ്യത്തില്‍ കാണാന്‍ ശ്രമിക്കുന്നവരുമുണ്ട്. വികസനം എന്ന ആശയം വിവിധ സാഹചര്യങ്ങളില്‍ വിവിധരീതികളില്‍ വിലയിരുത്തുന്നുണ്ട് എന്ന് വിശദീകരിക്കാനാണ് ഇവിടെ ശ്രമിച്ചത്. വികസനം മനുഷ്യന്‍റേയും പ്രകൃതിയുടേയും ഒരു സ്വാഭാവിക പരിണതി മാത്രമല്ല; അതില്‍ മനുഷ്യന്‍റെ അനിവാര്യമായ ഇടപെടല്‍ ആവശ്യമാണ്. അനിവാര്യമായ മനുഷ്യന്‍റെ ഇടപെടല്‍ ആണ് ഇന്നത്തെ സമകാലിന സാഹചര്യത്തില്‍ വിചിന്തനം ചെയ്യപ്പെടേണ്ടത്.
വികസനത്തിന്‍റെ അടയാളങ്ങള്‍
നാടിന്‍റെ വികസനത്തിനുവേണ്ടി നിലകൊള്ളുന്നവരും വികസനവിരോധികളും എന്ന ഒരു ദ്വന്ദ്വം ഇന്ന് സജീവമായി നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ടുതന്നെ വികസനം എന്ന ആശയം അതില്‍ത്തന്നെ ഒരു പ്രത്യയശാസ്ത്രമായി മാറിക്കഴിഞ്ഞിട്ടുണ്ട്. പ്രത്യയശാസ്ത്രം എന്നതില്‍ പ്രതിഫലിക്കപ്പെടുന്നത് ഏതെങ്കിലും സാമൂഹ്യവിഭാഗത്തിന്‍റെയോ വര്‍ഗ്ഗത്തിന്‍റെയോ താല്പര്യങ്ങളും പൊതുസമീപനങ്ങളുമാണ്. ഇത്തരത്തില്‍ പ്രത്യേക നിലപാടുകളില്‍ എത്തിച്ചേരുന്നവര്‍ ഒരു സമൂഹ്യവിഭാഗമായി മാറ്റപ്പെടുന്നു. വികസനം എന്ന ഇന്നത്തെ ആശയംതന്നെ ഒരു പ്രത്യയശാസ്ത്രമായി ഇന്ന് മാറിക്കഴിഞ്ഞു. ഇന്ന് വലിയ റോഡുകളും ഐ.ടി. പാര്‍ക്കുകളും ഷോപ്പിംഗ് മാളുകളും വലിയ കെട്ടിടങ്ങളും ഹോട്ടലുകളും വിമാനത്താവളങ്ങളും വലിയ അണക്കെട്ടുകളും എല്ലാമെല്ലാം വികസനത്തിന്‍റെ കാണപ്പെടുന്ന അടയാളങ്ങള്‍ (signs) ആയി മാറുകയാണ്. ഇവ ഓരോന്നും വികസനത്തിന്‍റെ ഏറ്റവും പുതിയ പ്രത്യയശാസ്ത്ര രൂപങ്ങളാണ്. പ്രത്യയശാസ്ത്രം ചരിത്രത്തില്‍ എന്നും രൂപംപ്രാപിക്കുന്ന പ്രക്രിയയിലാണ്. അതുകൊണ്ടുതന്നെ ഇത് ആശയങ്ങളുടെ ലോകത്തില്‍ മാത്രമല്ല സംവേദിക്കപ്പെടുന്നത,് പ്രത്യുത അടയാളങ്ങളിലും ചിലപ്പോഴെങ്കിലും മിത്തുകളിലുമാണ് എന്നതാണ് പ്രധാനം.
