news-details
സഞ്ചാരിയുടെ നാൾ വഴി

നോക്കൂ, അവസാനത്തെ അപകടംപിടിച്ച കളിയാണിത്. ഒരുമാത്ര നീളുന്ന ഈ കൗതുകങ്ങളുടെയും വിസ്മയങ്ങളുടെയും ബാക്കിയിരുപ്പ് എന്തായിരിക്കും. ഓരോ നഗരവും നമ്മള്‍ സാധാരണക്കാര്‍ക്ക് ഭേദിക്കാനാവാത്ത ഒരു അദൃശ്യകോട്ടയുടെ നിര്‍മ്മാണത്തിലാണ്. ജോഷ്വായുടെ കാലത്തിലെന്ന പോലെ ആരവം മുഴക്കിയും വലിയവായില്‍ നിലവിളിച്ചും പുലയാട്ടിയും ഈ കോട്ടകൊത്തളങ്ങളെ വലംവച്ചാലൊന്നും ഇതൊന്നും തകരാനും നിലംപതിക്കാനും പോകുന്നില്ല.

കൊച്ചി ഒരു സ്പെസിമന്‍ മാത്രമായി എടുത്താല്‍ മതി. ഈ നഗരത്തില്‍ മാത്രമല്ല, എല്ലാ നഗരത്തിലും മനുഷ്യര്‍ വിസ്മൃതിയുടെ വിഷദ്രാവകം വര്‍ണ്ണ പാത്രങ്ങളില്‍ മെല്ലെ മെല്ലെ മൊത്തികുടിക്കുകയാണ്. നഗരം പഴയ പാട്ടിലെന്നപോലെ പിടിവിടാത്ത കാമുകിയായപ്പോള്‍ അച്ചി വേണ്ടാത്ത കൊച്ചിക്കാരും ഇല്ലം വേണ്ടാത്ത കൊല്ലക്കാരനുമൊക്കെ അനുനിമിഷം വ്യാസം കുറയുന്ന ഒരൊറ്റാലിന്‍റെ ദുര്‍വിധിയെ സൂചിപ്പിക്കുന്നു. നഗര ഗാന്ധാരം എന്ന ചുള്ളിക്കാടിന്‍റെ വിശേഷണമുണ്ട്. പുറത്തുകടക്കാനാവാത്ത കൊടും കാട. ഈ നഗരത്തിലേക്കുതന്നെ വരൂ. അത്ഭുതവിളക്കിലെന്നവണ്ണം ഒരു പട്ടണം ചതുപ്പില്‍ നിന്നങ്ങനെ പൊടുന്നനെ പ്രത്യക്ഷപ്പെടുകയാണ്. കണക്കില്ലാത്ത ഏതൊരു വലിപ്പത്തിലും ഒരു അപകട സൂചനയുണ്ട്. അണുവികിരണം നടന്ന ചില ഇടങ്ങളില്‍ തക്കാളിക്ക് മൊട്ടകൂസിന്‍റെ വലുപ്പമുണ്ടായതുപോലെ. ഭീതിയുടെ അപായമണികള്‍ മുഴങ്ങുന്ന ലക്ഷണപിശകുള്ള ഒരു തരം വികാസം. അതോടുകൂടി അതില്‍ പാര്‍ക്കുന്നവര്‍ കുറേക്കൂടി കുറിയവരായി. ഗ്രാമങ്ങള്‍ നഗരങ്ങളെ വളയുമെന്ന കാല്പനിക വിപ്ലവ മുദ്രാവാക്യങ്ങളൊക്കെ ഓടയിലെ കലക്കവെള്ളത്തില്‍ കുത്തിയൊലിച്ചു പോയി. തിരിച്ചാണ് സംഭവിച്ചത്. എണ്ണിയാല്‍ ഒടുങ്ങാത്ത പാലങ്ങളിലൂടെ നഗരകിങ്കരന്മാര്‍ ജയാരവം മുഴക്കി. വൈപ്പിനിലേക്കും കോതാട്ടിലേക്കും മാഞ്ഞാലിലേക്കും എരമല്ലൂരിലേക്കുമൊക്കെ കുതിച്ചുവരുകയാണ്. ഈ പാലങ്ങളുടെ ഉറപ്പിനൊക്കെ മനുഷ്യക്കുരുതി വേണമെന്ന സങ്കല്പം എങ്ങനെയുണ്ടായി. എല്ലാ ദേശങ്ങളിലും അത്തരം കേള്‍വികളുണ്ട്. 'ത്രി ആര്‍ച്ച്ഡ് ബ്രിഡ്ജ്' - മൂന്ന് കമാനങ്ങള്‍ ഉള്ള പാലം എന്ന അല്‍ബേനിയന്‍ എഴുത്തുകാരന്‍ ഇസ്മെയില്‍ കാദറിയുടെ പുസ്തകത്തിന്‍റെ ന്യൂക്ലിയസുപോലും അതാണ്. ഒരര്‍ത്ഥത്തില്‍ ഇതൊക്കെ രൂപകമാണ്. ഗ്രാമീണതയുടെ കുരുതിയാണ് എല്ലാ വികസനങ്ങളുടെയും പ്രാരംഭ പൂജ.

