പുതുവര്‍ഷമെന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ ആദ്യം മനസ്സില്‍ തെളിയുന്നത് പ്രതീക്ഷയുടെ ഒരു നേര്‍ത്ത വെളിച്ചമാണ്.
ഒന്നോര്‍ത്താല്‍ പ്രതീക്ഷകളും, അവയില്‍ കൊരുത്തിരിക്കുന്ന സ്വപ്നങ്ങളുമൊക്കെ തന്നെ യല്ലേ നമ്മുടെ ജീവിതത്തെ ഇങ്ങനെ മുന്നോട്ട് നയിക്കുന്നതുതന്നെ... മഞ്ഞ് പെയ്യുന്ന രാത്രികളിലെ വെളിച്ചം തൂവുന്ന വഴിവീഥികളില്‍ പുത്തന്‍ തീരുമാനങ്ങളും, സ്വപ്നങ്ങളുമായി നമ്മളൊക്കെ കാത്തിരിക്കുകയാണ് 2023 എന്ന പുതുവര്‍ഷ പുലരിക്കായ്.
പുതുവര്‍ഷത്തില്‍ ഞാനൊരു പുതിയ മനുഷ്യനാവും, അടിമുടി മാറും എന്നൊക്കെ കടുത്ത തീരു മാനങ്ങള്‍ എടുത്തിരുന്ന എന്നെ ഓര്‍ക്കുന്നു. ഡയറികളില്‍ എഴുതിവച്ചതുപോലെ ഓരോ ദിവസവും ജീവിക്കണം എന്നൊക്കെ അതിയായി ആഗ്രഹിച്ച നാളുകള്‍. ആദ്യമൊക്കെ ശരിയെന്നു തോന്നിയെങ്കിലും പോകെപോകെ ജീവിതത്തെ കുറേക്കൂടെ അറിഞ്ഞു തുടങ്ങിയപ്പോള്‍ അതൊക്കെ ഒട്ടും പ്രായോഗികമല്ലായെന്ന് തോന്നിത്തുടങ്ങി. സത്യം പറഞ്ഞാല്‍ നവീകരണം വേണ്ടത് അവനവന്‍റെ ഉള്ളില്‍ത്തന്നെയല്ലേ. നവീകരിക്കുകയെന്നാല്‍ നമ്മള്‍ അടിമുടി മാറി പുതിയൊരു മനുഷ്യനാവുക എന്നതല്ല മറിച്ച് നമ്മിലെ വിചാരങ്ങളെ കുറേക്കൂടെ വിശാലമാക്കുക എന്നതാണ്. സ്നേഹത്തില്‍, കാരുണ്യത്തില്‍, പങ്കുവയ്ക്കലില്‍ തുറവി ഉണ്ടാവുക എന്നതുകൂടെയാണ്. നമുക്കൊക്കെ കാലത്തിനൊപ്പം കൈമോശം വന്നുപോകുന്നതും ആ തുറവിയാണ്. ഹൃദയം തുറന്ന് സ്നേഹിക്കാനും അപ്പുറത്ത് നില്‍ക്കുന്നത് എന്നെപ്പോലെ ഒരു മനുഷ്യനാണെന്നും ചിന്തിക്കാനുള്ള ബോധ്യമാണ്. എത്രയൊക്കെ എഴുതിവച്ചാലും, പ്രസംഗിച്ചാലും സമത്വമെന്നൊരു ആശയം പോലും ആദ്യം ഉടലെടുക്കേണ്ടത് നമ്മിലാണ്. ദേശത്തിനും, ഭാഷയ്ക്കും, മതത്തിനും, ജാതി വേര്‍തിരിവുകള്‍ക്കുമപ്പുറം സഹജീവികളാണ് എന്നൊരു തോന്നല്‍ മതി. നമുക്കൊക്കെ വേണ്ടത് ആ ഹൃദയ വിശാലതയാണ്. ഉള്ളം തുറന്ന് അകക്കണ്ണിലൂടെ ജീവിതത്തെ കണ്ടു നോക്കുമ്പോള്‍ ജീവിതം കുറേക്കൂടെ മനോഹരം എന്ന് തോന്നിപ്പോകാം.
