news-details
കവർ സ്റ്റോറി

വികസനത്തിന്‍റെ മുതലാളിത്തമുഖം

'വികസനം' എന്ന വാക്ക് നാം എവിടെയും കേള്‍ക്കുന്നു. എന്താണ് വികസനം? അത് ആര്‍ക്കുവേണ്ടിയാണ്? ഏതുതരത്തിലുള്ള വികസനമാണ് നാം ലക്ഷ്യമാക്കേണ്ടത്? ഇന്നുവരെയുള്ള വികസനപരിപ്രേക്ഷ്യങ്ങള്‍ എത്രമാത്രം ശരിയാണ്? ഇതേ വേഗത്തില്‍ വികസനം മുന്നേറിയാല്‍ എന്തു സംഭവിക്കും? ഇതെല്ലാം പ്രധാനപ്പെട്ട ചോദ്യങ്ങളാണ്. നിലനില്‍ക്കുന്ന വികസനസങ്കല്പനങ്ങള്‍ക്ക് ഏറെ പരിമിതികളുണ്ടെന്നുതന്നെയാണ് വിവേകമതികള്‍ എടുത്തുപറയുന്നത്. നിലനില്‍ക്കുന്ന വികസന നയങ്ങള്‍ മുതലാളിത്തവുമായി ബന്ധപ്പെട്ടതുതന്നെയാണ്. ഈ വികസനസങ്കല്പനങ്ങള്‍ക്ക് വളരെയേറെ പരിമിതികളുണ്ട്. മൂലധനകേന്ദ്രിതമായ വികസനസങ്കല്പം ലാഭാധിഷ്ഠിതമാകുമ്പോള്‍ മറ്റു തലങ്ങളെല്ലാം വിസ്മരിക്കപ്പെടുന്നു.

വികസനത്തെക്കുറിച്ചുള്ള മുഖ്യധാരാസങ്കല്പങ്ങള്‍ ഭൂമിയെയും പ്രകൃതിയെയും മനുഷ്യനെയും ഇന്നത്തെ അവസ്ഥയിലെത്തിച്ചിരിക്കുന്നു. ഇനി ഈ വഴിയില്‍ അധികം മുന്നോട്ടുപോകാനാവില്ല. എത്ര ചൂഷണം ചെയ്താലും ലാഭമുണ്ടാക്കുകയാണ് നിലനില്‍ക്കുന്ന വികസനസങ്കല്പനത്തിന്‍റെ കാതല്‍. മറ്റുള്ള പരിഗണനകളെല്ലാം ഇവിടെ അപ്രസക്തമാകുന്നു. മുതലാളിത്ത വികസനസങ്കല്പത്തിന് നിലനില്‍ക്കുന്ന വിപണിയുമായി അഭേദ്യബന്ധമാണുള്ളത്. അശാമ്യമായ തൃഷ്ണകള്‍ വളര്‍ത്തി ലാഭംകൊയ്യുകയാണ് അതിന്‍റെ ലക്ഷ്യം. ന്യൂനപക്ഷത്തിനു മാത്രമാണ് ഈ വികസനം ഗുണകരമായിത്തീരുന്നത് എന്നതാണ് വാസ്തവം. മഹാഭൂരിപക്ഷത്തെയും പ്രാന്തവല്‍ക്കരിക്കുന്ന മത്സരാധിഷ്ഠിത സാമ്പത്തികക്രമം അനീതി വ്യാപിപ്പിക്കുകയാണ്. ഏവര്‍ക്കും സ്വര്‍ഗം വാഗ്ദാനം ചെയ്യുന്ന വികസനവാദികള്‍ സമര്‍ത്ഥമായി നുണപറയുകയാണെന്ന സത്യം നാം വിസ്മരിക്കരുത്.