നഗരത്തെ നോക്കി യേശു കരഞ്ഞതായി വേദപുസ്തകം രേഖപ്പെടുത്തുന്നുണ്ട്. യേശുവിന്‍റെ കരച്ചില്‍ അടയാളപ്പെടുത്തിയ രണ്ടേ രണ്ട് ഇടങ്ങളില്‍ ഒന്നാണ് ഇത്. ''ജറുസലേം ജറുസലേം, പ്രവാചകന്മാരെ കൊല്ലുന്ന നഗരമേ" എന്നാണ് അവിടുന്ന് പതം പറഞ്ഞത്. നാളെയുടെ തിരികല്ലില്‍ ഇന്നേ പൊടിഞ്ഞുപോകുന്ന ധാന്യമണികളാണ് ഗുരുക്കന്മാര്‍. അവര്‍ക്കറിയാം ഈ കെട്ടുകാഴ്ചകളുടെ പൊള്ളത്തരം. ഗുര്‍ജീഫിനെ ഓര്‍ക്കൂ, ധ്യാനസമാധിയില്‍ നിന്ന് ഉണര്‍ന്നൊരു ശിഷ്യനെ നഗര ചത്വരത്തിലൊരിടത്തു നിര്‍ത്തിയിട്ട് നീ എന്തു കാണുന്നു എന്നയാള്‍ ചോദിച്ചു. നിമിഷാര്‍ത്ഥങ്ങള്‍ക്കുള്ളില്‍ അയാള്‍ വാവിട്ടു കരഞ്ഞു: നിറയെ മരിച്ചവര്‍! മരിച്ചവര്‍ റോഡു കുറുകെ കടക്കുന്നു. മരിച്ചവര്‍ പോപ്പ്കോണ്‍ കൊടുക്കുന്നു. മരിച്ചവര്‍ യൂണിഫോം അണിഞ്ഞ കുട്ടികളെ തെളിക്കുന്നു. മരിച്ചവര്‍ സൂപ്പര്‍ മാര്‍ക്കറ്റിലൂടെ ട്രോളി ഉന്തുന്നു. പിന്നെ തിരിഞ്ഞു നോക്കി ഗുരുവിനോടു പറഞ്ഞു: "മരിച്ചവരുടെ ഈ നഗരത്തില്‍ ജീവിക്കുന്ന ഒരേയൊരാള്‍ നിങ്ങളാണ്." ഈ പട്ടണത്തില്‍ ശരിക്കും ജീവിക്കുന്ന എത്ര പേര്‍ ഉണ്ടാവും. ഓരോ നഗരത്തിലും 'കോമാല'യുടെ നിഴല്‍ വീണിട്ടുണ്ട്. എതിരെ വഹിച്ചുകൊണ്ടുവരുന്ന ഒരു ശവമഞ്ചത്തില്‍ തന്‍റേ തന്നെ മുഖം കണ്ട് നടുങ്ങുന്ന ഒരാള്‍ 'Gone with the Wind' എന്ന ചിത്രത്തിലുണ്ട്.