എനിക്ക് അടുത്തറിയുന്ന കുറച്ച് കോളേജ് കുട്ടികളുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷമായി മാസ ത്തിന്‍റെ ഒരു ദിവസം അവര്‍ ചെലവഴിക്കുന്നത് വൃദ്ധസദനങ്ങളിലെ അച്ഛനമ്മമാര്‍ക്കൊപ്പമാണ്. അവര്‍ക്കൊപ്പമിരുന്ന് പാട്ടുപാടി, വര്‍ത്തമാനം പറഞ്ഞ്, കഥകള്‍ പറഞ്ഞ്, ഒരുമിച്ചിരുന്നു ഭക്ഷണം പങ്കിട്ടെടുത്ത് കിളിക്കൂട് പോലെയൊരു വീടൊരുക്കുന്നവര്‍. ഇതേക്കുറിച്ച് കേട്ടറിഞ്ഞപ്പോള്‍ എനിക്കാ കുട്ടികളോട് ഒരുപാട് ബഹുമാനമാണ് തോന്നിയത്. ജീവിതം പകുതിയിലേറേ പിന്നിട്ടിട്ടും ഞാനായിട്ട് എത്ര പേരുടെ മുഖത്തു പുഞ്ചിരിവിരിയിച്ചു എന്നൊരു ചോദ്യം മനസ്സില്‍ കൊളുത്തി വലിച്ചു. മറ്റൊരാളുടെ സന്തോഷത്തിന്, അവരുടെ മുഖത്തെ ഒരു ചെറുപുഞ്ചിരിക്ക് നമ്മള്‍ കാരണ മാവുകയെന്നാല്‍ എത്ര മനോഹരമായ ഒരു അനുഭവമാണെന്ന് തോന്നിപ്പിച്ചു. ചുറ്റുമുള്ള മനുഷ്യര്‍ക്കായി നമുക്ക് നല്‍കാന്‍ ആവുന്നതും ഒരു ചെറു പുഞ്ചിരി മാത്രമല്ലേ. മക്കളാല്‍ ഉപേക്ഷിക്കപ്പെട്ട മാതാപിതാക്കള്‍ ശരിക്കും പ്രതീക്ഷകളുടെ ഉറവ വറ്റിപ്പോയ മനുഷ്യരാണ്... അവനവനു വേണ്ടി ജീവിക്കാന്‍ മറന്നു പോയവര്‍. എത്രയൊക്കെ അവ നവനോട് പറഞ്ഞു ബോധിപ്പിച്ചാലും പിന്നെയും പ്രതീക്ഷയുടെ വഴിക്കണ്ണുകളുമായി കാത്തിരിക്കുന്ന നിസ്സഹായര്‍.
'നോക്കെത്താ ദൂരത്ത് കണ്ണു നട്ട്' എന്ന സിനിമയിലെ ക്ലൈമാക്സ് സീനില്‍ എഴുതി കാണി ക്കുന്ന ഒരു വരിയുണ്ട് 'അവര്‍, അവര്‍ മാത്രം കാത്തിരുന്നു അവള്‍ ഇനിയും വരുമെന്ന്.'
എന്തോ എത്ര വട്ടം കണ്ടാലും ഇപ്പോഴും അറിയാതെ കണ്ണ് നിറയിക്കുന്ന വരികള്‍. അതിങ്ങനെ വായിക്കുമ്പോ തിരികെ വരില്ലെന്നറിഞ്ഞു ഓര്‍മ്മകളെ പുതച്ച് കാത്തിരിക്കുന്ന മനുഷ്യരുടെ അടയാളപ്പെടുത്തല്‍ പോലെ തോന്നിപ്പോകുന്നു.
ജീവിതത്തെ ഇത്രയും പ്രതീക്ഷയോടെ കാത്തിരിക്കാന്‍ നമ്മെയൊക്കെ പ്രേരിപ്പിക്കുന്ന ഘടകം എന്താവും. സ്നേഹമെന്ന മൂന്നക്ഷരമാവാനേ വഴിയുള്ളൂ.
സ്നേഹം ഉള്ളില്‍ നിറച്ചുവച്ച് പുറമെ കാണിക്കാന്‍ മടിക്കുന്നവരാണ് നമ്മില്‍ ഭൂരിഭാഗം പേരും. ഇപ്പോള്‍ സ്നേഹിക്കാന്‍ തീരെ സമയമില്ല ജോലിത്തിരക്കുകള്‍ ഒഴിഞ്ഞിട്ട്, കുറേ പണം സമ്പാദിച്ചിട്ട് സ്നേഹിക്കാം എന്ന് കരുതി തുടങ്ങിയിരിക്കുന്നവരാണ് നമ്മില്‍ കൂടുതലും. ജീവിക്കാന്‍ പണം അവശ്യ ഘടകമാവുകയും എന്നാല്‍ അതിലും ഒരുപിടി മുകളില്‍ ബന്ധങ്ങള്‍ വേണമെന്ന തിരിച്ചറിവാണ് നമ്മില്‍ ആദ്യം ഉടലെടുക്കേണ്ടത്.