സോഷ്യലിസ്റ്റ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ഭരണകൂടങ്ങളും പിന്തുടര്‍ന്നത് മുതലാളിത്ത വികസനസങ്കല്പനങ്ങളാണ്. ഈ ദര്‍ശനങ്ങള്‍ ഇന്ന് ശക്തമായി ചോദ്യം ചെയ്യപ്പെടുന്നു. പരിസ്ഥിതിയുടെയും സുസ്ഥിരതയുടെയും പക്ഷത്തുനില്‍ക്കുന്നവരാണ് മുതലാളിത്ത വികസനസങ്കല്പനത്തെ വിമര്‍ശിക്കുന്നത്. ഈ വികസന സങ്കല്പനത്തിന് ഭാവിയുണ്ടോ എന്ന ചോദ്യം അത്യന്തം പ്രസക്തമാകുന്നതീ സാഹചര്യത്തിലാണ്. നിരങ്കുശമായ ചൂഷണം പ്രകൃതിയിലും മനുഷ്യരിലും ഏല്പിച്ച ആഘാതങ്ങള്‍ തിരുത്തപ്പെടേണ്ടതുതന്നെയാണ്. വന്‍പദ്ധതികള്‍, വലിയ വ്യവസായശാലകള്‍, വലിയ അണക്കെട്ടുകള്‍... അങ്ങനെ 'വലിയ' വികസനസങ്കല്പങ്ങളാണ് നാം ശ്രേഷ്ഠമെന്നു കരുതുന്നത്. എന്നാല്‍ വികേന്ദ്രീകൃത വികസന സങ്കല്പനങ്ങള്‍ സമാന്തരമായി പരിഗണിക്കപ്പെടേണ്ടതുണ്ട്. വന്‍മൂലധനശക്തികള്‍ നിയന്ത്രിക്കുന്ന വലിയ പദ്ധതികളെ 'ഫാസിസ്റ്റ്' വികസന സങ്കല്പനം എന്നു വിളിക്കാം. ഈ വികസനം പരിസ്ഥിതിയെ അമിതമായി ചൂഷണം ചെയ്തുകഴിഞ്ഞു. ഈ വേഗം നമ്മെ എളുപ്പത്തില്‍ നാശത്തിലേക്കടുപ്പിക്കുമെന്ന ചിന്ത പലരും പങ്കുവയ്ക്കുന്നു. ഇതിനുപകരമായി വികസനത്തെക്കുറിച്ച് പുതിയൊരു കാഴ്ചപ്പാട് വളര്‍ന്നുവരുന്നു. എല്ലാറ്റിനെയും പരിഗണിക്കുന്ന, ചേര്‍ത്തുനിര്‍ത്തുന്ന, വികേന്ദ്രീകൃതമായ വികസനരീതിയായിരിക്കുമത്. 'ചെറുത് സുന്ദരം' എന്നതാണ് അതിന്‍റെ മുദ്രാവാക്യം. നഗരകേന്ദ്രിതമായ വികസനസങ്കല്പനങ്ങളെ അത് തിരുത്താന്‍ ശ്രമിക്കുന്നു.