ചരിത്രം പരിശോധിച്ചാല്‍ വികസനചിന്തകളുടെ രൂപപ്പെടലിന് സാമ്രാജ്യത്വങ്ങളുടെ ചരിത്രവുമായി അഭേദ്യബന്ധമുണ്ട്. ജീവിതത്തെക്കുറിച്ചും അതിന്‍റെ വ്യവസ്ഥകളെക്കുറിച്ചും നിലവിലുണ്ടായിരുന്ന സങ്കേതങ്ങളും ധാരണകളും കാഴ്ചപ്പാടുകളും തിരുത്തുന്നതായിരുന്നു ആഫ്രിക്കന്‍-ഏഷ്യന്‍ രാജ്യങ്ങളില്‍ കഴിഞ്ഞ നൂറ്റാണ്ടുകളില്‍ അരങ്ങേറിയ സാമ്രാജ്യത്വവത്കരണം. സാമ്രാജ്യത്വം ഇന്ന് അതിന്‍റെ ഏറ്റവും നവീനമായ നവകൊളോണിയല്‍ സാഹചര്യങ്ങളില്‍ എത്തിനില്‍ക്കുമ്പോഴും ചിത്രം മറ്റൊന്നാണ് എന്ന് കരുതാന്‍ സാധിക്കില്ല. സാമ്രാജ്യത്വകാലഘട്ടത്തില്‍ വികസനം എന്നത് ആഘോഷിക്കപ്പെട്ടത് വിവിധ നിലകളിലാണ്. സാംസ്കാരികമായും മതപരമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും വന്നുചേര്‍ന്ന മാറ്റങ്ങളെ പൊതുവായും വികസനം എന്ന നിലയിലാണ് കാണാന്‍ ശ്രമിക്കുന്നത്. എന്നാല്‍ ഇതിന്‍റെ പിന്നില്‍ മറഞ്ഞുനില്‍ക്കുന്ന അടിമത്തഭാവങ്ങളെ തിരിച്ചറിയാന്‍ സാധിക്കാതെ വന്നു എന്നതാണ് വികസനത്തിന്‍റെ മാനുഷികമുഖം നഷ്ടപ്പെടുത്തിയത്. കൊളോണിയല്‍ കാലഘട്ടത്തില്‍നിന്ന് ആരംഭിക്കുന്ന മുതലാളിത്തവികസന രൂപങ്ങളുടെ ആകെത്തുക പരമാവധി ഉല്പാദനം, പരമാവധി ഉപഭോഗം എന്ന കാഴ്ചപ്പാടില്‍ അധിഷ്ഠിതമാണ്. ഇതിന് ഉതകുന്ന തരത്തില്‍ സാമ്പത്തിക-സാമൂഹ്യ-രാഷ്ട്രീയ-മതഘടനകളെ പരുവപ്പെടുത്തുന്ന പ്രക്രിയയാണ് വികസനതന്ത്രം എന്നുപറയുന്നത്.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ വാള്‍മാര്‍ട്ടിന്‍റെ വിതരണശൃംഖല തുടങ്ങുന്നതു സംബന്ധിച്ച് വ്യത്യസ്ത നിലപാടുകളില്‍ നില്‍ക്കുകയാണ്. കമ്പോളവികസനത്തിന്‍റെ ഏറ്റവും പുതിയ അടയാളമായാണ് ഇതിനെ ആഘോഷിച്ചത്. വാള്‍മാര്‍ട്ടിന്‍റെ കുറഞ്ഞനിരക്കില്‍ ഉല്പാദനം നടത്താനും കുറഞ്ഞനിരക്കില്‍ ചൈനീസ് സാധനങ്ങള്‍ വാങ്ങി വിതരണം ചെയ്യാനും സാധിക്കുന്നു. ഇതുവഴി ഇന്ത്യന്‍ ഉല്പാദന വ്യവസ്ഥ തകരുക മാത്രമല്ല, പിന്നെയോ ഒരു രാജ്യത്തിന്‍റെ തനത് വിതരണശൃംഖലതന്നെ താറുമാറാകുകയാവും ചെയ്യുക.
