കണ്‍കളിലെ ഉപ്പുരസം
ചോരച്ചുവയ്ക്കു വഴിമാറുമ്പോള്‍,
അതിലെ കറുത്ത മണികള്‍
കാഴ്ചയ്ക്കായ് പിടയുമ്പോള്‍,
കുശവന്‍റെ കളിമണ്ണുരഹസ്യവും
ഏഴേഴെഴുപതിന്‍റെ ക്ഷമാമാഹാത്മ്യവും
കരം കുറുകാത്തവന്‍റെ വലിപ്പവും
പ്രഘോഷിച്ച്,
നിന്‍റെ അധരങ്ങളെ
ജപമന്ത്രോച്ചാരണത്തിന്‍റെ
കുരുക്കില്‍ ഭാരപ്പെടുത്തി,
കാലടികളെ തീര്‍ത്ഥവഴികളിലെ
കല്ലിലും മുള്ളിലും
തട്ടിക്കോര്‍ത്ത് മുറിച്ച്,
അന്നനാളക്കുഴലിലെ
നനവിനെ വരട്ടി വറ്റിച്ച്,
മടിത്തുമ്പിലെ അവസാനത്തുട്ടും
പരിഹാരപ്പിഴയെന്ന പിഴയിട്ട്
ഞെക്കിച്ചാടിച്ചെടുത്ത്,
അനുസരണമെന്ന
നീട്ടെഴുത്തുകാട്ടി
അവസാനമിടിപ്പും
ചട്ടക്ക്രമങ്ങളിലൊതുക്കി, അടക്കി
പിന്നെ നിന്നെ മാന്തിയെടുത്ത്
സ്വര്‍ണ്ണത്താഴുകൂട്ടിലിട്ട്
കാല്‍ക്കലൊരു ഭിക്ഷാപാത്രം
തൂക്കാന്‍ അണിചേരുന്ന
അപ്രമാദിത്വക്കാരെ
തിരിച്ചറിയുക;
ഇവരാണ്
കുശവനെതന്നെ ചവിട്ടിക്കുഴച്ചവര്‍
എറിഞ്ഞുടച്ചവര്‍
പുതുകോലം കെട്ടിക്കുന്നവര്‍.
നിന്‍റെ കണ്ണിലെ ചോരനിഴല്‍
അപരന്‍റെ കണ്ണില്‍ നിഴലിച്ചാല്‍
ആ നിഴലാണ് നിന്‍റെ കാഴ്ച.
അതാണ് നിന്‍റെ കുശവന്‍.
ഒരു ശാസ്ത്രജ്ഞനും
വെട്ടിപ്പൊളിച്ച് കീറി
മുറിവിന്‍റെ ആഴവും
അടിയുടെ എണ്ണവും
പീഡയുടെ രഹസ്യവും
പാതകിയുടെ വിരലടയാളവും
കിറുകൃത്യമായി കണ്ടെത്തി
പോസ്റ്റുമോര്‍ട്ടറിപ്പോര്‍ട്ടെഴുതപ്പെടാത്ത
വലിയ കുശവന്‍.
ഇവിടെ വെടിയും പുകയുമില്ല
മണിയൊച്ചയും സങ്കീര്‍ത്തനങ്ങളുമില്ല.
സെക്യൂരിറ്റിയും ടോക്കണെടുക്കലുമില്ല.
തഴുകലായ്,
തലോടലായ്,
ഒരു മൃദുകരസ്പര്‍ശം.
നനവൂറുന്ന
ഒരു കണ്‍തിളക്കം
അത്ര മാത്രം.