"മുതലാളിത്തം അന്തമില്ലാത്ത വികസനത്തില്‍ ഊന്നുന്നു എന്നു മാത്രമല്ല, ഹ്രസ്വദൃഷ്ടിയോടെയാണ് മൂലധന നിക്ഷേപം നടത്തുന്നതും. ഉടന്‍ ലാഭം -അതാണ് ലക്ഷ്യം. ഏതെങ്കിലും ഒരു നിക്ഷേപസാദ്ധ്യത വിലയിരുത്തുമ്പോള്‍, പരമാവധി കുറഞ്ഞ കാലയളവില്‍ത്തന്നെ തങ്ങള്‍ ഇറക്കിയ മൂലധനം തിരിച്ചുകിട്ടണമെന്നും അവര്‍ ആഗ്രഹിക്കുന്നു. ചില പ്രത്യേകസന്ദര്‍ഭങ്ങളില്‍, ഉദാഹരണത്തിന് ഖനികള്‍, എണ്ണക്കിണറുകള്‍, മറ്റുചില പ്രകൃതിവിഭവങ്ങള്‍ മുതലായവയുടെ കാര്യത്തില്‍, കൂടുതല്‍ നീണ്ടകാലത്തേക്കുള്ള ഒരു കാഴ്ചപ്പാടുണ്ടായിരിക്കും. മറ്റ് ഉത്പാദന പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ അസംസ്കൃത പദാര്‍ത്ഥങ്ങള്‍ ദീര്‍ഘകാലത്തേക്ക് കിട്ടുമെന്നും ഉറപ്പിക്കുകയാണ് ഇവിടെ ലക്ഷ്യം. പക്ഷേ ഇത്തരം സന്ദര്‍ഭങ്ങളില്‍പ്പോലും പത്തോ പതിനഞ്ചോ വര്‍ഷങ്ങള്‍ക്കപ്പുറത്തേക്ക് അവരുടെ കണക്കുകൂട്ടല്‍ നീളാറില്ല. ജൈവ മണ്ഡലത്തിന്‍റെ സംരക്ഷണത്തിനാകട്ടെ ആറോ അതില്‍ കൂടുതലോ കൊല്ലങ്ങള്‍ക്കപ്പുറം കാണണം. സാമ്പത്തികവികസനം ആസൂത്രണം ചെയ്യുമ്പോള്‍ മാനവസമൂഹത്തെ നേരിട്ടു ബാധിക്കുന്ന പരിസ്ഥിതി ഘടകങ്ങള്‍ പ്രത്യേകമായി പരിഗണിക്കേണ്ടിയിരിക്കുന്നു" എന്ന ജോണ്‍ ബെല്ലാമി ഫോസ്റ്ററുടെ അഭിപ്രായം നിലനില്‍ക്കുന്ന വികസന സങ്കല്പനങ്ങളെ ശരിയായ രീതിയില്‍ വിലയിരുത്തുന്നു. ലാഭപ്രേരിതമായ മൂലധനത്തിന്‍റെ ഹ്രസ്വകാലവീക്ഷണത്തിനുള്ളില്‍ സുസ്ഥിര വികസന സങ്കല്പനങ്ങള്‍ ഉള്‍ക്കൊള്ളാനാവില്ല എന്ന് അദ്ദേഹം എടുത്തുപറയുന്നു. ആഗോളതാപനം, ഓസോണ്‍പാളിയുടെ നശീകരണം, ഉഷ്ണമേഖലാവനങ്ങളുടെ നാശം, പവിഴപ്പുറ്റുകള്‍ ഇല്ലാതാകുന്നത്, അമിതമത്സ്യബന്ധനം, ജീവജാതികള്‍ അന്യംവരുന്നത്, ജനിതകവൈവിധ്യം നശിക്കുന്നത്, പരിസരത്തും ഭക്ഷണത്തിലും കാണുന്ന വര്‍ധിച്ചുവരുന്ന വിഷം, മരുഭൂവല്‍ക്കരണം, ജലസ്രോതസ്സുകള്‍ വറ്റുന്നത്, ശുദ്ധജലലഭ്യത കുറയുന്നത്, റേഡിയോ ആക്റ്റീവ് വികിരണം എന്നിങ്ങനെ പ്രതിസന്ധികള്‍ നിരവധി സൃഷ്ടിച്ചുകൊണ്ടാണ് മുതലാളിത്ത വികസനം മുന്നേറുന്നത്. വായുവും വെള്ളവും ഭക്ഷണവും മനസ്സും മലിനീകരിച്ചുകൊണ്ടു മുന്നേറുന്ന വികസനത്തിന് സുസ്ഥിരത കൈവരിക്കാനാവില്ല.