കൊളോണിയല്‍ കാലഘട്ടം മുതല്‍ ഇങ്ങോട്ടുപരിശോധിച്ചാല്‍ മുതലാളിത്തവികസന സങ്കല്പങ്ങള്‍ക്ക് താങ്ങും തണലും നല്‍കി മുന്നിലും പിന്നിലും നടന്നിട്ടുള്ളത് ക്രൈസ്തവസഭകള്‍ തന്നെയാണ്. കോളനിവത്കരണം -സുവിശേഷീകരണം- എന്ന നിലയില്‍പ്പോലും വിചിന്തനം ചെയ്യപ്പെടുന്നുണ്ട്. ചില പ്രാദേശികസഭകളൊഴിച്ചാല്‍ മുതലാളിത്ത വികസനത്തിന്‍റെ സന്ദേശവാഹകരായി മാത്രമേ ഇവിടത്തെ പ്രധാന ക്രൈസ്തവസഭകളെ കാണാന്‍ സാധിക്കുകയുള്ളൂ. ആദിമ പ്രൊട്ടസ്റ്റന്‍റ്ആത്മീയതയുടെ പയറ്റിസ്റ്റിക് സമീപനങ്ങള്‍ എത്രമാത്രം മുതലാളിത്തത്തിന്‍റെ വികസനപരിണാമങ്ങളെ സ്വാധീനിച്ചു എന്ന് അന്വേഷിക്കുന്ന മാര്‍ക്സ് വെബറിന്‍റെ സമീപനങ്ങള്‍ ഇന്നും പ്രത്യേകം പരിഗണിക്കേണ്ടതു തന്നെയാണ്. രാജാവിന്‍റെ പട്ടാളത്തിനൊപ്പം പ്രഘോഷിക്കപ്പെടുന്ന സുവിശേഷം, പ്രാര്‍ത്ഥിക്കാന്‍ കൊട്ടാര സമാനമായ പള്ളികള്‍, അരമനകള്‍, സഞ്ചരിക്കാന്‍ മുന്തിയ വാഹനങ്ങള്‍, ആകാശത്തോളം എത്തുന്ന പള്ളികള്‍, റിയല്‍ എസ്റ്റേറ്റ് മാഫിയകളെപ്പോലും ലജ്ജിപ്പിക്കുന്ന വിധത്തില്‍ സമ്പത്ത് വാരിക്കൂട്ടുന്ന പള്ളികളും സഭകളും... ഇതിനോടൊക്കെ നാം എങ്ങനെ പ്രതികരിക്കണം. രണ്ടുടുപ്പുള്ളവന്‍ ഒന്ന് മറ്റവന് കൊടുക്കട്ടെ എന്ന് പഠിപ്പിക്കുന്ന നസ്രായന്‍റെ വികസനസങ്കല്പം എവിടെ, നമ്മുടെ വികസനസങ്കല്പം എവിടെ?ദൈവശാസ്ത്രവും വികസനവും
വിമോചനദൈവശാസ്ത്രം എന്ന പേരില്‍ ഒരു ദൈവശാസ്ത്ര ചിന്താധാര ക്രൈസ്തവലോകത്തിന് തുറന്നുതന്ന പ്രസിദ്ധ ലാറ്റിനമേരിക്കന്‍ ദൈവശാസ്ത്രജ്ഞനായ ഗുസ്താവോ ഗുട്ടിയരസ് (Gnstavo Gntierrez, A Theology of Liberation) വികസനമെന്ന ആശയത്തിന് ബദലായാണ് വിമോചനം എന്ന ആശയത്തെ അവതരിപ്പിക്കുന്നതും അതിന് ദൈവശാസ്ത്ര അടിത്തറ നല്‍കി വികസിപ്പിക്കുന്നതും. പാശ്ചാത്യവികസന പദ്ധതികള്‍ വഴി സ്വന്തം മണ്ണില്‍നിന്നും ആവാസവ്യവസ്ഥയില്‍നിന്നും ആട്ടിയോടിക്കപ്പെട്ട പാവങ്ങളുടെ പക്ഷത്തുനിന്നുള്ള ദൈവശാസ്ത്ര പ്രതികരണമായിരുന്നു ഇത്. ഇവിടെ വികസനം എന്നതിന്‍റെ സ്വഭാവവും അതിനായി അവലംബിക്കുന്ന പ്രക്രിയയും ആഗോള മൂലധനശക്തികളുടെ പദ്ധതിയാണ് എന്ന് തിരിച്ചറിയുകയാണ്. അതുകൊണ്ടാണ് വിമോചനത്തിലേക്കുള്ള പാത ഒരു അനിവാര്യതയായി ഗുട്ടിയരസ് അവതരിപ്പിക്കുന്നത്. “Liberation in fact expresses the inescapable moment of Radical change which is foreign to the ordinary use of the term development. Only in the context of such a process can a policy of development be effcetively implemented have any real meaning and avoid missleading formulations” (A Theology of Liberation p-17) വിമോചനത്തിലൂന്നിയ വികസനത്തിനു മാത്രമേ ലക്ഷ്യത്തിലെത്താന്‍ സാധിക്കുകയുള്ളൂ.