ഇല്ല, കാര്യങ്ങള്‍ അവിടംവരെ എത്തിയിട്ടില്ല. എന്നാലും ഡിക്ലയിന്‍ ആന്‍റ് ഫോള്‍ ഓഫ് റോമന്‍ എപംപെയര്‍ എന്ന ഗ്രന്ഥത്തില്‍ എഡ്വേര്‍ഡ് ഗിബ്ബണ്‍ അക്കമിട്ട് അടയാളപ്പെടുത്തുന്ന അഞ്ചു കടമ്പകള്‍ ഏതൊരു നഗരവിചാരത്തിലും നമ്മളെ തട്ടിവീഴ്ത്തുന്നതു തന്നെ.

പ്രകടനപരതയോടും ആഡംബരത്തോടുമുള്ള കൊടിയ ആഭിമുഖ്യങ്ങള്‍.

ഉള്ളവനും ഉണ്ണാത്തനും ഇടയില്‍ അനുനിമിഷം സംഭവിക്കുന്ന സാങ്കല്പികാതീതമായ ദൂരം.
ശരീരകാമനയെന്ന തീരാബാധ.

കലയിലെ ചപലത: അവിടെ കപടതയെ സഹജഭാവമെന്നും കുതൂഹലങ്ങളെ സര്‍ഗ്ഗമെന്നും ഗണിക്കുന്നു.

അപ്രസക്തമാകുന്ന രാഷ്ട്ര സങ്കല്പങ്ങള്‍

വിശദീകരണങ്ങള്‍ ആവശ്യമില്ലാത്ത വിധത്തില്‍ ക്രിസ്പിയായാണ് ചിലര്‍ കാര്യങ്ങള്‍ പറഞ്ഞുതരുന്നത്.

സങ്കടങ്ങളുടെ ലുത്തിനിയ പാടിയിട്ട് കാര്യമില്ല. നമുക്ക് ഗ്രാമങ്ങളിലേക്ക് പോകാം. അതിരാവിലെ എഴുന്നേറ്റ് അത്തികള്‍ തളിര്‍ത്തോയെന്ന് നോക്കാം എന്നൊക്കെ ഉത്തമഗീതങ്ങള്‍ പാടിയിരിക്കാനും ആവില്ല. കഴിഞ്ഞ ദിവസം കുറസേവായുടെ ഡ്രീംസ് വീണ്ടും കണ്ടു. അതിലെ വില്ലേജ് എന്ന ഭാഗം കാണണം. രാത്രികള്‍ രാത്രികളായി നിലനില്‍ക്കണമെന്നും വൈദ്യുതവിളക്കുകള്‍ തെളിച്ച് ക്രിസ്മസ് നീട്ടേണ്ട കാര്യമില്ലെന്നുമൊക്കെ പറയുന്ന സാത്വിക വയോധികന്‍ അതിലാണ് എന്തായാലും അത്തരം നിഷ്കളങ്കതയും സുതാര്യതയും പ്രസരിപ്പിക്കുന്ന പരിപൂര്‍ണ്ണ ഗ്രാമം എന്നു പറയാവുന്ന ഒരിടം തല്‍ക്കാലം ഭൂമി മലയാളത്തില്‍ ഇല്ല. ഒന്നുരണ്ടു കടകളുള്ള ഇത്തിരിപ്പോന്ന കവലകളെ ഈ കിഴക്കന്‍ ദേശങ്ങളിലുള്ളവര്‍ 'സിറ്റി' എന്നു വിളിച്ചുതുടങ്ങിയത് എന്തിനായിരിക്കും. മറിയസിറ്റി, അയ്യന്‍സിറ്റി എന്നൊക്കെ - പണിയില്ലാത്തവര്‍ക്ക് പഠനത്തിന് സ്കോപ്പുണ്ട്.