മുതലാളിത്തവികസന ദര്‍ശനം മൂലധനത്തിലാണ് അധിഷ്ഠിതമായിരിക്കുന്നത്, 'മുതലാളിത്തത്തിന്‍റെ യുക്തി  മാനവവികാസത്തിന്‍റെ യുക്തിക്ക് എതിരാണ്' എന്ന് മൈക്കേല്‍ ലെബോവിത്സ് പറയുന്നത് ശ്രദ്ധേയമാണ്. മാനവവികാസമല്ല മുതലാളിത്തത്തിന്‍റെ ആത്യന്തിക ലക്ഷ്യം. "മൂലധനത്തിന്‍റെ കാഴ്ചപ്പാടില്‍ നിന്നാകട്ടെ തൊഴിലാളികള്‍ മാത്രമല്ല, ലക്ഷ്യങ്ങള്‍ നേടുന്നതിന് മൂലധനം എന്തും ചെയ്യാന്‍ തയ്യാറാണ്" എന്ന് അദ്ദേഹം തുടര്‍ന്നുപറയുന്നു. "ഉല്‍പ്പാദനശക്തിയുടെ അടിത്തറ മനുഷ്യരാണ് എന്ന തിരിച്ചറിവില്‍ അധിഷ്ഠിതമായ ഒരു വികസന സിദ്ധാന്തം മൂലധനസമ്പദ്വ്യവസ്ഥയുടേതില്‍നിന്ന് വ്യത്യസ്തമായ ഒരു ദിശയാണ് ചൂണ്ടിക്കാണിക്കുന്നത്" എന്ന് ലെബോവിത്സ് പറയുമ്പോള്‍ പുതിയ സാദ്ധ്യത തെളിയുന്നു.

കമ്പോളവും മുതലാളിത്തവും കൂട്ടുചേര്‍ന്ന് പ്രകൃതിയിലും പരിസ്ഥിതിയിലും വലിയ പ്രശ്നങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. ദി ഗ്രേറ്റ് ട്രാന്‍സ്ഫോര്‍മേഷന്‍ എന്ന പുസ്തകത്തില്‍ കാള്‍ പൊളാന്‍യി എഴുതുന്നു: "നാം ഭൂമിയെന്നു വിളിക്കുന്നത് മനുഷ്യന്‍റെ സാമൂഹ്യസംവിധാനങ്ങളുമായി അതിസങ്കീര്‍ണ്ണമായ വിധത്തില്‍ കെട്ടുപിണഞ്ഞു കിടക്കുന്ന പ്രകൃതിയുടെ ഒരു ഘടകത്തെയാണ്. അതിനെ വേറിട്ടെടുത്ത് വിപണിയുടെ ഒരു ഭാഗമാക്കാന്‍ ശ്രമിച്ചത് നമ്മുടെ പൂര്‍വികര്‍ നടത്തിയ ഒരു ഭ്രാന്തന്‍ പ്രവൃത്തിയാണ്. ഭൂമിയുടെ പല ധര്‍മ്മങ്ങളില്‍ ഒന്നു മാത്രമാണ് സാമ്പത്തികം. അത് മനുഷ്യന്‍റെ ജീവിതത്തിന് സ്ഥിരത നല്‍കുന്നു. അത് അവന്‍റെ ആവാസസ്ഥാനമാണ്. അവന്‍റെ ഭൗതികസുരക്ഷയ്ക്കുള്ള ഉപാധിയാണ്. അത് ഋതുക്കളാണ്, ഭൂപ്രകൃതിയാണ്. കയ്യും കാലുമില്ലാതെ ജനിച്ച ഒരു മനുഷ്യന്‍റെ ജീവിതംപോലെയിരിക്കും ഭൂമിയില്ലാത്ത അവന്‍റെ ജീവിതം. എന്നിട്ടും ഭൂമിയെ മനുഷ്യനില്‍നിന്ന് വേര്‍പെടുത്തി, അത് കച്ചവടം ചെയ്യുന്നവരുടെ താല്‍പര്യങ്ങള്‍ക്കനുരൂപമായി സമൂഹത്തെ ക്രമീകരിക്കാന്‍ ശ്രമിച്ചു. കമ്പോളസമ്പദ്വ്യവസ്ഥ എന്ന മിഥ്യയുടെ മര്‍മ്മമായിരുന്നു ഇത്." മുതലാളിത്ത വികസന സങ്കല്പനവും കമ്പോളവും ചേര്‍ന്നു സൃഷ്ടിച്ച അപകടകരമായ അവസ്ഥയാണ് ഈ ചിന്തകന്‍ സൂചിപ്പിക്കുന്നത്.