ഇന്ന് സഭകളുടെ വേദശാസ്ത്ര-വിശ്വാസ രൂപീകരണത്തില്‍ സമൂഹത്തിന്‍റെ വിവിധ നിലകളില്‍നിന്ന് ഉയര്‍ന്നുവരുന്ന അനീതിയുടെയും അടിമത്തത്തിന്‍റെയും സാഹചര്യങ്ങള്‍ വേദശാസ്ത്രത്തിന്‍റെ കേന്ദ്ര (locus) മായി മാറുന്നില്ല. പാവങ്ങളും പാര്‍ശ്വവത്കരിക്കപ്പെട്ടവരും വികസനത്തിന്‍റെ ഇരകളും ഒന്നും നമ്മുടെ വേദശാസ്ത്ര വിചിന്തനത്തിന്‍റെ ലക്ഷ്യവും ഉള്ളടക്കവും ആകുന്നില്ല. വേദശാസ്ത്രത്തിന്‍റെ ഭാഷയും വ്യാകരണവും മാത്രമാണ് ഇന്ന് തരുന്ന വേദശാസ്ത്ര ഇടപെടലുകളുടെ പ്രധാന പ്രമേയം. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? ഇതിന് സ്വയം വിമര്‍ശനവും ആത്മപരിശോധനയും ആവശ്യമാണ്. അനുതാപം ഒരുക്കുന്ന പുത്തന്‍ ആത്മീയതയുടെ അന്തരീക്ഷത്തില്‍ മാത്രമേ അന്വേഷണങ്ങള്‍ക്ക് തെളിമയും കാഴ്ചപ്പാടുകള്‍ക്ക് വ്യക്തതയും ഉണ്ടാവുകയുള്ളൂ.
ഗാന്ധിയന്‍ വികസനസങ്കല്പത്തില്‍ വികസനം ഹിംസാത്മകമല്ല. വ്യക്തിയും സമൂഹവും തമ്മിലുള്ള ബന്ധം അഹിംസയില്‍ അധിഷ്ഠിതമാണ്. അതായത് വളര്‍ച്ച അല്ലെങ്കില്‍ വികസനം എല്ലാവരും കൂട്ടായിച്ചേര്‍ന്ന് അനുഭവിക്കുന്ന ഒന്നാണ്. ഒരു വ്യക്തിക്കോ ഒരു സമൂഹത്തിനോ മാത്രമായി ഒരു വികസനമില്ല. വികസനം എന്നത് അനുഭവിക്കേണ്ടത് അതിന്‍റെ സമഗ്രതയില്‍ തന്നെയാണ്. സമ്പത്തിന്‍റെയും ചരക്കുകളുടെ വിപണനത്തിന്‍റെയും ആളോഹരി വരുമാനത്തിന്‍റേയും അടിസ്ഥാനത്തില്‍ നിര്‍ണ്ണയിക്കാവുന്ന ഒന്നല്ല വികസനം എന്നത്. പരാശ്രയത്തിന്‍റെ അടിമത്തത്തില്‍നിന്നും സര്‍ഗ്ഗാത്മകതയുടെ ജീവിതവ്യവസ്ഥയില്‍നിന്നും ഒരാള്‍ വിമോചിതനാകുന്നതും പ്രകൃതിയും മനുഷ്യനും തമ്മില്‍ ചൂഷണത്തിനും പരസ്പരമുള്ള അധീശത്വത്തിനും അതീതമായ ബന്ധം നിലനിര്‍ത്തുന്നതുമായ ജീവിതവ്യവസ്ഥയെയാണ് ഗാന്ധിജി വികസനം എന്നതായി വിഭാവനം ചെയ്തത്. ഹിംസാത്മകമല്ലാത്ത എന്തു വികസനമാണ് ഇവിടെ നടക്കുന്നതെന്ന് മനസ്സിലാക്കുമ്പോഴാണ് മഹാത്മാവിന്‍റെ പാഠങ്ങള്‍ ജ്വലിക്കുന്ന അനുഭവങ്ങള്‍ ആകുന്നത്. (ഡോ. എം.പി. മത്തായി, സമകാലിക സമസ്യകള്‍, ഗാന്ധിയന്‍ സമീപനങ്ങള്‍)
സ്ഥാപനപരമായ താല്പര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്നതുവഴി ക്രിസ്തീയതയുടെ അന്തഃസത്തതന്നെ അവഗണിക്കപ്പെടുകയാണ്. സഭ ദൈവരാജ്യത്തിന്‍റെ കാലികമായ അടയാളവും അതിന്‍റെ മുന്‍ അനുഭവവുമാണ്. സ്ഥാപനവത്കരിക്കപ്പെടുന്ന സഭയ്ക്ക് എങ്ങിനെയാണ് സമൂഹത്തിലെ സ്ഥാപനവത്കരണങ്ങളെ ചോദ്യം ചെയ്യാന്‍ സാധിക്കുക? സമ്പത്തിന്‍റെ അനിയന്ത്രിതമായ ആര്‍ജ്ജനവും അതിന്‍റെ കുമിഞ്ഞുകൂടലും ആഘോഷമാക്കി മാറ്റുന്നവര്‍ക്ക് എങ്ങനെയാണ് കടക്കെണിയിലമരുന്ന കര്‍ഷകര്‍ക്കുവേണ്ടിയും അവരുടെ ഇടങ്ങള്‍ക്കുവേണ്ടിയും ശബ്ദമുയര്‍ത്താന്‍ സാധിക്കുക? കയറിക്കിടന്ന് അന്തിയുറങ്ങാന്‍ ഇടമില്ലാതെ പാവപ്പെട്ട മനുഷ്യര്‍ തെരുവോരങ്ങളില്‍ അലഞ്ഞുതിരിയുമ്പോള്‍ കോടികള്‍ മുടക്കി കുരിശടികളും ദേവാലയങ്ങളും നിര്‍മ്മിക്കുന്നവര്‍ക്ക് എങ്ങനെയാണ് വിമോചനത്തിന്‍റെ പ്രഘോഷകരാകാന്‍ സാധിക്കുക? ഇവിടെ വികലമായ വികസനനയങ്ങള്‍ പിന്തുടരുന്നവര്‍ക്ക് സഭകള്‍ കപട ആദ്ധ്യാത്മികതയുടെ അടിത്തറ സൃഷ്ടിച്ചുകൊടുക്കുകയാണ് എന്ന വലിയ പാപമാണ് ചെയ്യുന്നത്.