സ്നേഹത്തിന്‍റെ പൂമൊട്ടുകള്‍ ആദ്യം വിരിയേണ്ടത് നമ്മുടെയൊക്കെ കുടുംബങ്ങളിലാണ്. തുറന്നുപറച്ചിലുകളും, വര്‍ത്തമാനങ്ങളും, പങ്കുവയ്ക്കലുമൊക്കെ കുറഞ്ഞു വരുന്നൊരു ലോകത്തി ലാണ് നമ്മള്‍. പരസ്പരം ചേര്‍ത്ത് പിടിക്കാതെ ഒറ്റക്കൊരു മുറിയില്‍, അവനവനിലേക്ക് മാത്രം ചുരുങ്ങി ജീവിക്കാന്‍ കാലം നമ്മളെ പഠിപ്പിച്ചു കഴിഞ്ഞു. സന്ധ്യാനേരത്തെ വര്‍ത്തമാനങ്ങള്‍ ടെലിവിഷനിലും സ്മാര്‍ട്ട് ഫോണിലും മാത്രമായി ചുരുങ്ങി. വലിയൊരു വീടിനുള്ളില്‍ പല മുറികളില്‍ ജീവിക്കുന്നവര്‍ പരസ്പരം ഊണ് മേശകളില്‍ പോലും ഒരുമിച്ചിരിക്കാതെയായി. അപ്പനും അമ്മയും മക്കളും പര സ്പരം മിണ്ടാതെ നോക്കി ചിരി ക്കാതെ ജീവിക്കുന്ന എത്ര കുടും ബങ്ങള്‍ നമുക്കിടയില്‍ തന്നെ ഉണ്ടെന്നോ...
കുടുംബത്തില്‍ സ്നേഹമിങ്ങനെ ചൊരിഞ്ഞിറങ്ങണമെങ്കില്‍ അതിന്‍റെ അടിത്തറ ആദ്യം പാകേണ്ടത് ദാമ്പത്യത്തിലാണ്. ദാമ്പത്യത്തിലെ തകര്‍ച്ചകള്‍ നമുക്കിപ്പോള്‍ പുത്തരിയല്ലല്ലോ. എന്തുകൊണ്ടാവും തകര്‍ന്നു പോകുന്ന ദാമ്പത്യങ്ങള്‍ ഇത്രയും കൂടി വരുന്നത്, പരസ്പരം കൈകോര്‍ത്തു പിടിച്ചു തുടങ്ങിയ യാത്രകള്‍ മതിയാക്കി മനുഷ്യര്‍ അവനവനിലേക്ക് ഓടി ഒളിക്കുന്നത്, വിവാഹേതര ബന്ധങ്ങള്‍ നാള്‍ക്ക് നാള്‍ കൂടി വരുന്നത്?
രണ്ടു മനുഷ്യര്‍ക്കിടയില്‍ തുറന്നു പറച്ചിലുകള്‍, വര്‍ത്തമാനങ്ങള്‍, ചേര്‍ത്തുപിടിക്കലുകള്‍ ഒക്കെ കുറഞ്ഞു പോകുന്നതു കൊണ്ടുതന്നെയാണ്.
'നീ എന്‍റെയും മക്കളുടെയും കാര്യങ്ങള്‍ മാത്രം നോക്കാനുള്ള ഒരാള്‍ മാത്രമാണെന്ന്' പ്രസ്താവിക്കുന്ന പുരുഷമേധാവിത്വവും, അതെ പോലെ തന്നെ വീടിനു വേണ്ടി പണമുണ്ടാക്കുന്ന ഒരു യന്ത്രം മാത്രമായി പുരുഷനെ കാണുന്ന സ്ത്രീ യുടെ ചിന്താഗതികളും മാറുന്ന കാലം വിദൂരമ ല്ലാതിരിക്കട്ടെ.
ഏതു തരം ബന്ധങ്ങളാണെങ്കിലും അത് നമ്മളെ വേദനിപ്പിക്കുന്നതാവുമ്പോള്‍, അവനവനെ നഷ്ടപ്പെടുന്നുവെന്ന് തോന്നുമ്പോള്‍ ഇറങ്ങിവരാന്‍ ഉള്ളത് കൂടിയാവണം എന്ന തിരിച്ചറിവ് കൂടെ വേണം. അല്ലെങ്കില്‍ ഇനിയും സമൂഹത്തില്‍ ഒരുപാട് ജീവനുകള്‍ പൊലിഞ്ഞുകൊണ്ടിരിക്കും. സ്ത്രീധനത്തിന്‍റെ പേരില്‍ പൊലിഞ്ഞുപോയ എത്രയോ പെണ്‍മുഖങ്ങളെയാണ് പോയ വര്‍ഷം നമുക്ക് കാണാനായത്. സമൂഹത്തെ പേടിച്ച് സ്വന്തം വീട്ടില്‍ പോലും പറയാനാവാതെ മനസ്സുകൊണ്ട് തകര്‍ന്നു പോയ എത്രയോ പെണ്‍ജീവിതങ്ങള്‍. ആരാണ് മാറി ചിന്തിക്കേണ്ടത്?