ജോണ്‍ ബെല്ലായി ഫോസ്റ്റര്‍ എടുത്തുപറയുന്ന വസ്തുത ഇതിനോടുചേര്‍ത്തു വായിക്കാം: "പ്രകൃതിയെ പൂര്‍ണ്ണമായും മൂലധനവല്‍ക്കരിക്കുന്നതിനെപ്പറ്റി സ്വപ്നം കാണുന്നവര്‍ അവഗണിക്കുന്ന ഒരു കാര്യമുണ്ട്: മുതലാളിത്തത്തിന്‍റെ കാതലായ സ്വഭാവമാണ് അതിന് സ്വയം വികസിച്ചുകൊണ്ടേയിരിക്കണം എന്നത്. ചൂഷണത്തില്‍ അധിഷ്ഠിതവും മത്സരത്തിന്‍റെ നിയമത്താല്‍ സദാ ഓടിക്കൊണ്ടിരിക്കാന്‍ നിര്‍ബന്ധിതവുമാണത്. വര്‍ധമാനമായതോതില്‍ സാമ്പത്തികമിച്ചം സ്വരൂപിക്കാതെ അതിന് നിലനില്‍ക്കാന്‍ കഴിയില്ല. വളരെ സങ്കുചിതമായ അര്‍ത്ഥത്തിലുള്ള വികസനമാണിത്. ഗുണാത്മകമായ എല്ലാ ബന്ധങ്ങളും പരിമാണാത്മകതയില്‍ വിലയിക്കപ്പെടുന്നു; പ്രത്യേകിച്ചും പണത്തിന്‍റെ അഥവാ വിനിമയ മൂല്യത്തിന്‍റെ രൂപത്തില്‍." മുതലാളിത്തവികസനത്തിന്‍റെ പരിമിതികളാണ് ഇവിടെ വ്യക്തമാകുന്നത്. അതു സൃഷ്ടിക്കുന്ന സമഗ്രതലത്തിലുള്ള പ്രതിസന്ധികള്‍ തിരിച്ചറിയപ്പെടേണ്ടതുണ്ട്.

നിലനില്‍ക്കുന്ന വികസനസങ്കല്പനങ്ങള്‍ മുതലാളിത്തത്തിന്‍റേതാണെന്നു നാം കണ്ടുകഴിഞ്ഞു. അത് 'നാശോന്മുഖമായ പുരോഗതി'യാണ്. അത് സുസ്ഥിരമല്ല. "യാതൊരു നിബന്ധനയുമില്ലാതെ ആര്‍ക്കും ഭാവി പ്രവചിക്കാനാവില്ല. ഒരു ഇക്കോ സോഷ്യലിസ്റ്റ് പരിവര്‍ത്തനത്തിന്‍റെ അഭാവം, സാംസ്കാരികമാനദണ്ഡത്തിലുണ്ടാവുന്ന സമൂലമാറ്റം, മുതലാളിത്തത്തിന്‍റെ യുക്തി എന്നിവ നാടകീയമായ പാരിസ്ഥിതിക ദുരന്തങ്ങളിലേക്കും ദശലക്ഷക്കണക്കിന് മനുഷ്യജീവികളുടെ ആരോഗ്യത്തിന്‍റെയും ജീവന്‍റെയും നാശത്തിലേക്കും ഒരുപക്ഷേ, മനുഷ്യവംശത്തിന്‍റെ നിലനില്‍പ്പുതന്നെ അപകടപ്പെടുത്തുന്നതിലേക്കും നയിക്കും എന്ന കാര്യം പ്രവചനാതീതമല്ല" എന്ന് മൈക്കിള്‍ ലോവി പറയുമ്പോള്‍ നിലനില്‍ക്കുന്ന വികസനസങ്കല്പനങ്ങള്‍ മാറേണ്ട സാഹചര്യം കൂടുതല്‍ വ്യക്തമാക്കുന്നു.

You can share this post!

ഇരുളിനെ പഴിക്കാതെ പ്രകാശത്തെ പിന്‍തുടരാനുള്ള ആഹ്വാനം

പ്രൊഫ. എം. കെ. സാനു
അടുത്ത രചന

സമാധാനം

ജെര്‍ളി
Related Posts