നാഗരികതയെ എങ്ങനെയാണ് ഒഴിവാക്കാന്‍ ആവുന്നത് അത് സാമൂഹിക പരിണാമത്തിലെ അവിരാമമായ അനിവാര്യതയാണ്. ഈ നഗരധാര്‍ഷ്ട്യങ്ങള്‍ക്ക് എതിരെ ലളിതവും ഋജുവുമായ നാട്ടിന്‍പുറത്തെ പ്രതിരോധങ്ങളൊക്കെ എത്ര ഭംഗിയായാണ് ചിതറിക്കപ്പെടുന്നത്. ഏറ്റവുമൊടുവില്‍ ചാലക്കുടി പുഴയുമായി ബന്ധപ്പെട്ട് ശുദ്ധവായുവിനും ശുദ്ധജലത്തിനും വേണ്ടിയുള്ള ഗ്രാമീണരുടെ ചെറുത്തുനില്‍പ്പിനെ എത്ര കിരാതമായാണ് നേരിട്ടത്. അധികാരമാണ് - അചഞ്ചലമായ അധികാരമാണ് നഗരത്തിന്‍റെ നാനാര്‍ത്ഥങ്ങളില്‍ ഒന്ന്. അതുകൊണ്ടാണ് നഗരത്തോട് ആ നാടോടി തച്ചന്‍ അകലം സൂക്ഷിച്ചത്. ഭരിക്കുന്ന രാജാവിന് നിന്നെ കാണാന്‍ താത്പര്യം ഉണ്ടെന്ന് ഒരു ദൂത് കിട്ടിയപ്പോള്‍ 'ആ കുറുക്കനോട് ഞാന്‍ ഇവിടെത്തന്നെ ഉണ്ടാകും' എന്ന് പറയുകയെന്ന ഏതാണ്ട് അഹന്തയോട് അടുത്തു നില്‍ക്കുന്ന ഗ്രാമീണന്‍റെ അപകടംപിടിച്ച ആത്മവിശ്വാസം അയാളില്‍ ഉണ്ടായിരുന്നു. ജറുസലേമില്‍ കുരുങ്ങാന്‍ സാധ്യതയുള്ള ശിഷ്യസമൂഹത്തോട് ഗലീലി എന്ന മുക്കുവഗ്രാമത്തിലേക്ക് മടങ്ങിപ്പോകാമെന്ന് പറയാനുള്ള വിവേകവും പുതിയനിയമത്തിനുണ്ട്.

പരിഷ്കാരവും സംസ്കാരവും തമ്മിലുള്ള അകലം മറന്നുപോയതാണ് നഗരത്തിന്‍റെ തെറ്റ്. ആദ്യത്തേത് വെറുതെ ഒരു പുറംപകിട്ടാണ്. നല്ലൊരു മഴയത്തുനിന്നാല്‍ ഒലിച്ചുപോകുന്ന മുഖപൂച്ച്. സംസ്കാരമാകട്ടെ ആ പരമ ചൈതന്യത്തോളം പുരാതനമായ വേരുകളുള്ള നിരന്തരമായ ആന്തരിക പരിണാമത്തിന്‍റെ ഊര്‍ജ്ജമാണ്. എന്നിട്ടും ഗ്രാമീണരെ പുലഭ്യം പറയാന്‍വേണ്ടി നഗരം ഉപയോഗിക്കുന്ന വാക്കുപോലും അതാണ്. ബാര്‍ബേറിയന്‍സ് എന്ന ചീത്തപോലും ഉണ്ടായത് അങ്ങനെയാണ്. താടിയുള്ളവര്‍ എന്നാണ് അര്‍ത്ഥം-ഷേവ് ചെയ്യാത്തവര്‍ എന്ന് സാരം. എല്ലാവരും സാധാരണക്കാര്‍ ഒക്കെതന്നെയാണ് - ഓര്‍ഡിനറി പീപ്പിള്‍. ആ പേരില്‍ ഒരു ചലച്ചിത്രമുണ്ട്. റോബര്‍ട്ട് റെഡ് ഫോര്‍ട്ടിന്‍റെ ചിത്രത്തില്‍ പരാമര്‍ശിക്കപ്പെടുന്ന ഒരാളും ആരംഭത്തില്‍ അത്ര സാധാരണക്കാരൊന്നുമല്ല. പഠിപ്പും അന്തസ്സുമൊക്കെയുള്ള കുലീനരായ മനുഷ്യര്‍. എന്നാല്‍ ഒരു സങ്കടത്തിലോ ദുരന്തത്തിലോ എല്ലാവരും വളരെ സാധാരണക്കാരാകുന്നു. ദുഃഖങ്ങളാണ് സമഭാവനയുടെ കാതല്‍.