നമ്മള്‍, നമ്മളാണ് മാറേണ്ടത്. മറ്റുള്ളവരുടെ കാര്യത്തില്‍ അനാവശ്യ ഇടപെടലുകളുമായി ചെല്ലുന്ന കുറച്ചധികം മനുഷ്യരുണ്ട് നമുക്ക് ചുറ്റും. അപ്പുറത്തെ വീട്ടിലെ കുറവുകളെ കണ്ടെത്തിയെടുക്കും മുന്‍പ് അവനവന്‍റെ കുടുംബങ്ങളിലേക്ക് ഒന്നു തിരിഞ്ഞു നോട്ടമെറിയുന്നതാവും നല്ലത്. മറ്റൊരാളുടെ കുറവുകളെയല്ല നിറവുകളെ കണ്ടെത്തിയെടുക്കാന്‍ നമുക്കാവണം.
കുടുംബത്തില്‍ പോലും പെണ്‍കുട്ടികള്‍, ആണ്‍കുട്ടികള്‍ എന്നൊരു വേര്‍തിരിവാണ് ആദ്യം മാറ്റി വയ്ക്കേണ്ടത്. അവര്‍ ആഗ്രഹിക്കുന്ന വിദ്യാ ഭ്യാസംകൊടുക്കുക. സ്വന്തം കാലില്‍ നില്‍ക്കാന്‍, ഇഷ്ടമുള്ള ജീവിതം തിരഞ്ഞെടുക്കാന്‍, മക്കള്‍ക്കു തുറന്ന് പറയാനുള്ള ഇടങ്ങളായി മാതാപിതാക്കള്‍ മാറുക.
പ്രണയം നിരസിക്കുന്നതിന്‍റെ പേരില്‍ വാളോങ്ങുന്ന സമൂഹത്തില്‍ ജീവിതം നിറവിലേക്ക് എത്തിക്കുക അത്രയും എളുപ്പമല്ല. ആഗ്രഹിക്കുന്നത് എന്തും നേടണം എന്ന ചിന്താഗതിയില്‍ നിന്ന് നാം ഉയര്‍ത്തെഴുന്നേല്‍ക്കേണ്ടിയിരിക്കുന്നു.
സ്നേഹം ഒരിക്കലും പിടിച്ചുവാങ്ങലാവരുത്. ഇനി വരുന്ന കാലത്തിലെങ്കിലും അതിനു സാധ്യമാവട്ടെ.
നമ്മള്‍ നമ്മളായിട്ട് ജീവിക്കുന്നതിന്‍റെ മനോഹാരിത മറ്റൊന്നിനും തരാനാവില്ല. സ്നേഹപ്പെട്ട കുറച്ച് മനുഷ്യരുണ്ടാവുക, ഓര്‍മ്മകള്‍ ഉണ്ടാവുക, ഒരു പുഞ്ചിരി മറ്റൊരാള്‍ക്ക് നല്‍കുക ഇതിനുമൊക്കെ അപ്പുറം മനുഷ്യനായി ജീവിക്കാന്‍ നമുക്കെന്തു വേണം.
അവനവനായി ജീവിക്കാനാവുക എന്നതും ഇഷ്ടമുള്ള യാത്ര പോകാന്‍, ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍, ഇഷ്ടമുള്ളതുപോലെ സംസാരിക്കാന്‍. നമ്മുടെ അഭിപ്രായങ്ങളെ തുറന്നു പിടിക്കാനൊക്കെ നമുക്കാവണം. പ്രിയപ്പെട്ടവരെ ചേര്‍ത്തുപിടിക്കുന്നതിനൊപ്പം നമ്മുടേതായ ഇഷ്ടങ്ങളെ, സ്വപ്നങ്ങളെ ചേര്‍ത്തുപിടിച്ച് ജീവിച്ചു നോക്കൂ. ജീവിതം കുറേക്കൂടെ മനോഹരമാവുന്നത് കാണാം. ജീവിതത്തില്‍ നമ്മള്‍ കണ്ടെത്താതെ പോയ നന്മയുടെ ഒരംശം പിന്നെയും ബാക്കി നില്‍ക്കുന്നത് കാണാം.
ജീവിതത്തിന്‍ മേലുള്ള പ്രതീക്ഷകള്‍ അണയാതിരിക്കട്ടെ. ഒരു കാറ്റിലും അണയാതെ ആളിപ്പടരാനാവട്ടെ.