നിങ്ങള്‍ പുരുഷനോ സ്ത്രീയോ ആയിക്കൊള്ളട്ടെ, ഇനി വായിക്കാന്‍ പോകുന്നത് നിങ്ങള്‍ക്ക് ഇഷ്ടപ്പെടാതിരിക്കില്ല.
സ്ത്രീകളോട് - അല്പസമയമെടുത്ത് ഇതെപ്പറ്റി ഒന്ന് പരിചിന്തിക്കണം. പുരുഷന്മാരോട് - ഇതു വായിച്ച് ആസ്വദിക്കുക മാത്രം ചെയ്തോളൂ.
ആര്‍തര്‍ രാജാവിനെ അയല്‍രാജ്യത്തെ ഏകാധിപതി ആക്രമിച്ച് പിടികൂടി കാരാഗൃഹത്തിലടച്ചു - രാജാവിന് അദ്ദേഹത്തെ കൊല്ലണമെന്നായിരുന്നു ഉദ്ദേശ്യമെങ്കിലും ആര്‍തറിന്‍റെ യൗവനവും ആദര്‍ശധീരതയും അറിയാമായിരുന്നതിനാല്‍ അതുവേണമോ എന്നൊരു ചാഞ്ചല്യമുണ്ടായി. വളരെ പ്രയാസകരമായ ഒരു ചോദ്യത്തിന് ഉത്തരം കണ്ടെത്തിയാല്‍ ആര്‍തറിനെ വെറുതേ വിടാമെന്ന് അയല്‍ രാജാവ് വാഗ്ദാനം ചെയ്തു. ഉത്തരം ഒരു വര്‍ഷത്തിനുള്ളില്‍ കണ്ടെത്തിയാല്‍ മതി. അതിനു കഴിയാതെ വന്നാല്‍ മരണം വിധിക്കപ്പെടും - ചോദ്യം ഇതായിരുന്നു, "ഒരു സ്ത്രീ എന്താണ് യഥാര്‍ത്ഥത്തില്‍ ആവശ്യപ്പെടുന്നത്?" ഈ ചോദ്യം എത്ര അറിവുള്ള ഒരാളെയും ചിന്താക്കുഴപ്പത്തിലാക്കിയേക്കാം. ചെറുപ്പക്കാരനായ ആര്‍തറിനും ഇതൊരു ഉത്തരം കിട്ടാ ചോദ്യമായിത്തോന്നി. ഉടനെയുള്ള മരണത്തേക്കാള്‍ ഭേദം എന്ന നിലയ്ക്ക് ഉത്തരം കണ്ടെത്തി അറിയിക്കാമെന്ന് അദ്ദേഹം സമ്മതിച്ചു. ഈ ചോദ്യവുമായി തന്‍റെ മാതൃരാജ്യത്ത് തിരിച്ചെത്തിയ ആര്‍തര്‍ രാജകുമാരിമാര്‍, പുരോഹിതര്‍, സഭാപണ്ഡിതര്‍, വിദൂഷകന്‍ എന്നിങ്ങനെ എല്ലാവരെയും വിളിച്ച് ഉത്തരം കണ്ടെത്താനാവുമോ എന്ന് ചര്‍ച്ച ചെയ്തു. പക്ഷേ, ആര്‍ക്കും തൃപ്തികരമായ മറുപടി നല്‍കാന്‍ കഴിഞ്ഞില്ല. രാജ്യത്തുള്ള വൃദ്ധയായ ഒരു മന്ത്രവാദിനിയോട് ഇതിനുത്തരം ആരായാനും തീര്‍ച്ചയായും അവര്‍ക്കത് അറിയാമായിരിക്കുമെന്നും പലരും രാജാവിനെ ഉപദേശിച്ചു. അസാധാരണമായ പ്രതിഫലം ചോദിക്കുന്നതില്‍ പ്രശസ്തയായ അവര്‍ക്ക് തന്നോട് അതിലും ഭീമമായ എന്തെങ്കിലും ആവശ്യപ്പെടാന്‍ സാധ്യതയുള്ളതായി രാജാവ് ഭയപ്പെട്ടു. വര്‍ഷാവസാനമായി. മറ്റു മാര്‍ഗ്ഗങ്ങളൊന്നുമില്ലാതെ ആര്‍തര്‍ മന്ത്രവാദിനിയുടെ അടുത്തേയ്ക്ക് പുറപ്പെട്ടു. താന്‍ ആവശ്യപ്പെടുന്ന പ്രതിഫലം