ഉപസംഹാരം
ആശയപരമായി വികസനം എന്ന വാക്കിന് വിപുലമായ അര്‍ത്ഥങ്ങള്‍ ഉണ്ട്. ഇതിനെക്കുറിച്ച് ഇത്ര ഗൗരവമായ അന്വേഷണങ്ങളും പഠനങ്ങളും ആരംഭിച്ചിട്ട് ഏതാനും വര്‍ഷങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ. സാമ്പത്തികമായ വ്യവഹാരങ്ങളില്‍നിന്നും സമ്പത്തിന്‍റെ രാഷ്ട്രീയത്തില്‍നിന്നും (political economy) മാറിനിന്നുകൊണ്ട് വികസനമെന്ന സങ്കല്പത്തെക്കുറിച്ച് ആലോചിക്കാന്‍ സാധിക്കില്ല. കൊളോണിയല്‍ കാലഘട്ടത്തില്‍ ആരംഭിച്ച പണത്തിന്‍റെയും കമ്പോളത്തിന്‍റെയും അതിരുകള്‍ ഭേദിച്ചുള്ള സഞ്ചാരം ഇന്ന് ആഗോളീകരണം എന്ന നവകൊളോണിയല്‍ കാലത്തില്‍ എത്തിനില്‍ക്കുന്നു. ഇന്ന് കാണുന്നത് മുതലാളിത്ത സമ്പദ്വ്യവസ്ഥയുടെ പുതിയ രൂപങ്ങളാണ്. ലാഭമുണ്ടാക്കുകയാണ് മുതലാളിത്ത സാമ്പത്തിക പ്രവര്‍ത്തനത്തില്‍ പ്രധാനം. ഇതിനായി വ്യവസായവത്കരണം ത്വരിതപ്പെടുത്തുക, ഉപഭോഗം വര്‍ദ്ധിപ്പിക്കുക, കമ്പോളത്തില്‍ മത്സരം ഉണ്ടാക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുവയ്ക്കുന്നു. ഇതിന് അനുസൃതമായ വികസനനയമാണ് പിന്തുടരുന്നത് എന്നതുകൊണ്ടാണ് വികസനത്തിന്‍റെ കാണപ്പെടുന്ന അടയാളങ്ങളായി വ്യവസായശാലകളും കമ്പോളങ്ങളും ശാസ്ത്രസാങ്കേതികവിദ്യയും എല്ലാം കാണപ്പെടുന്നത്.
ക്രൈസ്തവസഭകള്‍ക്ക് വലിയ ഉത്തരവാദിത്തമാണ് ഇന്നുള്ളത്. ഈ ഉത്തരവാദിത്വങ്ങളെ വിസ്മരിച്ച് അനീതിയും അസമത്വവും മുഖമുദ്രയാക്കിയ വികസനനയങ്ങളോടുകൂടെ ജീവിക്കാനും പ്രവര്‍ത്തിക്കാനുമാണ് സഭകള്‍ ഇന്ന് ശ്രമിക്കുന്നത്. ഈ സാഹചര്യത്തില്‍ സഭകള്‍ സാക്ഷ്യമില്ലാത്ത സമൂഹമായി അധഃപതിക്കുകയാവും ഫലം.