എന്നാലും മറ്റൊരു ജീവിതം സാധ്യമാണ്. ഭൂമിയുടെ എല്ലായിടങ്ങളിലേക്കും ഗ്രാമീണരായ കുറെ മുക്കുവരെ അയച്ചപ്പോള്‍ ആ മരപ്പണിക്കാരന്‍ കരുതിയത് അതുതന്നെയാണ്. നഗരത്തിന്‍റെ നൈമര്‍ല്യവും കരുണയും തിരികെ വിളിക്കാനോ നിലനിര്‍ത്താനോ പുളിമാവുപോലെ സഹായിക്കുന്ന കുറെ നാടോടികള്‍. പഴയനിയമത്തിലെ 'ഹോളിറെമ്നന്‍റ്'. എത്രയോ ദേശങ്ങളുടെ ആസുരതകളിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടിട്ടുണ്ട്. എന്നിട്ടും സാഹചര്യങ്ങളോട് ബോധപൂര്‍വ്വം പൊരുത്തപ്പെട്ട് അധര്‍മ്മത്തിന്‍റെ കൂട്ടവകാശികള്‍ ആകാനല്ല അവര്‍ ശ്രമിച്ചത്. വര്‍ത്തമാനത്തിന് പരിചയമുള്ള ഒരുതരം സ്റ്റോക്ഹോം സിന്‍ഡ്രോമായിരുന്നു ലളിതമായ സാധ്യത. ഏതൊരു കാര്യത്തെ പ്രതിരോധിക്കാനാണോ ചിലര്‍ക്ക് കടപ്പാടുള്ളത് അവര്‍തന്നെ വൈകാതെ അതിന്‍റെ ഭാഗമായി മാറുന്ന സാംസ്കാരിക ദുരന്തമാണത്. ഇവരൊ അങ്ങനെയായിരുന്നില്ല. ചില കാര്യങ്ങള്‍ക്ക് സനാതനമായ മൂല്യമുണ്ടെന്ന് അവര്‍ വിശ്വസിച്ചു. 'ബാബിലോണിന്‍റെ തീരത്തിരുന്ന് ഞങ്ങള്‍ സിയോനെ ഓര്‍ത്ത് വിലപിച്ചു. കങ്കാണികള്‍ ദേശത്തിന്‍റെ ഗീതങ്ങള്‍ പാടുവാന്‍ ഞങ്ങളോട് ശഠിച്ചു. അധര്‍മ്മതീരങ്ങളില്‍ കര്‍ത്താവിന്‍റെ ഗീതം ഞങ്ങളെങ്ങനെ പാടും' എന്ന് സങ്കീര്‍ത്തനത്തില്‍ അവരുടെ ചങ്കുറപ്പുണ്ട്. പുതിയ നിയമത്തിലെ ചെറിയ അജഗണം എന്ന വിശേഷണം കിട്ടിയവരുടെ പ്രാക്രൂപമായിരുന്നു അവര്‍. ഗ്രാമീണര്‍ക്ക് നഗരത്തില്‍ എന്തു കാര്യമെന്ന് ചോദിക്കരുത്. അവരാണ് ഈ പട്ടണത്തിന്‍റെ ജ്ഞാനസ്നാനശുശ്രൂഷയില്‍ ഏര്‍പ്പെടാന്‍ പോകുന്നത്. ഒരു ഗ്രാമീണന്‍ വത്തിക്കാന്‍ നഗരത്തില്‍ എത്തിയതിന്‍റെ പ്രസാദമുള്ള അടയാളങ്ങള്‍ കണ്ടു തുടങ്ങിയിട്ടുണ്ട്. ഫ്രാന്‍സിസ് മാര്‍പാപ്പ ആഡംബരങ്ങള്‍ക്ക് എതിരെ മുഖം തിരിച്ച് നില്‍ക്കുന്നതുകൊണ്ടാണ് അയാള്‍ ഇപ്പോഴും ഗ്രാമീണനായി നിലനില്‍ക്കുന്നത്. വൈദികരെ അഭിസംബോധന ചെയ്ത് അയാള്‍ പറഞ്ഞു, ആഡംബര വാഹനത്തില്‍ സഞ്ചരിക്കുന്ന ഒരു പുരോഹിതനാണ് ലോകത്തെ ഏറ്റവും മോശപ്പെട്ട കാഴ്ചയെന്ന.് അന്നുതന്നെ അയാളുടെ കേള്‍വിക്കാരില്‍ ഒരാള്‍ സമ്മാനമായി കിട്ടിയ തന്‍റെ വിലപിടിപ്പുള്ള വാഹനം തിരികെ കൊടുത്ത് നിര്‍മ്മലനായി.