നല്‍കിക്കൊള്ളാമെന്ന് ആദ്യമേ സമ്മതിക്കുന്ന പക്ഷം ഉത്തരം നല്‍കാം എന്ന് അവര്‍ പറഞ്ഞു. ഗത്യന്തരമില്ലാതെ രാജാവ് സമ്മതിച്ചു. രാജ്യത്തെ ഏറ്റവും ആദര്‍ശധീരനും സാഹസികനും അതിലുപരി രാജാവിന്‍റെ ആത്മാര്‍ത്ഥ സുഹൃത്തുമായ ലാന്‍സ്ലോട്ടിനെ വിവാഹം കഴിക്കണം എന്നാണ് മന്ത്രവാദിനി ആവശ്യപ്പെട്ടത്! രാജാവ് ഞെട്ടിപ്പോയി. ഈ മന്ത്രവാദിനി കൂനുപിടിച്ചവളും ഒറ്റപ്പല്ലുള്ളവളും ദുര്‍ഗന്ധവാഹിനിയും അരോചകശബ്ദമുണ്ടാക്കുന്ന ബീഭത്സരൂപിണിയുമാണ്. അതിനാല്‍ ആര്‍തര്‍ ഇതേപ്പറ്റി തന്‍റെ സുഹൃത്തിനോട് പറയാന്‍ താല്പര്യപ്പെട്ടില്ല. ഇതു മനസിലാക്കിയ ലാന്‍സ്ലോട്ട് ആര്‍തറിനോട് സംസാരിച്ചു. ആര്‍തറിന്‍റെ ജീവനുപകരമായി എന്തു ത്യാഗവും നിസ്സാരമായികരുതണം എന്ന അഭിപ്രായമായിരുന്നു ലാന്‍സ്ലോട്ടിന്‍റേത്. അങ്ങനെ ആ വിവാഹം പ്രഖ്യാപിക്കപ്പെട്ടു. ഉടനെ മന്ത്രവാദിനി ചോദ്യത്തിന് ഉത്തരവും പറഞ്ഞു: "തന്‍റെ ജീവിതത്തിന്‍റെ പരമാധികാരം തനിക്കുതന്നെ ആയിരിക്കണം എന്നതാണ് ഒരു സ്ത്രീയുടെ ഏറ്റവും വലിയ ആവശ്യം." അവര്‍ മുറുമുറുത്തത് ഒരു വലിയ സത്യം തന്നെയാണെന്ന് എല്ലാവര്‍ക്കും തോന്നി. ആര്‍തറിന്‍റെ ജീവന്‍ രക്ഷപെടുമല്ലോ എന്ന് അവര്‍ സമാശ്വസിച്ചു. കാര്യങ്ങള്‍ അങ്ങനെ തന്നെ സംഭവിച്ചു. ഉത്തരം ശ്രവിച്ച അയല്‍രാജാവ് ആര്‍തറിന് ശിക്ഷയില്‍ നിന്ന് വിടുതല്‍ നല്‍കി. ലാന്‍സലോട്ട് പ്രഭുവും മന്ത്രവാദിനിയും തമ്മിലുള്ള വിവാഹം പൊടിപൊടിച്ചു. ആ വിവാഹരാത്രി ഏറെ ഭയാനകമായ ഒന്നിനെ നേരിടാന്‍ മനസിനെ ധൈര്യപ്പെടുത്തി ലാന്‍സ്ലോട്ട് മുറിയില്‍ പ്രവേശിച്ചു. പക്ഷേ അവിടെ കണ്ട കാഴ്ച അയാളെ വിസ്മയാധീനനാക്കി. താന്‍ കണ്ടിട്ടുള്ളതിലേയ്ക്കും വച്ച് അതിസുന്ദരിയായൊരു യുവതി അവിടെയിരിക്കുന്നു. എന്താണവിടെ സംഭവിച്ചത് എന്ന് അയാള്‍ ആരാഞ്ഞു. തന്നെ ഭാര്യയായി സ്വീകരിക്കാന്‍ അയാള്‍ പരസ്യമായി തയ്യാറായപ്പോള്‍ പാതി പരിവര്‍ത്തനം തനിക്കു സംഭവിച്ചു കഴിഞ്ഞിരിക്കുന്നു. അതിനാല്‍ എന്നും ദിവസത്തിന്‍റെ ഒരുപാതിയില്‍ താന്‍ വിരൂപിണിയും മറുപാതിയില്‍ അതിസുന്ദരിയും ആയിരിക്കും എന്നും അവള്‍ പറഞ്ഞു. എന്നിട്ട് വീണ്ടും അയാളോട് ചോദിച്ചു. "ഏതു സമയത്താണ് ഞാന്‍ മനോഹരിയായി കാണപ്പെടണം എന്ന് അങ്ങാഗ്രഹിക്കുന്നത്? പകലോ രാത്രിയിലോ?" ലാന്‍സ്ലോട്ട് വല്ലാത്ത വിഷമസന്ധിയിലായി. പകല്‍ എന്നു പറഞ്ഞാല്‍ .... അപ്പോള്‍ ജനങ്ങളുടെ മുന്‍പില്‍ അതിസുന്ദരിയായ ഒരു ഭാര്യയെ തനിക്ക് ലഭിക്കും. അപ്പോള്‍ രാത്രിയില്‍ കൊട്ടാരത്തില്‍ തങ്ങള്‍ തനിച്ചാകുമ്പോഴോ തികച്ചും വിലക്ഷണയും വിരൂപയുമായ ഒരുവള്‍.... മറിച്ച് പകല്‍ മുഴുവന്‍ ഒരു വിരൂപജീവിയെയും കൊണ്ടുനടന്നാല്‍ രാത്രിയില്‍ തനിക്കൊപ്പം അതിസുന്ദരി..... ഇനി ഒരു ചോദ്യം: ഇതു വായിക്കുന്ന നിങ്ങള്‍ ഒരു പുരുഷനാണെങ്കില്‍.... ഏതു നിങ്ങള്‍ തിരഞ്ഞെടുക്കും?
ഇതു വായിക്കുന്ന സ്ത്രീയാണെങ്കില്‍..... പുരുഷന്‍റെ തെരഞ്ഞെടുപ്പ് ഏതായിരിക്കും എന്ന് ചിന്തിക്കാമോ?
ലാന്‍സ്ലോട്ടിന്‍റെ തെരഞ്ഞെടുപ്പിലേയ്ക്ക് നമുക്കു പോകാം. അദ്ദേഹം ഇപ്രകാരം ചോദിച്ചു. "ഇക്കാര്യത്തില്‍ നീ സ്വയം ഒരു തീരുമാനം എടുക്കാതെ എന്തുകൊണ്ടാണ് എന്‍റെ താല്പര്യത്തിനു വിടുന്നത്? അയാളുടെ നിലപാടിനെ അവള്‍ സ്വീകരിച്ചു. തന്‍റെ കാര്യങ്ങളില്‍ സ്വയം തീരുമാനങ്ങളെടുക്കാനുള്ള അവകാശത്തെ അയാള്‍ തടയുകയില്ലെന്ന് അവള്‍ക്ക് മനസിലായി. ആ യുവതി ഇങ്ങനെ പ്രഖ്യാപിച്ചു, "ഞാനിനി എല്ലാസമയവും ഇതേപോലെ സുന്ദരിയായിത്തന്നെ കാണപ്പെടും, കാരണം എന്‍റെ ജീവിതം നിര്‍ണയിക്കാനുള്ള സ്വാതന്ത്ര്യം എന്നില്‍ നിന്ന് അപഹരിക്കാന്‍ ശ്രമിക്കാതെ അയാള്‍ എന്നോട് ആദരവുകാട്ടുന്നു!"
എന്താണ് ഇതില്‍നിന്ന് നാം മനസിലാക്കേണ്ടത്? അത് ഇതാണ്:
1) എല്ലാ സ്ത്രീകളിലും ഒരു അരോചകവ്യക്തിയുണ്ട്, അവള്‍ എത്ര സുന്ദരിയായിരുന്നാലും!
2) ഒരു സ്ത്രീക്ക് അവളുടേതായ വഴിയേ ചരിക്കാനുള്ള സ്വാതന്ത്ര്യം ആവശ്യമാണ്. അല്ലാത്തപക്ഷം കാര്യങ്ങളെല്ലാം മോശമാകും.
അതുകൊണ്ട് ഒരു സ്ത്രീയോട് ഇടപെടുമ്പോള്‍ ശ്രദ്ധാലുവായിരിക്കുക. ഒപ്പം, എപ്പോഴും ഓര്‍മ്മിക്കുക; ഒന്നുകില്‍ അവളുടെ വഴി അല്ലെങ്കില്‍ മറ്റൊരുവഴി ഉണ്ടാവില്ല!!
അതായത്,
It is either “Her way” or “No Way”!!