news-details
കവർ സ്റ്റോറി

റിവേഴ്സ് ഗിയര്‍

"കൊടുപ്പിന്‍ എന്നാല്‍ നിങ്ങള്‍ക്കു കിട്ടും. അമര്‍ത്തി, കുലുക്കി, കവിയുന്നൊരു നല്ല അളവ് നിങ്ങളുടെ മടിയില്‍ തരും." ലൂക്കാ 6:38

ഈ ചിന്തകള്‍ വായിക്കുമ്പോള്‍ നമ്മള്‍ പുതിയവര്‍ഷത്തിന്‍റെ പൂമുഖത്തിരുന്ന് പുലര്‍വെട്ടവും പോക്കുവെയിലും അനുഭവിക്കുന്ന സമയമായിരിക്കും. ഫലിതമെങ്കിലും, 'പുതുവര്‍ഷം വരുമ്പോള്‍ നിര്‍ത്താന്‍ ദുശ്ശീലമൊന്നും എനിക്കില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ എനിക്ക് എന്നോടു തന്നെ പാവം തോന്നുന്നു' എന്നെഴുതിയ 'മേഘസന്ദേശ'ങ്ങള്‍ ഉള്ളില്‍ വല്ലാത്തൊരു അസ്വസ്ഥത തോന്നിപ്പിക്കുന്നു. അത്, കുറെയേറെ വളവുകള്‍ എന്നില്‍ നേരെയാകാനുണ്ട് എന്നൊരു ചിന്ത നല്‍കുന്നതിലെ കരുതലും ആനന്ദവും അന്വേഷിക്കുവാന്‍ എന്നെ പ്രേരിപ്പിച്ചു. അവയുടെ ധ്യാനവിചാരങ്ങളാണീ കുറിപ്പുകള്‍.

ഹൃദയത്തില്‍ നിന്നും നല്‍കുമ്പോള്‍, നല്‍കുന്നതിനെയും നല്‍കുന്നവനെയും ദൈവം തൊടുന്നു. ആ സ്പര്‍ശനത്താല്‍ അഞ്ചപ്പം അയ്യായിരം പുരുഷന്മാര്‍ക്കുള്ള ഭോജനമായിത്തീരും. ബാക്കിയുള്ളവ പന്ത്രണ്ടു കുട്ടകളില്‍ സംഭരിക്കാനുമാകും. എന്നാല്‍ ഹൃദയപൂര്‍വ്വമല്ലെങ്കില്‍ അതു ദുരാഗ്രഹത്തിലേക്കും ഇല്ലായ്മയിലേക്കും മനുഷ്യരെ നയിക്കും. സ്വന്തമായവയല്ല, സ്വയം നല്‍കുമ്പോഴാണ് അത് യഥാര്‍ത്ഥമായ കൊടുക്കലാകുന്നത്. സ്വന്തമായവ നല്‍കുന്നവര്‍ അപരന്‍റെ അംഗീകാരത്തിനുവേണ്ടിയാകും നല്‍കുന്നത്. തന്‍റെ അതിജീവനത്തിനുള്ള വക മുഴുവനും നിക്ഷേപിച്ച വിധവയെപ്പോലെ നല്‍കുമ്പോള്‍ ഉണ്ടാകുന്ന സന്തോഷം തന്നെ അവര്‍ക്ക് പ്രതിഫലമാകുമെന്നും, വേദന തന്നെ അവര്‍ക്ക് ജ്ഞാനസ്നാനമാകുമെന്നും പറഞ്ഞത് ജിബ്രാനാണ്. അദ്ദേഹം തുടരുന്നു, അവരുടെ കരങ്ങളിലൂടെ ദൈവം മന്ത്രിക്കുന്നു, അവരുടെ മിഴികള്‍ക്കു പിന്നിലിരുന്ന് ദൈവം മന്ദഹാസം ചെയ്യുന്നു. ഒരു ജീവന്‍ മറ്റൊരു ജീവന് എന്തൊക്കെയോ കൈമാറുമ്പോള്‍ നീ ദാതാവെന്നതിനേക്കാള്‍ ഒരു സാക്ഷി മാത്രമായി തീരുന്നു. സ്വീകരിക്കുന്നവരാകട്ടെ ദാതാവിന്‍റെ മേല്‍ നന്ദിയുടെ നുകമേറ്റരുത്. മറിച്ച് ദാതാവിനൊപ്പം ദാനങ്ങളില്‍ ചിറകാര്‍ന്ന് ഒരുമിച്ചുയരണം. ഭൂമി അമ്മയും ഈശ്വരന്‍ പിതാവുമെന്ന് തിരിച്ചറിയണം. ജിബ്രാന്‍റെ ഈ വായന നമ്മുടെ ദാനശീലങ്ങള്‍ക്ക് ഒരു റിവേഴ്സ് ഗിയര്‍ ഇടാന്‍ പ്രേരണ നല്‍കുന്നില്ലേ!