ഗ്രാമീണരായ അവന്‍റെ സ്നേഹിതന്‍മാര്‍ ആദ്യം ചെയ്ത അത്ഭുതം ഇതായിരുന്നു: സകലര്‍ക്കും മനസ്സിലാകുന്ന ഭാഷ പറയുക. ബാബേലിന്‍റെ വിപരീതപദമായി ഇതിനെ മനസ്സിലാക്കണം. ബാബേലാണ് വേദപുസ്തകം അടയാളപ്പെടുത്തുന്ന ആദ്യത്തെ നഗരം. അതിന്‍റെയിടയില്‍ എവിടെയൊ വച്ച് ദേശത്തിന്‍റെ ഭാഷകള്‍ ചിതറപ്പെട്ടു. ദരിദ്രന്‍റെ ഭാഷ ധനികനു മനസ്സിലാകാതെയായി. ചുമട്ടുതൊഴിലാളികള്‍ ബക്കറ്റുപിരിവു നടത്തി ആരംഭിച്ച ഒരു ചാനലില്‍ ഉളുമ്പില്ലാതെ ഒരു നടന്‍ മെല്ലിച്ച കുറെ ചെറുപ്പക്കാരുടെ മധ്യേയിരുന്ന് ഹുങ്ക് പറയുകയാണ്. കഴിഞ്ഞ ദിവസം ഞാന്‍ ദുബയില്‍ നിന്ന് ഭക്ഷണം കഴിച്ചു.  ഒരു ചെറിയ കഷണം ബീഫ്. ഏതാണ്ട് 15000 ത്തോളം  രൂപവരും. ഒരു വര്‍ഷത്തോളം ബിയര്‍ മാത്രം കുടിപ്പിച്ച് പരിപാലിച്ച പശുവിന്‍റേതാണത്. അങ്ങനെ അതിന്‍റെ മാംസം വളരെ മൃദുലമാകും! ചിതറിപ്പോയ ഭാഷകളെ ഇനി ഗ്രാമീണര്‍ തിരികെ പിടിക്കും. ഏതു കച്ചവട തെരുവിലും അവര്‍ ധ്യാന നിര്‍ഭരരായിരിക്കും. സഹാറ വാസത്തിനു ശേഷം ഹോങ്കോങ്ങിലേക്ക് എത്തിയ കാര്‍ലെ കരേറ്റോ എന്ന സന്ന്യാസിയോട് ഒരു ചൈനീസ് പെണ്‍കുട്ടി ചോദിച്ചതതാണ്. അതിനു മറുപടിയായി അയാള്‍ ഒരു പുസ്തകം എഴുതിയിട്ടുണ്ട്: 'ദി ഡേസേര്‍ട്ട് ഇന്‍ ദി സിറ്റി.' അല്ലെങ്കില്‍തന്നെ ഉള്ളിന്‍റെയുള്ളില്‍ ആരാണ് ഗ്രാമീണന്‍ അല്ലാത്തത്.

അബ്രാഹം പറഞ്ഞു: "കര്‍ത്താവേ കോപിക്കരുതെ, ഒരു തവണ കൂടി ഞാന്‍ സംസാരിക്കട്ടെ. പത്തു നീതിമാന്മാര്‍ ഒരു നഗരത്തില്‍ ഉണ്ടെങ്കിലോ? ദൈവം അരുള്‍ച്ചെയ്തു. ആ പത്തുപേരെപ്രതി ഞാന്‍ അതു നശിപ്പിക്കുകയില്ല." (ഉല്‍പത്തി: 18:31) വായനക്കാരാ, നിങ്ങളൊഴിച്ചുള്ള ആ ഒന്‍പതുപേരെ എനിക്ക് അറിഞ്ഞുകൂടാ.

You can share this post!

ഭൂതകാലം

ബോബി ജോസ് കട്ടികാട്
അടുത്ത രചന

വീണ്ടും ജനിക്കുന്നവര്‍

ബോബി ജോസ് കട്ടികാട്
Related Posts