ഈശ്വരാ, ഞാന്‍ ഒരു മാധ്യമം മാത്രമാണെന്ന തിരിച്ചറിവിലേക്ക് ഇനിയും എത്ര കാതം ഞാന്‍ നടക്കണം. ഓരോ ദിവസവും ഞാന്‍ ചോദിക്കാതെ തന്നെ കരുണയോടെ നീ എന്നെ അനര്‍ഘമായ സമ്മാനങ്ങള്‍ക്ക് യോഗ്യനാക്കുന്നു. എന്‍റെ വികലവും നിരര്‍ഥകവുമായ ആഗ്രഹങ്ങള്‍ തള്ളിക്കളഞ്ഞുകൊ ണ്ടുതന്നെ. 'ഗീതാഞ്ജലി' അമ്പതാം മുക്തകത്തില്‍ ടാഗോര്‍ വരഞ്ഞിടുന്ന യാചകന്‍ ഞാന്‍ തന്നെ. സര്‍വ്വാലംകൃതമായ രഥത്തില്‍ എഴുന്നള്ളുന്ന രാജാധിരാജന്‍റെ ദര്‍ശനസൗഭാഗ്യം കൊണ്ട് ഇനിമേല്‍ യാചിക്കാതെ തന്നെ എനിക്ക് ഭിക്ഷ ലഭിക്കുമെന്ന് ഞാന്‍ ഉറപ്പിക്കുന്നു. എന്നാല്‍ എന്നെ അമ്പരപ്പിച്ചുകൊണ്ട് അവന്‍ എന്‍റെ നേരെ വലതുകൈ നീട്ടി എന്താണ് നീയെനിക്ക് തരാന്‍ പോകുന്നത് എന്ന് ചോദിച്ചപ്പോള്‍ ഒരു രാജകീയ വിനോദമായി മാത്രമേ ഞാനതിനെ കണ്ടുള്ളൂ. സന്ധ്യാവേളയില്‍ എന്‍റെ പൊക്കണം കുടഞ്ഞ് തറയിലിട്ടപ്പോള്‍ തുച്ഛമായ എന്‍റെ ഭിക്ഷയുടെയിടയില്‍ അതാ ഒരു പൊന്‍നാണയം! പൊട്ടിക്കരയാനല്ലാതെ ഒന്നിനുമാകാതെ വിറങ്ങലിച്ച് ഞാനങ്ങനെ...

ക്രിസ്മസ് സമ്മാനമായി പോളിനു കിട്ടിയ പുതിയ കാറിനെ വല്ലാത്ത കൗതുകത്തോടെ വീക്ഷിക്കുന്ന ബാലന്‍. അവന്‍റെ കൗതുകം കണ്ട് പോള്‍ അവനോട് പറഞ്ഞു, 'ഇത് എന്‍റെ സഹോദരന്‍ എനിക്ക് ക്രിസ്മസ് സമ്മാനമായി തന്നതാണ്.' അതുകേട്ടപ്പോള്‍ ബാലനു വീണ്ടും ആശ്ചര്യമായി. അവന്‍റെ വിടര്‍ന്ന കണ്ണില്‍ നോക്കിയപ്പോള്‍  പറഞ്ഞു; 'നീ ഇപ്പോള്‍ ചിന്തിക്കുന്നത് നിനക്കും അതുപോലൊരു സഹോദരനുണ്ടായിരുന്നെങ്കില്‍ എന്നല്ലേ?' പക്ഷേ പോളിനെ അമ്പരപ്പിച്ചുകൊണ്ട് ആ ബാലന്‍ പറഞ്ഞു, 'അല്ല ഞാനും അതുപോലെ ഒരു ജ്യേഷ്ഠന്‍ ആയിരുന്നെങ്കില്‍' എന്നാണ് ഞാന്‍ ചിന്തിക്കുന്നത്.

'എനിക്കും അതുപോലൊരു സഹോദരനുണ്ടായിരുന്നെങ്കില്‍' എന്ന സ്വാര്‍ത്ഥതയും അത്യാഗ്രഹവും നിറഞ്ഞ വാക്കുകളില്‍ നിന്നും 'ഞാനും അതുപോലെ ഒരു ജ്യേഷ്ഠനായിരുന്നെങ്കില്‍' എന്ന നിസ്വാര്‍ത്ഥതയുടെ തുരുത്തിലേക്കുള്ള കൊതുമ്പു വള്ളത്തിലേക്കുള്ള യാത്രയാകുമോ ഈ പുതുവര്‍ഷം? എന്‍റെ പൊക്കണത്തിലുള്ളതെല്ലാം അമര്‍ത്തി, കുലുക്കി കൊടുക്കുന്ന ദാതാവാകാന്‍ കഴിയുമോ? ദൈവം മന്ത്രിക്കുന്ന കരങ്ങളും ദൈവം മന്ദഹസിക്കുന്ന മിഴികളും എനിക്കെന്ന് സ്വന്തമാകും? ഞാന്‍ എന്നാണോ എന്‍റെ ചങ്ങാതിക്ക് കാവല്‍ക്കാരനാകുന്നത് അന്ന്.    

You can share this post!

നാളേയ്ക്കായ്

മരിയ ജേക്കബ്
അടുത്ത രചന

ഇലക്ടറല്‍ ബോണ്ട് എന്ന ഗുണ്ടാപിരിവ്

എം. കെ. ഷഹസാദ്
Related Posts